മൊണാലിസയുടെ വിവാഹവും
മുസ്ലിം വിരുദ്ധതയുടെ മുൻവിധികളും

കുംഭമേള വൈറൽ താരം മൊണാലിസയുടെ നിയമാനുസൃത വിവാഹത്തെപോലും ഇസ്ലാമോഫോബിയ പടർത്തുന്ന തരത്തിൽ പ്രചരിപ്പിക്കുകയും കേരളവിരുദ്ധത പടർത്താനുള്ള നീക്കങ്ങൾ നടക്കുകയും ചെയ്തു- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

സാർവദേശീയതലത്തിലും ഇന്ത്യയിലും ഇസ്ലാമോഫോബിയ രാഷ്ട്രീയതന്ത്രമായി സ്വീകരിച്ചുകൊണ്ട് ന്യൂനപക്ഷ മത വംശീയ വിഭാഗങ്ങൾക്കെതിരായി വിദ്വേഷപ്രചാരണവും കടന്നാക്രമണങ്ങളും തീവ്രമായിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വത്തോടും സാർവ്വദേശീയതലത്തിൽ ഇസ്ലാമോഫോബിയ പടർത്തുന്ന അമേരിക്കനിസത്തോടും ഒത്തുകളിക്കുന്ന എല്ലാവിധ വർഗീയവാദികളും മാറിയും മറിഞ്ഞും എല്ലാ വിഷയങ്ങളിലും കമ്യൂണിസ്റ്റ് വിരുദ്ധത പടർത്താൻ ആസൂത്രിത ശ്രമം തന്നെ നടത്തിക്കൊണ്ടിരിക്കുന്നു. അത്തരമൊരു പരിസരത്തിൽനിന്നുവേണം ഇടതുപക്ഷത്തിനെതിരായി ഹിന്ദുത്വവാദികളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും നടത്തുന്ന അപവാദപ്രചാരണങ്ങളെ വിലയിരുത്തുന്നത്.

ഒരുഭാഗത്ത് ഹിന്ദുത്വവാദികൾ കമ്യൂണിസ്റ്റുകാരെ മുസ്ലീം പ്രീണനം നടത്തുന്നവരും ‘സുഡാപ്പി’കളുമായി ആക്ഷേപിക്കുന്നു. മറുഭാഗത്ത് രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുമായി ചേർന്ന് വർഗീയവാദികൾ കമ്യൂണിസ്റ്റുകാരെ മുസ്ലീം വിരുദ്ധരും ഇസ്ലാമോഫോബിയ പടർത്തുന്നവരുമായി ചിത്രീകരിക്കാനുള്ള കുത്സിയ ശ്രമങ്ങൾ നടത്തുന്നു. ഇരുകൂട്ടരുടെയും പൊതുശത്രു ഇടതുപക്ഷവും കമ്യൂണിസ്റ്റുകാരുമാണ്. കേരളത്തിൽ ബി.ജെ.പിക്കാരെ മാത്രമല്ല കോൺഗ്രസിലെ ഒരു വിഭാഗത്തെയും മതവർഗീയതയും രാഷ്ട്രീയവും കൂടിക്കലർന്ന വളരെ പ്രതിലോമപരമായൊരു കമ്യൂണിസ്റ്റ് വിരുദ്ധ പ്രത്യയശാസ്​ത്രമാണ് നയിക്കുന്നത്.

വിമോചനസമരകാലം മുതൽ ഉയർന്നുവന്ന കമ്യൂണിസ്റ്റ് വിരുദ്ധതയുടേതായ ഒരു സമുദായ രാഷ്ട്രീയവും മതവർഗീയതയും കേരളത്തിന്റെ സാമൂഹ്യമുന്നേറ്റങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മതമൈത്രിയെയും മതനിരപേക്ഷ സാമൂഹ്യഘടനയെയും അപകടപ്പെടുത്തുംവിധമുള്ള സമുദായ ധ്രുവീകരണങ്ങൾക്കുവേണ്ടിയുള്ള ശ്രമങ്ങളും ഈ വലതുപക്ഷ രാഷ്ട്രീയശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ശബരിമല സ്ത്രീപ്രവേശം തൊട്ട് സ്വർണാപഹരണം വരെയുള്ള പ്രശ്നങ്ങളിൽ വസ്​തുതകളെയും സത്യത്തെയും അജ്ഞതയിൽ നിർത്തി സി.പി.എമ്മിനെതിരായി ഭൂരിപക്ഷ മതവിശ്വാസികളിൽ വിദ്വേഷവികാരം കത്തിച്ചുവിടാനുള്ള ശ്രമങ്ങളാണ് ബി.ജെ.പിയും കോൺഗ്രസ്​–മുസ്ലീം ലീഗ് നേതാക്കളും നടത്തിക്കൊണ്ടിരുന്നത്.

വിമോചനസമരകാലം മുതൽ ഉയർന്നുവന്ന കമ്യൂണിസ്റ്റ് വിരുദ്ധതയുടേതായ ഒരു സമുദായ രാഷ്ട്രീയവും മതവർഗീയതയും കേരളത്തിന്റെ സാമൂഹ്യമുന്നേറ്റങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
വിമോചനസമരകാലം മുതൽ ഉയർന്നുവന്ന കമ്യൂണിസ്റ്റ് വിരുദ്ധതയുടേതായ ഒരു സമുദായ രാഷ്ട്രീയവും മതവർഗീയതയും കേരളത്തിന്റെ സാമൂഹ്യമുന്നേറ്റങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

മറ്റൊരു ഭാഗത്ത് സി.പി.എം ആർ.എസ്​.എസുമായി ഒത്തുകളിക്കുകയാണെന്നും എസ്​.ഐ.ആർ ഉൾപ്പെടെയുള്ള മോദി സർക്കാരിന്റെ മുസ്ലീം വിരുദ്ധ നടപടികൾ കേരളത്തിൽ നടപ്പാക്കുന്നത് പിണറായി വിജയൻ സർക്കാരാണെന്നും ഉൾപ്പെടെയുള്ള നുണപ്രചാരണം അഴിച്ചുവിടുന്നു. വെള്ളാപ്പള്ളിയുടെ നിരുത്തരവാദപരമായ പ്രസ്​താവനകളെ സി.പി.എമ്മിന്റെ പേരിൽ ആരോപിച്ച്, സി.പി.എമ്മും പിണറായി വിജയനും മുസ്ലീം വിരുദ്ധരാണെന്ന പ്രതീതി സാമൂഹ്യമാധ്യമങ്ങളിലൂടെ നിർമ്മിച്ചെടുക്കുന്നു. വലിയ നുണകൾ ആവർത്തിച്ച് തങ്ങൾക്കനഭിമതരായവരെ വെറുക്കാൻ പഠിപ്പിക്കുന്ന ഗീബൽസിയൻ തന്ത്രമാണ് ഹിന്ദുത്വവാദികളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും ഒരേപോലെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലും കേരളത്തിലും നാനാവിധമായ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഇസ്ലാമോഫോബിയ പടർത്താൻ ഹിന്ദുത്വവാദികൾ വളരെ കൗശലപൂർവ്വം ശ്രമിച്ചുകൊണ്ടിരിക്കുന്നു. വസ്​ത്രത്തെയും ഭക്ഷണത്തെയും പ്രണയത്തെയുമൊക്കെ പ്രശ്നവൽക്കരിച്ച് വിദ്വേഷപ്രചാരണവും സാമൂഹ്യവിഭജനവും തീവ്രമാക്കാനുള്ള ശ്രമങ്ങളാണ് ഹിന്ദുത്വവാദികൾ ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ കുംഭമേള വൈറൽ താരം മൊണാലിസയുടെ നിയമാനുസൃത വിവാഹത്തെപോലും ഇസ്ലാമോഫോബിയ പടർത്തുന്ന തരത്തിൽ പ്രചരിപ്പിക്കുകയും കേരളവിരുദ്ധത പടർത്താനുള്ള നീക്കങ്ങൾ നടക്കുകയും ചെയ്തു.

മൊണാലിസയുടെ വിവാഹത്തെ ലൗ ജിഹാദാക്കി മാറ്റാനും തെറ്റായ രേഖകൾ ചമച്ച് ഫർമാൻഖാനെതിരെ പോക്സോ കേസ്​ ചാർജ്ജ് ചെയ്യാനും ബി.ജെ.പിയുടെ മധ്യപ്രദേശ് സർക്കാർ നടത്തിയ നീക്കം ഗൂഢാലോചനാപരമാണെന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മൊണാലിസയുടെ വിവാഹം വിവാദമാക്കുന്നതിൽ സംഘപരിവാറുകാർക്കൊപ്പം കേരളത്തിലെ ഒരു യൂത്ത് കോൺഗ്രസ്​ നേതാവിന്റെയും പരാതിയുണ്ടായിരുന്നുവെന്നതിൽ അസ്വാഭാവികതയൊന്നുമില്ല. ഇന്ത്യയിൽ മുസ്ലീം വിരുദ്ധ മുൻവിധികൾ പ്രചരിപ്പിക്കുന്നതിൽ എക്കാലത്തും ഹിന്ദു മഹാസഭക്കും ആർ.എസ്​.എസിനുമൊപ്പം ഒരുവിഭാഗം കോൺഗ്രസ്​ നേതാക്കളും ഉത്സാഹഭരിതരായിരുന്നു. കേരളത്തിന്റെ അനുഭവങ്ങളും അങ്ങനെതന്നെ.

1967- ലെ ഇ.എം.എസ്​ സർക്കാർ മലപ്പുറം ജില്ലാ രൂപീകരണത്തിനുവേണ്ടി നീക്കം നടത്തിയപ്പോൾ അതിനെതിരായി ‘കുട്ടിപാക്കിസ്​ഥാൻ’ വാദം ഉന്നയിച്ച് വർഗീയവിദ്വേഷ പ്രചാരണവുമായി രംഗത്തുവന്നത് ജനസംഘവും ആർ.എസ്​.എസുമായിരുന്നു. ആ വാദങ്ങളേറ്റെടുത്ത് മലപ്പുറം ജില്ലാ രൂപീകരണം ‘കുട്ടിപാക്കിസ്​ഥാനെ’ സൃഷ്ടിക്കലാണെന്നും നിയസമഭയിൽപോലും ഉന്നയിക്കാൻ കോൺഗ്രസ്​ നേതാക്കൾക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ഒരു പ്രദേശത്തിന്റെ പിന്നാക്കാവസ്​ഥയും അവിടുത്തെ ജനങ്ങളുടെ സാമൂഹ്യമായ അധഃസ്​ഥിതാവസ്​ഥയും പരിഹരിക്കാനുള്ള നടപടിയെന്ന നിലയ്ക്കാണ് ഇ.എം.എസ്​ സർക്കാർ മലപ്പുറം ജില്ല രൂപീകരിക്കാൻ നടപടി സ്വീകരിച്ചത്. ഇതു സംബന്ധമായ നിയമസഭാ നടപടിക്രമങ്ങളുടെ രേഖ, സംഘപരിവാർ വാദങ്ങൾ എങ്ങനെയാണ് മലപ്പുറം ജില്ലാരൂപീകരണത്തിനെതിരായി കോൺഗ്രസ്​ ഏറ്റെടുത്ത് സഭയിലുന്നയിച്ചതെന്ന് വ്യകതമാക്കുന്നു.

മൊണാലിസയുടെ വിവാഹം വിവാദമാക്കുന്നതിൽ സംഘപരിവാറുകാർക്കൊപ്പം കേരളത്തിലെ ഒരു യൂത്ത് കോൺഗ്രസ്​ നേതാവിന്റെയും പരാതിയുണ്ടായിരുന്നുവെന്നതിൽ അസ്വാഭാവികതയൊന്നുമില്ല.
മൊണാലിസയുടെ വിവാഹം വിവാദമാക്കുന്നതിൽ സംഘപരിവാറുകാർക്കൊപ്പം കേരളത്തിലെ ഒരു യൂത്ത് കോൺഗ്രസ്​ നേതാവിന്റെയും പരാതിയുണ്ടായിരുന്നുവെന്നതിൽ അസ്വാഭാവികതയൊന്നുമില്ല.

1969 ഫെബ്രുവരി 20 ന് നടന്ന പ്രക്ഷുബ്ദമായ ചർച്ചയിൽ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായിരുന്ന കെ. കരുണാകരനും കോൺഗ്രസ് ചീഫ് വിപ്പ് കെ.ടി. ജോർജ്ജും നടത്തിയ പ്രസംഗങ്ങൾ മാത്രം നോക്കിയാൽമതി. കൃത്യമായ ഇസ്ലാമോഫോബിയ നിലപാടുകളിൽ നിന്നായിരുന്നു അവർ മലപ്പുറം ജില്ലാരൂപീകരണത്തെ എതിർത്തത്. അതിനെ സഭയിൽ പ്രതിരോധിച്ചത് സി.പി.എം നേതാവ് ടി.കെ. രാമകൃഷ്ണനും റവന്യൂമന്ത്രി കെ.ആർ.ഗൗരിയുമായിരുന്നു. മുസ്ലീംലീഗ് സംസ്​ഥാന ജോയിൻ്റ് സെക്രട്ടറിയായിരുന്ന എം. മൊയ്തീൻകുട്ടിഹാജിയുടെ പ്രസംഗത്തിൽ, അദ്ദേഹം മലപ്പുറം ജില്ലാരൂപീകരണത്തെ പ്രത്യേക തരം മുസ്ലീം വിരുദ്ധതയോടെ എതിർക്കുകയായിരുന്നു കോൺഗ്രസുകാരെന്ന് അദ്ദേഹം വികാരഭരിതമായി പറഞ്ഞിരിക്കുന്നത് കാണാം.

ഇന്നും ശശികലമാർ തൊട്ട് വെള്ളാപ്പള്ളി വരെയുള്ളവർ മലപ്പുറം ജില്ലക്കെതിരായി നടത്തുന്ന വിദ്വേഷപ്രചാരണങ്ങളുടെ അടിസ്​ഥാനം, ജില്ലാ രൂപീകരണത്തെതന്നെ എതിർത്ത ആർ.എസ്​.എസ്​–കോൺഗ്രസ്​ നിലപാടുകളാണ്. യഥാർത്ഥത്തിൽ മലപ്പുറം കേരളത്തിലെ ഏറ്റവും മതനിരപേക്ഷവും സൗഹാദപൂർണവുമായ മനുഷ്യബന്ധം നിലനിൽക്കുന്ന പ്രദേശമാണെന്ന കാര്യം മറച്ചുപിടിച്ചാണ്, ജനം ടിവി തൊട്ടുള്ള സംഘപരിവാർ ജിഹ്വകൾ കടുത്ത ഇസ്ലാമോഫോബിക് വർഗീയ നിലപാടുകളിൽ നിന്ന് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നു.

2021- ലെ ഒരു റമദാൻ കാലത്ത് പി.എസ്​.സി പരീക്ഷയ്ക്കുപോയ ഒരു വിദ്യാർത്ഥിക്ക് മലപ്പുറത്ത് വെള്ളവും ഭക്ഷണവും കിട്ടാതെ ബുദ്ധിമുട്ടേണ്ടി വന്നുവെന്ന അനുഭവക്കുറിപ്പ് ജനം ടിവി സാമൂഹ്യമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിപ്പിച്ചത് ഓർക്കുന്നു. സംഘപരിവാർ പ്രൊഫൈലുകൾ മലപ്പുറം ജില്ലയ്ക്കും മുസ്ലീങ്ങൾക്കുമെതിരായി ഇതേറ്റെടുത്ത് വിദ്വേഷപ്രചാരണം നടത്തി. അത്തരം പ്രചാരണം ഇപ്പോഴും ഏറിയും കുറഞ്ഞും വർഗീയവാദികൾ നടത്തിക്കൊണ്ടിരിക്കുന്നു.

1980 മുതൽ മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നോമ്പുകാലം ഉൾപ്പെടെയുള്ള സമയങ്ങളിൽ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിട്ടുള്ളയാളാണ് ഇതെഴുതുന്നയാൾ. എന്റെ അനുഭവത്തിൽ മലപ്പുറം നഗരത്തിൽ ഒരു നോമ്പുകാലത്തും മറ്റ് മതവിശ്വാസികൾക്ക് ഭക്ഷണ നിരോധനമുള്ളതായി അനുഭവപ്പെട്ടിട്ടില്ല. മറ്റ് മതവിശ്വാസികൾക്ക് ഭക്ഷണം നിഷേധിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ലെന്ന് നല്ല ബോധ്യമുള്ളവരാണ് മലപ്പുറത്തെ മുസ്ലീം മതവിശ്വാസികളായ ജനങ്ങൾ. 1990- കളുടെ ആദ്യം ചില തീവ്രവാദ ഗ്രൂപ്പുകൾ നോമ്പുകാലത്ത് ഹോട്ടലുകൾ പ്രവർത്തിക്കുന്നതിനെതിരെ ചില നീക്കങ്ങൾ നടത്തിയപ്പോൾ മലപ്പുറത്ത മതവിശ്വാസികളായ മതനിരപേക്ഷശക്തികളാണ് അത്തരം നീക്കങ്ങളെ തടഞ്ഞതും തീവ്രവാദ വിഭാഗക്കാരെ ഒറ്റപ്പെടുത്തിയതും. ശശികലയെപോലുള്ള ഹിന്ദുവർഗീയവാദികൾ ഇന്നും ന്യൂനപക്ഷ വിരുദ്ധ വർഗീയ അജണ്ടയ്ക്കാവശ്യമായ രീതിയിൽ മുസ്ലീങ്ങൾ ഭൂരിപക്ഷമായ മലപ്പുറം ജില്ലയെക്കുറിച്ചുള്ള നുണക്കഥകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് ശീലമാക്കിയവരാണ്.

കൊളോണിയൽ ശക്തികളാണ് മലപ്പുറത്തെ മാപ്പിളമാരെ മതഭ്രാന്തരായി ചിത്രീകരിച്ചത്. അതേറ്റെടുത്താണ് ഹിന്ദുത്വശക്തികൾ രാജ്യമാകെ ഇസ്ലാമോഫോബിയ പടർത്താനുള്ള ആസൂത്രിത നീക്കം നടത്തിയത് തുടരുന്നത്. മലപ്പുറവും പഴയ മലബാറും കൊളോണിയൽ വിരുദ്ധ ദേശീയബോധംകൊണ്ട് ഒരു ജനതയുടെ ആത്മാഭിമാനത്തെ ഉണർത്തിയ വെളിയംകോട് ഉമ്മർഖാസിയുടെയും മമ്പുറം തങ്ങൻമാരുടെയും നാടാണ് മലപ്പുറം. ആലി മുസ്ല്യാരുടെയും വാരിയംകുന്നത്ത് കുഞ്ഞമ്മദ്ഹാജിയുടെയും എം.പി.നാരായണമേനോന്റെയും മോഴിക്കുന്നത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെയും നാടാണ് മലപ്പുറം. അവരുടെയെല്ലാം നേതൃത്വത്തിൽ നടന്ന കൊളോണിയൽവിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ ജീവിതസംസ്​കാരമാണ് മലപ്പുറത്തിന്റെ പാരമ്പര്യമെന്നത്.

ശശികലയെപോലുള്ള ഹിന്ദുവർഗീയവാദികൾ ഇന്നും ന്യൂനപക്ഷ വിരുദ്ധ വർഗീയ അജണ്ടയ്ക്കാവശ്യമായ രീതിയിൽ മുസ്ലീങ്ങൾ ഭൂരിപക്ഷമായ മലപ്പുറം ജില്ലയെക്കുറിച്ചുള്ള നുണക്കഥകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് ശീലമാക്കിയവരാണ്.
ശശികലയെപോലുള്ള ഹിന്ദുവർഗീയവാദികൾ ഇന്നും ന്യൂനപക്ഷ വിരുദ്ധ വർഗീയ അജണ്ടയ്ക്കാവശ്യമായ രീതിയിൽ മുസ്ലീങ്ങൾ ഭൂരിപക്ഷമായ മലപ്പുറം ജില്ലയെക്കുറിച്ചുള്ള നുണക്കഥകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് ശീലമാക്കിയവരാണ്.

മലപ്പുറത്തെപ്പറ്റിയുള്ള മുൻവിധികളും വിദ്വേഷപ്രചാരണവും ചരിത്രപരമാണെന്ന് തിരിച്ചറിയണം. അത് ഫ്യൂഡൽ കൊളോണിയൽ കാലഘട്ടത്തോളം വേരുകളുള്ളതാണ്. 1937- ൽ എം.എൻ. റോയ് എഴുതിയ ചരിത്രത്തിലെ ഇസ്ലാമിക മുദ്രകൾ എന്ന പഠനത്തിൽ ഇന്ത്യയിൽ കാലങ്ങളിലൂടെ വേരോടിപ്പോയ മുസ്ലീം വിരുദ്ധ മുൻവിധികൾ എങ്ങനെയാണ് നമ്മുടെ ദേശീയഐക്യത്തിനുതന്നെ തടസ്സമായിതീർന്നതെന്നും വിശദീകരിക്കുന്നു. നമ്മുടെ ചരിത്രത്തെ നിഷ്പക്ഷമായി മനസ്സിലാക്കുന്നതിനുതന്നെ ഈ മുൻവിധികൾ തടസ്സം സൃഷ്​ടിച്ചുവെന്നാണ് എം.എൻ. റോയ് എഴുതിയിട്ടുള്ളത്.

നൂറ്റാണ്ടുകളായി ഇന്ത്യയിൽ സഹവസിച്ചിട്ടും പരസ്​പരം ശരിയാവണ്ണം മനസ്സിലാക്കാതെപോയ രണ്ട് സമുദായങ്ങൾക്ക് ലോകചരിത്രത്തിൽ വേറെ ഉദാഹരണങ്ങളുണ്ടാകുമോയെന്ന സംശയംവരെ റോയ് ഉത്കണ്ഠാകുലനായി ചോദിക്കുന്നുണ്ട്. ഇസ്ലാമിക ചരിത്രത്തെയും ദർശനത്തെയും സംബന്ധിച്ച അജ്ഞത സൃഷ്ടിക്കുകയാണ് കൊളോണിയൽ ചിന്താകേന്ദ്രങ്ങളുടെ പിന്തുണയോടെ ഇന്ത്യയിലെ വൈദിക ബ്രാഹ്മണ്യശക്തികൾ ചെയ്തത്. ഇസ്ലാമിനെ അപരവത്കരിക്കുന്ന ആത്മീയസാമ്രാജ്യത്വമാണ് ഇന്ത്യയുടെ ദേശീയതയെ നിർണ്ണയിച്ച ആശയങ്ങളുടെ അടിപ്പടവയായി വർത്തിച്ചതെന്ന് റോയ് നിരീക്ഷിക്കുന്നു.

ഹിന്ദുമഹാസഭയും ആർ.എസ്​.എസും ദേശീയതയെ മതാടിസ്​ഥാനത്തിൽ നിർവ്വചിക്കാനും മുസ്ലീം വിരുദ്ധത അഴിച്ചുവിടാനും ശ്രമിച്ച സന്ദർഭത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രകമ്മറ്റി ഹിന്ദു–മുസ്ലീം ​പ്രോബ്ലംസ് ഇൻ ഇന്ത്യ എന്ന രേഖയിറക്കുന്നത്. ഹിന്ദുക്കൾ സ്വയം ഒരു രാഷ്ട്രമാണെന്ന വാദത്തെ പൊളിച്ചടുക്കുകയും മുസ്ലീങ്ങൾക്ക് മതാടിസ്​ഥാനത്തിൽ ഒരു രാഷ്ട്രം വേണമെന്ന നിലപാടുകളെ നിരാകരിക്കുകയും രാഷ്ട്രത്തിന് മതമുണ്ടാകാൻ പാടില്ലെന്ന് നിർബന്ധിക്കുകയും ചെയ്യുന്ന സമീപനമാണ് ആ രേഖ ഇന്ത്യയിലെ ദേശീയപ്രസ്​ഥാനത്തിനുമുമ്പിൽ അവതരിപ്പിച്ചത്. മതനിരപേക്ഷ കാഴ്ചപ്പാടുകളുടെ അടിത്തറയിലാവണം സ്വതന്ത്ര ഇന്ത്യ ഉണ്ടാവേണ്ടതെന്നും മുസ്ലീങ്ങളെ ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തുന്ന ഹിന്ദുമഹാസഭയുടെയും അതിനൊപ്പം നിൽക്കുന്ന കോൺഗ്രസിലെ വലിയ വിഭാഗം നേതാക്കളുടെയും സമീപനങ്ങളെ കമ്യൂണിസ്റ്റുപാർട്ടി അതിശക്തമായിതന്നെ അപലപിക്കുന്നുണ്ട്.

ചരിത്രബോധമോ രാഷ്ട്രീയധാർമ്മികതയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത സാമൂഹ്യമാധ്യമങ്ങളിലെ റീൽ കൾച്ചറിലൂടെ പോപ്പുലറായവരും, നവ ഫൈനാൻസ്​ ബിസിനസ് ക്യാമ്പുകളുടെ പിന്തുണയോടെ വളർന്നുവന്നവരുമായ ഒരു പ്രത്യേകതരം നേതാക്കളാണ് ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും അതിന്റെ നേതാക്കളെയുമൊക്കെ മുസ്ലീം വിരുദ്ധരായി നിരന്തരം നറേഷനുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വത്തോടും രാഷ്ട്രീയ ഇസ്ലാമിസത്തോടും കൂട്ടുകച്ചവടം നടത്തുന്ന കണ്ണുംപൂട്ടിയുള്ള കമ്യൂണിസ്റ്റ് വിരോധത്തിന്റെ മൂല്യപ്രമാണങ്ങളാണ് ഈ പുത്തൻ നേതാക്കളെ നയിക്കുന്നത്. ഇൻ്റർനെറ്റിന്റെയും ഇലക്ട്രോണിക്സിന്റെയും സൗകര്യങ്ങളിൽ കൂത്താടുന്ന വിദ്വേഷ സംസ്​കാരത്തിന്റെ വൈറസുകളാണ് ഇക്കൂട്ടർ.

മുസ്ലീം വിരുദ്ധതയുടെയും ഹിന്ദുമഹാസഭാ രൂപീകരണത്തിന്റെയും ചരിത്രത്തോടൊപ്പം നടന്നവരാണ് കോൺഗ്രസിലെ ഒട്ടുമിക്ക നേതാക്കളും. മാത്രമല്ല മദൻമോഹൻമാളവ്യയെപോലുള്ള കോൺഗ്രസ്​ അധ്യക്ഷൻമാർ തന്നെയായിരുന്നു ഹിന്ദുമഹാഭസയ്ക്ക് ജന്മമേകിയത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ നെടുംതൂണുകളെ പിടിച്ചുകുലുക്കുന്ന ഖിലാഫത്ത് നിസ്സഹകരണ സമരങ്ങളുടെ ചരിത്രഗതിയിലാണ്, അതുകണ്ട് പരിഭ്രാന്തരായ ഹിന്ദുത്വവാദികൾ ആർ.എസ്​.എസ്​ എന്ന സംഘടനയ്ക്ക് ജന്മം നൽകുന്നത്. ഹിന്ദു- മുസ്ലീം മൈത്രിയില്ലാതെ സ്വരാജ് നേടാനാവില്ലെന്ന് പ്രഖ്യാപിച്ച ഗാന്ധിയുടെ മതസാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും ആശയാദർശങ്ങളെയും രാഷ്ട്രസങ്കൽപങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് ഹെഡ്ഗേവാർ ആർ.എസ്​.എസിന് രൂപം നൽകിയത്. ആർ.എസ്​.എസിന്റെ ഔദ്യോഗിക ചരിത്രകാരനായ ബി.പി. ദിഷികർ സംഘത്തിന്റെ സംസ്​ഥാപനത്തിലേക്ക് നയിച്ച ഹെഡ്ഗേവാറുടെ മനോഭാവമെന്തായിരുന്നുവെന്ന് രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

1939–ൽ ഗോൾവാൾക്കറുടെ പേരിൽ പ്രസിദ്ധീകരിച്ച ‘നമ്മൾ അഥവാ നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു’ എന്ന പുസ്​തകം ഹിറ്റ്​ലറുടെ നാസി സിദ്ധാന്തങ്ങളെ ആദർശമാതൃകയാക്കി ഉയർത്തിക്കാട്ടുന്നതാണ്. ആര്യവംശാഭിമാനത്തിന്റേതായ വംശശുദ്ധിസിദ്ധാന്തമാണ് നാസികളെപോലെ ആർ.എസ്​.എസും ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായ രീതിയിൽ ആവിഷ്ക്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ഹിന്ദു- മുസ്ലീം മൈത്രിയില്ലാതെ സ്വരാജ് നേടാനാവില്ലെന്ന് പ്രഖ്യാപിച്ച ഗാന്ധിയുടെ മതസാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും ആശയാദർശങ്ങളെയും രാഷ്ട്രസങ്കൽപങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് ഹെഡ്ഗേവാർ ആർ.എസ്​.എസിന് രൂപം നൽകിയത്.
ഹിന്ദു- മുസ്ലീം മൈത്രിയില്ലാതെ സ്വരാജ് നേടാനാവില്ലെന്ന് പ്രഖ്യാപിച്ച ഗാന്ധിയുടെ മതസാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും ആശയാദർശങ്ങളെയും രാഷ്ട്രസങ്കൽപങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് ഹെഡ്ഗേവാർ ആർ.എസ്​.എസിന് രൂപം നൽകിയത്.

സോഷ്യലിസത്തെയും കമ്യൂണിസത്തെയും മതനിരപേക്ഷതയെയുമെല്ലാം വിദേശ സിദ്ധാന്തങ്ങളായി ആക്ഷേപിക്കുന്ന ഗോൾവാൾക്കറും അനുയായികളും ഇന്ത്യക്ക് ഏറ്റവും ഉചിതമായ ആദർശം ഹിറ്റ്​ലറുടേതാണെന്ന് ഒരു ലജ്ജയുമില്ലാതെ പറയുന്നവരാണ്. എന്താണ് ഹിറ്റ്​ലറുടെ ആദർശം അഥവാ നാസിസം? ഗോൾവാൾക്കർ വിശദീകരിക്കുന്നത് സെമറ്റിക് മതങ്ങളെ ഉന്മൂലനം ചെയ്ത ജർമ്മൻകാരിൽ നിന്ന് ഇന്ത്യക്കാർ പഠിക്കണമെന്നാണ്. അതേമാർഗം അവലംബിക്കണമെന്നാണ്. അഹിന്ദുക്കൾ ഹിന്ദുമതവും സംസ്​കാരവും അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം ഹിന്ദുക്കൾക്ക് സമമായ പൗരത്വം ആഗ്രഹിക്കരുതെന്നും ഗോൾവാൾക്കർ പറയുന്നു. അതായത് അഹിന്ദുക്കൾ യാതൊരുവിധ പൗരാവകാശങ്ങളും മനുഷ്യോചിതമായ പരിഗണനകളും അവകാശപ്പെടാനോ ആഗ്രഹിക്കാനോ പാടില്ലെന്നാണ് ഗോൾവാൾക്കറിസം കൽപിക്കുന്നത്.

ജർമ്മനിയിൽ ഹിറ്റ്​ലർ നടത്തിയതുപോലുള്ള ജൂതവിദ്വേഷ പ്രചരണവും ഉന്മൂലനവുമാണ് ഇവിടെ മുസ്ലീം- ക്രിസ്​ത്യൻ ന്യൂനപക്ഷവിഭാഗങ്ങൾക്കും ദലിതുകൾക്കുമെതിരായി സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഭക്ഷണത്തിന്റെയും പ്രണയത്തിന്റെയും വസ്​ത്രത്തിന്റെയും പേരിൽ അവർ വിദ്വേഷപ്രചാരണവും ന്യൂനപക്ഷവേട്ടയും നടത്തുകയാണ്. ഭക്ഷണത്തെയും വസ്​ത്രത്തെയും പ്രശ്നവൽക്കരിച്ച് തീവ്രഹിന്ദുത്വ നിലപാടുകളിൽ നിന്നും സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷപ്രചാരണത്തിന്റെ ഭാഗമാണ് കർണാടകയിലെ ഹിജാബ് നിരോധനം. ഭരണഘടനയുടെ മതവിശ്വാസസ്വാതന്ത്ര്യത്തെയും വ്യക്തികൾക്ക് അവരുടെ സ്വത്വവും സംസ്​കാരവും സംരക്ഷിക്കാനുള്ള അവകാശത്തിനുനേരെയുള്ള ഫാഷിസ്റ്റ് കടന്നാക്രമണമാണിത്. ആർ.എസ്​.എസും ഹിന്ദുത്വവും ഇന്ത്യൻ ഫാഷിസത്തിന്റെ കാലാൾപ്പടയും പ്രത്യയശാസ്​ത്രവുമാണ്.

ഫാഷിസത്തിന്റെയും നാസിസത്തിന്റെയും അടിസ്​ഥാനപ്രമാണം അപരമത വംശ വിരോധത്തിലധിഷ്ഠിതമായ പ്രത്യയശാസ്​ത്രമാണ്. സങ്കുചിത ദേശീയ വികാരങ്ങൾ ആളിക്കത്തിക്കുക, മതാധിഷ്ഠിതമോ വംശാധിഷ്ഠിതമോ ആയ ചില ന്യൂനപക്ഷവിഭാഗങ്ങളെ അപകടകാരികളായി മുദ്രകുത്തുക, അവരെ അന്യരായി മുദ്രകുത്തി വേട്ടയാടുക, സാമൂഹ്യനീതിയോടും സോഷ്യലിസം പോലുള്ള പുരോഗമനാശയങ്ങളോടും ശത്രുത വളർത്തുക, പുരോഗമനപ്രസ്​ഥാനങ്ങളെ വിദേശ ചരക്കുകളായി അധിക്ഷേപിച്ച് അവക്കെതിരെ അവ വളർത്തുക, ജനങ്ങളുടെ സമത്വാഭിലാഷങ്ങളെയും സ്വാതന്ത്ര്യവാഞ്ചയെയും പരിഹസിക്കുക, പറ്റുമെങ്കിൽ അവയെ നിർമ്മാർജ്ജനം ചെയ്യുക ഇതെല്ലാമാണ് ഫാഷിസത്തിന്റെ സ്വഭാവവിശേഷങ്ങളും പ്രചാരണരീതിയും.

ന്യൂനപക്ഷങ്ങൾക്കും പുരോഗമന ശക്തികൾക്കുമെതിരെ നുണപ്രചാരണങ്ങളിലൂടെ വിദ്വേഷത്തിന്റെ ഉന്മാദം വളർത്തുകയാണ് ഫാഷിസത്തിന്റെ പ്രചാരകന്മാർ ചരിത്രത്തിലെല്ലായിടത്തും ചെയ്തിട്ടുള്ളത്. ഇത് മനോരോഗസമാനമായ ഫാഷിസത്തിന്റെ പ്രത്യയശാസ്​ത്രവൽക്കരണമാണ്. തങ്ങളുടെ മതവും വംശവുമെല്ലാം അപകടത്തിലാണെന്നും അവഗണനയിലാണെന്നും പ്രചരിപ്പിച്ച് മനുഷ്യമനസ്സിൽ വിദ്വേഷത്തിന്റെ വേലിയേറ്റം സൃഷ്​ടിക്കുകയാണ് ലോകത്തെല്ലായിടത്തും മതവംശീയവാദികളായ ഫാഷിസ്റ്റ് സംഘടനകൾ ചെയ്തിട്ടുള്ളത്.

തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങൾക്കെതിരെ ആൾക്കൂട്ടങ്ങളെ ഇളക്കിവിടുകയാണ് ഇക്കൂട്ടരുടെ പ്രചാരണതന്ത്രം. മനുഷ്യവംശത്തെ നിഷ്ഠൂരമായ കലാപങ്ങളിലേക്കും വംശഹത്യകളിലേക്കും തള്ളിവിട്ട സാർവദേശീയപാതകങ്ങളുടെ പരമ്പരയാണ് ഫാഷിസ്റ്റുകൾ ചരിത്രത്തിലുടനീളം നടത്തിയിട്ടുള്ളത്. ഇറ്റലിയിൽ മുസോളിനിയും ജർമ്മനിയിൽ ഹിറ്റ്​ലറും സ്​പെയിനിൽ ഫ്രാങ്കോവും വംശവിദ്വേഷത്തിന്റെ ഉന്മത്തത സൃഷ്​ടിച്ച് സെമിറ്റിക് വിഭാഗങ്ങളെയും കമ്യൂണിസ്റ്റുകളെയും വേട്ടയാടുകയായിരുന്നല്ലോ.

ഭക്ഷണത്തെയും വസ്​ത്രത്തെയും പ്രശ്നവൽക്കരിച്ച് തീവ്രഹിന്ദുത്വ നിലപാടുകളിൽ നിന്നും സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷപ്രചാരണത്തിന്റെ ഭാഗമാണ് കർണാടകയിലെ ഹിജാബ് നിരോധനം.
ഭക്ഷണത്തെയും വസ്​ത്രത്തെയും പ്രശ്നവൽക്കരിച്ച് തീവ്രഹിന്ദുത്വ നിലപാടുകളിൽ നിന്നും സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷപ്രചാരണത്തിന്റെ ഭാഗമാണ് കർണാടകയിലെ ഹിജാബ് നിരോധനം.

അതുകൊണ്ടാണ് കമ്യൂണിസ്റ്റ് ഇൻ്റർനാഷണലിന്റെ ഏഴാം കോൺഗ്രസിൽ ഫാഷിസത്തിന്റെ രാഷ്ട്രീയസമ്പദ്ശാസ്​ത്ര അടിസ്​ഥാനങ്ങളെ വിശകലനം ചെയ്ത് സഖാവ് ദിമിത്രോവ് നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽ ഫാഷിസത്തിന്റെ സാംസ്​കാരിക സ്വാധീനത്തിലേക്ക് വിരൽചൂണ്ടിക്കൊണ്ട് പറഞ്ഞത്; ഫാഷിസത്തിന്റെ കോൺസെൻട്രേഷൻ ക്യാമ്പുകളേക്കാൾ കമ്യൂണിസ്റ്റുകാരും ജനാധിപത്യവാദികളും ഭയപ്പെടുന്നത് അതിന്റെ ജനസ്വാധീനത്തെയാണെന്നാണ്. ഫാഷിസത്തിന്റെ രാഷ്ട്രീയ സംസ്​കാരത്തെയും മനഃശ്ശാസ്​ത്രപരമായ തലങ്ങളെയും വിശകലനം ചെയ്തുകൊണ്ട് വില്യം റീഹ് മനുഷ്യമനസ്സുകളിൽ അപരത്വബോധവും അന്യവംശവിരോധവും ഫാഷിസ്റ്റുകൾ വളർത്തിയെടുക്കുന്നതെങ്ങനെയാണെന്ന് നിരീക്ഷിക്കുന്നുണ്ട്. ‘ഫാഷിസത്തിന്റെ ആൾക്കൂട്ട മനഃശ്ശാസ്​ത്രം’ എന്ന അദ്ദേഹത്തിന്റെ കൃതി മനുഷ്യബന്ധങ്ങളുടെയും കുടുംബം ഉൾപ്പെടെയുള്ള സ്​ഥാപനങ്ങളുടേതുമായ സൂക്ഷ്മവ്യവഹാര മണ്ഡലങ്ങളെ ഉപയോഗിച്ച് ഫാഷിസ്റ്റുകൾ സ്വാധീനം ഉറപ്പിക്കുന്നത് എങ്ങനെയാണെന്നാണ് വിശകലനവിധേയമാക്കുന്നത്.

ഫാഷിസത്തിന്റെ സംസ്​കാരത്തിന് ഒരു ജനത വിധേയപ്പെടുന്നത് എങ്ങനെയാണെന്നാണ് റീഹ് മനഃശ്ശാസ്​ത്രപരമായി അപഗ്രഥനം ചെയ്യുന്നത്. അതേപോലെ ജർമ്മനിയിലെ കമ്യൂണിസ്റ്റ്ചിന്തകനായ ആർതർ റോസൻബർഗ് ‘ഫാഷിസം ഒരാൾക്കൂട്ടപ്രസ്​ഥാനം’ എന്ന തന്റെ കൃതിയിൽ ലിബറൽ ജനാധിപത്യമൂല്യങ്ങൾ പോലും ഉപേക്ഷിച്ച് മധ്യവർഗങ്ങളും ഇടത്തരം ബൂർഷ്വാകളും എങ്ങനെയാണ് ഫാസിസത്തിെൻ്റ ആൾക്കൂട്ട രാഷ്ട്രീയത്തിന്റെ വാഹകരായി അധഃപതിക്കുന്നതെന്ന് നിരീക്ഷിക്കുന്നുണ്ട്.

ഫാഷിസത്തിന്റെ രാഷ്ട്രീയ സംസ്​കാരത്തെക്കുറിച്ചുള്ള പഠനങ്ങളെല്ലാം പ്രചാരണത്തെയും പ്രത്യയശാസ്​ത്രവൽക്കരണത്തെയും സംബന്ധിച്ച അപഗ്രഥനങ്ങൾ കൂടിയാണ്. ജനാധിപത്യവിരുദ്ധമായി മനുഷ്യമനസ്സുകളെ, പൊതുബോധത്തെ പാട്ടിലാക്കുന്ന പ്രചാരണതന്ത്രമാണ് ഫാഷിസ്റ്റുകളുടേത്. ഹിറ്റ്​ലറുടെ പ്രചാരകമന്ത്രിയായിരുന്ന ഗീബൽസ്​, നുണകൾ ആവർത്തിച്ച് സത്യമാക്കാമെന്ന് പരീക്ഷിച്ച് തെളിയിച്ച ഇരുപതാം നൂറ്റാണ്ടിലെ നുണയൻ സമൂഹത്തിന്റെ പിതാവാണ്. നുണകൾ പറയുമ്പോൾ വലിയ നുണകൾ പറയണമെന്നാണ് നാസി പത്രാധിപന്മാരെയും പബ്ലിക്റിലേഷൻസ്​ ഉദ്യോഗസ്​ഥന്മാരെയും ഗീബൽസ്​ എപ്പോഴും ഉപദേശിച്ചിരുന്നത്. കമ്യൂണിസ്റ്റുകാരെയും ജൂതന്മാരെയും കുറിച്ചുള്ള വലിയ നുണകൾ ജനങ്ങൾ വിശ്വസിക്കുമോ എന്ന് ആശങ്ക പ്രകടിപ്പിച്ച പത്രാധിപന്മാരോട് ഗീബൽസ്​ പറഞ്ഞത്; നുണകൾ ആവർത്തിച്ച് ജൂതന്മാരെയും കമ്യൂണിസ്റ്റുകാരെയും സംശയനിഴലിലാക്കാമെന്നാണ്. തീയില്ലാതെ പുകയുണ്ടാവില്ലെന്ന ലളിതയുക്തിയുണർത്തി ജനങ്ങളെ നുണകൾ വിശ്വസിക്കുന്നവരാക്കാം എന്നാണ് ഗീബൽസ്​ തെളിയിച്ചത്. നുണയൻ സമൂഹത്തിന്റെ പ്രത്യയശാസ്​ത്രമാണ് ഗീബൽസിന്റെ പ്രചാരണസിദ്ധാന്തം എന്നുവേണമെങ്കിൽ പറയാം.

Comments