കെ.ടി. ജലീൽ നടത്തുന്നത്
അപകടകരമായ വർഗീയ ധ്രുവീകരണ പരീക്ഷണം

മതം, പാടില്ല എന്ന് പറയാത്തതുകൊണ്ടല്ല മുസ്ലീങ്ങളായ പലരും സ്വർണ്ണക്കടത്ത് നടത്തുന്നത്. ഹിന്ദുക്കളേയോ ക്രിസ്ത്യാനികളെയെ പോലെ മറ്റേതൊരു മനുഷ്യനും സാമ്പത്തികകുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രേരണ എന്താണോ അതുതന്നെയാണ് ഒരു വ്യക്തിയെന്ന നിലയിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് മുസ്ലീമായ ഒരാളെയും പ്രേരിപ്പിക്കുന്നത്. ഇസ്ലാം മതത്തിലുള്ള ഒരാൾ ഒരു കുറ്റകൃത്യം നടത്തിയാൽ അതിനെ ഉടനെ അവരുടെ മതവുമായി ബന്ധിപ്പിക്കുന്ന രീതി നമ്മൾ കാണുന്നത് സംഘപരിവാറിന്റെ മുസ്‌ലിം അപരനിർമ്മാണ ആഖ്യാനത്തിലാണ്. അതിന്റെ കണ്ണാടിപ്പകർപ്പാണ് കെ.ടി. ജലീലിന്റെ വാദവും - പ്രമോദ് പുഴങ്കര എഴുതുന്നു.

സ്വർണ്ണക്കടത്തും ഹാവാല ഇടപാടുകളും മതവിരുദ്ധമായി പാണക്കാട് തങ്ങൾ പ്രഖ്യാപിക്കണമെന്ന മുൻ മന്ത്രിയും സി പി എം പിന്തുണയുള്ള ഭരണപക്ഷ എം എൽ എയുമായ കെ.ടി. ജലീലിന്റെ ആവശ്യവും അതിന്റെ അനുബന്ധ വാദങ്ങളും എത്ര അപകടകരമായ വർഗീയ ധ്രുവീകരണ പരീക്ഷണമാണ് കേരളത്തിൽ സി പി എം നേതൃത്വം നടത്തുന്നതെന്നതിന്റെ തെളിവാണ്.

കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തും ഹവാല ഇടപാടും നടത്തുന്നതും കൂടുതൽ പിടിയിലാകുന്നതും മുസ്‌ലിം സമുദായക്കാരാണെന്നും അതുകൊണ്ടുതന്നെ അത് മതവിരുദ്ധമായി പുരോഹിത മേധാവി കൂടിയായ പാണക്കാട് തങ്ങൾ പ്രഖ്യാപിക്കണമെന്നും ജലീൽ പറയുമ്പോൾ ഒരു സാമ്പത്തിക കുറ്റകൃത്യത്തിന്റെ ഭാരവും കുറ്റബോധവും ഒരു പ്രത്യേക സമുദായത്തിലേക്ക് വെച്ചുകെട്ടുന്ന നെറികെട്ട പണിയാണത്. ലോകത്തെവിടെയും സാമ്പത്തിക കുറ്റകൃത്യങ്ങൾ നടക്കുന്നത് മതാടിസ്ഥാനത്തിലല്ല. മതഭീകരവാദികളും തീവ്രവാദ സംഘടനകളും സാധാരണ മതസംഘടനകളുമൊക്കെ ഇത്തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഗുണഭോക്താക്കളാകാറുണ്ട്. അദാനിയെന്ന ഹിന്ദു, കടലാസ് കമ്പനികൾ വഴി ഓഹരിവില പെരുപ്പിച്ചുകാണിച്ച് തട്ടിപ്പ് നടത്തുന്നപോലെയാണ് മറ്റ് മതങ്ങളിലുള്ളവരും അത് നടത്തുന്നത്. അതിന് മതവുമായി ബന്ധമൊന്നുമില്ല. അതിനുള്ള ബന്ധം മുതലാളിത്തവും അതിന്റെ വിനിമയോപാധിയുടെ ചാക്രിക സങ്കീർണ്ണതകളുമായാണ്.

സംഘപരിവാറിന്റെ മുസ്‌ലിം അപരനിർമ്മാണ ആഖ്യാനത്തിൻ്റെ കണ്ണാടിപ്പകർപ്പാണ് കെ.ടി. ജലീലിന്റെ വാദവും.
സംഘപരിവാറിന്റെ മുസ്‌ലിം അപരനിർമ്മാണ ആഖ്യാനത്തിൻ്റെ കണ്ണാടിപ്പകർപ്പാണ് കെ.ടി. ജലീലിന്റെ വാദവും.

കേരളത്തിൽ പ്രവാസികൾ ഏറ്റവും കൂടുതലുള്ള ഒരു ജില്ലയെന്ന നിലയിൽ മലപ്പുറത്ത് ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങൾമറ്റ് പല ജില്ലകളെക്കാളും കൂടുതലായി ഉണ്ടാകാം. അതും മതവുമായും എന്തെങ്കിലും ബന്ധമില്ല. മതം പാടില്ല എന്ന് പറയാത്തതുകൊണ്ടല്ല മുസ്ലീങ്ങളായ പലരും സ്വർണ്ണക്കടത്ത് നടത്തുന്നത്. ഹിന്ദുക്കളേയോ കൃസ്ത്യാനികളെയെപ്പോലെ മറ്റേതൊരു മനുഷ്യനും സാമ്പത്തികകുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രേരണ എന്താണോ അതുതന്നെയാണ് ഒരു വ്യക്തിയെന്ന നിലയിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് മുസ്ലീമായ ഒരാളെയും പ്രേരിപ്പിക്കുന്നത്. മുസ്ലീമായതുകൊണ്ട് സ്വർണം കടത്താമെന്നും ഹവാല ഇടപാട് നടത്താമെന്നും ആരും കരുതുന്നില്ല.

പ്രവാസികൾ കൂടുതലുള്ള ജില്ലയെന്ന നിലയിൽ മലപ്പുറത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ മറ്റ് ജില്ലകളെക്കാള്‍ കൂടുതലായിരിക്കാം. അതും മതവുമായും ഒരു ബന്ധമില്ല.
പ്രവാസികൾ കൂടുതലുള്ള ജില്ലയെന്ന നിലയിൽ മലപ്പുറത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ മറ്റ് ജില്ലകളെക്കാള്‍ കൂടുതലായിരിക്കാം. അതും മതവുമായും ഒരു ബന്ധമില്ല.

ജലീലിന്റെ ഈ വാദം ഒരു മതേതര സമൂഹത്തെ അങ്ങേയറ്റം അപകടത്തിലാക്കുന്നതാണ്. ഒരു മതബദ്ധ സമൂഹത്തിനുവേണ്ടിയാണ്‌ വാസ്തവത്തിൽ ജലീൽ വാദിക്കുന്നത്. "സ്വർണ്ണക്കടത്തിനെതിരെ, ഹാവലക്കെതിരെ തങ്ങൾ ഫത്‍വ" എന്ന തന്റെ ആവശ്യത്തെ ന്യായീകരിക്കാൻ ജലീൽ സാമൂഹ്യമാധ്യങ്ങളിലിട്ട കുറിപ്പ് അതിന്റെ എല്ലാ ജീർണ്ണതയും വെളിവാക്കുന്നു: ‘‘തെറ്റ് ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണ്" എന്നാണ് ജലീൽ പറയുന്നത്. ക്രൈസ്തവരും ഹിന്ദുക്കളുമൊക്കെ ഇങ്ങനെ അതാത് മതവിഭാഗങ്ങളിൽപ്പെട്ടവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കണമെന്നാണ് ജലീൽ ആവശ്യപ്പെടുന്നത്. ഇതൊരു മതേതര സമൂഹമാണെന്നും മതാടിസ്ഥാനത്തിലല്ല സാമൂഹ്യ, രാഷ്ട്രീയ പ്രശ്നങ്ങളെ ഈ സമൂഹം കൈകാര്യം ചെയ്യേണ്ടതെന്നും ജലീൽ ബോധപൂർവ്വം വിസ്മരിക്കുന്നു.

ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ PR ഏജൻസി കൂട്ടിച്ചേർത്ത സ്വർണ്ണക്കടത്ത്- ഹവാല കുറ്റകൃത്യങ്ങളിൽ മലപ്പുറം കേന്ദ്രീകൃത ദേശവിരുദ്ധതയുടെ ആഖ്യാനം ഒട്ടും യാദൃച്ഛികമല്ലെന്ന് ജലീലിന്റെ വരവോടെ കൂടുതൽ തെളിയുകയാണ്.
ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ PR ഏജൻസി കൂട്ടിച്ചേർത്ത സ്വർണ്ണക്കടത്ത്- ഹവാല കുറ്റകൃത്യങ്ങളിൽ മലപ്പുറം കേന്ദ്രീകൃത ദേശവിരുദ്ധതയുടെ ആഖ്യാനം ഒട്ടും യാദൃച്ഛികമല്ലെന്ന് ജലീലിന്റെ വരവോടെ കൂടുതൽ തെളിയുകയാണ്.

സാമ്പത്തിക കുറ്റകൃത്യങ്ങളടക്കമുള്ള കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യാൻ മതാടിസ്ഥാനത്തിലല്ല ഈ നാട്ടിൽ നിയമമുള്ളത്. ഇസ്ലാം മതത്തിലുള്ള ഒരാൾ ഒരു കുറ്റകൃത്യം നടത്തിയാൽ അതിനെ ഉടനെ അയാളുടെ മതവുമായി ബന്ധിപ്പിക്കുന്ന രീതി നമ്മൾ കാണുന്നത് സംഘപരിവാറിന്റെ മുസ്‌ലിം അപരനിർമ്മാണ ആഖ്യാനത്തിലാണ്. അതിന്റെ കണ്ണാടിപ്പകർപ്പാണ് ജലീലിന്റെ വാദവും. സ്വർണ്ണക്കടത്തും ഹവാലയും മതവിരുദ്ധമല്ല എന്ന തോന്നലുകൊണ്ടാണ് മുസ്ലീങ്ങൾ അത് ചെയ്യുന്നത് എന്ന് ജലീൽ പറയുമ്പോൾ, മുസ്ലീങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും മതബദ്ധമാണെന്നും ഒരു മുസ്ലീമിന് മതമനുഷ്യൻ എന്നല്ലാതെ മറ്റൊരു സ്വത്വവുമില്ലെന്നുമുള്ള കടുത്ത മതസങ്കുചിതവാദത്തിലേക്കാണ് ജലീൽ ആളുകളെ കൈകൊട്ടി വിളിക്കുന്നത്. മാത്രവുമല്ല ഒരു മുസ്ലീമെന്നാൽ അയാളെ/അവളെ കേവലം ഒരു ഇസ്‌ലാമിക ജീവിയായി മാത്രമേ കാണാനാവൂ എന്നുള്ള സംഘപരിവാർ വെറുപ്പിന്റെ അടിത്തറയിൽ ജലീൽ സ്വന്തമായി ഒരു മുറികൂടി പണിയുന്നു.

ഇന്ത്യയിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ ഭൂരിഭാഗവും ഹിന്ദുക്കളാവാനേ തരമുള്ളൂ. അത് അങ്ങനെ ചെയ്യുന്നതിൽ പിശകൊന്നുമില്ല എന്ന് ഭഗവദ്ഗീതയിൽ പറയാത്തതുകൊണ്ടൊന്നുമല്ല.

സാമ്പത്തിക കുറ്റകൃത്യങ്ങളെ മതസംഘടനകൾ മറ്റേത് സംഘത്തെയും പോലെ വരുമാനമാർഗമായി ഉപയോഗിക്കാം എന്നല്ലാതെ മതബോധനത്തിന്റെ കൂടുതൽക്കുറവല്ല ഇതിനൊക്കെ കാരണം. ഇതൊക്കെ ജലീലിനുമറിയാം. ഒരു അവസരവാദി രാഷ്ട്രീയക്കാരന്റെയും സി പി എമ്മിന്റെ പുതിയ ‘മുസ്‌ലിം തീവ്രവാദ, മലപ്പുറം കള്ളക്കടത്ത് പ്രചാരണത്തിന്റെയും’ അടവ്, അടിയൻ ലച്ചിപ്പോം എന്നുപറഞ്ഞു ഏറ്റെടുക്കുകയാണ് ജലീൽ എന്നുമാത്രം.

പിണറായി വിജയൻ
പിണറായി വിജയൻ

ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിൽ PR ഏജൻസി കൂട്ടിച്ചേർത്ത് നൽകിയെന്ന് പറയുന്ന സ്വർണ്ണക്കടത്ത്- ഹവാല കുറ്റകൃത്യങ്ങളിൽ മലപ്പുറം കേന്ദ്രീകൃത ദേശവിരുദ്ധതയുടെ ആഖ്യാനം ഒട്ടും യാദൃച്ഛികമല്ലെന്ന് ജലീലിന്റെ വരവോടെ കൂടുതൽ തെളിയുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഹിന്ദു വോട്ടുകൾ ബി ജെ പിയിലേക്ക് കൂടുതൽ ഒഴുകാതിരിക്കാനുള്ള ഒരു അടവായി മുസ്‌ലിം- മലപ്പുറം കള്ളക്കടത്തിന്റെ പ്രചാരണാഖ്യാനം ശക്തിപ്പെടുത്തുകയാണ് സി പി എം.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളിൽ കൂടുതൽ ഏതു സമുദായക്കാരാണ്? ആ സമുദായത്തിലെ ഏതെങ്കിലും സംഘടനയാണോ ആ പ്രശ്നത്തെ നേരിടേണ്ടത്? അങ്ങനെയൊരാവശ്യം ജലീലിനുണ്ടോ? മത, സാമുദായികാടിസ്ഥാനത്തിൽ മനുഷ്യരുടെ സാമൂഹ്യ, രാഷ്ട്രീയ ജീവിതത്തിൽ തീർപ്പുകൽപ്പിക്കാൻ അത്തരം മത, സാമുദായിക നേതൃത്വങ്ങൾക്ക് കഴിയണമെന്നാണ് എല്ലാ മതവർഗീയ സംഘടനകളുടെയും ആവശ്യം. അതാണ് സംഘപരിവാറും പറയുന്നത്. അങ്ങനെയാണ് ഹിന്ദുക്കളുടെ കാര്യം ഹിന്ദുക്കൾ നോക്കിക്കൊള്ളാം എന്നവർ പറയുന്നത്. കേരളത്തിൽ ഉമ്മൻചാണ്ടി, പിണറായി സർക്കാരുകളെ പിടിച്ചുലച്ച സോളാർ, സ്വർണ്ണക്കടത്ത് ആരോപണങ്ങളിൽ പ്രധാന പ്രതികളായവർ നായർ സ്ത്രീകളായതുകൊണ്ട് പണംതട്ടിപ്പും സ്വർണ്ണക്കടത്തും നായന്മാർക്ക് ചേർന്നതല്ലെന്ന് പെരുന്നയിലെ പോപ്പ് വാറോലയിറക്കണം എന്നാണോ ജലീലിന്റെ ആവശ്യം. അങ്ങനെയൊരാവശ്യവും ഇല്ല എന്നതുകൂടിയാണ് ഇപ്പോൾ ജലീൽ ഖാളിയെ തേടിപ്പോവുന്നതിലെ അപകടവും സൃഗാലസൂത്രവും വെളിപ്പെടുത്തുന്നതും.

ആഗോളതലത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് മുസ്ലീങ്ങൾ കൂടുതലുള്ള ഒരു ഭൂപ്രദേശത്തിന്റെ മുദ്ര പതിച്ചുകൊടുക്കുന്നത് പച്ചയായ വർഗീയതയാണ്. ജലീൽ അത് ചെയ്യും എന്നുള്ളിടത്താണ് എങ്ങനെയാണ് ഒരു അധീശ പ്രത്യയശാസ്ത്രം അതിസൂക്ഷ്മമായ രാഷ്ട്രീയ, സാമൂഹ്യ ആഖ്യാനമായി നമ്മുടെ സാമൂഹ്യശരീരത്തിൽ പടരുന്നത് എന്ന് മനസിലാക്കേണ്ടത്.
ആഗോളതലത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് മുസ്ലീങ്ങൾ കൂടുതലുള്ള ഒരു ഭൂപ്രദേശത്തിന്റെ മുദ്ര പതിച്ചുകൊടുക്കുന്നത് പച്ചയായ വർഗീയതയാണ്. ജലീൽ അത് ചെയ്യും എന്നുള്ളിടത്താണ് എങ്ങനെയാണ് ഒരു അധീശ പ്രത്യയശാസ്ത്രം അതിസൂക്ഷ്മമായ രാഷ്ട്രീയ, സാമൂഹ്യ ആഖ്യാനമായി നമ്മുടെ സാമൂഹ്യശരീരത്തിൽ പടരുന്നത് എന്ന് മനസിലാക്കേണ്ടത്.

മതത്തിനുവേണ്ടി നടത്തുന്ന, മതങ്ങളിൽ അന്തർലീനമായ നിരവധി മനുഷ്യത്വ വിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും സ്ത്രീവിരുദ്ധതയുമൊക്കെയുണ്ട്. അതൊക്കെ മതം എന്ന വിശ്വാസ, സ്ഥാപന സമുച്ചത്തിനകത്തുള്ളതാണ്. അതിനെതിരെ പരിഷ്ക്കരണവാദം മുതൽ ആ ഘടനയെ തകർക്കുന്നതടക്കമുള്ള രാഷ്ട്രീയ, സാമൂഹ്യസമരങ്ങൾ ആവശ്യമാണ്. എന്നാൽ അതിന്റെയൊന്നും സ്പർശിക്കാതെ സകല മതവിഭാഗങ്ങളിൽപ്പെട്ടവരും ആഗോളതലത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് മതത്തിന്റെയും മുസ്ലീങ്ങൾ കൂടുതലുള്ള ഒരു ഭൂപ്രദേശത്തിന്റെയും മുദ്ര പതിച്ചുകൊടുക്കുന്നത് പച്ചയായ വർഗീയതയാണ്. അത് ജലീൽ ചെയ്യും എന്നുള്ളിടത്താണ് എങ്ങനെയാണ് ഒരു അധീശ പ്രത്യയശാസ്ത്രം അതിസൂക്ഷ്മമായ രാഷ്ട്രീയ, സാമൂഹ്യ ആഖ്യാനമായി നമ്മുടെ സാമൂഹ്യശരീരത്തിൽ പടരുന്നത് എന്ന് മനസിലാക്കേണ്ടത്. Collective punishment എന്ന സംഘപരിവാർ ആവശ്യത്തെക്കൂടിയാണ് ഈ കൂട്ടിക്കെട്ടലിലൂടെ ജലീൽ സജീവമാക്കുന്നത്. വ്യക്തികളുടെ, സാർവ്വത്രിക സ്വഭാവമുള്ള കുറ്റകൃത്യങ്ങളെ പ്രത്യേക മതബോധവുമായി കൂട്ടിവെക്കുകയാണ്. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ "സ്വാഭാവികവത്ക്കരണമാണ്" (Normalization) നമ്മൾ കാണുന്നത്. അതിന്റെ കോടാലിക്കയ്യായി മാറുകയാണ് ജലീൽ. അത് ജലീലിൽ അവസാനിക്കുന്നില്ല എന്നതാണ് ഈ ആഖ്യാനത്തിന്റെ ഭാവിയെ കൂടുതൽ ഭീകരമാക്കുന്നതും.

Comments