മദ്യനയം: തീരുമാനങ്ങൾ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളുമായി ചർച്ച ചെയ്​ത​ശേഷം എടുത്തത്​- മന്ത്രി എം.വി. ഗോവിന്ദൻ

മദ്യനയത്തിനെതിരായ എതിർപ്പുകളിലൊന്നും യാതൊരു കാര്യവുമില്ല. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുന്നത് മദ്യ വിൽപ്പനയിൽ നിന്നും ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല. കാർഷിക ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കാർഷിക രംഗത്തെ സഹായിക്കുക എന്നതാണ് സർക്കാരിന്റെ ഈ തീരുമാനത്തിനുപിന്നിൽ- എക്​സൈസ്​ മന്ത്രി എം.വി.​ ഗോവിന്ദൻ പറയുന്നു.

രുന്ന സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭ കഴിഞ്ഞ ദിവസം അനുമതി നൽകി. ഐടി മേഖലകളിൽ പബ്ബുകൾ ആരംഭിക്കാനും വിദേശമദ്യ ചില്ലറ വിൽപ്പനശാലകളുടെ എണ്ണം വർധിപ്പിക്കാനും കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുമാണ് പുതുക്കിയ മദ്യനയത്തിലെ സുപ്രധാന വ്യവസ്ഥകൾ. കൂടാതെ കേരളത്തിന് ആവശ്യമായ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ബിയറും ഉൽപ്പാദിപ്പിക്കുന്നതിനായി നിലവിലുള്ള സ്ഥാപനങ്ങളിൽ ഉൽപ്പാദനം കൂട്ടാനും പുതിയ യൂണിറ്റുകൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പ് നൽകുന്ന എല്ലാ സേവനങ്ങളും നാളെ മുതൽ ഓൺലൈൻ വഴി ലഭ്യമാക്കും. വിനോദസഞ്ചാര മേഖലയെ ലക്ഷ്യമിട്ട് മദ്യലഭ്യത ഉറപ്പാക്കാനും തീരുമാനമായിട്ടുണ്ട്.

അതേസമയം, സർക്കാരിന്റെ പുതുക്കിയ മദ്യനയത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. കേരളത്തെ സർവ്വനാശത്തിലെത്തിക്കുന്ന മദ്യനയം പിൻവലിക്കണമെന്നായിരുന്നു മുൻ കെ.പി.സി.സി പ്രസിഡൻറ്​ വി.എം സുധീരൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ ഉള്ളടക്കം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം മൂലം അതിഗുരുതരമായ സാമൂഹിക ദുരവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും ഈ സാഹചര്യത്തിൽ പുതിയ മദ്യനയം സമൂഹത്തെ സർവ്വനാശത്തിലേക്ക് നയിക്കുമെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്.

കേരളത്തെ മദ്യത്തിൽ മുക്കി സർക്കാരിന്റെ വരുമാനം ഇരട്ടിയാക്കാനും സിപിഎമ്മിന് പണമുണ്ടാക്കാനുമാണ് ഈ മദ്യനയമെന്നാണ് കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ പ്രതികരിച്ചത്. വീടുകളും ജോലി സ്ഥലങ്ങളും മദ്യനിർമാണ ശാലകളും ബാറുകളായി പരിഗണിക്കുന്ന നയമാണ് പിണറായി സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത് വൻ ദുരന്തത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം പുതുക്കിയ മദ്യനയം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി എൽ.ഡി.എഫിലെ മുഖ്യസഖ്യകക്ഷിയായ സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി രംഗത്തുണ്ട്​. തീരുമാനം ഇടതുസർക്കാർ നയത്തിന് വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വിദേശമദ്യശാലകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

ഇത്തരം എതിർപ്പുകളൊന്നും പുതുക്കിയ മദ്യനയത്തെ ബാധിക്കില്ലെന്നാണ് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദൻ ട്രൂ കോപ്പി തിങ്കിനോട് പ്രതികരിച്ചത്. ‘‘പ്രതിപക്ഷമായാലും ഭരണപക്ഷമായാലും ഈ മദ്യനയത്തെ എതിർക്കുന്നുണ്ടെന്ന് തോന്നുന്നില്ല. അതിനാൽ, സർക്കാരിന് അതിനെ നേരിടേണ്ട അവസ്ഥയുമില്ല. സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി ചർച്ച ചെയ്ത് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ചിട്ടുള്ളത്. മദ്യനയത്തോടുള്ള ഒരു എതിർപ്പും ഒരു രാഷ്ട്രീയ പാർട്ടിയും സർക്കാരിനെ അറിയിച്ചിട്ടില്ല. മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ കെ-റെയിലിനെതിരെ ഉയരുന്ന അടിസ്ഥാനരഹിതമായ എതിർപ്പുകൾ പോലെ കണക്കാക്കിയാൽ മതി.

ആ എതിർപ്പുകളിലൊന്നും യാതൊരു കാര്യവുമില്ല. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുന്നത് മദ്യ വിൽപ്പനയിൽ നിന്നും ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല. കാർഷിക ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കാർഷിക രംഗത്തെ സഹായിക്കുക എന്നതാണ് സർക്കാരിന്റെ ഈ തീരുമാനത്തിന് പിന്നിലെ ലക്ഷ്യത്തിന് കാരണം.' അദ്ദേഹം വിശദീകരിച്ചു.

Comments