കുന്നംകുളത്ത് ഒരുവട്ടം കൂടി ഭാഗ്യപരീക്ഷണത്തിന് സി.എം.പി നേതാവ് സി.പി. ജോൺ ഇല്ല. 2011ൽ ബാബു എം. പാലിശ്ശേരിയോട് വെറും 481 വോട്ടിനായിരുന്ന ജോണിന്റെ തോൽവി. അപരനായ ജോൺ നേടിയതാകട്ടെ 860 വോട്ട്. 2016ൽ മന്ത്രി എ.സി. മൊയ്തീൻ 7778 വോട്ടിനാണ് ജോണിനെ തോൽപ്പിച്ചത്. ഇത്തവണ സി.പി. ജോണിനെ ഉറപ്പുള്ള ഒരു സീറ്റിൽ നിർത്തി വിജയിപ്പിക്കണമെന്ന് കോൺഗ്രസ്- ലീഗ് ധാരണയുണ്ട്. അതനുസരിച്ച് മലബാറിലെ ഏതെങ്കിലും ഉറപ്പുള്ള സീറ്റ് ജോണിന് നൽകും. അതേസമയം, സ്ഥാനാർഥിയായില്ലെങ്കിലും കുന്നംകുളത്തെ സീറ്റ് സി.എം.പിക്കു തന്നെ വേണമെന്ന് ജോൺ ആവശ്യപ്പെടുന്നുണ്ടെങ്കിലും, ധാരണ അനുസരിച്ച് കോൺഗ്രസ് തന്നെ മണ്ഡലം ഏറ്റെടുക്കാനാണ് സാധ്യത. ഏറ്റെടുക്കുംമുമ്പേ കുന്നംകുളം കോൺഗ്രസിന് തലവേദനയായിരിക്കുകയാണ്, കാരണം, വയോധികർ മുതൽ യുവാക്കൾ വരെയുള്ള, തൃശൂർ ജില്ലയിലെ അഭ്യുദയകാംക്ഷികളുടെ നിര കുന്നംകുളത്തിനുവേണ്ടി അണിനിരന്നുകഴിഞ്ഞു.
ലൈഫ് മിഷൻ ഭവനപദ്ധതി ക്രമക്കേടും മറ്റും ഉയർത്തി മൊയ്തീനെതിരെ പോരാട്ടം കടുപ്പിക്കാമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്, അപ്പോൾ മികച്ച പ്രതിച്ഛായയുള്ള ഒരു സ്ഥാനാർഥിയെ നിർത്തിയാൽ വേണമെങ്കിൽ കുന്നംകുളം കൂടെപ്പോരും എന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. എന്നാൽ, സീറ്റുമോഹികളുടെ വൻമതിൽ പൊളിച്ചിട്ടുവേണ്ടേ അകത്തുകടക്കാൻ...
മുൻ ജില്ല പഞ്ചായത്തംഗം കെ. ജയശങ്കർ, വി. വേണുഗോപാൽ എന്നിവരുടെ പേരാണ് ഇപ്പോൾ കേൾക്കുന്നത്. ഒപ്പം, മുമ്പ് കുന്നംകുളത്തുനിന്ന് ജയിച്ചിട്ടുള്ള മുൻ മന്ത്രി കെ.പി. വിശ്വനാഥൻ, ടി.വി. ചന്ദ്രമോഹൻ എ ന്നിവരുടെയും മുൻമന്ത്രി സി.എൻ. ബാലകൃഷ്ണന്റെ മകൾ സി.ബി. ഗീതയുടെയും പേരുകൾ സജീവമാണ്.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാറാകും പാർട്ടി സ്ഥാനാർഥി. 2016ൽ അദ്ദേഹം 29,287 വോട്ട് നേടിയിരുന്നു.
ഇരുമുന്നണികളെയും മാറിമാറി വിജയിപ്പിച്ച മണ്ഡലമാണിത്. 1957ൽ സി.പി.ഐയിലെ ടി.കെ. കൃഷ്ണൻ ആദ്യ എം.എൽ.എയായി. 1960ൽ കോൺഗ്രസിലെ പി.ആർ. കൃഷ്ണനാണ് ജയിച്ചത്. 1967, 70 വർഷങ്ങളിൽ സി.പി.എമ്മിന്റെ എ.എസ്.എൻ. നമ്പീശനും ടി.കെ. കൃഷ്ണനും വിജയിച്ചു. 1977ൽ കോൺഗ്രസിനുവേണ്ടി കെ.പി. വിശ്വനാഥൻ മണ്ഡലം പിടിച്ചു. തുടർന്ന് രണ്ടു തവണ സി.പി.എമ്മിന്റെ കെ.പി. അരവിന്ദാക്ഷനാണ് ജയിച്ചത്. 1991ൽ കോൺഗ്രസിലെ ടി.വി. ചന്ദ്രമോഹൻ അരവിന്ദാക്ഷനെ തോൽപ്പിച്ചു. 1996ൽ സി.പി.എമ്മും 2001ൽ കോൺഗ്രസും മാറി മാറി ജയിച്ചു. 2006, 2011 വർഷങ്ങളിൽ സി.പി.എമ്മിലെ ബാബു എം. പാലിശ്ശേരിയാണ് ജയിച്ചത്.
കുന്നംകുളം നഗരസഭയും ചൊവ്വന്നൂർ, എരുമപ്പെട്ടി, കടങ്ങോട്, കടവല്ലൂർ, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ പഞ്ചായത്തുകളും അടങ്ങിയതാണ് മണ്ഡലം.