ജയരാജനും സുധാകരനും നേർക്കു നേർ; കണ്ണൂരിൽ പൊളിറ്റിക്കൽ സസ്പെൻസ്

1962 ൽ കെ.ടി. സുകുമാരൻ എന്ന സുകുമാർ അഴീക്കോട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടിക്കറ്റിൽ തലശ്ശേരിയിൽ അങ്കത്തിനിറങ്ങി. ഇടതുസ്വതന്ത്രനായി എസ്.കെ പൊറ്റക്കാടും. ധിഷണാശാലികളായ രണ്ടുപേർ ഏറ്റുമുട്ടിയ അത്യപൂർവ തെരഞ്ഞെടുപ്പ് മത്സരം. അഴീക്കോട് തോറ്റു എസ്.കെ. ജയിച്ചു. 1971 ൽ ശക്തരായ രണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കൾ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പ്. സി.കെ. ചന്ദ്രപ്പനും പാട്യം ഗോപാലനും. ഫലം വന്നപ്പോൾ നെൽക്കതിർ അരിവാളിനെ വെട്ടി.

Election Desk

ണ്ണൂരിലെ കോൺഗ്രസിലെ എക്കാലത്തേയും ശക്തനായ നേതാവും നിലവിലെ കെ.പി.സി.സി. പ്രസിഡന്റുമായ കെ.സുധാകരനും കണ്ണൂരിലെ സിപിഎമ്മിന്റെ പൊതുസമ്മതനായ നേതാവും ജില്ലാ സെക്രട്ടറിയും കൂടിയായ എം.വി. ജയരാജനും തമ്മിലുള്ള പോരാട്ടം കണ്ണൂർ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കാൻ കൂടി പോന്ന തെരഞ്ഞെടുപ്പാണ്. 1957 മുതലുള്ള ചരിത്രം പരിശോധിച്ചാൽ എട്ടു തവണ യു.ഡി.എഫിനൊപ്പവും ആറ് തവണ എൽ.ഡി.എഫിനൊപ്പവും നിന്ന മണ്ഡലം ഗംഭീരമായൊരു പൊളിറ്റിക്കൽ സസ്‌പെൻസ് കാത്തുസൂക്ഷിക്കുന്നുണ്ട് എന്ന് വ്യക്തം. കണ്ണൂർ രാഷ്ട്രീയത്തിൽ കൊണ്ടും കൊടുത്തും വളർന്ന രണ്ട് രാഷ്ട്രീയക്കാർ തമ്മിലുള്ള മത്സരത്തിന്റെ സസ്‌പെൻസ്.

ജയിച്ചാൽ താൻ ബി.ജെ.പിയിലേക്ക് പോവില്ലെന്ന ഉറപ്പാണ് സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ആദ്യ മണിക്കൂറിലെ ആദ്യ പ്രതികരണത്തിൽ എം.വി. ജയരാജൻ പറഞ്ഞ് വെച്ചത്. കെ.സുധാകരന്റെയും കോൺഗ്രസിന്റെയും മൃദു ഹിന്ദുത്വ നിലപാടിനോടുള്ള വിമർശനവും സംഘപരിവാർ രാഷ്ട്രീയത്തെ എതിരിടാൻ ഇടതുപക്ഷമാണ് ബദൽ എന്ന മുദ്രവാക്യത്തിലുമുറച്ചാണ് ജയരാജന്റെ പ്രചാരണം മുന്നോട്ട് പോകുന്നത്. അതുവഴി ലോക്സഭാ തെരഞ്ഞെടുപ്പിൽ കാലാകാലങ്ങളായി കോൺഗ്രസിന് കിട്ടിക്കൊണ്ടിരുന്ന ന്യൂനപക്ഷ വോട്ടിലേക്ക് കടന്നുചെല്ലാമെന്നും കണ്ണൂരിലെ സംഘപരിവാർ വിരുദ്ധ വോട്ടിന്റെ ഏകീകരണം സാധ്യമാകും എന്നും കണക്കുകൂട്ടുന്നുണ്ട് കണ്ണൂരിലെ എൽ.ഡി.എഫ്. പാർട്ടിക്കുള്ളിലെ വോട്ട് ചോർച്ച ഇത്തവണ ഉണ്ടാവില്ലെന്ന് ഉറപ്പിക്കാനും ജയരാജന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ സാധിക്കുമെന്ന് പാർട്ടി കരുതുന്നുണ്ട്.

നരേന്ദ്രമോദിയുടെയും പിണറായി വിജയന്റെയും ദുർഭരണത്തിനെതിരായ ജനവിധിയാകും കണ്ണൂരിൽ എന്ന് പ്രഖ്യാപിച്ചാണ് സുധാകരൻ ഇത്തവണ പ്രചരണത്തിനിറങ്ങിയത്. സി.പി.ഐ.എമ്മിന്റെ അക്രമ രാഷ്ട്രീയവും ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള സംഘപരിവാറിന്റെ ആക്രമണവും ബി.ജെ.പി സർക്കാറിനെ എതിരിടാനുള്ള കോൺഗ്രസിന്റെ സാധ്യതയും സുധാകരൻ പ്രചരണായുധമാക്കുന്നുണ്ട്. ലീഗിന്റെ ശക്തമായ പിന്തുണയാണ് കണ്ണൂരിലെ കോൺഗ്രസിന്റെ വിധി നിർണ്ണിയിക്കുന്നത്. മൂന്ന് ലക്ഷത്തോളം വരുന്ന മുസ്‌ലിം വോട്ടുകൾ ഇത്തവണ ആർക്കൊപ്പം നിൽക്കും എന്നതും കണ്ണൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നുണ്ട്.

എ.കെ.ജി.

ആയില്യത്ത് കുറ്റിയാരി ഗോപാലൻ എന്ന എ.കെ ഗോപാലനിൽ നിന്നാണ് കണ്ണൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രം ആരംഭിക്കുന്നത്. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലബാറിലായിരുന്നു കണ്ണൂർ. എൻപതിനായിരത്തിലധികം വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് എ.കെ.ജിയെ പാർലമെന്റിലേക്ക് അയക്കുന്നത്. അങ്ങനെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തതിൽ പ്രധാനിയായിരുന്ന എ.കെ.ജി കണ്ണൂരിന്റെ ആദ്യ ലോക്‌സഭാ എം.പിയായി.

1956 ൽ കേരളം പിറന്നു. കണ്ണൂർ മണ്ഡലം തലശ്ശേരി മണ്ഡലമായി. 1957 ൽ ഇടതുസ്വതന്ത്രനായി മത്സരിച്ച സാഹിത്യകാരൻ എസ്.കെ. പൊറ്റക്കാടിനെ തോൽപ്പിച്ച് എം.കെ. ജിനചന്ദ്രൻ ലോക്‌സഭയിലേക്ക് പോയി.

1962 ൽ കെ.ടി. സുകുമാരൻ എന്ന സുകുമാർ അഴീക്കോട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടിക്കറ്റിൽ തലശ്ശേരിയിൽ അങ്കത്തിനിറങ്ങി. ഇടതുസ്വതന്ത്രനായി എസ്.കെ പൊറ്റക്കാടും. രണ്ട് സാഹിത്യകാരൻമാർ തമ്മിലൊരു രാഷ്ട്രീയ പോരാട്ടം. ധിഷണാശാലികളായ രണ്ടുപേർ ഏറ്റുമുട്ടിയ അത്യപൂർവ തെരഞ്ഞെടുപ്പ് മത്സരം. അഴീക്കോട് തോറ്റു എസ്.കെ. ജയിച്ചു. 64,950 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എസ്.കെ. പാർലമെന്റിലേക്ക്.

സുകുമാർ അഴീക്കോട്, എസ്.കെ. പൊറ്റെക്കാട്ട്

1964 ൽ കമ്മ്യൂണിസ്റ്റു പാർട്ടി രണ്ടായി പിളർന്നു. സിപിഐയും സിപിഐഎമ്മും ഉണ്ടായി.

അടുത്ത പൊതുതെരഞ്ഞെടുപ്പ് 1967 ൽ. പിളർപ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ അന്നത്തെ ഏറ്റവും ജനകീയ മുഖമായ പാട്യം ഗോപാലനെ ഇറക്കി സിപിഎം. പാട്യം 84,312 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തലശ്ശേരിയിൽ നിന്നും പാർലമെന്റിലെത്തി.

1971. സി.പി.ഐയും സിപിഎമ്മും നേർക്കുനേർ പോരാടിയ തെരഞ്ഞെടുപ്പ്. ജനകീയ നേതാവായ സി.കെ. ചന്ദ്രപ്പനെ ഇറക്കി സിപിഐ. പാട്യം ഗോപാലനെ ഇറക്കി സിപിഐഎം. ശക്തരായ രണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കൾ പരസ്പരം ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പ്. 39,824 വോട്ടിന്റെ ഭൂരിപക്ഷത്തിന് നെൽക്കതിർ അരിവാളിനെ വെട്ടി.

പാട്യം ഗോപാലൻ, സി.കെ. ചന്ദ്രപ്പൻ

1977 ൽ വീണ്ടുമൊരു സിപിഐ - സിപിഎം പോരാട്ടം. തലശ്ശേരി മണ്ഡലത്തിന്റെ പേര് വീണ്ടും കണ്ണൂരെന്നായി. ഇത്തവണ സിപിഎം ഒ. ഭരതനെ ഇറക്കി. സി.കെ. ചന്ദ്രപ്പനെ തന്നെ സിപിഐ വീണ്ടും ഇറക്കി. കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണിക്കൊപ്പമായിരുന്നു സിപിഐ മത്സരിക്കാനിറങ്ങിയത്. ഫലം വന്നു, വീണ്ടും സി.കെ. ചന്ദ്രപ്പൻ കണ്ണൂരിൽ നിന്നും എം.പിയായി.

1980 ൽ കോൺഗ്രസ് പിളർന്നു. അങ്ങനെയാണ് ആന്റണി കോൺഗ്രസും കരുണാകരൻ കോൺഗ്രസും ഉണ്ടായത്. ഇവർ തമ്മിലായിരുന്നു ഇത്തവണ മത്സരം. ഇടതു പിന്തുണയോടെ മത്സരിച്ച ആന്റണി കോൺഗ്രസിലെ കെ. കുഞ്ഞമ്പു 73,257 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കണ്ണൂരിൽ നിന്ന് എം.പിയായി. ആന്റണി കോൺഗ്രസ് വിഭാഗത്തിന് കേരളത്തിൽ കാര്യമായ നേട്ടമൊന്നും ഇല്ലാതിരുന്ന തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. പക്ഷെ കണ്ണൂരിൽ ജയിച്ചു.

1984 ലാണ് കണ്ണൂരിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന യുവ നേതാവിന്റെ വരവ്. 84 മുതൽ 98 വരെ കണ്ണൂരിന് ഒരൊറ്റ എം.പിയേ ഉണ്ടായിരുന്നുള്ളു അത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. 84 ൽ പാട്യം ഗോപാലനെയും 89 ൽ പി.ശശിയേയും 91 ൽ ഇ. ഇബ്രാഹിം കുട്ടിയെയും തോൽപ്പിച്ച് മുല്ലപ്പള്ളി ഹാട്രിക്ക് വിജയം നേടി കണ്ണൂരിൽ നിന്നുള്ള എം.പിയായി. 1996 ലും 1998 ലും ആ വിജയം ആവർത്തിച്ച് തുടർച്ചയായി അഞ്ച് തവണ മുല്ലപ്പള്ളി ഇടതുപക്ഷത്തെ തോൽപ്പിച്ചു. കടന്നപ്പള്ളി രാമചന്ദ്രനെയും മന്ത്രിയായിരിക്കെ മത്സരിക്കാനിറങ്ങിയ ഷൺമുഖദാസിനെയും തോൽപ്പിച്ചാണ് കണ്ണൂരിൽ മുല്ലപ്പള്ളി ജൈത്രയാത്ര നടത്തിയത്.

എ.പി. അബ്ദുല്ലക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ

അങ്ങനെയിരിക്കെയാണ് 1999 ൽ കോൺഗ്രസിന്റെ വിജയയാത്രയ്ക്ക് തടയിടാൻ ഇടതുപക്ഷം രണ്ടും കൽപ്പിച്ചിറങ്ങിയത്. ഏത് വിധേയനേയും കണ്ണൂർ തിരിച്ചു പിടിക്കാൻ ഇത്തവണ ഇടതുപക്ഷം അവതരിപ്പിച്ചത് എ.പി. അബ്ദുള്ള കുട്ടി എന്ന യുവനേതാവിനെ. 10,247 വോട്ടിന്റെ ഭൂരിപക്ഷം നേടി അബ്ദുള്ള കുട്ടി കണ്ണൂരിൽ അൽഭുതം കാട്ടി, സിപിഎമ്മിന്റെ അൽഭുതക്കുട്ടിയായി. ആ വിജയം 2004 ലും അബുദുള്ള കുട്ടി ആവർത്തിച്ചു. വീണ്ടും തോറ്റു മുല്ലപ്പള്ളി. ഭൂരിപക്ഷം 83,849 ആയി ഉയർത്തിയായിരുന്നു ഇടതുപക്ഷത്തിന്റെ ആധികാരിക ജയം.

2009 ആവുമ്പോഴേക്കും അബ്ദുള്ള കുട്ടി സിപ്പിഎമ്മുമായി തെറ്റിപ്പിരിഞ്ഞു. മണ്ഡലം നിലനിർത്താൻ സിപിഎം കെ.കെ. രാഗേഷിനെ ഇറക്കിയെങ്കിലും കണ്ണൂരിലെ കോൺഗ്രസിന്റെ അതികായൻ കെ.സുധാകരനോട് തോറ്റ് മടങ്ങി. 2014 ൽ കെ.സുധാകരനെ തോൽപ്പിച്ച് ശ്രീമതി ടീച്ചർ മണ്ഡലം തിരിച്ചു പിടിച്ചു.

2019, അതായത് ഇന്ത്യ എന്ന സങ്കൽപ്പം നിലനിൽക്കണോ വേണ്ടയോ എന്ന ചോദ്യം രാജ്യം മുഴുക്കെ ഉയർന്നു കേട്ട പൊതുതെരഞ്ഞെടുപ്പ്. ആകെ മാറി മറഞ്ഞ ദേശീയ രാഷ്ട്രീയം രാഹുൽ ഗാന്ധിയുടെ വരവിനായി കാത്തിരുന്ന തെരഞ്ഞെടുപ്പായിരുന്നു അത്. കണ്ണൂരിൽ കോൺഗ്രസിന് കെ.സുധാകരൻ അല്ലാതെ മറ്റൊരു പേരും ഉണ്ടായിരുന്നില്ല. സുധാകരൻ വീണ്ടും മത്സരിച്ചു. എതിരാളി ശ്രീമതി ടീച്ചർ തന്നെ. 6,566 ന്റെ ഭൂരിപക്ഷമുണ്ടായിരുന്നിടത്തുനിന്ന് 94, 559 ന്റെ ഭൂരിപക്ഷത്തിലേക്ക് ഉയർത്തി, കേരളത്തിലാകെ അലയടിച്ച രാഹുൽ തരംഗത്തിന്റെ കൂടെ നിന്നു കണ്ണൂർ.

2021, കേരളത്തിൽ പിണറായി വിജന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നു. കെ.സുധാകരൻ കെ.പി.സി.സി പ്രസിഡന്റായി.

2019ൽ പാർലമെന്റ് പാസാക്കി, രാഷ്ട്രപതി അംഗീകാരവും നൽകിയ പൗരത്വനിയമ ഭേദഗതിക്ക് നാലര വർഷങ്ങൾക്കുശേഷം, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ഒരാഴ്ച മാത്രമുള്ളപ്പോൾ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് ഉത്തരവിറക്കുന്ന യൂണിയൻ സർക്കാറിന്റെ 2024 കാലം.

കണ്ണൂരിലെ രാഷ്ട്രീയ ചിത്രം വ്യക്തം. സംഘപരിവാറിനെ എതിരിടാനുള്ള ശേഷി ആർക്ക് എന്ന ചോദ്യം കണ്ണൂരിൽ ഉറപ്പായും ഉയരും. നരേന്ദ്ര മോദി പ്രഖ്യാപിച്ച പൗരത്വ ഭേദഗതി നിയമം നാം ഭരണത്തിൽ വരുന്നതോടെ അറബിക്കടലിലേക്ക് വലിച്ചെറിയും എന്ന കെ.സുധാകരന്റെ ആദ്യ പ്രതികരണവും ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ തയ്യാറാകുമോ എന്ന ജയരാജന്റെ ചോദ്യവും അതിന്റെ കൂടി സൂചനയായി കാണാം.

കേരളത്തിൽ ഏറ്റവും സജീവമായി ആർ.എസ്.എസ്. പ്രവർത്തിക്കുന്ന കണ്ണൂരിൽ പക്ഷെ വാർത്തകൾക്കും ബഹളങ്ങൾക്കും അപ്പുറം വോട്ട് വിഹിതം ദുർബലമാണ്. കണ്ണൂരിൽ ബിജെപി നേടിയ ഏറ്റവും ഉയർന്ന വോട്ട് നില കഴിഞ്ഞ തവണ സി.കെ. പത്മനാഭൻ നേടിയ 68,509 ആണ്. സി.കെ.പി. എന്ന ബിജെപിയുടെ ഏറ്റവും തലയെടുപ്പുള്ളൊരു നേതാവ് മത്സരിച്ചിട്ടു പോലും കണ്ണൂരിൽ നിലം തൊട്ടില്ല ബി.ജെ.പി. ഇത്തവണ ബി.ജെ.പിക്ക് വേണ്ടി ഇറങ്ങുന്നത് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച, ഡി.സി.സി സെക്രട്ടറിയായിരുന്ന സി. രഘുനാഥാണ്. പക്ഷെ ഇത്തവണയും കണ്ണൂരിൽ ബിജെപി കാഴ്ചക്കാർ മാത്രമാണ്.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, മട്ടന്നൂർ, ധർമ്മടം, പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളുൾക്കൊള്ളുന്നതാണ് കണ്ണൂർ ലോകസഭാ നിയോജകമണ്ഡലം.

Comments