ടി.പി വധക്കേസ്: പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഹൈക്കോടതി, 20 വർഷത്തിനിടെ പരോൾ നൽകരുത്

നേരത്തെ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാം പ്രതിയുടെയും ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയർത്തി.

Political Desk

ആർ.എം.പി സ്ഥാപകനേതാവായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി. ആറ് പ്രതികളുടെ ശിക്ഷ കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തി. നേരത്തെ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാം പ്രതിയുടെയും ശിക്ഷയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. എട്ടു പ്രതികൾക്കും 11-ാം പ്രതി ട്രൗസർ മനോജിനും ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി.പി. ചന്ദ്രശേഖരന്റെ പങ്കാളിയും എം.എൽ.എയുമായ കെ.കെ. രമ സമർപ്പിച്ച ഹർജിയിലാണ് വിധി.

ടി.പി വധക്കേസിൽ കുറ്റക്കാരായ 1,2,3,4,5,7 പ്രതികൾക്ക് ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. പ്രതികളായ എം.സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്‌, മുഹമ്മദ് ഷാഫി, കെ.ഷിനോജ്, എന്നിവരുടെ ശിക്ഷയാണ് വർധിപ്പിച്ചത്. ആറാംപ്രതി അണ്ണൻ സിജിത്തിന്റെ ശിക്ഷ വർധിപ്പിച്ചിട്ടില്ല.

പുതുതായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളായ കെ.കെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. പ്രതികൾ കെ.കെ രമയ്ക്ക് ഏഴ് ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും നൽകണം. ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ട പ്രതികൾക്ക് യാതൊരു കാരണവശാലും 20 വര്‍ഷത്തിനിടയിൽ പരോൾ നൽകരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകുന്നി​ല്ലെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസ് എ.കെ ജയശങ്കർ നമ്പ്യാറും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Comments