രാഷ്ട്രീയ പാർട്ടികൾ തന്നെ വിചാരിക്കണം, കുന്നത്തുനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനെയും ജനവിധിയെയും ഹൈജാക്ക് ചെയ്യുന്നതിൽനിന്ന് ഒരു കമ്പനിയെ തടയാൻ. അത്തരമൊരു നിലപാടിനുമാത്രമേ, ഇവിടുത്തെ വോട്ടുകളെ പൂർണമായും രാഷ്ട്രീയവോട്ടാക്കി മാറ്റാനാകൂ, നിറംപിടിപ്പിച്ച കോർപറേറ്റ് നുണകളെ പൊളിച്ചുകാട്ടാനാകൂ, ഔദാര്യത്തിന്റെയും സമ്പത്തിന്റെയും ഹുങ്കിൽ അധികാരം പിടിച്ചടക്കുന്ന അശ്ലീലം അവസാനിപ്പിക്കാനാകൂ.
സി.പി.എമ്മിനും കോൺഗ്രസിനും അടിത്തറയുള്ള ഇവിടെ യു.ഡി.എഫും എൽ.ഡി.എഫും ട്വന്റി ട്വന്റി എന്ന അപകടത്തെ എങ്ങനെയാണ് നേരിടാൻ പോകുന്നത് എന്ന് കാണാൻ കാത്തിരിക്കുകയാണ് കേരളം. ഒരു കോർപറേറ്റ് കമ്പനിയുടെ അരാഷ്ട്രീയ സംവിധാനത്തിന് ജനവിധിയെ തട്ടിയെടുക്കുംവിധം സ്വാധീനമുണ്ടാക്കാൻ കഴിയുന്നതിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങൾ ഈയൊരു മണ്ഡലത്തിന്റെ മാത്രം ആശങ്കാവിഷയമാകേണ്ടതല്ല, അതിന്റെ വ്യാപനം തടയാനുള്ള തുടക്കം കുറിക്കേണ്ടത് കുന്നത്തുനാട്ടിൽ, ഈ മുന്നണികൾ തന്നെയാണ്.
2016ൽ സി.പി.എമ്മിലെ ഷിജി ശിവജിയെ 2679 വോട്ടിനാണ് കോൺഗ്രസിലെ വി.പി. സജീന്ദ്രൻ തോൽപ്പിച്ചത്. 2011ൽ സജീന്ദ്രന് 8732 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇത്തവണയും സജീന്ദ്രൻ തന്നെയാകും കോൺഗ്രസ് സ്ഥാനാർഥി. ഇത്തവണ കാര്യങ്ങൾ അത്ര പന്തിയല്ലെന്നുകണ്ട് മണ്ഡലം മാറാൻ ശ്രമം നടത്തിയെങ്കിലും ഒടുവിൽ ഇവിടെത്തന്നെ തുടരാനായിരുന്നു പാർട്ടി നേതൃത്വത്തിന്റെ നിർദേശം.
സി.പി.എമ്മിലാകട്ടെ, സ്ഥാനാർഥിയോടുള്ള അനിഷ്ടം ‘സേവ് സി.പി.എം' ആയി മതിലുകളിൽ നിരന്നുകഴിഞ്ഞു. യൂത്ത് കോൺഗ്രസ് മുൻ നേതാവ് പി.വി. ശ്രീനിജനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. രണ്ടുവർഷം മുമ്പാണ് അദ്ദേഹം സി.പി.എമ്മിൽ ചേർന്നത്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകൻ കൂടിയാണ് ശ്രീനിജൻ. പാർട്ടിക്കുവേണ്ടി ജീവിക്കുന്ന നിരവധി പേരുണ്ടായിട്ടും മുൻ യൂത്ത് കോൺഗ്രസുകാരനെ കെട്ടിയിറക്കിയതിലാണ് പ്രതിഷേധം: ‘‘കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ്? സെക്രട്ടറിയോ, സെക്രട്ടേറിയറ്റോ? പ്രതിഷേധിക്കുക സഖാക്കളെ..'' എന്നാണ് പോസ്റ്ററിലുള്ളത്.
ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന, കുന്നത്തുനാട്ടിൽ വിജയം ഉറപ്പെന്ന് അവകാശപ്പെടുന്ന ട്വന്റി ട്വന്റിയുടെ സ്ഥാനാർഥി സുജിത്ത് പി. സുരേന്ദ്രനാണ്. ബംഗളൂരു പ്രസിഡൻസി സ്‌കൂൾ ഓഫ് ലോയിൽ അസോസിയേറ്റ് പ്രൊഫസറായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും കിഴക്കമ്പലം പഞ്ചായത്തിൽ ജയിച്ച ട്വന്റി ട്വന്റി ഇത്തവണ കുന്നത്തുനാടിനുപുറമേ നിയമസഭ മണ്ഡലത്തിന്റെ ഭാഗമായ ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകളിലും ഭരണം പിടിച്ചിരുന്നു. ഐക്കരനാട്ടിൽ മുഴുവൻ സീറ്റും അവരാണ് നേടിയത്. യു.ഡി.എഫ് വോട്ടുകളാണ് ട്വന്റി ട്വന്റിക്ക് പോയത്. അവർ ജയിച്ച നാലു പഞ്ചായത്തുകളിലും കോൺഗ്രസ് വോട്ടാണ് ചോർന്നത്.
തോൽവിക്ക് കാരണം കണ്ടെത്താനാകാതെ പകച്ചുനിൽക്കുകയാണ് യു.ഡി.എഫ്. മണ്ഡലം മാറാനുള്ള സിറ്റിങ് എം.എൽ.എയുടെ നീക്കം ഈ പകപ്പിനെതുടർന്നായിരുന്നു. ട്വൻറി ട്വൻറിയാകട്ടെ, അരാഷ്ട്രീയ മധ്യവർഗത്തെ ഒരു വോട്ടുബാങ്കാക്കി മാറ്റിക്കൊണ്ടിരിക്കുകയുമാണിവിടെ. നാലുവീടുകൾക്ക് ഒരു പ്രവർത്തകൻ, അഡ്വൈസറി ബോർഡ്, ഷെഡ്യൂളിങ് തുടങ്ങിയ സെറ്റപ്പുകളാണ് പ്രചാരണത്തിന്. മൈക്കുകെട്ടി പ്രചാരണവും വലിയ പ്രകടനങ്ങളുമൊന്നുമില്ല. ആളുകളോട് പറയാനുള്ളത് അവരുടെ ചെവിയിലോതിക്കൊടുക്കും. അഭിപ്രായങ്ങൾ തുറന്നുപറഞ്ഞും വിഷയങ്ങളിൽ നിലപാടെടുത്തും ജനങ്ങളുടെ ശത്രുത സമ്പാദിക്കില്ല.
മണ്ഡലത്തിൽ എട്ടുതവണ കോൺഗ്രസും അഞ്ചുതവണ സി.പി.എമ്മുമാണ് ജയിച്ചത്. 2006ൽ എം.എം. മോനായിയാണ് അവസാനമായി ജയിച്ച സി.പി.എം സ്ഥാനാർഥി.
967ലാണ് കുന്നത്തുനാട് മണ്ഡലം രൂപീകൃതമാകുന്നത്. മൂന്നാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ എം.കെ. കൃഷ്ണൻ ജയിച്ചു. 1970ൽ ആർ.എസ്.പിയുടെ ടി.എ. പരമനായിരുന്നു ജയം. 1977, 1980 വർഷങ്ങളിൽ സി.പി.എമ്മിന്റെ പി.ആർ. എൽദോസിനായിരുന്നു ജയം. 1982 മുതൽ കോൺഗ്രസിന്റെ ഉറച്ച മണ്ഡലം. 1991 വരെ മൂന്നുതവണ തുടർച്ചയായി ടി.എച്ച് മുസ്തഫ. 1996ൽ എം.പി വർഗീസിലൂടെ സി.പി.എം പിടിച്ചെടുത്തു. 2001ൽ വീണ്ടും മുസ്തഫ. 2006ൽ സി.പി.എമ്മിന്റെ എം.എം മോനായി. 2011, 2016 വർഷങ്ങളിൽ വി.പി സജീന്ദ്രൻ.
കുന്നത്തുനാട് താലൂക്കിലെ ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് മണ്ഡലം. 2008ൽ പുനർനിർണയത്തിനുശേഷം പട്ടിക ജാതി സംവരണ മണ്ഡലമാണ്.