ഹിന്ദുത്വ രാഷ്ട്രീയത്തിന് ആന്റണിയുടെ കെെത്താങ്ങ്, അന്നും ഇന്നും

ന്യൂനപക്ഷവിദ്വേഷം രാഷ്ടീയ തന്ത്രമാക്കിയ സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയെ പിൻപറ്റുന്ന നിലപാടുകളാണ് അയോധ്യയിലെ ക്ഷേത്രനിർമ്മാണം തൊട്ട് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, ഏക സിവിൽകോഡ് തുടങ്ങി എല്ലാ ഹിന്ദുത്വനീക്കങ്ങളിലും കോൺഗ്രസിനുമുള്ളത്. മൃദുഹിന്ദുത്വനിലപാടെടുത്ത് ഭൂരിപക്ഷത്തെ കൂടെ നിർത്താമോയെന്ന ദയനീയരാഷ്ട്രീയമാണ് രാഹുൽ ഗാന്ധിയുടെ ജോഡോയാത്രയിലൂടെയടക്കം പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

.കെ. ആന്റണിയുടെ പ്രസ്താവന ഭൂരിപക്ഷമതത്തെ കൂടെ നിർത്താതെ കോൺഗ്രസിന് 2024 ലെ തെരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന സന്ദേശമാണല്ലോ കോൺഗ്രസുകാർക്ക് നൽകുന്നത്. അത് തന്നെയാണ് ദേശീയതലത്തിലെയും കോൺഗ്രസിന്റെ രാഷ്ടീയമെന്നതിന് ഒരു വിശദീകരണമാവശ്യമുണ്ടെന്ന് തോന്നുന്നില്ല. ബി.ജെ.പിയുടെ ഹിന്ദുത്വരാഷ്ട്രീയത്തെ മൃദുഹിന്ദുത്വം കൊണ്ട് തോല്പിക്കാനാവുമെന്ന വ്യർത്ഥപ്രകടനങ്ങളാണ് രാഹുൽ ഗാന്ധിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന ജോഡോയാത്രയിലും കണ്ടു കൊണ്ടിരിക്കുന്നത്.

ഹൈന്ദവക്ഷേത്രങ്ങളും സന്യാസിമഠങ്ങളും കയറിയിറങ്ങിയും അവർക്ക് മുമ്പിൽ സാഷ്ടാംഗനമസ്കാരം നടത്തിയും കമ്പ്യൂട്ടർബാബമാരെ പോലുള്ള ആൾ ദൈവങ്ങളെ കൂടെ കൂട്ടിയുമാണല്ലോ ജോഡോയാത്ര കടന്നു പോകുന്നത്.
ഇൻഡോറിലെത്തിയപ്പോൾ രാഹുൽഗാന്ധി തന്നെ സ്വയം പ്രഖ്യാപിച്ചത് താൻ ദത്താത്രേയവംശത്തിൽ പെട്ട ശിവഭക്തനായ ബ്രാഹ്മണനാണ് എന്നാണ്. ഹിന്ദുമിത്തോളജിയിൽ അത്രിമഹർഷിക്ക് അനസൂയയിൽ ജനിച്ച, വിഷ്ണുവിന്റെ
മൂന്നു അവതാരങ്ങളുടെയും ശക്തിസംയോജന സൃഷ്ടിയാണ് ദത്താത്രേയഭഗവാൻ.

ഇത്തരം പ്രഖ്യാപനങ്ങളിലൂടെ മിത്തുകളെയും വിശ്വാസങ്ങളെയും ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന ഹിന്ദുത്വവാദികളെ കടത്തിവെട്ടുകതന്നെയാണ് രാഹുലെന്ന് കോൺഗ്രസുകാർക്ക് വേണമെങ്കിൽ ആശ്വസിക്കാം! ഹിന്ദുത്വത്തെ ഹിന്ദുത്വം കൊണ്ട് നേരിടുന്ന രാഷ്ട്രീയതന്ത്രം കോൺഗ്രസിന്റെ തന്നെ ഹംസഗാനമാണെന്ന് തിരിച്ചറിയാനാവാത്ത രാഷ്ട്രീയമൗഢ്യമാണ് അവശേഷിക്കുന്ന ആൻറണിയെ പോലുള്ള പല നേതാക്കളെയും ഭരിക്കുന്നത്.
അവർ ഹിന്ദുത്വത്തിന്റെ മാപ്പുസാക്ഷികളായി എളുപ്പമായ ഭൂരിപക്ഷതാവാദത്തിലേക്ക് തിരിയുകയാണ്.

ന്യൂനപക്ഷവിദ്വേഷം രാഷ്ടീയ തന്ത്രമാക്കിയ സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയെ പിൻപറ്റുന്ന നിലപാടുകളാണ് അയോധ്യയിലെ ക്ഷേത്രനിർമ്മാണം തൊട്ട് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, ഏക സിവിൽകോഡ് തൊട്ടുള്ള എല്ലാ ഹിന്ദുത്വനീക്കങ്ങളിലും കോൺഗ്രസിനുമുള്ളത്.
മൃദുഹിന്ദുത്വനിലപാടെടുത്ത് ഭൂരിപക്ഷത്തെ കൂടെ നിർത്താമോയെന്ന ദയനീയരാഷ്ടീയമാണ് രാഹുൽ ഗാന്ധിയുടെ ജോഡോയാത്രയിലൂടെയടക്കം പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. മൃദുഹിന്ദുത്വം കൊണ്ടു ബി.ജെ.പിയുടെ ഹിന്ദുരാഷ്ട്രത്തിനീക്കങ്ങളെ നേരിടാനാവില്ലെന്ന യാഥാർത്ഥ്യം മനസിലാക്കാൻ കോൺഗ്രസുകാർക്ക് കഴിയാതെ പോകുന്നത് ഹിന്ദുത്വവാദികളുമായി അവരിൽ പലരും പങ്കുവെക്കുന്ന മുൻവിധികളോടുകൂടിയ ന്യൂനപക്ഷവിരുദ്ധതയാണെന്ന വസ്തുതയാണ് ആൻറണിയെ പോലുള്ളവരുടെ ആവർത്തിച്ചുള്ള പ്രസ്താവനകൾ തന്നെ വ്യക്തമാക്കിത്തരുന്നത്. ഹിന്ദുരാഷ്ട്രവാദികൾ ഇസ്ലാമോഫോബിയയെ രാഷ്ട്രീയ തന്ത്രമാക്കികൊണ്ടാണ് ഭക്ഷണത്തെയും വസ്ത്രത്തെയും പ്രണയത്തെയുമെല്ലാം പ്രശ്നവൽക്കരിച്ച് ഭൂരിപക്ഷ ധ്രുവീകരണത്തിന് ആക്കം കൂട്ടികൊണ്ടിരിക്കുന്നത്. രാജ്യം കടന്നു പോകുന്ന ഈയൊരു ആപൽക്കരമായ രാഷ്ട്രീയപരിസരത്തിൽ നിന്ന് വേണം ആൻറണിയുടെ ഇപ്പോഴത്തെ പ്രസ്താവനയെ കാണാനും ചർച്ച ചെയ്യാനും. അതിന് അദ്ദേഹത്തിന്റെ
മുൻ പ്രസ്താവനകളുടെ തുടർച്ചയുണ്ടെന്നും കാണണം.

2003 ൽ സിംല എഐസിസിക്ക് ശേഷം കേരളത്തിലെത്തിയുടനെയായിരുന്നല്ലോ ആന്റണി വിവാദപരമായ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയത്. അതുമായി ചേർത്ത് വേണം ഡിസംബർ 28ന് കോൺഗ്രസിന്റെ 138-ാം ജന്മദിനത്തിൻ ആന്റണി നടത്തിയ പ്രസ്താവനയെ വായിച്ചെടുക്കേണ്ടത്.
അന്ന് ആൻറണി പറഞ്ഞത് ;
"കേരളത്തിൽ ന്യൂനപക്ഷങ്ങൾ സംഘടിതരാണ്‌. ഈ സംഘടിത ന്യൂനപക്ഷം സംഘടിതശക്തി ഉപയോഗിച്ചുകൊണ്ട്‌ ഗവൺമെന്റിൽ നിന്ന്‌ ആനുകൂല്യം നേടുന്നു, കൂടുതൽ വിലപേശൽ നടത്തുന്നു എന്നൊരാക്ഷേപം ഇതര സമുദായങ്ങൾക്കുണ്ട്‌. ആ ആക്ഷേപത്തിന്റെ അന്തരീക്ഷം കേരളത്തിൽ നിലനിൽക്കുന്നു. ആ സത്യം ആരും വിസ്മരിക്കരുത്‌. അതോടൊപ്പം തന്നെ ഗൾഫിലേയ്ക്ക്‌ ഉണ്ടായിട്ടുള്ള കുടിയേറ്റത്തിന്റേയും അമേരിക്ക, യൂറോപ്പ്‌ ഇവിടേയ്ക്കുള്ള കുടിയേറ്റത്തിന്റെയും ആനുകൂല്യങ്ങൾ കൂടുതലുണ്ടായത്‌, കൂടുതൽ കിട്ടിയത്‌ ന്യൂനപക്ഷ സമുദായങ്ങൾക്കാണ്‌. അതുണ്ടാക്കിയ സാമ്പത്തിക അസമത്വം കേരളത്തിലെ നാട്ടിൻപുറങ്ങളിലുണ്ട്‌. കേരളത്തിലെ പട്ടണങ്ങളിലുണ്ട്‌. ഈ യാഥാർത്ഥ്യം കാണാതിരുന്നിട്ട്‌ കാര്യമില്ല. ഇതിന്റെ ഒരു കൂട്ടത്തിലാണ്‌ രാഷ്ട്രീയമായിട്ടുള്ള പല ശക്തികളുടെ മുതലെടുപ്പുകൾ. ഇതെല്ലാം കാണാൻ ഇവിടുത്തെ ന്യൂനപക്ഷ നേതാക്കൾ തയ്യാറാകണം. സംഘടിതശക്തി ഉണ്ടെന്നതിന്റെ പേരിൽ ഗവൺമെന്റിനെക്കൊണ്ട്‌ എന്തും ചെയ്യിച്ചു കളയാം എന്ന നിലപാട്‌ ന്യൂനപക്ഷങ്ങൾക്ക്‌ ശരിയല്ലെന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. കേരളത്തിൽ രാഷ്ട്രീയ രംഗത്തും ഭരണരംഗത്തും കേരള സമൂഹത്തിലും കൂടുതൽ സ്വാധീനം ചെലുത്തുന്നത്‌ ന്യൂനപക്ഷങ്ങളാണ്‌. ആ സത്യം കാണുന്നവനാണ്‌ ഞാൻ.'

ആന്റണിയുടെ അന്നത്തെ പ്രസ്താവനയിൽ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതാപരമായി യാതൊരു അടിസ്ഥാനമില്ലാത്തതും കാലാകാലങ്ങളായി ഇവിടെ പി. പരമേശ്വരൻ തൊട്ട് ശശികല ടീച്ചർ വരെയുള്ളവർ നടത്തി കൊണ്ടിരുന്ന ന്യൂനപക്ഷവിരുദ്ധ വിദ്വേഷപ്രചരണങ്ങളിലൂടെ കേരളം കേട്ടുകൊണ്ടിരുന്ന നുണകളുമായിരുന്നു. കേരളത്തിൽ ഭൂപരിക്ഷസമുദായത്തെ അപേക്ഷിച്ച് സാമ്പത്തികവും സാമൂഹ്യവുമായ മോശപ്പെട്ട സാഹചര്യങ്ങളിലാണ് ന്യൂനപക്ഷ മുസ്‍ലിം സമുദായത്തിൽ പെട്ടവരെന്ന് എല്ലാ കേരള പഠനങ്ങളും വ്യക്തമാക്കയിട്ടുള്ളതാണ്. ഭൂരിപക്ഷമതവിശ്വാസികളിൽ തങ്ങൾ ന്യൂനപക്ഷ സമ്മർദ്ദങ്ങളിൽ പെട്ട് തകരുകയാണെന്ന പ്രതീതി സൃഷ്ടിക്കുന്ന ഹിന്ദുത്വവാദികളുടെ പ്രചരണമേറ്റു പിടിക്കുകയാണ് അന്ന് ആൻറണി ചെയ്തത്. ഒരർത്ഥത്തിൽ ഹിന്ദുത്വവാദികളുടെ ന്യൂനപക്ഷ പ്രചരണങ്ങളുടെ പ്രതിധ്വനി തന്നെയായിരുന്നു ആൻറണിയുടെ വാദങ്ങൾ.

കുറിതൊടുന്നവരും അമ്പലത്തിൽ പോകുന്നവരുമായ വിശ്വാസികളെ ആരുമിവിടെ ഹിന്ദുത്വവാദികളായി അധിക്ഷേപിച്ചിട്ടില്ലെന്നറിഞ്ഞു കൊണ്ടു തന്നെയാണല്ലോ ഡിസംബർ 28 ന്റെ പ്രസംഗത്തിൽ ആന്റണി പാവം ഹിന്ദുമത വിശ്വാസികളെ അധിക്ഷേപിക്കരുതേയെന്ന അപേക്ഷയുമായി രംഗത്ത് വന്നത്. ആന്റണിയുടെ ഈ വാമനബുദ്ധി കാര്യ വിവരമുള്ള എല്ലാവർക്കും മനസിലാവും.

ഹിന്ദുത്വകാർഡിറക്കി ബി.ജെ.പി യെ നേരിടാമെന്ന കോൺഗ്രസിന്റെ
രാഷ്ട്രീയതന്ത്രം ഹിന്ദുത്വവാദികളുടെ ന്യൂനപക്ഷ വിരോധത്തിലും വിഭജന നീക്കങ്ങൾക്കും ഗതിവേഗം കൂട്ടുന്ന ആപൽക്കരമായ നീക്കമാണെന്ന് മതനിരപേക്ഷ ജനാധിപത്യസമൂഹവും ന്യൂനപക്ഷജനസമൂഹങ്ങളും അതീവ ഗൗരവത്തേടെ തിരിച്ചറിയണം. കോൺഗ്രസിലെ മതനിരപേക്ഷ ശക്തികളെ നിശ്ശബ്ദമാക്കാൻ ആ പാർടിക്കകത്തെ ഹിന്ദുത്വ വാദികൾക്കെന്നും കഴിഞ്ഞിരുന്നുവെന്നത് ചരിത്രമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കോൺഗ്രസിന്റെ രാഷ്ട്രീയശക്തിയും ആർഎസ്എസിന്റെ
സാംസ്കാരികശക്തിയും ഒന്നിച്ച് ചേരണമെന്നതായിരുന്നല്ലോ സവർക്കറുടെയും ഗോൾവാക്കറുടെയും രഹസ്യസ്വപ്നം. ഗോൾവാക്കർ തനിക്ക് അടുപ്പമുള്ള കോൺഗ്രസ് നേതാക്കൾ വഴി അതിലേക്ക് നീങ്ങിയതുമാണ്. അതിന് തടസ്സം ഗാന്ധിയാണെന്ന തിരിച്ചറിവാണല്ലോ മഹാത്മാവിന്റെ ജീവനെടുക്കുന്നതിലേക്ക് ഹിന്ദുത്വവാദികളെ എത്തിച്ചത്. ഗാന്ധി വധത്തിന് ശേഷം നെഹറുവിനെ പോലും ധിക്കരിച്ചാണല്ലോ ബാബറി പള്ളിയിൽ അതിക്രമിച്ച് കടന്നു സ്ഥാപിച്ച വിഗ്രഹങ്ങൾ അവിടെ നിലനിർത്തി മസ്ജിദ് തർക്കഭൂമിയാക്കി അടച്ചിട്ടത്.

ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിവസം രാവിലെ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി രാമജന്മഭൂമി മൂവ്മെൻറ് പ്രവർത്തകരെ കാണുന്നു. / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

1986 ൽ പൂട്ടിയിട്ട പള്ളി ഹിന്ദുത്വവാദികൾക്ക് തുറന്നുകൊടുത്തതും 1989 ഗിലാന്യാസത്തിന് അനുതി കൊടുത്തതും 1992 ൽ കർസേവകർക്ക് പള്ളി പൊളിക്കാൻ മൗനസമ്മതം നൻകിയതും ആരായിരുന്നു. അയോധ്യയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകി കൊണ്ടു കോടതി വിധിയുണ്ടായപ്പോൾ കുറ്റകരമായ മൗനം പാലിച്ചതും ക്ഷേത്ര നിർമ്മാണത്തിൽ പങ്കാളിയാക്കാത്തതിൽ പരിഭവം പ്രകടിപ്പിച്ച് വെള്ളി ശിലകൾ അയോധ്യയിലെത്തിച്ചതും ആരായിരുന്നു. ചരിത്രം എല്ലാം രേഖപ്പെടുത്തിവെച്ചിട്ടുണ്ടെന്ന് കോൺഗ്രസുസുഹൃത്തുക്കൾ മനസിലാക്കണം.
ഹിന്ദുത്വകാർഡിറക്കുന്ന ആൻറണിമാരുടെ വാമനബുദ്ധി സംഘപരിവാർ രാഷ്ട്രിയത്തിന് കേരളീയ സമൂഹത്തിന്റെ
വേരിറക്കി കൊടുക്കുന്ന വിദ്വേഷവിഭജനചിന്തകൾക്ക് വെള്ളമൊഴിലാക്കലാന്നെന്നവർ തിരിച്ചറിച്ചറിയാതെ പോകരുത്.

Comments