കെ.എൻ.എ. ഖാദർ

എൽ.ഡി.എഫിന്റെ ഭാഗമാകാൻ ലീഗിന്
പ്രത്യയശാസ്ത്ര തടസങ്ങളില്ല- കെ.എൻ.എ. ഖാദർ

‘‘മുസ്‌ലീം ലീഗിനെപ്പോലൊരു പാർട്ടി കേരളത്തിൽ സി.പി.എമ്മിനോട് ചേർന്നാലുണ്ടാകുന്ന ഇംപാക്റ്റിനെക്കുറിച്ച് ഞങ്ങൾക്ക് അൽപം ആശങ്കയുണ്ട്. സി.പി.എമ്മിനൊപ്പം നിൽക്കുന്ന കുറച്ച് ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങൾ ചിലപ്പോൾ അവരെ ഉപേക്ഷിക്കാനിടയാക്കുന്ന സാഹചര്യമുണ്ടാകും. അതായത്, മുസ്‌ലിം ലീഗിനെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള ഒരു ജനവിഭാഗം സി.പി.എമ്മിനെ ഉപേക്ഷിച്ചുകൂടായ്കയില്ല’’, കെ.എൻ.എ ഖാദർ ‘എഡിറ്റേഴ്സ് അസംബ്ലിയിൽ.

Think

എൽ.ഡി.എഫിൽ ഘടകകക്ഷിയാകാൻ മുസ്‌ലിം ലീഗിന് പ്രത്യയശാസ്ത്രപരമായി ഒരു തടസവുമില്ലെന്നും എന്നാൽ, പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും ലീഗ് ദേശീയ നിർവാഹകസമിതി അംഗം കെ.എൻ.എ. ഖാദർ.

‘‘ഞങ്ങളുടെ സഖ്യകക്ഷിയല്ല സി.പി.എം എന്ന് ഞാൻ പറയില്ല, സഖ്യകക്ഷി തന്നെയാണ്, കോൺഗ്രസും ഞങ്ങളുടെ സഖ്യകക്ഷിയാണ്. രണ്ടിനെയും ഒരുമിച്ച് കിട്ടിയാൽ തരക്കേടില്ല എന്നുണ്ട്. ഒരുമിച്ച് കിട്ടാത്തതുകൊണ്ട് ഞങ്ങൾ ഒന്നിന്റെ കൂടെ നിൽക്കുകയാണ്’’, ട്രൂകോപ്പി തിങ്കിന്റെ ‘എഡിറ്റേഴ്സ് അസംബ്ലി’യിൽ അദ്ദേഹം പറഞ്ഞു.

‘‘എല്ലാ ദൗർബല്യങ്ങളോടും കൂടി ഇന്ത്യ മുന്നണിയാണ് ഇന്ന് ഇന്ത്യക്കുള്ള പോംവഴി. ഇവിടെനിന്ന് കോൺഗ്രസ് ജയിച്ചാലും സി.പി.എം ജയിച്ചാലും ഇന്ത്യ മുന്നണിയിലല്ലേ വരേണ്ടത്? കമ്യൂണിസ്റ്റ് വിരോധത്തിലും കോൺഗ്രസ് വിരോധത്തിനും പ്രസക്തിയില്ല. ഇന്ത്യയിൽ നടക്കുന്നത് നല്ല കാര്യങ്ങളല്ല, പൊളിറ്റിക്കലി. അതൊരു വലിയ ഭീഷണി കൂടിയാണ്. അതിനെ നേരിടാൻ എല്ലാവരെയും ആവശ്യമാണ്. സി.പി.എമ്മും കോൺഗ്രസും അത്തരമൊരു നിലപാട് സ്വീകരിക്കണം എന്ന അഭിപ്രായക്കാരനണാണ് ഞാൻ. രാഷ്ട്രീയമായ എതിർപ്പല്ലാതെ, ‘ഇവർ നശിച്ചുപോകട്ടെ’ എന്ന മനോഭാവമുണ്ടാകാൻ പാടില്ല. ഈ പാർട്ടികളൊക്കെ പരസ്പരം നശിക്കാതെ മത്സരിക്കണം എന്നാണ് എന്റെ അഭിപ്രായം.’’

‘‘കോൺഗ്രസും ഞങ്ങളും സി.പി.എമ്മും സഖ്യകക്ഷികളാണ്, ‘ഇന്ത്യ’ മുന്നണിയിൽ.

‘‘മുസ്‌ലീം ലീഗിനെപ്പോലൊരു പാർട്ടി കേരളത്തിൽ സി.പി.എമ്മിനോട് ചേർന്നാലുണ്ടാകുന്ന ഇംപാക്റ്റിനെക്കുറിച്ച് ഞങ്ങൾക്ക് അൽപം ആശങ്കയുണ്ട്. സി.പി.എമ്മിനൊപ്പം നിൽക്കുന്ന കുറച്ച് ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങൾ ചിലപ്പോൾ അവരെ ഉപേക്ഷിക്കാനിടയാക്കുന്ന സാഹചര്യമുണ്ടാകും. അതായത്, മുസ്‌ലിം ലീഗിനെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള ഒരു ജനവിഭാഗം സി.പി.എമ്മിനെ ഉപേക്ഷിച്ചുകൂടായ്കയില്ല. അത് വലിയ ശതമാനമുണ്ടാകില്ല, വേറെ മുസ്‌ലിംകളെ കിട്ടുമ്പോൾ അഡ്ജസ്റ്റ് ചെയ്യാം എന്നായിരിക്കും അവർ വിചാരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ കേരളത്തിൽ ബി.ജെ.പി ശക്തിപ്പെടും. കാരണം, യു.ഡി.എഫ് ക്ഷീണിച്ചാൽ, അതിൽ കോൺഗ്രസ് മാത്രമായാൽ, അത് മുതലെടുക്കുക ബി.ജെ.പിയായിരിക്കും. കോൺഗ്രസ് ക്ഷീണിച്ചുനിന്നാൽ ബി.ജെ.പി ശക്തിപ്പെടും. മുസ്‌ലിം ലീഗ് ക്ഷീണിച്ചാൽ മുസ്‌ലിം തീവ്രവാദികൾ ശക്തിപ്പെടും. കോൺഗ്രസിനെ ദുർബലാക്കാൻ പാടില്ല, സി.പി.എമ്മും ദുർബലമാകണം, നശിച്ചുപോകണം എന്ന നിലപാട് ഞങ്ങൾക്കില്ല. ഇതൊരു പ്രതിസന്ധിയാണ്, എങ്ങനെ പ്രായോഗികമാക്കും എന്നു ചോദിച്ചാൽ, അതാണ് ആലോചിക്കേണ്ട വിഷയം.’’- അദ്ദേഹം പറഞ്ഞു.

കെ.എൻ.എ ഖാദർ ട്രൂകോപ്പി തിങ്കിന്റെ എഡിറ്റേഴ്സ് അസംബ്ലിയിൽ, പൂർണമായി കാണാം

‘‘കോൺഗ്രസും ഞങ്ങളും സി.പി.എമ്മും സഖ്യകക്ഷികളാണ്, ‘ഇന്ത്യ’ മുന്നണിയിൽ. ഇവിടെ പരസ്പരം മത്സരിച്ചാലൂം സി.പി.എം ഞങ്ങളുടെ സഖ്യകക്ഷി തന്നെയാണ്, കോൺഗ്രസിന്റെ സഖ്യ കക്ഷി തന്നെയാണ്. ഇന്ത്യയെ മനസ്സിലാക്കിയാൽ ഈ തർക്കം തീരും. ഒരു ചെറിയ സെക്യൂലർ ആറ്റിറ്റ്യൂഡ് എങ്കിലും എടുക്കുന്ന, സംഘ്പരിവാറിന്റെ ഏകാധിപത്യത്തെ എതിർക്കുന്ന എല്ലാ ശക്തികളും എല്ലാ മറന്ന് ഒന്നുചേരേണ്ട സമയമാണിത്.’’

‘‘ഞാൻ സി.പി.എമ്മിനെ ഒരുപാട് ചീത്ത പറഞ്ഞ് നടക്കുന്നയാളല്ല. അവർ ഇന്നല്ലെങ്കിൽ നാളെ വേണമല്ലോ എന്നതുകൊണ്ടാണ്. കോൺഗ്രസിനെ ദുർബലമാക്കാൻ പാടില്ല, സി.പി.എമ്മും ദുർബലമാകണം എന്ന കാഴ്ചപ്പാടും ഞങ്ങൾക്കില്ല. ഇതിനെ എങ്ങനെ പ്രായോഗികമാക്കാം എന്നതാണ് നമ്മൾ ആലോചിക്കേണ്ട വിഷയം.’’

പി.കെ. കുഞ്ഞാലിക്കുട്ടി, പിണറായി വിജയൻ

സി.പി.എമ്മിന്റെ കേരള സർക്കാറിന് കേന്ദ്ര സർക്കറുമായി ചെറിയ അണ്ടർസ്റ്റാന്റിംഗുണ്ട് എന്നും കെ.എൻ.എ. ഖാദർ കുറ്റപ്പെടുത്തി: ‘‘പ്രാദേശിക പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാറുകളെ ഡിസ്റ്റർബ് ചെയ്യില്ലെങ്കിൽ കേന്ദ്രത്തെയും ഡിസ്റ്റർബ് ചെയ്യേണ്ടതില്ല എന്നൊരു അടിസ്ഥാനത്തിൽ. ഈ ഗവൺമെന്റിന് നിലനിൽപ്, കേന്ദ്ര സർക്കാറിന്റെ ഒരു ഡിസ്‌പ്ലെഷർ കൊണ്ട് ഇല്ലാതാകേണ്ട എന്നുണ്ട് ഇവർക്ക്. സാമ്പത്തിക രംഗത്ത് കേരളത്തെ ഞെരിക്കുമ്പോഴും അതിനെതിരായി പറയാതിരിക്കാനും വയ്യ, പറയാനും വയ്യ എന്നൊരു സ്ഥിതിവിശേഷം സി.പി.എമ്മിനും സർക്കാറിനുമുണ്ട്. കേന്ദ്ര സർക്കാർ, പ്രത്യേകിച്ച് മോദിയെയും അമിത് ഷായെയും വല്ലാതെ പിണക്കാനോ ശക്തമായി ആക്ഷേപിക്കാനോ സംസ്ഥാന സർക്കാർ തയാറല്ല. ഇടയ്ക്ക് ഓരോ പ്രസംഗങ്ങളിൽ അവസാനിപ്പിക്കും. അതൊന്നും അവിടെ എത്തുന്നുമില്ല. മാത്രമല്ല, ഇങ്ങനെ ഇടയ്ക്ക് എന്തെങ്കിലും പറഞ്ഞാൽ അവർക്ക് കുഴപ്പമില്ല എന്ന് ഇവർക്ക് അറിയുകയും ചെയ്യാം. ഇങ്ങനെയൊരു അന്തർധാര സംശയിക്കാനുള്ള ഒരുപാട് കാര്യങ്ങളുണ്ടിവിടെ. അതെല്ലാം ഞങ്ങൾക്ക് ഇവരുമായി ചേരുന്നതിന് തടസമാണ്.’’

‘‘മതങ്ങൾ എടുക്കുന്ന എല്ലാ നിലപാടും മതപരമാണോ, മതാത്മകമാണോ, രാഷ്ട്രീയ പാർട്ടികൾ എടുക്കുന്ന നിലപാടുകൾ പ്രത്യയശാസ്ത്രപരമാണോ എന്നു ചോദിച്ചാൽ പ്രത്യയശാസ്ത്രത്തിന് അയവ് വന്നിട്ടുണ്ട്, മതങ്ങൾക്കും അയവ് വന്നിട്ടുണ്ട്. കുടുംബബന്ധങ്ങളും സാമൂഹിക ബന്ധങ്ങളുമെല്ലാം ഇന്ന് ലിബറലായി കഴിഞ്ഞു. പ്രത്യയശാസ്ത്രം വേറെയാണ്. ഞാൻ മുമ്പ്, കമ്യൂണിസ്റ്റ് പാർട്ടിയിലുള്ളപ്പോൾ, പാർട്ടി ക്ലാസുകളിൽ ഇരുന്നിട്ടുണ്ട് കെ. ദാമോദരനൊക്കെ ക്ലാസെടുത്തിട്ടുണ്ട്. ദാസ് കാപ്പിറ്റൽ ഒരു തവണയെങ്കിലും വായിച്ചുവരുന്നവർക്ക് താൻ പ്രത്യേകമായി സമ്മാനം കൊടുക്കുമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. കാരണം, ആ സമ്മാനം ഒരിക്കലും കൊടുക്കേണ്ടിവരില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആ പ്രത്യയശാസ്ത്രത്തിനുതന്നെ പല മാറ്റങ്ങളും വന്നില്ലേ?

‘‘കമ്യൂണിസ്റ്റ് പാർട്ടിക്ക് സംഭവിച്ച മാറ്റം ആഗോള തലത്തിലുള്ള ഒന്നാണ്. ഇന്ത്യയിൽ പാർട്ടിക്ക് കേരളത്തിലേക്ക് ചുരുങ്ങേണ്ടിവന്നത്, ദേശീയ രാഷ്ട്രീയത്തിലെ മെയിൻസ്ട്രീമിൽ വരാത്തതുകൊണ്ടാണ്. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയിൽ ഉണ്ടാകാതെ പോയതാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർക്കു സംഭവിച്ച അപചയത്തിന്റെ പ്രധാന കാരണം. 1930-ലെ നിസ്സഹകരണ പ്രസ്ഥാനം, ക്വിറ്റിന്ത്യ മൂവ്‌മെന്റ് എന്നിവയുമായി അവർ നിസ്സഹരിച്ചു. സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്ന വാദം, 1948-ലെ കൽക്കത്ത തീസീസ്, 1951-ൽ നേരത്തെയുള്ള നിലപാട് തിരുത്തി, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്നു പറഞ്ഞത്, 1956-ൽ പാലക്കാട് പാർട്ടി കോൺഗ്രസിൽ കോൺഗ്രസിനോടുള്ള സമീപനത്തിലുണ്ടായ തർക്കങ്ങൾ തുടങ്ങിയ വിഷയങ്ങളെല്ലാം, ആഗോളീയമായി മാർക്‌സിസം ലെനിനിസത്തിന് സംഭവിച്ച അപചയങ്ങളുമായി ബന്ധമുള്ളതാണ്.’’

‘‘കമ്യൂണിസ്റ്റ് പാർട്ടി എടുക്കേണ്ട നിലപാട് എന്ത്, എടുത്തുകൊണ്ടിരിക്കുന്ന നിലപാട് എന്ത് എന്ന ചോദ്യമുണ്ട്. അവർ പെട്ടെന്ന്, ഏക സിവിൽ കോഡ് പാടില്ല എന്നു പറഞ്ഞു. വഖഫ് വിഷയത്തിൽ സമസ്ത പറഞ്ഞതുപോലെ അനുസരിച്ചു. അയോധ്യയിൽ നിലപാടെടുത്തു. തിരിച്ചുവരാൻ സി.പി.എം സ്ട്രഗ്ൾ ചെയ്യുന്നുണ്ട്. അതിന് പ്രത്യയശാസ്ത്രപരമായി ഒരു ബന്ധവുമില്ല. ഏക സിവിൽ കോഡും ക്ഷേത്രങ്ങളുമൊക്കെ ശരിക്കും ഇവർക്കുള്ളതല്ല, അത് വേറെ പാർട്ടികൾക്കുള്ളതാണ്. ഗോചരപ്രപഞ്ചത്തിന് അതീതമായ ഒരു ശക്തിയെ പരോക്ഷമായി പോലും അംഗീകരിക്കാതിരിക്കുക എന്നാണ് മാർക്‌സിസത്തിന്റെ ഡയലറ്റിക്‌സ്. അപ്പോൾ, അവർക്ക് പ്രത്യയശാസ്ത്രമല്ല, പ്രായോഗിക രാഷ്ട്രീയത്തിൽ ഈ ഭരണമെങ്കിലും നിലനിർത്തിയില്ലെങ്കിൽ അവരുടെ പാർട്ടിയെ നിലനിർത്തുക എന്നത് ഇന്ത്യയിൽ പ്രയാസമാണ്. അതിന് ഈ വിഷയങ്ങളിലേക്ക് അവർ സാഹസികമായി എടുത്തുചാടുകയാണ്. അതൊരു സ്ഥായിയായ മാറ്റമല്ല.’’

‘‘ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് തുടക്കം മുതൽ സംഭവിച്ച അബദ്ധമാണ് കോൺഗ്രസിനെ എതിർക്കുക എന്നത്. 1967-ൽ ഒമ്പതു സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ ചുരുക്കിയത്, അവരെല്ലാവരും അപ്പുറത്തുനിന്നതുകൊണ്ടാണ്. ഇതിനുമുമ്പും ബി.ജെ.പിയുടെ പഴയ രൂപങ്ങളെ അവർ സഹായിച്ച ഘട്ടങ്ങളുണ്ടായിട്ടുണ്ട്, കോൺഗ്രസ് വിരോധം മൂത്തിട്ട്. അതായത്, മുഖ്യ ശത്രുവിനെ തിരിച്ചറിയാൻകമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞിട്ടില്ല.
ദേശീയധാരയിൽ ഇടതുപക്ഷമുണ്ടായിരുന്നു, കോൺഗ്രസുണ്ടായിരുന്നു. കോൺഗ്രസിനെ തോൽപ്പിക്കാൻ ഇടതുപക്ഷത്തെയും ഉപയോഗിക്കാമെന്ന് ബി.ജെ.പിയുടെ അന്നത്തെ പാർട്ടി മനസ്സിലാക്കി. ഈ രണ്ടു കൂട്ടരും കൂടി കോൺഗ്രസിനെ എതിർത്തതിലൂടെ വളർന്നുവന്നിട്ടുള്ള ഒരു സാഹചര്യം കൂടിയാണിപ്പോഴുള്ളത്. എന്തു തെറ്റു ചെയ്താലും കോൺഗ്രസിനെ മുഖ്യശത്രുവായി കാണാൻ പാടില്ല.’’

‘‘ബി.ജെ.പിയുടെ ബി ടീമാണ് കോൺഗ്രസ് എന്ന് ആക്ഷേപിക്കാറുണ്ട​ല്ലോ. എ ടീം ഇവിടെയിരിക്കേ, നമ്മൾ ബി ടീം എന്നു പറയുമ്പോൾ, എ ടീം തന്നെയാണ് നിങ്ങളുടെ മുഖ്യശത്രു, അതു കഴിഞ്ഞിട്ടേ ബി വരുന്നുള്ളൂ. കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യ ശത്രു കോൺഗ്രസല്ല എന്നവർ തിരിച്ചറിയണം. കോൺഗ്രസിനെ ഇങ്ങനെ എതിർത്ത് ഇല്ലാതാക്കിയാൽ പിന്നെ ആരാണുള്ളത്? ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. കോൺഗ്രസ് ശക്തിപ്പെടണം. വീഴ്ചകളെ ചൂണ്ടിക്കാണിക്കാം, ശത്രുതാപരമാകരുത്. ഭാരത് ജോഡോ യാത്ര ഇന്ത്യ മുന്നണി ഒരുമിച്ച് നടത്തണം.’’

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക

‘‘അയോധ്യയിലെ രാമക്ഷേത്രം ഹിന്ദു വിശ്വാസപ്രകാരമുള്ള ഒരു ക്ഷേത്രമാണോ അതോ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതീകമാണോ എന്ന ചോദ്യം ഞാൻ ഉത്തരം പറയേണ്ട സംഗതിയല്ല. അത് ഹിന്ദു വിശ്വാസപ്രകാരമുളളതല്ല എന്ന് ഞാൻ പറയാൻ പാടില്ല, ആണ് എന്നും ഞാൻ പറയുന്നില്ല. അന്യരുടെ ആരാധനാലയങ്ങളെ ഹിംസിക്കരുത് എന്നും അവരുടെ ദൈവത്തെ അവഹേളിക്കരുത് എന്നും പ്രവാചകൻ പറഞ്ഞിട്ടുണ്ട്. അത് ഒരു ഇസ്‌ലാമിക കോൺസെപ്റ്റാണ്. അതുകൊണ്ടാണ്, അതേക്കുറിച്ച് നല്ലത് പറയാൻ ഞാനാഗ്രഹിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഒരു പ്രശ്‌നം, അത് മുസ്‌ലിം പള്ളി പൊളിച്ചുണ്ടാക്കിയതാണ് എന്നതാണ് അതിന്റെ പൊളിറ്റിക്‌സ്, ഹിന്ദുത്വ പൊളിറ്റിക്‌സ്. അതുകൊണ്ടുതന്നെ, അത് ഒരു സർക്കാർ ആഘോഷിക്കാൻ പാടില്ല.’’

സമസ്തയും ലീഗും തമ്മിൽ ഭിന്നതയുണ്ട് എന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു: ‘‘സമസ്ത സർക്കാറിനോട് ഇഷ്യൂസ് പറയുന്നത്, അത് കമ്യൂണിസ്റ്റ് സർക്കാറാണോ അല്ലയോ എന്നു നോക്കിയിട്ടല്ല. അതിൽ ലീഗിന് ഒരു ഉൽക്കണ്ഠയുമില്ല. ലീഗ് സർക്കാറിലുണ്ടായിരുന്ന സമയത്ത് ലീഗിന്റെ അടുത്താണ് അവർ വന്നിരുന്നത്.’’

‘‘ലീഗ് മാത്രമല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ത്രീകൾക്ക് കൂടുതൽ ഇടം നൽകണം’’

‘‘ലീഗ് മാത്രമല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ത്രീകൾക്ക് കൂടുതൽ ഇടം നൽകണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. വനിതാസംവരണം മുസ്‌ലിം ലീഗ് ഇന്ത്യ മുന്നണിയുടെ ഭാഗമെന്ന നിലയിൽ നടപ്പാക്കും, ലീഗ് അതിനെ എതിർക്കില്ല. മാറ്റങ്ങളെല്ലാം ആരംഭിക്കേണ്ടത് ലീഗിൽ നിന്നായിരിക്കണം എന്ന അഭിപ്രായം തനിക്കില്ല, അതേസമയം, ലീഗ് മാറ്റത്തോടൊപ്പമുണ്ടാകും.’’

ഒരു കാരണവശാലും ഒരു ബി.ജെ.പി സ്ഥാനാർഥി പോലും വിജയിക്കാതിരിക്കുക, സാധ്യമാകുന്നത്ര യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്നതാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ ലീഗിന്റെ തെരഞ്ഞെടുപ്പ് പോളിസിയെന്ന് അദ്ദേഹം പറഞ്ഞു.

Comments