സഭയുടെ അന്ത്യപ്രലോഭനം

ക്രിസ്ത്യൻ സഭയെ തങ്ങളുടെ കൂട്ടത്തിലേക്ക് ചേർത്തുനിർത്തുന്നത് ബി.ജെ.പിക്ക്​ പല തരം രാഷ്ട്രീയനേട്ടങ്ങളുണ്ടാക്കാനുള്ള സാദ്ധ്യത തുറക്കും. ക്രിസ്ത്യൻ സഭകൾക്ക് ക്രിസ്ത്യാനികളുടെ മേലുള്ള സ്വാധീനം നാൾക്കുനാൾ കുറഞ്ഞുവരുന്നു എന്നതാണ് ഇക്കാര്യത്തിൽ അവർ നേരിടുന്ന വെല്ലുവിളി. എന്നാൽ ബി.ജെ.പിയെ സംബന്ധിച്ചാണെങ്കിൽ ഇത് അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാമൂഹ്യ സാധുത ഉറപ്പിക്കുന്ന പദ്ധതി കൂടിയാണ്.

ക്രിസ്ത്യൻ സഭകളും സംഘപരിവാറും തമ്മിലുള്ള പരസ്പരധാരണ അതിന്റെ അവസാന മിനുക്കുപണികളിലേക്ക് നീങ്ങുകയാണ്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ പ്രകടമായിത്തന്നെ സംഘപരിവാറിന്റെ മേധാവിത്തത്തെ പരിപൂർണമായി അംഗീകരിക്കുകയും ബി.ജെ.പിയുടെ അഥവാ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ സഖ്യകക്ഷിയായി പല തലങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യാനുള്ള ചട്ടക്കൂടാണ് ഇരുകൂട്ടരും അതിവേഗത്തിൽ പണിതുകൊണ്ടിരിക്കുന്നത്.

ബി.ജെ.പിയെ സംബന്ധിച്ചാണെങ്കിൽ ക്രിസ്ത്യൻ സഭയെ തങ്ങളുടെ കൂട്ടത്തിലേക്ക് ചേർത്തുനിർത്തുന്നത് പല തരത്തിലുള്ള രാഷ്ട്രീയനേട്ടങ്ങളുണ്ടാക്കാനുള്ള സാദ്ധ്യത തുറക്കും. വിവിധ ക്രിസ്ത്യൻ സഭകൾക്ക് ക്രിസ്ത്യാനികളുടെ മേലുള്ള സ്വാധീനം നാൾക്കുനാൾ കുറഞ്ഞുവരുന്നു എന്നതാണ് ഇക്കാര്യത്തിൽ അവർ നേരിടുന്ന വെല്ലുവിളി. എന്നാൽ ബി.ജെ.പിയെ സംബന്ധിച്ചാണെങ്കിൽ ഇത് അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാമൂഹ്യ സാധുത ഉറപ്പിക്കുന്ന പദ്ധതി കൂടിയാണ്.

മുസ്​ലിംകളെ ഹിന്ദുത്വത്തിനും അതുകൊണ്ടുതന്നെ ഇന്ത്യക്കും എതിരായ ‘ശത്രുക്കൾ' എന്നും ഇസ്​ലാമിനെ ഇന്ത്യയിലെ ‘ആഭ്യന്തര അപരത്വ' മായും ആക്രമിക്കുന്ന പദ്ധതിയിൽ സംഘപരിവാറിന് ഒരു ന്യൂനപക്ഷ സഖ്യകക്ഷിയെ ലഭിക്കും. ആഗോളതലത്തിൽ യൂറോകേന്ദ്രീകൃതമായ ചരിത്രാഖ്യാനത്തിൽ ഇസ്​ലാമും അതിന്റെ പ്രഭവ, സ്വാധീന കേന്ദ്രങ്ങളായ അറബ് രാജ്യങ്ങളും ഇസ്​ലാം ഭൂരിപക്ഷ മതമായിരുന്ന മറ്റ് പ്രദേശങ്ങളുമെല്ലാം ആധുനികതയുടെ മാത്രമല്ല സാംസ്‌കാരിക വികാസത്തിന്റെതന്നെ എതിർഭാഗത്തായിട്ടായിരുന്നു ചിത്രീകരിക്കപ്പെട്ടത്. അത് ചരിത്രനിഷേധവും വാസ്തവവിരുദ്ധവു മായിരുന്നുവെന്നത് വ്യക്തമാക്കുന്ന നിരവധി പഠനങ്ങൾ ഇന്ന് ലഭ്യമാണ്.

ഇസ്​ലാമോഫോബിയയും ക്രിസ്​ത്യൻ സഭകളും

വ്യാവസായിക വിപ്ലവത്തിനുശേഷമുള്ള യൂറോപ്പിന് മുമ്പുതന്നെ വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, മറ്റ് ശാസ്ത്രജ്ഞാന ശാഖകൾ എന്നിവയിലെല്ലാം യൂറോപ്പിലുണ്ടായിരുന്നതിനേക്കാൾ വലിയ ജ്ഞാനോത്പ്പാദന പ്രവർത്തനങ്ങളും വികാസവും യൂറോപ്പിന് പുറത്തുള്ള ലോകത്തുണ്ടായിരുന്നു. അതെങ്ങനെയാണ് നിലച്ചുപോയതെന്നും നിലവിലുണ്ടായിരുന്ന അത്തരം യൂറോപ്പിതര പ്രദേശങ്ങളിലെ അറിവുകൾപ്പോലും എങ്ങനെയാണ് യൂറോപ്പിന്റെ ആധുനികതാ നിർമാണത്തിലേക്ക് സ്വരുക്കൂട്ടിയതെന്നും കൊളോണിയൽ പഠനങ്ങളും പാശ്ചാത്യകേന്ദ്രീകൃത മുതലാളിത്തചൂഷണം സംബന്ധിച്ച ചരിത്രപാഠങ്ങളും കൂടുതൽ വ്യക്തതയോടെ ഇന്ന് മനസിലാക്കിത്തരുന്നുണ്ട്.

അൽ ഖരാവിയ്യിൻ ലൈബ്രറിയിൽ നിന്ന് ലഭിച്ച, 1207-ലെ ഒരു മെഡിക്കൽ ഡിഗ്രീ

എന്നാൽ, യൂറോകേന്ദ്രീകൃതമായ അല്ലെങ്കിൽ പാശ്ചാത്യ നാഗരികതയുടെ രാഷ്ട്രീയ, സാംസ്‌കാരിക വ്യവഹാരങ്ങളിൽ നിർണായക ധാരയായ ഇസ്​ലാമോഫോബിയ അഥവാ ഇസ്​ലാം മതത്തോടും മുസ്​ലിംകളോടുമുള്ള വെറുപ്പും ശത്രുതയുമാണ് എക്കാലത്തും കൊളോണിയൽ, യൂറോ കേന്ദ്രീകൃത രാഷ്ട്രീയത്തോടും അതിന്റെ മേൽക്കോയ്മയോടും കൂറ് പ്രഖ്യാപിച്ചിട്ടുള്ള ക്രിസ്ത്യൻ സഭകൾ ഇന്ത്യയിലും തങ്ങളുടെ നിലപാടായി സ്വീകരിച്ചിട്ടുള്ളത്. കേരളത്തിൽ സംഘപരിവാറിനേക്കാൾ ശക്തമായി മുസ്​ലിം വിരോധം പറയാൻ ക്രിസ്ത്യൻ സഭയിലെ ബിഷപ്പുമാരടക്കമുള്ളവർ തിക്കും തിരക്കും കൂട്ടുകയാണ്. മുസ്​ലിംകളോടുള്ള തങ്ങളുടെ ഈ വെറുപ്പിന് സംഘ്പരിവാറിനേക്കാൾ മികച്ചൊരു യജമാനനെ കിട്ടാനില്ല എന്ന് സഭകൾക്കറിയാം. അതുകൊണ്ടുതന്നെ സംഘപരിവാർ - സഭ ബാന്ധവത്തിനുള്ള നിർണായകമായ ആശയാടിത്തറ ഈ ആഗോള ഇസ്​ലാമോഫോബിയയുടെ യൂറോപ്യൻ ഭാഷ്യത്തിന്റെ നേരവകാശികളായി ചരിത്രപരമായിത്തന്നെ തങ്ങളെ പ്രതിഷ്ഠിക്കുന്ന ക്രിസ്ത്യൻ സഭകൾക്കുണ്ട്.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ഫാ. സേവ്യർഖാൻ വട്ടായിൽ

സംഘ്​പരിവാർ, സഭ, സ്വാതന്ത്ര്യസമരം

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ സംഘ്പരിവാറിനുള്ളത്രയും അകലം ക്രിസ്ത്യൻ സഭകൾക്കുമുണ്ട്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായ ദേശീയ വിമോചനസമരത്തെ സഭ തങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഒന്നായാണ് കണ്ടത്. അടിസ്ഥാനപരമായി അതിനുള്ള കാരണം, സഭയുടേത് യൂറോ കേന്ദ്രീകൃതമായ, യൂറോപ്പിനു പുറത്തുള്ള ജനസമൂഹത്തെ സംസ്‌കാരരഹിതരും വെള്ളക്കാരാലും ക്രിസ്ത്യൻ മതത്താലും രക്ഷിക്കപ്പെടേണ്ടവരായും കാണുന്ന കൊളോണിയൽ, അധിനിവേശ രാഷ്ട്രീയ, സാംസ്‌കാരിക യുക്തിയിലൂന്നിയ ഒന്നായിരുന്നു എന്നതാണ്.

മറ്റൊന്ന്, കേരളത്തിലടക്കം വിവിധ സഭകൾ നടത്തിയിരുന്ന മതപരിവർത്തനമടക്കമുള്ള (ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയടക്കമുള്ള അവയുടെ ചരിത്രപരമായ സാമൂഹ്യകാരണങ്ങൾ നിരവധിയാണ്) സഭാപ്രവർത്തനങ്ങൾക്ക് കൂടുതൽ അനുയോജ്യമായ അന്തരീക്ഷം ബ്രിട്ടീഷ് ഭരണത്തിലായിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ ഭരണം മതപരിവർത്തനമടക്കുള്ള ക്രിസ്ത്യൻ സഭാപ്രവർത്തനങ്ങൾക്ക് പ്രഥമപരിഗണനയൊന്നും കൊടുത്തിരുന്നില്ല എന്നതും കാണാതിരിക്കേണ്ടതില്ല. ബ്രിട്ടീഷുകാരെ സംബന്ധിച്ച് സാമ്പത്തിക ചൂഷണത്തിനുള്ള ഭരണാധികാരമായിരുന്നു മുഖ്യം. തദ്ദേശീയ ജനതകളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ ആഗോളതലത്തിൽത്തന്നെ ഒരിടത്തും പ്രബല ക്രിസ്ത്യൻ സഭകൾ പ്രോത്സാഹിപ്പിച്ചിട്ടില്ല. ജനങ്ങളുടെ വിമോചന പോരാട്ടങ്ങളോട് ചേർന്നുനിൽക്കുന്ന രാഷ്ട്രീയമുള്ള ക്രിസ്ത്യൻ പുരോഹിതന്മാരും ചെറുസഭകളുമെല്ലാം ഈ പ്രബല യൂറോകേന്ദ്രീകൃത കൃസ്ത്യൻഭാഷയുടെ പുറത്തുള്ള വ്യാകരണമായിരുന്നു ഉപയോഗിച്ചതും. തെക്കേ അമേരിക്കയിൽ ശക്തിയാർജ്ജിച്ച വിമോചന ദൈവശാസ്ത്രത്തിന്റെയൊക്കെ രാഷ്ട്രീയഭാഷ അതിന്റെ മതബദ്ധതയെ മറികടക്കാനുള്ള ശ്രമങ്ങൾ നടത്തിയതുകൊണ്ടാണ് മുന്നോട്ടുപോയത്.

തേവർത്തുണ്ടിയിൽ ടൈറ്റസ്

ക്രിസ്ത്യാനികൾ സ്വതതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ല എന്നോ രാഷ്ട്രീയ പോരാട്ടത്തിൽ അണിചേർന്നില്ല എന്നോ അല്ല ഇപ്പറഞ്ഞതിനർത്ഥം. ക്രിസ്ത്യൻ പുരോഹിതന്മാരടക്കമുള്ള നിരവധി കൃസ്ത്യാനികൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയോ അതിനെ പിന്തുണക്കുകയോ ഉണ്ടായി. മഹാത്മാഗാന്ധിയുടെ ദണ്ഡി യാത്രയിൽ ഒപ്പമുണ്ടായിരുന്നവരിൽ ഒരാൾ കേരളത്തിൽ നിന്നുള്ള തേവർത്തുണ്ടിയിൽ ടൈറ്റസ് ആയിരുന്നു. എന്നാൽ ഒരു അധികാരസ്ഥാപനം എന്ന നിലയിൽ സഭ സ്വാതന്ത്ര്യസമരത്തിനൊപ്പമായിരുന്നില്ല.

ക്രിസ്ത്യൻ സഭയുടെ ഇതഃപര്യന്തമുള്ള ചരിത്രം, അതെല്ലായ്‌പോഴും സ്വയം അധികാരം കയ്യാളുകയോ അല്ലെങ്കിൽ അധികാരവുമായി ചേർന്നുനിൽക്കുകയോ ചെയ്ത ഒന്നാണ്. അതുകൊണ്ടുതന്നെ ഭരണകൂടത്തിനോട് ചേർന്നുനിന്നുകൊണ്ടുള്ള ഒന്നല്ലാതെ സഭയ്ക്ക് തങ്ങളുടെ പ്രവർത്തനങ്ങളെ കാണാനാകില്ല. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് മതപരിവർത്തനം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം എന്തെങ്കിലും തരത്തിലുള്ള തടസങ്ങൾ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളിൽ നിന്നോ സാമൂഹ്യസംവിധാനങ്ങളിൽ നിന്നോ നേരിടേണ്ടിവരുമ്പോൾ ക്രിസ്ത്യൻ സഭകൾ ബ്രിട്ടീഷ് അധികാരികളെയാണ് തങ്ങൾക്കനുകൂലമായ നിലപാടിനുവേണ്ടി ആശ്രയിച്ചിരുന്നത്. നാട്ടുരാജ്യമായ തിരുവിതാംകൂറിലെ മിഷനറി പ്രവർത്തനങ്ങളിൽ ഇത്തരം സന്ദർഭങ്ങൾ കാണാം. അത്തരം ഇടപെടലുകളും ഹിന്ദു ജാതിവ്യവസ്ഥയടക്കമുള്ള ഫ്യൂഡൽ ഘടനയിൽ അതേൽപ്പിച്ച ആഘാതവുമൊക്കെ മറ്റൊരു വിഷയമാണ്.

സഭകൾക്കുമുന്നിലെ വെല്ലുവിളികളും ഐക്യപ്പെടലും

സ്വതന്ത്ര ഇന്ത്യയിൽ, പ്രത്യേകിച്ചും ക്രിസ്ത്യൻ സഭകൾക്ക് ഗണ്യമായ സാമൂഹ്യ, രാഷ്ട്രീയ സ്വാധീനമുള്ള കേരളം പോലുള്ള പ്രദേശങ്ങളിൽ പുതിയ മതേതര ഭരണഘടനയ്ക്കും പൊതുവിൽ മതേതര രാഷ്ട്രീയത്തിന്റെ മേൽക്കൈയിലും പോയിരുന്ന രാഷ്ട്രീയസംവിധാനത്തിനു കീഴിൽ ക്രിസ്ത്യൻ സഭകൾ കാര്യമായ പ്രവർത്തന പ്രതിബന്ധങ്ങളൊന്നും നേരിട്ടില്ല. കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ് തന്നെയാണ് ക്രിസ്ത്യൻ സഭകളുടെ സ്വാധീന പ്രദേശങ്ങളുള്ള മേഖലകളിലും ഭരിച്ചിരുന്നത് എന്നതുകൊണ്ടും സഭയ്ക്ക് തങ്ങളുടെ രാഷ്ട്രീയ ചായ്​വ്​ പ്രകടിപ്പിക്കുന്നതിൽ സന്ദേഹങ്ങൾക്കിടമുണ്ടായിരുന്നില്ല. കോൺഗ്രസിതര സർക്കാരുകൾ വന്നിരുന്ന സഭയുടെ പ്രവർത്തന മേഖലകൾ താരതമ്യേന പ്രബലമായ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും മതേതര രാഷ്ട്രീയകക്ഷികളാണ് അധികാരത്തിലെത്തുന്നത് എന്നതുകൊണ്ടും സഭയുടെ ഇടപാടുകൾ ഭരണകൂടത്തിന്റെ ശത്രുതാപരമായ മേൽനോട്ടത്തിൽ നിന്നും സുരക്ഷിതമായിരുന്നു.

ചത്തീസ്ഗഢിൽ ജനുവരിയിൽ ആക്രമിക്കപ്പെട്ട പള്ളി

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്ത് നിർണായകമായ മേൽക്കൈ നേടുകയും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര സർക്കാർ ഭരണം നേടുകയും ചെയ്തതോടെ ഇന്ത്യയുടെ രാഷ്ട്രീയാധികാരഘടന നിയാമകമായി മാറിക്കഴിഞ്ഞുവെന്ന് ക്രിസ്ത്യൻ സഭകൾ ശരിയായിത്തന്നെ വിലയിരുത്തുന്നു. എന്നാൽ അതിനോട് എങ്ങനെ പ്രതികരിക്കണമെന്നതിൽ മതേതര ജനാധിപത്യ മൂല്യങ്ങളല്ല സഭയെ നയിക്കുന്നത്. തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങളടക്കമുള്ള നിരവധി നിക്ഷിപ്ത താത്പര്യങ്ങളാണ് സഭയുടെ പ്രതികരണത്തെ നിശ്ചയിക്കുന്നത്.

ക്രിസ്ത്യൻ സഭകളുടെ മതപരിവർത്തന ശ്രമങ്ങൾ ഇനിയങ്ങോട്ട് ഒട്ടും സുഗമമാകില്ലെന്നുള്ള സൂചനകൾ വളരെ കൃത്യമായി സംഘപരിവാർ നൽകിക്കഴിഞ്ഞു. ബി.ജെ.പി അധികാരത്തിലിരിക്കുന്ന പല സംസ്ഥാനങ്ങളിലും മതപരിവർത്തന നിയന്ത്രണ നിയമങ്ങൾ നിലവിൽ വന്നു. ആദിവാസി മേഖലകളിലെ മതപരിവർത്തനങ്ങൾ മുൻകാല പ്രാബല്യത്തിൽ വെല്ലുവിളി നേരിടുകയാണ്. സംഘപരിവാറിനെ സംബന്ധിച്ച് തങ്ങളുടെ ‘വിശാല ഹിന്ദു' രാഷ്ട്രീയ അജണ്ടയിലെ വളരെ നിർണായക ജനവിഭാഗങ്ങളാണ് ആദിവാസികളും ദലിതരും. മധ്യേന്ത്യയിലെ ഗോത്രമേഖലകളിൽ വളരെ സൂക്ഷ്മമായ പ്രവർത്തനമാണ് സംഘപരിവാർ നടത്തുന്നത്. അതുകൊണ്ടുതന്നെ ഹിന്ദുത്വ ഭരണകൂടവും സംഘപരിവാറിന്റെ രാഷ്ട്രീയ സംഘടനകളും ഉയർത്തുന്ന ആക്രമണ ഭീഷണിയേയോ പ്രതിരോധത്തെയോ ഇക്കാര്യത്തിൽ മറികടക്കുക ഇനി ക്രിസ്ത്യൻ സഭകളെ സംബന്ധിച്ച് എളുപ്പമല്ല. സ്വാഭാവികമായും നിലനില്പിനുള്ള ഏറ്റവും എളുപ്പമുള്ള വഴി സംഘപരിവാറുമായി ഐക്യപ്പെടുകയാണ് എന്നാണ് സഭ കാണുന്നത്.

സംഘ്പരിവാറിനുള്ളത്ര വെറുപ്പ് മുസ്​ലിംകളോട് തങ്ങൾക്കുമുണ്ടെന്ന് പ്രകടിപ്പിക്കുകയായിരുന്നു ഈ ഐക്യപ്പെടലിനുള്ള പ്രധാന വഴികളിലൊന്ന്. അതാകട്ടെ ഒരു നുണയുമായിരുന്നില്ല. കേരളത്തിലെല്ലാം നമ്മൾ കണ്ടപോലെ കടുത്ത ഹിന്ദു വർഗീയവാദികളെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിലാണ് ക്രിസ്ത്യൻ പുരോഹിതന്മാർ മുസ്​ലിംകൾക്കെതിരെ വർഗീയവിഷം ചീറ്റിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി അധികാര രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കിയതോടെ ക്രിസ്ത്യൻ സഭകൾക്ക് കാര്യമായ സ്വാധീനമുള്ള ഏകപ്രദേശമായ കേരളത്തിലേക്കാണ് ഇനിയുള്ള സകല ശ്രദ്ധയും സംഘപരിവാർ നൽകുന്നത്. ക്രിസ്ത്യൻ സഭകൾക്കാകട്ടെ സംഘപരിവാറിനെ പ്രീണിപ്പിക്കാൻ തങ്ങൾക്ക് നാനാതരത്തിൽ സ്വാധീനമുള്ള ഒരു സംസ്ഥാനത്ത് സേവനമുറപ്പാക്കാൻ കഴിയുന്നു എന്ന സൗകര്യവുമുണ്ട്.

നിലനില്പിനുള്ള ഏറ്റവും എളുപ്പമുള്ള വഴി സംഘപരിവാറുമായി ഐക്യപ്പെടുകയാണ് എന്നാണ് സഭ കാണുന്നത്. / Photo: Union Minister V Muraleedharan with Archbishop Thomas J Netto

ഇതൊന്നും യാദൃച്ഛികമായി നടക്കുന്നതാണ് എന്ന് കരുതരുത്. സംഘപരിവാർ ഇന്ത്യയിൽ ഉയർത്തുന്ന ഓരോ മുസ്​ലിം വിരുദ്ധ വർഗീയ പ്രചാരണങ്ങളോടും ‘ഞാൻ മുമ്പേ ഞാൻ മുമ്പേ’ എന്ന മട്ടിൽ ക്രിസ്ത്യൻ മതമേലദ്ധ്യക്ഷന്മാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടിരുന്നു. ലവ് ജിഹാദ് വിഷയം കേരളത്തിൽ ബി.ജെ.പിക്കാരെക്കാൾ കൂടുതൽ വിവാദവിഷയമാക്കിയതും അതിനെ മുസ്​ലിം വിരുദ്ധ ക്രിസ്ത്യൻ മതവെറിയാക്കി മാറ്റിയതും ക്രിസ്ത്യൻ സഭകളാണ്. ലവ് ജിഹാദ് മാത്രമല്ല നാർക്കോട്ടിക് ജിഹാദും ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്നുണ്ടെന്നും ക്രിസ്ത്യാനികൾ ജാഗ്രത പാലിക്കണമെന്നും പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിൽ പറഞ്ഞത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. പാലാ ബിഷപ് മാത്രമല്ല, മാനന്തവാടി ബിഷപ്പും ഇരിങ്ങാലക്കുട ബിഷപ്പുമൊക്കെ ഇതേ വാദമുയർത്തി. ഇടയലേഖനങ്ങൾ വന്നു. തങ്ങൾ ആർക്കൊപ്പമാണെന്ന് കാണിക്കാൻ കേരളത്തിലെ ക്രിസ്ത്യൻ സഭകൾ ആവേശത്തോടെ മുന്നോട്ടുവരികയായിരുന്നു.

സഭാ നേതൃത്വം മാത്രമല്ല, വിവിധ ക്രിസ്ത്യൻ സംഘടനകളും ക്രിസ്ത്യൻ രാഷ്ട്രീയക്കാരും ഇതേ മുസ്​ലിം വിരുദ്ധ വർഗീയ പ്രചാരണം ഏറ്റെടുത്തു. പി.സി. ജോർജ്ജ് ഈ വർഗീയത പരസ്യമായി പറഞ്ഞപ്പോൾ ജോസ് കെ. മാണിയുടെ കേരള കോൺഗ്രസ് സഭയുടെ ആശങ്കകൾക്കൊപ്പം നിന്നു. കേരളത്തിന്റെ പൊതുസമൂഹം സാമാന്യമായി ഉയർത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങളെ യാതൊരു മടിയുമില്ലാതെ തള്ളിപ്പറയുകയായിരുന്നു ക്രിസ്ത്യൻ സഭകൾ ചെയ്തത്.

ക്രിസ്ത്യൻ സഭകളുടെ ഈ നിലപാട് അത്ഭുതമുണ്ടാക്കുന്ന ഒന്നല്ല. കേരളത്തിലെ അധികാര രാഷ്ട്രീയത്തിന്റെയും സാമൂഹ്യാധികാരത്തിന്റെയും മുകൾത്തട്ടിലാണ് ക്രിസ്ത്യൻ സഭകൾ എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. തങ്ങൾ ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സമൂഹത്തിലെ രാഷ്ട്രീയ - സാമ്പത്തികാധികാരത്തിന്റെ ചൂഷണ ക്രമത്തെ യാതൊരുതരത്തിലും ഉലയ്ക്കാതെയാണ് ചുരുക്കം ചില അപവാദങ്ങളൊഴിച്ചാൽ ക്രിസ്ത്യൻ സഭകൾ ചരിത്രത്തിൽ എക്കാലത്തും പ്രവർത്തിച്ചിട്ടുള്ളത്. നിലവിലുള്ള രാഷ്ട്രീയാധികാരവ്യവസ്ഥയുമായി ഏതെങ്കിലും തരത്തിൽ ഏറ്റുമുട്ടുന്നത് തങ്ങളുടെ സാമൂഹ്യാധികാരത്തെയും മതവ്യാപനത്തേയും തുണയ്ക്കുമെന്ന ഘട്ടത്തിൽ മാത്രമാണ് ക്രിസ്ത്യൻ സഭകൾ ഈ പതിവുനിലപാടിൽ നിന്നും മാറിയിട്ടുള്ളത്. ഇപ്പോൾ മോദി സർക്കാരും ബി.ജെ.പിയുമായുള്ള ചങ്ങാത്തത്തിലും ഇതാണ് കാണാൻ കഴിയുക.

താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ

സംഘ്​പരിവാറിന്റെ കേരള പ്രതിസന്ധികൾ

കേരളത്തിൽ സംഘപരിവാറിന് നേരിടേണ്ടിവരുന്ന ഒരു പ്രധാന പ്രതിബന്ധം കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ സമരചരിത്രം ഏതാണ്ട് മുഴുവനായും ആധുനികത, മതേതരത്വം, ഇടതുപക്ഷ രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ്. ഇപ്പറഞ്ഞ മൂന്നു ചരിത്രധാരകളിലും അവർക്ക് ഇടമില്ലതാനും. ബി.ജെ.പിക്ക് സ്വാഭാവിക പിന്തുണ നൽകും എന്നവർ പ്രതീക്ഷിക്കുന്ന കേരളത്തിലെ ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളാകട്ടെ സാമൂഹ്യ നവോത്ഥാനമുന്നേറ്റങ്ങളുടെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും വലിയ ചരിത്രഘട്ടങ്ങളിൽക്കൂടി കടന്നുപോയവരാണ്.

മതേതര കൊളോണിയൽ ആധുനികതയും വിശാല ഇടതുപക്ഷ രാഷ്ട്രീയവുമെല്ലാം പല തലങ്ങളിൽ സ്വാധീനം ചെലുത്തുകയും യാഥാസ്ഥിതിക മതബദ്ധ ജീവിതത്തെ കുറെയെങ്കിലും വിട്ടുകളയാൻ സന്നദ്ധരായവരുമാണ് ഹിന്ദുമതത്തിൽ തങ്ങളുടെ മതസ്വത്വത്തെ ഉൾക്കൊള്ളിക്കാൻ തയ്യാറാകുന്നവരിലുള്ള ഭൂരിപക്ഷം മലയാളി ഹിന്ദുക്കളും. ജാതിഘടനയുടേയും സ്വജാതി വിവാഹങ്ങളടക്കമുള്ള ജാതിസമ്പ്രദായത്തിന്റെ നൈരന്തര്യത്തെ കാത്തുസൂക്ഷിക്കുന്നതുമൊക്കെയായി നിരവധി പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാൽ സംഘപരിവാർ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് എതിർവശത്തുനിന്നും തുടങ്ങിയ കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളും പരിഷ്‌ക്കരണ ശ്രമങ്ങളും സൃഷ്ടിച്ച നവോത്ഥാനന്തര ഹിന്ദു സമൂഹം സാമാന്യമായി ആധുനികതയോടും മതേതരത്വത്തോടും ചേർന്നുനിൽക്കുന്നതാണ്. അതിനെ അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങൾ ഹിന്ദുത്വ രാഷ്ട്രീയം നടത്തി. ശബരിമല ലഹളയടക്കമുള്ള വലിയ രാഷ്ട്രീയപദ്ധതികൾ കേരളത്തിൽ ഇതിന്റെ ഭാഗമായുണ്ടായി.

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ നടന്ന നാമജപ ഘോഷയാത്രയിൽ നിന്ന്

ശബരിമല ലഹളയടക്കമുള്ള, സവർണ ജാതിമേൽക്കോയ്മയെ പുത്തൻരീതികളിൽ പുനഃസ്ഥാപിക്കാനും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ കേരളീയജീവിതത്തിലേക്ക് ആഴ്ത്തിയിറക്കാനുമുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല. എന്നാൽ അതിന്റെ വേരുകൾക്ക് വെള്ളവും വളവും കിട്ടുന്നൊരു ചെറുതടം കേരളത്തിലുണ്ടാക്കുന്നതിന് അവർക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് വസ്തുതയാണ്. എങ്കിൽപ്പോലും ഭൂരിപക്ഷം ഹിന്ദുക്കളും രാഷ്ട്രീയമായ തെരഞ്ഞെടുപ്പുകളിൽ മതേതര ചേരികളോട് അടുത്തുനിൽക്കാനാണ് ഇപ്പോഴും ശ്രദ്ധിക്കുന്നത്. അതിന്റെ ചരിത്രപശ്ചാത്തലത്തെ മറികടക്കാൻ സംഘപരിവാറിന് കഴിയുന്നില്ല എന്നത് അവർ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇതെല്ലായ്‌പോഴും ഇങ്ങനെത്തന്നെ തുടരണമെന്നില്ല.

കേരളത്തിന്റെ ജനസംഖ്യാനുപാതമാകട്ടെ ഹിന്ദുക്കളും ക്രിസ്ത്യൻ, മുസ്​ലിം ന്യൂനപക്ഷ സമുദായങ്ങളുമായി ഏതാണ്ട് തുല്യമായി വേർതിരിഞ്ഞു നിൽക്കുന്ന ഒന്നാണ്. ഹിന്ദു സമൂഹത്തിന്റെ ചായ്​വ്​ മതേതര രാഷ്ട്രീയത്തോടായിരിക്കുന്നിടത്തോളം എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയാധികാരമുന്നേറ്റം കേരളത്തിലുണ്ടാക്കണമെങ്കിൽ ഹിന്ദുക്കളിൽ നിന്നുള്ള ഏതാണ്ട് 10- 12 ശതമാനം വരെയായി ശരാശരി ലഭിക്കുന്ന സ്ഥിരം വോട്ടിനൊപ്പം ന്യൂനപക്ഷ സമുദായങ്ങളെക്കൂടി ഉൾപ്പെടുത്തിയാലേ സാധ്യമാകൂ. ‌മുസ്​ലിംകളെ അതിനുള്ളിലേക്ക് കൊണ്ടുവരിക എന്നത് ഏതാണ്ട് അസാധ്യമാണ്. സംഘപരിവാറിന്റെ ദേശീയതലത്തിലുള്ള മൊത്തം രാഷ്ട്രീയവും അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ചരിത്രപരമായ രൂപപ്പെടലും ‘മുസ്​ലിം' എന്ന ‘അപരത്വത്തെയും' ‘ശത്രുവിനേയും' സൃഷ്ടിച്ചുകൊണ്ടായിരുന്നു എന്നും ഇപ്പോഴും അങ്ങനെയാണ് എന്നതുകൊണ്ടും മുസ്​ലിംകൾക്കിടയിൽ ഏതെങ്കിലും തരത്തിൽ സ്വാധീനമുണ്ടാക്കുക എന്നത് സമീപകാലത്തൊന്നും സംഘപരിവാറിന്റെ അടവായി മാറാനുള്ള സാധ്യതയോ മുസ്​ലിംകളിൽ അങ്ങനെയൊരു അടവ് എന്തെങ്കിലും സ്വാധീനം ചെലുത്താനുള്ള സാധ്യതയോ ഇല്ല. എന്നാൽ ക്രിസ്ത്യാനികളുടെ കാര്യത്തിൽ അങ്ങനെയല്ല.

എം.എസ്. ഗോൾവൽക്കർ

വിചാരധാരയിൽ ഗോൾവാർക്കാർ ക്രിസ്ത്യാനികളെ ആഭ്യന്തര ശത്രുക്കളിൽ ഒന്നായി കണക്കാക്കുന്നുവെങ്കിലും ഇന്ത്യയിൽ കേവലം 2.3 % വരുന്ന ക്രിസ്ത്യാനികളെ തങ്ങളുടെ രാഷ്ട്രീയപ്രവർത്തനത്തിന്റെ ശത്രുപക്ഷത്ത് നിർത്തിയതുകൊണ്ട് സംഘപരിവാറിന് വലിയ നേട്ടങ്ങളൊന്നും കിട്ടാനില്ല. ബി. ജെ.പിയുടെ രാഷ്ട്രീയശക്തിയും പ്രവർത്തനങ്ങളും ശക്തമായ മിക്ക സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികൾ നാമമാത്രമായ എണ്ണമുള്ള ന്യൂനപക്ഷമാണ്. അതുതന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൊ സാമൂഹ്യാധികാരത്തിലോ കാര്യമായി ഇടപെടാൻ കഴിയാത്ത ജനവിഭാഗങ്ങളുമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന് തങ്ങളുടെ ഹിന്ദുരാഷ്ട്ര സങ്കൽപ്പത്തെ ഇടയ്ക്കിടക്ക് ഓർമപ്പെടുത്തുന്നതിന് ഇടയ്‌ക്കൊക്കെ അതിന്യൂനപക്ഷമായ ക്രിസ്ത്യാനികളെയും അവരുടെ പള്ളികളെയുമൊക്കെ ആക്രമിക്കാം എന്നല്ലാതെ വലിയ തോതിലുള്ള രാഷ്ട്രീയനേട്ടങ്ങൾക്ക് അത് പ്രത്യേകിച്ച് ഫലമൊന്നുമുണ്ടാക്കില്ല.

അതായത് ബാബരി മസ്ജിദ് പൊളിക്കണം എന്ന് പറയുന്ന പോലെയല്ല മധ്യപ്രദേശിലോ ഉത്തർപ്രദേശിലോ ഉള്ള ഒരു ക്രിസ്ത്യൻ പള്ളി പൊളിക്കുന്നത്. ഒന്ന്, ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരിത്രഗതിയിലെ ഏറ്റവും നിർണായകസംഭവമാകുമെങ്കിൽ മറ്റേത് പ്രാദേശികമായ ചില സ്വാധീനവും
‘ഹിന്ദു ഉണരുമ്പോൾ' ആഖ്യാനത്തിലെ ചെറിയൊരു കുറിപ്പുമായി മാത്രമേ നിൽക്കൂ. നിലവിൽ ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയിൽ ഉയർത്തുന്ന മഹാഖ്യാനങ്ങളിൽ ക്രിസ്ത്യാനികൾ അത്ര പാകമായ ശത്രുക്കളല്ല.

ആഗ്രയിൽ ആക്രമിക്കപ്പെട്ട സെൻറ് മേരി ചർച്ച്

അതുകൊണ്ടുതന്നെ ക്രിസ്ത്യൻ സഭകളെ തങ്ങളുടെ രാഷ്ട്രീയ പദ്ധതികൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് സംഘപരിവാറിന് ഇപ്പോൾ ഗുണം ചെയ്യുക. അതാണവർ ചെയ്യാൻ ശ്രമിക്കുന്നതും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിലും (നാഗാലാൻഡ് 87.93%, മിസോറാം 87.16% , മേഘാലയ 74.59%) മണിപ്പൂരിലും (41.29%) അരുണാചൽ പ്രദേശിലും (30.26%) ഗോവയിലും (25.10%) ബി.ജെ.പി സഖ്യകക്ഷികൾക്കൊപ്പം ഭരിക്കുമ്പോൾ ക്രിസ്ത്യാനികൾക്ക് ഗണ്യമായ സ്വാധീനമുള്ള ഒരേയൊരു സംസ്ഥാനമായി ശേഷിക്കുന്നത് കേരളമാണ് (18.38%). തങ്ങൾക്കൊപ്പമുള്ള ഹിന്ദുക്കളിലെ ഒരു ചെറുവിഭാഗത്തെകൂടാതെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പദ്ധതിയിലേക്ക് കൂടെനിർത്താൻ ക്രിസ്ത്യാനികളെ ബി.ജെ.പി കണക്കിലെടുക്കുന്നതിൽ അവർക്ക് വിജയകരമായി നടപ്പാക്കിയ പരിപാടിയുടെ പിൻബലമുണ്ട്.

സഭകളുടെ കേരളീയ പരിണാമങ്ങൾ

കേരളത്തിലെ ക്രിസ്ത്യൻ സഭകൾ അവയുടെ രാഷ്ട്രീയ,സാമൂഹ്യ സ്വാധീനത്തിന്റെ ഉച്ചിയിലെത്തുകയും ഇപ്പോൾ അവിടെനിന്നും സാവകാശം താഴേക്കിറങ്ങുകയുമാണ്. ഇതവർക്കും മനസ്സിലാകുന്നുണ്ട്. മൂന്നു തരത്തിലുള്ള സ്വാധീനമാണ് ക്രിസ്ത്യൻ സഭകൾ കേരളത്തിൽ ചരിത്രപരമായി ഉണ്ടാക്കിയെടുത്തത്.

ഒന്ന്: ഹിന്ദുമതത്തിന്റെ ജാതി ഘടനയോടുള്ള അസംതൃപ്തി, അതിനെതിരായ സമരങ്ങൾ, അതിൽനിന്നും പുറത്തുകടക്കാനുള്ള വഴികൾ തേടൽ എന്നിവയുടെ ഭാഗമായി കേരളത്തിലെ വലിയ വിഭാഗം കീഴാള ഹിന്ദുക്കൾ ക്രിസ്ത്യാനികളാവുകയും അങ്ങനെ സാമൂഹ്യജീവിതത്തിന്റെ പുതിയൊരു തലം കണ്ടെത്തുകയും ചെയ്തു. ഇത് വളരെ വലിയ ആൾശേഷിയും ബലവും സമൂഹത്തിൽ ക്രിസ്ത്യൻ സഭകൾക്ക് നൽകി.

രണ്ട്: വിദ്യാഭ്യാസമടക്കമുള്ള മേഖലകളിലെ മിഷനറി പ്രവർത്തനങ്ങളും അതിന്റെ തുടർച്ചയാണ് എന്ന് പൂർണാർത്ഥത്തിൽ പറയാനാകില്ലെങ്കിലും വിദ്യാഭ്യാസരംഗത്തുള്ള ക്രിസ്ത്യൻ സഭകളുടെ വലിയ സ്വാധീനവും കേരളസമൂഹത്തിലെ നിയാമക നിയന്ത്രണ ശക്തിയായി സഭകളെ മാറ്റി.

മൂന്ന്: കമ്യൂണിസ്റ്റ് വിരുദ്ധരാഷ്ട്രീയത്തിന്റെ അടിത്തറയിൽ പണിത ക്രിസ്ത്യൻ സഭകളുടെ രാഷ്ട്രീയഇടപെടലുകൾ സവർണ സമ്പന്ന ക്രിസ്ത്യാനികളുടെ താത്പര്യങ്ങളെ സംരക്ഷിച്ച്​ ക്രിസ്ത്യൻ സഭകളെ കേരളത്തിലെ ഏറ്റവും പ്രബലമായ സമ്മർദ്ദ സംഘമാക്കി മാറ്റി.

ഈ മൂന്ന് ഘടകങ്ങളും ഇനിയങ്ങോട്ടുള്ള കേരളത്തിൽ അത്ര സ്വാധീനമുണ്ടാക്കാവുന്ന ശക്തികളല്ല.

ജാതിഘടനയോടുള്ള ഹിന്ദുസമൂഹത്തിനകത്തെ പ്രതിഷേധങ്ങൾക്ക് ഇനി മതപരിവർത്തനത്തിന്റെ സാധ്യത വളരെ വിരളമാണ്. ദലിത് സംഘടനകളടക്കമുള്ളവ തങ്ങളുടെ സ്വത്വരാഷ്ട്രീയത്തെ ജാതിക്കുള്ളിലാണ് പ്രതിഷ്ഠിക്കുന്നത് എന്ന വൈരുധ്യമുണ്ടെങ്കിലും ഫലത്തിൽ ക്രിസ്ത്യൻ സഭകൾക്ക് ആ സമരങ്ങളിൽ നിന്ന്​ എന്തെങ്കിലും ഗുണമുണ്ടാകാനുള്ള സാധ്യതയില്ല. ക്രിസ്ത്യൻ സഭകൾക്കുള്ളിത്തന്നെ കീഴാള ക്രിസ്ത്യാനികൾ പുതിയ ശബ്ദം കണ്ടെത്താനുള്ള സാദ്ധ്യതകൾ കൂടിവരികയാണ്.

വിദ്യാഭ്യാസരംഗത്തുള്ള ക്രിസ്ത്യൻ സഭകളുടെ കുത്തകയോളം പോന്ന പിടി സാവകാശം അയഞ്ഞുതുടങ്ങുകയാണ്. അതിന്​ രണ്ടു പ്രധാന കാരണങ്ങളുണ്ട്. ഒന്ന്, മൂലധന താത്പര്യമടക്കമുള്ള മറ്റ് കാരണങ്ങളാൽ സ്വകാര്യ വിദ്യാഭ്യാസമേഖലയിലെ കളിക്കാരുടെ വൈവിധ്യം കൂടുകയാണ്. ലാഭം മാത്രം ലക്ഷ്യമിടുന്ന നിരവധി സ്വാശ്രയ സ്ഥാപനങ്ങൾ, മധ്യവർഗ്ഗക്കാരുടെയും ഉപരിവർഗ്ഗക്കാരുടെയും വിദ്യാഭ്യാസമോഹങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള വലിയ ചെലവുള്ള വിദ്യാഭ്യാസം നൽകുന്ന ‘പബ്ലിക് സ്‌കൂളുകൾ' എന്നിവയൊക്കെയായി ഇത് മാറുന്നുണ്ട്. മുസ്​ലിം സംഘടനകളുടെയും മുസ്​ലിംകളായ സ്വകാര്യ വ്യക്തികളുടെയും ഈ മേഖലയിലുള്ള പുതിയ സംരഭങ്ങൾ ക്രിസ്ത്യൻ സഭകളുടെ വെറുപ്പിന്റെ ഒരു കാരണമാണെന്നുകൂടി കാണാം.

രണ്ട്, സാമ്പ്രദായികമട്ടിലുള്ള വിദ്യാഭ്യാസത്തിൽ നിന്നും പുത്തൻ തൊഴിൽ സാധ്യതകൾ നൽകുന്ന വിദ്യാഭ്യാസവും ഉപരിപഠനത്തിനും തൊഴിലിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ള യുവാക്കളുടെ സന്നദ്ധതയും എയ്ഡഡ് സ്‌കൂളുകൾ, എയ്ഡഡ് കോളേജുകൾ എന്ന, സർക്കാർ ചെലവിൽ തങ്ങളുടെ സ്വാധീനമുറപ്പിക്കുന്ന പരിപാടിയെ അതിന്റെ മുൻകാല പ്രതാപത്തിൽ നിന്ന്​ താഴോട്ടിറക്കിയിരിക്കുന്നു.

സഭകളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിന് കാമ്പിൽ മാറ്റമൊന്നുമില്ലെങ്കിലും പ്രായോഗികമായി ഇനിയതിന് കേരളത്തിലെ ക്രിസ്ത്യൻ രാഷ്ട്രീയസ്വാധീനത്തെ നിര്ണയിക്കാനാകില്ല. അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ആഗോളതലത്തിൽ കമ്മ്യൂണിസത്തിനെതിരായ കുരിശുയുദ്ധം ഒരു ചരിത്രം മാത്രമായി മാറി. സോവിയറ്റ് യൂണിയന്റെയും പിന്നാലെ ആഗോള സോഷ്യലിസ്റ്റ് ചേരിയുടെയും പതനത്തോടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിനായി പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുമൊത്ത് ക്രിസ്ത്യൻ സഭകൾക്കൂടി നടത്തിയിരുന്ന ഒരു യുദ്ധത്തിന് സമകാലികമായ ആവേശമുണ്ടാക്കാൻ ഇനി കഴിയില്ല. യൂറോപ്പിന്റെയും യു.എസിന്റെയും ആഗോള ഭൗമ രാഷ്ട്രീയത്തിൽ ഇനി ക്രിസ്ത്യൻ സഭകൾ തത്ക്കാലത്തേക്കെങ്കിലും പ്രസക്തരായ സഖ്യകക്ഷികളല്ല. അതുകൊണ്ടുതന്നെ വിമോചനസമരകാലം തൊട്ട് പ്രകടമായി ക്രിസ്ത്യൻസഭകൾ നടത്തിവന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിനായുള്ള ആഗോള ആശീർവ്വാദങ്ങളും വിദേശത്തു നിന്നുള്ള പണമൊഴുക്കും ഇനിയുള്ളകാലം പഴയപോലെ തുടരാനാകില്ല.

രണ്ട്, കേരളത്തിലെ കമ്മ്യൂണിസ്റ്റ് കക്ഷികളും ഇടതുമുന്നണി രാഷ്ട്രീയവും ക്രിസ്ത്യൻ സഭകളുടെ ഏതാവശ്യവും അംഗീകരിക്കാനും അവയുടെ രാഷ്ട്രീയപ്രാതിനിധ്യം തങ്ങൾക്കുള്ളിൽത്തന്നെ ഉറപ്പാക്കാനും സന്നദ്ധരായ വിധത്തിൽ മാറിക്കഴിഞ്ഞു. വിമോചനസമരകാലം തൊട്ട് സഭ വിട്ടുവീഴ്ചയില്ലാതെ കാത്തുസൂക്ഷിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനാധികാരവും നടത്തിപ്പുമൊക്കെയായി ബന്ധപ്പെട്ട് യാതൊരുവിധ ഏറ്റുമുട്ടലിനും തങ്ങളില്ലെന്ന് കേരളത്തിലെ ഇടതുമുന്നണി ആവർത്തിച്ചുറപ്പ് നൽകുന്നുണ്ട്. എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും വൻ തുക കോഴ വാങ്ങി, തങ്ങളുടെ സമുദായങ്ങളിൽപ്പെട്ടവരെ മാത്രം നിയമിക്കുകയും അവർക്ക് ശമ്പളം സർക്കാർ കൊടുക്കുകയും യാതൊരുവിധ സംവരണ മാനദണ്ഡങ്ങളും നിയമനങ്ങളിൽ പാലിക്കാതിരിക്കുകയും ചെയ്യുന്ന ജനാധിപത്യവിരുദ്ധവും പൊതുഖജനാവിൽ നിന്നുള്ള കൊള്ളയുമെന്ന് നിസംശയം വിളിക്കാവുന്നൊരു വിചിത്ര പരിപാടി കേരളത്തിൽ യാതൊരു തടസ്സവുമില്ലാതെ തുടരുകയാണ്. ഹിന്ദു, മുസ്​ലിം സാമുദായിക സംഘടനകളൊക്കെയുണ്ടെങ്കിലും ഈ കൊള്ളയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ക്രിസ്ത്യൻ സഭകളാണ്. അതുകൊണ്ടുതന്നെ എയ്ഡഡ് സ്ഥാപനങ്ങളിലെ സംവരണം, നിയമനങ്ങളിൽ സർക്കാർ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ സഭയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായതൊന്നും സംഭവിക്കില്ല എന്ന ഉറപ്പ് ഇരു മുന്നണികളിൽ നിന്നും സഭയ്ക്കുണ്ട്.

സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണ മാനദണ്ഡങ്ങൾ നടപ്പിലില്ല എന്നുമാത്രമല്ല, ക്രിസ്ത്യൻ സഭകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ ക്രിസ്ത്യാനികൾക്കിടയിലെ സാമ്പത്തികശേഷി കുറഞ്ഞവർക്കോ ദലിത് ക്രിസ്ത്യാനികൾക്കോ നിയമനങ്ങളിൽ പ്രത്യേക പരിഗണനയില്ല. എന്നുമാത്രമല്ല അവർ ഒരുതരത്തിലും സഭയുടെ സ്ഥാപനങ്ങളിൽ കയറാതിരിക്കാനുള്ള മുൻകരുതലും സഭാനേതൃത്വം എടുക്കുന്നുണ്ട്. വിവിധ ക്രിസ്ത്യൻ സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദലിത്​ ക്രിസ്ത്യാനികളായ ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് പുറത്തുവന്ന പഠനങ്ങൾ ഇക്കാര്യം വ്യക്തമായി തെളിയിക്കുന്നുണ്ട്.

കേരളത്തിൽ മിക്ക ക്രിസ്ത്യൻ സഭകളുടെയും നേതൃത്വം സവർണരും സമ്പന്നരുമായ സഭാംഗങ്ങളുടെ കയ്യിലാണ്. സാമൂഹ്യമായി ക്രിസ്ത്യൻ സഭകൾ പ്രകടമാക്കുന്നതും ഈ സമ്പന്ന താത്പര്യങ്ങളാണ്. കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരായ നടന്ന കുപ്രസിദ്ധമായ വിമോചനസമരം മുതൽ ഈ താത്പര്യങ്ങൾ മറയില്ലാതെ പ്രകടമാണ്. വിമോചനസമരക്കാലത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധ ആഗോള പദ്ധതിയുടെ അവിഭാജ്യഘടകം കൂടിയായിരുന്നു ക്രിസ്ത്യൻ സഭകൾ. യു.എസ് ഭരണകൂടത്തിൽ നിന്നും മറ്റ് കമ്മ്യൂണിസ്റ്റ് വിരുദ്ധ വിദേശ സംഘടനകളിൽ നിന്നും ആവോളം പണം കൈപ്പറ്റിയാണ് ക്രിസ്ത്യൻ സഭകൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെയുള്ള വിമോചന സമരം പൊലിപ്പിച്ചെടുത്തത്. വിദ്യാഭ്യാസ ബില്ലിനെതിരായ വലിയ പ്രതിഷേധം ആദ്യം സഭയുടെ ഭാഗത്തുനിന്നാണ് ഉണ്ടായത്. അക്കാര്യത്തിൽ സഭയുടെ പ്രതിഷേധം അതേ അളവിൽ എൻ.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകൾ ആദ്യം ഏറ്റെടുത്തിരുന്നില്ല.

വിമോചനസമരത്തിന്റെ കാര്യത്തിൽ എന്താണ് തങ്ങളുടെ ലക്ഷ്യമെന്ന കാര്യത്തിൽ തുടക്കം മുതലേ യാതൊരു വിധ സന്ദേഹങ്ങളുമില്ലാതിരുന്ന സ്ഥാപനം കത്തോലിക്ക സഭയായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇ. എം. എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സർക്കാരിനെ അട്ടിമറിക്കുക എന്നതിൽക്കുറഞ്ഞ ഒന്നും അവരെ തൃപ്തിപ്പെടുത്തുമായിരുന്നില്ല. സഭയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധവിഷം മുഴുവൻ ദീപിക പത്രത്തിന്റെ താളുകളിൽക്കൂടി ദിനംപ്രതി പുറത്തുവന്നുകൊണ്ടിരുന്നു. കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായ വിമോചനസമരത്തിന്റെ ചാലകശക്തി ക്രിസ്ത്യൻ സഭകളും വിശിഷ്യാ കത്തോലിക്ക സഭയുമായിരുന്നു.

ഒരു ജനാധിപത്യ- മതേതര റിപ്പബ്ലിക്കിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ എങ്ങനെയാണ് മതത്തിന്റെ അടിസ്ഥാനത്തിൽ കലാപമുണ്ടാക്കുക എന്നതിൽ സംഘപരിവാറിന് മുമ്പേ പരീക്ഷണം നടത്തി വിജയിച്ചവരാണ് ക്രിസ്ത്യൻ സഭകൾ. കമ്മ്യൂണിസ്റ്റുകാർക്കെതിരായ ആഗോള കുരിശുയുദ്ധത്തിന്റെ കേരള പതിപ്പിൽ അണിചേരാൻ സഭാനേതൃത്വം വിശ്വാസികളോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 1959 മെയ് 7-ലെ 16 കത്തോലിക്കാ ബിഷപ്പുമാരുടെ ഇടയലേഖനത്തിൽ നിന്നുള്ളൊരു ഭാഗം നോക്കൂ: ‘പള്ളിക്കും മതന്യൂനപക്ഷങ്ങൾക്കും ദൈവവിശ്വാസികൾക്കുമെതിരെ കേരള സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ വലിയ ഉത്ക്കണ്ഠ ഉളവാക്കുന്നു. കരുണാമയനായ ദൈവത്തെ ആശ്രയിച്ചുകൊണ്ട് നമ്മുടെ വിലപ്പെട്ട വിശ്വാസത്തെ പ്രതിരോധിക്കുന്നതിന് ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ നമുക് പരമാവധി ശ്രമിക്കാം. നമുക്ക് പ്രയാസങ്ങളും അസൗകര്യങ്ങളും പീഡനങ്ങളും സഹിക്കേണ്ടി വന്നേക്കാം. എന്നാൽ ദൈവത്തിന്റെ വാക്കുകൾ നമുക്ക് പ്രചോദനമാകട്ടെ. നീതിക്കു വേണ്ടി പീഡിപ്പിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ. കാരണം ദൈവരാജ്യം അവരുടേതാണ്. നമുക്കുചുറ്റും ഇരുള് പരന്നിരിക്കുകയാണ്. പക്ഷെ നാം ഭയചകിതരാകരുത്. ഇത് പ്രഭാതത്തിനു മുമ്പുള്ള ഇരുട്ടാണ്. നമ്മുടെ സമുദായത്തിലെ ഓരോ അംഗവും നമ്മുടെ സ്ഥാപനങ്ങളേയും അവകാശങ്ങളേയും സംരക്ഷിക്കുന്നതിന് ബാധ്യസ്ഥരാണ് എന്ന് നാം ഒരിക്കലും മറക്കരുത്. സർവ്വശക്തനായ ദൈവമേ! ഈ പ്രതിസന്ധി ധൈര്യത്തോടെയും ത്യാഗസന്നദ്ധതയോടെയും നേരിടുന്നതിന് ഞങ്ങളോരോരുത്തർക്കും അങ്ങയുടെ കൃപാവരം ധാരാളമായി നൽകേണമേ.' (അവലംബം: ‘വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ' ഡോ. ടി.എം. തോമസ് ഐസക് )

വിമോചനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുളള ജാഥ (1958) / Photo: James Burke, Keralaculture.org

1959 ഏപ്രിൽ 19-ലെ ദീപിക പത്രത്തിലെ ആഹ്വാനം ഇങ്ങനെയായിരുന്നു: ‘നമുക്ക് അറസ്റ്റിനേയും അടിച്ചമർത്തലിനെയും ക്രിമിനൽ കേസുകളെയും നേരിടേണ്ടിവന്നേക്കാം. ഡസൻകണക്കിന് ബിഷപ്പുമാരും ആയിരക്കണക്കിന് വൈദികരും ലക്ഷക്കണക്കിന് വിശ്വാസികളും തുറുങ്കിലടക്കപ്പെട്ടേക്കാം. ഇതിനെയൊക്കെ ആത്മവിശ്വാസത്തോടും അന്തസ്സോടും കൂടെ നേരിടാൻ കഴിയാത്തവർ ഇനിമുതൽ ക്രിസ്ത്യാനി എന്ന പേരിന് അർഹനല്ല-എല്ലാം ബലി കഴിക്കുവാൻ തയ്യാറെടുക്കുക. ഒന്നും നഷ്ടപ്പെടാനില്ലാത്തവരെപ്പോലെ സമരത്തിലേക്ക് കുതിക്കുക.' (‘വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ')

കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ അധികാരത്തിൽ വരുന്നതിനു മുമ്പുതന്നെ, ഐക്യകേരളം ഉണ്ടാകുന്നതിനും മുമ്പ്, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ എന്തുവിലകൊടുത്തും തടയാൻ കത്തോലിക്കാ സഭ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. കോൺഗ്രസ് പാർട്ടി രാഷ്ട്രീയമായി തീരുമാനിക്കുന്നതിന് എത്രയോ മുമ്പുതന്നെ വിമോചനസമരത്തിന്റെ രാഷ്ട്രീയ അജണ്ട തയ്യാറാക്കിയത് കത്തോലിക്കാ സഭയാണ്. ‘കത്തോലിക്കാ പള്ളിയെ സംബന്ധിച്ച്​ എന്താണ് വേണ്ടതെന്നതിനെക്കുറിച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. 1949 ജൂൺ ഒന്നിന്​ തിരുസിംഹാസനം ഇത് സംബന്ധിച്ച് തീർപ്പു കല്പിച്ചിരുന്നു. 1949-ൽ തന്നെ ഇതുസംബന്ധിച്ച സർക്കുലറുകൾ കേരളത്തിലുള്ള ബിഷപ്പുമാർ പള്ളികൾക്ക് അയക്കുകയും ചെയ്തിരുന്നു. വിമോചനസമരക്കാലത്ത് വരാപ്പുഴ വികാരി ജനറൽ എ. ലന്തപ്പറമ്പിൽ ‘സമത്വസുന്ദരമായ സോവിയറ്റ് സ്വർഗം?' എന്ന ലഘുലേഖയിൽ ഈ തിരുസിംഹാസന ശാസനം വിശ്വാസികളെ ഓർമ്മപ്പെടുത്തുന്നു. ‘കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സിദ്ധാന്തങ്ങൾ സ്വീകരിക്കുകയോ അവയെ പിന്താങ്ങാനും പ്രചരിപ്പിക്കാനും എത്രങ്കിലും വിധത്തിൽ പ്രവർത്തിക്കുകയോ ചെയ്യുന്ന കത്തോലിക്കൻ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗത്വമുള്ളവനായാലും അല്ലെങ്കിലും ശരി, കത്തോലിക്കാ വിശ്വാസം പരിത്യജിച്ചവനായി കരുതപ്പെടും. മഹറോൻ ശിക്ഷയിൽ ഉൾപ്പെടുകയും ചെയ്യും. പ്രസ്തുത കല്പനയിൽ കമ്യൂണിസ്​റ്റ്​സിദ്ധാന്തങ്ങളെയാണ് പ്രത്യേകം ഉദ്ദേശിക്കുന്നത്. അതിനാൽ അവ സ്വീകരിക്കുന്നവൻ സോഷ്യലിസ്റ്റോ സ്വതന്ത്രനോ ഐക്യമുന്നണിയോ മറ്റേതുപേരിൽ അറിയപ്പെടുന്നവനോ ആകട്ടെ അവനും അവനെ സഹായിക്കുന്നവരും മഹാരോൺ ശിക്ഷയിൽ ഉൾപ്പെടും' (‘വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ').

വിമോചനസമരം വിജയിക്കുകയും ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാരിനെ പിരിച്ചുവരുകയും ചെയ്തതോടെ ക്രിസ്ത്യൻ സഭകളുടെ രാഷ്ട്രീയനീക്കങ്ങൾ പിന്നീടങ്ങോട്ടുള്ള കേരള രാഷ്ട്രീയത്തിൽ തീർത്തും സ്വാഭാവികമായ രീതിയിൽ സ്വീകരിക്കപ്പെട്ടു. കോൺഗ്രസിനുള്ളിലെ കുഴപ്പങ്ങളെത്തുടർന്ന് കേരള കോൺഗ്രസ് ഉണ്ടായതോടെ മധ്യതിരുവിതാംകൂർ കേന്ദ്രമായി ക്രിസ്ത്യൻ സഭയുടെ നിയന്ത്രണത്തിൽ നേരിട്ടുള്ള രാഷ്ട്രീയത്തിൽ ഇടപെടുന്ന ഒരു കക്ഷി (പിന്നീട് വിവിധ കക്ഷികളായി പിളർന്നുകൊണ്ടേയിരുന്നുവെങ്കിലും അതിന്റെ ജനിതകഘടന ഒന്നാണ്) സൃഷ്ടിക്കപ്പെടുകയായിരുന്നു. കേരള കോൺഗ്രസ് സഭയുടെ സ്വന്തം കക്ഷിയായിരുന്നുവെങ്കിൽ കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സഭയോട് കൂറും വിധേയത്വവുമുള്ള വലിയൊരു നിര ക്രിസ്ത്യൻ നേതൃത്വം എക്കാലത്തുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കേരള കോൺഗ്രസ് കക്ഷികളിൽ ചിലത് ഇടതുമുന്നണിയിലെത്തുന്ന അടുത്ത രാഷ്ട്രീയഘട്ടം വരേയ്ക്കും ഐക്യ ജനാധിപത്യ മുന്നണിയുടെ ഭരണം എന്നുപറഞ്ഞാൽ ക്രിസ്ത്യൻ സഭയുടെ താത്പര്യങ്ങൾക്ക് ഒരു കോട്ടവുമില്ലാതെ സംരക്ഷിക്കപ്പെടുക എന്നതായി മാറി. നിയമസഭാ സാമാജികരിലും മന്ത്രിമാരിലുമൊക്കെയുള്ള ക്രിസ്ത്യൻ പ്രാതിനിധ്യത്തിലെ പെരുക്കം വളരെ സ്വാഭാവികമായ ഒന്നായി സ്വീകരിക്കപ്പെടുന്ന തരത്തിൽ സാമൂഹ്യാധികാരഘടനയിൽ തങ്ങളുടേതായ അധീശത്വമുണ്ടാക്കാൻ ക്രിസ്ത്യൻ സഭകൾക്ക് കഴിഞ്ഞിരുന്നു. ക്രിസ്ത്യൻ വർഗീയത തിരിച്ചറിയപ്പെടാതെ പൊതുസമൂഹത്തിന്റെ മുഖ്യധാര വൈവിധ്യങ്ങളിലൊന്നായി സ്വീകരിക്കപ്പെട്ടു.

വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങളെ താറുമാറാക്കിയ സഭയ്ക്ക് ഭൂപരിഷ്‌ക്കരണ നിയമം അതിന്റെ വിശ്വാസിസഞ്ചയത്തിലെ ധനികരെ സബന്ധിച്ചിടത്തോളം വലിയ പരിക്കുണ്ടാക്കാത്ത ഒന്നായി കടന്നുപോയി. ഭൂപരിഷ്‌ക്കരണത്തിൽ നിന്ന്​തോട്ടങ്ങളെ ഒഴിവാക്കിയതിന്റെ ഗുണഫലം കിട്ടിയവരിൽ നല്ലൊരു പങ്കും ക്രിസ്ത്യൻ തോട്ടമുടമകളായിരുന്നു. വളരെ പ്രബലമായൊരു ധനികവിഭാഗമായി സമ്പന്ന ക്രിസ്ത്യാനികൾ പുതിയ കേരളത്തിൽ സഭയ്ക്കൊപ്പം നിലയുറപ്പിച്ചു.

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ വിമോചനസമര മുറിവുകൾ അപ്പോഴും ഉണങ്ങിയിരുന്നില്ല. അതുകൊണ്ടുതന്നെ ക്രിസ്ത്യൻ സഭകളുടെ വലിയ സ്വാധീനമുള്ള ക്രിസ്ത്യൻ ജനസമൂഹത്തിലേക്കുള്ള കടന്നുചെല്ലലിന് എന്തുവഴിയാണ് വേണ്ടതെന്ന കാര്യത്തിൽ ഇടതുപക്ഷത്തിന് അത്ര നിശ്ചയം പോരായിരുന്നു. എന്തായാലും കേരള കോൺഗ്രസിലെ ചില പിളർപ്പൻ വിഭാഗങ്ങളെ കൂട്ടത്തിൽക്കൂട്ടുകയാണ് ഇതിനൊരു വഴി എന്നത് അടവുനയമായി അവർ ആദ്യം മുതലേ സ്വീകരിച്ചു. മാണിയും ബാലകൃഷ്ണപ്പിള്ളയുമൊക്കെ അങ്ങനെ ഇടതുമുന്നണിയുടെ ഭാഗമാവുകയും വിട്ടുപോവുകയുമൊക്കെ ചെയ്തു. എന്നാൽ പിന്നീട് പി.ജെ. ജോസഫിന്റെ വിഭാഗം ഇടതുമുന്നണിയിലേക്ക് വരാനായി അപേക്ഷ നല്കിയപ്പോഴേക്കും സാമുദായികസംഘടനകളെ അത്രയൊന്നും ഭയക്കാതെത്തന്നെ കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്താമെന്ന ആത്മവിശ്വാസം സി.പി. ഐ-എമ്മിനുണ്ടായി. അതോടെ ക്രിസ്ത്യൻ വർഗീയതയുമായി ചില കണക്കുകൾ തീർക്കാമെന്നും അവർ നിശ്ചയിച്ചു. അങ്ങനെയാണ് ജോസഫിന് ഇടതുമുന്നണിയിലേക്ക് വരണമെങ്കിൽ പള്ളിയെ തള്ളിപ്പറയണമെന്നുള്ള നിബന്ധന ഇ.എം.എസ് മുന്നോട്ടുവെക്കുന്നത്. അത് നടന്നോ ഇല്ലയോ എന്നല്ല, അത്തരമൊരു രാഷ്ട്രീയാവശ്യം ഉയർത്തി എന്നതാണ് പ്രധാന സംഗതി.

കെ.എം. മാണി, ബാലകൃഷ്ണപിള്ള

ഇത് സഭയെ സംബന്ധിച്ചും ഒരു തിരിച്ചറിവായിരുന്നു. അതായത് കേരളത്തിലെ രാഷ്ട്രീയസമവാക്യങ്ങളിൽ മാറ്റം വന്നിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തുന്നത് വളരെ സ്വാഭാവികമായ സംഗതിയായി മാറിയിരിക്കുന്നു. എന്നാൽ, 1949-ലെ തിരുസിംഹാസന ശാസനകളുടെയോ വിമോചനസമരക്കാലത്തിന്റെയോ രാഷ്ട്രീയകാലാവസ്ഥയല്ല കേരളത്തിലുള്ളത്. ഇടതുമുന്നണി രാഷ്ട്രീയവുമായും സഭയുമായുമുള്ള ഭിന്നതകൾക്ക് മൂർത്തമായ ഏറ്റുമുട്ടലുകളുടെ സ്വഭാവം കുറഞ്ഞിരിക്കുന്നു. ആഗോളതലത്തിൽ സോവിയറ്റ് യൂണിയൻ ഇല്ലാതായി.സോഷ്യലിസ്റ്റ് ചേരി ഇല്ലാതായി. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അടുത്തകാലത്തൊന്നും നിലവിലെ രാഷ്ട്രീയ,സാമൂഹ്യാധികാര ഘടനയെ അട്ടിമറിക്കാൻ പാകത്തിലുള്ള രാഷ്ട്രീയ അജണ്ട മുന്നോട്ടുവെക്കാൾ കെല്പില്ലാത്തവരും അതോടൊപ്പം പ്രായോഗികമായും പ്രത്യയശാസ്ത്രപരമായും അത്തരം അജണ്ടയെ വലിയതോതിൽ കയ്യൊഴിഞ്ഞവരുമായി.

സഭകളുടെ ഇടതു- വലതു രാഷ്​ട്രീയ വിനിമയങ്ങൾ

ഈയൊരു ഘട്ടത്തിലാണ് ക്രിസ്ത്യൻ സഭയുടെ രാഷ്ട്രീയം ദിശ മാറുന്നതും അതോടൊപ്പം വൈരുദ്ധ്യാത്മകമായി ദുർബ്ബലമാകാൻ തുടങ്ങുന്നതും. പിന്നീടിങ്ങോട്ടുള്ള ഏതാണ്ട് കാൽനൂറ്റാണ്ട് കാലമെടുത്താൽ ഇടതുമുന്നണിയിൽ വന്നും പോയുമിരിക്കുന്ന കേരള കോൺഗ്രസുകൾ, ഐക്യമുന്നണിയിലെ സ്ഥിരം താത്പര്യസംരക്ഷകർ എന്നിങ്ങനെയായി സഭ തങ്ങളുടെ അതിജീവനം ഉറപ്പാക്കി. മറ്റൊരു രാഷ്ട്രീയമാറ്റവും ഇക്കാലത്ത് ഉരുത്തിരിഞ്ഞു. നേരത്തെ ഐക്യമുന്നണിയിൽ കേരള കോൺഗ്രസുകളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിലും ക്രിസ്ത്യൻ സഭകൾക്ക് സാധ്യമായിരുന്ന പ്രാതിനിധ്യം നൽകലിന് സി പി ഐ-എം തയ്യാറായി എന്നതാണത്.

അബ്ദുന്നാസിർ മഅ്​ദനി

കേരളത്തിൽ അധികാരത്തുടർച്ചയ്ക്ക് വിഘാതമായി നിൽക്കുന്ന പ്രധാന ഘടകം മതന്യൂനപക്ഷങ്ങൾക്കിടയിലെ പാർട്ടിയുടെ സ്വാധീനക്കുറവാണെന്ന് പലപ്പോഴായി വിലയിരുത്തിയ സി പി ഐ-എം, അബ്ദുന്നാസിർ മഅ്​ദനിയുടെ പി. ഡി.പി എന്ന ഇസ്​ലാമിക വർഗീയകക്ഷിയെ കൂട്ടുപിടിച്ചുനടത്തിയ പരീക്ഷണം അമ്പേ പാളിപ്പോയി. എന്നാൽ, ക്രിസ്ത്യൻ സഭകളുടെ കാര്യത്തിൽ പാർട്ടി മറ്റൊരു രീതിയിലാണ് അത് നടത്തിയത്. സഭകളുടെ താത്പര്യ സംരക്ഷണം സി പി ഐ-എം ഉറപ്പാക്കി. ഐക്യജനാധിപത്യ മുന്നണി ഭരിക്കുമ്പോഴും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുമ്പോഴും ഒരേ തരത്തിലുള്ള സവിശേഷ പരിഗണന തങ്ങൾക്ക് ലഭിക്കുന്നുവെന്ന് സഭകൾ മനസിലാക്കി. ഒപ്പം നേരത്തെപ്പറഞ്ഞ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ സി.പി. ഐ-എം വലിയ സൂചനകൾ നൽകി. അതിലൊന്ന്, ഇടുക്കിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന പേരിൽ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരായും കൈയേറ്റക്കാരുടെയും പാറമട, റിസോർട്ട്​ സംഘങ്ങളുടെയുമൊക്കെ ധനികതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സാധാരണ കർഷകരെ തെറ്റിദ്ധരിപ്പിച്ച്​ സമരത്തിനിറക്കിയ, ക്രിസ്ത്യൻ സഭകളുടെ നേതൃത്വത്തിലുള്ള സംഘടനയുടെ പ്രതിനിധിയായ ജോയ്സ് ജോർജ്ജിനെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിപ്പിച്ചതായിരുന്നു. അയാൾ ആദ്യതവണ വിജയിക്കുകയും ചെയ്തു.

ജോയ്സ് ജോർജ്, വീണ ജോർജ്

അതിലും പ്രത്യക്ഷവും സി പി ഐ-എമ്മിന്റെ രാഷ്ട്രീയസ്വഭാവത്തിലെ മാറ്റം വ്യക്തമാക്കിയതുമായ ഒന്ന്, ആറന്മുള നിയമസഭ മണ്ഡലത്തിൽ വീണ ജോർജ്ജ് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചതായിരുന്നു. മധ്യ തിരുവിതാംകൂറിലെ പ്രബല സംഘമായ ഓർത്തഡോക്‌സ് സഭയുടെ നാമനിർദ്ദേശമായിരുന്നു വീണ ജോർജിന്റേത്. അവരുടെ ഭർത്താവ് ഓർത്തഡോക്‌സ് സഭ ഭാരവാഹിയുമായിരുന്നു. പ്രത്യേകിച്ച്‌ചൊരു ഇടതുപക്ഷ രാഷ്ട്രീയവും അന്നുവരെയില്ലാതിരുന്ന, എന്തെങ്കിലും രാഷ്ട്രീയ പശ്ചാത്തലമുണ്ടെങ്കിൽ അത് പിതാവടക്കമുള്ള കുടുംബക്കാർ കോൺഗ്രസുകാരായിരുന്നു എന്നത് മാത്രമുള്ള, മലയാളത്തിലെ ഒരു ഇടത്തരം വാർത്താവതാരകയായ മാധ്യമപ്രവർത്തകയെ സി.പി.ഐ-എം സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചത് ഓർത്തഡോക്‌സ് സഭയുടെ നിർദ്ദേശത്തിലാണ്. വീണാ ജോർജ്ജിനുവേണ്ടി സഭയും പുരോഹിതന്മാരുമൊക്കെ പണിയെടുക്കുകയും അവരുടെ വിജയത്തിൽ അത്യാഹ്ലാദം പ്രകടിപ്പിച്ച്​ പരസ്യമായി രംഗത്തുവരികയും ചെയ്തു. ഒരുപക്ഷെ കേരള രാഷ്ട്രീയത്തിൽത്തന്നെ അതാദ്യമായിട്ടായിരിക്കും തങ്ങളുടെ ഒരു സ്ഥാനാർത്ഥിയെ നേരിട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിവഴി നിർത്തി വിജയിപ്പിക്കാനും അടുത്ത തെരഞ്ഞെടുപ്പിൽ അവർ വിജയിച്ചപ്പോൾ അവരെ മന്ത്രിയാക്കാനും ക്രിസ്ത്യൻ സഭയ്ക്ക് കഴിഞ്ഞത്. ഇടതുമുന്നണിയും കമ്മ്യൂണിസ്റ്റ് പാർട്ടികളുമായി ഏറ്റുമുട്ടലൊന്നും ഇനിയാവശ്യമില്ലെന്നും തങ്ങൾക്ക് മന്ത്രിസ്ഥാനവും പാർട്ടി സമിതികളിൽ വരെ പ്രാതിനിധ്യവും തരാൻ സി.പി.ഐ-എം തയ്യാറായി എന്നത് ഓർത്തഡോക്‌സ് സഭയ്ക്ക് മാത്രമല്ല എല്ലാ ക്രിസ്ത്യൻ സഭകൾക്കുമുള്ള സന്ദേശമായിരുന്നു.

കേരളത്തിൽ ഒരു ക്രിസ്ത്യൻ സഭയ്ക്ക് തങ്ങൾ നിർദ്ദേശിച്ച ഒരാളെ എം എൽ എയും മന്ത്രിയുമാക്കാൻ സി.പി.ഐ- എം തയ്യാറായി എന്നത് ചെറിയ കാര്യമായിരുന്നില്ല. എല്ലാ ക്രിസ്ത്യൻ സഭകളുമായും ഈ പുതിയ ഐക്യം സി.പി.ഐ- എം വിളംബരം ചെയ്തു. സഭാധ്യക്ഷന്മാരെയും പുരോഹിതന്മാരെയും ഓരോ ഘട്ടത്തിലും പാർട്ടിയിൽ നിന്നുള്ള ജ്ഞാനികൾ സമ്മാനങ്ങളുമായി സന്ദർശിച്ചു. കടുത്ത മുസ്​ലിം വിരുദ്ധ പ്രചാരണം ഓരോ തവണയും അവർ നടത്തുമ്പോഴും ബിഷപ്പുമാരെ വേദനിപ്പിക്കാതിരിക്കാൻ പാർട്ടി ശ്രദ്ധിച്ചു. ലവ് ജിഹാദും നാർക്കോട്ടിക്ക് ജിഹാദും പോലുള്ള വിഷവ്യായാമങ്ങളിൽ മുഴുകിയ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിലിനെ സി.പി.ഐ- എം മന്ത്രിയും സെക്രട്ടേറിയറ്റ് അംഗവുമായ വാസവൻ ഓടിയെത്തി കൈമുത്തി. കോൺഗ്രസ് ചരിത്രപരമായിത്തന്നെ ക്രിസ്ത്യൻ സഭകളടക്കമുള്ള പിന്തിരിപ്പൻ രാഷ്ട്രീയത്തിന്റെ വക്താക്കളായതുകൊണ്ട് അവരിൽ നിന്നും മതേതരരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള എതിർപ്പ് ഇക്കാര്യത്തിലുയരില്ല എന്ന് സി.പി.ഐ- എമ്മിനറിയാം. അതുകൊണ്ടുതന്നെ കേരളത്തിലെ മുസ്​ലിംകൾക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ അതൊന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കില്ലെന്നും തങ്ങൾക്ക് കിട്ടുന്ന മുസ്​ലിം വോട്ടുകളെ സംഘപരിവാർ വിരുദ്ധ പ്രചാരണം കൊണ്ട് നിലനിർത്താമെന്നും സി.പി.ഐ- എം മനസിലാക്കി.

ക്രിസ്ത്യൻ സഭകളെ അസ്വസ്ഥരാക്കുന്നത് മുസ്​ലിംകൾ കേരളത്തിൽ നേടിയ സാമ്പത്തിക സ്വാധീനം കൂടിയാണ്. നാണ്യവിള തോട്ടങ്ങളൊഴിച്ചുള്ള ഭൂവുടമസ്ഥതയുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തികനിലയിൽ മാറ്റങ്ങൾ വരികയും അതിനെത്തുടർന്നുള്ള കച്ചവടം, വ്യാപാരം തുടങ്ങിയ മേഖലകളിലും സേവനമേഖലകളിലും അതിന്റെ വാണിജ്യവത്ക്കരണത്തിലും മേൽക്കൈ നേടുകയും ചെയ്തിരുന്ന ക്രിസ്ത്യൻ സമ്പന്ന വിഭാഗത്തിന് ഗൾഫ് പ്രവാസമടക്കമുള്ള സാദ്ധ്യതകൾ ധനികരാക്കിയ ഒരു വിഭാഗം സമാന സമ്പന്ന മുസ്​ലിംകളിൽനിന്നും നേരിടുന്ന സാമ്പത്തിക വെല്ലുവിളികൂടിയാണ് സഭയുടെ വൈതാളികവേഷത്തിന്റെ കാരണം.

ക്രിസ്ത്യാനികളിൽ നല്ലൊരുവിഭാഗവും സാമാന്യമായി മതസമ്പ്രദായങ്ങളെ ചോദ്യം ചെയ്യുന്നില്ലെങ്കിലും ആധുനിക വിദ്യാഭ്യാസത്തിന്റെയും അതിന്റെ തുടർച്ചയായ സാമൂഹ്യബോധത്തിന്റെയും തൊഴിലുകളുടേയും ഭാഗമായി മതബദ്ധജീവിതത്തിന്റെ സങ്കുചിതവൃത്തത്തിൽ നിന്ന്​ പ്രായോഗികമായി പുറത്തുനിൽക്കാൻ ശ്രമിക്കുന്നവരാണ്. അതായത്, കാലക്രമത്തിൽ യൂറോപ്പിലെ അടഞ്ഞുകിടക്കുന്ന പള്ളികളുടെ ഭൂതബാധ തങ്ങളെയും തേടിവരുമെന്ന ഉൾപ്പേടി കേരളത്തിലെ ക്രിസ്ത്യൻ സഭകൾക്ക് ന്യായമായുമുണ്ട്.

അതുകൊണ്ട് കേരളത്തിലെ ഇരു രാഷ്ട്രീയ മുന്നണികളുമായും നടത്തി വിജയിച്ച പരിപാടി ബി.ജെ.പിയുമായും നടത്താമെന്ന് ക്രിസ്ത്യൻ സഭകൾ തീരുമാനിക്കുകയാണ്. അതായത് 2016-ൽ ബി.ജെ.പിക്കായിരുന്നു വിജയസാധ്യതയെങ്കിൽ വീണാ ജോർജ്ജിനെ ഓർത്തഡോക്‌സ് സഭ ബി.ജെ.പി സ്ഥാനാർത്ഥിയാക്കുമായിരുന്നു എന്നതാണ് വാസ്തവം. കേരളത്തിൽ ബി.ജെ.പിക്ക് ഏറ്റവുമാദ്യം ലഭിച്ച സഖ്യക്ഷി കേരള കോൺഗ്രസിന്റെ പി.സി. തോമസ് വിഭാഗമായിരുന്നു എന്നും ശേഷം കിട്ടിയ മറ്റൊരു സഖ്യകക്ഷി പി.സി. ജോർജ്ജിന്റെ കേരള കോൺഗ്രസ് കഷ്ണമായിരുന്നുവെന്നതും യാദൃച്ഛികമല്ല.

എന്തുകൊണ്ട് ബി.ജെ.പിയുമായി ഒത്തുപോകണം എന്ന കാര്യത്തിൽ സഭകൾ ഒരു തീരുമാനത്തിലെത്തിക്കഴിഞ്ഞു. അതുകൊണ്ടാണ് ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും മുസ്​ലിംകളോടുള്ള വെറുപ്പും ആദ്യഘട്ടത്തിൽ വന്നതിനുശേഷം കാർഷിക പ്രശ്‌നങ്ങളടക്കമുള്ള അടുത്ത ഘട്ടവും സാംസ്‌കാരിക ഐക്യത്തിന്റെ മൂന്നാം ഘട്ടവും വരുന്നത്. സംഘ്പരിവാറുമായുള്ള ഐക്യത്തെ തങ്ങളുടെ വിശ്വാസിസമൂഹത്തെ എങ്ങനെയൊക്കെ ബോധ്യപ്പെടുത്താം എന്നുള്ള പല തരത്തിലുള്ള തട്ടിപ്പുകൾക്കൂടിയാണ് ഇതെല്ലാം. വിമോചനസമരക്കാലത്തെന്നപോലെ സോവിയറ്റ് യൂണിയനിൽ സ്ത്രീകൾ പൊതുസ്വത്താണ് തുടങ്ങിയ നുണപ്രചാരണങ്ങൾക്കൊണ്ട് പുതിയ അജണ്ട നടപ്പാകില്ല എന്നവർക്കറിയാം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈസ്റ്റർ ദിന ദൽഹി കത്തീഡ്രൽ സന്ദർശനത്തിന് മുമ്പും പിമ്പുമായി ക്രിസ്ത്യൻ സഭാനേതാക്കളുടെ പ്രസ്താവനകൾ വന്നുകൊണ്ടേയിരിക്കുന്നത് കൃത്യമായ പദ്ധതിയുടെ ഭാഗമായാണ്. രാജ്യത്ത് ക്രിസ്ത്യാനികൾക്ക് നേരെ നടന്ന ആക്രമണങ്ങളുടെ പേരിൽ ചോദ്യങ്ങൾ നേരിടേണ്ടിവരും എന്നത് പുരോഹിത പ്രമുഖർക്കറിയാം. അതുകൊണ്ടാണ് മലങ്കര ഓർത്തഡോക്‌സ് സഭ ഗീവർഗീസ് മാർ യൂലിയോസ് ഇങ്ങനെ സംഭവിക്കുന്ന എല്ലാ കുഴപ്പങ്ങൾക്കും ‘മോദിയോ ആർ.എസ്.എസോ ആണ് ചെയ്യുന്നതെന്ന് ചാപ്പകുത്തുന്നതിനോട് യോജിപ്പില്ല' എന്ന് പറഞ്ഞത്. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം ക്രിസ്ത്യാനികളെ ആഭ്യന്തര ശത്രുക്കളായി കാണുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ബി.ജെ.പിയുടെ കേരളത്തിലെ ഒരു നേതാവായ എം.ടി. രമേശും തലശ്ശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും ഒരേ ഉത്തരമാണ് പറയുന്നത്, ‘വിചാരധാരയിൽ പറയുന്നത് അന്നത്തെ സാഹചര്യം.'

ആരാരും പിന്നിലായിപ്പോകുന്നില്ല എന്ന് വിവിധ ക്രിസ്ത്യൻ സഭകൾ ഉറപ്പുവരുത്തുന്നുണ്ട്. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയ മാർത്തോമ്മാ മാത്യൂസ് തൃതീയൻ നരേന്ദ്ര മോദിയെ സന്ദർശിച്ചു. തങ്ങൾക്ക് ബി.ജെ.പിയുമായോ ബി.ജെ.പിക്ക് കേരളത്തിലുള്ള രാഷ്ട്രീയമോഹങ്ങളുമായോ യാതൊരുവിധ എതിർപ്പുമില്ലെന്നു മാത്രമല്ല ആ പദ്ധതിയിൽ തങ്ങളാലാവുന്ന സഹായം ചെയ്യാനും തയ്യാറാണെന്ന സന്ദേശമാണ് കൈമാറുന്നത്. ബി.ജെ.പി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതരല്ലെന്ന് പറയുന്നത് ശരിയല്ലെന്നാണ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പറഞ്ഞത്. മറ്റ് പാർട്ടികളിൽ പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ ജനങ്ങൾ പുതിയ പാർട്ടിയെ പിന്തുണയ്ക്കുന്നത് സ്വാഭാവികമാണ് എന്നും ആലഞ്ചേരി പറഞ്ഞു. അതായത് ബി.ജെ.പിയെ ‘മറ്റൊരു പുതിയ പാർട്ടി'യായി മാത്രം കാണാനുള്ള എളുപ്പവഴിയാണ് കർദ്ദിനാൾ കാണിച്ചുതരുന്നത്.

കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി

കേരളത്തിലെ ഇടതുപക്ഷത്തിനൊപ്പം നിന്ന ബിഷപ് പൗലോസ് മാർ പൗലോസിനെപ്പോലുള്ളവരിൽ നിന്നും ലവ് ജിഹാദും നാർക്കോട്ടിക്ക് ജിഹാദും മുസ്​ലിംകളോടുള്ള വെറുപ്പും പ്രഘോഷിക്കുന്ന ബിഷപ്പ് ജോസഫ് കല്ലറങ്ങാടനെപ്പോലുള്ള പുരോഹിതന്മാരുടെ കൈമുത്തുന്നതിലേക്ക് ഇടതുപക്ഷം സഞ്ചരിച്ച വഴിയുടെ ഇപ്പോഴത്തെ അറ്റത്തുനിന്നുകൂടിയാണ് ബി.ജെ.പിയുടെ കുരിശിന്റെ വഴി തുടങ്ങുന്നത്. സ്വയം ബിഷപ്പും പോപ്പുമൊക്കെയായി പ്രഖ്യാപിച്ച, സ്വന്തമായി കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള സഭയുണ്ടാക്കിയ, സാമ്പത്തിക തട്ടിപ്പിന്റെ ആരോപണങ്ങളടക്കം നേരിടുന്ന യോഹന്നാൻ വരെ സി.പി.എമ്മിന്റെ പുത്തൻ വിശാലസഖ്യത്തിലെ പങ്കാളിയാണ്. വിമോചനസമരക്കാലം മുതൽ കേരളത്തിലെ സകല മത,സാമുദായിക ജീർണശക്തികളേയും സംരക്ഷിച്ചു നിർത്തിയ കോൺഗ്രസിന്റെ ഐക്യമുന്നണി മാതൃകയിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. തങ്ങൾ നിർദ്ദേശിക്കുന്നവരെ ഇരുമുന്നണികളിലും മന്ത്രിയും എം.പിയുമൊക്കെയാക്കിയ രാഷ്ട്രീയ ഉപജാപങ്ങളുടെയും സമ്മർദ്ദ രാഷ്ട്രീയത്തിന്റെയും അനുഭവസമ്പത്തിലാണ് ക്രിസ്ത്യൻ സഭകളുടെ ആത്മവിശ്വാസം.

എന്നാൽ മറ്റൊരു പാർട്ടിയല്ല ബി.ജെ.പിയെന്ന് ഇന്ത്യ അതിവേഗം തിരിച്ചറിയുന്നുണ്ട്. ക്രിസ്ത്യൻ സഭകൾക്ക് അതിനുള്ള സമയമാവുന്നേയുള്ളു. ക്രിസ്ത്യൻ സഭകൾ അതിന്റെ പുതിയ നാഥനെ കണ്ടെത്തിയിരിക്കുന്നു. ഇത് സഭയുടെ അന്ത്യപ്രലോഭനമാണ്.

Comments