2020 തദ്ദേശഭരണ തിരഞ്ഞെടുപ്പ്: ഇടതു മാനിഫെസ്റ്റോയിൽ ഒരിടപെടൽ

പത്തുലക്ഷം പേർക്ക് തൊഴിൽ നൽകും, കേവല ദാരിദ്ര്യം ഇല്ലാതാക്കും, ജനുവരി ഒന്നു മുതൽ ക്ഷേമ പെൻഷൻ 1500 രൂപ, എല്ലാവർക്കും വീട്, വെളിച്ചം, കുടിവെള്ളം, ഭക്ഷണം, പൊതുവിദ്യാഭ്യാസ- ആരോഗ്യ സേവനങ്ങൾ മികച്ചതാക്കും, വാക്‌സിൻ ഫലപ്രദമായി ജനങ്ങൾക്കു ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ സർക്കാർ തുടങ്ങി, വികസനത്തിൽ സ്ത്രീ പരിഗണന, അഞ്ചു വർഷം കൊണ്ട് കേരളത്തിലെ മുഴുവൻ പുഴകളും എൺപതിനായിരം കിലോമീറ്റർ തോടുകളും ശുചീകരിക്കും, തദ്ദേശഭരണം സദ്ഭരണമാക്കും- തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫ്​ പ്രകടനപത്രികയിലെ പ്രധാന വാഗ്​​ദാനങ്ങൾ ഇവയാണ്​. ഇത്തരം ജനപക്ഷ പ്രഖ്യാപനങ്ങളുടെ സാക്ഷാൽക്കാരത്തിനുള്ള മൂർത്തസാഹചര്യവും സമീപനവും കൂടി ഒരുക്കാൻ നമ്മുടെ രാഷ്​ട്രീയപാർട്ടികൾക്കും മുന്നണികൾക്കും ഉത്തരവാദിത്തമുണ്ട്​

Think

‘‘വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്''

(1).ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന വേളയിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പു നടക്കുന്നത്. 1996 ലെ നായനാർ സർക്കാർ നടപ്പാക്കിയ ജനകീയാസൂത്രണമാണ് കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് താരതമ്യമില്ലാത്ത തോതിൽ അധികാരവും പണവും ഉദ്യോഗസ്ഥരെയും ലഭ്യമാക്കിയത്.

അധികാരവികേന്ദ്രീകരണത്തിനുവേണ്ടി 1957 ലെ ഇ.എം.എസ് സർക്കാർ മുതൽ ഇടതുപക്ഷം എടുത്തുവന്ന നിലപാടുകളുടെ തുടർച്ചയായിട്ടാണ് ജനകീയാസൂത്രണം ആവിഷ്‌കരിച്ചത്. അതേസമയം, യഥാർത്ഥ അധികാരവികേന്ദ്രീകരണത്തെ തുരങ്കംവെച്ച പാരമ്പര്യമാണ് യു.ഡി.എഫിനുള്ളത്. ആദ്യമായി കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട ജില്ലാതല കൗൺസിലുകളെ തകർത്തതാണ് ഇതിൽ ഏറ്റവും കുപ്രസിദ്ധം.

ഇത്തരത്തിലുള്ള കുത്തിത്തിരിപ്പുകളെ മറികടക്കുന്നതിനുവേണ്ടിയാണ് കേവലം ഭരണപരിഷ്‌കാരം എന്ന നില വിട്ട് ജനകീയ പ്രസ്ഥാനമായി അധികാരവികേന്ദ്രീകരണത്തെ ആവിഷ്‌കരിച്ചത്. അതിലൂടെ രാജ്യത്തെ അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ കേരളം ഒന്നാമതെത്തി.

(2). യു.ഡി.എഫ് ഭരണം അവസാനിച്ചപ്പോൾ 2015-16ൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകിയ പ്രത്യക്ഷ ധനസഹായം 7679 കോടി രൂപയായിരുന്നു. ഇപ്പോഴത് 12074 കോടി രൂപയാണ്. ഇതിനു പുറമെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, സംസ്ഥാനാവിഷ്‌കൃത പദ്ധതികൾ, മുഖ്യമന്ത്രിയുടെ റോഡ് നിർമ്മാണ പദ്ധതി, കുടുംബശ്രീ, ലൈഫ് മിഷൻ തുടങ്ങിയവയിലൂടെ ഏതാണ്ട് 10000 കോടി രൂപയെങ്കിലും ലഭിക്കുന്നുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് ചെലവഴിക്കാത്ത പണം അടുത്ത വർഷത്തേയ്ക്ക് സ്പിൽ ഓവറായി കൊണ്ടുപോകുന്നതിന് അനുമതി ഉണ്ടായിരുന്നില്ല. ഇപ്പോൾ 30 ശതമാനം പദ്ധതിത്തുക ഇപ്രകാരം സ്പിൽ ഓവറായി അനുവദിക്കുന്നുണ്ട്. കോവിഡുമൂലം പദ്ധതിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ബാധകമാക്കിയിട്ടില്ല. കോവിഡ് പ്രതിരോധത്തിന് ചെലവഴിക്കുന്ന പണം അധികമായി നൽകുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്.

(3). ഇതുവരെയുള്ള 25 വർഷത്തെ അനുഭവങ്ങൾ വിലയിരുത്തിക്കൊണ്ട് അധികാരവികേന്ദ്രീകരണം കൂടുതൽ വിപുലീകരിക്കേണ്ട കാലമാണിത്. ഭരണപരവും ധനപരവുമായ സ്വയംഭരണം ശക്തിപ്പെടുത്തണം. ജനപങ്കാളിത്തം ഉയർത്തണം. കൂടുതൽ സുതാര്യമാക്കണം. വികസനകുതിപ്പിനു വേഗത കൂട്ടണം. ഇതിനെല്ലാമുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തേടുന്നത്.

(4). കോൺഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം 73-74ാം ഭരണഘടനാ ഭേദഗതികളുടെ അന്തസത്തയിൽ നിന്ന് ബഹുദൂരം പുറകോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കേരളം മാത്രമാണ് 73-74 ഭേദഗതിയുടെ ഇരുപത്തഞ്ചാം വാർഷികം ആചരിച്ച സംസ്ഥാനം. കോൺഗ്രസുപോലും അത് മറന്നുപോയി. ബി.ജെ.പി കേന്ദ്രസർക്കാർ ആസൂത്രണം വേണ്ടെന്നുവച്ചു. പിന്നെ, വികേന്ദ്രീകൃതാസൂത്രണത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ. കേന്ദ്ര പഞ്ചായത്ത് വകുപ്പ് ഫണ്ട് ഇല്ലാതെ ശുഷ്‌കിച്ച് ഏതാണ്ട് ഇല്ലാതായെന്നു പറയാം. നഗര വികസനവും ഗ്രാമ വികസനവുമായി ബന്ധപ്പെട്ട് സ്‌കീമുകളുണ്ടെങ്കിലും അവ നടപ്പാക്കുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കു വലിയ പങ്കൊന്നും കൽപ്പിച്ചിട്ടില്ല.

ഇതിൽ നിന്നെല്ലാം എത്രയോ വ്യത്യസ്തമാണ് കേരളം. നാട് നേരിടുന്ന വെല്ലുവിളികളെ തദ്ദേശഭരണ സ്ഥാപനങ്ങൾ കരുത്തോടെ അഭിമുഖീകരിക്കുന്നത് എങ്ങനെയെന്നതിന് ഉത്തമദൃഷ്ടാന്തമായി ഈ കോവിഡ് പകർച്ചവ്യാധിക്കാലത്തെ കേരളത്തിലെ അനുഭവം പ്രകീർത്തിക്കപ്പെടുന്നു. ഇതെല്ലാം കണക്കിലെടുത്ത് അധികാര വികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

(5). ഇങ്ങനെ രൂപംകൊള്ളുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ അവരവരുടെ പ്രദേശത്തെ പ്രത്യേകതകളും ആവശ്യങ്ങളും കണക്കിലെടുത്ത് പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കും. അതോടൊപ്പം അടുത്ത അഞ്ചുവർഷം കൊണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ ജനജീവിതം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ ചെയ്യുമെന്നതിന് ഒരു രൂപരേഖ ഇടതുപക്ഷ ജനാധിപത്യ മുന്നണി വോട്ടർമാരുടെ മുന്നിൽ ഈ മാനിഫെസ്റ്റോയിലൂടെ അവതരിപ്പിക്കുകയാണ്.

പത്തുലക്ഷം പേർക്ക് തൊഴിൽ നൽകും

(6). തൊഴിലില്ലായ്മയാണ് കേരളത്തിലെ യുവതീയുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. കേരളത്തിൽ ഇക്കഴിഞ്ഞ നലരവർഷക്കാലംകൊണ്ട് 1,46,130 പേർക്ക് പി.എസ്.സി വഴി തൊഴിൽ നൽകാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞു. പശ്ചാത്തല സൗകര്യസൃഷ്ടിയിൽ ഇന്ന് കേരളത്തിൽ നടക്കുന്ന സമാനതകളില്ലാത്ത മുന്നേറ്റവും നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികളുംമൂലം ഇനിയുള്ള വർഷങ്ങളിൽ സംഘടിത മേഖലയിൽ വലിയതോതിൽ നിക്ഷേപവും അതുവഴി തൊഴിലവസരങ്ങളും വർദ്ധിക്കും. ഇതോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ പത്തുലക്ഷം പേർക്ക് തൊഴിൽ നൽകും. ഇതിനുവേണ്ടിയുള്ള ഫലപ്രദമായ ഇടപെടലായിരിക്കും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭാവി പ്രവർത്തനങ്ങളുടെ മുഖമുദ്ര.

(7). തൊഴിൽ മേഖലകളിൽ വേണ്ടത്ര ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഇതുവരെയുള്ള കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്റെ ദൗർബല്യങ്ങളിലൊന്ന്. ഓരോ പ്രാദേശിക സർക്കാരും കാർഷിക, ചെറുകിട വ്യവസായ, സേവന മേഖലകളിലും തൊഴിലും വരുമാനവും സൃഷ്ടിക്കുന്നതിനുള്ള ഹബ്ബുകളായി മാറണം. കാർഷിക മേഖലയുടെ അഭിവൃദ്ധിയിലൂടെ അഞ്ചുലക്ഷം തൊഴിലുകൾ സൃഷ്ടിക്കും. അതോടൊപ്പം സൂക്ഷ്മ - ചെറുകിട സംരംഭങ്ങളിലൂടെ കാർഷികേതര മേഖലയിലും അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

കാർഷിക മേഖലയിൽ അഞ്ചുലക്ഷം

(8). തരിശുരഹിത കേരളമാണ് ലക്ഷ്യം. ഒരുപ്പൂ ഇരിപ്പൂ ആക്കുന്നതിനും തുടർവിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതികൾ ഉണ്ടാക്കും. കുടുംബശ്രീയുടെ 70000 സംഘകൃഷി ഗ്രൂപ്പുകളിൽ ഇന്ന് മൂന്നു ലക്ഷം സ്ത്രീകൾക്ക് പണിയുണ്ട്. സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒന്നര ലക്ഷമാക്കും. അധികമായി മൂന്നു ലക്ഷം പേർക്ക് തൊഴിൽ നൽകും. ഈ സംഘങ്ങൾക്കെല്ലാം കാർഷികവായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കും. പലിശ സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും. ബ്ലോക്കുതലത്തിൽ കാർഷിക കർമ്മസേനകൾ രൂപീകരിച്ചുകൊണ്ട് യന്ത്രപിന്തുണ ഉറപ്പു നൽകും. പാടശേഖരസമിതികൾ, സ്വയം സഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കൃഷി പ്രോത്സാഹിപ്പിക്കും. ഇവയ്ക്ക് പിന്തുണ നൽകുന്ന രീതിയിൽ തൊഴിലുറപ്പു പ്രവൃത്തികൾ ഏറ്റെടുക്കും.

കാർഷികേതര മേഖലയിൽ അഞ്ചുലക്ഷം

(9). കാർഷികേതര മേഖലയിൽ മൂന്നുതരത്തിലാണ് അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്നത്. ഒന്നാമത്തേത്, സഹകരണ സംഘങ്ങളിൽ നിന്നും മറ്റു സർക്കാർ ഏജൻസികളിൽ നിന്നും നൽകുന്ന വായ്പകളുടെ അടിസ്ഥാനത്തിലുള്ള ചെറുകിട സംരംഭങ്ങളാണ്. സർക്കാർ സ്ഥാപനങ്ങളായ കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി, കെ.എസ്.എഫ്.ഇ, വിവിധ വികസന കോർപറേഷനുകൾ, സഹകരണസംഘങ്ങളും. കേരള ബാങ്കും, ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള വായ്പകളും ഇവയെല്ലാം ഏകോപിപ്പിച്ച് കഴിയുന്നത്ര ഏകീകൃതമായ സൂക്ഷ്മ ചെറുകിട തൊഴിൽ സംരംഭ പ്രോത്സാഹന പരിപാടി ആവിഷ്‌കരിക്കും. പ്രതിവർഷം അമ്പതിനായിരം സംരംഭങ്ങൾ വീതം ആരംഭിക്കും. ഈ തൊഴിൽ സംരംഭങ്ങൾക്കുവേണ്ടി 5000 കോടി രൂപ എല്ലാ ഏജൻസികളും ചേർന്ന് അഞ്ചുവർഷം കൊണ്ട് വായ്പ നൽകും. ഈ വായ്പകളുടെ പലിശ ഒരേ നിരക്കിലാക്കും. സബ്‌സിഡി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും സംയുക്തമായി വഹിക്കും.

(10). രണ്ടാമതായി കുടുംബശ്രീ, ബ്ലോക്ക് ട്രെയിനിംഗ് കേന്ദ്രങ്ങൾ, അസാപ്, തദ്ദേശഭരണ സ്ഥാപനങ്ങൾ രൂപം നൽകുന്ന പ്രത്യേക പരിശീലന പരിപാടികൾ വഴി നൈപുണി പോഷണ പരിപാടികൾ ശക്തിപ്പെടുത്തും. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്നവർക്ക് സ്വയം തൊഴിലിന് അല്ലെങ്കിൽ വേതനാധിഷ്ഠിത തൊഴിലിനുള്ള പ്രത്യേക സ്‌കീമുകൾ തയ്യാറാക്കുന്നതാണ്.

(11). മൂന്നാമതായി കുടുംബശ്രീയുടെയും സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ ജനകീയ ഹോട്ടൽ, പച്ചക്കറി വിപണനശാലകൾ, ഹോം ഷോപ്പികൾ, സേവനഗ്രൂപ്പുകൾ, നാളികേര സംഭരണ - സംസ്‌കരണ കേന്ദ്രങ്ങൾ, കോഓപ്പ് മാർട്ട് തുടങ്ങിയ തൊഴിൽ ശൃംഖലകൾ നൂറിന പരിപാടിയുടെ ഭാഗമായി രൂപം കൊണ്ടിട്ടുണ്ട്. ഇവ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഉറപ്പുവരുത്തും. അരി, വെളിച്ചെണ്ണ, ധാന്യമസാല പൊടികൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ തുടങ്ങിയവ വികേന്ദ്രീകൃതമായി ഉൽപ്പാദിപ്പിച്ച് ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കും. ഓൺലൈൻ വിപണന പ്ലാറ്റ്‌ഫോമുകൾ പ്രോത്സാഹിപ്പിക്കും.

(12). ഇവയെല്ലാം നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഉറപ്പായും ചെയ്യാൻ പറ്റുന്നതാണ് എന്ന് നൂറിന പരിപാടി തെളിയിക്കുകയാണ്. മൂന്നു മാസത്തിനുള്ളിൽ അമ്പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരുപത്തയ്യായിരം മേൽവിവരിച്ച രീതിയിലുള്ള സംരംഭങ്ങളിലൂടെയാണ്. ലക്ഷ്യം കവച്ചുവെയ്ക്കുന്ന മുന്നേറ്റമാണ് ഇപ്പോൾ നമ്മുടെ കൺമുന്നിൽ നടന്നുകൊണ്ടിരിക്കുന്നത്. മൂന്നുമാസം കൊണ്ട് ഒരുലക്ഷം തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്.

തൊഴിലുറപ്പു പദ്ധതി

(13). ഇപ്പോൾ തൊഴിലുറപ്പു പദ്ധതിയിൽ 1314 ലക്ഷം പേരാണ് പണിയെടുക്കുന്നത്. ശരാശരി 5055 പ്രവൃത്തി ദിനങ്ങളാണ് ലഭ്യമാകുന്നത്. തൊഴിലുറപ്പു പദ്ധതിയിൽ ചുരുങ്ങിയത് മൂന്നു ലക്ഷം പേർക്കുകൂടി തൊഴിൽ നൽകും. നിയമപരമായി ആവശ്യപ്പെടുന്നവർക്കെല്ലാം 100 ദിവസത്തെ തൊഴിൽ നൽകുന്നതിന് കേന്ദ്രസർക്കാർ ബാധ്യസ്ഥമാണ്. ഈ അവകാശം ഉറപ്പിക്കുന്നതിനു നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കുന്നതാണ്. ഇതു ലക്ഷ്യം വെച്ചുകൊണ്ട് ലേബർ ബജറ്റുകൾ ക്രമീകരിക്കും. പരമാവധി തൊഴിൽ നൽകുക എന്നുള്ളത് പഞ്ചായത്തുകളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരിക്കും.

(14). 2021 ജനുവരി ഒന്നിന് തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി നിലവിൽ വരും. വർഷത്തിൽ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാം. അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകും. തൊഴിൽ സേനയിൽ നിന്ന് പുറത്തുപോകുമ്പോൾ ഈ തുക പൂർണമായും അംഗത്തിന് ലഭ്യമാക്കും. മറ്റു പെൻഷനുകളില്ലാത്ത എല്ലാ അംഗങ്ങൾക്കും 60 വയസു മുതൽ പെൻഷൻ നൽകും. ഇനിമേൽ ഫെസ്റ്റിവെൽ അലവൻസും ക്ഷേമനിധി വഴിയാകും. 75 ദിവസം തൊഴിലെടുത്ത മുഴുവൻപേർക്കും ഫെസ്റ്റിവെൽ അലവൻസിന് അർഹതയുണ്ടാകും.

അയ്യങ്കാളി പദ്ധതി സമഗ്രപരിഷ്‌കരണം

(15). തൊഴിലുറപ്പു പദ്ധതി ഇന്ത്യയിൽ ഗ്രാമീണ മേഖലയിൽ മാത്രമാണുള്ളത്. ഇത് നഗരമേഖലയിലേയ്ക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി കേരളത്തിലെ നഗരങ്ങളിൽ ആരംഭിച്ചത്. ഈ പദ്ധതി സമഗ്രമായി പരിഷ്‌കരിക്കും. അഭ്യസ്തവിദ്യർക്കുകൂടി സഹായകരമായ നിലയിൽ പരിഷ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നത്.

അഭ്യസ്തവിദ്യരും തൊഴിലുറപ്പും

(16). നിലവിൽ ശുചീകരണം അടക്കമുള്ള കായിക അധ്വാന പ്രവർത്തനങ്ങൾക്കാണ് അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി ഉപയോഗപ്പെടുത്തുന്നത്. ഈ സ്‌കീം കൂടുതൽ ഫണ്ട് അനുവദിച്ചുകൊണ്ട് വിപുലപ്പെടുത്തും. അതോടൊപ്പം അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവതീയുവാക്കൾക്കു തൊഴിൽ നൽകുന്നതിനുവേണ്ടി ഒരു പ്രത്യേക സ്‌കീം ആരംഭിക്കും. വിശേഷാൽ വൈദഗ്ധ്യമുള്ള അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് സ്വകാര്യസംരംഭങ്ങളിൽ അപ്രന്റീസുകളായി/ഇന്റേണുകളായി ജോലി നൽകിയാൽ കൂലി തൊഴിലുറപ്പു നിരക്കിൽ സംരംഭകർ നൽകും. ബാങ്ക് വഴി നിശ്ചയിക്കപ്പെട്ട കൂലി പണിയെടുക്കുന്നവർക്ക് സംരംഭകർ നൽകണം.

(17). നിർണയിക്കപ്പെട്ട ഒരു കാലയളവിലേയ്ക്കാണ് അപ്രന്റീസ്/ഇന്റേണുകളായി ജോലിയ്ക്ക് അവസരമുണ്ടാവുക. ഒരു സ്ഥാപനത്തിൽ ഇപ്രകാരം എടുക്കാവുന്ന എണ്ണത്തിനും പരിധിയുണ്ടാകും. നിലവിലുള്ള തൊഴിലാളികളെ ഈ സ്‌കീമിൽ ഉൾപ്പെടുത്താൻ പാടില്ല. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിലെന്ന പോലെ തന്നെ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴിയായിരിക്കും ഈ പദ്ധതിയും നടപ്പാക്കുക. തങ്ങളുടെ വിഹിതത്തിന് പ്ലാൻ ഫണ്ടിൽ നിന്ന് നീക്കിവെച്ച് ഈ സ്‌കീം വിപുലപ്പെടുത്തുന്നതിനുള്ള അനുവാദം തദ്ദേശ സ്ഥാപനങ്ങൾക്ക് ഉണ്ടാകും. ഇതുപോലൊരു സ്‌കീം ഗ്രാമീണ മേഖലയ്ക്കും അനുവദിക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും.

പരമ്പരാഗത തൊഴിൽ മേഖലകൾ

(18). പരമ്പരാഗത തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും വളരെ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സ്‌കൂൾ യൂണിഫോം പദ്ധതി നടപ്പാക്കിയതോടെ കൈത്തറി മേഖലയിൽ സർക്കാർ സഹായം ഇരട്ടിയായി. കയർ വ്യവസായത്തിലെ ഉൽപാദനം 7000 ടണ്ണിൽ നിന്ന് 40000 ടണ്ണിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കശുവണ്ടി മേഖലയുടെ നവീകരണം നടപ്പാക്കുകയാണ്. 3000 തൊഴിലാളികൾക്കു കൂടി തൊഴിൽ നൽകും.

(19). കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ ശൃംഖല ആരംഭിക്കുകയാണ്. ഈ കടകളിൽ കേരളത്തിലെ പരമ്പരാഗത തൊഴിലാളികളുടെ ഉൽപന്നങ്ങളായ കയർ, കളിമൺ പാത്രങ്ങൾ, കൈത്തറി ഫർണിഷിംഗ്, പനമ്പ്, കെട്ടുവള്ളി, തുടങ്ങിയ എല്ലാവിധ ഉൽപന്നങ്ങളും ലഭ്യമായിരിക്കും. വിനോദ സഞ്ചാരികൾക്ക് കേരളത്തിന്റെ ഓർമ്മയായി സൂക്ഷിക്കാനും സമ്മാനിക്കാനും പറ്റുന്ന സൊവനീർ നിർമ്മാണത്തെ പ്രത്യേകം പ്രൊത്സാഹിപ്പിക്കും. അതോടൊപ്പം ഇവ കുടുംബശ്രീയുടെ ഹോംഷോപ്പി കേന്ദ്രങ്ങളുമായിരിക്കും. പരമ്പരാഗത മേഖലകൾക്ക് ഇതു വലിയ ഉത്തേജകമാകും.

മത്സ്യമേഖല

(20). സമഗ്ര തീരദേശ പാക്കേജ് സംസ്ഥാനസർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. തീരസംരക്ഷണത്തിനുള്ള നിർമ്മിതികൾ പുതിയ മത്സ്യബന്ധന തുറമുഖങ്ങൾ, തീരദേശത്തെ സ്‌കൂളുകളുടെയും ആശുപത്രികളുടെയും നവീകരണം, പുതിയ മാർക്കറ്റുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. പുനർഗേഹം പദ്ധതിയുടെ ഭാഗമായി തീരത്തു നിന്ന് അമ്പതുമീറ്റർ ഉള്ളിൽ താമസിക്കുന്ന എല്ലാ കുടുംബങ്ങളുടെയും പുനരധിവാസത്തിന് 10 ലക്ഷം രൂപ വീതം നൽകുന്ന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

(21). തീരദേശ വികസനവുമായി ബന്ധപ്പെട്ട് തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കിയിട്ടുള്ള പദ്ധതികളെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ തീരദേശ പ്രോജക്ടുകളുടെ ആസൂത്രണത്തിലും നിർവഹണത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നതാണ്.

(22). പ്രതിഭാതീരം പദ്ധതി എല്ലാ മത്സ്യഗ്രാമങ്ങളിലും നടപ്പാക്കും. അഭ്യസ്തവിദ്യരായ യുവതിയുവാക്കൾക്കു ഉദ്യോഗങ്ങൾ ലഭിക്കുന്നതിനുവേണ്ടി പ്രത്യേക നൈപുണി വികസന പരിപാടികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കും.

സുഭിക്ഷ കേരളം പദ്ധതി

(23). പച്ചക്കറി, പാൽ, മുട്ട എന്നിവയിൽ സ്വയംപര്യാപ്ത നേടും. ഇതിനുവേണ്ടി ഓരോ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിൽ ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

(24). ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ പച്ചക്കറി തറവില പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ 250 തദ്ദേശഭരണ സ്ഥാപനങ്ങളിലാണ് നടപ്പാക്കിയിട്ടുള്ളത്. ഈ പദ്ധതി സാർവത്രികമാക്കും. മിച്ചം വരുന്ന പച്ചക്കറി സംഭരിച്ച് ഉൽപന്നങ്ങളാക്കി മാറ്റുന്നതിനുള്ള ചെറുകിട മൂല്യവർദ്ധിത ശൃംഖലയ്ക്ക് രൂപം നൽകും.

(25). ഒരു കോടി ഫലവൃക്ഷത്തൈകൾ വർഷം തോറും നട്ടുപിടിപ്പിക്കും. ഇതിനായുള്ള നെഴ്‌സറികൾ ഓരോ പഞ്ചായത്തിലും ഉറപ്പുവരുത്തും. പുരയിടങ്ങളിൽ വ്യാപകമായി ഫലവൃക്ഷങ്ങൾ നടുന്നതിനോടൊപ്പം ഹരിതമിഷൻ ആരംഭിച്ച പച്ചത്തുരുത്തു മാതൃകയിലോ ‘മിയാവാക്കി’ മാതൃകയിലോ ചെറിയ പ്രാദേശിക മരക്കൂട്ടങ്ങൾ പൊതു ഇടങ്ങളിൽ സൃഷ്ടിക്കും.

(26). കേരളത്തിൽ വിതരണം ചെയ്യുന്ന പശു, എരുമ തുടങ്ങിയവ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിക്കൊണ്ടു വരുന്നവയാണ്. എന്നാൽ വേണ്ടത്ര സൂക്ഷ്മതയോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാത്തതിനാൽ ചില സന്ദർഭങ്ങളിൽ അവ മരണപ്പെടുകയോ ആദായകരമല്ലാതായി മാറുകയോ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നഷ്ടം വന്നവരെ സഹായിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഒരു സ്‌കീം തയ്യാറാക്കും. കന്നുകുട്ടി പരിപാലന പദ്ധതി ശക്തിപ്പെടുത്തും.

(27). 20000 കുളങ്ങളിൽ ഒരു കോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ഫിഷറീസ് ഡിപ്പാർട്ട്‌മെന്റാണ് ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തുക. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഗുണഭോക്തൃ ഗ്രൂപ്പ് ഉണ്ടാക്കും.

ട്രൂ കോപ്പി: 1994ൽ ഒന്നാം അന്താരാഷ്ട്ര പഠന കോൺഗ്രസിൽ ഇ.എം.എസ് ഒരു പ്രധാന വിമർശനമുന്നയിച്ചു: വ്യവസായ വളർച്ചയിലൂന്നിയ സാമ്പത്തിക വളർച്ചയില്ലാതെ കേരളത്തിന് വികസിക്കാനോ നേട്ടങ്ങൾ നിലനിർത്താനോ കഴിയില്ല. എന്നാൽ, ഈ വിമർശനത്തിന്റെ സത്ത ഉൾക്കൊണ്ട് സാമ്പത്തിക വളർച്ചയിലൂന്നിയ ഒരു വികസന നയം മുന്നോട്ടുവെക്കാൻ സർക്കാറുകൾക്ക് കഴിഞ്ഞില്ല. ഇതിൽ ഏറ്റവും അവഗണിക്കപ്പെട്ടത്​, ഗ്രാമീണ തൊഴിൽ മേഖലയാണ്. കാർഷികാധിഷ്ഠിതവും ഉൽപ്പന്ന സംസ്കരണത്തിലൂന്നിയതുമായ ചെറുകിട വ്യവസായങ്ങളുടെയും മറ്റും വിപുല സാധ്യതകൾ നമ്മുടെ ഗ്രാമീണമേഖലയിലുണ്ടെങ്കിലും ഗ്രാമീണ കാർഷികമേഖലയോടുള്ള ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും ഉദാസീനത ഗ്രാമീണ സമ്പദ്​വ്യവസ്ഥയെയും തൊഴിൽ മേഖലയെയും തകർത്തുകളഞ്ഞു. കർഷക വിരുദ്ധങ്ങളായ ദേശീയ നിയമങ്ങൾ ഇപ്പോൾ ഈ തകർച്ചയുടെ ആക്കം കൂട്ടുന്നു. അതുകൊണ്ടുതന്നെ, ഉൽപാദനക്ഷമത വർധിപ്പിക്കാനും കൃഷിഭൂമിയുടെ വ്യാപനത്തിനും ജീവിതോന്മുഖമായ കാർഷികവൃത്തി വികസിപ്പിച്ചെടുക്കാനും ഇവയെ തൊഴിലുമായി ബന്ധിപ്പിക്കാനുമുതകുന്ന ഒരു കാർഷിക സംസ്കാരത്തിലേക്ക് ഗ്രാമീണമേഖലയെ ഉയർത്തിയാലേ, ഗ്രാമീണ തൊഴിലവസരങ്ങളും വർധിക്കൂ. കുടുംബശ്രീ- തൊഴിലുറപ്പ് സംവിധാനങ്ങളെ ഈയൊരു ദിശയിൽ പുനഃസംഘാടനം ചെയ്യുന്നത് വലിയ മാറ്റമുണ്ടാക്കും. ഇപ്പോൾ തന്നെ, ഗ്രാമങ്ങളിൽ ചെറുസംഘങ്ങളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ കാർഷിക മുൻകൈയുകളുണ്ട്. എന്നാൽ ഇവ തികച്ചും സ്വകാര്യമായ രീതിയിലാണ് പ്രവർത്തിക്കുന്നത് എന്ന പോരായ്മയുണ്ട്. അതേസമയം, കാർഷികവൃത്തിക്ക് സ്വീകാര്യതയേറുന്നുമുണ്ട്. മാനിഫെസ്റ്റോയിൽ സൂചിപ്പിക്കുന്ന സംഘകൃഷി ഗ്രൂപ്പുകൾക്കും പാടശേഖര സമിതികൾക്കും ഒപ്പം ഇത്തരം സ്വകാര്യ സംഘങ്ങളെയും ക്രിയാത്മക നെറ്റ്​വർക്കുകളിലൂടെ ബന്ധിപ്പിക്കാനും വിപണിയുടെയും തൊഴിലിന്റെയും ഇടങ്ങൾ വികസിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഉണ്ടാകണം. ഗ്രാമീണ സഹകരണ സംഘങ്ങളുടെ കുറെക്കൂടി ശാസ്ത്രീയ ഇടപെടലും അനിവാര്യമാണ്. സ്ത്രീകളുടെയും കുടുംബശ്രീകളുടെയും മറ്റും നേതൃത്വത്തിലുള്ള സംരംഭകത്വത്തിന് പിന്തുണ നൽകുന്ന ശക്തമായ അടിത്തറയായി കാർഷിക - പരമ്പരാഗത- സഹകരണ മേഖല മാറണം.

II

കേവല ദാരിദ്ര്യം ഇല്ലാതാക്കും

(28). രാജ്യത്ത് ഏറ്റവും വേഗതയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്ന സംസ്ഥാനമാണ് കേരളം. വരുമാനത്തെ മാത്രം ആശ്രയിക്കാതെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെടുത്തി ദാരിദ്ര്യത്തെ അളക്കുകയാണെങ്കിൽ കേരളം ദാരിദ്ര്യനിർമ്മാർജ്ജനത്തിന്റെ പടിവാതിക്കൽ എത്തിയിരിക്കുന്നു. കേവല ദാരിദ്ര്യം സമ്പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്ത സംസ്ഥാനമായി കേരളത്തെ ഉയർത്തുക എന്നതാണ് ലക്ഷ്യം.

ദരിദ്രർക്ക് മൈക്രോപ്ലാനുകൾ

(29). നിലവിലുള്ള ‘ആശ്രയ' പദ്ധതിയെ സമൂലമായി പുനഃസംഘടിപ്പിക്കും. അഗതികൾക്കു മാത്രമല്ല മറ്റു പരമദരിദ്ര വിഭാഗങ്ങളെയും വിശദമായ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കും. ഓരോ കുടുംബത്തെയും ദാരിദ്ര്യത്തിൽ നിന്നും കരകയറ്റുന്നതിനുവേണ്ടി ഭക്ഷണം, പാർപ്പിടം, വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തുന്നതിനുള്ള മൈക്രോപ്ലാൻ ഉണ്ടാക്കുകയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും. കുടുംബശ്രീ മിഷന്റെ ഒരു ഉപമിഷനായി ഇതിനുവേണ്ടി പ്രത്യേക സംവിധാനമുണ്ടാക്കും.

ക്ഷേമപെൻഷനുകൾ

(30). യു.ഡി.എഫ് ഭരണകാലത്ത് 600 രൂപയായിരുന്ന പെൻഷൻ, കുടിശിക തീർക്കുക മാത്രമല്ല, 1400 രൂപയായി എൽ.ഡി.എഫ് സർക്കാർ ഉയർത്തുക കൂടിചെയ്തു. ജനുവരി ഒന്നു മുതൽ 1500 രൂപയായി പെൻഷൻ ഉയർത്തുന്നതാണ്. യുഡിഎഫ് കാലത്ത് ക്ഷേമപെൻഷൻ കൈപ്പറ്റുന്നവരുടെ എണ്ണം 35 ലക്ഷമായിരുന്നു. ഇപ്പോൾ അത് 55 ലക്ഷത്തിലേറെയാണ്. 60 കഴിഞ്ഞ അർഹരായ മുഴുവൻ ആളുകൾക്കും പെൻഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

(31). കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നു കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ കൃഷിക്കാർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കും. കർഷകത്തൊഴിലാളികൾക്ക് അതിവർഷാനുകൂല്യമായി 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി കുടിശിക അടിയന്തരിമായി കൊടുത്തുതീർക്കും.

എല്ലാവർക്കും വീട്

(32). ലൈഫ് മിഷൻ വഴി രണ്ടര ലക്ഷത്തിൽപ്പരം വീടുകൾ നിർമ്മിച്ചു നൽകിക്കഴിഞ്ഞു. പണിതീരാതെ കിടന്ന വീടുകളെല്ലാം പൂർത്തീകരിച്ചു. രണ്ടര ലക്ഷം രൂപയാണ് വീടിനു നൽകിയിരുന്നതെങ്കിൽ ഇപ്പോൾ നാലു ലക്ഷം രൂപയാണ് മതിപ്പുചെലവ്. ഭൂരഹിതർക്കുവേണ്ടിയുള്ള ഫ്‌ളാറ്റുകൾക്ക് 10þ12 ലക്ഷം രൂപ ചെലവു വരും. ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ ഭവനരഹിതരുടെ ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതടക്കം ഏതാണ്ട് അഞ്ചുലക്ഷം പേർക്കാണ് വീടുകൾ നൽകേണ്ടി വരിക. അവർക്കെല്ലാം വീടു നൽകും. അതോടെ കേരളത്തിലെ പാർപ്പിട പ്രശ്‌നം നാം പരിപൂർണ്ണമായി പരിഹരിക്കും.

(33) തോട്ടം തൊഴിലാളികൾക്കുവേണ്ടി പ്രത്യേക പാർപ്പിട പദ്ധതി ആവിഷ്‌കരിക്കുന്നതാണ്. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പദ്ധതികൾ ആവിഷ്‌കരിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവാദം നൽകുന്നതാണ്.

എല്ലാവർക്കും വെളിച്ചം

(34) എല്ലാ വീടുകൾക്കും നാം വൈദ്യുതി കണക്ഷൻ നൽകിക്കഴിഞ്ഞു. വൈദ്യുതിച്ചെലവ് കുറയ്ക്കുന്നതിനുവേണ്ടി ഊർജ ദക്ഷത കൂടിയ ബൾബുകൾ, ഉപകരണങ്ങൾ തുടങ്ങിയവയിലേയ്ക്ക് മാറുകയും വൈദ്യുതി ഉപയോഗത്തിൽ മിതവ്യയം പാലിക്കുകയും ചെയ്യുകയാണ് ഇനി വേണ്ടത്. എല്ലാ തെരുവുവിളക്കുകളും സോളാറോ എൽ.ഇ.ഡിയോ ആക്കും. പുരപ്പുറ സോളാർ പദ്ധതി കൂടുതൽ വ്യാപിപ്പിക്കും. സീറോ ഫിലമെന്റ് പഞ്ചായത്തുകൾക്ക് പ്രത്യേക ധനസഹായം നൽകും.

എല്ലാവർക്കും കുടിവെള്ളം

(35) എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പുവഴി ശുദ്ധജലമെത്തിക്കാനുള്ള അതിബ്രഹത്തായ ജലജീവൻ മിഷൻ പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പഞ്ചായത്തുതലത്തിലെ നിർവഹണസംവിധാനം കേരളത്തിൽ പഞ്ചായത്ത് സമിതിയാണ്. ചെലവിന്റെ 45 ശതമാനമേ കേന്ദ്രത്തിൽ നിന്ന് ലഭിക്കൂ. കേരളത്തിൽ നടപ്പാക്കിയിരുന്ന ജലനിധി പദ്ധതിയുടെ പലഘടകങ്ങളും പുതിയ മിഷനിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ ഒരു വർഷം കൊണ്ട് 21 ലക്ഷം പേർക്ക് കുടിവെള്ളം നൽകുന്നതിനുള്ള 564 പ്രോജക്ടുകൾ ഏറ്റെടുത്തു കഴിഞ്ഞു. അഞ്ചു വർഷം കൊണ്ട് മുഴുവൻ പേർക്കും ശുദ്ധജലം ലഭ്യമാക്കും. ഈ ചെറുകിട ജലവിതരണ പദ്ധതികളുടെ തുടർനടത്തിപ്പ് പൂർണമായും തദ്ദേശഭരണ സ്ഥാപനങ്ങൾ വഴിയായിരിക്കും.

എല്ലാവർക്കും ഭക്ഷണം

(36) യുഡിഎഫ് കാലത്ത് തയ്യാറാക്കിയ റേഷൻ കാർഡ് ലിസ്റ്റാണ് നിലവിലുള്ളത്. ഒട്ടനവധി അർഹരായ ബി.പി.എല്ലുകാർ മുൻഗണനാ ലിസ്റ്റിൽ നിന്നും പുറംതള്ളപ്പെട്ടു. അനർഹരായ ഒട്ടനവധി ആളുകൾക്ക് ചുവപ്പു കാർഡും കിട്ടി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം അനർഹരായിട്ടുള്ളവരെ ബി.പി.എൽ ലിസ്റ്റിൽ നിന്നും ഒഴിവാക്കി 15.8 ലക്ഷം പാവപ്പെട്ടവർക്ക് ചുവപ്പു കാർഡ് നൽകിയിട്ടുണ്ട്. ഈ പ്രവർത്തനം ഊർജ്ജിതപ്പെടുത്തി അർഹരായവർക്കെല്ലാം പൂർണ്ണ റേഷൻ ആനുകൂല്യം ഉറപ്പുവരുത്തും.

(37) ജനകീയ ഹോട്ടലുകൾ ശക്തിപ്പെടുത്തും. അഗതികളായിട്ടുള്ളവർക്ക് സൗജന്യ ഭക്ഷണം നൽകും.

പട്ടിക ജാതി/ പട്ടിക വർഗ വിഭാഗങ്ങളുടെ വികസനം

(38) തദ്ദേശ ഭരണസ്ഥാപനങ്ങൾ വഴിയുള്ള പട്ടികജാതി, പട്ടികവർഗ പദ്ധതികളുടെ നടത്തിപ്പ് സമഗ്രമായ സോഷ്യൽ ഓഡിറ്റിനു വിധേയമാക്കും. അതിന്റെ അടിസ്ഥാനത്തിൽ പദ്ധതി ആസൂത്രണത്തിലും നിർവഹണത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും.

(39) ചിതറിക്കിടക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് ഓരോന്നിനും മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലാണ് അഭികാമ്യം. പി.കെ.കാളൻ പദ്ധതിയുടെ ഇതുവരെയുള്ള അനുഭവങ്ങൾ പരിശോധിച്ച് പുതിയ മാർഗനിർദ്ദേശങ്ങൾ നൽകും. ആസൂത്രണത്തിലും നിർവ്വഹണത്തിലും ഊരുകൂട്ടങ്ങളുടെ പങ്കാളിത്തം യാഥാർത്ഥ്യമാക്കും.
(40) പഠനമുറി നിർമ്മാണം സമ്പൂർണമാക്കും. പ്രത്യേക പഠനപരിഹാര ബോധന സ്‌കീമുകൾ ആവിഷ്‌കരിക്കും. പട്ടികജാതി, പട്ടികവർഗ സങ്കേതങ്ങൾ സമയബന്ധിതമായി അഞ്ചുവർഷം കൊണ്ട് നവീകരിക്കും. നൈപുണി പോഷണത്തിന് പ്രത്യേക സ്‌കീമുകൾ വഴി സ്വകാര്യ മേഖലയിൽ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

​ട്രൂ കോപ്പി:ക്ഷേമ പെൻഷനുകൾ, റേഷൻ കാർഡുകളുടെ ശാസ്ത്രീയമായ ലിസ്റ്റിങ്, പൊതുവിതരണ സമ്പ്രദായത്തിന്റെ ശക്തമായ തുടർച്ച എന്നിവ ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് ഏറെ കുറക്കാനിടയാക്കിയിട്ടുണ്ട്. എന്നാൽ, സ്വയംപര്യാപ്തക്ക് പ്രാപ്തമാക്കുന്ന അടിസ്ഥാന പദ്ധതികളുടെ അഭാവം, ഇത്തരം സാമൂഹിക ക്ഷേമ പരിപാടികളെ ഒരുതരം സൗജന്യമായോ ആനുകൂല്യമായോ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അതായത്, എല്ലാ മാസവും സൗജന്യമായി അവശ്യസാധന കിറ്റ് കൊടുത്തുകൊണ്ടിരുന്നാൽ ഇല്ലാതാകുന്നതല്ല ദാരിദ്ര്യം. സ്​ഥായിയായ ദാരിദ്ര്യ നിർമാർജനത്തിന് ആനുകൂല്യ വിതരണത്തിനപ്പുറമുള്ള പരിപാടികളാണ് യഥാർഥത്തിൽ വേണ്ടത്.

പട്ടിക വിഭാഗങ്ങളുടെ വികസനത്തെക്കുറിച്ച് മാനിഫെസ്റ്റോയിൽ പറയു​മ്പോ
ൾ, വിദ്യാഭ്യാസത്തിലും തൊഴിലിലും ഈയിടെ കൊണ്ടുവന്ന സവർണ സംവരണത്തെക്കുറിച്ച് സ്വഭാവികമായും ഓർത്തുപോകും. കാരണം, സവർണ സംവരണം സംവരണ വിഭാഗങ്ങളുടെ അവസരം ഇല്ലാതാക്കില്ലെന്ന് സർക്കാർ ആണയിടുമ്പോഴും അങ്ങനെയല്ല സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതിന് നിരവധി തെളിവുകൾ ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഭരണഘടനയിലെ സംവരണ തത്വത്തിന്റെ ലക്ഷ്യം തകർത്ത് സംവരണത്തെ വെറും ദാരിദ്ര്യനിർമാർജനമെന്ന സങ്കുചിതത്വത്തിലേക്ക് ചുരുക്കുന്ന ഒന്നാണ് സവർണ സംവരണമെന്ന് അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കപ്പെടുകയും ചെയ്തു. പട്ടിക വിഭാഗങ്ങളുടെ വികസനത്തിന് ഏറ്റവും അനിവാര്യമായ അധികാര- അവസര പങ്കാളിത്തത്തിന് നിലവിലുള്ള സാധ്യതകൾ തന്നെ ഇല്ലാതാക്കുന്ന ഒരു നിയമനിർമാണത്തിനുമുകളിലിരുന്ന് അവരുടെ വികസനത്തെക്കുറിച്ച് സംസാരിക്കാനാകുമോ?

III

സേവനങ്ങൾ മികവുറ്റതാക്കും

(41) കേരളത്തിലെ അധികാരവികേന്ദ്രീകരണം ഏറ്റവും വലിയ സംഭാവന പൊതുവിദ്യാഭ്യാസ - ആരോഗ്യ സേവന മേഖലയിലാണ്. ഇതുപോലെ തന്നെ തദ്ദേശഭരണ ഓഫീസുകളുടെ പ്രവർത്തനവും മെച്ചപ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ചു വർഷംകൊണ്ട് ഇവയെ മികവുറ്റതാക്കി മാറ്റുകയാണ് ലക്ഷ്യം.

പൊതുവിദ്യാലയങ്ങൾ ഒന്നാംതരം

(42) പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങളിലും പഠനരീതികളിലും പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും വലിയൊരു കുതിപ്പിന് നാം സാക്ഷ്യം വഹിക്കുകയാണ്. ഇതു മുന്നോട്ടു കൊണ്ടുപോകും. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളിൽ അക്ഷരവും അക്കവും ഉറച്ചിട്ടില്ലാത്ത കുട്ടികളെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി പരിഹാരബോധന വിദ്യാഭ്യാസം നൽകുന്ന പരിപാടി നടപ്പാക്കും. വയോക്ലബുകൾ, ഗ്രന്ഥശാലകൾ, കലാസാംസ്‌ക്കാരിക കേന്ദ്രങ്ങൾ, സ്‌കൂളുകൾ എന്നിവ ഇതിനുള്ള കേന്ദ്രങ്ങളാക്കും. അവധിക്കാലത്തെ വിജയപ്രഖ്യാപനമായി കുട്ടികളുടെ അക്ഷരമഹോത്സവങ്ങളും കളിക്കൂട്ടങ്ങളും സംഘടിപ്പിക്കും.

(43) പ്രൈമറി അപ്പർ പ്രൈമറി സ്‌കൂളുകളിലെല്ലാം കമ്പ്യൂട്ടർ ലാബുകളായി. ഇനി എല്ലാ ക്ലാസ് മുറികളും കമ്പ്യൂട്ടർവത്കരിക്കും. ഇതിനുള്ള സൗകര്യങ്ങൾ തയ്യാറാക്കുന്ന എയിഡഡ് സ്‌കൂളുകൾക്കടക്കം കമ്പ്യൂട്ടർ വിന്യസിക്കാൻ സർക്കാർ തയ്യാറാക്കും. പുതിയ കെട്ടിടങ്ങളിൽ നല്ല ഫർണിച്ചറുകൾ വേണം. ഇതിനുള്ള സ്‌കീം തദ്ദേശ ഭരണവകുപ്പു സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കും.

(44) എല്ലാ വീടുകളിലും ഇന്റർനെറ്റ് എത്തിക്കും. കുട്ടികൾക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് കുടുംബശ്രീ വഴി നടപ്പാക്കുന്ന സ്‌കീമിന് സബ്‌സിഡി വർദ്ധിപ്പിക്കും. സ്‌കൂൾ കമ്പ്യൂട്ടറൈസേഷൻ എല്ലാ വീട്ടിലും കമ്പ്യൂട്ടർ സാക്ഷരത ഉറപ്പുവരുത്തും. ലാപ്‌ടോപ്പും ഇന്റർനെറ്റും കൂടി ചേരുമ്പോൾ ഡിജിറ്റൽ ഡിവൈഡ് കേരളത്തിൽ ഉണ്ടാവില്ല.

പൊതുജനാരോഗ്യം ജനപങ്കാളിത്തത്തോടെ

(45) ജനപങ്കാളിത്തത്തോടെ സംസ്ഥാന സർക്കാർ കോവിഡ് പകർച്ചവ്യാധിയെ നേരിട്ടത് അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ഈ അംഗീകാരം നേടാൻ കഴിഞ്ഞത് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ വലിയ പിന്തുണയോടെയാണ്. വിദ്യാഭ്യാസ മേഖലയെന്നപോലെ പൊതുആരോഗ്യമേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടുള്ളത്. ഇതിനെ ഉൾക്കൊള്ളാനാവുംവിധം കേരളത്തിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ഡോക്ടർമാരുടെയും ആരോഗ്യ ജീവനക്കാരുടെയും എണ്ണം ഇരട്ടിയാക്കും. രാവിലെയും വൈകുന്നേരവും ഓപി ഉറപ്പുവരുത്തും.

(46) ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കും. താലൂക്ക്, ജില്ലാ ആശുപത്രികളുടെ നവീകരണം ഇതിനകം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

(47) ആരോഗ്യവോളണ്ടിയർമാരുടെ സഹായത്തോടെ ആശാ പ്രവർത്തകരുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തിൽ മുഴുവൻ പൗരന്മാരുടെയും ആരോഗ്യവിവരങ്ങൾ സംബന്ധിച്ച ഡാറ്റാബേസുണ്ടാക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആസ്പദമാക്കി ടെലിമെഡിസിൻ ആരംഭിക്കും. പ്രധാനപ്പെട്ട ജീവിതശൈലീ രോഗങ്ങൾ ആരംഭം മുതൽ തിരിച്ചറിയാനുള്ള കാമ്പയിനുകളും മറ്റും സംഘടിപ്പിക്കും. രോഗികൾക്ക് സബ്‌സെന്റർ വഴി തുടർച്ചയായി മരുന്ന് ലഭിക്കുന്നു എന്നുറപ്പു വരുത്തും. കുടുംബശ്രീയുടെയും മറ്റും സഹായത്തോടെ രോഗപ്രതിരോധത്തിനുള്ള ജീവിതശൈലീ മുൻകരുതലുകൾ ഉറപ്പുവരുത്തും. അങ്ങനെ ജനപങ്കാളിത്തത്തോടെ കേരളത്തിലെ രോഗാതുരത കുറയ്ക്കും.

(48) അഞ്ചുലക്ഷം രൂപ വരെ പ്രതിവർഷം സൗജന്യ ചികിത്സാ സഹായം ഉറപ്പുവരുത്തുന്ന ആരോഗ്യ പരിരക്ഷ പദ്ധതിയാണ് കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇത് കൂടുതൽ കാര്യക്ഷമമാക്കും. ഇതിന്റെ ആനുകൂല്യം ലഭിക്കാത്ത ആളുകൾക്ക് പഴയ കാരുണ്യ പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭിക്കും.

(49) സ്വന്തമായി പാലിയേറ്റീവ് കെയർ സംഘടനകൾ ഉണ്ടാക്കുന്നതിനു പകരം നിലവിലുള്ള സംഘടനകളെ ഏകോപിപ്പിക്കുന്ന പ്രവർത്തനമാണ് തദ്ദേശ സ്ഥാപനങ്ങൾ നടത്തേണ്ടത്. അവയ്‌ക്കെല്ലാം പൊതുവായി ഉപയോഗിക്കാനുള്ള ആംബുലൻസുകൾ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഉറപ്പുവരുത്തും. മരുന്നും മറ്റും കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി ലഭ്യമാക്കും. ടെലിമെഡിസിൻ സൗകര്യം പാലിയേറ്റീവ് രംഗത്ത് വലിയ സഹായകരമായിരിക്കും.

കോവിഡ് പ്രതിരോധം

(50) യു.ഡി.എഫ് സമരങ്ങളും മറ്റും സൃഷ്ടിച്ച ജാഗ്രതയിലെ ഇടിവാണ് കോവിഡ് വ്യാപനത്തിനു വലിയൊരു പരിധിവരെ പശ്ചാത്തലമൊരുക്കിയത്. പക്ഷെ, ഈ ഘട്ടത്തിൽപ്പോലും മരണ നിരക്ക് 0.3 ശതമാനമായി താഴ്ത്തി നിർത്തുന്നതിൽ നാം വിജയിച്ചു. കേരളത്തിൽ ആകെ മരിച്ചവരുടെ എണ്ണം ഇപ്പോഴും ഏതാണ്ട് 2000 ആണ്. ഇത് ചുരുങ്ങിയത് 3000 മുതൽ 10000 വരെ ആകാമായിരുന്നുവെന്നാണ് വിദഗ്ധാഭിപ്രായം. മികച്ച ആരോഗ്യ പരിരക്ഷയുടെ ഫലമാണിത്. ഇതുവരെയുള്ള രോഗികളുടെ കണക്കെടുത്താൽ 90 ശതമാനത്തിലേറെ രോഗികളും പൊതു ആരോഗ്യ സംവിധാനങ്ങളെയാണ് ആശ്രയിച്ചത്. ഇവരുടെ ചികിത്സ മുഴുവൻ സൗജന്യമാണ്. കോൺഗ്രസ്സോ, ബി.ജെ.പിയോ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും ഇതല്ല സ്ഥിതി. അപ്പോൾ പിന്നെ കോവിഡ് വാക്‌സിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. വാക്‌സിൻ ഫലപ്രദമായി ജനങ്ങൾക്കു ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ സർക്കാർ തുടങ്ങിക്കഴിഞ്ഞു.

ഭിന്നശേഷിക്കാർക്ക് തുല്യതയും സംരക്ഷണവും

(51) ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ഇടപെടലായി തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ബഡ്‌സ്‌കൂളുകൾ മാറിയിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ബഡ്‌സ്‌കൂളുകൾ ഉറപ്പുവരുത്തും. എല്ലാ സ്‌കൂളുകൾക്കും കുട്ടികളെ കൊണ്ടുവരുന്നതിനുള്ള വാഹനം ഉറപ്പാക്കും. ബഡ്‌സ്‌കൂളിൽ വരുന്ന ഭിന്നശേഷിക്കാരിൽ നിന്നും വ്യത്യസ്തമായ ഭിന്നശേഷികളുണ്ട് അവരെയും ഉൾക്കൊള്ളും. അതോടൊപ്പം 18 വയസു കഴിഞ്ഞവരുടെ സംരക്ഷണത്തിനുവേണ്ടി പ്രത്യേക സംവിധാനങ്ങളും ഒരുക്കും.

(52) ബഡ്‌സ്‌കൂളുകൾക്കു പുറമെ സന്നദ്ധ സംഘടനകളും മറ്റും നടത്തുന്ന സ്‌പെഷ്യൽ സ്‌കൂളുകളുമുണ്ട്. അവയ്ക്കുള്ള സഹായം ഈ സർക്കാരിന്റെ കീഴിൽ ഗണ്യമായി ഉയർത്തുകയുണ്ടായി. തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ധനസഹായം നൽകുന്നതിനുള്ള അനുവാദം നൽകും. ഭിന്നശേഷിക്കാർക്കായി നിർദ്ദേശിച്ചിട്ടുള്ള സ്‌കോളർഷിപ്പ് അർഹതപ്പെട്ടവർക്കെല്ലാം ലഭിക്കുമെന്ന് ഉറപ്പുവരുത്തും.

(53) മെന്റൽ ഹെൽത്ത് കെയർ ആക്ട് പ്രകാരം മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

വയോജന സംരക്ഷണം

(54) സംസ്ഥാനത്ത് വയോജനങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. വാർദ്ധക്യത്തിൽ പൗരർക്ക് അർഹമായ സ്ഥാനങ്ങൾ ഉറപ്പുവരുത്തി അവരുടെ ജീവിതം സമാധാന പൂർണവും പ്രയോജനപ്രദവും അന്തസുറ്റതുമാക്കുന്നതിന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ബാധ്യസ്ഥമാണ്. ആയതിനാൽ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളും സമ്പൂർണ വയോസൗഹൃദ തദ്ദേശ ഭരണസ്ഥാപനമായി മാറുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

(55) വയോജന ഗ്രാമസഭകൾ വിളിച്ചു ചേർക്കും. പൊതു ഇടങ്ങളിൽ തടസരഹിത സഞ്ചാരത്തിന് സഹായകരമായ സൗകര്യങ്ങൾ ഏർപ്പെടുത്തും. അവകാശാനുകൂല്യങ്ങൾ ഉറപ്പുവരുത്തും.

(56) വയോസൗഹൃദ തദ്ദേശഭരണ സ്ഥാപനത്തിൽ എല്ലാ വാർഡുകളിലും അഞ്ചു വർഷം കൊണ്ട് വയോക്ലബുകൾ ആരംഭിക്കും. കുടുംബശ്രീയിൽ നിന്ന് പരിശീലനം സിദ്ധിച്ച കെയർ ടേക്കർ ഇവിടെയുണ്ടാകും. പത്രമാസികകളും ടെലിവിഷനുമുണ്ടാകും. ചെറു അടുക്കളയുമുണ്ടാകും. ഇതിനുള്ള ആവർത്തന ചെലവുകളിൽ ഒരു പങ്ക് തദ്ദേശഭരണ സ്ഥാപനങ്ങളാണ് വഹിക്കുന്നത്.

(57) കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് പ്രത്യേകം അയൽക്കൂട്ടങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് സാർവത്രികമാക്കും. വയോക്ലബുകൾ അയൽക്കൂട്ടങ്ങളുടെ ആസ്ഥാനവുമായിരിക്കും.

അങ്കണവാടികൾ

(58) മുഴുവൻ അങ്കണവാടികൾക്കും സ്വന്തമായി ഭൂമിയും കെട്ടിടവും ഉറപ്പുവരുത്തും. സ്മാർട്ട് അങ്കണവാടി സ്‌കീം സാർവ്വത്രികമാക്കും. ശിശുപരിപാലന (Early Childhood Care) പരിപാടി ശക്തിപ്പെടുത്തും.

(59) ബാലസൗഹൃദ തദ്ദേശഭരണത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഒട്ടേറെ പഞ്ചായത്തുകൾ ബാലസൗഹൃദ പഞ്ചായത്തുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളെയും ബാലസൗഹൃദമാക്കും.

കലാസാംസ്‌ക്കാരിക രംഗം

(60) വായനശാലകൾക്ക് ഗ്രേഡ് അനുസരിച്ച് മിനിമം സൗകര്യങ്ങൾ നിശ്ചയിക്കുകയും അവ സമയബന്ധിതമായി ഉറപ്പുവരുത്തുകയും ചെയ്യും. ഘട്ടം ഘട്ടമായി മുഴുവൻ ലൈബ്രറികളെയും ഹൈടെക് ആക്കും. ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബുകൾക്ക് ഔപചാരിക രജിസ്‌ട്രേഷനും ധനസഹായവും ലഭ്യമാക്കും. ഗ്രന്ഥശാലകളെയും സാംസ്‌ക്കാരിക സമിതികളെയും പുതിയ സാങ്കേതിക സൗകര്യങ്ങൾകൂടി വിനിയോഗിക്കാൻ കഴിയുന്ന രീതിയിൽ പുതുക്കിപണിയാനുള്ള സഹായം നൽകും. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കും.

(61) സാമൂഹ്യ മൈത്രിയുടെയും കരുതലിന്റെയും തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കും.

കായികരംഗം

(62) കളിസ്ഥലങ്ങളും പൊതുയിടങ്ങളും സംരക്ഷിക്കുന്നതിനുള്ള ഒരു സംസ്ഥാനാവിഷ്‌കൃത പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കും. ജീവിതശൈലി രോഗവിമുക്തമാക്കുന്നതിനുകൂടി സഹായകരമായ വ്യായാമകേന്ദ്രങ്ങൾ പൊതുജനങ്ങൾക്കായി സ്ഥാപിക്കും. പച്ചത്തുരുത്തുകൾക്കൊപ്പം വിശ്രമ ഇടങ്ങൾകൂടി ഒരുക്കും. പാർക്കുകളും കൂടുതൽ തുറന്ന ഇടങ്ങളും സൃഷ്ടിക്കും.

ശുചിത്വകേരളം

(63) പകുതിയിലേറെ തദ്ദേശ ഭരണസ്ഥാപനങ്ങൾ ശുചിത്വ പദവി നേടിയിട്ടുണ്ട്. 60 ശതമാനം മാർക്ക് ലഭിച്ചിട്ടുള്ളവയെല്ലാം ഈ ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്. ഇത് നിലനിർത്തുന്നതിനും സമ്പൂർണമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. ഹരിതകർമ്മ സേനകൾക്ക് ന്യായമായ വരുമാനം ഉറപ്പുവരുത്തുന്ന രീതിയിൽ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കും. ഇന്ന് പല തദ്ദേശ ഭരണസ്ഥാപനങ്ങളിലും മാലിന്യ ശേഖരണവും സംസ്‌ക്കരണവും ലാഭകരമായ സംരംഭമായി നടപ്പാക്കുന്നുണ്ട്. ആ രീതിയിൽ ഖരമാലിന്യ സംസ്‌ക്കരണവും ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഒരു സംരംഭകത്വ പരിപാടിയായി മാറ്റും. സമ്പൂർണ ശുചിത്വ പദവിയ്ക്കുവേണ്ടിയുള്ള കാമ്പയിൻ 2010ൽ ആരംഭിച്ചതാണ്. എന്നാൽ നമുക്ക് ഇതുവരെ ലക്ഷ്യത്തിലെത്താനായില്ല. അടുത്ത അഞ്ചു വർഷം കൊണ്ട് സമ്പൂർണ ശുചിത്വം എന്നതാണ് നമ്മുടെ ലക്ഷ്യം.

(64) അടുത്ത അഞ്ചുവർഷം സംസ്ഥാന സർക്കാർ പദ്ധതി വിഹിതത്തിനു പുറമെ 2500ഓളം കോടി രൂപ ശുചിത്വ പരിപാടിയ്ക്കു വേണ്ടി നഗരസഭകൾ വഴി ചെലവഴിക്കുന്നതാണ്. ഇതിനുവേണ്ടി സംസ്ഥാന ജില്ലാതലങ്ങളിൽ പുതിയ മേൽനോട്ട സംവിധാനങ്ങൾ ഉണ്ടാക്കുന്നതാണ്. നഗരസഭകളിലെ ശുചിത്വ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഈ സ്‌കീമിൽ നിന്ന് പണം ലഭ്യമാകും.

(65) സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലവും ജനസമ്മതിയും ഉറപ്പാക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് കേന്ദ്രീകൃത സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും അനുബന്ധ പാർക്കും സർക്കാർ നിർമ്മിച്ചു നൽകുന്നതാണ്. ഇതിനു പുറമെ അഞ്ചുകോടി രൂപ പ്രത്യേക വികസന ഗ്രാന്റായും നൽകും.

(66) പന്തീരായിരം പൊതുടോയ്‌ലെറ്റുകളും ടേക് കെയർ വിശ്രമകേന്ദ്രങ്ങളും സ്ഥാപിക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ കോവിഡിന്റെയും മറ്റും പശ്ചാത്തലത്തിൽ പ്രവർത്തനം മന്ദഗതിയിലാണ്. സമയബന്ധിതമായി താഴെ പറയുന്ന നടപടികൾ സ്വീകരിക്കും.
a) തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിലുള്ള ടേക് എ ബ്രേക്ക് വിശ്രമകേന്ദ്രങ്ങൾ.
b) ദേശീയ പാതയുടെയും പൊതുമരാമത്ത് റോഡുകളുടെയും പുറമ്പോക്കിലും പൊതുസ്ഥാപനങ്ങളുടെ മിച്ചസ്ഥലത്തോ പൊതു ടോയ്‌ലെറ്റുകൾ സ്ഥാപിക്കും.
c) കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസ് സ്റ്റാൻഡ്, മാർക്കറ്റ് എന്നിവിടങ്ങളിൽ ടോയ്‌ലെറ്റ് ബ്ലോക്ക് ഏറ്റെടുത്ത് നവീകരിക്കും.
d) പെട്രോൾ പമ്പുകളുടെ ടോയ്‌ലെറ്റുകൾ നവീകരിക്കും.

(67) കൊതുക്, എലി തുടങ്ങിയവയുടെ നിയന്ത്രണവും മഴക്കാലപൂർവ്വ ശുചീകരണ നടപടികളും ഊർജ്ജിതമാക്കും. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി വന്ധ്യംകരണ പരിപാടി വിപുലമാക്കും. വന്യമൃഗങ്ങളിൽ നിന്ന് കൃഷി വിളകളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും.

(68) ആധുനിക അറവുശാലകൾക്കും ശ്മശാനങ്ങൾക്കും കിഫ്ബിയിൽ നിന്നും ധനസഹായം നൽകുന്നതിനുള്ള സ്‌കീം വിപുലീകരിക്കും.

ഗ്രാമീണ റോഡുകൾക്കെല്ലാം നിലവാരം

(69) കേരളത്തിലെ ഗ്രാമീണറോഡുകളുടെ ദൈർഘ്യം ജനകീയാസൂത്രണം ആരംഭിച്ചതിനുശേഷം ഇരട്ടിയിലേറെയായി വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഗ്രാമീണ റോഡുകൾക്ക് ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടില്ല. പി.എം.ജി.എസ്.വൈ പദ്ധതിയിൽ മാത്രമാണ് അത്തരത്തിലുള്ള ഒരു സമീപനമുള്ളത്. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് റോഡുകൾക്ക് മൂന്നോ നാലോ നിലവാരങ്ങൾ നിശ്ചയിക്കാം. അതിന് അനുസരിച്ചിട്ടുള്ള എസ്റ്റിമേറ്റുകളും നിർമ്മിതികളും വേണം ഇനി വരാൻ. ഓരോ പ്രദേശത്തെയും റോഡു മാപ്പുകൾ തയ്യാറാക്കി ഇത്തരത്തിൽ ഗുണനിലവാരം ഉയർത്തുന്നതിനുള്ള മുൻഗണനകൾ നിശ്ചയിക്കും. ചെറുറോഡുകളും മറ്റും ടൈലും കോൺക്രീറ്റും ഉപയോഗിച്ച് നിർമ്മിക്കുന്നതിന് തൊഴിലുറപ്പിനെ കൂടുതൽ പ്രയോജനപ്പെടുത്തും.

ട്രൂ കോപ്പി:പൊതുവിദ്യാലയങ്ങളുടെയും പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെയും അങ്കണാടികൾ പോലുള്ള മാതൃ-ശിശു സംരക്ഷണ കേന്ദ്രങ്ങളുടെയും പ്രവർത്തങ്ങളെ ഏറ്റവും ജനപക്ഷപരമായി വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞ ഒരു കാലം കൂടിയാണിത്. എന്നാൽ, മാനിഫെസ്റ്റോയിൽ പറയുന്ന ശുചിത്വ കേരളം എന്നത് യാഥാർഥ്യമാകാൻ ഇനിയും സഞ്ചരിക്കേണ്ടതുണ്ട്. മാലിന്യപരിപാലനം ഇന്നും ശാസ്ത്രീയമായല്ല ഏറെയും തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്നത്. ഗാർഹിക മാലിന്യ സംസ്കരണം പോലും ഫലപ്രദമാകാത്ത സ്ഥിതിയുണ്ട്. എല്ലാ വീടുകളിലും കമ്പോ
സ്​റ്റ്​ സംവിധാനം എന്നത് ഇന്നും കടലാസിൽ മാത്രം. ജൈവ മാലിന്യം കത്തിച്ചുകളയാനല്ലാതെ, മണ്ണിന്റെ പോഷകമൂല്യവർധനക്ക് ഉപയുക്തമായ ഘടകമായി വേർതിരിച്ചെടുക്കാനുള്ള സംവിധാനം പോലും ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

IV

സ്ത്രീ സൗഹൃദമാക്കും
വികസനത്തിൽ സ്ത്രീ പരിഗണന

(70) ജനകീയാസൂത്രണമാണ് സ്ത്രീ പരിഗണന വികസനത്തിൽ ഉൾച്ചേർക്കുന്നതിന് വേണ്ടി വനിതാഘടക പദ്ധതിയ്ക്ക് രൂപം നൽകിയത്. ഇപ്പോൾ സംസ്ഥാന ബജറ്റിന്റെയും ഒരു പ്രധാന സവിശേഷതയായിട്ടുള്ള ജെൻഡർ ബജറ്റിംഗ് തുടക്കം കുറിച്ചത് തദ്ദേശ ഭരണസ്ഥാപനങ്ങളിലാണ്. ഈ പദ്ധതിയെ സ്ത്രീകളുടെ പദവി ഉയർത്താനുതകുന്ന രീതിയിലുള്ള കൂടുതൽ പ്രോജക്ടുകൾ ഉൾപ്പെടുത്തുമെന്ന് ഉറപ്പുവരുത്തും.

(71) സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളെ ചെറുക്കുന്നതിന് പ്രാദേശിക ഇടപെടലുകൾക്ക് വലിയ പങ്കുവഹിക്കാനാവും. എല്ലാ പഞ്ചായത്തുകളെയും നഗരസഭകളെയും സ്ത്രീസൗഹൃദമാക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക ക്യാമ്പയിൻ നടത്തുന്നതാണ്. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ മാപ്പിംഗ് നടത്തുന്നതാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എവിടെവെച്ച്, എപ്പോൾ, ഏതു സമയത്ത്, ആരിൽ നിന്ന് ഉണ്ടാകുന്നു എന്നുള്ളതിനെക്കുറിച്ച് ഒരു ധാരണ ഓരോ പ്രദേശത്തും എത്തിച്ചേരണം. ഈ അതിക്രമങ്ങൾ കുറയ്ക്കുന്നതിനു വേണ്ടിയുള്ള പ്രോജക്ടുകൾ നിർബന്ധമായും പദ്ധതിയിൽ ഉൾപ്പെടുത്തണം. ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും.

കുടുംബശ്രീ

നായനാർ സർക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച കുടുംബശ്രീ ഇന്ന് ഏറ്റവും മികച്ച സ്വയംസഹായ സംഘ സംവിധാനം എന്ന അംഗീകാരം ദേശീയവും അന്തർദേശീയവുമായി നേടിക്കഴിഞ്ഞു. മുഴുവൻ വിഭാഗങ്ങളെയും ഉൾച്ചേർക്കുന്ന സമീപനം, തദ്ദേശ ഭരണസ്ഥാപനങ്ങളുമായുള്ള ബന്ധം, വ്യത്യസ്ത ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം, സ്ത്രീശാക്തീകരണത്തിനുള്ള ഉപാധി എന്ന നിലയിലെല്ലാം ഒട്ടേറെത്തനിമകളുണ്ട്. ഇന്ന് കുടുംബശ്രീയിൽ 45 ലക്ഷം അംഗങ്ങളാണുള്ളത്. കുടുംബശ്രീയിലെ അംഗത്വം 50 ലക്ഷമായി ഉയർത്തും.
കുടുംബശ്രീയ്ക്ക് ഇപ്പോൾ ബജറ്റിൽ 250 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇത് 500 കോടി രൂപയായി ഉയർത്തും.
10ലക്ഷം പേർക്ക് കുടുംബശ്രീ വഴി ലാപ്‌ടോപ്പ് വിതരണം ചെയ്യും. കുടുംബശ്രീ വഴിയുള്ള വായ്പ 15000 കോടി രൂപയായി ഉയർത്തും. ഒരു ലക്ഷം സ്ത്രീകൾക്ക് കുടുംബശ്രീ വഴി തൊഴിൽ നൽകും. ജനകീയ ഹോട്ടൽ, ചിക്കൻ ഔട്ട്‌ലെറ്റുകൾ, കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകൾ, ജെൻഡർ റിസോഴ്‌സ് സെന്ററുകൾ എന്നിവ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളിലും ഉറപ്പു വരുത്തും. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകൾ സ്ഥാപിക്കും.

ട്രാൻസ്‌ജെൻഡർ

ട്രാൻസ്‌ജെൻഡറുകൾക്ക് തുല്യാവകാശം ഉറപ്പുവരുത്തുന്ന സമീപനമാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഈ കാഴ്ചപ്പാടിന് അനുസൃതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തുല്യത ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിക്കും. തൊഴിലിനും താമസത്തിനും മറ്റു ജീവിതാവശ്യങ്ങൾക്കും ഉറപ്പു നൽകുന്ന പദ്ധതികൾ ആവിഷ്‌കരിക്കും.

ട്രൂകോപ്പി: വിദ്യാഭ്യാസം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പുരുഷൻമാരുടേതിനു തുല്യമായിരിക്കുകയും അതേ സമയം ജോലി ചെയ്യുന്ന അഭ്യസ്ത വിദ്യരായ സ്ത്രീകളുടെ എണ്ണം കുറഞ്ഞിരിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഈയൊരു വൈരുദ്ധ്യം എല്ലാ തട്ടിലും കാണാൻ കഴിയും. സ്ത്രീകൾക്ക് സഞ്ചരിക്കാൻ പിങ്ക് നിറമുള്ള പത്തിരുപത് പ്രത്യേക കാറുകൾ ഏർപ്പെടുത്തുകയല്ല വേണ്ടത്. പാട്രിയാർക്കൽ സമൂഹത്തിന്റെ വേരുകളിലാണ് ചികിത്സ വേണ്ടത്. കുടുംബങ്ങൾ, സ്‌കൂളുകൾ, അധ്യാപകർ, പൊലീസ് സംവിധാനം, തൊഴിലിടങ്ങൾ എന്നിവിടങ്ങളെല്ലാം ജെൻഡർ സെൻസിറ്റീവാകാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്. നേരിടുന്ന ആക്രമണങ്ങളെക്കുറിച്ച് ഭയമില്ലാതെ പരാതിപ്പെടാനുള്ള സംവിധാനം. ലോക് ഡൗൺ കാലത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ ഭയപ്പെടുത്തുന്ന എണ്ണം, അതിൽത്തന്നെ പെൺകുട്ടികളുടെ എണ്ണം വീട്ടകങ്ങളിലെ സുരക്ഷിതത്വമില്ലായ്മയുടെ ഏറ്റവും പുതിയ ഉദാഹരണക്കണക്കാണ്.
സ്ത്രീകളിൽ അവകാശബോധമുണ്ടാക്കുകയും സ്ത്രീകളുടെ അവകാശങ്ങളെയും തുല്യനീതിയെയും കുറിച്ച് ആൺകുട്ടികളിലും പുരുഷൻമാരിലും അവബോധമുണ്ടാക്കുകയും ചെയ്യുന്നതിന് ഏറ്റവും താഴെത്തട്ടിൽ ബോധവത്കരണം നടക്കണം. ഒപ്പം നേതാക്കളും ഭരണകർത്താക്കളുമുൾപ്പെടെ ജന്റർ സെൻസിറ്റീവായ ഭാഷ ഉപയോഗിക്കാനും പുതിയ രാഷ്ട്രീയത്തെ ഉൾക്കൊള്ളാനും തയ്യാറാവണം.

V

പരിസ്ഥിതി സംരക്ഷിക്കും
മണ്ണുജല സംരക്ഷണം

അഞ്ചു വർഷം കൊണ്ട് കേരളത്തിലെ മുഴുവൻ പുഴകളും എൺപതിനായിരം കിലോമീറ്റർ തോടുകളും ശുചീകരിക്കും. ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് ജലത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തും. കയർ ഭൂവസ്ത്രമോ കല്ലോ കെട്ടി വശങ്ങൾ സംരക്ഷിക്കും. ഓരങ്ങളിൽ മുള പോലുള്ള വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കും. വൃഷ്ടിപ്രദേശത്ത് നീർത്തട പദ്ധതി നടപ്പാക്കും.
മണ്ണുജല സംരക്ഷണ പ്രവർത്തനത്തിനുവേണ്ടി വളരെ വിശദമായ നീർത്തട മാപ്പുകൾ തയ്യാറാക്കേണ്ടതുണ്ട്. സാറ്റലൈറ്റ് പടങ്ങളിൽനിന്ന് ഇവ പഞ്ചായത്ത് അടിസ്ഥാനത്തിൽ സൃഷ്ടിക്കാവുന്നതാണ്. ഈ മാപ്പുകൾ റീവാലിഡേറ്റ് ചെയ്യുന്നതിനും സാമ്പത്തിക സാമൂഹ്യ ഘടകങ്ങൾ ഉൾച്ചേർക്കുന്നതിനുംവേണ്ടി വിഭവഭൂപട നിർമ്മാണത്തിന്റെ മാതൃകയിൽ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വലിയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതാണ്. ഇങ്ങനെ തയ്യാറാക്കുന്ന മാതൃകാ നീർത്തട പരിപാടികൾക്ക് അധികഫണ്ട് നബാർഡ് പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് ഉറപ്പുവരുത്തും.

കാർബൺ ന്യൂട്രൽ പദ്ധതി വ്യാപകമാക്കും. കാലാവസ്ഥ വ്യതിയാനത്തിന് എതിരെയുള്ള പ്രാദേശിക കർമ്മ പദ്ധതി (Local Action Plan on Climate Change) എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും തയ്യാറാക്കും. പരീക്ഷണാടിസ്ഥാനത്തിൽ വയനാടാണ് ആദ്യ കാർബൺ ന്യൂട്രൽ ജില്ലയായി ലക്ഷ്യമിട്ടിട്ടുള്ളത്. ഈ പദ്ധതിയുടെ ഭാഗമായി വയനാടൻ കാപ്പി ബ്രാൻഡ് ചെയ്ത് വിൽക്കുന്നതിനും കാപ്പി കൃഷിക്കാരുടെ വരുമാനം ഗണ്യമായി ഉയർത്തുന്നതിനും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കാർബൺ ന്യൂട്രൽ പദ്ധതി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നതുവഴി ലോകോത്തര മാതൃകയായി കേരളം മാറും.

ദുരന്ത നിവാരണ മാനേജ്‌മെന്റ്

ദുരന്ത നിവാരണ മാനേജ്‌മെന്റിൽ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നിർണായകമായിട്ടുള്ള പങ്ക് കഴിഞ്ഞ പ്രളയങ്ങളിൽ വെളിപ്പെട്ടു. ഈ പശ്ചാത്തലത്തിൽ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ പ്രാദേശിക ദുരന്ത നിവാരണ മാനേജ്‌മെന്റ് പ്ലാനുകൾ തയ്യാറാക്കിയിട്ടുള്ളത് കൂടുതൽ മെച്ചപ്പെടുത്തും. ഈ പദ്ധതി പഠിക്കുകയും അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യേണ്ടത് ഓരോ പഞ്ചായത്തിലെയും സാമൂഹ്യസന്നദ്ധ സേനയുടെ ചുമതലയാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളോട് ബന്ധപ്പെട്ടാണ് ഈ സേന പ്രവർത്തിക്കുക. എൻ.സി.സിയിലെന്നപോലെ മാസത്തിൽ ഒരുതവണയെങ്കിലും സന്നദ്ധ സേനാ അംഗങ്ങൾക്ക് പരിശീലനവും നൽകുന്നതാണ്. അങ്ങനെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും എമർജൻസി റെസ്‌പോൺസ് ടീമുകളും അടിയന്തിര സാഹചര്യങ്ങളിൽ ആവശ്യമായ സാമഗ്രികളും ഷെൽട്ടറുകളും ഉറപ്പുവരുത്തും.

​ട്രൂ കോപ്പി: പരിസ്ഥിതി സംരക്ഷണമെന്നാൽ പുഴ ശുചീകരണവും തോട് വൃത്തിയാക്കലുമാണ് എന്ന ഉപരിപ്ലവ സമീപനത്തിൽ നിന്ന് ഇടതുകക്ഷികൾ പുറത്തു കടക്കേണ്ട സമയം കഴിഞ്ഞു. പരിസ്ഥിതി സംരക്ഷണത്തെ പഞ്ചായത്തിന്റെയോ മുനിസിപ്പാലിറ്റിയുടേയോ കോർപ്പറേഷന്റെയോ ജില്ലയുടേയോ സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെ തന്നെയോ അതിർത്തിയ്ക്കുള്ളിൽ നിന്നല്ല കാണേണ്ടത്. ഒരു സമഗ്ര വ്യവസ്ഥയായി കാണുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യുന്ന സംവിധാനമാണ് വേണ്ടത്. പരിസ്ഥിതി ആഘാത നിർണയ നിയമത്തിൽ കേന്ദ്രം മാറ്റങ്ങൾ കൊണ്ടു വന്നപ്പോൾ അതിനെ എതിർത്ത കേരളം അടുത്ത ദിവസം തന്നെ ക്വാറിയും ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിന് കൂട്ടുനിന്നു എന്നത് വിരോധാഭാസമാണ്. ദീർഘവീക്ഷണത്തോടെ വിഭാവനം ചെയ്യുന്ന പദ്ധതികളിൽ സങ്കുചിത വ്യക്തി താത്പര്യങ്ങൾക്കായി വെള്ളം ചേർക്കുന്ന ഇത്തരം അരാഷ്ട്രീയ രീതികളിൽ നിന്ന് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വങ്ങൾ തന്നെ മാറി നിൽക്കണം. പരിസ്ഥിതി സംരക്ഷണത്തിന് ലോകം മുഴുവൻ മികച്ച മാതൃകകളുണ്ട്. പക്ഷേ പരിസ്ഥിതി പ്രശ്‌നങ്ങൾക്കും കാലാവസ്ഥയ്ക്കും അതിരില്ല എന്ന് തദ്ദേശ ഭരണകൂടങ്ങളുൾപ്പെടെ എല്ലാ ഭരണ സംവിധാനങ്ങളും തിരിച്ചറിയണം.

VI

തദ്ദേശഭരണം സദ്ഭരണമാക്കും

ജനകീയാസൂത്രണകാലം മുതൽ തദ്ദേശഭരണവുമായി ബന്ധപ്പെട്ട വകുപ്പുകളെയെല്ലാം ഒറ്റക്കുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങൾ എൽ.ഡി.എഫ് നടപ്പാക്കി. എന്നാൽ തുടർന്നുവന്ന യുഡിഎഫ് സർക്കാർ അത് ഇല്ലാതാക്കിയ അനുഭവമാണുള്ളത്. ഇതിനു വിരാമമിട്ടുകൊണ്ട് എല്ലാ വകുപ്പുകളെയും ഏകോപിപ്പിക്കുക മാത്രമല്ല ജീവനക്കാർക്ക് ഏകീകൃത കേഡർ സൃഷ്ടിച്ചിരിക്കുകയാണ്. ഇവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ചട്ടങ്ങളുടെയും മാന്വലുകളുടെയും നിർമ്മാണം പൂർത്തീകരിക്കും.

ഓഫീസുകൾ

കേരളത്തിലെ എല്ലാ പഞ്ചായത്തുകളും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സേവനങ്ങൾ ലഭ്യമാണോ എന്നതു സംബന്ധിച്ച് സോഷ്യൽ ഓഡിറ്റു നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുള്ള സ്‌കൂൾ, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളുടെ സൗകര്യങ്ങളും വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇതുപോലുള്ള ഓരോ മേഖലയ്ക്കും ഗുണമേന്മാ സൂചികകൾ നിജപ്പെടുത്തുകയും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അവ നേടുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

കൈമാറിക്കിട്ടിയ കീഴ്​ത്തട്ട്​ സ്ഥാപനങ്ങളും തദ്ദേശഭരണവും തമ്മിലുള്ള ഇതുവരെയുള്ള അനുഭവങ്ങളെ ഡിപ്പാർട്ട്‌മെന്റ് അടിസ്ഥാനത്തിൽ പരിശോധിച്ച് കൂടുതൽ ഏകോപനവും പ്രാദേശിക മുൻകൈയ്യും ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കും.

എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും റോഡ് അടക്കമുള്ള ആസ്തി രജിസ്റ്റർ യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കും. മുനിസിപ്പിലാറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും നിക്ഷിപ്തമായിട്ടുള്ള ആറ്, തോട്, റോഡ് പുറംപോക്കുകളുടെ വിശദാംശങ്ങൾ അടങ്ങിയ ഭൂ രജിസ്റ്റർ തയ്യാറാക്കും. തരിശു നിലത്തിന്റെ രജിസ്റ്റർ കൃഷി ഭവന്റെ സഹായത്തോടെ തയ്യാറാക്കും.

സംയോജിത സമീപനം

ഡി.പി.സി ശക്തിപ്പെടുത്തുകയും പദ്ധതികളുടെ മോണിറ്ററിംഗിന് അധികാരപ്പെടുത്തുകയും ചെയ്യും. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പ്രാരംഭമായി ജില്ലാ പദ്ധതികൾ പരിഷ്‌കരിക്കും. മാർച്ച് മാസം ബജറ്റ് അവതരിപ്പിക്കുന്നതിനുമുമ്പ് വാർഷിക പദ്ധതികൾ തയ്യാറാകുമെന്ന് ഉറപ്പുവരുത്തും.

സർക്കാർ ആരംഭിച്ച ഹരിത, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണം, ആർദ്രം മിഷനുകൾ ബന്ധപ്പെട്ട മേഖലകളിൽ വിവിധ ഏജൻസികളുടെ സംയോജനം ഉറപ്പുവരുത്തുന്നതിനു സഹായിച്ചിട്ടുണ്ട്. അതുപോലെതന്നെ ഈ മേഖലകളിലേയ്ക്ക് വലിയ തോതിൽ അധികവിഭവങ്ങൾ എത്തിക്കുന്നതിനും സഹായിച്ചിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളെ സഹായിക്കാനും സാങ്കേതിക സഹായം ഉറപ്പിക്കാനുമാണ് നാല് മിഷനുകൾ. ഇതിന്റെ ഗുണഫലം വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, കൃഷി, ശുചിത്വം തുടങ്ങിയ മേഖലകളിലെല്ലാം പ്രകടമാണ്. ഈ മിഷനുകളെ മെച്ചപ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനുള്ള സഹാചര്യമൊരുക്കും.

ജനകീയതയും സുതാര്യതയും

ഗ്രാമസഭയിലെ ജനപങ്കാളിത്തവും സംവാദാത്മകതയും ഉറപ്പുവരുത്തുന്നതിനു വേണ്ടി നടപടികൾ സ്വീകരിക്കും. അയൽക്കൂട്ടങ്ങളെയും റെസിഡന്റ്‌സ് അസോസിയേഷനുകളെയും അതുപോലെ കീഴ്ത്തല സാമൂഹ്യ കൂട്ടായ്മകളെയും ഗ്രാമസഭകളുമായി ബന്ധപ്പെടുത്തുകയാണ് ഇതിനുള്ള മാർഗ്ഗം. വാർഡിലെ ഏതെങ്കിലുമൊരു പൊതുസ്ഥാപനത്തെ ഗ്രാമസേവാ കേന്ദ്രമായി പ്രവർത്തിപ്പിക്കും.

പി.റ്റി.എ, എസ്.എം.സി, ആശുപത്രി വികസന സമിതി തുടങ്ങിയ ജനകീയ സംവിധാനങ്ങളെ ശക്തിപ്പെടുത്തും. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ആസൂത്രണത്തിലും നിർവ്വഹണത്തിലും സഹായിക്കുന്നതിന് സാങ്കേതികവിദഗ്ധരെ തെരഞ്ഞെടുക്കുന്നതിന് സ്വാതന്ത്ര്യമുണ്ടാകും. വാർഡ് വികസനസമിതികൾ ശക്തിപ്പെടുത്തും.

എല്ലാ സേവനങ്ങളും പൗരന്റെ അവകാശമെന്നത് ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. പൗരവകാശരേഖ പ്രസിദ്ധീകരിക്കുക മാത്രമല്ല അതു നടപ്പാക്കിയതു സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് ഗ്രാമസഭകളിൽ സമർപ്പിക്കുമെന്ന് ഉറപ്പുവരുത്തും. സമഗ്ര അക്കൗണ്ടബിലിറ്റി (ഉത്തരവാദിത്വ) നിയമം പാസ്സാക്കും.

കീഴോട്ടുള്ള വിന്യാസം

ആറാം ധനകാര്യ കമ്മിഷൻ നിർദ്ദേശിക്കുന്ന ഡെവലപ്പ്‌മെന്റ് ഗ്രാന്റിലും മെയിന്റനൻസ് ഗ്രാന്റിലും ജനറൽ പർപ്പസ് ഗ്രാന്റിലുമുള്ള വർദ്ധന അടുത്ത ബജറ്റിലൂടെ നടപ്പിലാക്കും. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ തനതു വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ജി.എസ്.ടി നടപ്പാക്കിയതിന്റെ ഫലമായി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടായ വിനോദ നികുതി നഷ്ടം സർക്കാർ നികത്തും.

എല്ലാ പഞ്ചായത്തുകളിലും എഞ്ചിനീയർമാരെ വിന്യസിച്ചിട്ടുണ്ട്. ഇപ്പോൾ ഓവർസിയർമാരുടെ തസ്തികകളും സൃഷ്ടിച്ചു. പുനർവിന്യാസത്തിലൂടെയോ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിലൂടെയോ രണ്ട് തസ്തികകൾ വീതം അധികമായി തദ്ദേശഭരണ സ്ഥാപനങ്ങൾക്കു നൽകുന്നതാണ്. നിലവിലുള്ള സാക്ഷരതാ മിഷൻ പ്രേരക്മാരെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്ക് വിന്യസിക്കുന്നതാണ്.

യുഡിഎഫ് സർക്കാർ വെട്ടിക്കുറച്ച മൈനർ ഇറിഗേഷൻ മേഖലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരം പുനസ്ഥാപിക്കും.

ഇ-ഗവേണൻസ്

ഇ-ഗവേണൻസിൽ കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ഇന്റർനെറ്റ് കണക്ടിവിറ്റി വഴി എല്ലാ പഞ്ചായത്തുകളെയും ബന്ധിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിലുള്ള വിവിധ സേവനങ്ങളുടെ സോഫ്ടുവെയറുകളെല്ലാം ഏകോപിപ്പിച്ച് ഒറ്റവിവരവ്യൂഹമായി പ്രവർത്തിപ്പിക്കുന്നതിനുള്ള സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായം എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണമുണ്ടാക്കും.

കോവിഡിന്റെ പശ്ചാത്തലത്തിൽ അടുത്ത വാർഷിക പദ്ധതി തയ്യാറാക്കുന്നതിനും ഗ്രാമസഭയും വികസന സെമിനാറും നടത്തുന്നതിനും നൂതന ഐറ്റി സംവിധാനങ്ങളെ ഉപയോഗപ്പെടുത്തും.

പ്രവാസികൾ

പ്രവാസികളെ പ്രാദേശിക വികസന പരിപാടികളിൽ പങ്കാളികളാക്കുന്നതിന് പരിശ്രമിക്കും. ഇതിന്റെ ഭാഗമായി ലോക കേരള സഭയുടെ തുടർച്ചയായി വർഷത്തിൽ ഒരിക്കൽ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിൽ പ്രവാസികളുടെ ഓൺലൈൻ സംഗമം സംഘടിപ്പിക്കും. പ്രവാസികൾക്കു നാട്ടിൽ സ്വന്തമായി സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ ഒരുക്കങ്ങൾ ചെയ്യാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ സഹായിക്കും. വിദേശത്തുനിന്നും മടങ്ങിവരുന്നവരുടെ ലിസ്റ്റും അവരുടെ ആവശ്യങ്ങളും പ്രാദേശികമായി ക്രോഡീകരിക്കുകയും നോർക്കയുമായി ബന്ധപ്പെട്ടുകൊണ്ട് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യും.

​ട്രൂ കോപ്പി: തദ്ദേശ ഭരണം സദ്ഭരണമാക്കും എന്ന പ്രയോഗം, സാധാരണ ജനങ്ങൾക്ക് എത്രമാത്രം അനുഭവിക്കാനാകുന്നുണ്ട്?. ഇന്നും വില്ലേജ് ഓഫീസിനെയും പഞ്ചായത്ത് ഓഫീസിനെയും
കൃഷിഭവനുകളെയും മറ്റും എത്രമാത്രം ജനപക്ഷമാക്കാൻ കഴിഞ്ഞിട്ടുണ്ട്?, ഒട്ടുമില്ല എന്നായിരിക്കും സാധാരണ ജനങ്ങളുടെ അനുഭവം. എന്തിന്, ചുവപ്പുനാടയുടെ കുരുക്ക് ഒന്നഴിക്കാനെന്നവണ്ണം ഗ്രാമങ്ങളിൽ തുടങ്ങിയ അക്ഷയ കേന്ദ്രങ്ങൾ പോലും ഇപ്പോൾ ജനസൗഹൃദപരമല്ല എന്ന ആക്ഷേപം പലപ്പോഴും ഉന്നയിക്കപ്പെടുന്നു. ഇ- ഗവേണൻസിന്റെ അന്തഃസത്തയോട് ചേർന്നുപോകുന്ന ഒരു ഭരണമാനേജുമെന്റ് നമ്മുടെ തദ്ദേശ അധികാര സ്ഥാപനങ്ങളിൽ രൂപപ്പെട്ടിട്ടുണ്ടോ?

പ്രവാസി മൂലധനത്തെക്കുറിച്ച് വാതോരാതെ പറയുമ്പോഴും ആ മൂലധനം ഇപ്പോഴും കേരളത്തെ സംബന്ധിച്ച് അയഥാർഥമായി അവശേഷിക്കുകയാണ്. ലോക കേരള സഭ പോലുള്ള സംവിധാനങ്ങളെ സാധാരണ പ്രവാസികളുടെ ജീവിതത്തിൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്ന സംവിധാനമാക്കി മാറ്റണം. വിദേശത്തുനിന്ന്​ തിരിച്ചുവന്നവരുടെ ലിസ്റ്റ് പോലും ഇപ്പോഴുമില്ല എന്നാണ് മാനിഫെസറ്റോയിൽനിന്ന് വ്യക്തമാകുന്നത്. പ്രവാസികളെ പ്രാദേശിക വികസന പരിപാടികളിൽ പങ്കാളികളാക്കും എന്ന് മാനിഫെസ്‌റ്റോയിൽ പറയുന്നുണ്ടെങ്കിലും അതിനുള്ള പരിപാടികളാണ്​ ആവശ്യം. തിരിച്ചുവന്നവരുടെ പ്രായോഗികജ്ഞാനവും അനുഭവ സമ്പത്തും വിനിയോഗിക്കാൻ തക്കവണ്ണം ഫലപ്രദമായ ഒരു നയം ഈ കോവിഡുകാലത്തുപോലും പ്രഖ്യാപിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? ലോക കേരള സഭയുടെ ഭാഗമായി നടത്തുമെന്ന്​ മാനിഫെസ്​റ്റോ വാഗ്​ദാനം ചെയ്യുന്ന ഓൺലൈൻ സംഗമം, ഒരു പരിപാടി മുൻനിർത്തിവേണം ആസൂത്രണം ചെയ്യാൻ.

VII

കേരളത്തിലെ വോട്ടർമാരോടുള്ള അഭ്യർത്ഥന

ജനങ്ങളുടെ സാമൂഹ്യസുരക്ഷയിലും ക്ഷേമത്തിലും പുതിയൊരു അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. പാവങ്ങളുടെ ക്ഷേമാനുകൂല്യങ്ങൾ മാത്രമല്ല, കുഞ്ഞുങ്ങൾ പഠിക്കുന്ന സ്‌കൂളുകൾക്കും ചികിത്സയ്ക്ക് ആശ്രയ്ക്കുന്ന പൊതുആശുപത്രികൾക്കും വന്നിരിക്കുന്ന മാറ്റം ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനുള്ള സാക്ഷ്യപത്രമാണ് പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനയും പൊതുആരോഗ്യകേന്ദ്രങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനയും. ഇതോടൊപ്പം സാധാരണക്കാരുടെ തൊഴിൽ മേഖലകളായ കൃഷിയും പരമ്പരാഗത മേഖലകളെയും സംരക്ഷിച്ചു. അഭ്യസ്തവിദ്യർക്കുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നിക്ഷേപം ആകർഷിക്കുന്നതിനുവേണ്ടി പശ്ചാത്തല സൗകര്യസൃഷ്ടിയിൽ വിസ്മയകരമായ പുരോഗതിയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. കിഫ്ബിയുടെ മാന്ത്രികസ്പർശമേൽക്കാത്ത ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനവും ഇന്ന് കേരളത്തിലില്ല.

എന്നാൽ കിഫ്ബിയെ തകർക്കുന്നതിനുവേണ്ടി കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും ഇന്ന് വലിയൊരു ഗൂഡാലോചനയിൽ പങ്കാളികളായിരിക്കുകയാണ്. കെ.പി.സി.സി വൈസ് പ്രസിഡന്റാണ് കിഫ്ബി ഭരണഘടനാവിരുദ്ധമെന്നു പറഞ്ഞുകൊണ്ട് സ്വദേശി ജാഗ്രതാമഞ്ചിനുവേണ്ടി ഹൈക്കോടതിയിൽ കിഫ്ബിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഈ വഞ്ചനയ്‌ക്കെതിരെയുള്ള ഒരു വിധിയെഴുത്തായിട്ടുകൂടിയായി മാറണം.

ആധുനിക വ്യവസായ സേവനങ്ങളുടെ പുരോഗതിയ്ക്കു വേണ്ടിയുള്ള കേന്ദ്രീകൃതമായ ഇടപെടലും നിക്ഷേപവും ഉറപ്പുവരുത്തുന്നതോടൊപ്പം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചെറുകിട ഉൽപാദന മേഖലകളെ പുനരുദ്ധരിക്കുന്നതിനും വികേന്ദ്രീകൃതമായ ആസൂത്രണത്തെയും ജനപങ്കാളിത്തത്തെയും വലിയതോതിൽ നാം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിൽ നിർണായകമായ പങ്കാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ളത്. കേരളത്തിന്റെ ഭാവിയെക്കുറിച്ച് സുവ്യക്തമായ കാഴ്ചപ്പാടും അതിനനുസരിച്ചുള്ള പ്രായോഗിക കർമ്മ പരിപാടിയും മുന്നോട്ടു വെയ്ക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി മാത്രമാണ്. അതിനുള്ള അംഗീകാരമാണ് ഈ തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് കേരളത്തിലെ വികസനോന്മുഖ ജനകീയ ഭരണത്തെ സുസ്ഥിരമാക്കുന്നതിൽ വലിയ പങ്കു വഹിക്കാനാവും. മതനിരപേക്ഷതയും ഫെഡറൽ സംവിധാനവും പുരോഗമന ചിന്താഗതികൾ തന്നെയും കനത്ത വെല്ലുവിളികൾ നേരിടുകയാണ്. ബി.ജെ.പി സർക്കാരിന്റെ നോട്ടു നിരോധനം രാഷ്ട്രത്തെ വലിയ തകർച്ചയിലേയ്ക്ക് തള്ളിവിട്ടു. ഇപ്പോഴാകട്ടെ, കൂനിന്മേൽ കുരുവെന്ന പോലെ പകർച്ചവ്യാധിയും പിടികൂടിയിരിക്കുകയാണ്. പകർച്ചവ്യാധിയെ കൈകാര്യം ചെയ്തതിൽ കേന്ദ്രസർക്കാരിന്റെ പിടിപ്പുകേട് സമ്പദ്ഘടനയെ പൂർണ സ്തംഭനാവസ്ഥയിലെത്തിച്ചു. ലോകത്ത് ഏറ്റവും വലിയതോതിൽ സാമ്പത്തികത്തകർച്ച നേരിടുന്ന രാജ്യം ഇന്ന് ഇന്ത്യയാണ്. എല്ലാവിധ ഭരണഘടനാ സ്ഥാപനങ്ങളെയും മറ്റ് നിയമാധിഷ്ഠിത സ്ഥാപനങ്ങളെയും ബി.ജെ.പി തങ്ങളുടെ ചൊൽപ്പടിയ്ക്കു കീഴിൽ കൊണ്ടുവന്നുകൊണ്ടിരിക്കുന്നു.
ഇതിൽ നിന്നെല്ലാം ജനശ്രദ്ധ തിരിക്കുന്നതിനുവേണ്ടി വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിന് എൻ.ഡി.എ സർക്കാർ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇതിനെ വിട്ടുവീഴ്ചയില്ലാതെ എതിർക്കാൻ തങ്ങൾക്ക് പ്രാപ്തിയില്ലെന്ന് ദേശീയമായി കോൺഗ്രസ് തെളിയിച്ചുകഴിഞ്ഞു. ഒരു നേതൃത്വം തന്നെ ഇല്ലാത്ത അവസ്ഥയിലേയ്ക്ക് അധ:തിച്ചിരിക്കുകയാണ് കോൺഗ്രസ്. ഹിന്ദുത്വ പ്രീണന നയത്തെ അനുകൂലിക്കുന്നവരാണ് കോൺഗ്രസിന്റെ നല്ലൊരു പങ്ക് നേതാക്കളും. കേരളത്തിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അവസരവാദ രാഷ്ട്രീയം എസ്.ഡി.പി.ഐ അടക്കമുള്ള തീവ്രവാദ വിഭാഗങ്ങളുമായും പരസ്യ കൂട്ടുകെട്ടിൽ എത്തിയിരിക്കുന്നു. കോൺഗ്രസ്സ്þലീഗ് സഖ്യം ബി.ജെ.പി അടക്കമുള്ള എല്ലാവിധ വർഗ്ഗീയ തീവ്രവാദസംഘടനകളുമായി ഇടതുപക്ഷ ശത്രുതയുടെ അടിസ്ഥാനത്തിൽ അധികാരം നേടാനായി അവസരവാദ സഖ്യത്തിലേർപ്പെട്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിൽ പ്രതിരോധത്തിന്റെ കോട്ടയായി കേരളം തലയുയർത്തി നിൽക്കണം. എല്ലാതരം വർഗ്ഗീയതകൾക്കുമെതിരെ മതേതര ജനാധിപത്യമൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന ബദൽ വികസന പരിപാടി ഉയർത്താൻ ഇടതുപക്ഷത്തിനേ കഴിയൂ.

അതുകൊണ്ടാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കേണ്ടത് ദേശീയതലത്തിൽത്തന്നെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമായി മാറുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Comments