Photo: Muhammad Fasil

സി.പി.എമ്മിലും പുറത്തും
ആത്മവിമർശനപരമായ സംവാദങ്ങൾ
വളർത്തിയെടുക്കണം

തെറ്റായ പ്രവണതകളും പ്രവർത്തനശൈലിയും തിരുത്തുക എന്നതിന്റെ അർഥം, അത്തരം പ്രവണതകളുടെ അടിയിൽ പ്രവർത്തിക്കുന്ന സൈദ്ധാന്തികവും രാഷ്ട്രീയവുമായ തെറ്റുകളെ മാറ്റിയെടുക്കുക എന്നു കൂടിയാണ്. അതിനാവശ്യമായ സൈദ്ധാന്തിക സന്നദ്ധതയും ആത്മവിമർശനപരമായ സംവാദങ്ങളും പാർട്ടിക്കകത്തും പുറത്തും വളർത്തിയെടുക്കേണ്ടതുണ്ട്- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനും വിശിഷ്യാ, സി.പി.എമ്മിനുമുണ്ടായ തിരിച്ചടികളെ ശരിയായ രീതിയിൽ തന്നെ അവലോകനം ചെയ്ത് മുന്നോട്ടുപോകേണ്ടതുണ്ട്. ആഗോളവൽക്കരണവും സംസ്​കാരികരംഗത്ത് തീവ്രഗതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷവൽക്കരണവും ഇടതുപക്ഷപാർട്ടികളിലും അണികളിലും അപകടകരമായ തോതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇലേക്ട്രാണിക് മാധ്യമങ്ങളും ഇൻ്റർനെറ്റ് സംവിധാനങ്ങളും മനുഷ്യേന്ദ്രിയങ്ങളെയും ബോധത്തെയും സ്വാധീനിക്കുന്ന സാമൂഹ്യമാധ്യമങ്ങളും സൃഷ്ടിക്കുന്ന കടുത്ത അരാഷ്ട്രീയവൽക്കരണവും ജാതിമത പുനരുത്ഥാനവുമെല്ലാം ഇടതുപക്ഷത്തിനുമുന്നിൽ പുതിയ വെല്ലുവിളികളായി ഉയർന്നുനിൽക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഹിന്ദുത്വവാദികളുടെ കടുത്ത വിദ്വേഷപ്രചാരണം ന്യൂനപക്ഷങ്ങളെയെന്നപോലെ കമ്യൂണിസ്റ്റുകളെയും ലക്ഷ്യം വെച്ചുള്ളതാണ്.

നവലിബറലിസവും വർഗീയതയും സൃഷ്ടിക്കുന്ന കടുത്ത വൈയക്തികവൽക്കരണവും അരാഷ്ട്രീയതയും ഇടതുപക്ഷ ബഹുജനപ്രസ്​ഥാനങ്ങളെയും വർഗ സംഘടനകളെയുമെല്ലാം പലതലങ്ങളിൽ ബാധിച്ചുകഴിഞ്ഞിട്ടുണ്ട്. 2009–നുശേഷമുള്ള തുടർച്ചയായ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങളെല്ലാം സി.പി.എമ്മിന്റെ കൽക്കത്താ പ്ലീനം പരിശോധനാവിധേയമാക്കിയിട്ടുണ്ട്. 2019–ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം വിശകലനം ചെയ്ത് സി.പി.എം കേന്ദ്രകമ്മറ്റി കൽക്കത്താ പ്ലീനം തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ വന്ന വീഴ്ചകളെയും സൈദ്ധാന്തികമായ സന്നദ്ധതയില്ലായ്മയെയും വിമർശനവിധേയമാക്കിയിട്ടുണ്ട്.

2019–ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം വിശകലനം ചെയ്ത് സി.പി.എം കേന്ദ്രകമ്മറ്റി കൽക്കത്താ പ്ലീനം തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ വന്ന വീഴ്ചകളെയും സൈദ്ധാന്തികമായ സന്നദ്ധതയില്ലായ്മയെയും വിമർശനവിധേയമാക്കിയിട്ടുണ്ട്.
2019–ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം വിശകലനം ചെയ്ത് സി.പി.എം കേന്ദ്രകമ്മറ്റി കൽക്കത്താ പ്ലീനം തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ വന്ന വീഴ്ചകളെയും സൈദ്ധാന്തികമായ സന്നദ്ധതയില്ലായ്മയെയും വിമർശനവിധേയമാക്കിയിട്ടുണ്ട്.

ഇന്ത്യൻ സാഹചര്യങ്ങളിൽ 1990–കളോടെ സംഭവിച്ച മാറ്റങ്ങളുടെയും ഇന്ത്യൻ ഭരണകൂടത്തി​ന്റെ സാമ്രാജ്യത്വ അനുകൂല നിലപാടുകളുടേതുമായ ഒരു പരിവർത്തനകാലത്ത് എങ്ങനെയാണ് കമ്യൂണിസ്റ്റ് വിപ്ലവപാർട്ടികൾക്ക് അതിന്റെ സാമൂഹ്യവിപ്ലവ കടമകൾ മുന്നോട്ടുകൊണ്ടുപോകാനാവുക എന്നതാണ് അടിസ്​ഥാനപരമായ പ്രശ്നം. അതായത്, ഇന്ത്യൻ ജനതയുടെ വിമോചനത്തെ മുൻനിർത്തി 1920–ൽ രൂപംകൊണ്ട കമ്യൂണിസ്റ്റു പാർട്ടിയുടെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ജനങ്ങൾക്കിടയിലെ വർഗ ശക്തികളുടെ ബലാബലത്തിൽ മാറ്റമുണ്ടാക്കിയെടുക്കുന്നതിനുള്ള മൂർത്തമായ പ്രവർത്തനങ്ങൾ എങ്ങനെ ഏറ്റെടുക്കാമെന്നതാണ് പ്രശ്നം.

ഈയൊരു നിലപാടിൽനിന്ന് പാർലമെൻ്ററി പ്രവർത്തനത്തെയും പാർലമെേൻ്റതര പ്രവർത്തനങ്ങളെയുമെല്ലാം സംബന്ധിച്ച വിചിന്തനങ്ങളും തിരുത്തലുകളും ശരിയായ നിലപാടുകളുടെ വികസിപ്പിക്കലുമാണ് ഇന്ന് ആവശ്യമായിട്ടുള്ളത് എന്നാണ് കൽക്കത്ത പ്ലീനം അസന്ദിഗ്ധമായ ഭാഷയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കർഷകരുടെയും തൊഴിലാളികളുടെയും മറ്റ് സാമൂഹ്യവിഭാഗങ്ങളുടെയും അതിജീവനസമരങ്ങളും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളും എങ്ങനെയാണ് കോർത്തിണക്കിക്കൊണ്ടുപോവുക എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ മുമ്പിലുള്ള പ്രധാന കടമ.

വർഗസമരം ശകതിപ്പെടുത്തുകയെന്നത്, ശക്തമായ ബഹുജനസമരങ്ങളും ജനകീയപോരാട്ടങ്ങളും ഉയർത്തിക്കൊണ്ടുവരികയെന്നതാണ്. ഈയൊരു തിരിച്ചറിവും അതിന് തടസ്സം നിൽക്കുന്ന പ്രവണതകളുടെ തിരുത്തലുമാണ് ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ മുമ്പിലുള്ള അടിയന്തര വെല്ലുവിളി.

കർഷകരുടെയും തൊഴിലാളികളുടെയും മറ്റ് സാമൂഹ്യവിഭാഗങ്ങളുടെയും അതിജീവനസമരങ്ങളും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളും എങ്ങനെയാണ് കോർത്തിണക്കിക്കൊണ്ടുപോവുക എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ മുമ്പിലുള്ള പ്രധാന കടമ.
കർഷകരുടെയും തൊഴിലാളികളുടെയും മറ്റ് സാമൂഹ്യവിഭാഗങ്ങളുടെയും അതിജീവനസമരങ്ങളും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളും എങ്ങനെയാണ് കോർത്തിണക്കിക്കൊണ്ടുപോവുക എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ മുമ്പിലുള്ള പ്രധാന കടമ.

1942 ഫെബ്രുവരി ഒന്നിന് സി.പി.സിയുടെ പാർട്ടി സ്​കൂളിന് തുടക്കം കുറിച്ച് മാവോ സേ തുങ് പറഞ്ഞത് ഇതാണ്: എന്താണ് പാർട്ടി അഭിമുഖീകരിക്കുന്ന പ്രശ്നം? അതിനെക്കുറിച്ച്, അതായത് നമ്മുടെ പാർട്ടിയുടെ പ്രവർത്തനശൈലിയുടേതായ പ്രശ്നങ്ങളെക്കുറിച്ചു പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിലേക്ക് കടക്കുന്നതിനുമുമ്പ് ഒരു വിപ്ലവപാർട്ടിയുണ്ടെങ്കിലേ ചൂഷകമർദ്ദക വാഴ്ചയിൽനിന്ന് ജനങ്ങൾക്ക് രക്ഷയുള്ളൂ എന്ന കാര്യം കമ്യൂണിസ്റ്റുകാർ പ്രാഥമികമായി മനസ്സിലാക്കിയിരിക്കണം. എന്തുകൊണ്ടാണെന്നു ചോദിച്ചാൽ, ലോകത്തിൽ ജനങ്ങളെ മർദ്ദിക്കുന്ന ശത്രുക്കളുണ്ടെന്നതും ജനങ്ങൾക്ക് ശത്രു മർദ്ദനത്തെ ഇല്ലാതാക്കേണ്ടതുണ്ടെന്നതുമാണ് കമ്യൂണിസ്റ്റു പാർട്ടിയുടെ സാന്നിധ്യം അനിവാര്യമാക്കുന്നത്.

മുതലാളിത്തത്തി​ന്റെയും സാമ്രാജ്യത്വത്തിന്റെയും കാലഘട്ടത്തിൽ കമ്യൂണിസ്റ്റു പാർട്ടിയെപോലെ തന്നെയുള്ള ഒരു വിപ്ലവപാർട്ടി അനിവാര്യമാകുന്നു. അങ്ങനെ ഒരു പാർട്ടിയില്ലാതെ ശത്രുവർഗങ്ങളുടെ മർദ്ദനം അവസാനിപ്പിക്കുന്നതിന് ജനങ്ങൾക്ക് കഴിയില്ല. അതിന് പ്രാപ്തമായൊരു പാർട്ടി, കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ അടിയുറച്ചൊരു പാർട്ടി, ഉപ്പു തൊട്ട് കർപ്പൂരം വരെ സമസ്​ത ആവശ്യങ്ങളിലും ഇടപെടുന്ന ഒരു പാർട്ടി, ജനങ്ങളെ മുന്നിൽ നിന്ന് നയിക്കുന്നൊരു പാർട്ടി- അതാണ് കമ്യൂണിസ്റ്റ് പാർട്ടി. ജനങ്ങളിൽനിന്ന് പഠിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി. ബഹുജനങ്ങളുമായുള്ള നിരന്തരമായ ബന്ധം പാർട്ടിയുടെ ആശയങ്ങളും പരിപാടികളും ജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്വ നിർവ്വഹണമാണ്.

കൽക്കത്താപ്ലീനവും അതിന്റെ തുടർച്ചയിൽ നടന്ന പാലക്കാട് പ്ലീനവും പാർട്ടി സഖാക്കൾക്ക് അടിത്തട്ടിലുള്ള ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്നും അവരുടെ നിലപാടുകളെന്ത് എന്നും മനസ്സിലാക്കാൻ കഴിയാതെ പോകുന്നത് നിരന്തരമായ ബഹുജനബന്ധത്തിന്റെ അഭാവം മൂലമാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. പലപ്പോഴും ബൂത്തുകളിൽ നിന്ന് പാർട്ടി സഖാക്കൾ നൽകുന്ന വോട്ടിന്റെ കണക്കുകൾ തെറ്റിപ്പോകുന്നതും കമ്യൂണിസ്റ്റുകാർക്കുണ്ടാകേണ്ട ജീവത്തായ ബഹുജനബന്ധത്തിന്റെ അഭാവത്തെക്കൂടിയാണ് കാണിക്കുന്നത്. ബഹുജനങ്ങളെ അണിനിരത്തുകയും നയിക്കുകയും അവരുടെ പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും സംഘാടകനായി പ്രവർത്തിക്കുകയും ചെയ്യുന്ന പാർട്ടി അവരുടെ ദൈനംദിന ജീവിതപ്രശ്നങ്ങളുടെ പരിഹാരത്തിനുവേണ്ടിക്കൂടി ഇടപെടൽ നടത്തേണ്ടതുണ്ട്. അങ്ങനെയൊരു പാർട്ടിയായി കമ്യൂണിസ്റ്റ് പാർട്ടി സ്വയം മാറുകയെന്നതാണ് ചരിത്രം സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികളോട് ആവശ്യപ്പെടുന്നത്.

പാർട്ടിക്കാവശ്യം നല്ല സൈദ്ധാന്തിക ബോധവും പ്രതിബദ്ധതയുമുള്ള അണികളെയാണെന്ന് മാവോ സേ തുങ് ഊന്നി പറയുന്നു.
പാർട്ടിക്കാവശ്യം നല്ല സൈദ്ധാന്തിക ബോധവും പ്രതിബദ്ധതയുമുള്ള അണികളെയാണെന്ന് മാവോ സേ തുങ് ഊന്നി പറയുന്നു.

അങ്ങനെയൊരു പാർട്ടിക്കാവശ്യം നല്ല സൈദ്ധാന്തിക ബോധവും പ്രതിബദ്ധതയുമുള്ള അണികളെയാണെന്ന് മാവോ ഊന്നിപറയുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രീകരണമെന്നത് ശരിയായ ആശയങ്ങളുടെയും നിലപാടുകളുടെയും കേന്ദ്രീകരണമാണെന്ന് ലെനിൻ കൃത്യമായിതന്നെ വിശദീകരിച്ചിട്ടുണ്ട്. ആശയങ്ങളുടെ കേന്ദ്രീകരണവും അത് നൽകുന്ന സമരോത്സുകതയും നഷ്ടപ്പെട്ട സംഘടനാസംവിധാനങ്ങൾ ഉദ്യോഗസ്​ഥമേധാവിത്വപരമായി അധഃപതിക്കുമെന്നുള്ളത് ലോക കമ്യൂണിസ്റ്റ് പ്രസ്​ഥാനത്തിന്റെ ചരിത്രാനുഭവവുമാണ്. അതുകൊണ്ട് പാർട്ടിയെ ശരിയായ ആശയങ്ങളുടെ അടിത്തറയിൽ കെട്ടിപ്പടുക്കുന്നതിനും സമരോത്സുകമാക്കുന്നതിനും തടസ്സം നിൽക്കുന്ന എല്ലാവിധ ആത്മനിഷ്ഠവാദങ്ങളെയും വിഭാഗീയതയെയും ഇല്ലാതാക്കുകയെന്നത് പ്രധാനമാണ്. ജനശത്രുക്കളെ നേരിടുകയെന്ന കടമ നിറവേറ്റുന്നതിന് പാർട്ടിക്കുള്ളിലെ തെറ്റായ ശൈലിയെ തിരുത്തുകയും ശരിയായ പാർട്ടി വിദ്യാഭ്യാസം നേടുകയെന്നതും പരമപ്രധാനമാണ്. അക്കാര്യങ്ങളിലേക്ക് പോകുന്നതിനുമുമ്പ് 18–ാം ലോക്സഭാ തെരഞ്ഞെടുപ്പിനെയും ഇടതുപക്ഷ സമീപനങ്ങളെയും സാമാന്യമായൊന്ന് സൂചിപ്പിച്ചുപോകാം.

തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെന്ന ഏകാധിപതിയെ ദുർബ്ബലനാക്കാനും ആർ.എസ്​.എസ് ആഗ്രഹിച്ചതുപോലെ 400 സീറ്റു നേടി ഭരണഘടന ഭേദഗതി ചെയ്ത് ഇന്ത്യയെ മതരാഷ്ട്രമാക്കാനുമുള്ള നീക്കങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞു എന്നതും മതനിരപേക്ഷ ജനാധിപത്യശകതികളെ സംബന്ധിച്ച് അഭിമാനകരമാണ്. ബി.ജെ.പി മുന്നോട്ടുവെച്ച മതരാഷ്ട്രവാദത്തെ പ്രതിരോധിക്കുന്നതിൽ നിർണായക ഇടപെടലുകൾ തുടർച്ചയായി നടത്തിയത് ഇടതുപക്ഷമാണെന്ന കാര്യം അനിഷേധ്യമാണ്. കോർപ്പറേറ്റ് വർഗീയ അജണ്ടയുടെ ഇരകളായി തകരുന്ന കർഷകരുടെയും സാധാരണ ജനങ്ങളുടെയും ജീവിതപ്രശ്നങ്ങളെ ഉയർത്തി വൻ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവന്നത് ഇടതുപക്ഷമാണ്. മോദി സർക്കാരിനെ മുട്ടുകുത്തിച്ച കർഷകപ്രക്ഷോഭങ്ങൾക്ക് ആരംഭമിട്ടത് 2018–ൽ മഹാരാഷ്ട്രയിൽ നടന്ന കിസാൻസഭയുടെ നേതൃത്വത്തിലുള്ള ലോംഗ് മാർച്ച് ആയിരുന്നു.

ഇന്ത്യൻ ഇടതുപക്ഷത്തിന്റെ നേതൃത്വമായി വർത്തിക്കുന്നത് സി.പി.എം ആണ്. കോൺഗ്രസ് ബി.ജെ.പിയുടെ കോർപ്പറേറ്റ് വർഗീയ അജണ്ടയെ പ്രതിരോധിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറുകയും അവരുടെ മുഖ്യമന്ത്രിമാരും പി.സി.സി പ്രസിഡണ്ടുമാരും എം.പിമാരും എം.എൽ.എമാരുമെല്ലാം ബി.ജെ.പിയിലേക്ക് ചേക്കേറുന്ന സാഹചര്യവുമായിരുന്നു ഉണ്ടായിരുന്നത്. ഈയൊരു സാഹചര്യത്തെ ശരിയായി വിശകലനം ചെയ്ത സി.പി.എം 23–ാം പാർട്ടികോൺഗ്രസ് കേരളത്തിലാണ് നടന്നത്. ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് അവരെ അധികാരത്തിൽ നിന്ന് പുറന്തള്ളാനുള്ള രാഷ്ട്രീയ ലൈനിനാണ് ആ കോൺഗ്രസ് രൂപം നൽകിയത്. 2014–ലും 2019–ലും ബി.ജെ.പിക്ക് അധികാരത്തിലേറാൻ കഴിഞ്ഞത് മതനിരപേക്ഷ വോട്ടുകളുടെ ശിഥിലീകരണം മൂലമാണെന്ന് പാർട്ടി കോൺഗ്രസ് വിലയിരുത്തി.

മോദി സർക്കാരിനെ മുട്ടുകുത്തിച്ച കർഷകപ്രക്ഷോഭങ്ങൾക്ക് ആരംഭമിട്ടത് 2018–ൽ മഹാരാഷ്ട്രയിൽ നടന്ന കിസാൻസഭയുടെ നേതൃത്വത്തിലുള്ള ലോംഗ് മാർച്ച് ആയിരുന്നു.
മോദി സർക്കാരിനെ മുട്ടുകുത്തിച്ച കർഷകപ്രക്ഷോഭങ്ങൾക്ക് ആരംഭമിട്ടത് 2018–ൽ മഹാരാഷ്ട്രയിൽ നടന്ന കിസാൻസഭയുടെ നേതൃത്വത്തിലുള്ള ലോംഗ് മാർച്ച് ആയിരുന്നു.

2014–ൽ 33 വോട്ടു നേടിക്കൊണ്ടാണ് മോദി സർക്കാർ രൂപീകരിക്കുന്നത്. അപ്പോൾ ഇന്ത്യയിലെ 67 ശതമാനം വോട്ടർമാർ മോദിയെ പിന്തുണച്ചിരുന്നില്ലെന്ന കാര്യം മതനിരപേക്ഷശക്തികളെ ഏകോപിപ്പിക്കുന്നതിൽ പ്രതിപക്ഷത്തിന് സംഭവിച്ച വീഴ്ചയായിരുന്നു. 2019–ൽ മോദിക്ക് വീണ്ടും അധികാരം ലഭിച്ചത് പുൽവാമ സംഭവത്തെത്തുടർന്നുണ്ടായ തീവ്ര ദേശീയവികാരം ഉപയോഗപ്പെടുത്തിയായിരുന്നു. അപ്പോഴും ബി.ജെ.പിക്ക് 37 ശതമാനം വോട്ടു മാത്രമെ ലഭിച്ചിരുന്നുള്ളൂ. 63 ശതമാനത്തോളം വോട്ടർമാർ ബി.ജെ.പിയെ പിന്തുണച്ചിരുന്നില്ല. 23–ാം പാർട്ടി കോൺഗ്രസ് ഈ ബി.ജെ.പി വിരുദ്ധ വോട്ടുകളെ രാജ്യത്തിന്റെ സമൂർത്ത സാഹചര്യങ്ങൾക്കനുസൃതമായി ഏകോപിപ്പിക്കുന്നതിനാവശ്യമായ രാഷ്ട്രീയ ലൈനിനെക്കുറിച്ചുള്ള നിലപാടാണ് മുന്നോട്ടുവെച്ചത്.

അതിനായി ഓരോ സംസ്​ഥാനത്തെയും ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കാൻ കഴിയുന്ന തരത്തിൽ പ്രതിപക്ഷപാർട്ടികളുടെ കൂട്ടായ്മ രൂപപ്പെടുത്തണമെന്ന് കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം നിർദ്ദേശിച്ചു. ഇത്തരം കൂട്ടായ്മകൾ രൂപപ്പെടുത്തുന്നതിന് സഹായകരമായ രീതിയിൽ സംഘപരിവാറിന്റെ മതരാഷ്ട്രവാദത്തിനെതിരെ ജനാധിപത്യ ശക്തികളെയും ഗ്രൂപ്പുകളെയും സഹകരിപ്പിച്ച് പാർലമെൻ്റിനകത്തും പുറത്തും സമരങ്ങൾ വളർത്തിയെടുക്കണമെന്നും രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്തു. ഓരോ സംസ്​ഥാനത്തും ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുന്ന തരത്തിൽ വോട്ടുകൾ സമാഹരിക്കാൻ സാഹചര്യങ്ങൾക്കനുസൃതമായ ഇടപെടലാണ് സി.പി.എം നടത്തിയത്.

അതിന് സഹായകരമാകുംവിധം വർഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള പ്രക്ഷോഭങ്ങളും വികസിപ്പിച്ചെടുക്കാനുമാണ് പാർട്ടി ശ്രദ്ധിച്ചത്. ഈയൊരു രാഷ്ട്രീയ സമീപനം ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾക്കുപുറത്ത് സമാജ് വാദി പാർട്ടി, ആർ.ജെ.ഡി, ഡി.എം.കെ, ആം ആദ്മി തുടങ്ങിയ പ്രതിപക്ഷപാർട്ടികളിൽ എത്തിക്കാനും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികളെ ചേർത്തുകൊണ്ടുള്ള ഒരു ബി.ജെ.പി വിരുദ്ധ കൂട്ടായ്മ രൂപപ്പെടുത്തുന്നതിലും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിർണ്ണായകമായ പങ്കാണ് വഹിച്ചത്.

മാത്രമല്ല, ഇലക്ടറൽ ബോണ്ട് കേസിലൂടെ സി.പി.എം നടത്തിയ ഇടപെടൽ മോദി സർക്കാരിന്റെ അഴിമതിക്കെതിരായ ശക്തമായ പ്രതിരോധമായിരുന്നു. ഇലക്ടറൽ ബോണ്ടുകളിലൂടെ സമാഹരിച്ച ആയിരക്കണക്കിന് കോടി കോഴപ്പണം ഉപയോഗിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ബഹുജനങ്ങൾക്കിടയിൽ ചർച്ചയാക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞു. ഇലക്ടറൽ ബോണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരി ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയുടെ മുകളിലാണ് സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് റദ്ദാക്കിയതും തുടർന്ന് ഇലക്ടറൽ ബോണ്ടുവഴി നടന്ന അഴിമതികൾ ഓരോന്നായി ജനങ്ങളുടെ മുന്നിലെത്തിയതും. ഇന്ത്യയിലെ കോർപ്പറേറ്റ് മൂലധനശകതികളും ഭരണവർഗപാർട്ടികളും തമ്മിലുള്ള പണമിടപാടിന്റെ രഹസ്യ സംവിധാനമെന്ന നിലക്കാണ് മോദി സർക്കാർ ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നത്. ഇതിനെയെല്ലാം തുറന്നുകാണിക്കുന്നതിൽ നിർണ്ണായക ഇടപെടൽ നടത്തിയത് സി.പി.എമ്മും ഇടതുപക്ഷ പാർട്ടികളുമാണ്.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ബാബ്റി മസ്​ജിദ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസ് ഹിന്ദുത്വവാദികളുമായി അനുരഞ്ജനപ്പെട്ടപ്പോൾ വിട്ടുവീഴ്ചയില്ലാതെ വർഗീയ അജണ്ടയെ എതിർത്തത് ഇടതുപക്ഷപാർട്ടികളും സമാജ് വാദി പാർട്ടിയെയും ആർ.ജെ.ഡിയെയും പോലുള്ള പ്രാദേശിക മതനിരപേക്ഷ കക്ഷികളുമായിരുന്നു. അതേപോലെ മോദി സർക്കാരിന്റെ സ്ത്രീവിരുദ്ധതക്കും ന്യൂനപക്ഷ വേട്ടയ്ക്കുമെതിരെ എല്ലാ തലങ്ങളിലും പോരാട്ടം നടത്തിയത് ഇടതുപക്ഷ പാർട്ടികളായിരുന്നു ബിൽക്കിസ് ബാനു കൂട്ടബലാത്സംഗകേസിലെ കുറ്റവാളികളെ ജയിൽമോചിതരാക്കിയപ്പോൾ നിയമപോരാട്ടമേറ്റെടുത്തതും സി.പി.എം പി.ബി അംഗം സുഭാഷിണി അലിയായിരുന്നു. സുഭാഷിണി അലിയുടെ വാദം കേട്ടാണ് കോടതി കുറ്റവാളികളെ ജയിലിലേക്കുതന്നെ തിരിച്ചയച്ചത്.

ഹാഥ്റസ്- ഉന്നാവോ- ക്വത്വ സംഭവങ്ങളുയർത്തി മോദി സർക്കാരിന്റെ ക്രൂരമായ സ്​ത്രീവേട്ടക്കെതിരെ പ്രതിഷേധമുയർത്തിയതും ഇടതുപക്ഷ മഹിളാസംഘടനകളും സ്വതന്ത്ര മഹിളാസംഘടനകളുമായിരുന്നു. കോൺഗ്രസ് ഇത്തരം സമരങ്ങൾ ഏറ്റെടുക്കാൻ മടിച്ചുനിൽക്കുന്നതാണ് കണ്ടത്. ഫെഡറലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നിവയെ തകർക്കുന്ന മോദി സർക്കാറിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ബഹുജന അഭിപ്രായം രൂപീകരിക്കുന്നതിൽ സി.പി.എമ്മും കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാരും ശക്തമായ ഇടപെടലുകളാണ് നടത്തിയത്. കേരള സർക്കാർ ബി.ജെ.പി അടിച്ചേൽപ്പിക്കുന്ന നവലിബറൽ നയങ്ങൾക്കെതിരെ ബദൽ വികസനം മുന്നോട്ടുവെച്ച് രാജ്യത്തിനാകമാനം മാതൃകയായി.

18–ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമായിരുന്ന സി.പി.എമ്മും ഇടതുപക്ഷപാർട്ടികളും കേരളത്തിൽ ഇന്ത്യ ബ്ലോക്കിനെ നയിക്കുന്ന കോൺഗ്രസ് മുന്നണിയുമായി നേരിട്ട് മത്സരിക്കുന്നതിന്റെ വൈരുദ്ധ്യം കേരളത്തിലെ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കാം. 2019–ലെന്നപോലെ കോൺഗ്രസിന് കേരളത്തിലെ ഭൂരിപക്ഷം സീറ്റുകളിലും ജയിച്ചുകയറാൻ കഴിഞ്ഞതും ഈയൊരു സാഹചര്യത്തിന്റെ ആനുകൂല്യം കൊണ്ടാവാം.

അതോടൊപ്പം തിരിച്ചടികൾക്ക് കാരണമായ നിരവധി വിഷയങ്ങളുണ്ടാകാം. കേരള സർക്കാറിന്റെ പ്രവർത്തനങ്ങളെ പ്രചണ്ഡമായ രീതിയിൽ ആക്രമിച്ച മാധ്യമങ്ങളും പ്രതിപക്ഷങ്ങളും ഉണ്ടാക്കിയെടുത്ത സർക്കാർ വിരുദ്ധ വികാരവും യു.ഡി.എഫിന് ഗുണകരമായിത്തീർന്നിരിക്കാം. ഇക്കാര്യങ്ങളെല്ലാം സൂക്ഷ്മതലത്തിൽ പരിശോധിച്ച് തിരുത്തുകയെന്നതാണ് ഇടതുപക്ഷത്തിന്റെ വർത്തമാനത്തെയും ഭാവിയെയും സംബന്ധിച്ച ആലോചനകളിൽ അടിയന്തര പ്രധാനമായിരിക്കുന്നത്.

ഹാഥ്റസ്- ഉന്നാവോ- ക്വത്വ സംഭവങ്ങളുയർത്തി മോദി സർക്കാരിന്റെ ക്രൂരമായ സ്​ത്രീവേട്ടക്കെതിരെ പ്രതിഷേധമുയർത്തിയതും ഇടതുപക്ഷ മഹിളാസംഘടനകളും സ്വതന്ത്ര മഹിളാസംഘടനകളുമായിരുന്നു.
ഹാഥ്റസ്- ഉന്നാവോ- ക്വത്വ സംഭവങ്ങളുയർത്തി മോദി സർക്കാരിന്റെ ക്രൂരമായ സ്​ത്രീവേട്ടക്കെതിരെ പ്രതിഷേധമുയർത്തിയതും ഇടതുപക്ഷ മഹിളാസംഘടനകളും സ്വതന്ത്ര മഹിളാസംഘടനകളുമായിരുന്നു.

തെറ്റായ പ്രവണതകളും പ്രവർത്തനശൈലിയും തിരുത്തുക എന്നതിന്റെ അർഥം, അത്തരം പ്രവണതകളുടെ അടിയിൽ പ്രവർത്തിക്കുന്ന സൈദ്ധാന്തികവും രാഷ്ട്രീയവുമായ തെറ്റുകളെ മാറ്റിയെടുക്കുക എന്നു കൂടിയാണ്. അതിനാവശ്യമായ സൈദ്ധാന്തിക സന്നദ്ധതയും ആത്മവിമർശനപരമായ സംവാദങ്ങളും പാർട്ടിക്കകത്തും പുറത്തും വളർത്തിയെടുക്കേണ്ടതുണ്ട്. മാവോ പറഞ്ഞതുപോലെ പാർട്ടിയെ പിടിച്ചുകുലുക്കുന്ന ചീത്ത കാറ്റുകളെ തുടച്ചുനീക്കുകയെന്നത് ആകാശം മുഴുവനായും തൂത്തടിച്ചുവീശുന്ന ശീതക്കാറ്റുകളെ പ്രതിരോധിക്കുന്നതിന്റെ മുന്നുപാധിയാണ്.

Comments