ക്രിസ്തുമസ് ആഘോഷങ്ങൾക്കുനേരെ രാജ്യമെമ്പാടും സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ കേരളത്തിലും വ്യാപിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ സൂചനയാണ് ആലപ്പുഴയിലും പാലക്കാടുമെല്ലാം കഴിഞ്ഞദിവസങ്ങളിൽ നടന്ന സംഭവങ്ങൾ.
മനുഷ്യരുടെ മതാതീമായ ആഘോഷഭാവനകളെപോലും ഭയപ്പെടുകയാണ് സംഘപരിവാർ സംഘങ്ങൾ. അതുകൊണ്ടാണവർ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായ പുൽക്കൂടും കരോളുമെല്ലാം തകർക്കാനുള്ള ആക്രമണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. അസഹിഷ്ണുതയുടെയും അപരമതവിദ്വേഷത്തിന്റെയും രാഷ്ട്രീയ സംസ്‌കാരത്തെ പ്രതിരോധിക്കുന്ന കേരളീയ സമൂഹമനസ്സുകളിലേക്ക് അക്രമോത്സുകതയുടെ സംസ്‌കാരത്തെ പടർത്താനുള്ള നീക്കമാണ് സംഘപരിവാർ ഇത്തരം ഹീനകൃത്യങ്ങളിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്.
ക്രിസ്തുമസും പെരുന്നാളും പ്രണയദിനവുമെല്ലാം ദേശീയ സംസ്‌കാരത്തിന് യോജിച്ച ആഘോഷങ്ങളല്ലെന്നും അവയെല്ലാം പാശ്ചാത്യമാണെന്നും ആക്ഷേപിച്ചാണ് സംഘപരിവാർ സംഘടനകൾ അക്രമണങ്ങൾ അഴിച്ചുവിടുന്നത്.
കഴിഞ്ഞ കുറേക്കാലമായി ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് രാജ്യവ്യാപകമായി സംഘപരിവാർ സംഘടനകൾ അഴിഞ്ഞാടുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലീസിന്റെ കൂടി സഹായത്തോടെയാണ് ക്രിസ്തുമസ് ആഘോഷങ്ങളെ മതപരിവർത്തനത്തിനുള്ള നീക്കമായി ആരോപിച്ച് സംഘപരിവാർ സംഘടനകൾ തടയുന്നത്.
കഴിഞ്ഞദിവസം ആലപ്പുഴയിലെ മുതുകുളത്ത് ക്രിസ്തുമസ് സന്ദേശം നൽകാനെത്തിയ സംഘത്തെ ആർ.എസ്.എസ് നേതാവിന്റെ നേതൃത്വത്തിൽ വിരട്ടിയോടിക്കുകയായിരുന്നു. ഹരിപ്പാട് മുതുകുളം വെട്ടത്ത്മുക്ക് ജംഗ്ഷനിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ഈ സംഭവമുണ്ടായത്. ആർ.എസ്.എസ് കാർത്തികപള്ളി താലൂക്ക് കാര്യവാഹക് രതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ക്രിസ്തുമസ് സന്ദേശം നൽകിയ സംഘത്തെ ഭീഷണിപ്പെടുത്തി ഓടിച്ചത്. അവരുടെ മൈക്ക് പിടിച്ചെടുക്കുകയും അക്രമണ ഭീഷണി മുഴക്കി ഓടിക്കുകയുമായിരുന്നു.
ഇതേ ദിവസം തന്നെയാണ് പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി സ്‌കൂളിലും ക്രിസ്തുമസ് ആഘോഷങ്ങൾക്കുനേരെ ആക്രമണമുണ്ടായത്. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കരോൾ ഗാനങ്ങൾ ആലപിച്ച് കേക്ക് മുറിക്കാൻ ഒരുങ്ങുമ്പോഴാണ് മൂന്ന് പേർ അടങ്ങുന്ന ആർ.എസ്.എസ് അക്രമിസംഘം അസഭ്യവർഷവുമായി സ്‌കൂളിലേക്ക് ഇരച്ചുകയറിയത്. ക്രിസ്തുമസ് ആഘോഷിക്കുവാനും കേക്ക് മുറിക്കുവാനും ആരാണ് സ്‌കൂളിന് അനുവാദം നൽകിയത്? ആഘോഷം നടത്താൻ സർക്കുലറുണ്ടോ എന്നെല്ലാം ആക്രോശിക്കുകയായിരുന്നു സംഘം. വി.എച്ച്.പി ജില്ലാ വൈസ്പ്രസിഡണ്ട് വടക്കുംതറ അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു നല്ലേപ്പിള്ളി ഗവൺമെന്റ് യു.പി സ്‌കൂളിലെ കുട്ടികളുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്കുനേരെ ആക്രമണമുണ്ടായത്.
നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം സംഘപരിവാർ തടഞ്ഞതിനുപിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച ചിറ്റൂരിലെ തത്തമംഗലം ജി.വി.യു.പി സ്‌കൂളിൽ കുട്ടികളൊരുക്കിയ പുൽക്കൂടും തകർത്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സ്‌കൂൾ കോമ്പൗണ്ടിൽ കുട്ടികൾ പുൽക്കൂട് ഒരുക്കി ക്രിസ്തുമസ് ആഘോഷിച്ചത്.
അക്രമികൾക്കെതിരെ പോലീസ് കേസെടുക്കുകയും മതനിരപേക്ഷ ജനാധിപത്യശക്തികളുടെ നേതൃത്വത്തിൽ സാമൂഹ്യജാഗ്രത ഉയർത്തിക്കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. കേരളം പോലെയുള്ള ഒരു സമൂഹവും സർക്കാരും സംഘപരിവാറിന്റെ ന്യൂനപക്ഷവിരുദ്ധമായ ഇത്തരം വർഗീയ ആക്രമണങ്ങളെ ശക്തമായി തന്നെ പ്രതിരോധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. യോഗി ആദിത്യനാഥിന്റെ നാട്ടിൽ നടക്കുന്ന ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള അഴിഞ്ഞാട്ടങ്ങൾ കേരളത്തിലും നടത്താമെന്ന് ഹിന്ദുത്വവാദികൾ കരുതേണ്ട. ശക്തമായ മതനിരപേക്ഷ ജനാധിപത്യ പ്രതിരോധം ഹിന്ദുത്വവാദികളുടെ അസഹിഷ്ണുതക്കും അക്രമോത്സുകതക്കുമെതിരെ ഉയർത്തിക്കൊണ്ടുവരാൻ ജനാധിപത്യവാദികളാകെ ബാധ്യസ്ഥരാണ്.
2014-നു ശേഷം ക്രൈസ്തവർക്കുനേരെയുള്ള ആക്രമണങ്ങൾ വർഷംതോറും കൂടിവരുന്നതായിട്ടാണ് പല ഏജൻസികളുടെയും റിപ്പോർട്ടുകൾ കാണിക്കുന്നത്. യുണൈറ്റഡ് ക്രിസ്ത്യൻഫോറം ഹെൽപ്പ്‌ലൈൻ റിപ്പോർട്ടനുസരിച്ച് 2024 നവംബർ വരെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ 745 ആക്രമണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2014-ൽ ഇത് 127 ആയിരുന്നു. 2019 ആകുമ്പോഴേക്കും ആക്രമണങ്ങൾ 328 ആയി വർദ്ധിച്ചു. 2021-ൽ ആക്രമണങ്ങൾ 505 ആയി. 2021-ൽ 601 ഉം, 2023-ൽ 734 ഉം എന്ന തോതിൽ ആക്രമണങ്ങൾ യൂ.സി.എഫ് ഹെൽപ്പ്‌ലൈൻ റിപ്പോർട്ട് ചെയ്തതായി ആ സംഘടനയുടെ വക്താവ് പറയുന്നു. പല സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കുനേരെ ആക്രമണം നടക്കുമ്പോൾ പോലീസ് നിയമലംഘകരുടെ പക്ഷത്താണെന്നാണ് യു.സി.എഫ് റിപ്പോർട്ട് വിശദീകരിക്കുന്നത്. മണിപ്പൂരിൽ കുക്കി വംശജരായ ക്രൈസ്തവർക്കുനേരെ നടക്കുന്ന കണക്ക് യു.സി.എഫ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
2014-നുശേഷം ദേശീയാധികാരം കയ്യടക്കിയ സംഘപരിവാർ സംഘടനകൾ രാജ്യവ്യാപകമായി ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി അഴിഞ്ഞാടുന്നതാണ് കണ്ടത്. മധ്യപ്രദേശിലെ സത്‌നക്കടുത്ത് ക്രിസ്തുമസ് ആഘോഷിച്ച വിദ്യാർത്ഥികളെയും വൈദികരെയും സംഘപരിവാർ സംഘം ആക്രമിച്ചത് രാജ്യം വിവാദപരമായി ചർച്ചചെയ്യപ്പെട്ടതാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലും സുവിശേഷകർക്കും മിഷിനറി പ്രവർത്തകർക്കുംനേരെ നിരന്തരമായ ആക്രമണങ്ങളാണുണ്ടായത്. മധ്യപ്രദേശിലും യു.പിയിലുമെല്ലാം ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ മതംമാറ്റത്തിനുവേണ്ടിയാണെന്നാരോപിച്ചുകൊണ്ടാണ് കരോൾ സംഘങ്ങെള ആക്രമിക്കുന്നതും അവരുടെ വാഹനങ്ങൾ കത്തിക്കുന്നതും.
സത്‌നയിൽ സംഘർഷസ്ഥലത്തെത്തിയ പോലീസ് ചെയ്തത് ആക്രമണകാരികളായ ആർ.എസ്.എസുകാരെ പിടികൂടുന്നതിനുപകരം കരോൾ സംഘത്തിൽപ്പെട്ടവരെ അറസ്റ്റുചെയ്യുകയാണ് ചെയ്തത്. സത്‌ന സെന്റ് എഫ്രംസ് കോളേജിലെ വിദ്യാർത്ഥികളെയും അധ്യാപകരെയുമാണ് പോലീസ് അറസ്റ്റുചെയ്തത്. അത് അനേ്വഷിക്കാൻ ചെന്ന വൈദികസംഘത്തെയും പോലീസ് കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. മതപരിവർത്തനമാരോപിച്ചാണ് സംഘപരിവാർ സംഘടനകളോട് ചേർന്ന് പോലീസും ക്രിസ്ത്യൻ മതവിശ്വാസികൾക്കുനേരെ ഭീകരത സൃഷ്ടിക്കുന്നത്. സത്‌ന സംഭവം റിപ്പോർട്ടുചെയ്ത ദേശീയ മാധ്യമങ്ങൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളത് കഴിഞ്ഞ 30 വർഷമായി കരോൾ ആഘോഷങ്ങൾ നടക്കുന്ന പ്രദേശമാണിതെന്നാണ്.
ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ ഉത്തർപ്രദേശിലെ സ്‌കൂളുകളിൽ ക്രിസ്തുമസ് ആഘോഷിക്കുന്നതിന് ഹിന്ദുജാഗരൺമഞ്ച് എന്ന സംഘടന വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ക്രിസ്തുമസ് ആഘോഷങ്ങളെല്ലാം മതപരിവർത്തന നീക്കങ്ങളാണെന്ന് ആരോപിച്ച് ആ സംസ്ഥാനത്ത് നിലനിൽക്കുന്ന മതപരിവർത്ത നിരോധനനിയമത്തിന്റെ ബലത്തിലാണ് പോലീസ് സഹായത്തോടുകൂടി സംഘപരിവാർ ഭീകരർ ക്രിസ്തുമസ് ആഘോഷങ്ങൾക്കുനേരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ സ്വന്തം ഉത്തരവാദിത്വത്തിൽ ആഘോഷങ്ങൾ നടത്താമെന്നും എന്നാൽ അതുമൂലം ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും വിദ്യാലയങ്ങൾതന്നെയായിരിക്കും ഉത്തരവാദികൾ എന്നുമാണ് ഹിന്ദുജാഗരൺമഞ്ച് നേതാക്കൾ ഭീഷണിമുഴക്കിക്കൊണ്ടിരിക്കുന്നത്.
യു.പിയിലെ ഹിന്ദുജാഗരൺമഞ്ചിന്റെ നേതാവ് സോനുസവിത പറയുന്നത്; മിഷണറി സ്‌കൂളുകളിലായാലും മറ്റ് സ്‌കൂളുകളിലായാലും പഠിക്കുന്ന വിദ്യാർത്ഥികളിൽ അധികവും ഹിന്ദുമതവിശ്വാസികളാണ്. സ്‌കൂളുകളുടെ വരുമാനത്തിലധികവും ഹിന്ദുമതവിശ്വാസികൾ നൽകുന്ന ഫീസാണ്. സ്‌കൂളുകളിലെ ക്രിസ്തുമസ് ആഘോഷം മതപരിവർത്തനത്തിനുള്ള നീക്കമാണന്നാണ്. ഈ രീതിയിലാണ് മതാതീതമായി എല്ലാവരും ലോകമെമ്പാടും ആഘോഷിക്കുന്ന ക്രിസ്തുമസിനെ സംഘപരിവാർ വർഗീയവാദികൾ കാണുന്നത്. ക്രിസ്തുമസിനെതിരായിട്ടു മാത്രമല്ല പുതുവത്സരാഘോഷങ്ങൾക്കുനേരെയും സംഘപരിവാർ രംഗത്തുണ്ട്. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിൽ 2018 ഡിസംബറിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചവരെയും അതിൽ പങ്കെടുത്തവരെയും വി.എച്ച്.പിയുടെയും ബജ്‌റംഗ്ദളിന്റെയും പ്രവർത്തകർ ആക്രമിക്കുകയുണ്ടായി.
യു.പിയിൽ ഹിന്ദുജാഗരൺമഞ്ച് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പുതുവത്സരാഘോഷങ്ങൾ പാടില്ലെന്ന പ്രസ്താവന ഹിന്ദുത്വസംഘടനകൾ നടത്തിയത്. പുതുവത്സരാഘോഷങ്ങൾ ഹിന്ദു സംസ്‌കാരത്തിന് ചേർന്നതല്ലെന്നാണ് സംഘപരിവാറിന്റെ വാദം. ഹൈദരാബാദിലെ ഹിന്ദുധർമ്മപരിഷ്‌കരണ ട്രസ്റ്റ് ക്ഷേത്രങങ്ങളിലോ ക്ഷേത്രപരിസരങ്ങളിലോ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കരുതെന്ന നിർദ്ദേശങ്ങൾ വരെ നൽകുന്ന അവസ്ഥയുണ്ടായി. ലോകമെമ്പാടും ക്രിസ്തുമസ് മതവംശദേശഭാഷാ വ്യത്യാസമില്ലാതെ ആഘോഷിക്കുന്നുണ്ട്. ക്രിസ്ത്യാനികൾ മാത്രമല്ല എല്ലാ മതത്തിലും സംസ്‌കാരത്തിലുംപെട്ടവർ ക്രിസ്തുമസ് ആഘോഷിക്കുന്നു.
ക്രിസ്തുമസ് നക്ഷത്രവും ക്രിസ്തുമസ് ട്രീയുമെല്ലാം മതഭേദമില്ലാതെ ലോകത്തെല്ലായിടത്തുമുള്ള ജനങ്ങൾ ആഘോഷങ്ങളുടെ ഭാഗമായി ഉയർത്താറുണ്ട്. ലോകത്തെല്ലായിടത്തും ക്രിസ്തുമസ് കരോളുകൾ മതാതീതമായ ആഘോഷസന്ദേശമായി നടത്തുന്നു. കേരളത്തിൽ ഈ അടുത്തകാലത്താണ് സംഘപരിവാർ സംഘടനകൾ ക്രിസ്തുമസ് സ്റ്റാറിനുപകരം മകരജ്യോതി വീടുകളിൽ തൂക്കണമെന്നതുപോലുള്ള അസംബന്ധപൂർണമായ പ്രചാരണങ്ങൾ ആരംഭിച്ചത്. ക്രിസ്തുമസ് കരോൾ തിരുപ്പിറവിയുടെ സന്ദേശമാണ് നൽകുന്നത്. ക്രിസ്തുമസ് ആഘോഷങ്ങൾ ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹപരവും ത്യാഗനിർഭരവുമായ ജീവിതവും കുരിശാരോഹണവും മതാതീതമായ മാനവികതയുടെ സന്ദേശങ്ങളുമാണ് പകരുന്നത്.
ക്രിസ്തുമസ് ട്രീയും നക്ഷത്രവും പുൽക്കൂടുമെല്ലാം ക്രിസ്തുവിന്റെ ജനനത്തിന്റെയും ജീവിതത്തിന്റെയും മഹാത്യാഗത്തിന്റെയും ആഘോഷഭാവനകളെയാണ് സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്റെ ജീവതവും മരണവും നൽകുന്നത് മനുഷ്യസ്‌നേഹത്തിന്റെയും ദരിദ്രപക്ഷപാതിത്വത്തിന്റെയും ആശയാദർശങ്ങളാണ്. ദരിദ്രരുടെയും പീഢിതരുടെയും പാർശ്വവൽകൃതരുടെയും ശബ്ദമാണ് ക്രിസ്തുവിന്റെ സുവിശേഷവചനങ്ങളായി മനുഷ്യമനസ്സുകളെ ഉണർത്തിയത്. ക്രിസ്തുവിന്റെ ജന്മദിനാഘോഷങ്ങളും അതിന്റെ ഭാഗമായ കരോളുകളും ക്രിസ്തുമസ് ട്രീയും നക്ഷത്രങ്ങളും പുൽക്കൂടുമെല്ലാം മനുഷ്യനന്മയുടെ പ്രതീകമായ മതേതര ചിഹ്നങ്ങളായിട്ടാണ് ആധുനികമനുഷ്യർ തങ്ങളുടെ മനസ്സിൽ സ്വീകരിച്ചിരുത്തിയിട്ടുള്ളത്.
രാജ്യത്തെ അസഹിഷ്ണുതയുടെയും അക്രമോത്സുകതയുടെയും വഴികളിലൂടെ ഫാസിസത്തിലേക്ക് നയിക്കാനാണ് ഹിന്ദുത്വവാദികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രോഷജനകമായ വസ്തുത ഈ ഹിന്ദുത്വരാഷ്ട്രീയത്തോടൊപ്പം കേരളത്തിലെ ഒരു വിഭാഗം ക്രൈസ്തവ വർഗീയവാദികളുമുണ്ടെന്നതാണ്. ഒരു ചെറു ന്യൂനപക്ഷമാണെങ്കിലും കാസ പോലുള്ള ക്രിസംഘി കൂട്ടങ്ങൾ ക്രിസ്തുമസ് ആഘോഷങ്ങളെപോലും തങ്ങളുടെ വിദേഷപ്രചരണത്തിനുള്ള അവസരമാക്കുന്ന ദുഃഖകരമായ അവസ്ഥയാണുള്ളത്. ക്രിസ്തുമസ് സന്ദേശമായി കാസയുടെ ഫേസ്ബുക്ക് പേജിൽ നൽകിയിരിക്കുന്നത് ഹലാൽ മാംസവും ഹലാൽ കേക്കുകളും ബഹിഷ്‌കരിക്കണമെന്നാണ്. സുവിശേഷ വചനങ്ങളെ തെറ്റായി ഉദ്ധരിച്ചുകൊണ്ട് നിന്നെപോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കണമെന്ന് ഉപദേശിച്ച യേശുവിന്റെ പേരിൽതന്നെ ഈ ക്രിസംഘികൾ വിദ്വേഷപ്രചരണം നടത്തുകയാണ്.
മണിപ്പൂരിലും നേരത്തെ ഒഡീഷയിലും ഇപ്പോൾ രാജ്യവ്യാപകമായി ക്രൈസ്തവർക്കുനേരെ സംഘപരിവാർ സംഘടനകൾ നടത്തുന്ന ഭീകരമായ അഴിഞ്ഞാട്ടങ്ങളുടെ സാഹചര്യത്തിലും കടുത്ത മുസ്ലീംവിരുദ്ധ വിദ്വേഷപ്രചരണത്തിനാണ് ഈ ക്രിസംഘി കൂട്ടങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പ്രമാണങ്ങളെ തെറ്റായി ഉദ്ധരിച്ച് ഇസ്ലാം മതസ്ഥർക്കെതിരായ വിദ്വേഷം പ്രചരിപ്പിക്കുന്നവർ ക്രിസ്തുവിന്റെ മതത്തെയും മാനവികതയെയും സംബന്ധിച്ച് അജ്ഞരും വിദ്വേഷമനസ്‌കരുമാണെന്ന് നാം തിരിച്ചറിയണം. ആർ.എസ്.എസിന്റെ വിചാരധാരയിൽ ഉന്മൂലനം ചെയ്ത് ഇല്ലാതാക്കേണ്ട ആഭ്യന്തരശത്രുക്കളായി ഗോൾവാൾക്കർ നമ്പറിട്ട് പറഞ്ഞിരിക്കുന്നത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണെന്നാണ്. എന്നാൽ ക്രൈസ്തവതയുടെ സ്‌നേഹ സന്ദേശങ്ങളിൽനിന്നകന്ന് വിദ്വേഷത്തിന്റെ കാളകൂടവിഷവുമായി കഴിയുന്ന ക്രിസംഘികൾ ക്രിസ്തുമസ് ആഘോഷവേളയെപോലും മുസ്ലീംവിരുദ്ധ പ്രചരണത്തിനുള്ള അവസരമാക്കുകയാണ്. ഇവർ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നുണ്ടോയെന്ന് ചോദിക്കാനേ നമുക്ക് പറ്റൂ.