ലോക കേരളസഭ: പ്രവാസികള്‍ക്കു വേണ്ടത് അപ്പര്‍ ക്ലാസ് സ്‌പോണ്‍സര്‍ഷിപ്പല്ല

അടിസ്ഥാനവര്‍ഗമനുഷ്യര്‍ക്ക് ഭൂരിപക്ഷമുള്ള പ്രവാസി സമൂഹം കുറെക്കൂടി ജനാധിപത്യപരമായ സ്‌പോണ്‍സര്‍ഷിപ്പ് അര്‍ഹിക്കുന്നുണ്ട്.

ലോക കേരള സഭയുടെ കഴിഞ്ഞ മൂന്ന് സമ്മേളനങ്ങളും വലിയ മാധ്യമശ്രദ്ധ നേടിയത്, വിവാദങ്ങളുടെ പേരിലാണ്. പ്രതിനിധികള്‍ കഴിച്ച ഭക്ഷണത്തിന്റെ ചെലവു മുതല്‍ സമ്മേളനം ധൂര്‍ത്താണ് എന്നാരോപിച്ചുള്ള പ്രതിപക്ഷ ബഹിഷ്‌കരണം വരെയുള്ള വിവാദങ്ങള്‍.

മൂന്നാം ലോക കേരള സഭയുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ നടക്കാന്‍ പോകുന്ന മേഖലാ സമ്മേനത്തിന്റെ സ്‌പോര്‍സര്‍ഷിപ്പും ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ഭക്ഷണച്ചെലവ് വേണ്ട എന്ന് വ്യവസായി രവി പിള്ള പറഞ്ഞതോടെ അന്നത്തെ വിവാദം അവസാനിച്ചു, അതുപോലെത്തന്നെ, ന്യൂയോര്‍ക്കിലെ ഈ സ്‌പോണ്‍സര്‍ഷിപ്പ് വിവാദവും സമ്മേളനം തീരുന്നതോടെ അവസാനിക്കും.

എന്നാല്‍, യഥാര്‍ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ചില ചോദ്യങ്ങള്‍ ഈ സമ്മേളനങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്.

പ്രവാസി മലയാളികള്‍ക്കായി ഒരു ജനപ്രതിനിധിസഭ എന്ന ആശയം വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാരണം, കേരള ജനസംഖ്യയുടെ പത്തു ശതമാനത്തോളം പേര്‍ വിദേശത്ത് പ്രവാസികളായി കഴിയുന്നുണ്ടെന്നാണ് ഏതാണ്ടൊരു കണക്ക്. ലോകബാങ്ക് റിപ്പോര്‍ട്ടനുസരിച്ച് 2022-ല്‍ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ നാട്ടിലേക്കയച്ചത് 8.17 ലക്ഷം കോടി രൂപയാണ്. രാജ്യത്തിന്റെ ബജറ്റ് വരുമാനത്തിന്റെ 30 ശതമാനത്തോളം വരുന്ന തുകയാണിത്. ഇതില്‍ 30 ശതമാനം ഗള്‍ഫില്‍നിന്നാണ് വന്നത്. മലയാളി പ്രവാസികള്‍ അയക്കുന്ന പണമാണ് ഇതില്‍ കൂടുതലും എന്ന് വ്യക്തം. അതായത്, കേരള ജി.ഡി.പിയുടെ 30 ശതമാനം പ്രവാസികളയക്കുന്ന പണമാണ്. അതുകൊണ്ടുതന്നെ കേരളം ഏറ്റവും ശ്രദ്ധയോടെ ഏറ്റെടുക്കേണ്ട ഒരു വിഭാഗമാണ് പ്രവാസികള്‍. എന്നാല്‍, തൊഴിലിനായുള്ള ഗള്‍ഫ് കുടിയേറ്റം അരനൂറ്റാണ്ട് പിന്നിട്ടിട്ടും, പ്രവാസികള്‍ക്കായി കൃത്യമായ നയരൂപീകരണം നടത്താനായിട്ടില്ല. എത്ര മലയാളികള്‍ വിദേശത്തുണ്ട് എന്നതിന്റെ കൃത്യമായ കണക്കുപോലും നമ്മുടെ കൈയിലില്ല.

ഇപ്പോഴാകട്ടെ, യു.എസ്, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലാൻറ്​ തുടങ്ങിയ രാജ്യങ്ങളിലേക്കു കൂടി കുടിയേറ്റം വ്യാപിച്ചിരിക്കുന്നു. 2012-ല്‍ വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 40 ലക്ഷം ആയിരുന്നുവെങ്കില്‍ 2025 ആകുമ്പോള്‍ 75 ലക്ഷമാകുമെന്നാണ് സൂചന. ഇവരിലേറെ പേരും മലയാളികളുമായിരിക്കും. ഗള്‍ഫ് കുടിയേറ്റത്തില്‍നിന്ന് വ്യത്യസ്തമാണ്, വികസിത രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ഥി കുടിയേറ്റം. അമ്പതും അറുപതും ലക്ഷം രൂപയുടെ കടഭാരമാണ് ഈ വിദ്യാര്‍ഥികളുടെ ചുമലിലുണ്ടാകുക. പഠനശേഷം, ഇവര്‍ കേരളത്തിലേക്ക് തിരിച്ചുവന്ന്, കേരളത്തിനുവേണ്ടി പണിയെടുക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. അതുകൊണ്ടുതന്നെ, ഏറ്റവും ക്രിയാത്മകമായ മനുഷ്യവിഭവവും അവര്‍ ചെലവാക്കുന്ന പണവും കേരളത്തെ സംബന്ധിച്ച് വലിയ ചോര്‍ച്ചയാണ്. ഗള്‍ഫ് പ്രവാസത്തില്‍നിന്ന് തീര്‍ത്തും ഭിന്നമായ ഈ പുതിയ കുടിയേറ്റ പ്രവണതയെ കേരളം ഗൗരവത്തോടെ കണക്കിലെടുത്തുതുടങ്ങിയിട്ടുമില്ല.

ഇത്തരം മാറ്റങ്ങളെ സമഗ്രമായി കാണുന്ന പ്രവാസി നയം കേരളത്തിലെയോ കേന്ദ്രത്തിലെയോ ഭരണകൂടങ്ങള്‍ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു പണംപിരിവുസമൂഹം എന്ന നിലയിലല്ലാതെ ഒരു രാഷ്ട്രീയപാര്‍ട്ടിയും സാധാരണ പ്രവാസി സമൂഹത്തെ പരിഗണിച്ചിട്ടില്ല.

ലോക കേരള സഭക്കെതിരെ നിരന്തരം പരാതി പറഞ്ഞുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഒന്നാം യു.പി.എ സര്‍ക്കാറാണ് പ്രവാസികാര്യ മന്ത്രാലയമുണ്ടാക്കിയത്. വയലാര്‍ രവിക്ക് ആ വകുപ്പ് നല്‍കുകയും ചെയ്തു. പ്രവാസി സമൂഹത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്തു സംഭവിച്ചു? സ്വതന്ത്ര ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നിട്ടും വയലാര്‍ രവി പ്രവാസികള്‍ക്കായി ചെറുവിരലനക്കിയതായി കോണ്‍ഗ്രസുകാര്‍ പോലും അവകാശപ്പെടില്ല. അതുകൊണ്ടുതന്നെ, പിന്നീട്, നരേന്ദ്രമോദി സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പിനെ വിദേശകാര്യവകുപ്പില്‍ ലയിപ്പിച്ചപ്പോള്‍ മുതലക്കണ്ണീരുപോലുമൊഴുകിയില്ല.

കേന്ദ്രം നടത്തുന്ന പ്രവാസി ഭാരതീയ ദിവസില്‍ പ്രവാസി വോട്ടവകാശം, വിമാന നിരക്ക്, പ്രവാസി നിക്ഷേപം തുടങ്ങിയ വിഷയങ്ങള്‍ പ്രതിനിധികള്‍ ആവര്‍ത്തിക്കാറുണ്ട്. പ്രവാസി ഭാരതീയ പുരസ്‌കാരം വിതരണം ചെയ്ത്, 'നിങ്ങളാണ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍' എന്ന ഭംഗിവാക്കും പറഞ്ഞ് പ്രധാനമന്ത്രി സ്ഥലം വിടുകയും ചെയ്യും. ഈ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്ക് പേടി കൂടാതെ കയറിച്ചെല്ലാനുള്ള സംവിധാനം പോലും ഇന്ന് വിദേശത്തെ ഇന്ത്യന്‍ എംബസികളിലില്ല എന്നു കൂടി ഓര്‍ക്കണം.

1979- 2001 കാലത്ത് എമിഗ്രേഷന്‍ ഫണ്ടിനത്തില്‍ പ്രവാസികളില്‍നിന്ന് ഊറ്റിയെടുത്ത 24,000 കോടി രൂപയെക്കുറിച്ച് പ്രവാസി സമൂഹം നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്, അതിന് ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. വിവിധ രാജ്യങ്ങളുമായുള്ള കുടിയേറ്റ ഉടമ്പടികള്‍ പോലും പ്രവാസികള്‍ക്ക് അനുകൂലമല്ല.

ജി.സി.സി രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികള്‍ ഇപ്പോഴും അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നവരാണ്. ഇത്തരം മനുഷ്യര്‍ക്കുവേണ്ടിയുള്ള സമഗ്രമായ കുടിയേറ്റ നയത്തിന് തടസം നില്‍ക്കുന്നത് ആരാണ്?

ലോക കേരള സഭയുടെ വെബ്‌സൈറ്റില്‍, സമത്വസുന്ദരമായ ഒരു പ്രവാസിലോകത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ കാണാം. കഴിഞ്ഞ സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍, നിര്‍ദേശങ്ങള്‍, ബജറ്റ് വിഹിതങ്ങളുടെ കണക്കുകള്‍... പക്ഷെ, സമഗ്രമായ ഒരു പ്രവാസി നയമില്ലായ്മ സമര്‍ഥമായി മറച്ചുപിടിക്കുന്ന കണക്കുകളാണിവ. നോര്‍ക്കയെപ്പോലുള്ള സംവിധാനങ്ങളിലൂടെയും മറ്റും നടപ്പാക്കുന്ന ചില ക്ഷേമപ്രവര്‍ത്തനങ്ങളെ, പരിപ്രേക്ഷ്യപരമായ ഇടപെടലായി വ്യാഖ്യാനിക്കുകയാണ് ലോക കേരള സഭ ചെയ്തുകൊണ്ടിരിക്കുന്നത്. ക്ഷേമനിധി, ഇന്‍ഷൂറന്‍സ് സ്‌കീം, നൈപുണ്യവികസന പരിപാടി തുടങ്ങിയവ നടപ്പാക്കാന്‍ ഒരു സര്‍ക്കാര്‍ സംവിധാനം മതി. എന്നാല്‍, പ്രവാസി മൂലധനം, പുനരധിവാസം, വിദേശത്തെ തൊഴില്‍ സാഹചര്യം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചകള്‍ മാത്രമായി അവശേഷിക്കുകയാണ്. പ്രവാസി മൂലധനത്തിന്റെ നിക്ഷേപസാധ്യതകളെക്കുറിച്ച്

പല തലങ്ങളില്‍ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യവികസനം, പൊതുമേഖല ഇടപെടല്‍, വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലുള്ള നവകേരള നിര്‍മിതി ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രഖ്യാപിത നയമാണ്.

ഈ മേഖലകളില്‍ പ്രവാസി മൂലധനം വിനിയോഗിക്കുന്നതിന് ഏറ്റവും അനിവാര്യമായത്, എല്ലാ വിഭാഗം പ്രവാസികള്‍ക്കും ക്രിയാത്മക പങ്കാളിത്തമുള്ള പ്രവാസി നയമാണ്. അതിന്റെ അഭാവത്തില്‍, പ്രവാസി മൂലധനവിനിയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ച, ആ മൂലധനത്തിന്റെ യഥാര്‍ഥ ഉടമകളിലെത്തുന്നില്ലെന്നുമാത്രമല്ല, അപ്പര്‍ ക്ലാസിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സംവാദമായി അത് മാറുകയും ചെയ്തിരിക്കുന്നു. പ്രവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുന്ന ഈ സമ്മേളനങ്ങള്‍ക്ക് ഫലപ്രാപ്തിയില്ലാതെ പോകുന്നത് അതുകൊണ്ടാണ്.

ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം നടക്കുന്ന മേഖലാ സമ്മേളനങ്ങളുടെ പ്രാതിനിധ്യം ഇത്തരം അപ്പര്‍ ക്ലാസ് സ്‌പോണ്‍സര്‍മാരിലേക്ക് ചുരുങ്ങുന്നത്, ലോക കേരള സഭ ഇനിയും പ്രവാസികളുടെ യഥാര്‍ഥ ജനപ്രതിനിധിസഭയായിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ്. അടിസ്ഥാനവര്‍ഗമനുഷ്യര്‍ക്ക് ഭൂരിപക്ഷമുള്ള പ്രവാസി സമൂഹം കുറെക്കൂടി ജനാധിപത്യപരമായ സ്‌പോണ്‍സര്‍ഷിപ്പ് അര്‍ഹിക്കുന്നുണ്ട്.

Comments