കുമാരനാശാന്റെ മരണത്തെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ പൂർണ്ണമായി നീക്കുന്ന പി. ചെറിയാൻ കമ്മീഷൻ അന്വേഷണറിപ്പോർട്ട് ആദ്യമായി ഇതാ പ്രസിദ്ധീകരിക്കുന്നു

കുമാരനാശാന്റെ മരണത്തെക്കുറിച്ച് നിരവധി ആരോപണങ്ങൾ പലയിടങ്ങളിലായി പ്രചരിക്കുന്നുണ്ട്. കേവലം ഊഹാപോഹമല്ലാതെ മറ്റൊന്നും അവയ്ക്കു പിറകിലില്ല. ചെറിയാൻ കമ്മീഷൻ റിപ്പോർട്ട് നശിപ്പിക്കപ്പെട്ടു എന്ന മുൻധാരണയിലാണ് അവ നിർമ്മിയ്ക്കപ്പെട്ടത്. കേരളനിയമസഭയുടെ ഡിജിറ്റൽ ആർക്കൈവ്‌സിൽ ഉള്ള ഈ റിപ്പോർട്ട് സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കി റിപ്പോർട്ടിന്റെയും മറ്റു രേഖകളുടെയും അടിസ്ഥാനത്തിൽ ആരോപണങ്ങൾക്ക് വസ്തുതാപരമായ മറുപടി നൽകുന്നു. ഒപ്പം റിപ്പോർട്ടിൻറെ പൂർണ്ണരൂപവും വായിക്കാം.

കുമാരനാശാന്റെ മരണത്തിനു കാരണമായ റെഡീമർ ബോട്ടപകടത്തെക്കുറിച്ച് അനേഷിച്ച പി. ചെറിയാൻ കമ്മീഷൻ റിപ്പോർട്ട് പൊതുമണ്ഡലത്തിൽ ലഭ്യമല്ല എന്നതുകൊണ്ട് ആ റിപ്പോർട്ടിനെക്കുറിച്ചും ആശാന്റെ മരണത്തെക്കുറിച്ചും അനേകം ഊഹാപോഹങ്ങൾ പ്രചരിച്ചിട്ടുണ്ട്. ദുരൂഹസാഹചര്യത്തിൽ ആ റിപ്പോർട്ട് അപ്രത്യക്ഷമായതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആശാന്റെ മരണം കൊലപാതകമാണെന്ന മട്ടിൽ അതിൽ പരാമർശമുണ്ടെന്നും പലരും പലമട്ടിൽ ഊഹാപോഹങ്ങളെ ഇപ്പോഴും  നിറംപിടിപ്പിച്ചുകൊണ്ടിരിക്കുന്നു.

പി. ചെറിയാൻ കമ്മീഷൻ റിപ്പോർട്ട് കണ്ടെടുത്തു പ്രസിദ്ധീകരിക്കുന്നതിലൂടെയേ ഈ ആശയക്കുഴപ്പം പരിഹരിക്കാനാവൂ. ചിലരുടെ കൈയിൽ ഈ റിപ്പോർട്ട് ഉണ്ടെന്നറിയാം, പക്ഷേ,ആരും ഇതുവരെ പൊതുമണ്ഡലത്തിൽ അത് പൂർണ്ണമായും പ്രസിദ്ധീകരിച്ച തായി അറിയില്ല. ഈയൊരു സാഹചര്യത്തിലാണ് കമ്മീഷൻ റിപ്പോർട്ടുതേടിയുള്ള അന്വേഷണം ഞാൻ ആരംഭിക്കുന്നത്. തിരിച്ചുകിട്ടാനാവാത്തവിധം ആ റിപ്പോർട്ട് നശിപ്പിക്കപ്പെട്ടു എന്ന് ബ്ലോഗുകളിലും ചാനലുകളിലും ലേഖനങ്ങളിലും ധാരാളമായി കണ്ടിരുന്നുവെങ്കിലും അങ്ങനെ വിശ്വസിക്കാൻ തോന്നിയില്ല. ഒരു രഹസ്യരേഖയല്ലാത്തതിനാൽ അത് എവിടെയെങ്കിലും കാണും എന്ന് ഉറപ്പുണ്ടായിരുന്നു. ഭാഗികമായോ പൂർണ്ണമായോ ആ റിപ്പോർട്ട് കൈയിലുള്ളവരുടെ വിവരങ്ങൾ തേടിപ്പിടിച്ചുകൊണ്ടുള്ള യാത്രയിലാണ് വിശ്വസനീയമായ ഒരു കേന്ദ്രത്തിൽ ആ റിപ്പോർട്ട് ആർക്കും ചെന്നെടുക്കാവുന്ന വിധത്തിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്നറിയുന്നത്. കേരളനിയമസഭയുടെ വെബ്‌സൈറ്റിൽ ഡിജിറ്റൽ ആർക്കൈവ്‌സ് എന്ന വിഭാഗത്തിൽ അന്വേഷണക്കമ്മീഷനുകളുടെ ഗണത്തിൽ ഈ റിപ്പോർട്ട് ലഭ്യമാണ് എന്നറിഞ്ഞപ്പോൾ തോന്നിയ ആഹ്ലാദത്തിന് കണക്കില്ല. ചരിത്രപ്രാധാന്യമുള്ള ഈ രേഖ അവിടെവനിന്നാണ് എനിക്കു ലഭിക്കുന്നത്. ഇതു സൂക്ഷിച്ചുവെച്ചതിനും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വിധത്തിൽ ക്രമീകരിച്ചതിനും കേരള നിയമസഭയോടുള്ള നന്ദി പറഞ്ഞറിയിക്കാനാവില്ല.

കുമാരനാശാന്റെ മരണവും ആരോപണങ്ങളും

ആരോപണം: ആശാൻ കിടന്ന മുകൾത്തട്ടിലെ കാബിൻ ‘ആരോ’ പുറത്തുനിന്ന് പൂട്ടിയതാണ് നീന്തൽ അറിയാമായിരുന്നിട്ടും ആശാൻ മുങ്ങിമരിക്കാൻ കാരണം. എഞ്ചിനു തൊട്ടുപിറകിലെ ഒറ്റമുറിയിലാണ് ആശാൻ കിടന്നത് എന്ന് മറ്റൊരു വ്യാഖ്യാനവുമുണ്ട്.

വാസ്തവം: ഒരു വ്യക്തിയ്ക്കു മാത്രം കിടന്നു യാത്രചെയ്യാവുന്ന ഒരു പ്രത്യേക കാബിനിലല്ല ആശാൻ യാത്രചെയ്തത്. ബോട്ടിന്റെ രണ്ടാം ക്ലാസ് ബി കാബിനിലാണ് ആശാൻ യാത്ര ചെയ്തത് എന്ന് സഹയാത്രികരുടെയും ദൃക്‌സാക്ഷികളുടെയും വിവരണമുണ്ട്. ആശാന്റെ ചരമവൃത്താന്തം എന്ന പേരിൽ 1924 ജനുവരി 31-ന് കേരളകൗമുദിയിൽ വന്ന റിപ്പോർട്ടിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. പുരുഷയാത്രക്കാർക്കുള്ള പൊതുകാബിനായിരുന്നു രണ്ടാം ക്ലാസ് ബി. ചെറിയാൻ കമ്മീഷൻ റിപ്പോർട്ടിൽ രണ്ടാം ക്ലാസ് ബി കാബിന് പതിമ്മൂന്ന് അടി രണ്ടിഞ്ച് നീളവും എട്ടടി ആറിഞ്ച് വീതിയുമുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.

ആരോപണം: ആശാന്റെ മരണത്തിനുപിന്നിൽ ‘ദുരവസ്ഥ’യുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾക്ക് പങ്കുണ്ട്.

വാസ്തവം: ബോട്ടിന്റെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയും ജെട്ടിമാസ്റ്റരുടെ ഉത്തരവാദിത്തമില്ലായ്മയും മാത്രമാണ് അപകടകാരണം എന്ന് കമ്മീഷൻ എടുത്തുപറഞ്ഞിട്ടുണ്ട്.

ആരോപണം: ആശാന്റെ മരണത്തിൽ പൊലീസ് രേഖപ്പെടുത്തിയ എഫ്. ഐ. ആർ അപ്രത്യക്ഷമായി.

വാസ്തവം: ആശാന്റെ മരണത്തിൽ മാത്രമായി പൊലീസ് എഫ്. ഐ. ആർ രേഖപ്പെടുത്തുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ല. ബോട്ടപകടത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ സർക്കാർ ഒരു അന്വേഷണക്കമ്മീഷനെ നിയോഗിക്കുകയാണുണ്ടായത്.

ആരോപണം: കാബിനിൽ ആശാന്റെ മൃതദേഹത്തോടു ചേർന്ന് ഒരു അജ്ഞാതമൃതദേഹം ഉണ്ടായിരുന്നു. അത് ആശാനെ അപകടപ്പെടുത്താൻ വന്നയാളുടേതാണ്.

വാസ്തവം: ബോട്ട് മറിഞ്ഞയിടത്തുനിന്നും 100 വാര അകലെയാണ് ആശാന്റെ മൃതദേഹം കിടന്നിരുന്നത്. കണ്ടെടുക്കുമ്പോൾ ആശാന്റെ മൃതദേഹത്തിനരികെ മറ്റൊരു മൃതദേഹവും ഉണ്ടായിരുന്നില്ല.

കുമാരനാശാന്‍

ആരോപണം: കുറെ സ്ത്രീകളെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് ആശാൻ മുങ്ങിമരിച്ചത്.

വാസ്തവം: ബോട്ടിൽ യാത്ര ചെയ്ത ഒരാളും അങ്ങനെയൊരു മൊഴി എവിടെയും നൽകിയിട്ടില്ല. ആശാനോടൊപ്പം ബോട്ടിലുണ്ടായിരുന്ന കുമാരവേലുപ്പണിക്കർ, അയ്യാവുപ്പണിക്കർ എന്നിവർ കരയിൽ നീന്തിയെത്തിയയുടൻ ആശാനെ അന്വേഷിച്ചുവെങ്കിലും ജലപ്പരപ്പിൽ ഒരിടത്തും ആശാനെ കണ്ടെത്താൻ അവർക്കു കഴിഞ്ഞിട്ടില്ല.

റെഡീമർ ബോട്ടപകടവും അന്വേഷണവും: നാൾവഴികൾ

തന്റെ കൂടി ഉടമസ്ഥതയിലുള്ള യൂണിയൻ ടൈൽവർക്സിന്റെ ഡയറക്ടർബോർഡ് യോഗത്തിൽ പങ്കെടുക്കാനായി ആലുവയിലേക്കു പോകാൻ ജനുവരി 16-നു വൈകുന്നേരമാണ് കുമാരനാശാൻ തോന്നയ്ക്കലിലെ വീട്ടിൽനിന്ന് ഇറങ്ങുന്നത്. നമ്പർ 288 തിരുവനന്തപുരം-കൊല്ലം തീവണ്ടിയിൽ വൈകീട്ട് 5.54ന് ആശാനും രണ്ടു സുഹൃത്തുക്കളും യാത്രപുറപ്പെട്ടു. ആ യാത്രയിൽ വർക്കലയിറങ്ങി ആശാൻ നാരായണഗുരുവിനെ കാണാൻ ശ്രമിച്ചുവെന്നും അതിനു സാധിക്കാതെ നിരാശനായാണ് കൊല്ലത്തേക്കുപോയതെന്നും ഒരു കഥ പ്രചാരത്തിലുണ്ട്. 6.15: ചിറയിൻകീഴ്, 6.33: കടയ്ക്കാവൂർ, 7.05: വർക്കല, 7.21: കാപ്പിൽ, 7.34: പരവൂർ, 7.44: മയ്യനാട്, 8.05: കൊല്ലം എന്നിങ്ങനെ യാത്രാസമയമൂള്ള ആ വണ്ടിയിൽനിന്ന് കുമാരനാശാൻ ഇറങ്ങി നാരായണഗുരുവിനെ വളരെനേരം കാത്തുനിന്നു എന്ന കഥ തികച്ചും അസംഭാവ്യമാണ്. തന്നെ കാണാതെ തിരിച്ചുപോയ ആശാനെക്കുറിച്ച് ‘കുമാരൻ പോയി’ എന്നും ‘അവൻ പണ്ടേ മുങ്ങിയല്ലോ’ എന്നും മറ്റും ഗുരു പ്രസ്താവിച്ചതായ കഥകളും പലരുടെയും ഭാവനാനിർമ്മിതികളാണ്.

റെഡീമർ ബോട്ടപകടത്തിന്റെയും അതിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെയും നാൾവഴികൾ ഇപ്രകാരമാണ്:

ജനുവരി 16: രാത്രി 10.30-നു റെഡീമർ ബോട്ട് കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്ക് പുറപ്പെട്ടു. ബോട്ടിലെ രണ്ടാം ക്ലാസ് ബിയിൽ കുമാരനാശാൻ യാത്രക്കാരനായുണ്ടായിരുന്നു. ആലപ്പുഴയിൽ ഇറങ്ങി ആലുവയിലേക്ക് പോകാനായിരുന്നു ആശാന്റെ ഉദ്ദേശ്യം. നാഗർകോവിൽ സ്വദേശികളായ കുമാരവേലുപ്പണിക്കർ, അയ്യാവുപ്പണിക്കർ എന്നിവരും ആശാന്റെ ഒപ്പമുണ്ടായിരുന്നു.

ജനുവരി 17: രാവിലെ അഞ്ച് മണിയ്ക്ക് പല്ലനയിൽ ബോട്ടപകടം. രക്ഷാപ്രവർത്തനം ആരംഭിച്ചു. തോട്ടപ്പള്ളിയിൽനിന്നും തൃക്കുന്നപ്പുഴ ഔട്ട്‌പോസ്റ്റിൽനിന്നും പൊലീസുകാർ എത്തിച്ചേർന്നു. കാർത്തികപ്പള്ളി മജിസ്റ്റ്രേട്ട് കുമാരപ്പിള്ളയും ഇൻസ്പക്ടർ ജനറൽ വേലുപ്പിള്ളയും ഡിവിഷൻ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ടും മെഡിക്കൽ ഓഫീസറും പലപ്പോഴായി സംഭവസ്ഥലത്ത് എത്തി. കുമാരനാശാന്റെത് ഉൾപ്പെടെ ഒൻപത് മൃതദേഹങ്ങൾ കണ്ടെത്തി. എട്ട് മണിയ്ക്ക് അന്നത്തെ രക്ഷാപ്രവർത്തനം താല്ക്കാലികമായി നിർത്തിവെച്ചു.

ജനുവരി 18: ജില്ലാ മജിസ്‌ട്രേട്ട് നാരായണൻ പണ്ടാല, ജില്ലാ പൊലീസ് സൂപ്രണ്ട് ആർ. കെ. കൃഷ്ണപ്പിള്ള എന്നിവർ സംഭവസ്ഥലത്ത് എത്തിച്ചേർന്നു. രക്ഷാപ്രവർത്തനം വിപുലീകരിക്കാൻ വലിയ വള്ളങ്ങൾ ആലപ്പുഴയിൽനിന്നും എത്തിച്ചേർന്നു. ബോട്ട് ഉയർത്താനുള്ള ശ്രമങ്ങൾ ഭാഗികമായി വിജയിച്ചു. ഹരിപ്പാടുനിന്നും ഫോട്ടോഗ്രാഫർ വന്നെത്തി. എട്ട് മൃതദേഹങ്ങൾകൂടി കണ്ടെടുത്തു.

ജനുവരി 19: റെഡീമർ ബോട്ട് ഉയർത്താനുള്ള ശ്രമങ്ങളിൽ പുരോഗതി. നാലുമണിയോടെ, കനാലിന്റെ ആഴം കുറഞ്ഞ ഭാഗത്തേക്ക് ബോട്ട് വലിച്ചുനീക്കി. രണ്ട് മൃതദേഹങ്ങൾകൂടി കണ്ടെടുത്തു.

ജനുവരി 20: രാത്രി എട്ട് മണിയോടെ ബോട്ട് പൂർണ്ണമായും ഉയർത്തി. അഞ്ച് മൃതദേഹങ്ങൾകൂടി കണ്ടെടുത്തു.

ജനുവരി 21: റെഡീമർ ബോട്ട് കസ്റ്റഡിയിൽ ഏല്പിച്ച് ഉദ്യോഗസ്ഥർ മടങ്ങി.

ജനുവരി 24: ആശാന്റെ മൃതദേഹം കണ്ടെത്തിയതിനെക്കുറിച്ച് 'മഹാകവി എൻ കുമാരനാശാൻ, അവർകളുടെ മരണം' എന്ന ശീർഷകത്തിൽ എൻ കൃഷ്ണൻ ഭാരതകാഹളത്തിൽ എഴുതിയ ദൃക്‌സാക്ഷി വിവരണം കേരളകൗമുദി പത്രത്തിൽ പുന:പ്രസിദ്ധീകരിച്ചു. അപകടത്തിൽപ്പെട്ട ബോട്ടിൽ കുമാരനാശാൻ ഉണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തിയവരിലൊരാളും എസ്. എൻ. ഡി. പി. നേതാവുമായിരുന്നു എൻ. കൃഷ്ണൻ. ഇക്കാര്യത്തിൽ ആദ്യമായി ലഭിക്കുന്ന ആധികാരിക വിവരണമാണിത്.

ജനുവരി 31: പി. ചെറിയാൻ (റിട്ട. ഹൈക്കോടതി ജഡ്ജി) അദ്ധ്യക്ഷനും ഡബ്ലിയു. എച്ച്. പിറ്റ് (കമ്മീഷണർ ഓഫ് പൊലീസ്), കെ. വി. നടേശ അയ്യർ (ചീഫ് എഞ്ചിനീയർ), എൻ. കുമാരൻ (നിയമസഭാംഗം), എം. ആർ. മാധവ വാര്യർ (നിയമസഭാംഗം) എന്നിവർ അംഗങ്ങളുമായി അന്വേഷണക്കമ്മീഷൻ രൂപവത്കരിച്ചുകൊണ്ട് തിരുവിതാംകൂർ സർക്കാർ ഉത്തരവായി.

ഏപ്രിൽ 5: അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിനു കാരണമായി നാലുകാര്യങ്ങളായിരുന്നു കമ്മീഷൻ കണ്ടെത്തിയത്.

എ. ബോട്ടിന്റെ അമിതഭാരം. 95 പേർക്ക് കയറാവുന്ന ബോട്ടിൽ അന്ന് 119 മുതിർന്നവർ, ഒൻപത് കുട്ടികൾ, എട്ട് ബോട്ട് ജീവനക്കാർ, 61 ക്യൂബിക് ടൺ ചരക്ക് എന്നിങ്ങനെ അമിതഭാരം ഉണ്ടായിരുന്നു.

ബി. മുകൾഡക്കിൽ സാമാന്യത്തിലധികം ആൾത്തിരക്ക് ഉണ്ടായിരുന്നതിനാൽ മേൽത്തട്ടിലും അമിതഭാരം ഉണ്ടായിരുന്നു.

സി. പല്ലനയിലെ വൃത്താകാരത്തിലുള്ള വളവു തിരിയുമ്പോൾ ബോട്ട് അമിതവേഗതയിലായിരുന്നു.

ഡി. ബോട്ട് ജീവനക്കാരുടെ കഴിവുകേടും അശ്രദ്ധയും കാരണം ബോട്ടിന്റെ നിയന്ത്രണം നഷ്ടമായി.

ജൂൺ 17: അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു.

പി. ചെറിയാൻ കമ്മീഷൻ റിപ്പോർട്ട് പൂർണ്ണരൂപത്തിൽ പുറത്തുവരുന്നതോടെ അസത്യപ്രചാരണങ്ങൾക്കും ഊഹാപോഹങ്ങൾക്കും കെട്ടുകഥകൾക്കും അവസാനമാകും എന്നു പ്രതീക്ഷിക്കുന്നു. ഏറ്റവും ചുരുങ്ങിയത്, കുമാരനാശാൻ മരിച്ചത് 1924 ജനുവരി 16-ന് അല്ല, ജനുവരി 17-നാണ് എന്നെങ്കിലും ആളുകൾ തിരിച്ചറിയുമല്ലോ. സ്വയം സസാരിക്കുന്ന ഈ റിപ്പോർട്ട് വായനക്കാർ സ്വയം വിലയിരുത്തട്ടെ. ഈ റിപ്പോർട്ട് കാത്തുസൂക്ഷിച്ചതിന് കേരളനിയമസഭയുടെ അധികാരികൾക്ക് ഒരിക്കൽക്കൂടി നന്ദി.


പി. ചെറിയാൻ കമ്മീഷൻ റിപ്പോർട്ട് പൂര്‍ണരൂപത്തില്‍ വായിക്കാം.


രാജേന്ദ്രൻ എടത്തുംകര

കഥാകൃത്ത്, നോവലിസ്റ്റ്, സാഹിത്യനിരൂപകൻ. കോഴിക്കോട് മടപ്പള്ളി ഗവ. കോളേജിൽ മലയാള വിഭാഗത്തിൽ അസിസ്റ്റൻറ്​ പ്രൊഫസർ. നിഗൂഢഭാഷയുടെ ഒന്നാം ദിവസം (കഥ), ആഖ്യാനങ്ങളുടെ പുസ്തകം (നിരൂപണം), ഞാനും ബുദ്ധനും (നോവൽ), കിളിമഞ്ജാരോ ബുക്‌സ്റ്റാൾ (നോവൽ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments