2018ലെ പ്രളയകാലത്ത് സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

ഈ തിരഞ്ഞെടുപ്പിൽ മലയാളികൾക്ക്
​വേറെ ഒരു ചോയ്‌സും ഞാൻ കാണുന്നില്ല

വികസനത്തെക്കുറിച്ച് മുതലാളിത്തത്തിന്റെ കാഴ്ചപ്പാട് തന്നെയാണ് നമ്മുടെ ഇടതുപക്ഷവും പങ്കിടുന്നതായി കാണുന്നത്. വികസനം കൊണ്ട് ആർക്കാണ് ലാഭം, ആർക്കാണ് നഷ്ടം, അത് ഇപ്പോൾ തന്നെ ലോലമായ നമ്മുടെ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നീ പ്രധാന ചോദ്യങ്ങൾ ചോദിക്കാത്ത ഏതു വികസനവും അപകടത്തിലേയ്ക്കുള്ള ചുവടുവെയ്പ്പാണ്.

കേരളത്തിൽ രണ്ടു മുന്നണികളും മാറി വരാറുള്ളത് പലപ്പോഴും വളരെ ചെറിയ വോട്ടുശതമാനത്തിന്റെ വ്യത്യാസത്തിലാണ്. അതിനു പ്രധാനമായും മൂന്നു കാരണങ്ങളാണ് ഉണ്ടാകാറുള്ളത്.

ഒന്ന്, ചില ചെറിയ പാർട്ടികൾ, വിശേഷിച്ചും ചില മതവിഭാഗങ്ങളിലോ സമുദായങ്ങളിലോ സ്വാധീനമുള്ള പാർട്ടികൾ മാറി മാറി മുന്നണികളോട് കൂട്ടു കൂടുന്നത്.
രണ്ട്, കൃത്യമായി പാർട്ടിക്കൂറൂകൾ ഒന്നുമില്ലാത്ത, എന്നാൽ പൊതുവേ ലിബറൽ എന്ന് പറയാവുന്ന, ഒരു വിഭാഗം പിരിയുന്ന സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തിയോ, ഭരണം മാറുന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിനു നല്ലത് എന്ന് ചിന്തിച്ചോ, മാറി മാറി മുന്നണികൾക്ക് വോട്ടു ചെയ്യുന്നത്. ഇവരെല്ലാം കൂടി ആകെ വോട്ടർമാരുടെ രണ്ടോ മൂന്നോ ശതമാനമേ വരൂ. ഇവർ നിയമസഭയിലെയും ലോകസഭയിലെയും തിരഞ്ഞെടുപ്പുകളിൽ ഒരേപാർട്ടികൾക്ക് വോട്ടു ചെയ്യുന്നവരുമല്ല. ഈ വിഭാഗത്തെയാണ് പലപ്പോഴും സർവേകൾക്ക് പിടികിട്ടാതെ പോകുന്നത് എന്നുകൂടി പറയട്ടെ. ഇവർ പലപ്പോഴും അവസാന സമയത്താണ് തീരുമാനം എടുക്കുക പതിവ്.

ശബരിമല പോലുള്ള വിഷയങ്ങൾ കോൺഗ്രസിന് വോട്ടു ചെയ്തിരുന്ന ലിബറലുകളെപ്പോലും വിഭജിച്ചിട്ടുണ്ട്. വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വലിയ വ്യത്യാസം കാണിക്കാത്തതിനാൽ അവർ ആർക്ക് വോട്ടു ചെയ്യും എന്ന് പറയുക വയ്യ / Photo: Muhammed Fasil

മൂന്നാമത്തേത്, സ്ഥാനാർത്ഥികളുടെ സത്യസന്ധതയും സേവനപാരമ്പര്യവുമാണ്. ഇതും മുൻകൂർ പാർട്ടിയുള്ളവർക്ക് പ്രശ്‌നമാകാറില്ല, പക്ഷെ നേരത്തെ പറഞ്ഞ ലിബറൽ വിഭാഗങ്ങളുടെ പരിഗണനയിൽ ഇതും ഒരു പ്രധാന ഘടകമാണ്. ഇപ്പോൾ മൂന്നാമത് ഒരു ശക്തിയുടെ രംഗപ്രവേശം ഈ രംഗം അൽപം കൂടി സങ്കീർണമാക്കിയിട്ടുണ്ട്. ശബരിമല പോലുള്ള വിഷയങ്ങൾ കുടുംബങ്ങളിൽ പോലും ധ്രുവീകരണം ഉണ്ടാക്കിയിട്ടുണ്ട്. ഇത് കോൺഗ്രസിന് വോട്ടു ചെയ്തിരുന്ന ലിബറലുകളെപ്പോലും വിഭജിച്ചിട്ടുണ്ട്.
​കേരളത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വലിയ വ്യത്യാസം ഇക്കാര്യത്തിൽ കാണാത്തതിനാൽ അവർ ആർക്ക് വോട്ടു ചെയ്യും എന്ന് പറയുക വയ്യ. ചില കമ്പനികൾ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തുന്നതും ഞാൻ കാണാതിരിക്കുന്നില്ല. ജനങ്ങളെ ചൂഷണം ചെയ്തുണ്ടാക്കുന്ന പണത്തിന്റെ ഒരു ചെറിയ ഭാഗം സേവനരൂപത്തിൽ നൽകി അരാഷ്ട്രീയ വിഭാഗങ്ങളുടെ വോട്ടു നേടുന്നവരാണ് അവർ. ഇത് ജനാധിപത്യത്തിന് ഒട്ടും ഗുണകരമാണെന്ന് ഞാൻ വിചാരിക്കുന്നില്ല.

ബംഗാൾ അല്ല കേരളം

ഈ പശ്ചാത്തലത്തിലാണ് തുടർ ഭരണത്തെക്കുറിച്ചുള്ള ചിന്തകളെ കാണേണ്ടതെന്ന് തോന്നുന്നു. തുടർ ഭരണം വേണ്ട എന്ന് പറയുന്നതിൽ ഇടതുപക്ഷത്തെ അനുകൂലിക്കുന്നതായി ഭാവിക്കുന്നവരും ഉണ്ട്. ബംഗാളിലെപ്പോലെ അധികാരക്കുത്തക മുഖ്യ ഇടതുപക്ഷ പാർട്ടിയെ അധികാരോന്മത്തരും അഴിമതിക്കാരും ആക്കും എന്നാണ് ഇവരുടെ വാദം. ബംഗാളിൽ അത് സംഭവിച്ചു എന്നത് ശരി തന്നെയാണ്. എന്നാൽ ബംഗാളിൽ ഒരു ബ്രാഹ്‌മണ നവോത്ഥാനമാണ് ഉണ്ടായതെന്നും കേരളത്തിൽ ഇല്ലാത്തതുപോലെ തനി നാട്ടിൻപുറങ്ങളും പ്രത്യക്ഷമായ ജാതി വിവേചനവും ഉള്ള നാടാണ് അതെന്നും കാണാതെ പോകരുത്.

ബംഗാളിനെ അപേക്ഷിച്ച് കേരളത്തിലെ ഇടതുപക്ഷം കുറേക്കൂടി ജൈവസ്വഭാവമുള്ളതാണ്. അതിന്റെ വിത്തുകൾ വിതയ്ക്കപ്പെട്ടത് ഇവിടത്തെ കീഴാള മുന്നേറ്റങ്ങൾ ഉഴുതിട്ട മണ്ണിലാണ് / Photo: Muhammed Fasil

കേരളത്തിലെ ഇടതുപക്ഷം കുറേക്കൂടി ജൈവസ്വഭാവമുള്ളതാണ്. അതിന്റെ വിത്തുകൾ വിതയ്ക്കപ്പെട്ടത് ഇവിടത്തെ കീഴാളമുന്നേറ്റങ്ങൾ ഉഴുതിട്ട മണ്ണിലാണ്. അതിന് ഒരു ഗാന്ധിയൻ- കോൺഗ്രസ് പശ്ചാത്തലവുമുണ്ട്. തീർച്ചയായും അധികാരം കയ്യാളുന്ന ഏതു പാർട്ടിയെയും പോലെ അതിലും അഴിമതിക്കാരും അവസരവാദികളുമൊക്കെ വന്നടിഞ്ഞിട്ടുമുണ്ട്. എങ്കിലും അവർ അധീശത്വം നേടിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇന്നും നിസ്വാർത്ഥരായ ധാരാളം നേതാക്കളും, മതേതരരും സമത്വാകാംക്ഷികളുമായ സാധാരണജനങ്ങളും രണ്ടു മുഖ്യ ഇടതുപാർട്ടികളിലും ഉണ്ട്. ഇതിനു കാരണം സാംസ്‌കാരികമാണ്. ആ അടിത്തറ എത്രത്തോളം പുതിയ കാഡറിനുണ്ട് എന്ന കാര്യത്തിലേ സംശയമുള്ളൂ. അതില്ലാത്ത ഒരു ലുംപൻ വിഭാഗം ഇടതുപാർട്ടികളിൽ വളരുന്നുണ്ട്. ഇതിനെ നിക്ഷിപ്ത താൽപര്യമുള്ള ചിലർ പ്രോത്സാഹിപ്പിക്കുന്നുമുണ്ടെന്നു വരാം. ഇവർ ഹിംസാ വിശ്വാസികളാണ്. ജനാധിപത്യത്തെ ഒരു താൽക്കാലികതന്ത്രം മാത്രമായി കാണുന്നവരും.

പ്രതിസന്ധികൾക്കിടയിലും മുന്നോട്ട്​

പ്രളയങ്ങൾ, നിപ്പ, എലിപ്പനി, കോവിഡ്- ഒരു പക്ഷെ അഞ്ചു കൊല്ലത്തിന്നിടയിൽ ഒരു സർക്കാരിനും -ജനതയ്ക്കും - നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കേരളം കടന്നു പോയത്, ഇപ്പോഴും പോവുന്നത്. ഈ ദുരന്തങ്ങളെ നേരിടുന്നതിൽ കേരള സർക്കാരും ജനതയും ഒരു പോലെ കാണിച്ച ധീരതയും പൂർവ്വാവസ്ഥാപ്രാപ്തിക്ഷമതയും (റെസീലിയൻസ്) തികച്ചും അപൂർവമാണ്.

നമ്മെ മുതലാളിത്ത സ്വാർത്ഥം തീർത്തും കീഴ്‌പ്പെടുത്തിയിട്ടില്ലെന്നും പരപരിഗണനയും അയൽസ്‌നേഹവും ഇല്ലാതായിട്ടില്ലെന്നും പൊതുവേ മന്ദമെന്നു കരുതപ്പെടുന്ന സർക്കാർ വകുപ്പുകൾക്കുപോലും ആവശ്യം വന്നാൽ ജാഗ്രതയും വേഗതയും കാണിക്കാനും വിഭാഗീയതകൾക്ക് അതീതമായി പ്രവർത്തിക്കാനും ഈ അവസ്ഥകളിലും ആരും പട്ടിണി കിടക്കുന്നില്ലെന്നെങ്കിലും ഉറപ്പിക്കാനും ആവശ്യമുള്ള രോഗികൾക്ക് മുഴുവൻ സൗജന്യ ചികിത്സ ലഭ്യമാക്കാനും- ഇന്ത്യയിൽ മറ്റെങ്ങും ഈ സൗകര്യം ഇല്ല- അതിഥിത്തൊഴിലാളികളെ മനുഷ്യരായി കാണാനും - ഡൽഹിയിൽ അവരുടെ ദയനീയാവസ്ഥയ്ക്ക് ഞാൻ സാക്ഷിയാണ്- കഴിയുമെന്ന് ഈ പ്രതിസന്ധി നമ്മെ കാണിച്ചു തന്നു.

ദുരന്തങ്ങളെ നേരിടുന്നതിൽ കേരള സർക്കാരും ജനതയും ഒരു പോലെ കാണിച്ച ധീരത തികച്ചും അപൂർവമാണ്. / Photo: PRD Kerala

സ്‌കൂൾ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, വൈദ്യുതിലഭ്യത, അടിസ്ഥാന സൗകര്യ വികസനം, സ്ഥല-ജല ഗതാഗതം, സ്ത്രീ ക്ഷേമം, കൃഷി, തൊഴിലാളിക്ഷേമം, ഫെഡറലിസത്തിനു മേലുള്ള ആക്രമണങ്ങളെ ചെറുക്കൽ തുടങ്ങിയ രംഗങ്ങളിൽ ഈ പ്രതിസന്ധികൾക്കിടയിലും കേരളം ഏറെ ചുവടുകൾ മുന്നോട്ടു വെച്ചു. ഈ തിരഞ്ഞെടുപ്പിൽ മലയാളികൾക്ക് വേറെ ഒരു ചോയ്‌സും ഞാൻ കാണുന്നില്ല.

ജാഗ്രതക്കുറവുകൾ

എന്നാൽ ചില രംഗങ്ങളിലുണ്ടായ അനവധാനതയെ വിമർശിക്കാതിരിക്കാനും കഴിയില്ല:
ഒന്ന്: പൊലീസ് വകുപ്പിന്റെ പ്രവർത്തനമാണ്. "ഏറ്റുമുട്ടൽ' മരണങ്ങൾ, കസ്റ്റഡി മരണങ്ങൾ, വാളയാർ കേസ് ഉൾപ്പെടെയുള്ളവയുടെ അന്വേഷണത്തിലെ ക്രമക്കേടുകൾ, കരിനിയമമായ യു.എ.പി.എയുടെ ഉപയോഗം ഇവ ഉദാഹരണങ്ങൾ മാത്രം.
രണ്ട്: ഉദ്യോഗസ്ഥ മേധാവികളെ വേണ്ട പോലെ നിയന്ത്രിക്കാൻ കഴിയാതിരുന്നതാണ്. സ്വന്തം ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പോലും മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ എവിടെയോ ഒന്നുകിൽ ശ്രദ്ധക്കുറവ്, അല്ലെങ്കിൽ ഗൂഢാലോചന, ഉണ്ട്. അതിന്റെ ചീത്തപ്പേര് മുഴുവൻ സർക്കാരിനു വരികയും ചെയ്തു.
മൂന്ന്: ഈ പ്രളയങ്ങൾക്കും മഹാമാരികൾക്കും ശേഷവും, മനുഷ്യരാശിയുടെ തന്നെ ഭാവി ഒരു ചോദ്യചിഹ്നമാകുമ്പോൾ പോലും പരിസ്ഥിതിയുടെ കാര്യത്തിലുള്ള ജാഗ്രതക്കുറവാണ്. വികസനത്തെക്കുറിച്ച് മുതലാളിത്തത്തിന്റെ കാഴ്ചപ്പാട് തന്നെയാണ് നമ്മുടെ ഇടതുപക്ഷവും പങ്കിടുന്നതായി കാണുന്നത്. വികസനം കൊണ്ട് ആർക്കാണ് ലാഭം, ആർക്കാണ് നഷ്ടം, അത് ഇപ്പോൾ തന്നെ ലോലമായ നമ്മുടെ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നീ പ്രധാന ചോദ്യങ്ങൾ ചോദിക്കാത്ത ഏതു വികസനവും അപകടത്തിലേയ്ക്കുള്ള ചുവടുവെയ്പ്പാണ്.

വാളയാറിൽ സഹോദരിമാർ ലൈംഗികാക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ആദിവാസി ദളിത് പിന്നാക്ക ജനാധിപത്യ കൂട്ടായ്മ സംഘടിപ്പിച്ച കലക്​ടറേറ്റ്​ മാർച്ച്

ഒരു നിയോ -ലിബറൽ സമ്പദ് വ്യവസ്ഥയുടെ മേൽക്കൈ ഞാൻ കാണാതിരിക്കുന്നില്ല. പക്ഷെ ജനകീയാസൂത്രണം എന്ന സങ്കൽപം മുന്നോട്ടു വെച്ചവർ, നമ്മുടെ കാടും പുഴയും മലയും മുടിച്ചുകളയുന്ന ഒരു വികസനവും നടപ്പിലാക്കാൻ കൂട്ടുനിന്നുകൂടാ. അവയുടെ നാശത്തിനു പിറകിൽ പ്രവർത്തിക്കുന്ന മാഫിയകൾക്ക് കടിഞ്ഞാണിടുന്നില്ലെങ്കിൽ, പ്രളയങ്ങളും മഹാമാരികളും മലയിടിച്ചിലുകളുമെല്ലാം ആവർത്തിച്ചു കൊണ്ടിരിക്കും. ഇതെല്ലാം ബാധിക്കുന്നത് ഏറ്റവും അടിത്തട്ടിലെ മനുഷ്യരെയാണ്.
നാല്: കേരളത്തിലെ ആദിവാസി വിഭാഗങ്ങൾക്ക് അവർ അർഹിക്കുന്ന ശ്രദ്ധ ഇനിയും കിട്ടിയിട്ടില്ല. ഉള്ള ക്ഷേമപദ്ധതികൾ പോലും അവരിൽ എത്തിച്ചേരുന്നതായി കാണുന്നില്ല. അതിഥിത്തൊഴിലാളികളോട് നാം കാണിക്കുന്ന പരിഗണന പോലും അവർക്ക് ലഭിക്കുന്നില്ല. അതിനു പ്രത്യേകമായ പദ്ധതികൾ തന്നെ വേണം.
അഞ്ച്: ന്യൂനപക്ഷ രാഷ്ട്രീയത്തെയും വർഗീയ രാഷ്ട്രീയത്തെയും പരസ്പരം തെറ്റിദ്ധരിച്ചു കൂടാ. ഇന്നത്തെ ഇന്ത്യയിൽ അത് പ്രത്യേകിച്ചും പ്രധാനമാണ്.
ആറ്: അക്രമ രാഷ്ട്രീയത്തിൽ നിന്ന് ഇടതുപക്ഷം പൂർണമായും പിന്മാറണം. അല്ലാതെ അതിന് വിമർശകരെ നിശ്ശബ്ദരാക്കുന്ന വലതുപക്ഷത്തിന്റെ വിദ്വേഷ പ്രേരിതമായ അക്രമരാഷ്ട്രീയത്തെ നേരിടാൻ നൈതികമായി കഴിയില്ല.

പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളമുയർത്തിയ ജനാധിപത്യ പ്രതിരോധത്തിൽ നിന്ന്‌

ഏഴ്: ദേശീയതലത്തിൽ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ സാധ്യമായ ഏറ്റവും ബൃഹത്തായ സാമ്രാജ്യത്വ- ഹിന്ദുത്വ രാഷ്ട്രീയ- അസമത്വ വിരുദ്ധമായ ഒരു മുന്നണിയുണ്ടാക്കുന്നതിൽ കേരളത്തിലെ ഇടതുപക്ഷം മുൻകൈയെടുക്കണം. അതിന് സംസ്ഥാന തലങ്ങളിലുള്ള ശത്രുതകൾ തടസ്സമായിക്കൂടാ. തിരിച്ചു വരുമ്പോഴെങ്കിലും ഈ പാഠങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഗതി മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാവില്ല.

സ്റ്റാലിനിസ്റ്റ് ഗൃഹാതുരത്വം ഒരു തടസ്സമാണ്

ഇപ്പോഴത്തെ ജനാധിപത്യം തീർത്തും ശരിയാണ് എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്, അതിൽ ദളിതർ, ആദിവാസികൾ, ചെറു കർഷകർ, അസംഘടിത തൊഴിലാളികൾ, സ്ത്രീകൾ, മത-വംശ- ലൈംഗിക- ഭാഷാ ന്യൂനപക്ഷങ്ങൾ തുടങ്ങിയവരുടെ ശബ്ദം ഇന്നും വേണ്ടത്ര പ്രതിഫലിക്കുന്നില്ല. അത്തരം ഒരു ജനാധിപത്യത്തിലൂടെ മാത്രമേ സ്വാധികാരം അഥവാ സ്വരാജ് യാഥാർഥ്യമാകൂ. നവോത്ഥാന തുടർച്ചയും അതിലൂടെ മാത്രമേ നേടാൻ കഴിയൂ. സ്റ്റാലിനിസ്റ്റ് ഗൃഹാതുരത്വങ്ങൾ അതിനു തടസ്സമാണ്.

ഇടതുപക്ഷവും എഴുത്തുകാരും

ഇപ്പോഴത്തെ ഇടതുപക്ഷത്തോട് കലഹവും വിയോജിപ്പും പുലർത്താൻ എനിക്ക് ഇന്നോളം കഴിഞ്ഞിട്ടുണ്ട്. പു. ക. സയുടെയും കമ്യൂണിസ്റ്റ് പാർട്ടികളുടെയും യോഗങ്ങളിൽ പോയി അവരെ ഞാൻ വിമർശിച്ചിട്ടുണ്ട്. വിശാലമായ ഐക്യത്തിന്റെ ആവശ്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അവരിൽ ചിലരെങ്കിലും അത് നന്നായി മനസ്സിലാക്കുന്നുണ്ട്, ചിലർ തീർത്തും വിഭാഗീയമായി ചിന്തിക്കുന്നതുകൊണ്ട്, സമയം എടുത്തേക്കും. കേരളത്തിൽ വരുമ്പോഴൊക്കെ എനിക്ക് കിട്ടുന്ന പ്രതീതി വലതുപക്ഷത്തിന്റെ വെല്ലുവിളിയെ അതിന്റെ മുഴുവൻ ഗൗരവത്തിൽ മനസ്സിലാക്കിയവർ അവിടെ വളരെ കുറവാണ് എന്നാണ്. ഡൽഹിയിൽ ജീവിക്കുന്ന എനിക്ക് അത് നിത്യാനുഭവത്തിന്റെ ഭാഗമാണ്, അതുകൊണ്ടാകാം എനിക്ക് വിഭാഗീയ സംഘങ്ങളോട് യോജിക്കാൻ കഴിയാത്തത്.

കത്വ, ഉന്നാവോ ലൈംഗികാക്രമണ കേസുകളിൽ നീതി ആവശ്യപ്പെട്ട് ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റിൽ പ്രതിഷേധിച്ചവർ

കേരളം ഒരു സ്വർഗമായിരിക്കാം, പക്ഷെ ചിലപ്പോഴെങ്കിലും അത് ദേശീയാവസ്ഥ തിരിച്ചറിയാത്ത വിഡ്ഢികളുടെ സ്വർഗം കൂടിയല്ലേ എന്ന് സംശയം തോന്നാറുണ്ട്. ക്ഷമിക്കണം, അവിടത്തെ ചാനൽ ചർച്ചകളും വേലിവഴക്കുകളും കാണുമ്പോൾ ഇത് ഏതു വെള്ളരിക്കാപ്പട്ടണമാണെന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്. കേരളമാണ് ഇന്ത്യ എന്ന് കുറേപ്പേർ തെറ്റിദ്ധരിച്ചിരിക്കുന്നു, അവരെ കുറച്ചു കാലം യോഗിയുടെ യു.പിയിലോ മറ്റോ കൊണ്ടുവന്ന് താമസിപ്പിക്കുന്നത് നന്നാവും.

വിദ്യാഭ്യാസത്തിലും ജോലിയിലും ധനസമ്പാദനത്തിലും നിയമപരമായ തുല്യതയിലും കൂടി ദളിതർ വിമോചിതരാകുമെന്ന് സ്വപ്നം കണ്ട അംബേദ്കർ പകുതിയേ ശരിയായിരുന്നുള്ളൂ. അങ്ങനെയാണ് ജാതിനിർമാർജനം എന്ന ആശയത്തിലും ഹിന്ദുമത തിരസ്‌കാരത്തിലും അദ്ദേഹം എത്തുന്നത്.

ഇന്നത്തെ ഇന്ത്യയിലെ ഇസ്‌ലാമിന്റെയും ക്രിസ്ത്യാനികളുടെയും ദളിതരുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും എൽ.ജി.ബി.ടി.ഇ വിഭാഗങ്ങളുടെയും, എന്തിന്, ലിബറലുകളുടെ പോലും, ശരിയായ അവസ്ഥ അവർക്ക് കേരളത്തിൽ ഇരുന്നാൽ മനസ്സിലാവുകയില്ലായിരിക്കാം. അതുകൊണ്ട് അവരുടെ പ്രശ്‌നങ്ങൾ പലപ്പോഴും ഊതിവീർപ്പിക്കപ്പെട്ട കുമിളകളാകുന്നു. വിഭജിച്ചു ഭരിക്കുന്നവരെ, സ്വയം വിഭജിച്ചു നേരിടാം എന്നവർ കരുതുന്നു!

അംബേദ്കർ പകുതിയേ ശരിയായിരുന്നുള്ളൂ

ജാതിയെ വർഗമായി മാത്രം ചുരുക്കാനാവില്ല, അവ പരസ്പരം ബന്ധപ്പെട്ട ഗണങ്ങളാണെങ്കിലും. കറുത്തവനാവുക എന്നാൽ ദരിദ്രനാവുക എന്നാണർത്ഥം എന്ന് ഫാനൺ പോലും പറയുന്നുണ്ടല്ലോ. എന്നാൽ ജാതിയും അയിത്തവും സാമ്പത്തികം മാത്രമല്ല, സാംസ്‌കാരികം കൂടിയായ പ്രശ്‌നങ്ങളാണ്. അതുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസവും ഉദ്യോഗങ്ങളും നേടിയിട്ടുപോലും ദളിതർക്ക് അപമാനിതരാകേണ്ടി വരുന്നത്. വിദ്യാഭ്യാസത്തിലും ജോലിയിലും ധനസമ്പാദനത്തിലും നിയമപരമായ തുല്യതയിലും കൂടി ദളിതർ വിമോചിതരാകുമെന്ന് സ്വപ്നം കണ്ട അംബേദ്കർ പകുതിയേ ശരിയായിരുന്നുള്ളൂ. അങ്ങനെയാണ് ജാതിനിർമാർജനം എന്ന ആശയത്തിലും ഹിന്ദുമത തിരസ്‌കാരത്തിലും അദ്ദേഹം എത്തുന്നത്. എന്നിട്ടും സവർണരുടെ സമീപനം മാറിയോ എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു പക്ഷെ ഗാന്ധിയിൽ ആകാം നാം കണ്ടെത്തുക. മുകളിൽ നിന്നും താഴെ നിന്നുമുള്ള പരിഷ്‌കരണങ്ങളും ഒപ്പം വർഗപരമായ ഉന്നതിയും ചേരുമ്പോഴേ സമത്വം സത്യമാവുകയുള്ളൂ. മാർക്‌സ്, അംബേദ്കർ, ഗാന്ധി എന്നിവർക്കെല്ലാം ഇവിടെ പരിഗണന ലഭിക്കേണ്ടതുണ്ട്, എന്നാൽ ഈ മൂന്നുപേരുടെയും പേരിൽ ആണയിടുന്നവർ പലപ്പോഴും ആത്യന്തികമായി ജാതി നിലനിർത്താനുള്ള പ്രവർത്തനങ്ങളിലാണ് അറിയാതെ തന്നെ ഏർപ്പെടുന്നത്. തിരഞ്ഞെടുപ്പിൽ പോലും അത് പ്രതിഫലിക്കുന്നുണ്ടാകാം. പു. ക. സയെ പോലെ ഇടതുപക്ഷത്ത്​ നിൽക്കുന്ന ഒരു സംഘടനക്ക്​ പറ്റുന്ന തെറ്റും ജാതിയുടെ സാമൂഹ്യ- സാംസ്‌കാരിക വിവക്ഷകൾ ശരിയായി മനസ്സിലാക്കാത്തതു തന്നെയാണ്; വിമർശവിഷയമായ പ്രകടനം ചിലരുടെ ശിരസ്സിൽ മാത്രം ഉദിച്ചതാകാമെങ്കിലും.

എഴുത്തുകാരന്റെ രാഷ്​ട്രീയം

എഴുത്തുകാരും പൗരർ തന്നെയാണല്ലോ. ആ നിലയിലാണ് അവർ ജനാധിപത്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്, എഴുത്തുകാർ എന്ന അവരുടെ സാമൂഹ്യപദവി അതിൽ അവരെ പിന്തുണയ്ക്കുന്നുണ്ടാകാമെങ്കിലും. വലതുപക്ഷം സ്വതന്ത്ര ചിന്തയ്ക്കും ആവിഷ്‌കാരത്തിനുമെല്ലാം ഭീഷണിയാകുന്ന ഒരു കാലത്ത് ജനാധിപത്യബോധമുള്ള എഴുത്തുകാരും കലാകാരന്മാരും ഏതെങ്കിലും രീതിയിൽ - തങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനെങ്കിലും- രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാകണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അത് എങ്ങനെ വേണം എന്നത് അവർ തന്നെയാണ് തീരുമാനിക്കേണ്ടത്. എഴുത്തും പ്രസംഗവും ചർച്ചകളും പ്രസ്താവനകളും സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവും ഇതര ബോധവത്കരണപ്രയോഗങ്ങളും എല്ലാമാകാം അവരുടെ വഴി. സംഘടനകളുടെ രൂപീകരണവും പത്രപ്രവർത്തനവും മറ്റു വഴികളാണ്. ഈ വഴികൾ എല്ലാമുപയോഗിക്കുന്ന ഒരാളാണ് ഞാൻ. എന്റെ കൂടി മുൻകൈയിലാണ് ആറു വർഷമായി ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറവും അതിന്റെ ഇന്ത്യൻ കൾച്ചറൽ ഫോറം വെബ്‌സൈറ്റും ഗുഫ്ടുഗു എന്ന ഓൺലൈൻ ത്രൈമാസികവും നടക്കുന്നത്. ഞങ്ങൾ ഇടയ്ക്കിടെ ചർച്ചകളും സംഘടിപ്പിക്കാറുണ്ട്.

ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറം പ്രവർത്തകരായ കെ. സച്ചിദാനന്ദൻ, ഗീത ഹരിഹരൻ, റോമില ഥാപ്പർ, ശ്യാം ബി. മേനോൻ.

വെബ്‌സൈറ്റ് മൾട്ടിമീഡിയാ സ്വഭാവം ഉള്ളതാണ്. ഇന്ത്യയിലെ ഒട്ടേറെ എഴുത്തുകാർ, സംഗീതകാരന്മാർ, ചിത്രകാരന്മാർ, കാർട്ടൂണിസ്റ്റുകൾ, തിയ്യേറ്റർ -സിനിമാ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ -എല്ലാം ഞങ്ങളുടെ കൂടെയുണ്ട്. ഇപ്പോൾ ഇല്ലാത്ത ഗിരീഷ് കർണാട്, അനന്തമൂർത്തി, കൃഷ്ണ സോബ്തി, മംഗളെഷ് ദബ്രാൽ തുടങ്ങിയവരെ കൂടാതെ ആനന്ദ്, എം. മുകുന്ദൻ, അനുരാധാ കപൂർ, ശുഭാ മുദ്ഗൽ, ടി. എം. കൃഷ്ണ, ഗുലാം മുഹമ്മദ് ഷേഖ്, ഗണേഷ് ഡേവി, ഇ. പി. ഉണ്ണി, ഒറിജിത് സെൻ, റൊമീലാ ഥാപ്പർ, രാമചന്ദ്ര ഗുഹ, ആനന്ദ് തെൽതുംബ്‌ദെ, കേകി ദാരുവാലാ, ഗോപാൽ ഗുരു, ടീസ്റ്റ സെതൽവാദ്, ഇന്ദിര ജയ്‌സിംഗ്, അതുൽ ദോഡിയാ, നന്ദിനി സുന്ദർ, അശോക് വാജ്‌പൈ, റിയാസ് കോമു, ശരൺകുമാർ ലിംബാലെ, അംബൈ, സൽമ, പെരുമാൾ മുരുഗൻ, കുട്ടി രേവതി, ബാമ, നീലിമ ഷേയ്ഖ്, വിവാൻ സുന്ദരം, മാമംഗ് ദായ്, കാർത്തിക നായർ, ഉദയ് പ്രകാശ്, അനന്യ വാജ്‌പേയി, ജാവേദ് അഖ്തർ, ആദിൽ ജുസ്സാവാലാ, റഹ്‌മാൻ അബ്ബാസ്, എൻ. എസ്. മാധവൻ, ഹനസ്ടാ സോവേന്ദ്ര ശേഖർ, നയൻ താരാ സഹ്ഗൽ, ഹുച്ചൻഗി പ്രസാദ്, ശാന്താ ഗോഖലെ, വരവരറാവു, റീതാ കോത്താരി, ജെ. വി. പൊവാർ, രണ്ബീർ കലേകാ, മല്ലിക സാരാഭായി, പ്രബീർ പുരകായസ്ഥ, ഗീത ഹരിഹരൻ (ഞാനും ഗീതയുമാണ് മാനേജിംഗ് ട്രസ്റ്റികൾ) ഇങ്ങനെ എത്രയെങ്കിലും പേർ ഈ ഫോറത്തിൽ അംഗങ്ങളോ അതുമായി സഹകരിക്കുന്നവരോ ആയി ഉണ്ട്.

ഒട്ടും വിഭാഗീയത ഇല്ലാതെ വലതുപക്ഷതിനെതിരായ ഒരു സാംസ്‌കാരിക കൂട്ടായ്മ ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വലതുപക്ഷത്തിനെതിരെ നിൽക്കുന്ന ലിബറലുകൾ മുതൽ പല വിഭാഗം കമ്യൂണിസ്റ്റുകാർ, ദളിത് -ആദിവാസി ബുദ്ധിജീവികൾ, ഫെമിനിസ്റ്റുകൾ ഇവരെല്ലാം ഇക്കൂട്ടത്തിലുണ്ട് എന്ന് പറയേണ്ടതില്ലല്ലോ. ഇന്ന് ബുദ്ധിജീവികളുടെ ഒരു പ്രധാന കടമ ഇത്തരം വിശാലമായ കൂട്ടായ്മകൾ രൂപീകരിക്കുകയാണ് എന്ന് ഞാൻ കരുതുന്നു. വിഭാഗീയ സംഘടനകൾ വലതുപക്ഷത്തെ മാത്രമേ സഹായിക്കൂ.▮


കെ. സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു.

Comments