പഴയ മുകുന്ദപുരം, ഇപ്പോള്‍ ചാലക്കുടി.
കെ. കരുണാകരനെയും ഇ. ബാലാനന്ദനെയും മുതൽ ഇന്നസെന്റിനെയും ബെന്നി ബെഹനാനെയും വരെ വിജയിപ്പിച്ച മണ്ഡലം. ഇന്ന മുന്നണിയെന്നോ ഇന്ന പാര്‍ട്ടിയെന്നോ ഇല്ല. കോട്ട എന്ന അവകാശവാദം ആര്‍ക്കും കൊടുത്തിട്ടില്ല. വിധിയെഴുത്ത് തരാതരം. അത് ചിലപ്പോള്‍, 2014-ലെ ഇന്നസെന്റിനെപ്പോലെ ഞെട്ടിപ്പിക്കുന്ന ഒരു ചിരിയായി വരാം, 2019-ലെ പോലെ, ഇന്നസെന്റിന്റെ ചിരി മായ്ച്ചുകളഞ്ഞ ബെന്നി ബെഹനാന്റെ ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷമായും വരാം.
2019-ല്‍ സീറ്റ് നിലനിര്‍ത്താന്‍ ഇന്നസെന്റിനെ തന്നെ സി.പി.എം ആശ്രയിച്ചെങ്കിലും 1,32,274 എന്ന ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ ബെന്നി ബെഹനാന്‍ സി.പി.എമ്മിനെ ഞെട്ടിപ്പിച്ചത്. ബി.ജെ.പിയുടെ എ.എന്‍. രാധാകൃഷ്ണന്‍ 1,28,99 വോട്ടും നേടി. 2014-ല്‍ ആം ആദ്മി പാര്‍ട്ടി 35,000-ഓളം വോട്ട് ചാലക്കുടിയില്‍ നേടിയിരുന്നു. കഴിഞ്ഞ തവണ പാര്‍ട്ടി മത്സരിച്ചില്ല. എന്നാല്‍, ഇത്തവണ ട്വന്റി 20 ക്ക് സ്ഥാനാര്‍ഥിയുണ്ട്, മദ്യവിരുദ്ധ സമിതി നേതാവുകൂടിയായ അഡ്വ. ചാര്‍ലി പോള്‍. എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിനുവേണ്ടി കെ.എ. ഉണ്ണികൃഷ്ണനും മത്സരിക്കുന്നു.
പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലെത്തിയപ്പോള്‍ ചാലക്കുടിയില്‍ അവര്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ആന്റി ക്ലൈമാക്സ് പൊളിച്ച് ബി.ഡി.ജെ.എസ് തന്നെ സ്ഥാനാർഥിത്വം നിലനിർത്തി.
പദ്മജക്ക് സുഖകരമായ ഓര്‍മയുമല്ല, ഈ മണ്ഡലം നല്‍കുന്നത്. മുകുന്ദപുരമായിരുന്നപ്പോള്‍ ലോനപ്പന്‍ നമ്പാടനോട് തോറ്റിട്ടുണ്ട്. 2004-ല്‍ കെ. കരുണാകരന്റെ മകള്‍ എന്ന ഒരൊറ്റ പരിഗണനയിലാണ് പദ്മജ മുകുന്ദപുരത്ത് സ്ഥാനാര്‍ഥിയായത്. അച്ഛന്റെ വാശി കൂടിയായിരുന്നു ആ സ്ഥാനാര്‍ഥിത്വം. ആ വാശി ജനം വകവച്ചുകൊടുത്തില്ലെന്നുമാത്രം. കോണ്‍ഗ്രസ് കോട്ടയില്‍ മകള്‍ പുഷ്പം പോലെ ജയിക്കുമെന്നായിരുന്നു ആ അച്ഛന്റെ പ്രതീക്ഷ. എന്നാല്‍, 1,17,097 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു ലോനപ്പന്‍ നമ്പാടന്.
ഇത്തവണയും ബെന്നി ബെഹനാനെ അങ്ങനെയൊരു ഈസി വാക്കോവറിന് വിട്ടുകൊടുക്കാതിരിക്കാനാണ് സി.പി.എം, പ്രൊഫ. സി. രവീന്ദ്രനാഥിനെ കൊണ്ടുവന്നത്. കോളേജ് അധ്യാപകനായിരുന്ന രവീന്ദ്രനാഥിന്റെ ലാളിത്യവും ജനകീയതയും നിറഞ്ഞ പ്രതിച്ഛായ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പോന്നതാണ്. ജനങ്ങളുമായി ഇടപഴകുന്നതില്‍ ബെന്നി ബെഹനാനും പുറകിലല്ല.
എറണാകുളം, തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ചാലക്കുടി മണ്ഡലം 2008-ലെ പുനര്‍നിര്‍ണയത്തിലാണ് നിലവില്‍ വന്നത്. തൃശൂര്‍ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം. നാല് നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫും മൂന്നിടത്ത് എല്‍.ഡി.എഫുമാണുള്ളത്.
2009-ലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ.പി. ധനപാലനായിരുന്നു കോണ്‍ഗ്രസിനുവേണ്ടി ചാലക്കുടി നേടിയെടുത്തത്. സി.പി.എമ്മിലെ യു.പി. ജോസഫിനെ 71,679 വോട്ടിനാണ് തോല്‍പ്പിച്ചത്. 2014-ല്‍ സി.പി.എം രണ്ടും കല്‍പ്പിച്ചൊരു തന്ത്രം പയറ്റി. നടന്‍ ഇന്നസെന്റ് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായി. പി.സി. ചാക്കോയെ തോല്‍പ്പിക്കാന്‍ ഇന്നസെന്റിനാകുമെന്ന് ആരും കരുതിയതല്ല. എന്നാല്‍, 13,884 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇന്നസെന്റ് നേടിയത്. ആം ആദ്മി പാര്‍ട്ടിയുടെ കെ.എം. നൂറുദ്ദീന്‍ 35,189 വോട്ട് നേടി. ബി.ജെ.പിയുടെ ഗോപാലകൃഷ്ണന് 92,848 വോട്ടും ലഭിച്ചു.
2019-ലും സി.പി.എം ഇന്നസെന്റിനെ ആവര്‍ത്തിച്ചു, അതും പാര്‍ട്ടി ചിഹ്‌നത്തില്‍. ബെന്നി ബെഹനാന് 1.32 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം. ബി.ജെ.പിയും 1.54 ലക്ഷം വോട്ട് നേടി.
1957-ലാണ് മുകുന്ദപുരത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രം തുടങ്ങുന്നത്, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാരായണന്‍ കുട്ടി മേനോന്റെ വിജയത്തോടെ. 1962, 67 വര്‍ഷങ്ങളില്‍ പനമ്പിള്ളി ഗോവിന്ദമേനോനായിരുന്നു ജയം. 1971, 77 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന്റെ എ.സി. ജോര്‍ജ്. 1980-ല്‍ സി.പി.എമ്മിനുവേണ്ടി ഇ. ബാലാനന്ദന്‍ മുകുന്ദപുരം തിരിച്ചുപിടിച്ചു. 1984-ല്‍ കേരള കോണ്‍ഗ്രസിലെ കെ. മോഹന്‍ദാസ്, ഇന്ദിരാഗാന്ധിയുടെ വധത്തിലുണ്ടായ സഹതാപതരംഗത്തില്‍ വിജയിച്ചു. 1989, 1991 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ സാവിത്രി ലക്ഷ്മണന്‍. 96-ല്‍ വീണ്ടും കോണ്‍ഗ്രസ്, പി.സി. ചാക്കോയിലൂടെ. 1989-ല്‍ കോണ്‍ഗ്രസിലെ എ.സി. ജോസ്. 1999-ല്‍ കെ. കരുണാകരന്‍ മുകുന്ദപുരത്തുനിന്ന് ലോക്‌സഭയിലെത്തി.