കെ.ടി. കുഞ്ഞിക്കണ്ണൻ

സനാതന​ ​കേരളമേ, ‘സ്വാഹാ…’

കേരളത്തിൽ കൂടിവരുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മൂലധന ബന്ധങ്ങളെയും റിവൈവലിസ്റ്റ് രാഷ്ട്രീയത്തെയും വിശകലനം ചെയ്യുന്നു, കെ.ടി. കുഞ്ഞിക്കണ്ണൻ.

ഫാഷിസം മനുഷ്യമനസ്സുകളെ കീഴടക്കുന്നത് യുക്തിബോധത്തിന്റെ തകർക്കലുകളിലൂടെയാണെന്നാണ് ജോർജ്ജ് ലുക്കാച് വിഖ്യാതമായ ഡിസ്​ട്രക്ഷൻ ഓഫ് റീസൺ (The Destruction of Reason, Georg Lukács, 1952) എന്ന കൃതിയിലൂടെ മുന്നോട്ടുവെക്കുന്ന വിമർശനസിദ്ധാന്തം. ദാർശനികമായിതന്നെ എങ്ങനെയാണ് അയുക്തിയെ പുനരുദ്ധാനം ചെയ്തെടുക്കുന്നതെന്നാണ് ഹിറ്റ്​ലറുടെ ജർമ്മനിയുടെ സാമൂഹ്യസാഹചര്യത്തെ വിശകലനം ചെയ്ത് ലുക്കാച് വിശദീകരിക്കുന്നത്. ഈ നിരീക്ഷണം വർത്തമാന ഇന്ത്യയുടെയും കേരളത്തിന്റെയും സാഹചര്യത്തിൽ വളരെ പ്രസക്തമാണെന്നു പറയാം. സാമ്രാജ്യത്വലോകത്ത് അയുക്തികത ഒരു സാർവ്വദേശീയ പ്രതിഭാസമായി വളർത്തിയെടുക്കപ്പെടുന്നുവെന്നാണ് ലുക്കാച് നിരീക്ഷിക്കുന്നത്.

ഇന്ത്യയുടെ ഫാഷിസ്റ്റ് അധികാരവാഴ്ചയുടേതായ ഇന്നത്തെ സാഹചര്യത്തിൽ ജ്ഞാന –സാംസ്​കാരിക വ്യവഹാരങ്ങളുടെ എല്ലാ മണ്ഡലങ്ങളിലും അയുക്തികതയെ വളർത്തിയെടുക്കുകയാണ്. സർവ്വകലാശാലകളിലൂടെയും അക്കാദമിക് സ്​ഥാപനങ്ങളിലൂടെയും എല്ലാ മാനവിക വിഷയങ്ങളിലും യാഥാർത്ഥ്യത്തെക്കുറിച്ച് അറിവ് നേടാനുള്ള യുക്തിയുടെ പ്രാപ്തിയെ വെല്ലുവിളിക്കുന്നതാണ് നിത്യേനയെന്നോണം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. മന്ത്രവാദവും ജ്യോതിഷവും സർവ്വകലാശാലകളിൽ പാഠ്യവിഷയമാക്കുന്നു. പൈതൃക പഠനത്തിന്റെ പേരിൽ പൗരാണിക വേദസംസ്​കൃതിയെ ശാസ്​ത്രവും ചരിത്രവുമെല്ലാമായി പുതിയ തലമുറകളിലേക്ക് അടിച്ചേൽപ്പിക്കുന്നു.

ഫാഷിസം മനുഷ്യമനസ്സുകളെ കീഴടക്കുന്നത് യുക്തിബോധത്തിന്റെ തകർക്കലുകളിലൂടെയാണെന്നാണ് ജോർജ്ജ് ലുക്കാച് വിഖ്യാതമായ ഡിസ്​ട്രക്ഷൻ ഓഫ് റീസൺ എന്ന കൃതിയിൽ പറയുന്നത്.
ഫാഷിസം മനുഷ്യമനസ്സുകളെ കീഴടക്കുന്നത് യുക്തിബോധത്തിന്റെ തകർക്കലുകളിലൂടെയാണെന്നാണ് ജോർജ്ജ് ലുക്കാച് വിഖ്യാതമായ ഡിസ്​ട്രക്ഷൻ ഓഫ് റീസൺ എന്ന കൃതിയിൽ പറയുന്നത്.

സമാധിയും നരബലിയും

ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലുമെന്നപോലെ ഇന്ത്യയിലും കേരളത്തിലും പുനരുത്ഥാന ശക്തികൾ സാംസ്​കാരികവും രാഷ്ട്രീയവുമായ ഹെജിമണി നേടുകയാണ്. നവോത്ഥാനം ചരിത്രത്തിലേക്ക് ആനയിച്ച മാനവികതയുടേതായ എല്ലാറ്റിനെയും തല്ലിതകർക്കുന്ന റിവൈവലിസ്റ്റ് ശകതികൾ പ്രാചീനതയുടെ കൂരിരുട്ടിലേക്ക് നമ്മുടെ സമൂഹത്തെ തള്ളിവിടുകയാണ്. പ്രബുദ്ധമെന്ന് കരുതുന്ന കേരളത്തിലാണ് ഈയിടെ സമാധി വിവാദമുയർന്നുവന്നത്. നെയ്യാറ്റിൻകരയിലെ ഒരു സാധാരണ ചുമട്ടുതൊഴിലാളിയായ ഗോപന്റെ മരണത്തെത്തുടർന്നുണ്ടായ വിവാദത്തിന് പിറകിൽ സംഘപരിവാർ ശകതികളായിരുന്നു. ഗോപൻ സ്വാമിയാണെന്നും സമാധിയായതാണെന്നും സമാധിയായ സ്വാമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്നുമൊക്കെയുള്ള വാദങ്ങൾ ഉയർത്തിക്കൊണ്ടാണ് വിശ്വഹിന്ദുപരിഷത്തുകാർ സംഘർഷം സൃഷ്ടിച്ചത്. സമാധി ഒരാചാരവും സനാതന ധർമത്തിന്റെ ഭാഗവുമാണെന്നൊക്കെ ഹിന്ദുത്വവാദികൾ വിളിച്ചുപറഞ്ഞു.

അതിന് കുറച്ചുമുമ്പാണ് ഇലന്തൂരിൽ ഐശ്വര്യവും സമ്പദ്സമൃദ്ധിയും നേടാനായി നരബലി നടന്നത്. പാറശ്ശാലയിൽ ഷരോൺ എന്ന ചെറുപ്പക്കാരനെ പ്രണയത്തിൽ കുരുക്കി വിഷം കൊടുത്ത് കൊല ചെയ്തതും ജാതകദോഷം പരിഹരിക്കാനായിരുന്നു. ഈ സംഭവങ്ങളെല്ലാം ഭീഷണമായ മാനങ്ങൾ കൈവരിച്ചിരിക്കുന്ന വിശ്വാസാചാരങ്ങളുടെ ദുരന്തപൂർണമായ കേരളീയ അവസ്​ഥയാണ് അനാവരണം ചെയ്യുന്നത്. കേരളം നേടിയ സർവ്വ സാമൂഹ്യപുരോഗതിയെയും പ്രബുദ്ധതയെയും അപഹസിക്കുന്ന രീതിയിലാണ് പല പ്രദേശങ്ങളിൽ നിന്നും ഓരോ ദിവസവും അന്ധവിശ്വാസങ്ങളും അനാചാരണങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത്.

പ്രബുദ്ധമെന്ന് കരുതുന്ന കേരളത്തിലാണ് ഈയിടെ സമാധി വിവാദമുയർന്നുവന്നത്. നെയ്യാറ്റിൻകരയിലെ ഒരു സാധാരണ ചുമട്ടുതൊഴിലാളിയായ ഗോപന്റെ മരണത്തെത്തുടർന്നുണ്ടായ വിവാദത്തിന് പിറകിൽ സംഘപരിവാർ ശകതികളായിരുന്നു.
പ്രബുദ്ധമെന്ന് കരുതുന്ന കേരളത്തിലാണ് ഈയിടെ സമാധി വിവാദമുയർന്നുവന്നത്. നെയ്യാറ്റിൻകരയിലെ ഒരു സാധാരണ ചുമട്ടുതൊഴിലാളിയായ ഗോപന്റെ മരണത്തെത്തുടർന്നുണ്ടായ വിവാദത്തിന് പിറകിൽ സംഘപരിവാർ ശകതികളായിരുന്നു.

ദൈവം, മരണാനന്തര ജീവിതം, ആത്മാവ്, പാപപുണ്യങ്ങൾ, വിധി, സ്വർഗ–നരക സങ്കൽപങ്ങൾ, കർമ്മഫലങ്ങൾ ഇവയെല്ലാം സംബന്ധിച്ച പരമ്പരാഗത ദാർശനിക പ്രബോധനങ്ങൾക്കപ്പുറം ക്രൂരമായ നരഹത്യകളാണ് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ക്രൂരതയെ ജീവിതമൂല്യമാക്കുന്ന വർഗീയ- മതതീവ്രവാദ ആശയങ്ങൾക്കൊപ്പം യുക്തിരഹിതമായ ആചാരങ്ങളുടെയും ഭ്രാന്തമായ ആഭിചാരങ്ങളുടെയും അവസ്​ഥയിലേക്കാണ് നാട് പതിച്ചുകൊണ്ടിരിക്കുന്നത്.

സനാതന പ്രബോധനങ്ങൾ

അങ്ങേയറ്റം സ്​ത്രീ- ദലിത് വിരുദ്ധമായ സനാതന ധർമ്മ പ്രബോധനങ്ങളും കേരളത്തിൽ അടുത്തകാലത്ത് ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിൽ വസ്​ത്രമൂരി പ്രവേശിക്കേണ്ട ആവശ്യമില്ലെന്നും അത് ദൈവശാസ്​ത്രപരമായ വിധിയല്ലെന്നും ശിവഗിരിയിൽ സ്വാമി സച്ചിദാനന്ദ നടത്തിയ പ്രസംഗം ഈ അടുത്ത നാളുകളിലാണ് കേരളം വിവാദപരമായി ചർച്ച ചെയ്തത്. ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നത് വസ്​ത്രമൂരിയാകണമെന്ന ആചാരം സനാതനധർമ്മത്തിന്റെ ഭാഗമാണെന്നാണ് എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി, സച്ചിദാനന്ദ സ്വാമികളുടെ പ്രസ്​താവനകളോട് പ്രതികരിച്ച് പറഞ്ഞത്. ശിവഗിരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സനാതനധർമ്മം ഗുരുദേവ ദർശനത്തിന്റെ ഭാഗമല്ലെന്നും ഷർട്ടൂരി മാത്രമെ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്ന സനാതനധർമ്മത്തെ നാരായണദർശനവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും പ്രസ്​താവിച്ചത് ആർ.എസ്​.എസുകാരെ മാത്രമല്ല കോൺഗ്രസുകാരനായ കേരളത്തിലെ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ പോലും പ്രകോപിപ്പിച്ചു.

കോഴിക്കോട് കാശ്യപവേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച സോമയാഗത്തിൽ ഹിന്ദുത്വവാദികളായ ബാബാ രാംദേവ് തൊട്ടുള്ള വൻകിട കോർപ്പറേറ്റുകളുടെയും വർഗീയ പുനരുത്ഥാന സംഘടനകളുടെയും പങ്കാളിത്തമുണ്ടായിരുന്നു.

ഹിന്ദുത്വം പൊതുബോധമാവുകയും സംസ്​കൃത യാഗവിധികൾ പുനരുജ്ജീവനം നേടുകയും ജാതിവിവേചനങ്ങളുടെയും സ്​ത്രീവിരുദ്ധതയുടേതുമായ ആചാരാനുഷ്ഠാനങ്ങൾ വീണ്ടും തീ​വ്രമായി ആനയിക്കപ്പെടുകയും ചെയ്ത സാഹചര്യമാണ് കേരളത്തിലുമുള്ളതെന്ന കാര്യം പുരോഗമന ജനാധിപത്യശക്തികൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ശബരിമല സ്​ത്രീ പ്രവേശനമുൾപ്പെടെയുള്ള കോടതിവിധികൾ പോലും പ്രശ്നവൽക്കരിക്കപ്പെടുകയും ആർത്തവ ലഹളകൾക്ക് വഴിതുറക്കുകയും ചെയ്ത സാഹചര്യത്തെ ഈ റിവൈവലിസ്റ്റ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് കാണേണ്ടത്. ന്യൂനപക്ഷ മതവിശ്വാസികൾക്കകത്തും സ്​ത്രീവിരുദ്ധവും മൗലികവാദപരവുമായ പൗരോഹിത്യ കൽപനകൾ ഭീഷണമായ മാനങ്ങൾ കൈവരിക്കുന്നുണ്ട്. നവലിബറൽ മൂലധനത്തിന്റെ അധിനിവേശ വാഞ് ചകളിൽ ലോകത്തെല്ലായിടത്തും റിവൈവലിസ്റ്റ് പ്രവണതകളും വംശീയ- വർഗീയ രാഷ്ട്രീയവും ശകതിപ്പെട്ടുവരുന്നുണ്ട്.

ക്ഷേത്രങ്ങളിൽ വസ്​ത്രമൂരി പ്രവേശിക്കേണ്ട ആവശ്യമില്ലെന്നും അത് ദൈവശാസ്​ത്രപരമായ വിധിയല്ലെന്നും ശിവഗിരിയിൽ സ്വാമി സച്ചിദാനന്ദ നടത്തിയ പ്രസംഗം ഈ അടുത്ത നാളുകളിലാണ് കേരളം വിവാദപരമായി ചർച്ച ചെയ്തത്.
ക്ഷേത്രങ്ങളിൽ വസ്​ത്രമൂരി പ്രവേശിക്കേണ്ട ആവശ്യമില്ലെന്നും അത് ദൈവശാസ്​ത്രപരമായ വിധിയല്ലെന്നും ശിവഗിരിയിൽ സ്വാമി സച്ചിദാനന്ദ നടത്തിയ പ്രസംഗം ഈ അടുത്ത നാളുകളിലാണ് കേരളം വിവാദപരമായി ചർച്ച ചെയ്തത്.

നവോത്ഥാന പാരമ്പര്യത്തെയും സാമൂഹ്യ പുരോഗതിയെയും അപഹസിക്കുന്ന രീതിയിൽ യജ്ഞ പുനരുജ്ജീവനം നടക്കുന്നു. ജ്യോതിഷം ഉൾപ്പെടെയുള്ള പ്രവചന- മന്ത്രവാദ വിദ്യകളും ആൾദൈവങ്ങളും വർദ്ധിച്ചുവരുന്നു. ജാതകദോഷവും ശകുനപ്പിഴകളും പരിഹരിക്കാൻ കൊലപാതകങ്ങൾവരെ നടത്തുന്ന ക്രൂരമായ മാനങ്ങളിലേക്ക് വിശ്വാസാചാരങ്ങൾ മാറുന്നുവെന്നാണ് സമകാലീന സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.

നിയോ ലിബറൽ മൂലധന താൽപര്യങ്ങളും സാർവദേശീയതലത്തിൽതന്നെ തീവ്രഗതിയാർജ്ജിച്ച പുനരുജ്ജീവന രാഷ്ട്രീയവും ചേർന്ന് സൃഷ്ടിക്കുന്ന സാഹചര്യമാണ് കേരളത്തിന്റെ പ്രബുദ്ധതയെയും ജനാധിപത്യവൽക്കരണത്തെയും വെല്ലുവിളിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യാപകമാക്കുന്നത്. സങ്കേതികവിദ്യയിലുണ്ടായ പുതിയ വികാസത്തെ ഉപയോഗപ്പെടുത്തി അറിവിനെയും സേവനങ്ങളെയും പൂർണ്ണമായും ചരക്കാക്കി മാറ്റിക്കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് മൂലധനത്തിന്റെ കാലഘട്ടമാണിത്. മനുഷ്യരുടെ വിശ്വാസങ്ങളെയും മതബോധത്തെയും ആചാരങ്ങളെയുമെല്ലാം നിരന്തരമായി പുനരുത്പാദിപ്പിച്ച് മൂലധനാധിപത്യത്തിനെതിരായി ഉയർന്നുവരുന്ന എല്ലാ ജനകീയ മുന്നേറ്റങ്ങളെയും തടസ്സപ്പെടുത്തുകയാണ് നവ മുതലാളിത്ത ശക്തികൾ. മതവംശീയതയിലധിഷ്ഠിതമായ ഫാഷിസ്റ്റ് രാഷ്ട്രീയം ലോകത്തെല്ലായിടത്തും വിശ്വാസങ്ങളെയും ആചാരങ്ങളെയും പുനരുജ്ജീവിപ്പിച്ച് അയുക്തികതയുടേതായ പ്രത്യയശാസ്​ത്രബോധത്തിലേക്ക് ജനസമൂഹങ്ങളെയാകെ തളച്ചിടുകയാണ്.

എല്ലാ പ്രതിലോമ ആശയങ്ങളെയും മതാനുഷ്ഠാനങ്ങളെയും ജീർണ്ണ സാംസ്​കാരിക രൂപങ്ങളെയും മഹത്വവൽക്കരിക്കുന്ന സാമ്രാജ്യത്വത്തിന്റെ ഓറിയൻ്റലിസ്റ്റ് ഗവേഷണകേന്ദ്രങ്ങൾ വിപണിയുടെ താല്പര്യങ്ങളുമായി ചേർത്ത് അവയെ അവതരിപ്പിക്കുന്നു

ഫ്രിസ്റ്റാളിന്റെ യജ്ഞസൂത്രങ്ങൾ

ഈയൊരു പശ്ചാത്തലത്തിൽ വേണം പുനരുത്ഥാന ശ്രമങ്ങളെയും ജ്യോതിഷം ഉൾപ്പെടെയുള്ള ‘കാല്പനിക ശാസ്​ത്ര’ങ്ങളുടെയും യജ്ഞ- യാഗ സംസ്​കാരങ്ങളുടെയും വ്യാപനത്തെ വിശകലന വിധേയമാക്കണ്ടത്. യജഞ പുനരുജ്ജീവന ശ്രമങ്ങളിൽ വ്യാപൃതരായ സംഘങ്ങളുടെ ലക്ഷ്യം സംസ്​കാരത്തിന്റെ പുനരുത്ഥാനമാണ്. ഈ പുനരുത്ഥാനവാദികളും അവരുടെ ആഗോള സൂത്രധാരന്മാരും അവർ അവകാശപ്പെടുന്നതുപോലെ മതത്തോടോ ധർമ്മവ്യവസ്​ഥകളോടോ സാംസ്​കാരിക, വിശ്വാസ മണ്ഡലങ്ങളിലെ സ്വത്വസവിശേഷതകളോടോ പ്രതിബദ്ധരല്ല എന്നതാണ് യാഥാർത്ഥ്യം. അവരുടെ വിശ്വാസ സാംസ്​കാരിക സങ്കല്പങ്ങളുടെ സത്ത മൂലധനത്തോടുള്ള അദമ്യമായ വിശ്വസ്​തതയും വിധേയത്വവുമാണ്.

സംസ്​കൃത പ്രാമാണ്യത്തിന്റെ ഇല്ലാക്കഥകളിൽ അഭിരമിക്കുന്ന ‘കിഴക്കിന്റെ പഠന’ങ്ങളാണ് യജഞപുനരുജ്ജീവനത്തിന് പ്രചോദനമേകിയത്. പ്രാകൃതമായ ‘ഏഷ്യാറ്റിക് സമൂഹത്തി’ന്റെ വിചിത്രരീതികളെ പരീക്ഷിച്ചറിയാനുള്ള ഓറിയൻ്റലിസ്റ്റ് പണ്ഡിതന്മാരുടെ കൗതുകം മാത്രമായി ഇതിനെ ലഘൂകരിച്ചു തള്ളാനുമാവില്ല. കാലിഫോർണിയ സർവ്വകലാശാലയിലെ ഫ്രിസ്റ്റാളും പാർപോളയും 1975- ൽ തുടങ്ങിവെച്ച അതിരാത്രത്തിന്റെ അനുസ്യൂതി നിലനിർത്തുവാൻ അദൃശ്യമായ കേന്ദ്രങ്ങളുടെ രക്ഷാകർതൃത്വത്തിൽ നിരവധി സംഘങ്ങൾ കേരളത്തിൽ ജന്മമെടുത്തിട്ടുണ്ട്. ഡോ. രാജൻ ഗുരുക്കൾ നിരീക്ഷിക്കുന്നതുപോലെ ഫ്രിസ്റ്റാളിനെപോലുള്ള ഓറിയൻ്റലിസ്റ്റുകൾ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന, ഒരു അനുഷ്ഠാന രീതിയെ ഒരു മ്യൂസിയം പീസായി നിലനിർത്താനാണ് ശ്രമിക്കുന്നത്. 1975-ൽ പാഞ്ഞാളിൽ അഗ്നിചയനത്തോടുകൂടിയുള്ള അതിരാത്രം സംഘടിപ്പിച്ച ഫ്രിസ്റ്റാൾ, വരുംതലമുറകൾക്കായി അതിന്റെ സമഗ്ര ചിത്രീകരണവും കുറിപ്പുകളും തയ്യാറാക്കിയതായി രാജൻ ഗുരുക്കൾ സൂചിപ്പിക്കുന്നുണ്ട്. ഗവേഷണത്തിന്റെയും റിക്കാർഡിംഗിന്റെയുമൊക്കെ മറവിൽ പ്രാചീന ആചാരങ്ങളുടെ പുനരുത്ഥാനമാണ് അമേരിക്കയും ഇംഗ്ലണ്ടും ജർമ്മനിയുമൊക്കെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓറിയൻ്റലിസ്റ്റ് ചിന്താകേന്ദ്രങ്ങളും പണ്ഡിതന്മാരും നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്.

1975-ൽ പാഞ്ഞാളിൽ അഗ്നിചയനത്തോടുകൂടിയുള്ള അതിരാത്രം സംഘടിപ്പിച്ച ഫ്രിസ്റ്റാൾ, വരുംതലമുറകൾക്കായി അതിന്റെ സമഗ്ര ചിത്രീകരണവും കുറിപ്പുകളും തയ്യാറാക്കിയതായി ഡോ. രാജൻ ഗുരുക്കൾ സൂചിപ്പിക്കുന്നുണ്ട്.
1975-ൽ പാഞ്ഞാളിൽ അഗ്നിചയനത്തോടുകൂടിയുള്ള അതിരാത്രം സംഘടിപ്പിച്ച ഫ്രിസ്റ്റാൾ, വരുംതലമുറകൾക്കായി അതിന്റെ സമഗ്ര ചിത്രീകരണവും കുറിപ്പുകളും തയ്യാറാക്കിയതായി ഡോ. രാജൻ ഗുരുക്കൾ സൂചിപ്പിക്കുന്നുണ്ട്.

1982- ൽ പി. മാധവ്ജി എന്ന ആർ.എസ്​.എസ്​ നേതാവിന്റെ നേതൃത്വത്തിൽ വിദേശ ഫണ്ടിംഗ് ഏജൻസികളുടെ പിന്തുണയോടെ രൂപംകൊണ്ട ‘ഏർക്കര ഫൗണ്ടേഷൻ’ ശ്രൗതപാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള സംഘടനയായിരുന്നു. ഇവരാണ് 1984- ൽ തിരുവനന്തപുരത്ത് സോമയാഗം നടത്തിയത്. തൃശൂരിൽ രൂപം കൊണ്ട ‘ശ്രൗത ശാസ്​ത്രപരിഷത്തി’ന്റെ നേതൃത്വത്തിലാണ് കുണ്ടൂരിൽ അതിരാത്രം നടത്തിയത്. 1992- ൽ എറണാകുളത്ത് നടന്ന ഇൻ്റർനാഷണൽ പുത്രകാമേഷ്​ടിക്ക് നേതൃത്വം നൽകിയത് ‘സെൻ്റർ ഫോർ ആസ്ട്രോളജിക്കൽ റിസർച്ച് ആൻ്റ് ഡവലപ്പ്മെൻ്റ്’ എന്ന സംഘടനയാണ്.

കോഴിക്കോട് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച സോമയാഗത്തിൽ ഹിന്ദുത്വവാദികളായ ബാബാ രാംദേവ് തൊട്ടുള്ള വൻകിട കോർപ്പറേറ്റുകളുടെയും വർഗീയ പുനരുത്ഥാന സംഘടനകളുടെയും പങ്കാളിത്തമുണ്ടായിരുന്നു. ഈ സംഘടനകളുടെയെല്ലാം സാമ്പത്തിക സ്രോതസ്സും വിദേശബന്ധവും ആരും അന്വേഷിക്കാറില്ല. അദൃശ്യമായ ഏതൊക്കെ ശക്തികളാണ് യജ്ഞ പുനരുജ്ജീവനത്തിന് പണമൊഴുക്കുന്നതും സഹായമെത്തിക്കുന്നതെന്നും മനസ്സിലാവുമ്പോഴാണ് നവ കോളനിവൽക്കരണത്തിന്റെ സാംസ്​കാരിക ദാസ്യപ്പണിയാണ് ഇത്തരം മധ്യകാലിക അനുഷ്ഠാനങ്ങളുടെ പുനരായനമെന്ന് വ്യക്തമാവുന്നത്. ആര്യബ്രാഹ്മണ്യത്തെ പുനരുജ്ജീവിപ്പിക്കുന്ന കുത്സിതവൃത്തികളുടെ രാഷ്ട്രീയലക്ഷ്യം സമർത്ഥമായി മറച്ചുവെച്ചാണ് യജ്ഞ പുനരുജ്ജീവനവാദികൾ ദുരന്തങ്ങളിൽ നിന്നുള്ള മുക്തിയെക്കുറിച്ച് പ്രചാരണമഴിച്ചുവിടുന്നത്.

കോഴിക്കോട് കാശ്യപവേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച സോമയാഗത്തിൽ ഹിന്ദുത്വവാദികളായ ബാബാ രാംദേവ് തൊട്ടുള്ള വൻകിട കോർപ്പറേറ്റുകളുടെയും വർഗീയ പുനരുത്ഥാന സംഘടനകളുടെയും പങ്കാളിത്തമുണ്ടായിരുന്നു.
കോഴിക്കോട് കാശ്യപവേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച സോമയാഗത്തിൽ ഹിന്ദുത്വവാദികളായ ബാബാ രാംദേവ് തൊട്ടുള്ള വൻകിട കോർപ്പറേറ്റുകളുടെയും വർഗീയ പുനരുത്ഥാന സംഘടനകളുടെയും പങ്കാളിത്തമുണ്ടായിരുന്നു.

കോഴിക്കോട് നടന്ന സോമയാഗത്തിന്റെ സംഘാടകർ പ്രചരിപ്പിച്ചത്, എല്ലാ വിധത്തിലുമുള്ള ഐശ്വര്യങ്ങളുടെയും നിധികുംഭമെന്ന് വൈദികാചാര്യന്മാർ വിശേഷിപ്പിക്കുന്ന സോമയാഗം എല്ലാവർക്കും വേണ്ടിയാണ് സംഘടിപ്പിച്ചതെന്നാണ്. യാഗം ഒരു പ്രദേശത്തിനോ സമൂഹത്തിനോ രാഷ്ട്രത്തിനോ വേണ്ടിയുള്ളതല്ലെന്നും മുഴുവൻ വിശ്വത്തിനും വേണ്ടിയുള്ളതാണെന്നുമാണ് സംഘാടകർ പ്രഖ്യാപിച്ചത്. ഔഷധങ്ങളുടെ രാജാവായ സോമം ഇടിച്ചുപിഴിഞ്ഞ് അതിന്റെ രസം ഹോമിക്കുകയാണ് സോമയാഗത്തിൽ. അതിന്റെ ഫലങ്ങൾ അനവധിയാണുപോലും. സൽസന്താനപ്രാപ്തി, ആരോഗ്യപ്രാപ്തി, കീർത്തി, രോഗവിമുകതി, ധന– ധാന്യ സമൃദ്ധി, നല്ല കാലാവസ്​ഥാലഭ്യത, സുവൃഷ്​ടി, ഭൂമി എന്നിവയെല്ലാമാണുപോലും യാഗഫലങ്ങളായി ലഭിക്കുക. നല്ല കുട്ടികളെ കിട്ടേണ്ടവർ സോമയാഗത്തിന്റെ യജ്ഞശിഷ്​ടം ഭക്ഷിക്കണം. ധനസമൃദ്ധി ലഭിക്കേണ്ടവർ യാഗത്തിനുവേണ്ടി കഴിവനുസരിച്ച് ധനം ദാനമായി നൽകണം. യാഗത്തെ ആദ്യം മുതൽ അവസാനം വരെ സഹായിക്കുന്നവർക്ക് രോഗവിമുക്തിയും ദീർഘായുസ്സും ആരോഗ്യവും ഫലമായി ലഭിക്കുമെന്നും പാപമോചനത്തിനായി യാഗശാല വലംവെച്ച് ദക്ഷിണ സമർപ്പിക്കണമെന്നും സോമയാഗ സംഘാടകർ അവകാശപ്പെടുകയും ആവശ്യപ്പെടുകയും ചെയ്യുന്നു. ഒരു തെരുവ് മരുന്നുകച്ചവടക്കാരെൻ്റ വാചകമടി പോലെയാണ് യാഗഫലങ്ങളെക്കുറിച്ച് കാശ്യപവേദ റിസർച്ച് ഫൗണ്ടേഷൻ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

ബ്രാഹ്മണ പൗരോഹിത്യ മേധാവിത്വത്തെയും വർണ്ണവ്യവസ്​ഥയെയും ആദരണീയമാക്കുന്നതും നവ ലിബറൽ കമ്പോള സംസ്​കാരം നിയന്ത്രിക്കുന്നതും സ്​ത്രീകളുടേയും അധഃസ്​ഥിതരുടെയും അന്തസ്സിനെ നിരാകരിക്കുന്നതുമാണ് യജ്ഞസംസ്​കാരം.

സോമയാഗത്തിന്റെ കപട ശാസ്ത്രം

മധ്യവർഗ്ഗ സന്ദിഗ്ധകളെയും അരക്ഷിത ബോധത്തെയും മുതലെടുക്കുന്ന ഈ പുനരുജ്ജീവനശ്രമങ്ങൾ കേരളീയ സമൂഹത്തിൽ വേരുറപ്പിക്കുവാൻ ശ്രമിക്കുന്ന നവ ഹൈന്ദവവാദത്തിന്റെ മുഖങ്ങളിലൊന്നാണ്. അത് പല രൂപങ്ങളിലും വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്നുവെന്നുമാത്രം. ഇതിഹാസ സന്ദർഭങ്ങളെ വർത്തമാന ജീവിതത്തിൽ സാക്ഷാക്കരിക്കാനാകുമെന്ന വ്യാജ മോഹമാണ് പാഞ്ഞാൾ മുതൽ കോഴിക്കോട് വരെയുള്ള യാഗപുനരുജ്ജീവനശ്രമങ്ങളിലൂടെ ഉണർത്തിയെടുക്കാൻ നോക്കിയത്. ഹൈന്ദവ പുനരുത്ഥാനത്തിന്റെ ഗൂഢലക്ഷ്യങ്ങളാണ് ഇത്തരം യാഗശ്രമങ്ങൾക്ക് പിന്നിലുള്ളത്. ജനമനസ്സിനെ അമൂർത്തീകരിക്കുകയും നിത്യജീവിത ദുരിതങ്ങൾക്ക് മഹത്വവൽക്കരിക്കപ്പെട്ട ഒരു പ്രാചീന ഭൂതകാലത്തിന്റെ തിരിച്ചുവരവ് പരിഹാരമായി നിർദ്ദേശിക്കുകയും ചെയ്യുന്ന മതാധിഷ്ഠിത രാഷ്ട്രീയ പ്രത്യയശാസ്​ത്രം തന്നെയാണ് സോമയാഗത്തിന്റെയും അടിത്തറ. വഞ്ചനാത്മകവും കപടവുമായ പ്രചാരവേലകളിലൂടെയാണ് യാഗവാദികൾ ജനമനസ്സുകളെ സ്വാധീനിക്കുവാൻ ശ്രമിക്കുന്നത്.

കാശ്യപാശ്രമത്തിന്റെ പേരിൽ പ്രസിദ്ധീകരിച്ച ബ്രോഷറിലെ ലക്ഷ്യപ്രഖ്യാപനത്തിലും പ്രചരണത്തിലുമെല്ലാം ഈ വഞ്ചനാത്മകതയുടെ അടിസ്​ഥാനധാര നമുക്ക് കാണാം. സംസ്​കൃത യാഗവിധിപ്രകാരമുള്ള യജ്ഞസംസ്​കാരത്തെ പുനരുജ്ജീവിപ്പിക്കുന്നവർ വർത്തമാന മനുഷ്യ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും പരിഹാരം തേടുകയാണെന്നാണ് യുക്തിരഹിതമായി വാദിച്ചുകൊണ്ടിരുന്നത്. ആഗോളവൽക്കരണം സൃഷ്​ടിക്കുന്ന നിർമാനുഷികതയും അസമത്വങ്ങളുമാണ് വിശ്വം മുഴുവൻ മനുഷ്യജീവിതത്തെ ദുരിതപൂർണമാക്കിത്തീർത്തത്. ആഗോള ഫൈനാൻസ്​ മൂലധനത്തിന്റെ വ്യവസ്​ഥാരഹിതവും നിരുപാധികവുമായ വ്യാപനശ്രമങ്ങളാണ് പ്രകൃതിയെ അസന്തുലിതമാക്കിയത്. കാലാവസ്​ഥാമാറ്റങ്ങളും അപരിചിതങ്ങളായ മഹാവ്യാധികളുടെ വ്യാപനവും മുതലാളിത്തം സൃഷ്​ടിച്ച പാരിസ്​ഥിതിക തകർച്ചയുടെ അനിവാര്യ പരിണതികളാണ്. ഈ യാഥാർത്ഥ്യങ്ങളെയെല്ലാം മറച്ചുപിടിച്ചാണ് ശ്രൗതയാഗങ്ങളുടെ മകുടമണിയായി കൊണ്ടാടുന്ന സോമയാഗം മനുഷ്യദുരിതങ്ങൾക്കും കാലാവസ്​ഥാ തകർച്ചക്കും പരിഹാരം ഉണ്ടാക്കുമെന്ന അവകാശവാദം ഉയർത്തിയത്.

കാലിഫോർണിയ സർവ്വകലാശാലയിലെ ഫ്രിസ്റ്റാളും പാർപോളയും 1975- ൽ തുടങ്ങിവെച്ച അതിരാത്രത്തിന്റെ അനുസ്യൂതി നിലനിർത്തുവാൻ അദൃശ്യമായ കേന്ദ്രങ്ങളുടെ രക്ഷാകർതൃത്വത്തിൽ നിരവധി സംഘങ്ങൾ കേരളത്തിൽ ജന്മമെടുത്തിട്ടുണ്ട്.
കാലിഫോർണിയ സർവ്വകലാശാലയിലെ ഫ്രിസ്റ്റാളും പാർപോളയും 1975- ൽ തുടങ്ങിവെച്ച അതിരാത്രത്തിന്റെ അനുസ്യൂതി നിലനിർത്തുവാൻ അദൃശ്യമായ കേന്ദ്രങ്ങളുടെ രക്ഷാകർതൃത്വത്തിൽ നിരവധി സംഘങ്ങൾ കേരളത്തിൽ ജന്മമെടുത്തിട്ടുണ്ട്.

ബ്രാഹ്മണ പൗരോഹിത്യ മേധാവിത്വത്തെയും വർണ്ണവ്യവസ്​ഥയെയും ആദരണീയമാക്കുന്നതും നവ ലിബറൽ കമ്പോള സംസ്​കാരം നിയന്ത്രിക്കുന്നതും സ്​ത്രീകളുടേയും അധഃസ്​ഥിതരുടെയും അന്തസ്സിനെ നിരാകരിക്കുന്നതുമാണ് യജ്ഞസംസ്​കാരം. അത് അശാസ്​ത്രീയവും വിജ്ഞാനവിരുദ്ധവും വർഗ്ഗീയ പ്രോക്തവുവുമായ രാഷ്ട്രീയത്തെയും സംസ്​കാരത്തെയുമാണ് പുനരുജ്ജീവിപ്പിച്ച് ആധിപത്യത്തിലേത്തിക്കുക. പുതിയ പൗരോഹിത്യവും ധനാധിപത്യവും ചേർന്ന് മതത്തെ കച്ചവടച്ചരക്കാക്കുന്നതിെൻ്റ ഭാഗം കൂടിയാണ് ഇത്തരം യജ്ഞ പുനരുജ്ജീവനങ്ങൾ എന്നുകൂടി തിരിച്ചറിയണം.

സാമ്രാജ്യത്വം ഇന്ത്യ പോലുള്ള മുതലാളിത്ത പൂർവ്വ ഉല്പാദനബന്ധങ്ങൾ നിലനില്ക്കുന്ന സമൂഹങ്ങളിലെ ഫ്യൂഡൽ മതാത്മക ഘടനകളെ തങ്ങളുടെ അധിനിവേശത്തിനുള്ള ആധാരവും മാധ്യമവുമാക്കുന്നു. അതിനായുള്ള പ്രത്യയശാസ്​ത്ര രൂപീകരണവും സൂക്ഷ്മമായ അതിന്റെ വിന്യാസവും ആസൂത്രിതമായിതന്നെ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. എല്ലാ പ്രതിലോമ ആശയങ്ങളെയും മതാനുഷ്ഠാനങ്ങളെയും ജീർണ്ണ സാംസ്​കാരിക രൂപങ്ങളെയും മഹത്വവൽക്കരിക്കുന്ന സാമ്രാജ്യത്വത്തിന്റെ ഓറിയൻ്റലിസ്റ്റ് ഗവേഷണകേന്ദ്രങ്ങൾ വിപണിയുടെ താല്പര്യങ്ങളുമായി ചേർത്ത് അവയെ അവതരിപ്പിക്കുന്നു. കിഴക്കിന്റെ ഗുരുക്കന്മാരും ലഹരിയും മതവും കലവും യജ്ഞസംസ്​കാരവും ഇന്ന് വിദേശിയുടെ ഉപഭോഗ സംസ്​കാരത്തിന്റെ ഭാഗം കൂടിയാണ്. ഒരു ആധുനിക മതനിരപേക്ഷ സമൂഹത്തിനായി കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലമായി കേരളീയ സമൂഹം നടത്തിക്കൊണ്ടിരിക്കുന്ന മഹദ് യത്നങ്ങൾക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് വ്യാപകമാവുന്ന യജ്ഞ പുനരുജീവന ശ്രമങ്ങളേയും അതിനു പിറകിലെ സാമ്രാജ്യത്വ താല്പര്യങ്ങളെയും തുറന്നുകാട്ടിക്കൊണ്ടേ നവോത്ഥാനം സൃഷ്​ടിച്ച മാനവിക സംസ്​കാരത്തെ സംരക്ഷിക്കാനാവൂ.

നവോത്ഥാനത്തിന്റെ എതിർദിശയിൽ കടന്നുവരുന്ന പുനരുജ്ജീവന സംസ്​കാരത്തിന്റെ എല്ലാ രൂപങ്ങളെയും എതിർത്ത് തോല്പിക്കുവാൻ പുരോഗമന ശക്തികൾ വിട്ടുവീഴ്ചയില്ലാതെ രംഗത്തിറങ്ങണം. അസംബന്ധങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും കാര്യവിവരമുള്ളവരുടെ മൗനം സമ്മതമായിത്തീരുമെന്ന് നാം തിരിച്ചറിയണം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശാസ്​ത്രത്തിന്റെ പരിവേഷമണിയിച്ചാണ് പുനരുത്ഥാനവാദികൾ മാർക്കറ്റ് ചെയ്യുന്നത് എന്ന് തിരിച്ചറിയണം. വേദങ്ങളെയും വേദകർമ്മങ്ങളെയും പദാർത്ഥത്തിന്റെയും ഭൗതിക അസ്​ഥിത്വത്തിന്റെയും മുന്നിൽ മനുഷ്യരാശി നേടിയ ഏറ്റവും വലിയ വിജയമായിട്ടാണ് ഫ്രിസ്റ്റാളിനെ പോലുള്ള ഓറിയൻ്റലിസ്റ്റ് പണ്ഡിതർ പ്രചരിപ്പിക്കുന്നത്. വേദങ്ങളുടെയും വൈദിക കർമ്മങ്ങളുടെയും ചരിത്രപരമായ അടിസ്​ഥാനം വിശകലനം ചെയ്യുന്ന നരവംശശാസ്​ത്ര പഠനങ്ങളെ പരിഹസിച്ചുകൊണ്ടാണ് ഓറിയൻ്റലിസ്റ്റുകൾ പ്രാചീന മന്ത്രങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമൊക്കെ ശാസ്​ത്രീയ അടിസ്​ഥാനമുണ്ടെന്നൊക്കെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Comments