ആ തലശ്ശേരിയിൽ നിന്ന് രൂപംകൊണ്ട കോടിയേരി

1960-കളുടെ അവസാനത്തോടെ പ്രക്ഷുബ്ധമായ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിന്റെ സമ്മർദ്ദങ്ങളിൽ നിന്നാണ് കോടിയേരി രാഷ്ടീയ രംഗത്ത് സജീവമായി ഇടപെട്ടു തുടങ്ങുന്നത്.

രോഗമുക്തനായി തിരിച്ചു വരുമെന്ന സഖാക്കളുടെയും പ്രിയപ്പെട്ടവരുടെയും പ്രതീക്ഷയെയും ആഗ്രഹങ്ങളെയും അസ്ഥാനത്താക്കികൊണ്ട് സഖാവ് കോടിയേരി വിടപറഞ്ഞിരിക്കുന്നു. മലയാളി സ്വന്തം ഹൃദയത്തോട് ചേർത്ത് പിടിച്ച ആ കമ്യൂണിസ്റ്റ് നേതാവിന്റെ സൗമ്യവും എന്നാൽ കണിശവുമായ വ്യക്തിത്വ സവിശേഷതകൾ അയവിറക്കി നാട് അദ്ദേഹത്തിന് വിട നൽകുകയാണ്.
സി.പി.ഐ.എം ന്റെ പി.ബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ കേരള രാഷ്ട്രീയത്തിൽ എല്ലാവർക്കും പ്രിയങ്കരനായ നേതാവായി ഉയർന്നത് വടക്കൻ മലബാറിന്റെ പ്രത്യേകിച്ച് കണ്ണൂരിന്റെ, സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ കത്തിജ്വലിച്ച് നിന്ന തലമുറയുടെ വിപ്ലവ പാരമ്പര്യത്തെ നെഞ്ചിലേറ്റി സമരോത്സുകമായ ജീവിതം തെരഞ്ഞെടുത്തതു കൊണ്ടാണ്.

പ്രതികൂലതകളെയും പ്രതിസന്ധികളെയും വകഞ്ഞു മാറ്റി തികഞ്ഞ രാഷ്ട്രീയ ബോധത്തോടെ മുന്നോട്ട് പോയ ത്യാഗപൂർണമായ ജീവിതത്തിന്റെ ആകെത്തുകയാണ് കോടിയേരിയെന്ന ജനനേതാവ്. ദരിദ്രവും സാധാരണവുമായ സാഹചര്യങ്ങളിൽ നിന്ന് തൊഴിലാളിവർഗ്ഗത്തിന്റെ സംഘാടകനും നേതാവുമായി വളർന്നു വന്ന ഈ തലശ്ശേരിക്കാരൻ സമ്പന്നവും ധീരവുമായ ഒരു രാഷ്ടീയ സാംസ്‌കാരിക ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും തുടർച്ചയായിരുന്നു. നാടിന്റെ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ വിമോചനത്തിനുമായി ചോര ചിന്തിയ തലമുറകളുടെ തുടർച്ച.

കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവർ യുവാക്കളായിരിക്കെ

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷികളായ അബുവിന്റെയും ചാത്തുക്കുട്ടിയുടെയും ചോരവീണ മണ്ണിലാണ് കോടിയേരി തന്റെ പൊതുപ്രവർത്തനമാരംഭിക്കുന്നത്. വാഗ്ഭടാനന്ദനും സ്വാമി ആനന്ദതീർത്ഥനും ജാതിമേധാവിത്വത്തിനും സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കുമെതിരെ നവോത്ഥാനത്തിന്റെ വെളിച്ചം പകർന്ന മണ്ണാണ് തലശ്ശേരി. നാരായണഗുരു തന്റെ വിഗ്രഹപ്രതിഷ്ഠയിലൂടെ ബ്രാഹ്മണ്യത്തിന്റെ വേദാധികാരത്തെ ചോദ്യം ചെയ്യാൻ അധസ്ഥിതരെ പഠിപ്പിക്കാൻ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലൊന്നായ ജഗന്നാഥ ക്ഷേത്രവും തലശ്ശേരിയിലാണല്ലോ. മൊയാരത്ത് ശങ്കരനും സി.എച്ച്. കണാരനും ദേശീയ ബോധത്തിന്റെയും തൊഴിലാളി വർഗ്ഗരാഷ്ട്രീയത്തിന്റെയും സന്ദേശങ്ങൾ പകർന്നു കൊണ്ട് അനവധി സമരങ്ങളും സംവാദങ്ങളും ഇവിടെ സംഘടിപ്പിച്ചു. 1939 ൽ പിണറായി പാറപ്രത്താണല്ലോ കേരള അടിസ്ഥാനത്തിൽ കമ്യൂണിസ്റ്റ് പാർടി രൂപീകരണ സമ്മേളനം നടന്നതും.

അതിലുമപ്പുറം ചരിത്രത്തിലെ അധിനിവേശവിരുദ്ധ പോരാട്ടമുഖങ്ങളിൽ ജ്വലിച്ച് നിന്ന കുറുങ്ങോട്ട് നായർ മുതൽ പഴശ്ശിരാജയും വഞ്ചിക്കടവത്ത് കുഞ്ഞി മായൻ വരെയുള്ളവരുടെ രണോത്സുകമായ പോരാട്ടങ്ങളുടെ തട്ടകവുമായിരുന്നു തലശ്ശേരി. കൊളോണിയൽ വിരുദ്ധതയുടെയും നവോത്ഥാനത്തിന്റെയും ധൈഷണിക പ്രകാശത്തിലാണ് സമത്വാശയങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനവും മലബാറിന്റെയും തലശ്ശേരിയുടെ മണ്ണിൽ വളർന്നു വന്നത്.

തലശ്ശേരിയുടെ നവോത്ഥാനപാരമ്പര്യവും സാമ്രാജ്യത്വ വിരുദ്ധ ജന്മിത്വവിരുദ്ധ പോരാട്ട സംസ്‌ക്കാരവും കോടിയേരിയുടെ തലമുറയിൽപ്പെട്ട മറ്റു പല നേതാക്കളെയും പോലെ കോടിയേരിയുടെ രാഷ്ട്രീയവ്യക്തിത്വ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് കാണണം.

മലബാറിലെ ആദ്യ ബ്രിട്ടീഷ് അധിവാസ കേന്ദ്രമായിരുന്നല്ലോ തലശ്ശേരി. അറബികളും ചൈനക്കാരും യുറോപ്യന്മാരും കച്ചവടത്തിനായി വന്നു ചേർന്ന നഗരമാണത്. ക്രിസ്ത്യൻ മിഷണറിമാർ വിദ്യാഭ്യാസ പ്രവർത്തനം വഴി ജാതി ഉച്ചനീചത്വങ്ങൾക്കെതിരെ ജനങ്ങളെ ചിന്തിപ്പിച്ചു. വ്യത്യസ്ത മത ജാതി സമൂഹങ്ങൾ സൗഹാർദ്ദപൂർവ്വം ജീവിച്ചു പോന്ന നഗരമായിരുന്നു തലശ്ശേരിയും പരിസര പ്രദേശങ്ങളും. ഈ പാരമ്പര്യത്തെ പിൻപറ്റിവളർന്നു വന്ന ആധുനിക തൊഴിലാളി വർഗ്ഗരാഷ്ട്രീയമാണ് കോടിയേരിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്.

സൗമ്യവും സമരോത്സുകവുമായ ആ വ്യക്തിത്വസവിശേഷത എത്രയോ കാലമായി അടുത്തറിയാനും അനുഭവിക്കാനും കഴിഞ്ഞവരാണ് നമ്മൾ. 1960-കളുടെ അവസാനത്തോടെ പ്രക്ഷുബ്ധമായ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിന്റെ സമ്മർദ്ദങ്ങളിൽ നിന്നാണ് കോടിയേരി രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെട്ടു തുടങ്ങുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലും നാട്ടിലെ പാർടി പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നല്ലോ. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഭരണകൂടം തുടർന്നു വന്ന വികസന നയങ്ങൾ പ്രതിസന്ധിയിലാവുകയും ആസൂത്രണം നിലക്കുകയും ചെയ്ത കാലമായിരുന്നു അത്. ഇന്ത്യൻ ഭരണകൂടം പിന്തുടർന്ന മുതലാളിത്ത വികസന പാതയുടെ പ്രതിസന്ധി പട്ടിണി മരണങ്ങളിലേക്ക് നാടിനെ എത്തിച്ചു. ഗ്രാമങ്ങളും സർവ്വകലാശാല കാമ്പസുകളും സമരോത്സുകമായി. കോൺഗ്രസിന്റെ അപചയവും വർധിച്ചു വരുന്ന അഴിമതികളും നാടെങ്ങും സമര പ്രക്ഷോഭങ്ങൾക്ക് വഴി തുറന്നു. കർഷകരും തൊഴിലാളികളും കാമ്പസുകളും ഭരണകൂട നയങ്ങൾക്കെതിരെ ഇളകിമറിഞ്ഞു.
ആ ഒരു ചരിത്ര കാലഘട്ടത്തിലാണ് കോടിയേരി കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്കും പ്രക്ഷോഭ സമരങ്ങളിലേക്കും ചാടിയിറങ്ങിയത്.

വളരെ സംഘർഷഭരിതമായൊരു സാഹചര്യത്തിലാണ് കെ.എസ്.എഫിന്റെ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. വർഗീയതക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ സമരങ്ങളിലൂടെ അദ്ദേഹം വിപ്ലവകരമായ സാമൂഹ്യ പരിവർത്തനത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് വരികയായിരുന്നു.

കണ്ണൂർ ജില്ലയിലെ ബീഡി വ്യവസായപ്രതിസന്ധിക്കുത്തരവാദികളായ മുതലാളിമാരെ രക്ഷിക്കാനും തൊഴിലാളി സമരങ്ങളെ തകർക്കാനുമായി വർഗീയവാദികൾ സംഘർഷങ്ങൾ അഴിച്ചുവിടുകയും വിദ്യാർത്ഥിയായ കോടിയേരി അക്രമിക്കപ്പെടുകയും ചെയ്തു. ന്യായമായ ഒരു തൊഴിൽ സമരത്തെ തകർക്കാനുള്ള ക്വട്ടേഷൻ പണിയുമായി വന്ന ആർ എസ് എസ് രാഷ്ട്രീയത്തോട് നേരിട്ട് ഏറ്റുമുട്ടികൊണ്ടാണ് കോടിയേരിയുടെ തലമുറ തൊഴിലാളി വർഗ പ്രസ്ഥാനത്തെയും വർഗ താല്പര്യങ്ങളെയും സംരക്ഷിക്കുന്നത്.

തുടർന്നുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം സമരതീക്ഷ്ണവും സംഘർഷഭരിതവുമായിരുന്നു. അങ്ങനെയൊക്കെയായിരിക്കുമ്പോഴും എത് സാഹചര്യത്തിലും അദ്ദേഹം സൗമ്യത കൈവിടാതെ പെരുമാറി. രാഷ്ട്രീയ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ ഏതു പ്രതികൂല സാഹചര്യത്തെയും അദ്ദേഹം നയജ്ഞതയോടെ കൈകാര്യം ചെയ്യുമായിരുന്നു. പാർലമെന്ററി പ്രവർത്തനത്തിലും പാർലമെന്റേതര പ്രവർത്തനങ്ങളിലും ഒരുപോലെ ശോഭിച്ച നേതാവായിരുന്നു അദ്ദേഹം.

അടിയന്തിരാവസ്ഥക്ക് മുമ്പും ശേഷവും കേരളത്തിൽ ഇടതുപക്ഷ രാഷ്ടീയത്തിനെതിരായി ഉയർന്നു വന്ന വലതുപക്ഷ ശക്തികളുടെ രാഷ്ട്രീയ മുന്നണികളെ നേരിടുന്ന രാഷ്ട്രീയാനുഭവങ്ങളിലൂടെയാണ് കോടിയേരി സി.പി.ഐ.എം ന്റെ സമുന്നത നേതാവായി വളർന്നു വരുന്നത്. കടുത്ത രാഷ്ട്രീയ യാതനകളെ നേരിട്ടുകൊണ്ട് വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെ കമ്യൂണിസ്റ്റ് രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളിലദ്ദേഹം പ്രാവീണ്യം നേടി. എതിരാളികളുടെ സായുധ ആക്രമണങ്ങളെ വരെ പ്രതിരോധിച്ചുകൊണ്ട് ഒരു ബഹുജന വിപ്ലവ പാർടിയായി സി.പി.ഐ.എമ്മിനെ വളർത്തുന്നതിൽ പ്രധാനപ്പെട്ട പങ്ക് തന്നെ അദ്ദേഹത്തിന് വഹിക്കാൻ കഴിഞ്ഞു.

2001 മുതൽ 2016 വരെ തലശ്ശേരി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച കോടിയേരി 2006 മുതൽ 2011 വരെ കേരളത്തിൽ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.
2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സി.പി.ഐ.എം ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2018ൽ തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2022 ആഗസ്റ്റ് 28നാണ് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
സി.പി.ഐ.എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും കേരള സമൂഹത്തിനും വലിയൊരു നഷ്ടമാണദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.

Comments