കുട്ടനാട്ടിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും സ്ഥാനാർഥികളായി. എൽ.ഡി.എഫ് സ്ഥാനാർഥിയായി എൻ.സി.പി സംസ്ഥാന സമിതി അംഗം തോമസ് കെ. തോമസിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. മുൻമന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ്. തോമസ് ചാണ്ടിയുടെ മരണത്തെതുടർന്ന് നടക്കാനിരുന്ന ഉപതെരഞ്ഞെടുപ്പിലും തോമസ് കെ. തോമസിനായിരുന്നു സാധ്യത. എന്നാൽ, ഉപതെരഞ്ഞെടുപ്പ് നടന്നില്ല. യു.ഡി.എഫിൽ ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്ന ഇവിടെ, ജേക്കബ് എബ്രഹാമായിരിക്കും സ്ഥാനാർഥി.
എൻ.സി.പിക്ക് ജയസാധ്യതയുള്ള മണ്ഡലത്തിൽ, ജനാധിപത്യ കേരള കോൺഗ്രസിലെ പൊട്ടിത്തെറി എൽ.ഡി.എഫിന് ഭീഷണിയായിരിക്കുകയാണ്. ജനാധിപത്യ കേരള കോൺഗ്രസ്, സംസ്ഥാന പ്രസിഡന്റ് ഡോ. കെ.സി.
ജോസഫിനുവേണ്ടി കുട്ടനാട് സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുട്ടനാട് നിഷേധിച്ചുവെന്നുമാത്രമല്ല, സി.പി.എം, പാർട്ടി വൈസ് ചെയർമാൻ ആന്റണി രാജുവുമായി രഹസ്യധാരണയിലെത്തി, അദ്ദേഹത്തിന് തിരുവനന്തപുരം സെൻട്രൽ നൽകിയെന്നും കെ.സി. ജോസഫ് പക്ഷം പറയുന്നു. ജനാധിപത്യ കേരള കോൺഗ്രസിന് ഒരു സീറ്റു മാത്രമായതോടെ, കെ.സി. ജോസഫിന് എവിടെയും മത്സരിക്കാനാകാത്ത സ്ഥിതിയാണ്.
1982 മുതൽ 2001 വരെ അഞ്ചുതവണ കുട്ടനാട് എം.എൽ.എയായിരുന്നു ജോസഫ്. അദ്ദേഹത്തിന് കുട്ടനാട്ടിലെ വോട്ടർമാർക്കിടയിലുള്ള സ്വാധീനം കണക്കിലെടുത്ത്, സ്വതന്ത്രനായി മത്സരിപ്പിക്കണമെന്ന ആവശ്യവും പ്രാദേശിക പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ട്. ഇതോടെ, കെ.സി. ജോസഫിന്റെ നിലപാട് നിർണായകമായിരിക്കുകയാണ്. അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചാൽ, ആ പഴുതിലൂടെ ജയിച്ചുകയറാമെന്നാണ് പി.ജെ. ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷ.
തോമസ് ചാണ്ടിയുടെ മരണശേഷം, കെ.സി. ജോസഫിനെ കുട്ടനാട്ടിൽ സ്ഥാനാർഥിയാക്കാൻ ജോസഫ് വിഭാഗം നേതാക്കൾ തങ്ങളെ സമീപിച്ചിരുന്നുവെന്ന് നേരത്തെ ആന്റണി രാജു വെളിപ്പെടുത്തിയിരുന്നു. ജനാധിപത്യ കേരള കോൺഗ്രസിലെ കാര്യങ്ങൾ അത്ര പന്തിയിലല്ല നീങ്ങുന്നത്. ഇത് എൽ.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്ക, പ്രവർത്തകർക്കുണ്ട്.
യു.ഡി.എഫിലും കാര്യങ്ങൾ അത്ര പന്തിയല്ല. കുട്ടനാട് സ്ഥിരമായി കേരള കോൺഗ്രസിന് വിട്ടുകൊടുക്കുന്നതിനെതിരെ ഡി.സി.സി യോഗത്തിൽ കടുത്ത അമർഷമുണ്ടായി. ജില്ലയിൽ ഘടകകക്ഷികൾക്ക് സ്വാധീനം കുറവായതിനാൽ, പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകർ തന്നെ നേതൃത്വം വഹിക്കേണ്ടിവരുന്നുവെന്നായിരുന്നു അവരുടെ വാദം.
ബി.ഡി.ജെ.എസിനാണ് കുട്ടനാട് ബി.ജെ.പി വിട്ടുകൊടുത്തിട്ടുള്ളത്. എൻ.ഡി.എ കൺവീനർ കൂടിയായ തുഷാർ വെള്ളാപ്പള്ളിയുടെ പേര് കുട്ടനാട്ടിലും പറഞ്ഞുകേൾക്കുന്നുണ്ട്. കഴിഞ്ഞ തവണ സുഭാഷ് വാസുവിന് 33,000 വോട്ട് ലഭിച്ചിരുന്നു. തോമസ് കെ. തോമസിന്റെ സ്ഥാനാർഥിത്വത്തെ വിമർശിച്ച് എസ്.എൻ.ഡി.പിയും രംഗത്തെത്തിയിട്ടുണ്ട്. കുട്ടനാട് ആരുടെയും കുടുംബസ്വത്തല്ലെന്നും തോമസ് ചാണ്ടിയുടെ അനിയന് മത്സരിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചോദിക്കുന്നു.