അഞ്ചുവർഷത്തെ ഇടവേളക്കുശേഷം ആലത്തൂർ എന്ന സ്വന്തം കോട്ട സി.പി.എം തിരിച്ചുപിടിച്ചു. സിറ്റിംഗ് എം.പി കോൺഗ്രസിന്റെ രമ്യാ ഹരിദാസിനെ തോൽപ്പിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ വിജയത്തിലേക്ക്. എൻ.ഡി.എയുടെ ടി.എൻ. സരസു മൂന്നാം സ്ഥാനത്തെത്തി. സംസ്ഥാനമാകെ വിശീയടിച്ച യു.ഡി.എഫ് തരംഗത്തിനിടയിൽ ആലത്തൂരിലെ ജയം സി.പി.എമ്മിന് വലിയ ആശ്വാസം കൂടിയാണ്.
കെ. രാധാകൃഷ്ണന്റെ ജയത്തോടെ സംസ്ഥാന മന്ത്രിസഭയിലും ചേലക്കര നിയമസഭാ മണ്ഡലത്തിനും ഒഴിവുവരും.
കഴിഞ്ഞ തവണ നേടിയ വലിയ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിലാണ് രമ്യാ ഹരിദാസിനെ തന്നെ കോൺഗ്രസ് ആലത്തൂർ ഏൽപ്പിച്ചത്. എന്നാൽ എം.പി എന്ന നിലയിലുള്ള അവരുടെ പരാജയം സി.പി.എം ഫലപ്രദമായി ഉയർത്തിക്കാട്ടിയത് വലിയ തിരിച്ചടിയായി. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയർന്ന മുറുമുറുപ്പുകൾ പ്രചാരണത്തെ ബാധിക്കുകയും ചെയ്തു.
സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന ആലത്തൂർ സംവരണ മണ്ഡലത്തിൽ തീർത്തും അപ്രതീക്ഷിത വിജയമാണ് കഴിഞ്ഞ തവണ രമ്യ നേടിയത്. ഹാട്രിക് ജയം ഉറപ്പിച്ചിരുന്ന പി.കെ. ബിജുവിനെ 1.58 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രമ്യ അട്ടിമറിച്ചത്. 51.37 ശതമാനം വോട്ടു ഷെയറും അവർ നേടി. കഴിഞ്ഞ തവണയുണ്ടായ തോൽവി ആകസ്മികമായിരുന്നുവെന്നും ഇടതുപക്ഷത്തിന്റെ കോട്ടയിൽ, മികച്ച സ്ഥാനാർഥിയെ ഇറക്കിയാൽ നിഷ്പ്രയാസം മണ്ഡലം തിരിച്ചുപിടിക്കാമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് സി.പി.എം ഇത്തവണ മന്ത്രി കെ. രാധാകൃഷ്ണനെ തന്നെ സ്ഥാനാർഥിയാക്കിയത്. ഇത്തവണ പരാജയം ആവർത്തിക്കരുതെന്ന് സിപിഎമ്മിന് നിർബന്ധമുണ്ടായിരുന്നു. ജനപ്രതിനിധിയെന്ന നിലയ്ക്കുള്ള മികച്ച പ്രതിച്ഛായ, ചേലക്കരയിൽ നിന്ന് നേടിയ 39,400 വോട്ടുകളുടെ ഭൂരിപക്ഷം തുടങ്ങിയ അനുകൂലഘടകങ്ങൾ കെ. രാധാകൃഷ്ണനുണ്ടായിരുന്നു. മാത്രമല്ല, മണ്ഡലത്തിലെ അടിസ്ഥാനവർഗ വിഭാഗങ്ങളുമായി അടുത്ത ബന്ധവുമുള്ള നേതാവാണ് രാധാകൃഷ്ണൻ. ഇത്തരം ഘടകങ്ങളെല്ലാം അനുകൂലമായതുകൊണ്ട് സി.പി.എം ജയം ഉറപ്പിച്ചു. കാമ്പയിനിലുടനീളം ഈ ആവേശം പ്രകടമായിരുന്നുവെന്നു മാത്രമല്ല, അവസാന ഘട്ടത്തിൽ ജയം ഉറപ്പിച്ച മട്ടിലായിരുന്നു ഇടതുക്യാമ്പ്. കെ. രാധാകൃഷ്ണൻ എം.പിയായാൽ, ചേലക്കര നിയമസഭാ മണ്ഡലത്തിൽ ആരെ സ്ഥാനാർഥിയാക്കണമെന്നതുവരെയുള്ള ചർച്ചകൾ ഇടതുക്യാമ്പ് തുടങ്ങിവക്കുക കൂടി ചെയ്തു. സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും ആത്മവിശ്വാസം അതേപടി ജയത്തിലേക്ക് കുതിക്കുകയും ചെയ്തു.
പാലക്കാടൻ ചൂടിനെ മറികടക്കും വിധമായിരുന്നു പ്രചാരണമെങ്കിലും പോളിംഗ് ശതമാനം കുറഞ്ഞത് - 73.20 ശതമാനം - ഇരു കക്ഷികളെയും ആശങ്കയിലാക്കിയിരുന്നു. 2019നെ അപേക്ഷിച്ച് ഏഴ് ശതമാനം വോട്ടാണ് ഇത്തവണ കുറഞ്ഞത്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് കെ. രാധാകൃഷ്ണൻ എം.എൽ.എ ആയ ചേലക്കര മണ്ഡലത്തിലും, 72.01. എന്നാൽ ചേലക്കരയിലെ പോളിംഗ് കുറവ് എൽ.ഡിഎഫിനെ കാര്യമായി ബാധിച്ചില്ലെന്നാണ് വിലയിരുത്തലുകൾ. അതേ സമയം യു.ഡി.എഫിന് നിർണായകമായിരുന്ന ചിറ്റൂരിൽ ഭേദപ്പെട്ട പോളിംഗ് നടന്നത് രമ്യാ ഹരിദാസിന് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ 74.14 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ചിറ്റൂർ ഇത്തവണയും തുണയാകുമെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾ തെറ്റി.
കഴിഞ്ഞ തവണ എന്തെങ്കിലും തരംഗത്തിന്റെ പേരിലായിരുന്നില്ല രമ്യയുടെ ജയം എന്നുറപ്പിക്കാനും അവർ മണ്ഡലത്തിലുടനീളം നേടിയെടുത്ത ജനകീയത വോട്ടാക്കി മാറ്റാനും കോൺഗ്രസ് ശക്തമായ കാമ്പയിനാണ് നടത്തിയത്. എതിർ സ്ഥാനാർഥി കരുത്തനായ സ്ഥിതിക്ക് പിഴവില്ലാത്ത കാമ്പയിനാണ് കോൺഗ്രസ് നടത്തിയത്. എന്നാൽ, എം.പിയെന്ന നിലയ്ക്കുള്ള രമ്യയുടെ പ്രകടനത്തെക്കുറിച്ചുള്ള സി.പി.എം വിമർശനങ്ങൾക്ക് മറുപടി പറയാൻ കോൺഗ്രസിനായില്ല.
രമ്യക്കെതിരെ പ്രാദേശികമായി കോൺഗ്രസിൽ തന്നെ എതിർപ്പുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവർക്കെതിരായ എൽ.ഡി.എഫ് ആരോപണങ്ങളെ കൃത്യമായി പ്രതിരോധിക്കാനായില്ല. വൻകിട പദ്ധതികൾ കൊണ്ടുവരാനായില്ല, കേന്ദ്ര വിഹിതം മണ്ഡലത്തിന്റെ വികസനത്തിനായി വിനിയോഗിക്കുന്നതിൽ വീഴ്ച പറ്റി തുടങ്ങിയ ആരോപണങ്ങൾ, കണക്കുകൾ സഹിതം സി.പി.എം ചൂണ്ടിക്കാട്ടിയപ്പോൾ, കോൺഗ്രസ് ക്യാമ്പിന് ഇതിനെ വിശ്വസനീയമാം വിധം പ്രതിരോധിക്കാനായില്ല.
മാത്രമല്ല, ഇത്തവണ ഒരു വോട്ടുപോലും ചോർന്നു പോകരുത് എന്ന മട്ടിലാണ് എൽ.ഡി.എഫ് പ്രവർത്തിച്ചത്. വോട്ടർമാരെ നേരിൽക്കണ്ട് നടത്തിയ സ്‌ക്വാഡ് പ്രവർത്തനം വിജയത്തിന്റെ പ്രധാന ഘടകമാണ്. ഡോർ ടു ഡോർ കാമ്പയിനും കുടുംബയോഗങ്ങളും നിരന്തരം നടത്തി പാർട്ടി- മുന്നണി സംവിധാനം അതീവ സൂക്ഷ്മമായിരുന്നു ഇത്തവണ ആലത്തൂരിൽ. ചെറുചലനം പോലും അനുകലൂലവും പ്രതികൂലവുമാകാമെന്ന തിരിച്ചറിവ് സി പി എം പ്രചാരണത്തിലുടനീളം പ്രകടമായിരുന്നു. വോട്ടിങ് ശതമാനത്തിൽ വന്ന കുറവ് യു.ഡി.എഫ് വോട്ടിലുണ്ടായ ചോർച്ച മൂലമാണെന്ന എൽ.ഡി.എഫ് കണക്കുകൂട്ടൽ ശരിയാണെന്ന് ഫലം തെളിയിച്ചു. സംഭരിച്ച നെല്ലിന്റെ വിലയും ക്ഷേമ പെൻഷനും മുടങ്ങിയത് തുടക്കത്തിൽ പ്രശ്‌നമായിരുന്നുവെങ്കിലും പിന്നീട് അത് വിതരണം ചെയ്തതോടെ ആത്മവിശ്വാസമേറി.
ഒറ്റപ്പാലം മണ്ഡലം ആലത്തൂരായി പു:നസംഘടിപ്പിക്കപ്പെട്ടപ്പോൾ മുതൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന ആലത്തൂരിൽ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് വിജയിച്ചത് മുതൽ സിപിഎമ്മിന്റെ അഭിമാനപ്രശ്‌നമായിരുന്നു ആലത്തൂർ.
പാലക്കാട് ജില്ലയിലെ ഒറ്റാപ്പാലം മണ്ഡലത്തിന് പകരം നിലവിൽ വന്ന ആലത്തൂരിന് മൂന്ന് ലോകസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രമേയുള്ളൂ. കർഷകരും തൊഴിലാളികളും കൂടുതലുള്ള പ്രദേശമായതനാൽ കൃഷിയും തൊഴിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആലത്തൂരിൽ വോട്ട് തിരുമാനിക്കുന്നത്. അതിന് ഇത്തവണയും മാറ്റമുണ്ടായില്ല. വരൾച്ച, നെല്ലിന്റെ സംഭരണതുക ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, വന്യജീവി ശല്യം, വികസനം, തുടങ്ങിയവയൊക്കെ ഇത്തവണയും ആലത്തൂരിലെ വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്.
പതിവ് പ്രചാരണ രീതികളിൽ നിന്ന് മാറി സോഷ്യൽ മീഡിയ കാമ്പയിനും ഇത്തവണ വലിയ സ്വീകാര്യത കിട്ടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് എന്നിവരുടെ സന്ദർശനങ്ങൾ എൽ.ഡി.എഫ് കാമ്പയിന് വൻ ആവേശം പകർന്നിരുന്നു.
കാർഷിക പ്രശ്‌നങ്ങൾ തന്നെയായിരുന്നു പ്രധാന പ്രചാരണ വിഷയങ്ങൾ. നെല്ല് സംഭരണം, പറമ്പിക്കുളത്തെ വെള്ളം എത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങി പാലക്കാടിന്റെ കിഴക്കൻ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇത്തവണ കൂടുതൽ ചർച്ചയായത്. മണ്ഡലത്തിലെ സാധാരണക്കാർക്കിടയിലുള്ള കെ. രാധാകൃഷ്ണന്റെ സ്വാധീനവും വിജയഘടകങ്ങളിലൊന്നാണ്.
പ്രാദേശിക പ്രശ്‌നങ്ങളും ചർച്ചയായിരുന്നെങ്കിലും മറ്റ് മണ്ഡലങ്ങളിലേത് പോലെ, ദേശീയ രാഷ്ട്രീയവും ബി.ജെ.പി സർക്കാരിന്റെ തീവ്ര ഹിന്ദുത്വയും തന്നെയായിരുന്നു ആലത്തൂരിലും എൽ.ഡി.എഫിന്റെ പ്രധാന പ്രചാരണ ആയുധങ്ങൾ. ഇടതുപക്ഷത്തിന്റെ മതേതരത്വ രാഷ്ട്രീയനിലപാടാണ് കെ. രാധാകൃഷ്ണൻ പ്രധാനമായും ഉയർത്തിയത്. ബ്രിട്ടീഷ് ഭരണത്തേക്കാൾ താഴ്ന്ന നിലവാരത്തിലേക്ക് ഇന്ത്യയിൽ അസമത്വം വളർന്നതും സന്തോഷസൂചിക കുറഞ്ഞതുമെല്ലാം രാധാകൃഷ്ണന്റെ പ്രചാരണവിഷയങ്ങളായിരുന്നു. രാജ്യം മുഴുവൻ ശ്രദ്ധ നേടിയ 'ഇടതില്ലെങ്കിൽ ഇന്ത്യയില്ല' പോലുള്ള ക്യാമ്പെയിനുകളും എൽ.ഡി.എഫിന് തുണയായി. മുഖ്യമന്ത്രിയുൾപ്പടെ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയും കേന്ദ്രവിഹിതങ്ങൾ തടഞ്ഞുവെക്കുകയും ചെയ്യുന്നത് എൽ.ഡി.എഫിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തോടുള്ള എതിർപ്പുമൂലമാണ്, സാമ്പത്തിക പ്രയാസമുണ്ടെങ്കിലും സംസ്ഥാനസർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളും വികസനവും രാജ്യത്തിന് മാതൃകയായി, അതിദരിദ്രരില്ലാത്ത, ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറുന്നു, കഴിഞ്ഞ ലോക്സഭയിൽ ഇടത് എം.പി.മാർ നിർണായക ശക്തിയായി ഇല്ലാതിരുന്നതിനാൽ ജനവിരുദ്ധനിയമങ്ങളും തീരുമാനങ്ങളും ശക്തമായി എതിർക്കപ്പെട്ടില്ല, യു.ഡി.എഫ്. എം.പി.മാർ നിശ്ശബ്ദരായിരുന്നു - എന്നീ വിഷയങ്ങൾ മുൻ നിർത്തിയുള്ള പ്രചാരണം സി.പി.എമ്മിന് ഗുണം ചെയ്തിട്ടുണ്ട്.