കലാപം ശമിച്ചു, കുറ്റ്യാടി ഇപ്പോൾ ശാന്തമാണ്.
ജോസ് കെ. മാണിയുടെ പാർട്ടിക്കുവേണ്ടി കുറ്റ്യാടിയിലെ സി.പി.എമ്മുകാർ ഒരു പ്രതിഷേധവുമില്ലാതെ വോട്ടുചോദിക്കും, ഏപ്രിൽ ആറിന് രണ്ടിലയിൽ തന്നെ വിരലമർത്തും. കാരണം, പ്രതിഷേധം കണ്ട് പേടിക്കുന്ന പാർട്ടിയല്ലിത്. പാർട്ടി പറയുന്നത് അണികൾ അംഗീകരിക്കുന്നതാണ് സംഘടനാരീതി. ‘ഇങ്ങനെ പോയാൽ പാർട്ടിയുണ്ടാകും, പിന്നിൽ ജനങ്ങളുണ്ടാകില്ല' എന്നൊക്കെയുള്ള വികാരവാക്യങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടുകണ്ടു. പക്ഷെ, ഒരു വികാരവുമില്ലാത്തവരാണ് തങ്ങൾ എന്ന് കുറ്റ്യാടിയിലെ അണികൾ തെളിയിക്കും. തിളച്ചുമറിഞ്ഞവർ ആറിത്തണുക്കും, പാർട്ടി ആജ്ഞാപിക്കും, രണ്ടിലയെ ജയിപ്പിക്കും.
ഇത്തവണ അണികൾ വലിയ ആവേശത്തിലായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ അഞ്ചെണ്ണവും നേടാനായതാണ് ആവേശം നിറച്ചത്. ഈ മുന്നേറ്റം തുടരാനായാൽ 2016ലെ 1157 എന്ന നേരിയ ഭൂരിപക്ഷം നിഷ്പ്രയാസം മറികടക്കാമെന്ന് ഉറപ്പായിരുന്നു. കെ.പി. കുഞ്ഞഹമ്മദ് കുട്ടി സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിൽ പോസ്റ്റുറുകളും ഇറങ്ങി. അങ്ങനെ മണ്ഡലം തിരിച്ചുപിടിക്കുക അണികളുടെ അഭിപ്രായപ്രശ്‌നമായി. കുഞ്ഞഹമ്മദ് കുട്ടി ലീഡറായി എൽ.ഡി.എഫിന്റെ മണ്ഡലം പ്രചാരണജാഥയും നടന്നു. അണികൾ അതിനെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ നാന്ദിയുമാക്കി.
അപ്പോഴാണ് പൊടുന്നനെ, മണ്ഡലത്തിൽ നൂറ് വോട്ടുപോലും തികച്ചെടുക്കാനില്ലാത്ത ഒരു പാർട്ടി പൊടുന്നനെ കുറ്റ്യാടിയിൽ പൊട്ടിവീണത്. ചോരയോട്ടമുള്ള പാർട്ടിക്കാർക്ക് സഹിക്കാനാകുമോ? കുട്ടികളും സ്ത്രീകളുമടക്കമുള്ള പ്രവർത്തകർ രണ്ടും കൽപ്പിച്ച് തെരുവിലിറങ്ങി, പാർട്ടിക്കെതിരായല്ല, പാർട്ടിക്കുവേണ്ടിത്തന്നെ.
പട കണ്ട് പേടിച്ച് അസ്ത്രം താഴെയിട്ട് അങ്കത്തട്ടിൽ തളർന്നിരുന്ന്, തിരുവമ്പാടിയായാലും മതി എന്ന് യാചിച്ച ജോസിനെ അരിവാൾ ചുറ്റിക നക്ഷത്രം കാട്ടി വീര്യം തിരിച്ചുനൽകുകയായിരുന്നു സി.പി.എം എന്ന സാരഥി.
കുറ്റ്യാടി തന്നെ വേണമെന്ന് പാർട്ടിക്ക് ഒരു നിർബന്ധവുമില്ലെന്നും മുന്നണിയുടെ കെട്ടുറപ്പിനാണ് പ്രാധാന്യമെന്നും ജോസിന്റെ ജില്ലാ നേതൃയോഗം, കേരള കോൺഗ്രസുകാരിൽ മഷിയിട്ടുനോക്കിയാൽ പോലും കാണാനാകാത്ത അത്ര ഐക്യബോധത്തോടെ സി.പി.എമ്മിനോട് പറഞ്ഞതാണ്.
എന്നാൽ, കുറ്റ്യാടിയിൽ രണ്ടില തന്നെ വേണമെന്ന നിർബന്ധം സി.പി.എമ്മിനായിരുന്നു. പ്രതിഷേധമൊന്നും കണക്കിലെടുക്കേണ്ട, കുറ്റ്യാടിയിൽ തന്നെ മത്സരിക്കണം എന്ന് പാർട്ടിക്ക് ചോരയും നീരും നൽകിയ അണികളോടുള്ള വാശിതീർക്കാനെന്ന വണ്ണം ജോസിനെ നിർബന്ധിക്കുകയും ചെയ്തു, സി.പി.എം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അച്ചടക്കവാൾ വീശി ആ അണികളെ നിശ്ശബ്ദരാക്കാമെന്നും ഉറപ്പുനൽകി. ‘സി.പി.ഐ.എമ്മിലും സ്ഥാനാർഥി തർക്കമാണെന്ന് വരുത്തിത്തീർക്കാനുള്ള കൗശലപൂർവമായ നീക്കങ്ങളാണ് വലതുപക്ഷ മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്' എന്നൊരു ഫേസ്ബുക്ക് പോസ്റ്റും കെ.പി. കുഞ്ഞഹമ്മദ് കുട്ടിയുടെ പേരിലിറക്കി ശുഭത്തിനുമേൽ അവസാന ആണിയുമടിച്ചു.
കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയിലാണ് കേരള കോൺഗ്രസ് മത്സരിച്ചിരുന്നത്. പേരാമ്പ്രക്കുപകരം തിരുവമ്പാടി മതി എന്ന് കേരള കോൺഗ്രസ് പറഞ്ഞിട്ടും എന്തിന് അവർക്കുപോലും വേണ്ടാത്ത കുറ്റ്യാടി കെട്ടിയേൽപ്പിച്ചു എന്ന പ്രവർത്തകരുടെ ചോദ്യത്തിന് നേതാക്കൾക്ക് മറുപടിയില്ല. പ്രവർത്തകരുടെ പ്രതിഷേധം 'തെറ്റായ കീഴ്‌വഴക്കം' എന്നാണ് സി.പി.എം വിമർശിച്ചത്. എന്നാൽ, പ്രവർത്തകരുടെ പ്രതിഷേധമാണോ അതിന്റെ സത്ത ഒന്നു പരിഗണിക്കുകപോലും ചെയ്യാത്ത നേതൃത്വ ദുഃശ്ശാഠ്യമാണോ ശരിക്കും ‘തെറ്റായ കീഴ്‌വഴക്കം?'
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാലാണ് ജോസ് കെ. മാണി വിഭാഗം സ്ഥാനാർഥി. സി.പി.എം പ്രവർത്തകർക്കൊപ്പമായിരിക്കും തന്റെ പ്രചാരണമെന്നാണ് വിനീതനായ അദ്ദേഹത്തിന്റെ മൊഴി. പ്രചാരണം തുടങ്ങിയിട്ടില്ല. സി.പി.എം അതിനും മുഹൂർത്തം കുറിച്ചിട്ടുണ്ട്; നാളെ പാർട്ടി വിശദീകരണയോഗത്തിനുശേഷമായിരിക്കും മുഹമ്മദ് ഇക്ബാൽ ഇറങ്ങുക. പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ കുറ്റ്യാടിയിലെത്തും.
പാറക്കൽ അബ്ദുള്ള തന്നെയാണ് മുസ്‌ലിം ലീഗ് സ്ഥാനാർഥി. വെള്ളിയാഴ്ച ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിനുമുമ്പേ പ്രചാരണം തുടങ്ങിയ അദ്ദേഹം വികസന ജാഥയുമായി മണ്ഡലത്തിലുടനീളം എത്തിക്കഴിഞ്ഞു. സി.പി.എമ്മിലെ പ്രതിഷേധം മുഴുവൻ തനിക്കുള്ള വോട്ടായി മാറുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
കുറ്റ്യാടിയിലെ ജനവിധി കേരളം മുഴുവൻ കാത്തിരിക്കുകയാണ്: തെരുവിലിറങ്ങിയ ആ സി.പി.എം പ്രവർത്തകർക്ക് ജയിപ്പിക്കാനും തോൽപ്പിക്കാനും ബാധ്യസ്ഥതയുള്ളത് ഒരിക്കലും ദഹിക്കാത്ത രണ്ടു ചിഹ്‌നങ്ങളാണ്; രണ്ടിലയും കോണിയും...
2008ലെ പുനർനിർണയത്തിലൂടെയാണ് കുറ്റ്യാടി മണ്ഡലം നിലവിൽ വന്നത്. പഴയ മേപ്പയൂർ മണ്ഡലത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുന്ന ഇവിടെ 2011ലെ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ.കെ. ലതിക 6792 വോട്ടിനാണ് മുസ്‌ലിം ലീഗിന്റെ സൂപ്പി നരിക്കാട്ടേരിയെ തോൽപ്പിച്ചത്. 2016ൽ ലതികയെ ലീഗിന്റെ പാറയ്ക്കൽ അബ്ദുള്ള 1157 വോട്ടിനാണ് തോൽപ്പിച്ചത്.