കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെയും കേരളത്തില്‍ വിശേഷിച്ചും ഇടതുപക്ഷം നേരിട്ട പരാജയത്തെ സംബന്ധിച്ച് നിരവധി വിലയിരുത്തലുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. പതിവു പോലെ, 'ഇടതുപക്ഷം കാലഹരണപ്പെട്ടു' എന്ന കണ്ടെത്തല്‍ തൊട്ട്, അക്രമരാഷ്ട്രീയവും നേതാക്കളുടെ ധാര്‍ഷ്ട്യവും, സര്‍ക്കാര്‍ വിരുദ്ധ വികാരവും വരെയുള്ള നിരവധി കാര്യങ്ങള്‍, ഇടതുപക്ഷത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായ പലരും പരാജയ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് ജനങ്ങളുമായുള്ള ബന്ധം കുറയുകയാണ് എന്ന ആക്ഷേപവും തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
പല അടരുകളില്‍ സംഭവിച്ച തെരഞ്ഞെടുപ്പ് പരാജയത്തെ, ചരിത്രത്തിന്റേയും ഇന്ത്യയിലാകെയുള്ള ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പൊതു അവസ്ഥയുടേയും പശ്ചാത്തലത്തില്‍ വസ്തുനിഷ്ഠമായി വിലയിരുത്തുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. മറിച്ച്, ആ വിലയിരുത്തല്‍ നടത്തുന്നത് തികച്ചും ആത്മനിഷ്ഠമായാണ് എങ്കില്‍ അവരവര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ പ്രാധാന്യമുള്ളതായി തോന്നുകയും ഒരുപക്ഷേ, അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റ് കാര്യങ്ങള്‍ പാടെ തമസ്‌ക്കരിക്കപ്പെടുകയും ചെയ്യും. അങ്ങനെ സംഭവിച്ചുകൂടാ.
'ഇന്ത്യയില്‍ കമ്മ്യൂണിസം കെട്ടിപ്പടുക്കുന്നതിന്റെ പ്രശ്‌നങ്ങള്‍' എന്ന കൃതിയില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഡോ.ബി.ആര്‍. അംബേദ്കര്‍ ചൂണ്ടിക്കാണിച്ച ഒരു വസ്തുത ഈയവസരത്തില്‍ അങ്ങേയറ്റം പ്രസക്തമാണെന്ന് തോന്നുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി അടിസ്ഥാനപരമായി നിലനില്‍ക്കുന്നത് സോഷ്യലിസം നടപ്പിലാക്കാനാണ്. ലളിതമായ അര്‍ത്ഥത്തില്‍ അതിനെ സമത്വം എന്ന് നമുക്കിപ്പോള്‍ പരിഭാഷപ്പെടുത്താം. എന്നാല്‍ കഴിഞ്ഞ ദശകങ്ങളില്‍ രാജ്യത്താകെ പിടിമുറുക്കിയ ഹിന്ദുത്വം, ജാതി ഹൈറാര്‍ക്കിയെ നിലനിര്‍ത്തിക്കൊണ്ടാണ് സമൂഹത്തെ സ്വാധീനിച്ചത്. അതായത് കേവലമായ ഒരു ഹിന്ദു ഇപ്പോള്‍ നിലവിലില്ല എന്നര്‍ത്ഥം. ഉള്ളത് ജാതിഹിന്ദുവാണ്. തട്ടുതട്ടുകളായി കിടക്കുന്ന ജാതിഘടനയെ ഹിന്ദുമതമായി കണക്കാക്കുകയും തങ്ങള്‍ അതിനകത്താണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരാള്‍ സ്വാഭാവികമായും ഇടതുപക്ഷം -വിശേഷിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി- മുന്നോട്ടു വെക്കുന്ന 'സമത്വം' എന്ന ആശയത്തില്‍ വിശ്വസിക്കുകയില്ല. പലതരം ഹൈറാര്‍ക്കികളില്‍ ജീവിയ്ക്കുന്ന ഈ രാജ്യത്തെ ജനങ്ങള്‍ക്ക്, നൂറ്റാണ്ടുകളായി തുടരുന്ന ഒരുതരം സാംസ്‌കാരിക പരിശീലനം (cultural conditioning) മൂലം സമത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത തങ്ങളുടെ ജീവിതാവസ്ഥയെപ്പോലും ഇപ്പോള്‍ കുറേയൊക്കെ ഇഷ്ടമാണ് എന്നര്‍ത്ഥം.
കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള, ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന 'വിശ്വാസരാഹിത്യം' എന്ന വിഷയത്തെ ഈയൊരു പശ്ചാത്തലത്തിലാണ് നാം വിലയിരുത്തേണ്ടത്. സംഘടനാപരമായ പ്രശ്‌നങ്ങളേയും മറ്റും ആവശ്യത്തിലധികം പര്‍വ്വതീകരിച്ചാല്‍ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ ഈ കേന്ദ്രപ്രശ്‌നം അടിയില്‍ പെട്ടു പോവുകയാണുണ്ടാവുക. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന് ഭാവിയില്‍ കൂടുതല്‍ വലിയ വില നല്‍കേണ്ടിവരും എന്നത് തീര്‍ച്ചയാണ്. ഈയൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയെ നാം മനസ്സിലാക്കേണ്ടത്.
തെരഞ്ഞെടുപ്പില്‍ വിജയം നേടാനായത് യു.ഡി.എഫിനാണ്. എന്നാല്‍, അതിനേക്കാള്‍ പ്രാധാന്യമുള്ള കാര്യമായി വന്നത്, രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ ഒരു സീറ്റുപോലും നേടാനാകാത്ത ബി.ജെ.പി, കേരളത്തില്‍ ഒരു സീറ്റും, 20 ശതമാനത്തോളം വോട്ടും നേടി എന്നതാണ്. രാഷ്ട്രീയ കേരളത്തിനുണ്ട് എന്ന് നാളിതുവരെ പൊതുവില്‍ കരുതിയിരുന്ന അനന്യതയെ അത് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി.
യു.ഡി.എഫിന് 45.16% വോട്ടും എൽ.ഡി.എഫിന് 33.34% വോട്ടും, എൻ.ഡി.എക്ക് 19.26% വോട്ടുമാണ് ഇക്കുറി കേരളത്തില്‍ നേടാനായത്. 2019- ല്‍ നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ 2.18% വോട്ട് യു.ഡി.എഫിനും 1.81% എൽ.ഡി.എഫിനും നഷ്ടമായപ്പോള്‍ 3.7% ത്തോളം എൻ.ഡി.എക്ക് കൂടുതല്‍ കിട്ടുകയാണുണ്ടായത്. അതിന്റെ കാരണങ്ങള്‍ ഇടതുപക്ഷത്തിന്റെ കേവലം സംഘടനാപരമായ കുറവുകളോ, നേതാക്കളുടെ ധാര്‍ഷ്ട്യമോ, പ്രവര്‍ത്തകര്‍ക്ക് ജനങ്ങളുമായി ബന്ധം കുറയുന്നതോ ഒന്നുമല്ല. ഇത്തരം കാര്യങ്ങളെല്ലാം പലയിടത്തും ഏറ്റക്കുറച്ചിലുകളോടെ സംഭവിക്കാനിടയുള്ളത് തന്നെയാണ്. അതെല്ലാം കണ്ടെത്തി പരിഹരിക്കേണ്ടതുമാണ്. എന്നാല്‍ അതിനെല്ലാമപ്പുറത്തുള്ള, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാര്യങ്ങളാണ് ഇടതുപക്ഷം ഇപ്പോള്‍ പ്രധാനമായും മുഖവിലക്കെടുക്കേണ്ടത്. അതായത് കൂടുതല്‍ മികവാര്‍ന്ന ഒരു ഇടതുപക്ഷത്തിനായി ദീര്‍ഘകാല പദ്ധതികളും, പെട്ടെന്നുള്ള തിരുത്തലുകളും ഒരുപോലെ വേണമെന്നര്‍ത്ഥം.
ജനങ്ങളുടെ സംസ്‌കാരത്തില്‍ ഇടപെട്ടുകൊണ്ടുള്ള, സാംസ്‌കാരിക പ്രവര്‍ത്തനത്തെത്തന്നെ രാഷ്ട്രീയ പ്രവര്‍ത്തനമാക്കി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുകയാണ് ഇടതുപക്ഷം ഇപ്പോള്‍ ചെയ്യേണ്ടത്.
കേരളത്തില്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകള്‍ അവര്‍ക്ക് നേടാനായത് രണ്ട് തരത്തിലാണ്. അതില്‍ ആദ്യത്തേതും പ്രധാനമായതും ഹിന്ദുത്വം എന്ന ആശയത്തോടുള്ള ജനങ്ങളുടെ വിശ്വാസമാണ്. അതാകട്ടെ വളരെ പെട്ടെന്ന് ഉണ്ടായതുമല്ല. സംസ്‌കാരത്തില്‍ ഇടപെട്ടുകൊണ്ട്, പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളിലൂടെ സംഘപരിവാര്‍ നേടിയ മേല്‍ക്കൈയ്യാണത്. രാഷ്ട്രീയത്തിന് മുകളില്‍ സംസ്‌കാരത്തെ പ്രതിഷ്ഠിച്ചുകൊണ്ട് അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലത്തില്‍ രാഷ്ട്രീയത്തിന്റെ സാംസ്‌കാരികവല്‍ക്കരണമാണ് (Culturisation of Politics) ലക്ഷ്യം വെയ്ക്കുന്നത്. ആ ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടെ, പല കാരണങ്ങള്‍ കൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് താല്‍ക്കാലികമായി അതിന്റെ ഗുണഭോക്താക്കളായി എന്നത് വേറൊരു കാര്യമാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലത്തിന്റെ കേന്ദ്ര വിഷയം ഇടതുപക്ഷത്തിന്റെ വോട്ട് ക്രമമായി കുറയുന്നതും ബി.ജെ.പിയുടെ വോട്ട് കൂടുന്നതുമാണ് എന്ന് കണക്കാക്കിയാല്‍, സംസ്‌കാരത്തെ രാഷ്ട്രീയവല്‍ക്കരിച്ചു കൊണ്ടല്ലാതെ (Politicalisation of Culture) സാമൂഹ്യബോധത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഗതിമാറ്റത്തെ തടയാനാവില്ല എന്ന നിഗമനത്തിലേക്കാണ് നാം എത്തിച്ചേരേണ്ടത്. അതിനായുള്ള എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുക വയ്യ. അത് ചെയ്യേണ്ടത് ഇടതുപക്ഷം മാത്രമാണ്.
ജനങ്ങളുടെ സംസ്‌കാരത്തില്‍ ഇടപെട്ടുകൊണ്ടുള്ള, സാംസ്‌കാരിക പ്രവര്‍ത്തനത്തെത്തന്നെ രാഷ്ട്രീയ പ്രവര്‍ത്തനമാക്കി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുകയാണ് ഇടതുപക്ഷം ഇപ്പോള്‍ ചെയ്യേണ്ടത്. അതിന് കഴിയുന്ന തരത്തില്‍, വിപുലമായ സാദ്ധ്യതകളുള്ള തങ്ങളുടെ വര്‍ഗ്ഗ-ബഹുജന സംഘടനാ സംവിധാനങ്ങളെ അതിന് പുതുക്കിപ്പണിയാനാകണം. രാഷ്ട്രീയമായി ഇടതു പക്ഷത്ത് നില്‍ക്കുന്നവരില്‍ പോലും വലിയൊരു വിഭാഗം, സാംസ്‌കാരിക അവബോധത്തിന്റെ കാര്യത്തില്‍ ഹിന്ദുത്വം മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളാണ് പങ്കുവെക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാതെ കേരളത്തിലെ ഇടതുപക്ഷത്തിന് ഇനിയൊരു മുന്നോട്ട് പോക്ക് സാധ്യമാവുകയില്ല.
ഒരു സാധാരണ വിശ്വാസിയെ ആദ്യം മതമൗലികവാദത്തിലേക്കും പിന്നീട് വര്‍ഗീയതയിലേക്കും നയിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ ചുറ്റുപാട് നമ്മുടെ രാജ്യത്ത് നിലവിലുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.
അതായത്, രാഷ്ട്രീയ പുരോഗാമിത്വത്തിന് ആനുപാതികമായി നമ്മുടെ സാംസ്‌കാരിക അവബോധം പ്രബുദ്ധമോ ഉണര്‍വ്വുള്ളതോ അല്ല എന്ന വസ്തുതയെ തുറന്ന മനസ്സോടെ അംഗീകരിക്കണം. അതുകൊണ്ടാണ് രാഷ്ട്രീയമായി ഇടതുവശം ചേര്‍ന്നു നടക്കുന്ന കേരളം സാംസ്‌കാരികമായി വലതുഭാഗത്ത് നിലകൊള്ളുന്നത്. ഇപ്പോഴാവട്ടെ ആ സാംസ്‌കാരിക അവബോധത്തില്‍ വലിയൊരളവില്‍ ഹിന്ദുത്വം കലര്‍ന്ന് ചേർന്നിട്ടുമുണ്ട്. ആ കലരല്‍ സാദ്ധ്യമായത് ഏതെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലൂടെ ആയിരുന്നില്ല. മറിച്ച്, കാലങ്ങളായി വിവിധ തലങ്ങളില്‍ സംഘപരിവാര്‍ നടത്തിയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. അമ്പലക്കമ്മിറ്റികള്‍, സപ്താഹങ്ങള്‍, ഗീതായജ്ഞ- യോഗ ക്ലാസുകള്‍, തീര്‍ത്ഥയാത്രകള്‍ തുടങ്ങി നിഷ്പക്ഷ / ഭക്തി പരിവേഷമുള്ള പലതും ഇതിനായി ഉപയോഗിക്കപ്പെട്ടു. ഇവയ്‌ക്കെല്ലാം വേണ്ടതിലധികം പ്രാധാന്യം നല്‍കിയ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ എത്രയോ കാലങ്ങളായി സംഘപരിവാര്‍ ആശയങ്ങള്‍ക്ക് നാലില്‍ മൂന്ന് ഭൂരിപക്ഷമുണ്ട് എന്ന വസ്തുതയും ഈ സമയത്ത് പരിഗണിക്കപ്പെടണം.
എതിരായി വോട്ട് ചെയ്യുമ്പോള്‍ പോലും ഇടതുപക്ഷം സൃഷ്ടിച്ചെടുത്ത ഭൗതികജീവിതം നയിക്കാൻ കേരളത്തിലെ ജനങ്ങള്‍ക്ക് മടിയൊന്നുമില്ല. റോഡുകളും പാലങ്ങളും കുടിവെള്ള പദ്ധതികളും വീടും വൈദ്യുതിയും തൊട്ട് അയല്‍വാസികള്‍ തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കങ്ങളില്‍ വരെ ഇടപെടുന്ന, ഗ്രാമപ്രദേശങ്ങളിലെങ്കിലും ഇപ്പോഴും തുടരുന്ന, വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനരീതിയും അവര്‍ക്കാവശ്യമുണ്ട്. എന്നാല്‍ അതേ അര്‍ത്ഥത്തില്‍, ഒരു ആശയം എന്ന നിലക്ക് അവര്‍ക്ക് ഇടതുപക്ഷത്തെ ആവശ്യമില്ല. കണ്‍മുന്നില്‍ നിലനില്‍ക്കുന്ന ഈ വൈരുദ്ധ്യത്തെ ഇനിയും നാം കാണാതിരുന്നുകൂടാ.
ഇടതുപക്ഷത്തിന്റെ ശേഷി യഥാര്‍ത്ഥത്തില്‍ മധ്യവര്‍ഗ്ഗത്തിന്റെ കാര്യനിര്‍വ്വഹണത്തിനുള്ള ശേഷിയല്ല. മറിച്ച് സാമൂഹ്യമാറ്റത്തിനുള്ള, പരിവര്‍ത്തനോന്‍മുഖമായ ശേഷിയാണ്.
ഇനി ഇതിന്റെ മറുപുറമൊന്ന് നോക്കാം. കേരളത്തില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തവരില്‍ മഹാഭൂരിപക്ഷവും മേല്‍പറഞ്ഞ എന്തെങ്കിലും ഭൗതികനേട്ടങ്ങള്‍ അതുവഴി തങ്ങള്‍ക്ക് ലഭിക്കും എന്ന ധാരണയിലല്ല അങ്ങനെ ചെയ്തിട്ടുണ്ടാവുക. ഒരുവേള തങ്ങള്‍ വോട്ട് ചെയ്യുന്ന സ്ഥാനാര്‍ത്ഥി പരാജയപ്പെടും എന്ന് തീര്‍ച്ചയുണ്ടായിട്ടും അവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍, അതിന്റെ കാരണം സംഘപരിവാര്‍ സൃഷ്ടിച്ചെടുത്ത ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആശയങ്ങളില്‍ അവര്‍ അത്രമാത്രം വിശ്വസിക്കുന്നു എന്നതാണ്. ഈ തരത്തില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത് ബി.ജെ.പിയുടെ മിടുക്ക് കൊണ്ടോ ഇടതു പക്ഷത്തിന്റെ ദൗര്‍ബ്ബല്യം കൊണ്ടോ മാത്രമല്ല. നമ്മുടേതുപോലുള്ള ഒരു ബഹുമത സമൂഹത്തില്‍ ഒരു മതേതര സര്‍ക്കാരിന്റെ രൂപീകരണവും ജനങ്ങള്‍ക്കിടയില്‍ ജാതിരഹിത - മതനിരപേക്ഷ മനോഭാവം വളര്‍ത്തിയെടുക്കലും വലിയ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമായതു കൊണ്ടു കൂടിയാണ്. വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ടാകാമെങ്കിലും ഇടതുപക്ഷം ആ വെല്ലുവിളി ഏറ്റെടുക്കുകയാണ് ഇക്കാലം വരെ ചെയ്തത്. എന്നാല്‍ മേല്‍പറഞ്ഞ സാമൂഹ്യാവസ്ഥയെ തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള ഒരു അവസരമായാണ് സംഘപരിവാര്‍ കാണുന്നത്.
ഒരു സാധാരണ വിശ്വാസിയെ ആദ്യം മതമൗലികവാദത്തിലേക്കും പിന്നീട് വര്‍ഗീയതയിലേക്കും നയിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ ചുറ്റുപാട് നമ്മുടെ രാജ്യത്ത് നിലവിലുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഒരു കൂട്ടര്‍ മറികടക്കേണ്ടുന്ന ഒരു വെല്ലുവിളിയായും, വേറൊരു കൂട്ടര്‍ തങ്ങളുടെ ലക്ഷ്യം പൂവണിയാനുള്ള സാദ്ധ്യതയായും അതിനെ കാണുന്നു. അത് മിടുക്കിന്റെയോ ദൗര്‍ബ്ബല്യത്തിന്റേയോ കാര്യം എന്നതിനേക്കാള്‍ഉദ്ദേശ്യങ്ങളുടെ കൂടി കാര്യമാണ്.
ഇടതുപക്ഷത്തിന്റെ ശേഷി യഥാര്‍ത്ഥത്തില്‍ മധ്യവര്‍ഗ്ഗത്തിന്റെ കാര്യനിര്‍വ്വഹണത്തിനുള്ള ശേഷിയല്ല. മറിച്ച് സാമൂഹ്യമാറ്റത്തിനുള്ള, പരിവര്‍ത്തനോന്‍മുഖമായ ശേഷിയാണ്. ഇക്കാര്യം ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തകര്‍ തന്നെ വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. അവര്‍ തന്നെ തങ്ങളെ സ്വയം കാണുന്നത്, ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്തു കൊടുക്കാനുള്ള ഒരു ഏജന്‍സി എന്ന നിലയ്ക്കാണ്. രാഷ്ട്രീയത്തേയും പ്രത്യയശാസ്ത്രത്തേയും മാറ്റിവെച്ചുകൊണ്ടുള്ള വികസന വാചാടോപങ്ങള്‍ സംഭവിക്കുന്നത് അങ്ങനെയാണ്. അരാഷ്ട്രീയതയിലും കേവലമായ മാനവികതാ സങ്കല്‍പ്പങ്ങളിലും ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം വരുന്നതിന്റെ കാരണവും മറ്റൊന്നല്ല. കുഴപ്പമെന്താണെന്ന് വെച്ചാല്‍, ഇതിന്റെയെല്ലാം കനികള്‍ ജനങ്ങള്‍ക്കിഷ്ടമാണ്. തീര്‍ച്ചയായും അവരത് ഭക്ഷിക്കും. എന്നാല്‍ ആ കനികള്‍ സമ്മാനിച്ച വൃക്ഷത്തിന്റെ നിലനില്‍പ്പ് തങ്ങളുടെ വിഷയമായി അവര്‍ കാണുകയില്ല. മനുഷ്യരുടെ ഭൗതികാവശ്യങ്ങള്‍ക്ക് പരിധികളില്ല എന്നത് മനുഷ്യാവസ്ഥയെ സംബന്ധിച്ച പ്രാഥമികമായ ഒരു പാഠമാണ്. അടരുകള്‍ പോലെ അത് മുകളിലേക്ക് കയറിപ്പോകുന്നു. ആവശ്യങ്ങളെ തൃപ്തിപ്പെടുത്തി മാത്രം ഒരു ആശയത്തിന്റെ ചേരിയില്‍ ജനങ്ങളെ ദീര്‍ഘകാലം നിര്‍ത്താനാവില്ല. ആ ആവശ്യങ്ങളാകട്ടെ, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുതന്നെ വേണമെന്ന് വലിയൊരു വിഭാഗത്തിന് നിര്‍ബന്ധവുമില്ല. കാരണം പ്രാധാന്യം ആവശ്യങ്ങള്‍ക്കാണ്; ആശയങ്ങള്‍ക്കല്ല. ഈ പൊതു മനോഭാവത്തെ, കുറച്ചു ഗിമ്മിക്കുകളും കൂടുതല്‍ പ്രൊപ്പഗാന്റയും കൊണ്ട് കേരളത്തില്‍ പോലും ബി.ജെ.പി തങ്ങള്‍ക്കനുകൂലമാക്കി വലിയൊരളവില്‍ മാറ്റിയെടുത്തു എന്നതാണ് വാസ്തവം.
കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന, സംഘടിതമായി നിര്‍മിച്ചെടുത്ത മോദി എന്ന കള്‍ട്ടിനെ തുറന്നു കാട്ടാന്‍ കേരളത്തിലെ ഇടതുപക്ഷത്തിനോ യു.ഡി.എഫിനോ വേണ്ടത്ര കഴിയാതെപോയി.
കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ഇതുവരെയുള്ള എല്ലാ സര്‍ക്കാരുകളും എത്രയോ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളെല്ലാം അത് അനുഭവിച്ചിട്ടുമുണ്ട്. നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാത്രമല്ല നാം സര്‍ക്കാരുകള്‍ക്ക് മാര്‍ക്കിടാറുള്ളത്. അതിന് മാനദണ്ഡങ്ങള്‍ ഒരു പാട് വേറെയുമുണ്ട്. യഥാര്‍ത്ഥത്തില്‍, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത, മിക്ക മേഖലയിലും സമ്പൂര്‍ണ്ണ പരാജയമായിരുന്നു നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍. എന്നിട്ടും, അവരുടെ പ്രൊപ്പഗേന്റാ സാമര്‍ത്ഥ്യത്തിന്റെ ബലത്തില്‍, കഴിഞ്ഞ ആറ് ദശകക്കാലം നടന്നിട്ടില്ലാത്ത എന്തെല്ലാമോ വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടക്കുകയാണെന്നും അതിന്റെയെല്ലാം തുടക്കവും ഒടുക്കവും നരേന്ദ്ര മോദിയിലാണെന്നും സ്ഥാപിക്കപ്പെട്ടു. മോദിയുടെ വീട്, മോദിയുടെ ഗ്യാസ്, മോദിയുടെ റോഡ് തുടങ്ങി ചെറുതും വലുതുമായ ഒരുപാടൊരുപാട് കാര്യങ്ങളുടെ പ്രയോക്താവായി നരേന്ദ്ര മോദി എന്ന ഒറ്റ മനുഷ്യന്‍ മാറുന്ന സ്ഥിതിയുണ്ടായി. ഈ പദ്ധതികളില്‍ മിക്കതും പഴയ പദ്ധതികളുടെ പേര് മാറ്റി വന്നതാണ്. ചിലത് സ്വാഭാവികമായും പുതിയതുമാണ്. പഴയതാകട്ടെ, പുതിയതാകട്ടെ - എല്ലാം കേന്ദ്രീകരിച്ചത് പ്രധാനമന്ത്രിയിലേക്ക് പോലുമല്ല; നരേന്ദ്ര മോദി എന്ന ഒറ്റ വ്യക്തിയിലേക്കാണ്.
ഇന്ത്യന്‍ ജനാധിപത്യം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഈയൊരു അനുഭവത്തെ ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അവധാനതയോടെ സമീപിച്ചപ്പോള്‍, പ്രബുദ്ധമെന്ന് നാഴികക്ക് നാല്‍പ്പതു വട്ടം മേനി പറയുന്ന കേരളത്തിലെ എല്ലാ ബൂത്തുകളിലും നരേന്ദ്ര മോദിക്കായി മാത്രം ചെറുതല്ലാത്ത വോട്ടുകളുണ്ടായി എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന, സംഘടിതമായി നിര്‍മിച്ചെടുത്ത മോദി എന്ന കള്‍ട്ടിനെ തുറന്നു കാട്ടാന്‍ കേരളത്തിലെ ഇടതുപക്ഷത്തിനോ യു.ഡി.എഫിനോ വേണ്ടത്ര കഴിയാതെപോയി.
യു.ഡി.എഫ് ഭരണകാലത്ത് 18 മാസത്തെ കുടിശ്ശികയായിരുന്നു സാമൂഹ്യക്ഷേമ പെന്‍ഷന്‍കാര്‍ക്ക് കേരളത്തിലാകെ നല്‍കാനുണ്ടായിരുന്നത്. ആ കുടിശ്ശിക തീര്‍ത്ത്, പ്രതിമാസം 600 രൂപ എന്നത് 1600 രൂപയാക്കി ഉയര്‍ത്തി മൂന്നുമാസം കൂടുമ്പോള്‍ 60 ലക്ഷം പേര്‍ക്കാണ് ഇടതുപക്ഷ സര്‍ക്കാര്‍ പെന്‍ഷനുകള്‍ വീട്ടിലെത്തിച്ചുകൊണ്ടിരുന്നത്. അങ്ങനെ പണം ലഭിച്ച ആരും അത് 'പിണറായിയുടെ 1600' എന്ന് പറഞ്ഞില്ല. (അങ്ങിനെ പറയണമെന്നല്ല; പറഞ്ഞില്ല എന്നാണ് സൂചിപ്പിച്ചത്.) എന്നാല്‍, മറുപുറത്ത് നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചു കൊണ്ട്, എല്ലാ തരത്തിലുമുള്ള മാധ്യമങ്ങളിലൂടെയും ബി.ജെ.പി നടത്തിയ പ്രചാരണമാമാങ്കം മറികടക്കാന്‍ സാധിച്ചില്ല എന്നിടത്ത് ഇടതുപക്ഷത്തിന്റെ സുസജ്ജമായ സംവിധാനങ്ങള്‍ക്കാകെ വീഴ്ച്ച പറ്റി. മാധ്യമങ്ങളെ - അവ പഴയതോ പുതിയതോ ആകട്ടെ- കൈകാര്യം ചെയ്യുന്നതില്‍ ഇടതുപക്ഷത്തിന്റെ, വിശേഷിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന് കാലാനുസൃത മാറ്റമുണ്ടായില്ല. അതിന്റെ സ്വാഭാവികമായ ജൈവഘടന കൊണ്ടാണോ എന്നറിയില്ല, സാധാരണ പ്രവര്‍ത്തകര്‍ തൊട്ട് നേതൃത്വത്തിലെ ബഹുപൂരിപക്ഷം പേര്‍ക്ക് വരെ ഇക്കാലത്ത് അവശ്യം ഉണ്ടായിരിക്കേണ്ട മാധ്യമസാക്ഷരത വികസിപ്പിച്ചെടുക്കാനായില്ല. ഇതുകൊണ്ടെല്ലാം കൂടിയായിരിക്കാം വികസനത്തിന്റെ ആള്‍രൂപമായി എല്ലായിടത്തും മോദി മാത്രമായി ഉയര്‍ത്തിക്കാട്ടപ്പെട്ടത് തുറന്നുകാട്ടപ്പെട്ടില്ല. (തന്നെയല്ല, ഇതിനെല്ലാം മുന്നിലും പിന്നിലുമായി വാരിവിതറിയ ജാതി - മത- വര്‍ഗ്ഗീയ മേമ്പൊടികളില്‍ ഒരു വിഭാഗം ജനങ്ങള്‍ തല്‍പ്പരരുമായിരുന്നു.) അങ്ങനെ സംഭവിക്കാതിരുന്നത് പ്രവര്‍ത്തകരുടെ വ്യക്തിപരമായ വീഴ്ച്ചയായി മാത്രം കാണുന്നതിലും അര്‍ത്ഥമൊന്നുമില്ല. പുതിയ കാലത്ത് ഇടതുപക്ഷം സ്വീകരിക്കേണ്ട സംഘടനാ രീതിയെക്കുറിച്ചും അതിന്റെ സ്വഭാവത്തെക്കുറിച്ചും ആഴത്തിലുള്ള വിചിന്തനങ്ങളാണ് അതാവശ്യപ്പെടുന്നത്. അതായത് ആവിയന്ത്രത്തിന്റെ കാലത്തെ മനുഷ്യനും, വാട്‌സ് ആപ്പിന്റെ കാലത്തെ മനുഷ്യനും ഒന്നല്ല എന്ന് നാം തിരിച്ചറിയണമെന്നര്‍ത്ഥം.
ആഗോളവത്ക്കരണം വ്യക്തിയെ അണുവല്‍ക്കരിക്കപ്പെട്ട വ്യക്തിയായി വീണ്ടും ചുരുക്കിയിട്ടുണ്ട്. അങ്ങനെ മാറ്റപ്പെട്ട മനുഷ്യരുടെ ആശയമാകട്ടെ, വ്യക്തികളുടെ എതിരില്ലാത്ത സ്വാതന്ത്ര്യം എന്നതുമാണ്. ഇടതുപക്ഷം സാധാരണയായി കൈകാര്യം ചെയ്യുന്നത് ഒരു പ്രദേശത്തിന്റെയോ സമൂഹത്തിന്റേയോ പൊതുവായ കാര്യങ്ങളാണ്. അത് ഒരു ആശയമോ ഭൗതികമായ ഒരു കൂട്ടം ആവശ്യങ്ങളോ ആകാം. പക്ഷേ അതിനിടക്ക്, നേരത്തെ സൂചിപ്പിച്ച, അണുവല്‍ക്കരിക്കപ്പെടുകയും വ്യക്തിയുടെ എതിരില്ലാത്ത സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന 'ഒറ്റപ്പെട്ട' മനുഷ്യരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ പലപ്പോഴും അതിനാവുന്നില്ല.
സ്വാഭാവികമായും ഒരു ആശയം എന്ന നിലക്ക് അവരില്‍ പലരും അപ്പോള്‍ അഭയം തേടുന്നത് ഹിന്ദുത്വം മുന്നോട്ട് വെക്കുന്ന സാംസ്‌കാരിക ധാരയിലായിരിക്കും. അതിന് ബലമേകാന്‍ മേല്‍ പറഞ്ഞ കപടവും അകം പൊള്ളയുമായ വികസനത്തിന്റെ മേമ്പൊടികള്‍ കൂടി വന്നാലോ.? കാര്യങ്ങള്‍ കുറേക്കൂടി പ്രയാസകരമാവുകയാണ് ചെയ്യുക. ആ പ്രയാസമാണ് ഇടതുപക്ഷം കേരളത്തില്‍ ഇപ്പോള്‍ നേരിടുന്ന സവിശേഷമായ പ്രതിസന്ധികളില്‍ ഒന്ന്.
തെരഞ്ഞെടുപ്പ് പോലുള്ള ഒരു പൊതുകാര്യത്തോട് ഇന്ത്യയിലെ ജനങ്ങള്‍ പ്രതികരിക്കുന്നത് മതപരമായും സാമുദായികപരമായും ആണ് എന്ന വസ്തുത കാണാതിരിയ്ക്കരുത്.
മേല്‍പറഞ്ഞ രണ്ട് രീതിയിലാണ് പ്രധാനമായും കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് വോട്ട് ലഭ്യമായത് എന്ന് സൂക്ഷ്മമായ ഒരു പരിശോധനയില്‍ ആര്‍ക്കും കാണാനാവും. ഇതില്‍ ആദ്യത്തേത് പൂര്‍ണ്ണമായും രാഷ്ട്രീയ കാരണമാണ്. കൂടുതല്‍ ഗൗരവപ്പെട്ടതും അതാണ്. അതിന്റെ പരിഹാരം ഇടതുപക്ഷത്തിന്റെ കൂടുതല്‍ സുഘടിതമായ സംഘടനാ സംവിധാനം കൊണ്ടുമാത്രം കാണാനാകുമെന്ന് കരുതരുത്. മറിച്ച്, കുറ്റമറ്റ രീതിയില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആശയങ്ങള്‍ സ്വയം പരിശീലിക്കാനും ജനങ്ങളെ ആ രീതിയില്‍ നയിക്കാനും കഴിയുന്ന വിധം സ്വന്തം സംവിധാനങ്ങളെ പുന:ക്രമീകരിക്കുകയുമാണ് ഇടതുപക്ഷം ഇപ്പോള്‍ ചെയ്യേണ്ടത്. അതിന്റെ തുടക്കമാകട്ടെ, കേരളത്തില്‍ ഇതിനകം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞ ജാതിഹിന്ദുവിനെ നേര്‍ക്കുനേര്‍ അഭിസംബോധന ചെയ്തുകൊണ്ടായിരിക്കുകയും വേണം. കഴിഞ്ഞ ദിവസം വന്ന ഒരു സര്‍വ്വേ ഫലം പറയുന്നത്, കേരളത്തിലെ നായര്‍ സമുദായത്തില്‍ നിന്ന് 45% , ഈഴവ സമുദായത്തില്‍ നിന്ന് 33% പേർ വീതം ബി.ജെ.പിക്ക് വോട്ട് നല്‍കി എന്നതാണ്. പ്രത്യേക പരിശോധന ആവശ്യമുള്ള ഒരു കണക്കാണിത്.
കാരണം, നാട്ടിലിപ്പോഴും ജാതിയുണ്ടോ എന്നൊക്കെ ചോദിക്കുന്ന ചിലര്‍ ഇപ്പോഴും നമുക്കിടയിലുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് പോലുള്ള ഒരു പൊതുകാര്യത്തോട് ഇന്ത്യയിലെ ജനങ്ങള്‍ പ്രതികരിക്കുന്നത് മതപരമായും സാമുദായികപരമായും ആണ് എന്ന വസ്തുത കാണാതിരിയ്ക്കരുത്. അതില്‍ത്തന്നെ ഹിന്ദുമതത്തിലെ വ്യത്യസ്ത ജാതിയില്‍ പെട്ടവര്‍ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കുന്നതിന് വെവ്വേറെ കാരണങ്ങളുണ്ട് എന്നും കാണണം. ആ കാരണങ്ങള്‍ ഈ ലേഖനത്തിന്റെ താല്‍പ്പര്യമല്ലാത്തതിനാല്‍ അതിവിടെ പരാമര്‍ശിക്കുന്നില്ല.
ഈയൊരു പശ്ചാത്തലത്തില്‍, സംഘടിതവും ലക്ഷ്യവേധിയുമായ ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാത്രമേ ഹിന്ദുത്വ സാംസ്‌കാരികതക്ക് എതിരായ ഒരു സാമൂഹ്യബോധത്തിലേക്ക് കേരളീയ സമൂഹത്തെ എത്തിക്കാനാവുകയുള്ളൂ. വേണ്ടത് അതാണ് എന്നിരിക്കെ, അക്കാര്യം മാത്രം ചെയ്യാതെ മറ്റ് പലതും ചെയ്തത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പ്രശ്‌നങ്ങളെ നീട്ടിവെക്കാന്‍ മാത്രമേ അതുപകരിക്കുകയുള്ളൂ.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പെരുകുന്നതുള്‍പ്പെടെയുള്ള കേരളത്തിന്റെ ഇപ്പോഴത്തെ പിറകോട്ടുനടത്തത്തിന്റെ മുഖ്യ കാരണം ജാതിഹിന്ദുവിന്റെ ആവിര്‍ഭാവമാണ്. ജാതി, ജാതീയതയായി പരിണമിച്ചു എന്നതാണ് കേരളത്തില്‍ സംഭവിച്ച വലിയ ദൗര്‍ഭാഗ്യങ്ങളിലൊന്ന്. ജാതി എന്നത് ഒരവസ്ഥയാണ് എങ്കില്‍, അടരുകളായി കിടക്കുന്ന ഒരു സംവിധാനത്തിലെ സ്വന്തം ഇടം കണ്ടെത്തലാണ് ജാതീയത. അത് സ്വാഭാവികമായ അസമത്വമാണ്. ആചാരാനുഷ്ഠാനങ്ങളിലൂടെയുള്ള സമ്മത നിര്‍മ്മിതിയാണ് ജാതീയതയെ, അതൊരു കുറച്ചിലാണ് എന്നുപോലും തോന്നിപ്പിക്കാതെ സംരക്ഷിച്ചു നിര്‍ത്തുന്നത്. ഏറെക്കുറെ ഉറച്ചു കഴിഞ്ഞ ഈ സാമൂഹ്യ മനോഭാവത്തെ തകിടം മറിക്കാന്‍ പരിശ്രമിക്കുന്നതിനുപകരം, കഴിഞ്ഞ തവണ ഇടതുപക്ഷത്തെ തോല്‍പ്പിച്ചത് ശബരിമലയാണെന്നും, അതില്ലാത്തതിനാല്‍ ഇത്തവണ നേതാക്കളുടെ ധാര്‍ഷ്ട്യമാണെന്നും മറ്റുമുള്ള നിരീക്ഷണങ്ങള്‍ ഉറപ്പിച്ചെടുക്കുന്നത് അങ്ങേയറ്റം ആത്മഹത്യാപരമായിരിക്കും.
ഇരുപതാം നൂറ്റാണ്ടിലെ നവോത്ഥാനത്തില്‍ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നവോത്ഥാനം ഏതു തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ഈ സമയത്ത് ആലോചിക്കേണ്ടതാണ്.
എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ നേതൃത്വം അത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല എന്നത്, വലതുപക്ഷം ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കുന്ന ഉപയോഗിതാവാദത്തില്‍ നിന്ന് ഇപ്പോഴും അത് അകലം പാലിക്കുന്നുണ്ട് എന്നതിന്റെ കൂടി തെളിവാണ്. മാധ്യമങ്ങളെല്ലാം സംഘടിതമായി ചേര്‍ന്നുണ്ടാക്കിയ ഒരു വിഭ്രാന്തിയില്‍ താഴെയുള്ള പ്രവര്‍ത്തകരും അനുഭാവികളും കുറേയൊക്കെ അങ്ങനെ കരുതുന്നുണ്ടാകാമെങ്കിലും. കേരളം എത്തിപ്പെട്ട സവിശേഷമായ ഒരു സാമൂഹ്യാവസ്ഥയില്‍, വിശ്വാസികളുടെ വികാരങ്ങള്‍ വ്രണപ്പെടാന്‍ ശബരിമല തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല. പ്രായാധിക്യമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ പൂരത്തിന് എഴുന്നള്ളിക്കരുത് എന്ന് പറഞ്ഞാലും, ബുര്‍ഖ കൊണ്ട് ആകെ മൂടിയ ഒരു ടീച്ചറുടെ ക്ലാസ്സില്‍ ഇരിക്കുക ബുദ്ധിമുട്ടാണ് എന്ന് ഒരു കുട്ടി പറഞ്ഞാലും, സ്ത്രീപീഡകനായ ഒരു വൈദികനെ കാര്‍ട്ടൂണിലാക്കിയാലും, സ്വവര്‍ഗാനുരാഗിയായ ഒരു സിനിമാ കഥാപാത്രത്തിന്റെ പേരിലായാലും ഇവിടെ വികാരങ്ങള്‍ വ്രണപ്പെടാനിടയുണ്ട്. മതത്തെ മൂല്യമായി കാണാതെ, ആചാരങ്ങളായി മാത്രം കാണുകയും അത് ശീലിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിസമൂഹം വളരെ വേഗത്തില്‍ രൂപപ്പെട്ടതാണ് അതിന്റെ കാരണം. നിസ്സാരമായ കാരണങ്ങള്‍ കൊണ്ട് പോലും വ്രണപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന വികാരങ്ങള്‍ വിശ്വാസി സമൂഹത്തിന്മാത്രമായി നാം കല്‍പ്പിച്ചു നല്‍കിയിട്ടുമുണ്ട്. അത്തരം ആനുകൂല്യങ്ങളില്‍ നിന്ന് തങ്ങളെത്തന്നെ രക്ഷിച്ചെടുക്കാന്‍ കഴിയും വിധത്തില്‍, ശാസ്ത്രാവബോധത്തിന്റേയും യുക്തിചിന്തയുടെയും വെളിച്ചത്തില്‍ ജീവിക്കാന്‍ അവരെ പരിശീലിപ്പിക്കുകയാണ് വേണ്ടത്. അത്തരം പരിശീലനങ്ങള്‍ കുറഞ്ഞു വരുന്ന ഒരു സമൂഹത്തില്‍ സ്വമേധയാ അതിജീവിക്കാന്‍ പറ്റിയതല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനിതഘടന എന്ന് തിരിച്ചറിയണം.
കവിയും സി.പി.ഐ (എം) നേതാവുമായ ഹരിശങ്കര്‍ മുന്നൂര്‍ക്കോടിന്റെ അത്യുജ്ജ്വലമായ ഒരു നിരീക്ഷണത്തെ മുന്‍നിര്‍ത്തി പറഞ്ഞാല്‍, തികച്ചും ഭൗതികവാദപരമായ സമത്വം എന്ന ആശയത്തെ, ആത്മീയതയുടേതായ ഒരു മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ വൈരുദ്ധ്യങ്ങള്‍ കേരളത്തിലെ ഇടതുപക്ഷത്തെ ഇപ്പോഴും വിടാതെ പിന്തുടരുന്നുണ്ടാവുമോ? അങ്ങനേയും ആലോചിക്കാവുന്നതാണ്. മതപരമായ ആത്മീയതയുടെ മണ്ഡലത്തില്‍, സമത്വത്തെ, നേടിയെടുക്കേണ്ടുന്ന ഒരു മൂല്യമായി ജാതി - മത ധാര്‍മികതകളില്‍ ആണ്ടു മുങ്ങുന്ന ഒരു ജനത ഒരിക്കലും കാണുന്നുണ്ടാവില്ല. ഭരണഘടനാ ധാര്‍മ്മികത (constitutional morality) പരിശീലിച്ചെടുക്കാന്‍ കഴിയും വിധമുള്ള ഏതുതരം പ്രവര്‍ത്തനങ്ങള്‍ക്കാണ്, അതിന് പ്രതിജ്ഞാബദ്ധതയുള്ള നാം നേതൃത്വം നല്‍കിയിട്ടുള്ളത് എന്ന വസ്തുത കൂടി ചേര്‍ത്തുവെച്ചാണ് നിശ്ചയമായും ഈ ഭാഗം മതേതര ജനാധിപത്യവാദികളെങ്കിലും വായിക്കേണ്ടത്. ഈ കാര്യങ്ങളെല്ലാം ഇടതുപക്ഷത്തിന്റെ മാത്രം ചുമതലയാണ് എന്നല്ല. തെരഞ്ഞെടുപ്പ് വിജയങ്ങളിലും അവരവരുടെ സ്ഥാനമാനങ്ങളിലും മാത്രം നോട്ടമുറപ്പിക്കുന്ന യു.ഡി.എഫ് നേതൃത്വവും, വലതുപക്ഷ വിഭവങ്ങള്‍ വിളമ്പാന്‍ മാത്രം നിയോഗിക്കപ്പെട്ട മാദ്ധ്യമലോകവും ഈ ചുമതല ഇപ്പോള്‍ ഏറ്റെടുക്കുമെന്ന് കരുതുക വയ്യ. അവര്‍ ചെയ്യാത്ത കാര്യങ്ങള്‍ തങ്ങളെന്തിന് ചെയ്യണം എന്ന ഒഴികിഴിവ് ഇടതുപക്ഷത്തിനൊട്ട് യോജിച്ചതുമല്ല.
ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ച സർവേ പ്രകാരം, 70% മലയാളികളും നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി ആകരുത് എന്ന് തീരുമാനിച്ചവരാണ്.
ഇരുപതാം നൂറ്റാണ്ടിലെ നവോത്ഥാനത്തില്‍ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നവോത്ഥാനം ഏതു തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ഈ സമയത്ത് ആലോചിക്കേണ്ടതാണ്. എഴുത്തുകാരനും ശാസ്ത്രപ്രചാരകനുമായ ജോജി കൂട്ടുമ്മേല്‍ നിരീക്ഷിച്ചത് പോലെ, മതനിയമങ്ങള്‍ സമൂഹത്തിന്റെ പൊതുനിയമങ്ങളായിരുന്ന കാലത്ത് മതത്തിലെ അനാചാരങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവായ സ്വീകാര്യത കിട്ടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇന്ന് മതനിയമങ്ങള്‍ പൊതുനിയമങ്ങളല്ല. മതനിരപേക്ഷ സമൂഹം ഔപചാരികമായിട്ടാണെങ്കിലും നിലവില്‍ വന്നു കഴിഞ്ഞു. മതേതര നിയമങ്ങളാണ് സമൂഹത്തിന്റെ പൊതുനിയമങ്ങള്‍. അത്തരമൊരു സാഹചര്യത്തില്‍ മതങ്ങള്‍ക്കകത്തെ കുറവുകള്‍ ആരെങ്കിലും ചൂണ്ടിക്കാട്ടുകയാണെങ്കില്‍, 'ഞങ്ങളുടെ മതകാര്യങ്ങളില്‍ നിങ്ങളെന്തിനാണ് ഇടപെടുന്നത്’ എന്ന ചോദ്യമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഞങ്ങള്‍ ഈ കാര്യങ്ങള്‍ ഇഷ്ടപ്പെട്ട് സ്വയം ചെയ്യുന്നതാണെന്നും മറ്റൊരാളുടെ പ്രേരണ അതിലില്ല എന്നും വാദിക്കപ്പെടും. ഭൗതികവാദ മണ്ഡലത്തില്‍ നിന്ന് രൂപം കൊണ്ട എല്ലാ ആധുനിക ആശയങ്ങളേയും ഈ വിധത്തില്‍ പ്രതിരോധിക്കാന്‍ വര്‍ഗീയവാദത്തിന് ഇപ്പോള്‍ സാധിക്കുന്നുണ്ട്. തന്നെയല്ല, ഈ ആശയങ്ങളെല്ലാം നിങ്ങള്‍ എത്രമാത്രം നടപ്പാക്കിയിട്ടുണ്ട് എന്ന ഒരു മറു ചോദ്യം അനുബന്ധമായി ഉന്നയിക്കപ്പെടുകയും ചെയ്യാം.
അറുപത് കൊല്ലത്തിനിടയില്‍ കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി എന്തുകൊണ്ടുണ്ടായില്ല?, നിങ്ങളുടെ പാര്‍ട്ടി കമ്മിറ്റികളിലെ അവസ്ഥയെന്താണ് തുടങ്ങി, ഇടതുപക്ഷ കുടുംബങ്ങളിലെ പൊതു അന്തരീക്ഷം വരെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായേക്കാം. അതില്‍ ക്ഷോഭിക്കുകയോ ഒഴികഴിവുകള്‍ പറയുകയോ അല്ല; ആ വിമര്‍ശനങ്ങളേയും ചോദ്യങ്ങളേയും അവധാനതയോടെ നേരിടുകയാണ് ഇപ്പോള്‍ ഇടതുപക്ഷം ചെയ്യേണ്ടത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി ഉണ്ടായിട്ടുള്ള ജ്ഞാനോദയ മൂല്യങ്ങളുടെ തിരസ്‌കരണത്തെ സ്വന്തം ചെലവില്‍ കേരളത്തിന്റെ പൊതുബോധത്തിലേക്ക് നാം ഉയര്‍ത്തിക്കൊണ്ടുവരണം. ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമാകും വിധം സ്വന്തം ജീവിതത്തെ അതിനായി ഉപയോഗപ്പെടുത്തുക എന്ന ഭാരിച്ച ചുമതലകളാണ്, നേതാവെന്നോ അനുഭാവിയെന്നോ വ്യത്യാസമില്ലാതെ ഇടതുപക്ഷ പ്രവര്‍ത്തകരില്‍ നിന്ന് കാലം ആവശ്യപ്പെടുന്നത്. വ്യക്തിപരമായ നന്മതിന്മകളുടെ കാര്യമല്ല ഇതൊന്നും എന്ന് തിരിച്ചറിയുമ്പോഴും, കാലം മുന്നോട്ടു വെക്കുന്ന ടണ്‍കണക്കിന് ഭാരമുള്ള ഉത്തരം നൂറായിരം ആവശ്യങ്ങളോടുള്ള പ്രതികരണങ്ങളായിരിക്കും ഇടതുപക്ഷത്തിന്റെ (സ്വാഭാവികമായും കേരളത്തിന്റെയും) ഭാവിയെ നിര്‍ണ്ണയിക്കുക എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.
രണ്ട്
കേരളത്തില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ വോട്ട് ചെയ്തതിന്റെ പാറ്റേണുകള്‍ വ്യത്യസ്തമാണ് എന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്. നിയമസഭയിലേക്കോ, പ്രാദേശിക സര്‍ക്കാരിലേക്കോ നടക്കുന്ന തെരഞ്ഞെടുപ്പിലെ പാറ്റേണല്ല പാര്‍ലമെന്റിലേക്ക് പ്രതിഫലിക്കുന്നത് എന്നതൊരു വസ്തുതയാണ്. കഴിഞ്ഞ ദിവസം (9.6.24 ) ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ച CSDS -LOKNITപോസ്റ്റ് പോള്‍ സര്‍വ്വെ മലയാളികളുടെ വോട്ടിങ്ങ് പാറ്റേണിന്റെ സ്വഭാവം വെളിപ്പെടുത്തുന്നതാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 70% പേരും നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി ആകരുത് എന്ന് തീരുമാനിച്ചവരാണ്. (എന്നിട്ടും ഓരോ ബൂത്തിലും എൻ.ഡി.എ സ്ഥാനാര്‍ത്ഥി ആരായിരുന്നാലും മോദിക്ക് കുറച്ച് വോട്ടുണ്ടായിരുന്നു എന്നും ഓര്‍ക്കണം.) രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് 35% പേരും, മോദി പ്രധാനമന്ത്രിയാകണമെന്ന് 23% പേരും കരുതി (എൻ.ഡി.എക്ക് കിട്ടിയ വോട്ടിനേക്കാള്‍ 3.5% കൂടുതലാണിത്! അതായിരിക്കാം ഓരോ ബൂത്തില്‍ നിന്നും മോദിക്കുമാത്രമായി കിട്ടിയ വോട്ട്.)
വലിയൊരളവില്‍ ബി.ജെ.പി വിരുദ്ധമായ ഈയൊരു രാഷ്ട്രീയബോദ്ധ്യം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയതിന്റെ ക്രെഡിറ്റത്രയും ഇടതുപക്ഷത്തിനാണ്. ബി.ജെ.പിയുടേയും, അതിന്റെ സഖ്യസര്‍ക്കാരിന്റെയും കേരള വിരുദ്ധമായ നിലപാടുകളെ വരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് യു.ഡി.എഫ് പ്രളയകാലത്തു പോലും ചെയ്തത്. എന്നിട്ടും, ഇടതുപക്ഷം വിതച്ചത് യു.ഡി.എഫ് കൊയ്തത് എന്തുകൊണ്ടായിരിക്കും? ലളിതമാണ് ഉത്തരം - ഇന്ത്യ ആര് ഭരിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരമെന്ന മട്ടില്‍, LDF vs UDF എന്നല്ല; മറിച്ച് , UDF vs NDA എന്നാണ് ജനങ്ങള്‍ സ്വീകരിച്ച മാനദണ്ഡം. അതു പ്രകാരം, യു.ഡി.എഫിന്റെ വിജയം തികച്ചും സ്വാഭാവികമാണ്.
വിവിധ സമുദായങ്ങളുടെ കോണ്‍ഫഡറേഷനൊന്നുമല്ല കേരളീയ സമൂഹം. എങ്കിലും, ജാതിയേയും മതത്തേയും കാലാകാലങ്ങളില്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുപോന്നതിന്റെ കൂടി കാരണത്താല്‍ അത്തരമൊരു ധാരണയാണ് പൊതുവിലുള്ളത്.
അനുബന്ധമായി, നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍, ഒരു സമുദായമെന്ന നിലയ്ക്ക് കേരളത്തിലെ മുസ്‍ലിംകൾ ആരെ പിന്തുണച്ചുകാണും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരുടെ മുന്നിലുള്ള അടിയന്തര പ്രശ്‌നം, തങ്ങള്‍ക്ക് കിട്ടിയതില്‍ ആരാണ് മികച്ചത് എന്ന് തെരഞ്ഞെടുക്കലായിരുന്നില്ല. മറിച്ച്, ഒരു സമുദായം എന്ന നിലയ്ക്ക് ഇന്ത്യന്‍ മുസ്‍ലിമിന്റെ അസ്തിത്വത്തെ നിലനിര്‍ത്താന്‍ പറ്റിയ ഏറ്റവും എളുപ്പവഴിയില്‍ ഒരു 'കൈ' സഹായം ചെയ്യുക എന്നതായിരുന്നു. ഒരര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ സാദ്ധ്യതയും സൗന്ദര്യവുമാണത്. എന്റെ പാര്‍ട്ടിയോ മുന്നണിയോ ജയിച്ചോ അഥവാ തോറ്റോ എന്നത് തെരഞ്ഞെടുപ്പിനുശേഷമുള്ള എന്റെ ഒന്നാമത്തെ പരിഗണനാ വിഷയമായിരിക്കാം. കക്ഷിരാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ള അത്തരം അനേകരുടേയും. മാദ്ധ്യമങ്ങളില്‍ വന്ന് വിശകലനങ്ങള്‍ നടത്തുന്നതും തര്‍ക്കിക്കുന്നതും ജയിക്കുന്നതും തോല്‍ക്കുന്നതും അവരാണ്. അതിന്റെ പേരില്‍ സന്തോഷിക്കുന്നതും നിരാശപ്പെടുന്നതും അവരാണ്. എന്നാല്‍, സ്വന്തം നിലനില്‍പ്പിനായി തങ്ങളുടെ കൈയ്യിലുള്ള വോട്ട് ഒരേയൊരായുധത്തെ ഉപയോഗപ്പെടുത്തിയ സാധാരണ മനുഷ്യരുടെ ഭാഗത്തു നിന്ന് ഈ തെരഞ്ഞെടുപ്പുഫലത്തെ ഒന്ന് കണ്ടുനോക്കൂ - ഏതെങ്കിലും കക്ഷികള്‍ / സ്ഥാനാര്‍ത്ഥികള്‍ തോറ്റതോ ജയിച്ചതോ അവരെ സംബന്ധിച്ച് ഒരു ഉപോത്പന്നം മാത്രമായിരിക്കും. അതൊന്നു പറയാന്‍ ടി.വി. ചാനലുകളിലെ തര്‍ക്കമുറിയിലേക്ക് നാമവരെ കൊണ്ടുവരുന്നേ ഇല്ലല്ലോ.
സാധാരണക്കാരായ വ്യക്തികള്‍, ഒരു സമുദായം എന്ന നിലയ്ക്ക് തങ്ങളുടെ അസ്തിത്വവും, താല്‍പ്പര്യങ്ങളും സംരക്ഷിക്കാനുള്ള ഉപാധിയായി വോട്ടിനെ എങ്ങനെ ഉപയോഗപ്പെടുത്തും എന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഒരു സാദ്ധ്യതയാണ്. യഥാര്‍ത്ഥത്തില്‍, വിവിധ സമുദായങ്ങളുടെ കോണ്‍ഫഡറേഷനൊന്നുമല്ല കേരളീയ സമൂഹം. എങ്കിലും, ജാതിയേയും മതത്തേയും കാലാകാലങ്ങളില്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുപോന്നതിന്റെ കൂടി കാരണത്താല്‍ അത്തരമൊരു ധാരണയാണ് പൊതുവിലുള്ളത്. പാര്‍ട്ടി അടിസ്ഥാനത്തിലുള്ള ഭൂരിപക്ഷം മാത്രമല്ല; മതം, ജാതി, പ്രദേശം തുടങ്ങി തങ്ങള്‍ക്കാഗ്രഹമുളള എന്തിന്റെ അടിസ്ഥാനത്തിലും വോട്ടിനെ ഉപയോഗിക്കാമെന്ന സ്ഥിതി വന്നു.
നേരത്തെ നാം ഹിന്ദുക്കള്‍ക്കിടയിലെ പ്രബലമായ രണ്ട് ജാതികള്‍ വോട്ട് രേഖപ്പെടുത്തിയതിന്റെ രീതികള്‍ കാണുകയുണ്ടായി. സ്വാഭാവികമായും പ്രമുഖ മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും മുസ്‍ലിംകളും ഇത്തവണ എങ്ങനെ വോട്ട് ചെയ്തു എന്നും പരിശോധിക്കേണ്ടതാണ്. മുസ്‍ലിംകൾ ഏറെക്കുറേ യു.ഡി.എഫിനെ പിന്തുണച്ചിരിക്കാനാണ് സാദ്ധ്യത. അതിന്റെ കാരണവും നാം കണ്ടു. എന്നാല്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായമോ? അവര്‍ മുന്‍പില്ലാത്ത വിധത്തില്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്തിരിക്കാനിടയുണ്ട് എന്ന തോന്നലിന് ഇപ്പോള്‍ കൂടുതല്‍ സാംഗത്യമുണ്ട്. ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ വേരോടിക്കൊണ്ടിരിക്കുന്ന മുസ്‍ലിം വിരുദ്ധതയ്ക്ക് കാരണമായ കാര്യങ്ങളും, അതുവഴി അതില്‍ ചിലര്‍ക്ക് ബി.ജെ.പിയോട് തോന്നിത്തുടങ്ങിയ സ്‌നേഹവും അവധാനതയോടെ പരിശോധിക്കപ്പെടണം.
ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടുന്ന മൂന്ന് കാര്യങ്ങളെങ്കിലുമുണ്ട് എന്നാണെന്റെ പക്ഷം.
ഒന്നാമതായി, ജോസഫ് മാസ്റ്ററുടെ കൈ വെട്ടിയ സംഭവമാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ ആ കേസ്, മുസ്‍ലിം തീവ്രവാദത്തിന്റെ ഒന്നാന്തരം ഉദാഹരണമായിരുന്നു. ഏതാണ്ടെല്ലാ മുസ്‍ലിം സംഘടനകളും മതനിരപേക്ഷ പ്രസ്ഥാനങ്ങളും ആ സംഭവത്തെ അപലപിക്കുകയും എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ത്തന്നെയും ക്രിസ്ത്യന്‍ സമുദായ അംഗങ്ങള്‍ക്കിടയിലുണ്ടായ മുറിവുണങ്ങാന്‍ അവ പര്യാപ്തമായില്ല.
രണ്ടാമത്തേത്, തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം പ്രസിഡണ്ട് എര്‍ദഗോന്‍ മുസ്‍ലിം പള്ളിയായി രൂപമാറ്റം വരുത്തിയ സംഭവമാണ്. ഇടതുപക്ഷം അതിനെ അപലപിച്ചെങ്കിലും മുസ്‍ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ എര്‍ദഗോന്റെ നടപടിയെ പിന്തുണയ്ക്കുകയാണ് ചെയ്തത്.
മൂന്നാമത്തേത് പശ്ചിമേഷ്യന്‍ പ്രശ്‌നമാണ്. ചരിത്രപരവും മതപരവുമായ കാരണങ്ങളാല്‍ കേരളത്തിലെ ക്രിസ്ത്യാനികളില്‍ വലിയൊരു വിഭാഗം ഇസ്രായേല്‍ അനുകൂലികളാണ്. ഈ വിഷയങ്ങളെല്ലാം മുസ്‍ലിം വിരുദ്ധപക്ഷത്ത് നില്‍ക്കാനും അതുവഴി ബി.ജെ.പിയിലേക്ക് ചായാനും ഒരു വിഭാഗം ക്രിസ്ത്യാനികളെ പ്രേരിപ്പിച്ചിട്ടുണ്ട്.
ഇടതുപക്ഷം മുസ്‍ലിം പ്രീണനം നടത്തുന്നുണ്ടോ ഇല്ലയോ എന്നതല്ല വിഷയം. മറിച്ച്, ഹിന്ദു - ക്രിസ്ത്യന്‍ വിഭാഗത്തിലെ ചിലര്‍ അങ്ങനെ കരുതുന്നു എന്നതാണ്.
33% ഈഴവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തുകാണും എന്ന എക്‌സിറ്റ് പോള്‍ കണക്കും ഗൗരവത്തില്‍ കാണേണ്ടതാണ്. മുസ്‍ലിം പ്രീണനമാണ് ഇടതുപക്ഷം നടത്തുന്നത് എന്ന് ഒരു വിഭാഗം ഈഴവര്‍ കരുതുന്നതുകൊണ്ടാണ് അവര്‍ സംഘപരിവാര്‍ അനുകൂല നിലപാടെടുക്കുന്നത് എന്നാണ് എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപം. ഹിന്ദുമതത്തില്‍പ്പെട്ട വേറെയും ആളുകള്‍ക്ക് ഈ പരാതിയുണ്ട്. സംഘപരിവാര്‍ നേരിട്ടും, സ്വതന്ത്ര ചിന്തകരുടേയും മറ്റും പേരില്‍ ഒളിഞ്ഞു നിന്നും ഈ ആക്ഷേപം നിരന്തരമായി പ്രചരിപ്പിക്കുന്നുണ്ട്. അതിനൊന്നും കൃത്യമായ മറുപടിയോ വിശദീകരണമോ നല്‍കാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ല.
ഇടതുപക്ഷം മുസ്‍ലിം പ്രീണനം നടത്തുന്നുണ്ടോ ഇല്ലയോ എന്നതല്ല വിഷയം. മറിച്ച്, ഹിന്ദു - ക്രിസ്ത്യന്‍ വിഭാഗത്തിലെ ചിലര്‍ അങ്ങനെ കരുതുന്നു എന്നതാണ്. സാമൂഹ്യനീതിക്കായി നടത്തുന്ന ചെറിയ പരിശ്രമങ്ങള്‍ പോലും പ്രീണനമായി കണക്കാക്കപ്പെടുന്ന ഒരു കാലത്ത് കൂടുതല്‍ ജാഗ്രത ഈ കാര്യത്തിലും ഉണ്ടാകേണ്ടതാണ്. ഭരണഘടനയുടെ വെളിച്ചം കൂടുതലായി പ്രസരിപ്പിച്ചാലല്ലാതെ സാമൂഹ്യനീതി ലക്ഷ്യം വെച്ചു കൊണ്ട് നടപ്പാക്കുന്ന സംവരണം പോലുള്ള കാര്യങ്ങളെ വിശദീകരിക്കാനാവില്ല. മറുഭാഗത്ത്, കേരളീയ മുസ്‍ലിംകൾക്കിടയില്‍ ഇടക്കാലത്ത് പിറകോട്ടടിക്കപ്പെട്ട നവാത്ഥാനത്തിന്റെ പൂര്‍ത്തീകരണത്തിനായി അതിനകത്തെ ഉല്‍പ്പതിഷ്ണുക്കളായ മനുഷ്യരെ പ്രോത്സാഹിപ്പിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യേണ്ടതുണ്ട് നാം.
മൂന്ന്
മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പ് കാലത്തെ മാത്രം കാര്യങ്ങളല്ല. ദീര്‍ഘകാലം കൊണ്ട് രൂപപ്പെടുന്ന മനോഭാവങ്ങളുടെയും അനുഭാവങ്ങളുടേയും കാര്യമാണ്. തെരഞ്ഞെടുപ്പിന്റേതായ കൃത്യം സമയത്തേക്ക് വന്നാല്‍ അതിന്റെ ഗതിയെ നിര്‍ണ്ണയിച്ച രണ്ടു വിഷയങ്ങള്‍ കേരളത്തിലെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ തങ്ങള്‍ക്കായില്ല എന്ന വസ്തുതയാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഇപ്പോള്‍ തിരിച്ചറിയേണ്ടത്. അതിസങ്കീര്‍ണ്ണമായ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ റോളെന്താണ് എന്നതാണ് ഒന്നാമത്തെ കാര്യം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ എക്കാലവും ഒരു തര്‍ക്കവിഷയമായിരുന്ന, കോണ്‍ഗ്രസുമായുള്ള ബന്ധമാണ് രണ്ടാമത്തേത്. അങ്ങേയറ്റം രാഷ്ട്രീയവൈഭവം കൈവശമുണ്ടെങ്കില്‍പ്പോലും യുക്തിസഹമായി വിശദീകരിക്കാന്‍ എളുപ്പമല്ലാത്ത ഈ രണ്ടു കാര്യങ്ങളും, ഇക്കണ്ട കോലാഹലങ്ങള്‍ക്കെല്ലാം ശേഷവും ജനങ്ങള്‍ക്കുമുമ്പിൽ പൊതിയാ തേങ്ങകളായിത്തന്നെ കിടന്നു. ഫലമോ? ഇടതുപക്ഷം കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു പ്രത്യയശാസ്ത്ര ഭൂമികയില്‍ നിന്ന് യു.ഡി.എഫ് 18 സീറ്റുകളും കൊയ്തുകൊണ്ടു പോയി. അതുകൊണ്ട്, മനസ്സിലാക്കേണ്ട ഒരു കാര്യം ഇതാണ് - കേരളത്തില്‍നിന്ന് ഭാവിയിലും കൂടുതല്‍ സീറ്റുകള്‍ ഇടതുപക്ഷത്തിന് കിട്ടണമെങ്കില്‍ മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളിലും അസന്നിഗ്ദമായ ചില തീര്‍ച്ചകളുണ്ടാകേണ്ടതുണ്ട്. അതായത്, കേരളത്തില്‍നിന്ന് കിട്ടുന്ന സീറ്റുകള്‍, ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് കിട്ടുമെന്ന് കരുതുന്ന സീറ്റുകളുടെ തുടര്‍ച്ചയായിരിക്കും എന്നര്‍ത്ഥം. അതുകൊണ്ട് ബംഗാളില്‍ നിന്നും മറ്റുമുള്ള വാര്‍ത്തകളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് കേരളത്തിലെ ഇടതുപക്ഷത്തിന് നിര്‍ണ്ണായകമായിരിക്കും എന്നര്‍ത്ഥം.
മുകളില്‍ സൂചിപ്പിച്ച സര്‍വ്വേയില്‍ പങ്കെടുത്ത 24% പേര്‍ വോട്ടു ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം മനസ്സിലുണ്ടായിരുന്നു എന്നു പറഞ്ഞവരാണ്. 32% പേര്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം പൊതുവായി പരിഗണിച്ചു എന്നും. എന്നുവെച്ചാല്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്താനുള്ള തെരഞ്ഞെടുപ്പായി ജനങ്ങള്‍ ഇതിനെ കണക്കാക്കിയിട്ടില്ലെങ്കില്‍ പോലും, വോട്ടില്‍ അതും സ്വാധീനങ്ങളുണ്ടാക്കി എന്നര്‍ത്ഥം.
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് ജനങ്ങളെല്ലാം ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. എങ്ങനെ? സാമൂഹ്യ ക്ഷേമ പെന്‍ഷനും ജീവനക്കാരുടെ ഡി.എയും മറ്റും വൈകിയതും, സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിയും, സപ്ലൈകോയിലെ സാധനങ്ങളുടെ കുറവും മറ്റും നേരിട്ട് അനുഭവിച്ചറിഞ്ഞതിലൂടെ. എന്നാല്‍ ഈ പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ അവരില്‍ മിക്കവരും മനസ്സിലാക്കിയില്ല. ഏകപക്ഷീയമായി വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ എല്ലാത്തിനേയും വിവാദമാക്കാനാണ് ശ്രമിച്ചത്. അത്തരം വിവാദങ്ങളുണ്ടാകാന്‍ സാദ്ധ്യതയുള്ള സാഹചര്യങ്ങളില്‍ ചിലതിനെയെങ്കിലും ഒഴിവാക്കാനും, വന്നതിനെ കുറ്റമറ്റ രീതിയില്‍ കൈകാര്യം ചെയ്യാനും ഇടതുപക്ഷത്തിന് സാധിച്ചതുമില്ല.
സമൂഹമാധ്യമങ്ങളിലെ തുടക്കകാലത്ത് ഇടതുപക്ഷത്തിന് - വിശേഷിച്ച് സി.പി.എമ്മിന്- അതില്‍ നല്ല മേധാവിത്തമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതിവേഗം വലതുപക്ഷം വ്യാപിക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്.
നാല്
ഈ ചെറു വിശകലനത്തില്‍ നാം ഇനി പരിശോധിക്കുന്നത് തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമങ്ങള്‍ വഹിച്ച പങ്കാണ്. ശിവം സുന്ദര്‍ സിംഗ് എന്ന ഐ.ടി പ്രൊഫഷണല്‍ എഴുതിയ 'How To Win an Indian Election' എന്നൊരു പുസ്തകം ശ്രദ്ധേയമായ ചില കാര്യങ്ങള്‍ ഈയിടെ നമ്മോട് പറയുകയുണ്ടായി.
2011-ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ 'ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ്' എന്ന പുതിയൊരു തൊഴില്‍ മേഖല തന്നെ രാജ്യത്ത് രൂപപ്പെട്ടിട്ടുണ്ട് എന്നതാണ് അതിലെ പ്രധാനപ്പെട്ട ഒരു കാര്യം. രാഷ്ട്രീയം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആയിരക്കണക്കിന് പ്രൊഫഷണലുകളാണ് ഇന്ത്യയില്‍ ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത്. അവര്‍ ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടികള്‍ മാറിക്കൊണ്ടിരിയ്ക്കുന്നവരാണ്. തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ തൊട്ട് മുദ്രാവാക്യങ്ങളും മറ്റെല്ലാ കാര്യങ്ങളും അവരാണ് തീരുമാനിക്കുന്നത്. തങ്ങള്‍ ഏറ്റെടുത്ത സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുക എന്ന ഏകലക്ഷ്യത്തിനപ്പുറം മറ്റൊന്നും ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ ഇപ്പോള്‍ മാനദണ്ഡമല്ല എന്നതാണ് വാസ്തവം.
2014- ലും 19- ലും നരേന്ദ്ര മോദിയെ അധികാരത്തിലേറ്റാന്‍ സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്നതിനെ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആ പരിശ്രമം ഇത്തവണയും തുടര്‍ന്നു. മോദിയെ എല്ലാം തികഞ്ഞ അതിമാനുഷനാക്കി മാറ്റാനും, അദ്ദേഹത്തിന്റെ പ്രധാന എതിരാളിയായ രാഹുല്‍ ഗാന്ധിയെ ‘പപ്പുമോനാ’യി ചിത്രീകരിക്കാനും സമൂഹമാധ്യമങ്ങള്‍ വന്‍തോതില്‍ ഉപയോഗിക്കപ്പെട്ടു. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും നിരന്തരം പ്രചരിപ്പിക്കുക എന്നതാണ് ഈ പ്രക്രിയയില്‍ സമൂഹമാധ്യമങ്ങളുടെ ജോലി. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഏറിയും കുറഞ്ഞും ഇതെല്ലാം ചെയ്യുന്നുണ്ട് ഇപ്പോള്‍. 'ഇന്‍ഫ്ലൂവൻസേഴ്സ്’ എന്നു വിളിക്കാവുന്ന പുതിയൊരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍, അവരുണ്ടാക്കുന്ന ആശയലോകം തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിനെ സംബന്ധിച്ച് വിശദമായ പഠനങ്ങള്‍ ഇനിയും ആവശ്യമാണ്. വിസ്താരബാഹുല്യം മൂല്യം അതിനിവിടെ മുതിരുന്നില്ല.
കേരളത്തിലെ ഒരു കാര്യം മാത്രം പറയാം. സമൂഹമാധ്യമങ്ങളിലെ തുടക്കകാലത്ത് ഇടതുപക്ഷത്തിന് - വിശേഷിച്ച് സി.പി.എമ്മിന്- അതില്‍ നല്ല മേധാവിത്തമുണ്ടായിരുന്നു. എന്നാല്‍ പ്രിന്റിലും, ടെലിവിഷന്‍ മേഖലയിലും പിന്നീട് സംഭവിച്ചതുപോലെ അതിവേഗം സമൂഹമാധ്യമങ്ങളിലും വലതുപക്ഷം വ്യാപിക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്. ആദ്യം പിറകിലായിരുന്ന കോണ്‍ഗ്രസ് സുനില്‍ കനഗോലുവിന്റെ കാര്‍മിത്വത്തില്‍ വളരെ വേഗത്തില്‍ കളം നിറഞ്ഞു. ബി.ജെ.പിയും മുസ്‍ലിം ലീഗും മാത്രമല്ല, സി. രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര ചിന്തകരും അവിടെ സജീവമായി. ഗൗരവപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുപകരം ട്രോളുകളും പരിഹാസങ്ങളും, അസത്യങ്ങളും വാര്‍ത്തകളായി. ഡിജിറ്റല്‍ വാളുകളില്‍ നിമിഷനേരം കൊണ്ട് അവ പോസ്റ്ററുകളായി നിറഞ്ഞു. ഇതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നത്, മുകളില്‍ സൂചിപ്പിച്ച ഐ.ടി. വിദഗ്ദരുടെ ചുമതലയിലുള്ള കമ്പനികളാണ്. തങ്ങള്‍ക്ക് വേണ്ടവരുടെ പ്രതിഛായ കൃത്രിമമായി നിര്‍മിക്കാനും, രാഷ്ട്രീയ എതിരാളികളുടെ ധാര്‍മികത തകര്‍ക്കാനും എളുപ്പം കഴിയാവുന്ന സ്ഥിതി വന്നു. പതിറ്റാണ്ടുകള്‍ കൊണ്ട് നിര്‍മിക്കപ്പെട്ട ആശയലോകം, ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന സോഷ്യല്‍മീഡിയ ക്യാമ്പയിനിങ്ങിലൂടെ ഇന്ത്യയിലിന്ന് തകര്‍ക്കാനാവുമെന്ന ശിവം സുന്ദര്‍ സിങ്ങിന്റെ നിരീക്ഷണം ഇടതുപക്ഷം ഇനിയും വേണ്ടത്ര പരിഗണിച്ചിട്ടില്ല.
ട്രോളുകള്‍ കൊണ്ടും നിലനിര്‍ത്താവുന്ന വലതുപക്ഷത്തിന്റെ ജൈവഘടനയല്ല, രാഷ്ട്രീയം കൊണ്ടുമാത്രം നിലനിര്‍ത്താവുന്ന ഇടതുപക്ഷത്തിന്റേത്.
ഇടതുപക്ഷ നേതാക്കളേയും, സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളേയും ഡീ-ഗ്രേഡ് ചെയ്യാനാണ് സംഘടിത വലതുപക്ഷം സംയുക്തമായി കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷങ്ങളായി ശ്രമിച്ചു കൊണ്ടിരുന്നത്. അതിലവര്‍ വലിയൊരളവില്‍ വിജയിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി കേള്‍ക്കുന്ന വാക്കുകളില്‍ ചിലത് നോക്കൂ - ഖേരളം, അല്‍ കേരളം, പിണു, അപ്പം കോവിന്ദന്‍, ലുട്ടാപ്പി, പോത്ത് രായപ്പന്‍, സീസറമ്മ, കയറുപിരി ശാസ്ത്രജ്ഞന്‍..... ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും കിട്ടും. ജനങ്ങള്‍ക്കിടയില്‍ സ്വാധീനവും, വിശ്വാസ്യതയുമുള്ള ഇടതുപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച് അധിക്ഷേപിക്കുക എന്നതു മാത്രമായി മുഖ്യധാരാ പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം. മുഖ്യമന്ത്രിയുടെ മകള്‍, എക്‌സാ ലോജിക്, കരിമണല്‍ ഖനനം, ലാവ്‌ലിന്‍ തുടങ്ങി ഒരടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ എപ്പോഴും വെള്ളിവെളിച്ചത്തില്‍ തന്നെ നിന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ഈ പ്രചാരണങ്ങള്‍ക്ക് ഇതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ച ചില ഇടതുപക്ഷ ഹാന്‍ഡിലുകളും പ്രത്യക്ഷപ്പെട്ടു. അവരെല്ലാം സ്വയം ഇടതുപക്ഷത്തിന്റെ വക്താക്കളാണെന്ന ധാരണയാണ് പൊതുസമൂഹത്തിനുണ്ടായത്. ഇക്കാര്യങ്ങളിലെല്ലാം എല്ലാവരും ഒരുപോലെയാണ് എന്ന പ്രതീതി ഉണ്ടാക്കാനേ ഫലത്തില്‍ അതെല്ലാം ഉപകരിച്ചുള്ളൂ.
വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, മാത്യു കുഴല്‍ നാടന്‍, ഹൈബി ഈഡന്‍ എന്നീ അഞ്ച് പ്രമുഖ കോണ്‍ഗ്രസ് യുവനേതാക്കളുടെ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒന്ന് പരിശോധിച്ചപ്പോള്‍ കിട്ടിയ വിവരം കൗതുകമുള്ളതായിരുന്നു; ഏറെ നിരാശപ്പെടുത്തുന്നതും. (സംഘപരിവാറിന്റെ പുതിയ 'ദൃശ്യമാധ്യമതാരം' ശ്രീജിത് പണിക്കരെ ഈ പട്ടികയില്‍ ബോധപൂര്‍വ്വം ഉള്‍പ്പെടുത്തിയിട്ടില്ല. ട്രോളും, പരിഹാസവും, അര്‍ദ്ധസത്യങ്ങളുമല്ലാതെ മറ്റൊന്നിലും കൈവെച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെയൊക്കെ രീതികള്‍ ഈ ലേഖനത്തിന്റെ പരിധിയില്‍ വരാത്തതുകൊണ്ടാണത്) ലോകത്തേയോ രാജ്യത്തെയോ ബാധിക്കുന്ന ഗൗരവപ്പെട്ട കാര്യങ്ങള്‍പലപ്പോഴും അവരില്‍ പലരും അറിഞ്ഞ മട്ടേ ഇല്ല. താരതമ്യേന ചെറുപ്പക്കാരായിട്ടും, കക്ഷിരാഷ്ട്രീയപരമല്ലാത്ത ഒരു വിഷയവും അവരുടെ അജണ്ടയിലില്ല. അതില്‍ തന്നെ നരേന്ദ്രമോദിയും ബി ജെ പി സര്‍ക്കാറും ഏറെയൊന്നും ചിത്രത്തിലില്ല. പ്രാണപ്രതിഷ്ഠയോ പൗരത്വ ഭേദഗതി നിയമമോ ഇതില്‍ ഭൂരിപക്ഷത്തിനും ഒരു വിഷയമേയല്ല. ആകെയുള്ള പോസ്റ്റുകളില്‍ എണ്‍പതിലധികം ശതമാനം ട്രോളുകളും പരിഹാസങ്ങളും പുഛങ്ങളുമാണ്. അതില്‍ത്തന്നെ പകുതിയിലേറെയും ലക്ഷ്യം വെയ്ക്കുന്നത് മുഖ്യമന്ത്രിയേയും മകളേയുമാണ്. ഇല്ലാത്തതാണ് എന്നു പിന്നീട് തെളിഞ്ഞ പലതിനും ക്ഷമാപണമോ മാനസാന്തരമോ ഇല്ല. എന്നു വെച്ചാല്‍, രാഷ്ട്രീയം എന്നത് കക്ഷിരാഷ്ട്രീയമായും, പിന്നീടത് ബോധപൂര്‍വ്വമായ വ്യക്തിഹത്യയായും മാറി എന്നര്‍ത്ഥം.
പ്രസ്ഥാനം സംഘടനയായും, സംഘടന എന്നത് കമ്മിറ്റി യോഗങ്ങളായും ചുരുങ്ങിയാല്‍ ഇല്ലാതാകുന്നത് ഇടതുപക്ഷത്തിന്റെ സ്വാഭാവികമായ ജൈവഘടനയാണ്.
രാഷ്ട്രീയം ഈ വിധം ട്രോളുകളും പരിഹാസങ്ങളുമായി മാറിക്കഴിഞ്ഞ ഇക്കാലത്ത്, മുകളില്‍ സൂചിപ്പിച്ച പോലെ സി.പി.എമ്മിനുവേണ്ടി ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത് 'കടന്നലുകള്‍' എന്ന് സ്വയം വിളിയ്ക്കുന്ന ഒരു കൂട്ടം സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകളാണ്. മുഖ്യധാരാ മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയ തന്നെയും പ്രചരിപ്പിക്കുന്ന ഇടതുപക്ഷവിരുദ്ധ വാര്‍ത്തകളുടെ പിറകിലുള്ള വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരിക എന്ന പണിയാണ് അവരില്‍ പലരും ചെയ്തത്. കൂട്ടത്തില്‍ ചിലരാകട്ടെ സ്വന്തം നിലയ്ക്ക് ഏറ്റെടുത്ത ചില നീക്കങ്ങള്‍ അസ്ഥാനത്താവുകയും ഇടതുപക്ഷത്തെ സംബന്ധിച്ച് വിപരീതഫലം ഉണ്ടാക്കുകയും ചെയ്തു. തൃശൂരില്‍ സുരേഷ് ഗോപിക്ക് കിട്ടിയ വോട്ടുകളില്‍ കുറച്ചെങ്കിലും ഈ വിധമുണ്ടായ നെഗറ്റീവ് പബ്ലിസിറ്റിയും, ട്രോളുകളും കൊണ്ട് നേടാനായതാണ്. ട്രോളുകള്‍ കൊണ്ടും നിലനിര്‍ത്താവുന്ന വലതുപക്ഷത്തിന്റെ ജൈവഘടനയല്ല, രാഷ്ട്രീയം കൊണ്ടുമാത്രം നിലനിര്‍ത്താവുന്ന ഇടതുപക്ഷത്തിന്റേത് എന്നതാണ് അതിന്റെ കാരണം.
വലതുപക്ഷം ഒന്നാകെ വലിയ പണം മുടക്കി പ്രൊഫഷണലുകളെ രംഗത്തിറക്കി ചെയ്യുന്ന കാര്യങ്ങള്‍ക്കുള്ള ഇടതുപക്ഷത്തിന്റെ മറുപടി, മേല്‍പറഞ്ഞത് മാറ്റിനിര്‍ത്തിയാല്‍, തങ്ങളുടെ സംഘടനാ സംവിധാനം ഉപയോഗിച്ചു കൊണ്ടുള്ളതായിരുന്നു. അത് വേണ്ടത്ര ഫലവത്തായിരുന്നില്ല എന്നതാണ് അടിത്തട്ടില്‍ തെളിയുന്ന വസ്തുത. തന്നെയല്ല, പുതിയ കാലത്തെ രാഷ്ട്രീയത്തിന്റെ അനന്തവും വ്യത്യസ്തവുമായ വഴികളെ കേവലം സംഘടന കൊണ്ട് മാത്രം ഏകോപിപ്പിക്കാനും മറികടക്കാനും സാധിക്കും എന്ന ധാരണപരമമായ അബദ്ധവുമാണ്.
ഇടതുപക്ഷം എന്നത് അടിസ്ഥാനപരമായി ഒരു പ്രസ്ഥാനമാണ്. സംഘടന എന്നത് അതിന്റെ ഒരു ഉപകരണം മാത്രവും. എന്നാല്‍ പ്രസ്ഥാനം സംഘടനയായും, സംഘടന എന്നത് കമ്മിറ്റി യോഗങ്ങളായും ചുരുങ്ങിയാല്‍ ഇല്ലാതാകുന്നത് ഇടതുപക്ഷത്തിന്റെ സ്വാഭാവികമായ ജൈവഘടനയാണ്. അത്തരമൊരവസ്ഥയില്‍, ഡോ. പ്രഭാത് പടനായ്ക് മുന്‍പൊരിക്കല്‍ സൂചിപ്പിച്ചത് പോലെ, കമ്മിറ്റിയിലെത്തുന്ന ഊര്‍ജ്ജസ്വലരായ കേഡര്‍മാര്‍വരെ നേതാക്കള്‍ കേള്‍ക്കാനാഗ്രഹിക്കുന്നത് പറയുന്നവരായി ചുരുങ്ങിപ്പോകാനിടവരും. ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തീരെ സര്‍ഗാത്മകത ആവശ്യമില്ലാത്ത ഒരവസ്ഥയിലേക്കാണ് അത് കാര്യങ്ങളെ എത്തിക്കുക.
ഇത്തരം യാഥാര്‍ത്ഥ്യങ്ങളുടെ പിന്‍ബലത്തില്‍, പുതിയ തലമുറയെക്കൂടി ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തന പദ്ധതികള്‍ ഇടതുപക്ഷം ആവിഷ്‌ക്കരിക്കേണ്ടതാണ്. തെരഞ്ഞെടുപ്പിലെ തോല്‍വി നിശ്ചയമായും നിരാശാജനകമാണെങ്കിലും, കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോയി എന്ന മട്ടിലുള്ള പതിവ് ക്ലീഷേകള്‍ തീര്‍ത്തും യുക്തിസഹമല്ല. പരാജയത്തിന്റെ സമയത്തെ കുറ്റപ്പെടുത്തലുകള്‍ സ്വാഭാവികമാണ്. എന്നാല്‍ അവയില്‍ ചിലതാകട്ടെ കാര്യങ്ങളെ പര്‍വ്വതീകരിച്ചു കാണിക്കുന്നതും, ഉപരിപ്ലവങ്ങളായതുമാണ്. എങ്കിലും അതിനിടയിലെ ചില വസ്തുതകള്‍ തീര്‍ച്ചയായും വസ്തുതകളാണ്.
ചൈനീസ് വിപ്ലവത്തിന്റെ മഹാനായ നേതാവ് ലൂ ഷാവ് കിയുടെ ഗംഭീരമായ ഒരു വാചകം ഓര്‍മിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. വിപ്ലവാനന്തരം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ യുവാക്കളോടുള്ള ഒരു സംസാരത്തില്‍ ലൂ പറഞ്ഞു: 'നമ്മെപ്പറ്റി വിമര്‍ശനമെന്ന പേരില്‍ ആരെങ്കിലും വാസ്തവവിരുദ്ധമായ ഒരു കാര്യം പറഞ്ഞുവെന്നിരിക്കട്ടെ - അവരോട് നാം ക്ഷമിയ്ക്കുക. അതേസമയം കള്ളമെന്നുറപ്പുള്ള ആ വിമര്‍ശനത്തില്‍പ്പോലും എന്തെങ്കിലും കഴമ്പുണ്ടോ എന്ന് സ്വയം പരിശോധിക്കുകയും ചെയ്യുക’.
കാരണമൊന്നേയുള്ളൂ അതിന്, ആദ്യമായും അവസാനമായും നാം കമ്യൂണിസ്റ്റുകളാണ്.