പണ്ടാര ഭൂമി പിടിച്ചെടുത്ത് ലക്ഷദ്വീപിലെ മനുഷ്യരെ കുടിയിറക്കാൻ വീണ്ടും നീക്കം

പരാതിക്കാരുടെ ഹർജിയിൽ, കലക്ടറുടെ ഉത്തരവിൽ തുടർനടപടി പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട കേസ് ജൂലൈ രണ്ടിന് പരിഗണിക്കും.

വികസനപ്രവർത്തനങ്ങളുടെ മറവിൽ ലക്ഷദ്വീപിലെ ജനങ്ങൾക്കുമേൽ ദ്വീപ് ഭരണകൂടത്തിന്റെ കൈയേറ്റം വീണ്ടും. ലക്ഷദ്വീപിലെ മുഴുവൻ പണ്ടാര ഭൂമിയും പിടിച്ചെടുക്കാനാണ് കലക്ടറുടെ ഉത്തരവ്. ജന്മം ഭൂമി, പണ്ടാരം ഭൂമി എന്നിങ്ങനെയുള്ള ഭൂമികളാണ് ദ്വീപിലുള്ളതെന്നും ഇതിൽ പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് പിടിച്ചെടുക്കൽ നടപടി. കൃഷിക്കും മറ്റും നൽകിയ പണ്ടാരം ഭൂമി ജനങ്ങൾക്ക് ലീസിന് നൽകിയതാണെന്നും അതിൽ അവർക്ക് ഉടമസ്ഥാവകാശമില്ലെന്നുമാണ് ഉത്തരവിൽ പറയുന്നത്.

എന്നാൽ, പരാതിക്കാരുടെ ഹർജിയിൽ, ഉത്തരവിൽ തുടർനടപടി പാടില്ലെന്ന് ഹൈകോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട കേസ് ജൂലൈ രണ്ടിന് പരിഗണിക്കും. 2023-ൽ സമാനമായ രീതിയിൽ, പണ്ടാരം ഭൂമി സർക്കാർ ഭൂമിയാണ് എന്ന ബോർഡ് ഭരണകൂടം സ്ഥാപിച്ചിരുന്നു. ഇതിനെതിരായ ഹർജികളിൽ ഹൈക്കോടതി അന്ന് നൽകിയ സ്റ്റേയാണ് ഇന്ന്, രണ്ടു മാസം കൂടി നീട്ടി നൽകിയത്.

തിരിച്ചുപിടിക്കുന്ന ഭൂമിക്ക് ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കില്ല. നിരവധി പേരുടെ ഭൂമികളാണ് ഇങ്ങനെ നഷ്ടമാകുക. വർഷങ്ങളായി ദ്വീപിൽ താമസിക്കുന്നവരും കെട്ടിടം നിർമിച്ചവരും ഇവരിലുണ്ട്.

പണ്ടാരം ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി കെട്ടിടങ്ങൾ ഇതിനകം അധികൃതർ ഇടിച്ചുനിരത്തിയിട്ടുണ്ട്.
പണ്ടാരം ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി കെട്ടിടങ്ങൾ ഇതിനകം അധികൃതർ ഇടിച്ചുനിരത്തിയിട്ടുണ്ട്.

1965- ലെ ലാൻഡ് ആക്റ്റ് പ്രകാരം ദ്വീപ് നിവാസികൾക്ക് കൃഷിആവശ്യത്തിന് സർക്കാർ ലീസിന് കൊടുത്ത ഭൂമിയാണിതെന്നും ആയതിനാൽ വികസനത്തിനായി അത് തിരി​ച്ചുപിടിക്കാൻ സർക്കാറിന് അവകാശമുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം. പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്ന് ആവർത്തിച്ചു പറയുന്ന ഉത്തരവിൽ ഭൂമിക്ക് നഷ്ടപരിഹാരം ഉണ്ടാവില്ലെന്നും പണ്ടാരം ഭൂമി ഉടമസ്ഥാവകാശം സർക്കാറിൽ നിക്ഷിപ്തമാണെന്നും വ്യക്തമാക്കുന്നു: ‘‘റോഡ്, ആശുപത്രി, സ്‌കൂൾ, തുറമുഖം, ടൂറിസം പ്രൊജക്ടുകൾ തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ ലക്ഷദ്വീപിലേക്ക് വരുന്നുണ്ട്. അതിന് ഭൂമി കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എപ്പോൾ വേണമെങ്കിലും ഈ ഭൂമി സർക്കാറിലേക്ക് തിരിച്ചെടുക്കാനുള്ള നിക്ഷിപ്ത അധികാരം സർക്കാറിനുണ്ട്. ആയതിനാൽ ഈ ഭൂമി തിരിച്ചെടുക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് പോവുകയാണ്’’ - ഉത്തരവിൽ പറയുന്നു.

ലക്ഷദ്വീപിലെ ഭൂമികൾ ഒരു വിഭാഗം ആളുകളുടെയും കുടുംബങ്ങളുടെയും കൈകളിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ഇത് മുഴുവൻ ജനങ്ങൾക്കും തുല്യമായി ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കലക്ടർ അർജുൻ മോഹന്റെ ഉത്തരവ് സൂചിപ്പിക്കുന്നുണ്ട്.

കവരത്തി, അഗത്തി, മിനിക്കോയ്, ആന്ത്രോത്ത്, കൽപ്പേനി ദ്വീപുകളിലെ പണ്ടാരം ഭൂമി ഏറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് ഇറക്കി 10 ദിവത്തിനകം (ജൂലൈ ഏഴിന് മുൻപായി) പണ്ടാരം ഭൂമി കൈവശമുള്ള ആളുകൾ ഡെപ്യൂട്ടി കളക്ടർമാർക്ക് അപേക്ഷ നൽകണം. പണ്ടാരം ഭൂമിയിൽ വീടു വെച്ച് താമസിക്കുന്നവർ, കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ, ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചവർ, കൃഷി ഉൾപ്പെടെ പണ്ടാരം ഭൂമിയിൽ മറ്റ് പ്രവർത്തനങ്ങൾ നടത്തുന്നവർ എന്നിവർക്ക് പ്രത്യേക അപേക്ഷാ ഫോമുണ്ട്.

അസ്സൽ ഭൂമി രജിസ്റ്ററുമായി താരതമ്യം ചെയ്യുമ്പോൾ ഉത്തരവിനൊപ്പമുള്ള രേഖകളിൽ തെറ്റു കണ്ടെത്തിയാൽ അസ്സൽ ഭൂമി രജിസ്റ്ററിലെ വിവരങ്ങളാവും പരിഗണിക്കുക. അപേക്ഷകൾ ലഭിച്ച് പത്തു ദിവസത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി കളക്ടറെ അറിയിക്കണം എന്നാണ് ഉത്തരവ്.

പ്രഫുൽ കെ. പട്ടേൽ അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല ഏറ്റെടുത്തതിനുപിന്നാലെ പണ്ടാരം ഭൂമികളുടെ സ്ഥിതിവിവരക്കണക്കുകൾ തേടിയിരുന്നു.
പ്രഫുൽ കെ. പട്ടേൽ അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല ഏറ്റെടുത്തതിനുപിന്നാലെ പണ്ടാരം ഭൂമികളുടെ സ്ഥിതിവിവരക്കണക്കുകൾ തേടിയിരുന്നു.

പ്രഫുൽ കെ. പട്ടേൽ അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല ഏറ്റെടുത്തതിനുപിന്നാലെ പണ്ടാരം ഭൂമികളുടെ സ്ഥിതിവിവരക്കണക്കുകൾ തേടിയിരുന്നു. ഭൂമി തിരിച്ചുപിടിക്കാനുള്ള ഊർജിത ശ്രമം ആരംഭിക്കുകയാണെന്ന സൂചനകളും നൽകിയിരുന്നു. പണ്ടാരം ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി കെട്ടിടങ്ങൾ ഇതിനകം അധികൃതർ ഇടിച്ചുനിരത്തിയിട്ടുണ്ട്. നിർമാണപ്രവർത്തനങ്ങൾ വ്യാപകമായി തടഞ്ഞു. വീട് പുതുക്കിപ്പണിയാൻ പോലും താമസക്കാരെ അനുവദിച്ചിരുന്നില്ല.

ജനവാസമില്ലാത്ത ബെംഗാര, തിന്നക്കര ദ്വീപുകളിൽ പണ്ടാര ഭൂമി പിടിച്ചെടുക്കാനുള്ള നടപടിയുമായി ഭരണകൂടം മുന്നോട്ടുപോയിരുന്നു. അതിനു ശേഷമാണ് ആൾതാമസമുള്ള കവരത്തി, മിനിക്കോയ്, അഗത്തി ദ്വീപുകളിലെ പണ്ടാരം ഭൂമി പിടിച്ചെടുക്കാനുള്ള ഉത്തരവ് ഇറക്കിയത്. ഇതിനെതിരെ നിരവധി പേർ നിയമപോരാട്ടം തുടങ്ങിയിരുന്നു. കഴിഞ്ഞവർഷം ​അവർ നൽകിയ പരാതികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ദ്വീപ് ജനത നൂറിലധികം വർഷമായി കൈവശം വെച്ചുവരുന്ന ഭൂമിയാണ് പണ്ടാരം ഭൂമി. 1865 മുതലാണ് കൃഷി ചെയ്ത് ആദായമെടുക്കാൻ ഓരോ ദ്വീപിലായി ഭൂമി വീതിച്ചുനൽകിയത്. സ്വാതന്ത്ര്യത്തിനുശേഷവും അത് തുടർന്നു. 1965- ൽ ലാൻഡ് റവന്യു ആന്റ് ടെനൻസി ആക്ട് നിലവിൽ വന്നു. ഇതിലാണ് പണ്ടാരം ഭൂമി സംബന്ധിച്ച് കൃത്യമായ വിശദീകരണമുള്ളത്. ഈ നിയമത്തിലെ സെക്ഷൻ 83- ൽ പറയുന്നത്, ഈ നിയമം നിലവിൽ വരുമ്പോൾ ആരൊക്കെ പണ്ടാരം ഭൂമി കൈവശം വെച്ചിട്ടുണ്ടോ അവർക്കെല്ലാം ഇതിൽ ഉടമസ്ഥാവകാശം ഉണ്ടായിരിക്കും എന്നാണ്. അവർക്കെല്ലാം അഡ്മിനിസ്ട്രേറ്റർ കൈവശാവകാശം (Occupancy Rights) നൽകണം. എന്നാൽ ഈ നിയമത്തിൽ അനുശാസിക്കുന്ന അവകാശങ്ങളെല്ലാം ദ്വീപ് ജനതയ്ക്ക് നിഷേധിക്കപ്പെട്ടു.

ദ്വീപിൽ പണിയുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് പണ്ടാരം ഭൂമി ആവശ്യമായ ഘട്ടത്തിലെല്ലാം ഭൂമി വിട്ടു കൊടുക്കുകയും അതിന് നഷ്ടപരിഹാരം നൽകുകകയും ചെയ്തിരുന്നു. തങ്ങളുടെ ഭൂമിയിൽ പണിയുന്ന കെട്ടിടത്തിന് നഷ്ടപരിഹാരം തരുന്നില്ലെന്നുകാട്ടി കേന്ദ്ര അഡ്വൈസറി കമ്മിറ്റിക്ക് ദ്വീപ് ജനത പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തീരുമാനം. പിന്നീട് വിമാനത്താവളത്തിനുവേണ്ടിയും ഇന്ത്യൻ നേവിക്കും കോസ്റ്റ് ഗാർഡിനും തുടങ്ങി കെട്ടിട നിർമ്മാണത്തിനും വികസനത്തിനും എപ്പോഴൊക്കെ ഭൂമി വിട്ടുകൊടുക്കേണ്ടിവന്നിട്ടുണ്ടോ അപ്പോഴെല്ലാം നഷ്ടപരിഹാരം നൽകിയിരുന്നു. ഈ അവകാശമാണ് ഇപ്പോൾ അട്ടിമറിക്കപ്പെട്ടത്.

ദ്വീപ് ജനത നൂറിലധികം വർഷമായി കൈവശം വെച്ചുവരുന്ന ഭൂമിയാണ് പണ്ടാരം ഭൂമി. 1865 മുതലാണ് കൃഷി ചെയ്ത് ആദായമെടുക്കാൻ ഓരോ ദ്വീപിലായി ഭൂമി വീതിച്ചുനൽകിയത്.
ദ്വീപ് ജനത നൂറിലധികം വർഷമായി കൈവശം വെച്ചുവരുന്ന ഭൂമിയാണ് പണ്ടാരം ഭൂമി. 1865 മുതലാണ് കൃഷി ചെയ്ത് ആദായമെടുക്കാൻ ഓരോ ദ്വീപിലായി ഭൂമി വീതിച്ചുനൽകിയത്.

ലാൻഡ് റവന്യു ആന്റ് ടെനൻസി ആക്ടിന് പിൻബലം നൽകുന്നതായിരുന്നു 2020- ൽ കൊണ്ടുവന്ന പണ്ടാര ഭൂമിയിൽ സമ്പൂർണ അവകാശം എന്ന നിയമഭേദഗതി. 2019 ഡിസംബർ 31 വരെ കൈവശാവകാശമുള്ള പണ്ടാര ഭൂമിയിൽ സമ്പൂർണ്ണ അവകാശം എന്നതായിരുന്നു ഭേദഗതി. ദ്വീപിൽ ഇന്നേവരെ കൈമാറ്റം ചെയ്യപ്പെട്ട എല്ലാ ഭൂമി ഇടപാടുകളും ഈ നിയമഭേദഗതിയിലൂടെ നിയമപരമാക്കുകയായിരുന്നു ഭേദഗതിയുടെ ലക്ഷ്യം.

നൂറിലേറെ കൊല്ലമായി ദ്വീപിൽ ജീവിച്ചുവരുന്ന പട്ടിക വർഗ വിഭാഗക്കാരായവർക്ക് ലാൻഡ് റവന്യു ആന്റ് ടെനൻസി ആക്റ്റ് പ്രകാരം നൽകേണ്ടിയിരുന്ന കൈവശാവകാശം ഇതുവരെ കൊടുത്തിട്ടില്ലെന്നും അത് അവരോട് ചെയ്ത ചരിത്രപരമായ അനീതിയാണ് എന്നുമായിരുന്നു ഈ നിയമം പാസാക്കുന്ന സമയത്ത്, അതായത് രണ്ടാം നരേന്ദ്രമോദി സർക്കാറിന്റെ കേന്ദ്ര ക്യാബിനറ്റ് യോഗത്തിൽ എടുത്ത തീരുമാനത്തിൽ വ്യക്തമാക്കിയത്. നിയമ ഭേദഗതിക്ക് അംഗീകാരം നൽകിയ യോഗമായിരുന്നു അത്. രണ്ടാം മോദി സർക്കാറിന്റെ ‘ഗുഡ് ഗവേണൻസ്’ എന്ന നയത്തിന്റെ ഭാഗമായി, അതുവരെ തുടർന്നുപോയ ഒരു തെറ്റ് തിരുത്താനും ദ്വീപുകാർക്ക് കൈവശവകാശം നൽകാനും തീരുമാനിച്ചശേഷമാണ് ഭേദഗതി രാഷ്ട്രപതി ഒപ്പിട്ട ശേഷം നിയമമായത്. എന്നാൽ, ‘ചരിത്രപരാമായ അനീതി’യെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ക്യാബിനറ്റ് വിലയിരുത്തിയ ആ നിയമം 2023 ഒക്ടോബറിൽ പ്രഫുൽ പട്ടേൽ രാഷ്ട്രപതിയെ കൊണ്ട് പിൻവലിപ്പിക്കുകയായിരുന്നു.

സാധാരണക്കാരായ ദ്വീപ് ജനതയുടെ മൗലികവാകാശത്തിനുമേലുള്ള കടന്നുകയറ്റമാണ് പുതിയ ഉത്തരവ്. പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയുന്ന നിയമമനുസരിച്ച് പട്ടികവർഗക്കാർ ആശ്രയിക്കുന്ന ഭൂമിക്കുമേൽ അവർക്ക് അവകാശം നഷ്ടപ്പെടുംവിധം ഏതെങ്കിലും ഉദ്യോഗസ്ഥൻ ഇടപെട്ടാൽ ക്രിമിനൽ കേസെടുത്ത് അവരെ ശിക്ഷിക്കാം. ഈ നിയമത്തിലെ സെക്ഷൻ 3,1(5) പ്രകാരം എസ്.സി- എസ്.ടി. വിഭാഗത്തിൽ പെടാത്ത ആരെങ്കിലും അനധികൃതമായി എസ്.സി.-എസ്.ടിക്കാരെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുകയോ ഭൂമി, ജലം എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുകയോ ചെയ്താൽ ആറു മാസം മുതൽ അഞ്ചു വർഷം വരെയുള്ള തടവും പിഴയുമാണ് ശിക്ഷ. ഈ നിയമത്തിന്റെ ലംഘനമാണ് കലക്ടർ പുറപ്പെടുവിച്ച ആ ഉത്തരവ്. അതുകൊണ്ടുതന്നെ തങ്ങളുടെ ഭൂമിക്കുമേലുള്ള അവകാശം നിയമപോരാട്ടത്തിലൂടെ നേടിയെടുക്കാനാണ് ദ്വീപുകാർ ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ ഉത്തരവ് ക്രിമിനൽ കുറ്റമാണെന്നും തങ്ങൾക്കവകാശപ്പെട്ട ഭൂമിയിൽ നിന്ന് തങ്ങൾ എവിടെയും പോകുന്നില്ലെന്നും കോർപറേറ്റ് ലക്ഷ്യത്തോടെ തങ്ങളെ ആട്ടിയോടിക്കാൻ ശ്രമിച്ചാൽ അതിന് വഴങ്ങിക്കൊടുക്കില്ലെന്നും ഭൂമിയില്ലാത്ത ജനതയായി മാറാൻ ഒരുക്കമല്ലെന്നുമുള്ള നിലപാടിലാണ് ദ്വീപ് ജനത.

Comments