തദ്ദേശ തെരഞ്ഞെടുപ്പ് സമഗ്ര അവലോകനം, കണക്കുകൾ സഹിതം

കിഫ്ബി വിഭവസമാഹരണം, ട്രാൻസ്ഗ്രിഡ് പദ്ധതി, ലൈഫ് മിഷൻ പദ്ധതി, സ്മാർട്ട് ക്ലാസ് റൂമുകൾ, കെ-ഫോൺ പദ്ധതി തുടങ്ങി അടിസ്ഥാനമേഖലാ വികാസത്തിനുതകുന്ന പദ്ധതികളിലൂടെയും കോവിഡ് കമ്മ്യൂണിറ്റി കിച്ചൺ, സൗജന്യ ചികിത്സ, ഭക്ഷ്യകിറ്റ് വിതരണം, ക്ഷേമപെൻഷനുകൾ തുടങ്ങിയ നടപടികളിലൂടെയും അടിസ്ഥാനവർഗത്തോടു കൂറു പുലർത്തുന്ന വിഭാഗങ്ങളുടെ പിന്തുണ ഇടതുപക്ഷത്തു തന്നെ ഉറപ്പിച്ചുനിർത്താൻ കഴിഞ്ഞു. പൊലീസ് നിയമത്തിൽ ധൃതിപിടിച്ചു കൊണ്ടുവന്ന ഓർഡിനൻസ് പിൻവലിക്കാനുള്ള താഴ്മയും സർക്കാർ കാട്ടി. ഇതാണ് വലിയ തോതിലുള്ള ഭരണവിരുദ്ധവികാരത്തിൽ നിന്ന് ഭരണമുന്നണിയെ രക്ഷിച്ചുനിർത്തിയത്

ദ്ദേശതെരഞ്ഞെടുപ്പിലെ ഇടതുതേരോട്ടമാണ് ഇന്ന് എല്ലാ പത്രങ്ങളുടെയും ലീഡ്. ആ കുമിള പൊട്ടിക്കാതെ തന്നെ വസ്തുതകളിലേക്ക് ഒരു ചുഴിഞ്ഞുനോട്ടമാണ് ലക്ഷ്യമാക്കുന്നത്.

2015ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ആകെ 15,962 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 7623 എണ്ണം എൽഡിഎഫ് ആയിരുന്നു ജയിച്ചത്. ഇത്തവണ ആകെ ജയിച്ച സീറ്റുകളുടെ എണ്ണം 7263 ആയി കുറഞ്ഞു. അതായത് 360 വാർഡുകളുടെ നഷ്ടം. അന്ന് 6324 വാർഡുകളിൽ വിജയംവരിച്ച യുഡിഎഫ് ആകട്ടെ, ഇത്തവണ 5892ലേക്ക് വീണു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 432 പ്രതിനിധികൾ കുറവ്. 933 മെമ്പർമാർ എൻഡിഎയുടേതായിരുന്നെങ്കിൽ (അവരിൽ ബിജെപി ഇതരർ വളരെ കുറവേ ഉണ്ടാവൂ) ഇത്തവണ 1182 ഗ്രാമപഞ്ചായത്ത് വാർഡുകൾ അവർ സ്വന്തമാക്കി. 249 പേരെ കൂടി കൂടുതലായി കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലേക്കു ജയിപ്പിക്കാൻ ബിജെപിക്കും സഖ്യകക്ഷിയായ ബിഡിജെഎസിനും ആയി. Others എന്ന ഗണത്തിൽ 1078 പേരായിരുന്നു മുൻ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയിരുന്നത്. ഇവരിൽ മുന്നണികൾ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾ, കക്ഷികൾ സീറ്റുനിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രരായി മത്സരിച്ചു ജയിച്ച വിമതർ, മുന്നണികളുടെ ഭാഗമല്ലാത്ത എഎപി, ട്വന്റി ട്വന്റി, എസ്ഡിപിഐ പോലെയുള്ള പാർടികൾ, പരിപൂർണ്ണ സ്വതന്ത്രർ എന്നിവർ ഉൾപ്പെടും. ഇത്തവണ ഇങ്ങനെ വിജയക്കൊടി പാറിച്ചവരുടെ എണ്ണം 1620 ആയി വർധിച്ചു. 542 പേർ അധികം.

941 ഗ്രാമപഞ്ചായത്തുകളിൽ 551 എണ്ണം എൽഡിഎഫ് ഭരിക്കും. യുഡിഎഫ് 315 പഞ്ചായത്തുകളിലും എൻഡിഎ 10 പഞ്ചായത്തുകളിലും ഭരണം ഉറപ്പിക്കും. 65 പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ല. നാലു പഞ്ചായത്തുകൾ മറ്റുള്ളവർ (ട്വന്റി - ട്വന്റി) ഭരിക്കും. ആർക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകൾ ജില്ല തിരിച്ച് കൊല്ലം - 5, പത്തനംതിട്ട - 12, ആലപ്പുഴ - 3, ഇടുക്കി - 1, എറണാകുളം - 2, തൃശ്ശൂർ - 11, മലപ്പുറം - 7, വയനാട് - 1, കണ്ണൂർ - 3, കാസർഗോഡ് - 5 എന്നിങ്ങനെയാണ്. തിരുവനന്തപുരത്തും കോഴിക്കോട്ടും ഈ പ്രശ്നമില്ല.

തിരുവനന്തപുരം ജില്ലയിൽ 53 പഞ്ചായത്തുകളിൽ എൽഡിഎഫ് സാരഥ്യം ഏറ്റെടുക്കുമ്പോൾ 16 ഇടത്ത് യുഡിഎഫും 4 ഇടത്ത് എൻഡിഎയും ഭരിക്കും. കൊല്ലം ജില്ലയിൽ 45 പഞ്ചായത്തുകൾ എൽഡിഎഫും 17 പഞ്ചായത്തുകൾ യുഡിഎഫും ഒരെണ്ണം എൻഡിഎയും ഭരിക്കും. പത്തനംതിട്ടയിൽ 27 പഞ്ചായത്തുകൾ എൽഡിഎഫും 13 എണ്ണം യുഡിഎഫും ഒരെണ്ണം എൻഡിഎയും ഭരിക്കും. ആലപ്പുഴയിൽ 51 ഇടത്ത് ഇടതുമുന്നണിയും 18 ഇടത്ത് ഐക്യമുന്നണിയും നങ്കൂരമുറപ്പിച്ചു. കോട്ടയത്ത് 52 പഞ്ചായത്തിൽ എൽഡിഎഫും 17 ഇടത്തിൽ യുഡിഎഫും രണ്ടിടത്ത് എൻഡിഎയുമാണ് ഭരണചക്രം തിരിക്കുക. ഇടുക്കിയിൽ 29 പഞ്ചായത്തുകൾ എൽഡിഎഫും 22 എണ്ണം യുഡിഎഫും ഭരിക്കും. തൃശ്ശൂരിൽ 61 പഞ്ചായത്തിൽ ഇടതുപക്ഷവും 14 ഇടത്ത് യുഡിഎഫും ആണ് നയമ്പെറിയുക. പാലക്കാട്ട് 57 പഞ്ചായത്തിൽ എൽഡിഎഫും 20 പഞ്ചായത്തിൽ യുഡിഎഫും വിജയക്കൊടി നാട്ടി. കോഴിക്കോട്ട് 43 ഇടത്ത് എൽഡിഎഫും 27 ഇടത്ത് യുഡിഎഫും ആണ് വിജയമധുരം വിളമ്പിയത്. കണ്ണൂർ ജില്ലയിൽ 56 പഞ്ചായത്തുകളിൽ എൽഡിഎഫും 12 ഇടത്ത് യുഡിഎഫും ആധിപത്യമുറപ്പിച്ചു. കാസർഗോഡ് ജില്ലയിൽ 19 പഞ്ചായത്ത് എൽഡിഎഫ് കുടക്കീഴിലേക്കു പോന്നപ്പോൾ 12 പഞ്ചായത്തിൽ യുഡിഎഫ് തണൽവിരിച്ചു. രണ്ടു പഞ്ചായത്തുകൾ എൻഡിഎയും കൈക്കലാക്കി.

ഈരാറ്റുപേട്ടയിൽ നടന്ന യു.ഡി.എഫ് ആഹ്ലാദ പ്രകടനം. / Photo: Muslim Youth League

പതിനൊന്നു ജില്ലകളിൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും വെന്നിക്കൊടി പാറിച്ചുകൊണ്ട് വൻ മുന്നേറ്റമാണ് ഇടതുമുന്നണി കാഴ്ചവച്ചിരിക്കുന്നത്. അതേ സമയം യുഡിഎഫ് മുൻതൂക്കം നേടിയത് വെറും മൂന്നു ജില്ലകളിൽ മാത്രമാണ്. എറണാകുളത്ത് 46 സീറ്റുകളിൽ യുഡിഎഫ് മേധാവിത്വം നേടിയപ്പോൾ എൽഡിഎഫ് 30ൽ ഒതുങ്ങി. നാലു പഞ്ചായത്തുകൾ ട്വന്റി - ട്വന്റി നേടി. മലപ്പുറത്ത് 66 പഞ്ചായത്തുകൾ യുഡിഎഫും 21 പഞ്ചായത്തുകൾ എൽഡിഎഫും ഭരിക്കും. വയനാട്ടിൽ 15 പഞ്ചായത്തിലാണ് യുഡിഎഫ് കൊടിനാട്ടിയത്. ഏഴിടത്ത് എൽഡിഎഫും ഭരിക്കും.

ബ്ലോക്ക് പഞ്ചായത്തിലേക്കു വന്നാൽ 2080 ഡിവിഷനുകളിൽ 1088 മെമ്പർമാർ 2015ലെ തെരഞ്ഞെടുപ്പിനു ശേഷം എൽഡിഎഫിനായിരുന്നെങ്കിൽ ഇത്തവണ അത് 1267 ആയി ഉയർത്താൻ അവർക്കു കഴിഞ്ഞു. 179 സീറ്റുകൾ അധികം. 917 പ്രതിനിധികളുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ 727 പേരെയെ വിജയിപ്പിക്കാനായുള്ളൂ. 190 സീറ്റുകളുടെ നഷ്ടം. എൻഡിഎയുടെ നില 21ൽ നിന്ന് 37 ആയി മെച്ചപ്പെട്ടു. മറ്റുള്ള കക്ഷികൾ/സ്വതന്ത്രർ 53 ആയിരുന്നത് 49 ആയി കുറഞ്ഞു.

ആകെ 331 ഡിവിഷനുകളാണ് 14 ജില്ലാ പഞ്ചായത്തുകളിലുമായി ഉള്ളത്. 2015ൽ ഇവയിൽ 170 ഡിവിഷനുകളിൽ ആധിപത്യമുണ്ടായിരുന്ന എൽഡിഎഫ് 212ലേക്ക് കുതിച്ചുചാട്ടം നടത്തുന്നതാണ് 2020ൽ കണ്ടത്. യുഡിഎഫ് 145ൽ നിന്ന് 110ലേക്ക് വീണപ്പോൾ എൻഡിഎ 3ൽ നിന്ന് 2ലേക്കും പോയി. അതെ, തികച്ചും രാഷ്ട്രീയമായി സമ്മതിദാനം നിർവ്വഹിക്കപ്പെടുന്ന ജില്ലാ പഞ്ചായത്തിൽ ആകെ രണ്ടേ രണ്ടു ഡിവിഷനുകളിലാണ് കേരളം മുഴുവൻ എടുത്താലും അവർക്ക് പ്രതിനിധിയുള്ളത്. 140 എംഎൽഎമാരിൽ ഒരാളെന്നപോലെ 331 പേരിൽ രണ്ടാൾ. ഈ രണ്ടു സീറ്റും കാസർഗോഡ് ജില്ലയിലെ പുതിഗെ, ഇടനീർ എന്നീ ഡിവഷനുകളിലാണ്. മറ്റ് 13 ജില്ലകളിലും ജില്ലാപഞ്ചായത്തിൽ ബിജെപിക്ക് പ്രാതിനിധ്യമില്ല. മറ്റുകക്ഷികൾക്കും സ്വതന്ത്രർക്കും 4 ഡിവിഷനുകളാണ് 2015ൽ ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 6 ആയി.

മുനിസിപ്പാലിറ്റികളിലേക്ക് വന്നാൽ 3078 മുനിസിപ്പൽ കൗൺസിൽ സീറ്റുകളാണുള്ളത്. ഇവയിൽ എൽഎഡിഎഫ് 2015ലെ 1263 സീറ്റുകളിൽ നിന്ന് 1167 സീറ്റുകളിലേക്ക് ചുരുങ്ങി. കേരളത്തിലെ ചെറുനഗരങ്ങളിൽ ഇടതുമുന്നണിക്ക് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 96 പ്രതിനിധികളുടെ നഷ്ടം. എന്നാൽ ഈ നഷ്ടം യുഡിഎഫിന്റെ ലാഭമായില്ല. 1318ൽ നിന്ന് 1172ലേക്ക് അവർ കൂപ്പുകുത്തി. 146 പ്രതിനിധികളുടെ നഷ്ടം. ജനപ്രതിനിധികളുടെ എണ്ണത്തിൽ ഏറ്റവും കുറവ് വന്നത് അവർക്കു തന്നെയാണ്. എൽഡിഎഫിനേക്കാൾ വെറും അഞ്ചു സീറ്റുകൾ മാത്രമേ അവർക്ക് മുനിസിപ്പൽ കൗൺസിലുകളിൽ അധികമായി നേടാനായുള്ളൂ. മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് ഗംഭീര പ്രകടനമായിരുന്നു എന്ന അവകാശവാദത്തിന്റെ മുനയൊടിക്കുന്നു, ഈ കണക്ക്. എന്നാൽ ഇവിടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് കഴിഞ്ഞ തവണത്തെക്കാൾ 84 കൗൺസിൽ സീറ്റുകൾ അധികം പിടിച്ച് 236ൽ നിന്ന് 320ലേക്ക് എൻഡിഎയും 157 സീറ്റുകളിൽ കൂടി അധികമായി അവകാശമുറപ്പിച്ച് 259ൽ നിന്ന് 416ലേക്ക് സ്വതന്ത്രരും മറ്റുകക്ഷികളും കടന്നുകയറി.

ഇലക്ഷൻ കമ്മിഷന്റെ പുതുക്കിയ കണക്കുകൾ പ്രകാരം കൂടുതൽ മുനിസിപ്പാലിറ്റികളുടെ ഭരണം എൽഡിഎഫിനാണ്. നേരത്തെ ഇത് യുഡിഎഫിനാണ് എന്നായിരുന്നു വാർത്തകൾ. 86 നഗരസഭകളിൽ 40ഉം എൽഡിഎഫ് നിയന്ത്രണത്തിൽ വരും. യുഡിഎഫിന് 35 മുനിസിപ്പാലിറ്റികളും എൻഡിഎയ്ക്ക് 2 മുനിസിപ്പാലിറ്റികളും ഭരിക്കാനാവും. ഒമ്പതിടത്ത് ആർക്കും ഭൂരിപക്ഷമില്ല. ഈ മുനിസിപ്പാലിറ്റികളിൽ ഉണ്ടാകുന്ന നീക്കുപോക്കുകൾ ആർക്കാവും ഗുണം ചെയ്യുക എന്നു കാത്തിരുന്നു കാണാം.

നഗരസഭകൾ ജില്ല തിരിച്ചു നോക്കാം. തിരുവനന്തപുരം ജില്ലയിൽ ഒരു കോർപ്പറേഷനും നാലു മുനിസിപ്പാലിറ്റികളുമാണുള്ളത്. ഇതിൽ കോർപ്പറേഷനും ആറ്റിങ്ങൽ, നെടുമങ്ങാട് എന്നീ മുനിസിപ്പാലിറ്റികളും ഇടതുമുന്നണി ഭരിക്കും. നെയ്യാറ്റിൻകരയിലും വർക്കലയിലും ആർക്കും ഭൂരിപക്ഷമില്ല. ഇവിടെ രണ്ടിടത്തും കൂടുതൽ സീറ്റുകളുള്ള മുന്നണി എൽഡിഎഫ് ആണ്. നെയ്യാറ്റിൻകരയിൽ കേവലഭൂരിപക്ഷത്തിനു വേണ്ടത് 22 സീറ്റാണ്. എൽഡിഎഫിന് 18, യുഡിഎഫിന് 17, എൻഡിഎയ്ക്ക് 9 എന്നിങ്ങനെയാണ് കൗൺസിലർമാരുടെ എണ്ണം. മറ്റൊരു മുന്നണിയുടെ പിന്തുണയില്ലാതെ ആർക്കും ഭരിക്കാനാവില്ല എന്നതാണു സ്ഥിതി. വർക്കലയിലാവട്ടെ, 17 പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ഇവിടെ എൽഡിഎഫ് 12, എൻഡിഎ 11, യുഡിഎഫ് 7, മറ്റുള്ളവർ 3 എന്നിങ്ങനെയാണ് സീറ്റുനില. സ്വതന്ത്രരിൽ രണ്ടുപേരുടെ പിന്തുണ കൂടി ഇടതുപക്ഷം ഉറപ്പിച്ചു. ഒരാൾ എൻഡിഎയെ പിന്തുണയ്ക്കും എന്നും ഉറപ്പായി. എന്നാൽ വിജയിച്ച യുഡിഎഫ് കൗൺസിലർമാരിൽ നാലുപേർ എൻഡിഎയ്ക്കൊപ്പം ചേക്കേറാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് വർക്കലയിൽ നിന്ന് ഇന്നലെ വൈകി കേട്ടത്.

വോട്ടെണ്ണൽ പുരോഗമിക്കവെ തിരുവനന്തപുരത്ത് ജനങ്ങളെ കാണാനെത്തിയ ബി.ജെ.പി.സ്ഥാനാർത്ഥി

കൊല്ലം ജില്ലയിൽ ഒരു കോർപ്പറേഷനും നാലു മുനിസിപ്പാലിറ്റികളും ഉള്ളതിൽ കൊല്ലം കോർപ്പറേഷനും കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ എന്നീ മുനിസിപ്പാലിറ്റികളും എൽഡിഎഫ് ഭരിക്കും. പരവൂർ മുനിസിപ്പാലിറ്റിയിൽ കേവല ഭൂരിപക്ഷത്തിന് 16 സീറ്റുകൾ വേണ്ടിടത്ത് എൽഡിഎഫും യുഡിഎഫും 14 സീറ്റുകൾ വീതം നേടി തുല്യശക്തികളാണ്. 4 സീറ്റ് എൻഡിഎയ്ക്കാണ്.

പത്തനംതിട്ട ജില്ലയിൽ നാലു മുനിസിപ്പാലിറ്റികളിൽ പന്തളത്തു മാത്രമാണ് ഏതെങ്കിലും മുന്നണി ഭരണം ഉറപ്പിച്ചത്. എൻഡിഎയ്ക്ക് സംസ്ഥാനത്ത് ലഭിച്ച രണ്ടാമത്തെ മുനിസിപ്പാലിറ്റിയാണിത്. അടൂരിൽ കേവലഭൂരിപക്ഷത്തിന് 14 പേരുടെ പിന്തുണ ആവശ്യമായിടത്ത് യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്ക് 11 വീതം സീറ്റുകളാണുള്ളത്. ഒരു സീറ്റ് എൻഡിഎയ്ക്കും 5 സീറ്റ് സ്വതന്ത്രർക്കുമാണ്. പത്തനംതിട്ട നഗരസഭയിൽ കേവലഭൂരിപക്ഷത്തിനു വേണ്ടത് 16 പേരുടെ പിന്തുണയാണ്. ഇവിടെയും യുഡിഎഫും എൽഡിഎഫും 13 സീറ്റ് വീതം നേടി തുല്യശക്തികളായി. 6 സീറ്റ് സ്വതന്ത്രരാണ്. തിരുവല്ല നഗരസഭയിൽ 20 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. ഇവിടെ യുഡിഎഫിനാണ് ഏറ്റവുമധികം സീറ്റുകൾ ലഭിച്ചത്: 16 എണ്ണം. എൽഡിഎഫ് 10, എൻഡിഎ 6, മറ്റുള്ളവർ 7 എന്നിങ്ങനെയാണ് നില. ജില്ലയിൽ ഒരു മുനിസിപ്പാലിറ്റി സ്വതന്ത്രരുടെ പിന്തുണയോടെ എഡിഎഫ് ഭരിക്കും എന്നുറപ്പായിട്ടുണ്ട്.

ആലപ്പുഴ ജില്ലയിൽ ആറു മുനിസിപ്പാലിറ്റികളിൽ ആലപ്പുഴയും ചേർത്തലയും എൽഡിഎഫും ചെങ്ങന്നൂർ യൂഡിഎഫും നേടി. ഹരിപ്പാട് കേവലഭൂരിപക്ഷത്തിനു 15 സീറ്റ് വേണ്ടിടത്ത് യുഡിഎഫ് 13, എൽഡിഎഫ് 9, എൻഡിഎ 5, മറ്റുള്ളവർ 2 എന്നിങ്ങനെയാണു നില. കായംകുളം നഗരസഭ ഭരിക്കാൻ 22 പേരുടെ പിന്തുണ ആവശ്യമുള്ളിടത്ത് എൽഡിഎഫിന് 20, യുഡിഎഫിന് 17, എൻഡിഎയ്ക്കു 3, മറ്റുള്ളവർക്ക് 4 എന്നിങ്ങനെയാണ് സീറ്റുള്ളത്. മാവേലിക്കരയിൽ 14 സീറ്റുകൾ കേവലഭൂരിപക്ഷത്തിനു വേണ്ടിടത്ത് യുഡിഎഫ്, എൻഡിഎ കക്ഷികൾ 9 വീതം സീറ്റ് നേടി തുല്യനിലയിലാണ്. എൽഡിഎഫിന് 8 സീറ്റുകളും മറ്റുള്ളവർക്ക് 2 സീറ്റും ആണുള്ളത്. ജില്ലയിൽ 3 നഗരസഭകൾ എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ഭരണം നിയന്ത്രിക്കും എന്നുറപ്പായിട്ടുണ്ട്.

കോട്ടയം ജില്ലയിൽ ആറു മുനിസിപ്പാലിറ്റികളിൽ ഒന്നിൽപോലും ഒരു കക്ഷിക്കും കേവലഭൂരിപക്ഷം എന്ന മാജിക് നമ്പറിലേക്ക് എത്താൻ സാധിച്ചിട്ടില്ല. എങ്കിലും രണ്ടിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ഭരിക്കുമെന്ന് ഇപ്പോൾ ഉറപ്പായിട്ടുണ്ട്. ചങ്ങനാശ്ശേരിയിൽ 19 സീറ്റ് വേണ്ടിടത്ത് എൽഡിഎഫ് 14, യുഡിഎഫ് 13, എൻഡിഎ 3, മറ്റുള്ളവർ 7 എന്നിങ്ങനെയാണ് കക്ഷിനില. ഈരാറ്റുപേട്ടയിൽ 14 പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. എന്നാൽ ഇവിടെ others എന്ന വിഭാഗത്തിൽ തന്നെ 14 പേർ ജയിച്ചിട്ടുണ്ട്. യുഡിഎഫ് 8 സീറ്റിലും എൽഡിഎഫ് 6 സീറ്റിലും വിജയം വരിച്ചു. കൂടുതൽ സ്വതന്ത്രരെ കൂടെ നിർത്തുന്ന മുന്നണി ഭരിക്കും. ഏറ്റുമാനൂർ നഗരസഭയിൽ 18 പേർ വേണ്ടിടത്ത് യുഡിഎഫ് 12 സീറ്റ് നേടി ഒന്നാമതും തൊട്ടുപിന്നാൽ 11 സീറ്റുമായി എൽഡിഎഫും ഉണ്ട്. 6 സീറ്റ് എൻഡിഎയും 6 സീറ്റ് മറ്റുള്ളവരും നേടി. കോട്ടയം നഗരസഭയിൽ ഭരണം പിടിക്കാൻ 27 പേർ വേണ്ടിടത്ത് എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് 21 വീതമാണ് സീറ്റ്. എൻഡിഎ 8 സീറ്റിലും മറ്റുള്ളവർ 2 സീറ്റിലും വിജയിച്ചു. പാലാ നഗരസഭയിൽ 13 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനു വേണ്ടതെങ്കിൽ എൽഡിഎഫ് 12 സീറ്റുകൾ നേടിയിട്ടുണ്ട്. യുഡിഎഫ് 8, മറ്റുള്ളവർ 6 എന്നിങ്ങനെയാണ് കക്ഷിനില. വൈക്കത്തും 13 പേരാണ് ഭരണംപിടിക്കാൻ വേണ്ടത്. യുഡിഎഫ് 11, എൽഡിഎഫ് 8, എൻഡിഎ 4, മറ്റുള്ളവർ 3 എന്നിങ്ങനെയാണ് ഇവിടെ കക്ഷിനില.

ഇടുക്കി ജില്ലയിൽ രണ്ടു മുനിസിപ്പാലിറ്റികളുള്ളതിൽ കട്ടപ്പനയിൽ യുഡിഎഫിനു ഭൂരിപക്ഷമുണ്ട്. തൊടുപുഴയിൽ കേവലഭൂരിപക്ഷത്തിന് 18 സീറ്റുകൾ ആവശ്യമാണ്. ഇവിടെ 14 സീറ്റുകളിൽ മറ്റുള്ളവർ ആണ് ജയിച്ചത്. 10 സീറ്റിൽ യുഡിഎഫും 7 സീറ്റിൽ എൻഡിഎയും 4 സീറ്റിൽ എൽഡിഎഫും വിജയിച്ചു. തൊടുപുഴ യുഡിഎഫ് തന്നെ ഭരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

എറണാകുളം ജില്ലയിൽ കൊച്ചി കോർപ്പറേഷനും 13 മുനിസിപ്പാലിറ്റികളുമുണ്ട്. കൊച്ചി കോർപ്പറേഷൻ ഭരിക്കാൻ 37 പേരുടെ പിന്തുണ ആവശ്യമാണ്. യുഡിഎഫ് 30, എൽഡിഎഫ് 29, എൻഡിഎ 5, മറ്റുള്ളവർ 10 എന്നിങ്ങനെയാണ് കക്ഷിനില. കോർപ്പറേഷൻ ഇത്തവണ എൽഡിഎഫ് ഭരിക്കും എന്നാണ് കണക്കുകൂട്ടൽ. ആലുവ, അങ്കമാലി, മരട്, വടക്കൻ പരവൂർ എന്നീ നാലു നഗരസഭകളിൽ മാത്രമാണ് യുഡിഎഫിന് ഭരിക്കാൻ ആവശ്യമായ എണ്ണം കൗൺസിലർമാരെ ജയിപ്പിക്കാൻ കഴിഞ്ഞത്. മറ്റു നഗരസഭകളിൽ ആർക്കും കേവലഭൂരിപക്ഷമില്ല. അവിടങ്ങളിലെ കക്ഷിനില ഇനി പറയുന്നു: (മജോരിറ്റി നമ്പർ, യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ, Others എന്ന ക്രമം). ഏലൂർ: 16, 7, 9, 6, 9; കളമശ്ശേരി: 21, 19, 13, 1, 8; കോതമംഗലം: 16, 13, 6, 0, 12; കൂത്താട്ടുകുളം: 13, 11, 12, 0, 2; മൂവാറ്റുപുഴ: 14, 13, 11, 1, 3; പെരുമ്പാവൂർ: 14, 13, 6, 2, 6, പിറവം: 14, 12, 7, 0, 8; തൃക്കാക്കര: 22, 19, 13, 0, 11; തൃപ്പൂണിത്തുറ: 25, 8, 21, 15, 5. എന്നാൽ 13 മുനിസിപ്പാലിറ്റികളിൽ 7 എണ്ണം യുഡിഎഫും 5 എണ്ണം എൽഡിഎഫും ഭരണം ഉറപ്പാക്കിയിട്ടുണ്ട്. ഒരിടത്തു മാത്രമാണ് അനിശ്ചിതത്വമുള്ളത്.

തൃശ്ശൂർ ജില്ലയിൽ ഒരു കോർപ്പറേഷനും 7 മുനിസിപ്പാലിറ്റികളുമാണ് ഉള്ളത്. ഇവയിൽ ചാലക്കുടി യുഡിഎഫും ചാവക്കാട്, ഗുരുവായൂർ, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി എന്നീ നഗരസഭകൾ എൽഡിഎഫും ഒറ്റയ്ക്കു ഭരിക്കും. തൃശ്ശൂർ കോർപ്പറേഷനിൽ 28 സീറ്റുകൾ കേവലഭൂരിപക്ഷത്തിനു വേണ്ടിടത്ത് യുഡിഎഫ് 23, എൽഡിഎഫ് 20, എൻഡിഎ 6, മറ്റുള്ളവർ 5 എന്നിങ്ങനെയാണ് കക്ഷിനില. ഇരിഞ്ഞാലക്കുട നഗരസഭയിൽ 21 സീറ്റുകൾ ആവശ്യമായിടത്ത് യുഡിഎഫ് 17, എൽഡിഎഫ് 13, എൻഡിഎ 8, മറ്റുള്ളവർ 3 എന്നിങ്ങനെയാണ് സീറ്റ് ലഭിച്ചിരിക്കുന്നത്. കുന്നംകുളത്ത് 19 പേരുടെ പിന്തുണ വേണ്ടിടത്ത് യുഡിഎഫ് 7, എൽഡിഎഫ് 18, എൻഡിഎ 8, മറ്റുള്ളവർ 4 എന്നിങ്ങനെ കക്ഷിനില വരുന്നു. ഏഴിൽ അഞ്ച് മുനിസിപ്പാലിറ്റികൾ എൽഡിഎഫും രണ്ട് യുഡിഎഫും ഭരിക്കും.

പാലക്കാട് ജില്ലയിൽ 7 മുനിസിപ്പാലിറ്റികളുള്ളതിൽ പാലക്കാട് വീണ്ടും എൻഡിഎ നേടി. ചെർപ്പുളശ്ശേരിയിൽ 17 സീറ്റ് ഭൂരിപക്ഷം വേണ്ടിടത്ത് യുഡിഎഫും എൽഡിഎഫും 11 വീതം നേടി. എൻഡിഎ 2 സീറ്റിലും മറ്റുള്ളവർ 9 സീറ്റിലും വിജയിച്ചു. ചിറ്റൂർ - തത്തമംഗലം മുനിസിപ്പാലിറ്റിയിൽ 15 ആണ് മാജിൿ നമ്പർ. ഇവിടെ യുഡിഎഫിനു 12, എൽഡിഎഫിന് 7, മറ്റുള്ളവർക്ക് 10 എന്നിങ്ങനെയാണ് കക്ഷിനില. മണ്ണാർക്കാട് 15 സീറ്റ് വേണ്ടിടത്ത് 13 യുഡിഎഫും ഒരു സീറ്റ് എൽഡിഎഫും മൂന്നു സീറ്റ് എൻഡിഎയും 12 സീറ്റ് മറ്റുള്ളവരും നേടി. ഒറ്റപ്പാലത്ത് 18 വേണ്ടിടത്ത് 16 ഇടത്ത് എൽഡിഎഫ് നേടിയിട്ടുണ്ട്. യുഡിഎഫ് 9 സീറ്റിലും എൻഡിഎ 8 സീറ്റിലും മറ്രുള്ളവർ 3 സീറ്റിലും വെന്നിക്കൊടി പാറിച്ചു. പട്ടാമ്പിയിൽ 14 കടക്കേണ്ടിയിടത്ത് 11 യുഡിഎഫും 8 എൽഡിഎഫും 1 എൻഡിഎയും 8 മറ്റുള്ളവരും നേടി. ഷൊർണൂരിലാവട്ടെ, 17 വേണ്ടിടത്ത് 16 സീറ്റ് എൽഡിഎഫ് തനിച്ചു കരസ്ഥമാക്കിയപ്പോൾ 9 ഇടത്ത് എൻഡിഎയും 6 ഇടത്ത് യുഡിഎഫും 2 ഇടത്ത് മറ്റുള്ളവരും ആണ് ജയിച്ചത്. ജില്ലയിൽ 5 നഗരസഭകൾ എൽഡിഎഫ് ഭരിക്കുമെന്നും ഓരോന്നു വീതം യുഡിഎഫും എൻഡിഎയും ഭരിക്കുമെന്നും ഉറപ്പായി.

മലപ്പുറം ജില്ലയിൽ 12 മുനിസിപ്പാലിറ്റികളാണ് ഉള്ളത്. ഇവയിൽ കൊണ്ടോട്ടി, കോട്ടയ്ക്കൽ, മലപ്പുറം, മഞ്ചേരി, പരപ്പനങ്ങാടി, താനൂർ, തിരൂരങ്ങാടി, വാളാഞ്ചേരി നഗരസഭകൾ യുഡിഎഫിനും പെരിന്തൽമണ്ണ, പൊന്നാനി നഗരസഭകൾ എൽഡിഎഫിനും ഭൂരിപക്ഷം ലഭിച്ചവയാണ്. നിലമ്പൂരിൽ 17 സീറ്റ് വേണ്ടിടത്ത് യുഡിഎഫും എൽഡിഎഫും 9 വീതം നേടി. എൻഡിഎ ഒരു സീറ്റിലും മറ്റുള്ളവർ 14 സീറ്റിലും വിജയിച്ചു. ഇവിടെ ഇത്തവണ എൽഡിഎഫ് ഭരിക്കും. തിരൂർ നഗരസഭയിൽ 19 സീറ്റ് ഭൂരിപക്ഷം വേണ്ടിടത്ത് 17 ഇടത്ത് യുഡിഎഫും 10 ഇടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയും 10 സീറ്റുകളിൽ മറ്റുള്ളവരും സ്ഥാനമുറപ്പിച്ചു. 12 നഗരസഭകളിൽ 9 യുഡിഎഫും 3 എൽഡിഎഫും ഭരിക്കും.

കോഴിക്കോട് ജില്ലയിൽ ഒരു കോർപ്പറേഷനും ഏഴു മുനിസിപ്പാലിറ്റികളുമുണ്ട്. കോർപ്പറേഷനിൽ എൽഡിഎഫിന് മൃഗീയ ഭൂരിപക്ഷമുണ്ട്. ഫറൂക്ക്, കൊടുവള്ളി, പയ്യോളി, രാമനാട്ടുകര എന്നീ നഗരസഭകൾ യുഡിഎഫും കൊയ്ലാണ്ടി, വടകര നഗരസഭകൾ എൽഡിഎഫും ഒറ്റയ്ക്ക് ഭരിക്കും. യുഡിഎഫ് - വെൽഫെയർ പാർടി സഖ്യം അരങ്ങുതകർത്ത മുക്കം നഗരസഭയിൽ കേവലഭൂരിപക്ഷത്തിന് 17 സീറ്റുകൾ ആവശ്യമായിടത്ത് എൽഡിഎഫ് 12 സീറ്റിൽ വിജയിച്ചപ്പോൾ യുഡിഎഫിന് 11 സീറ്റേ ലഭിച്ചുള്ളൂ. എൻഡിഎ ഇവിടെ ഒരു സീറ്റ് പിടിച്ചപ്പോൾ 9 വാർഡുകളിൽ മറ്റുള്ളവർ വിജയിച്ചു. മുക്കം നഗരസഭയിൽ എൽഡിഎഫ് ഭരണം നേടുമെന്നാണ് അറിയുന്നത്.

വയനാടു ജില്ലയിൽ മൂന്നു നഗരസഭകളാണുള്ളത്. ഇവയിൽ സുൽത്താൻ ബത്തേരി എൽഡിഎഫ് ഒറ്റയ്ക്കു നേടിയപ്പോൾ കല്പറ്റയിൽ എൽഡിഎഫും മാനന്തവാടിയിൽ യുഡിഎഫുമാണ് കൂടുതൽ സീറ്റുകളിൽ വിജയിച്ചത്. കല്പറ്റ ഭരിക്കാൻ 14 പേരുടെ പിന്തുണ വേണ്ടിടത്ത് 13 സീറ്റിൽ എൽഡിഎഫ്, 12 സീറ്റിൽ യുഡിഎഫ്, മൂന്നു സീറ്റിൽ മറ്റുള്ളവർ എന്നാണ് നില. മാനന്തവാടിയിൽ 18 വേണ്ടിടത്ത് 17 യുഡിഎഫ്, 15 എൽഡിഎഫ്, 4 മറ്റുള്ളവർ എന്നിങ്ങനെയും. ഈ രണ്ടു നഗരസഭകളും യുഡിഎഫ് ഭരിക്കും.

കണ്ണൂർ ജില്ലയിൽ ഒരു കോർപ്പറേഷനും 8 മുനിസിപ്പാലിറ്റികളുമുണ്ട്. കോർപ്പറേഷനിൽ യുഡിഎഫിന് നല്ല മേധാവിത്വമുണ്ട്. ആന്തൂർ നഗരസഭയിൽ മുഴുവൻ വാർഡുകളും എൽഡിഎഫ് തൂത്തുവാരി. കൂത്തുപറമ്പ്, പയ്യന്നൂർ, തലശ്ശേരി നഗരസഭകളും എൽഡിഎഫ് നേടി. ഇവയിൽ കൂത്തുപറമ്പിൽ 28 വാർഡുള്ളതിൽ 25 വാർഡിലും എൽഡിഎഫ് തന്നെയാണ് ജയിച്ചത്. ഓരോ സീറ്റ് വീതം യുഡിഎഫിനും എൻഡിഎയ്ക്കും മറ്റുള്ളവർക്കും ലഭിച്ചിട്ടുണ്ട്. പാനൂർ, ശ്രീകണ്ഠാപുരം, തളിപ്പറമ്പ് നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു. ഇരിട്ടിയിൽ കേവലഭൂരിപക്ഷത്തിന് 17 സീറ്റ് വേണമെങ്കിൽ 14 സീറ്റ് എൽഡിഎഫ് കൈക്കലാക്കി. 11 ഇടത്ത് യുഡിഎഫ് വിജയിച്ചു. 5 സീറ്റുകൾ എൻഡിഎയും 3 സീറ്റുകൾ മറ്റുള്ളവരും നേടി. ഇരിട്ടി ഇത്തവണ എൽഡിഎഫ് ഭരിക്കും.

കാസർഗോഡ് ജില്ലയിൽ മൂന്നു നഗരസഭകളാണ് ഉള്ളത്. കാസർഗോഡ് യുഡിഎഫും നീലേശ്വരം എൽഡിഎഫും നേടി. കാഞ്ഞങ്ങാട് 22 സീറ്റ് വേണ്ടിടത്ത് എൽഡിഎഫിന് 21 സീറ്റേ കൈയെത്തിപ്പിടിക്കാനായുള്ളൂ. 13 ഇടത്ത് യുഡിഎഫും 5 ഇടത്ത് എൻഡിഎയും 4 ഇടത്ത് മറ്റുള്ളവരും വിജയിച്ചു. എങ്കിലും ഈ നഗരസഭയിൽ എൽഡിഎഫ് ഭരണം നിയന്ത്രിക്കും. ഇതിൽ കാസർഗോഡ് നഗരസഭയിൽ വെറും ഒരു സീറ്റിലേക്ക് എൽഡിഎഫിന്റെ പ്രാതിനിധ്യം ഒതുങ്ങി. 2015ലും ഇതായിരുന്നു സ്ഥിതി. അന്ന് നേടിയ ചെന്നിക്കര വാർഡ് തന്നെയാണ് ഇത്തവണയും നിലനിർത്തിയത്. ഈ വാർഡിൽ മാത്രം സിപിഐ(എം) പാർടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥിക്ക് 525 വോട്ടും രണ്ടാം സ്ഥാനത്തു വന്ന ബിജെപി സ്ഥാനാർത്ഥിക്ക് 80 വോട്ടുമാണ്. ആകെ 38 വാർഡുകളുള്ള കാസർഗോഡ് നഗരസഭയിലെ 10 വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാർത്ഥികളുടെ വോട്ട് രണ്ടക്കത്തിൽ ഒതുങ്ങി. അതിൽ തന്നെ അനബിഗിളു (38), പച്ചക്കാട് (24), തളങ്ങര ദീനാർ നഗർ (30), ബീരാന്തബയാൽ (49) എന്നീ വാർഡുകളിൽ 50ൽ താഴെ വോട്ടുകളെ രണ്ടാമതെത്തിയ സ്ഥാനാർത്ഥി നേടിയിട്ടുള്ളൂ. ഒരുപക്ഷെ നല്ല ശതമാനം ക്രോസ് വോട്ടിങ്ങുകൾ നടക്കുന്ന മുനിസിപ്പാലിറ്റിയാവും കാസർഗോഡ്.

കേരളത്തിലെ ആറു കോർപ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 414 കൗൺസിലർമാരാണ് ഉള്ളത്. ഇവരിൽ 196 പേരായിരുന്നു കഴിഞ്ഞ കൗൺസിലിൽ എൽഡിഎഫിന്റെ അംഗങ്ങളായി ഉണ്ടായിരുന്നത് എങ്കിൽ ഇത്തവണ അത് 207 ആയി വർധിച്ചു. 11 സീറ്റ് അധികം. യുഡിഎഫ് 143ൽ നിന്ന് 120ലേക്ക് വീണു. 23 സീറ്റ് നഷ്ടം. തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രം 21ൽ നിന്ന് 10 ആയി യുഡിഎഫ് അംഗസംഖ്യ താഴ്ന്നു. 2015ൽ 51 കോർപ്പറേഷൻ വാർഡുകളാണ് ബിജെപി കൈപ്പിടിയിൽ ഒതുക്കിയിരുന്നത്. അതിത്തവണ 59 ആയി ഉയർന്നു. 8 സീറ്റ് അധികം. മറ്റുള്ള കക്ഷികൾ/സ്വതന്ത്രർ നേരത്തെയുണ്ടായിരുന്ന 24 പേരിൽ നിന്ന് 27 പേരായി. മൂന്നുപേർ അധികം.

അവലോകനങ്ങളിലേക്കു കടക്കുംമുമ്പ് ഒന്നുരണ്ടു കേസുകൾ പ്രത്യേകമായി നോക്കാം.

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐ(എം) മേയർ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന ഗവ. കോളേജ് അദ്ധ്യാപക സംഘടനാ നേതാവ് എ ജി ഒലീനയുടെ പരാജയം സംസ്ഥാനത്തെങ്ങും വൻ വാർത്തയാണ്. എന്നാൽ ഈ പരാജയത്തിൽ വലിയ അത്ഭുതമൊന്നും കാണാനില്ല. എകെജി സെന്റർ ഉൾപ്പെടുന്ന ഈ വാർഡിൽ 2015ലെ തെരഞ്ഞെടുപ്പിൽ സിപിഐ(എം) പ്രതിനിധിയായിരുന്ന ഐ പി ബിനു ജയിച്ചത് 1147 വോട്ടുകൾ നേടിയാണ്.

എ.കെ.ജി സെന്റർ

ബിജെപിക്ക് ഇവിടെ കഴിഞ്ഞ തവണ സമാഹരിക്കാനായത് 265 വോട്ടുകൾ മാത്രമായിരുന്നു. അതിൽ നിന്ന് ഇപ്രാവശ്യവും വലിയ വ്യത്യാസമൊന്നും വന്നുവെന്ന് പറയാനാവില്ല. 256 വോട്ടുകൾ അവർ പിടിച്ചു. വെറും 9 വോട്ടിന്റെ കുറവ്. അന്ന് ഐ പി ബിനു പിടിച്ചതിനേക്കാൾ വോട്ട് ഇത്തവണ ഒലീനയ്ക്കു ലഭിച്ചു. 1190 വോട്ട്. കൃത്യമായി പറഞ്ഞാൽ 43 വോട്ട് അധികം. എന്നാൽ അന്ന് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ 829 വോട്ടുമാത്രം നേടിയപ്പോൾ കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായിരുന്ന കുന്നുകുഴി സുരേഷ് 1014 വോട്ടുകൾ സമാഹരിച്ചു. ഇതാണ് ബിനുവിന് തുണയായത്. ഇത്തവണയാവട്ടെ, മുൻ കൗൺസിലറും അടിസ്ഥാനതല രാഷ്ട്രീയ പ്രവർത്തകയും ജനകീയയുമായ മേരി പുഷ്പം ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. റിബൽ ശല്യം ഇല്ലായിരുന്ന തെരഞ്ഞെടുപ്പിൽ അവർ 1659 വോട്ടുനേടി വിജയിച്ചു. കഴിഞ്ഞ പ്രാവശ്യം യുഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് വിമതനും ചേർന്നു നേടിയതിനേക്കാൾ 184 വോട്ടുകൾ കുറവാണ് അവർക്ക് ലഭിച്ചത്.

ഉമ്മൻ ചാണ്ടി

രാഷ്ട്രീയമായ തെരഞ്ഞെടുപ്പു നടക്കുന്നത് ജില്ലാ പഞ്ചായത്തിലേക്കാണെന്നും ഗ്രാമപഞ്ചായത്ത് നഷ്ടമായെങ്കിലും തന്റെ മണ്ഡലത്തോടു ചേർന്നുള്ള ആറു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും യുഡിഎഫ് ആണ് ജയിച്ചതെന്നുമാണ് ഇന്നലെ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലെയും ഭരണം നഷ്ടമായതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. ഈ അവകാശവാദം എത്രത്തോളം ശരിയാണെന്നു പരിശോധിക്കണമെങ്കിൽ കോട്ടയത്തെ നില പ്രത്യേകമായെടുക്കണം. കോട്ടയം ജില്ലാ പഞ്ചായത്തിൽ 22 ഡിവിഷനുകളാണുള്ളത്. അതിൽ 14 എണ്ണവും ഇത്തവണ എൽഡിഎഫിനാണ്. ആകെ 7 ഡിവിഷനുകൾ മാത്രമാണ് യുഡിഎഫ് ജയിച്ചത്. ഒരെണ്ണം Others എന്ന ഗണത്തിലാണ്. 2015ൽ 14 എണ്ണം യുഡിഎഫും 8 എണ്ണം എൽഡിഎഫും ആയിരുന്ന സ്ഥാനത്താണിത്. പാമ്പാടി, അയർക്കുന്നം, പുതുപ്പള്ളി, വാകത്താനം, കുറിച്ചി, അതിരമ്പുഴ, കിടങ്ങൂർ എന്നീ ഡിവിഷനുകളാണ് യുഡിഎഫ് വിജയിച്ചത്. ഇതിൽ അതിരമ്പുഴയിലും കിടങ്ങൂരിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗമാണ് വിജയിച്ചത്. കോൺഗ്രസ് വിജയിച്ച ആദ്യ നാലു ഡിവിഷനും പുതുപ്പള്ളി മണ്ഡലത്തിൽ തന്നെയാണ്. കുറിച്ചി അതിർത്തി ഡിവിഷനാണ്. അത് കോട്ടയം, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലായാവും കിടക്കുക. കിടങ്ങൂരാവട്ടെ, അയർക്കുന്നത്തോടു തൊട്ടുകിടക്കുന്നതും. രാഷ്ട്രീയപ്പോരിൽ കോട്ടയം ജില്ലയിൽ കോൺഗ്രസ് ഒരു പോക്കറ്റിലേക്ക് ഒതുങ്ങിയെന്നാണ് ഇത് കാണിക്കുന്നത്. യുഡിഎഫിന്റെ നെടുങ്കോട്ടയായ കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് (എം) യുഡിഎഫ് വിട്ടതോടെ എത്ര ദയനീയമായി ഐക്യമുന്നണിയുടെ പ്രോസ്പെക്റ്റ്സ് എന്ന് പരിശോധിക്കുക.

കിറ്റെക്സ് - അന്നാസ് ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന 20-20 എന്ന കോർപ്പറേറ്റ് മോഡൽ അരാഷ്ട്രീയം കിഴക്കമ്പലത്തിനു പുറത്ത് രണ്ടു പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിക്കാൻ അവർക്കായെങ്കിലും അതിന്റെ ചുവടുപിടിച്ച് തലസ്ഥാനഗരിയിൽ മുൻ ടെക്നോപാർക്ക് സിഇഒ ആയിരുന്ന വിജയരാഘവന്റെ നേതൃത്വത്തിൽ ലോഞ്ച് ചെയ്ത, ശംഖ് ധാരിയായ തിരുവനന്തപുരം വികസന മുന്നണി - ടിവിഎം എന്ന അരാഷ്ട്രീയക്കൂട്ടത്തിന് ദയനീയമായ പരാജയമാണ് നേരിടേണ്ടി വന്നത്. വലിയ ഹോർഡിങ്സും മറ്റും ഉയർത്തി കാടിളക്കി പ്രചാരണം നടത്തിയിട്ടും തിരുവനന്തപുരം നഗരസഭയിലെ മത്സരിച്ച 14 വാർഡുകളിൽ നിന്നായി വെറും 3023 വോട്ടുകളാണ് അവർക്ക് സമാഹരിക്കാൻ കഴിഞ്ഞത്. ഇതിൽ 1026 വോട്ടുകളും നേടിയത്, യുഡിഎഫ് വിമത സ്ഥാനാർത്ഥി കൂടിയായിരുന്ന മുൻകൗൺസിലർ കിനാവൂരിലെ ഷീജ വർഗ്ഗീസ് ആണ്. മറ്റുള്ള 13 വാർഡുകളിൽ നിന്നു ലഭിച്ചത് 1997 വോട്ടും.

ഈ തെരഞ്ഞെടുപ്പിലെ യഥാർത്ഥ വിജയപരാജയങ്ങൾ വിലയിരുത്തണമെങ്കിൽ അതിന് ഓരോ പാർടിയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പോൾ ചെയ്ത വോട്ടും ഇത്തവണ ലഭിച്ച വോട്ടുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഓരോ മുന്നണിക്കും കക്ഷിക്കും ലഭിച്ച വോട്ടുകൾ എളുപ്പത്തിൽ ലഭിക്കുമെങ്കിലും LSG തെരഞ്ഞെടുപ്പിലെ ഇത്തരം ഡേറ്റ, ഓരോ വാർഡിലെയും വോട്ടുകൾ പ്രത്യേകമായി കമ്പൈൽ ചെയ്തെടുക്കാതെ ലഭിക്കില്ല. തെരഞ്ഞെടുപ്പു കമ്മിഷന് ചെറിയൊരു മാക്രോ പ്രോഗ്രാമിങ്ങിലൂടെ സ്പ്രെഡ് ഷീറ്റ് ഉപയോഗിച്ചു ടാബുലേറ്റ് ചെയ്യാവുന്ന നിസാരമായ കാര്യമാണിത്. വിവരം അവകാശമായി പ്രഖ്യാപിച്ച കാലത്ത് എന്തുകൊണ്ടാണ് ഇലക്ഷൻ കമ്മിഷൻ ഇക്കാര്യം ഗൗരവത്തിലെടുക്കാത്തത് എന്നത് അത്ഭുതകരമാണ്.

മലയാള മനോരമ ദിനപത്രം ഡിസംബർ 18൹ പ്രസിദ്ധീകരിച്ച പട്ടിക അനുസരിച്ച് 101 നിയമസഭാ നിയോജകമണ്ഡലങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വ്യക്തമായ മേൽക്കോയ്മയുണ്ട്. എൽഡിഎഫിന്റെ പെട്ടിയിൽ 87,25,940 വോട്ടുവീണപ്പോൾ (41.55%) യുഡിഎഫിന് ലഭിച്ചത് 78,00,787 വോട്ടാണ് (37.14%). എൻഡിഎ 30,49,186 വോട്ടുകളും നേടി (14.52%). നേമത്തല്ലാതെ മറ്റൊരു നിയമസഭാ മണ്ഡലത്തിലും അട്ടിമറിവിജയം നേടാൻ ആവശ്യമായ ക്രിട്ടിക്കൽ നമ്പറിലേക്ക് ബിജെപി ഇത്തവണയും വന്നിട്ടില്ല. ഏഴു നിയമസഭാ മണ്ഡലങ്ങൾ പിടിക്കും എന്നുള്ള അവരുടെ അവകാശവാദം അറബിക്കടലിൽ ഒലിച്ചുപോയി. തെക്കൻജില്ലകളിൽ തിരുവനന്തപുരത്തെ നെയ്യാറ്റിൻകര, കൊല്ലത്തെ ചവറ, പത്തനംതിട്ടയിൽ ആറന്മുള എന്നീ മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫിന് മേൽക്കൈയുള്ളത്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും എൽഡിഎഫ് മുന്നിലാണ്. യുഡിഎഫിന്റെ നെടുങ്കോട്ടയായി അറിയപ്പെട്ടിരുന്ന ജില്ലയാണ് കോട്ടയം. എറണാകുളം, മലപ്പുറം ജില്ലകളാണ് യുഡിഎഫിനെ അല്പമെങ്കിലും പിടിച്ചുനിർത്തിയത്. ഈ രണ്ടു ജില്ലകളിൽ നിന്നായി 22 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് മേധാവിത്വം നേടി. ഇടുക്കിയിൽ ദേവികുളത്തും തൊടുപുഴയിലും തൃശ്ശൂരിൽ തൃശ്ശൂരും പാലക്കാട് ജില്ലയിൽ പാലക്കാടും കണ്ണൂർ ജില്ലയിൽ കണ്ണൂരിലും ഇരിക്കൂറിലും കോഴിക്കോടു ജില്ലയിൽ വടകര, തിരുവമ്പാടി, കൊടുവള്ളി എന്നിവിടങ്ങളിലും കാസർഗോഡ് മഞ്ചേശ്വരത്തും കാസർഗോഡും മാത്രമാണ് യുഡിഎഫ് മുൻതൂക്കം നേടിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ വൻമുന്നേറ്റം പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് ഇരുമുന്നണികളെയും വെല്ലുവിളിച്ച് ഒറ്റയ്ക്കു ഭരിക്കാനുള്ള കേവലഭൂരിപക്ഷം ലഭിച്ചത് കാസർകോട്ടെ മധൂർ, ബെല്ലൂർ, പത്തനംതിട്ട ജില്ലയിലെ കുളനട, തിരുവനന്തപുരത്തെ കരവാരം എന്നിങ്ങനെ കേവലം നാലു ഗ്രാമപഞ്ചായത്തുകളിലും പാലക്കാട്, പന്തളം എന്നീ രണ്ടു മുനിസിപ്പാലിറ്റികളും മാത്രമാണ്. കേവലഭൂരിപക്ഷമില്ലെങ്കിലും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോട്ടയം ജില്ലയിലെ മുത്തോലി, പള്ളിക്കത്തോട്, തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട്, കല്ലിയൂർ, മുദാക്കൽ, എന്നീ പഞ്ചായത്തുകളിൽ അവർ ഭരണം ഉറപ്പിച്ചുകഴിഞ്ഞു. ഇത്തവണ ഭരണം പിടിക്കും എന്ന് അവർ വിശ്വസിച്ചിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലാവട്ടെ, കഴിഞ്ഞ പ്രാവശ്യത്തെക്കാൾ നില മെച്ചപ്പെടുത്താൻ പോലും അവർക്കു കഴിഞ്ഞില്ല. കാസർകോട് ജില്ലയിലെ പൈവിളാകെ, മീഞ്ച, കാർധക, തൃശ്ശൂരിലെ ആവിണിശ്ശേരി, ആലപ്പുഴയിലെ കോടംതുരുത്ത്, തിരുവൻവണ്ടൂർ, പത്തനംതിട്ടയിലെ ചെറുകോൽ, കവിയൂർ, കോട്ടാങ്ങൽ, കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ, നെടുവത്തൂർ, എന്നിങ്ങനെ 11 ഗ്രാമപഞ്ചായത്തുകളിൽ കൂടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. ഇവയിൽ കൊല്ലം ജില്ലയിലെ ഒരു പഞ്ചായത്തു കൂടി അവർ പിടിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ബിജെപിക്കു നേട്ടമുണ്ടായ പഞ്ചായത്തുകൾ മൂന്നു ജില്ലകളിലെ ചില പോക്കറ്റുകളിലായി ഒതുങ്ങിപ്പോയി. ബാക്കി പത്തിടത്ത് എൽഡിഎഫും യുഡിഎഫും ചേർന്നാൽ എൻഡിഎ സാധ്യതകളെ അട്ടിമറിക്കാം. അതായത്, അവർ പ്രതീക്ഷിച്ചിരുന്നതു പോലെ കേരളമൊട്ടാകെ നിരപ്പായ ഒരു മേധാവിത്വം കൈവരിക്കാൻ അവർക്കു സാധിച്ചിട്ടില്ല. അതേ സമയം അവർക്ക് ഗ്രാമം, ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ ആകെ അംഗങ്ങളുടെ എണ്ണത്തിൽ മുൻ തവണത്തെക്കാൾ മെച്ചമുണ്ടാക്കാൻ ആയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപി ചിത്രത്തിലെങ്ങുമില്ല എന്ന് മുഖ്യമന്ത്രി പറയുമ്പോഴും പൊതുവിൽ നിരീക്ഷിക്കാവുന്ന ഒരു കാര്യം ബിജെപിയുടെ വോട്ട് ഷെയർ ക്രമാനുഗതമായി കൂടി വരുന്നതാണ്. പല വാർഡുകളിലും ഇടതുമുന്നണി, ഐക്യമുന്നണി സ്ഥാനാർത്ഥികളുടെ വിജയപരാജയങ്ങൾ നിശ്ചയിക്കുന്ന തരത്തിലുള്ള ശക്തിയാകാൻ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. ഇത് ബിജെപി വോട്ടുകൾ ഏതെങ്കിലും കക്ഷികൾക്കു മറിച്ചുകൊടുക്കുന്നതുകൊണ്ടല്ല. അവരുടെ വോട്ടുകൾ കൂടുതൽ കൂടുതലായി അവർ തന്നെ പിടിക്കാൻ തുടങ്ങിയതിനാലാണ്. ഈ തെരഞ്ഞെടുപ്പ് തന്നെ നോക്കിയാൽ എൽഡിഫ് വിരുദ്ധമോ ഭരണവിരുദ്ധമോ ആയ വോട്ടുകൾ, യുഡിഎഫ്, എൻഡിഎ മുന്നണികൾക്കിടയിൽ സ്പ്ലിറ്റ് ആവുകയും അതിന്റെ ഗുണം എൽഡിഎഫിനു പലയിടങ്ങളിലും ലഭിക്കുകയും ചെയ്തു. ഈ ഒരു ട്രെൻഡ് കുറേക്കാലത്തേക്കെങ്കിലും തുടരാനാണ് സാധ്യത. അതിന് ആക്കം കൂട്ടുന്ന കാര്യങ്ങളാണ് ദൗർഭാഗ്യവശാൽ യുഡിഎഫ് നേതൃത്വത്തിൽ നിന്നുണ്ടാവുന്നത്.

ഈ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ പലരും നിരീക്ഷിച്ചിരുന്ന കാര്യം എൽഡിഎഫിന് സീറ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവൊന്നും തട്ടിയില്ലെങ്കിൽ പോലും വോട്ട് ഷെയർ കുറയുമെന്നും ബിജെപിയുടെ വോട്ട് ഷെയർ വർധിക്കുമെങ്കിലും അത് സീറ്റ് എണ്ണത്തിൽ പ്രതിഫലിക്കാൻ മാത്രം കേന്ദ്രീകൃതമായി വളരില്ല എന്നുമായിരുന്നു. അമിത വിജയപ്രതീക്ഷയുമായിരിക്കുന്ന യുഡിഎഫിനെ വോട്ടുചോർച്ച ദോഷകരമായി ബാധിക്കാൻ ഇടയുണ്ടെന്നും കണക്കുകൂട്ടൽ ഉണ്ടായിരുന്നു.

കൂടുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൈപ്പിടിയിൽ ഒതുക്കാൻ ഇത്തവണ എൽഡിഎഫിനു കഴിഞ്ഞിട്ടുണ്ട്. അതേ സമയം ആകെ പ്രതിനിധികളുടെ എണ്ണത്തിൽ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമായി കഴിഞ്ഞ ടേമിനേക്കാൾ 456 അംഗങ്ങൾ കുറവാണ്, ഇടതുമുന്നണിക്കു ലഭിച്ചത്. ബ്ലോക്ക്, ജില്ല, കോർപ്പറേഷൻ എന്നിവിടങ്ങളിൽ 232 പേരെ അധികമായി വിജയിപ്പിക്കാനും ഇടതുപക്ഷത്തിനായി.

സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ, അതിൽ തന്നെ പ്രത്യേകിച്ച് എൻഫോഴ്സ്മെന്റ് ഡയറക്റ്റ്രേറ്റ്, മാധ്യമങ്ങളിൽ അടക്കം വാർത്തകൾ പ്ലാന്റ് ചെയ്ത് ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്ന ആരോപണം ഇടതുകേന്ദ്രങ്ങളിൽ നിന്ന് നേരത്തെ ഉയർന്നിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ശബരിമല വിഷയം ആവുംവിധം ഉയർത്താൻ യുഡിഎഫും എൻഡിഎയും ശ്രമിച്ചിട്ടുമുണ്ട്. കേരളത്തിന്റെ ഫ്ലാഗ്ഷിപ് പദ്ധതികളായ കെഫോണിനെതിരെയും ലൈഫ് മിഷനെതിരെയും ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങൾ പ്രതിപക്ഷം നിരത്തി. മാസങ്ങളോളം ടെലിവിഷൻ അന്തിച്ചർച്ചകൾ എൽഡിഎഫ് ഗവൺമെന്റിനെ പ്രതിക്കൂട്ടിലാക്കി ആയിരുന്നു. ഇത്രയൊക്കെയായിട്ടും ഇടതുപക്ഷത്തിന് തദ്ദേശതെരഞ്ഞെടുപ്പിൽ പിടിച്ചുനിൽക്കാനും കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ പിടിച്ചെടുക്കാനും കഴിഞ്ഞു. വിജയിപ്പിക്കാനായ ആകെ പ്രതിനിധികളുടെ എണ്ണത്തിലും സമാഹരിക്കാനായ ആകെ വോട്ടുകളുടെ എണ്ണത്തിലും എൽഡിഎഫിന് ചോർച്ചയുണ്ടായെങ്കിലും ഈ വിജയം നിലനിർത്താനും കാഴ്ചയിൽ ഗംഭീരവിജയമാണെന്ന പ്രതീതി സൃഷ്ടിക്കാനും അവരെ സഹായിച്ചത് പ്രധാനമായും നാലു ഘടകങ്ങളാണ്. യുഡിഎഫിന്റെ വെൽഫെയർ പാർടിയുമായുള്ള ബാന്ധവം, എൽഡിഎഫിൽ കേരള കോൺഗ്രസ് (എം) ഘടകകക്ഷിയായത്, യുഡിഎഫ് വോട്ടിൽ നിന്ന് ഒരു പങ്ക് ബിജെപി കൊണ്ടുപോയത്, എൽഡിഎഫിന് അതിന്റെ വോട്ട് ബേസ് പിടിച്ചുനിർത്താൻ കഴിഞ്ഞത്.

ഇടതുമുന്നണിയുമായി ലയിക്കാനുള്ള തീരുമാനമെടുത്തശേഷം ജോസ് കെ. മാണി എ.കെ.ജി സെൻററിലെത്തിയപ്പോൾ . കോടിയേരി ബാലകൃഷ്​ണൻ, എ. വിജയരാഘവൻ എന്നിവർ സമീപം

ഇവയോരാന്നായി എടുക്കാം. കേരള കോൺഗ്രസ് (എം) ജോസ്മോൻ വിഭാഗത്തെ യുഡിഎഫിൽ നിന്ന് അകറ്റിയതാണ് രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും സംഭവിച്ച ഏറ്റവും വലിയ അബദ്ധം. ഇവർ പോയാൽ കോട്ടയത്ത് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ മത്സരിക്കാൻ ലഭിക്കും എന്നതായിരുന്നിരിക്കണം, അവരുടെ കണക്കുകൂട്ടൽ. കെ എം മാണിയുടെ മരണത്തോടെ ജോസ്മോൻ നേതൃത്വം നൽകുന്ന വിഭാഗം അപ്രസക്തമാകും എന്നും അവർ കരുതി. എന്നാൽ നേരെ മറിച്ചാണു സംഭവിച്ചത്. പി ജെ ജോസഫ് നേതൃത്വം നൽകുന്ന വിഭാഗത്തിന് വോട്ടുകൾ ചേർത്തുനിർത്താൻ സാധിച്ചില്ല. അവരുടെ ശക്തികേന്ദ്രമാകേണ്ടിയിരുന്ന തൊടുപുഴയിൽ പോലും അവർ പിന്നാക്കം പോയി. അതാവട്ടെ, കോൺഗ്രസ് അട്ടിമറിയാണ് എന്ന് അവർ ആരോപിക്കുന്ന നിലയിലുമെത്തി.

പുറത്തേക്കു പോയ ജോസ്മോനും സംഘത്തിനും എൻഡിഎ മുന്നണിയുടെ ഭാഗമാകാൻ ഒരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല. കോൺഗ്രസ് (ഐ)യെ പോലും ഒരു വന്യ ഭാവനയിൽ സെൻട്രൽ ലെഫ്റ്റ് പാർടിയായി അടയാളപ്പെടുത്താൻ സാധിച്ചേക്കുമെങ്കിൽ കേരളത്തിലെ ലക്ഷണമൊത്ത വലതുപക്ഷ പാർടിയാണ് കേരള കോൺഗ്രസ്. അവരുടെ അണികൾക്ക് എൻഡിഎ മുന്നണിയുടെ ഭാഗമാകാൻ ഒരു മെന്റൽ ബ്ലോക്കും ഉണ്ടാവില്ല. പി സി തോമസ് മുമ്പ് എൻഡിഎ പ്രതിനിധിയായി പാർലമെന്റിലേക്ക് മത്സരിച്ചു ജയിച്ചപ്പോൾ ഇതേ വിഭാഗത്തിന്റെ വോട്ടിൽ ഗണ്യമായ ഭാഗം നേടിയിരുന്നു. തന്നെയുമല്ല, കുറേക്കാലമായി കത്തോലിക്ക സഭയിലെ, അതിൽ തന്നെ സിറിയൻ കത്തോലിക്ക മെത്രാന്മാരും ധ്യാനഗുരുക്കന്മാരും വിശ്വാസികൾക്കിടയിൽ വിതച്ചുകൊണ്ടിരിക്കുന്ന മുസ്ലീം വിരോധം കേരള കോൺഗ്രസ് പ്രതിനിധീകരിക്കുന്ന വോട്ട് ബേസിനെ തീവ്ര വലതുപക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ അതിന് ഇടംകൊടുക്കാതെ അവരെ കൂടെക്കൂട്ടാൻ സിപിഎമ്മും സിപിഐയും ഒരു മനസ്സോടെ തയ്യാറായത് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും അടക്കം എൽഡിഎഫിനു തുണയായിട്ടുണ്ട്. മുമ്പ് ഇടതുപക്ഷ മുന്നണിക്ക് ബാലികേറാമലയായിരുന്ന പല പഞ്ചായത്തുകളിലും സാന്നിദ്ധ്യമുറപ്പിക്കാനും പിടിച്ചെടുക്കാനും ഈ പുതിയ ബാന്ധവം മുന്നണിയെ സഹായിച്ചു. മലങ്കര സഭാ തർക്കത്തിൽ ബാവാകക്ഷിയുടെ കൈവശമിരിക്കുന്ന പള്ളികൾ ഓരോന്നായി കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ഏക അംഗീകൃത വിഭാഗമായി മാറിയ മെത്രാൻ കക്ഷി ഓരോന്നായി പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പള്ളിപിടുത്തം കഴിയുന്നത്ര വച്ചു താമസിപ്പിക്കുന്നതിനുള്ള നന്ദി സൂചകമായി യാക്കോബായ വിഭാഗത്തിന്റെ മുമ്പ് യുഡിഎഫിനു മാത്രം പോൾ ചെയ്യപ്പെട്ടിരുന്ന ഒട്ടേറെ വോട്ടുകൾ ഇത്തവണ എൽഡിഎഫിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്.

പി.കെ. കുഞ്ഞാലിക്കുട്ടി

എല്ലാ മുസ്ലീം വിഭാഗങ്ങൾക്കിടയിലും സ്വീകാര്യത വർധിപ്പിച്ച് കേരളത്തിലെ മുഴുവൻ മുസ്ലീമുകളുടെയും നേതാവാകുക എന്ന അതിമോഹമാണ് കുഞ്ഞാലിക്കുട്ടിയെ വെൽഫെയർ പാർടി ബന്ധത്തിന് പ്രേരിപ്പിച്ചത്. അതല്ലാതെ മുസ്ലീംലീഗിന് അവരുടെ സ്വാധീനമേഖലയിൽ പുതിയ സഖ്യങ്ങൾക്ക് പ്രേരിപ്പിക്കേണ്ടിവരുംവിധം പിന്തുണയിൽ യാതൊരിടിവും സംഭവിച്ചിരുന്നില്ല. എന്നാൽ സിപിഐ(എം) നേതാക്കൾ മുമ്പ് മ്അദനിയുമായി വേദി പങ്കിട്ടപ്പോഴെന്നതുപോലെ ഒരു ഡോമിനോ പ്രഭാവമാണ് ഈ ബന്ധം യുഡിഎഫിനുണ്ടാക്കിയത്. ചീട്ടുകൊട്ടാരം തകർന്നടിയുംപോലെ ഒരേ സമയം ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ ഇത് യുഡിഎഫിനോട് ഒരു വിശ്വാസച്ചോർച്ചയുണ്ടാക്കി.

ഒവൈസിയുടെ സാന്നിദ്ധ്യം ബിജെപി വിവിധ സംസ്ഥാനങ്ങളിൽ വോട്ടാക്കി മാറ്റിയതുപോലെ വെൽഫെയർ പാർടിയുടെ പിതൃരൂപമായ ജമാഅത്തെ ഇസ്ലാമിയുടെ സാന്നിദ്ധ്യം, പൊതുവേ ഇസ്ലാംവിരോധം വളർന്നുവരുന്ന ഹിന്ദു, മുസ്ലീം വിഭാഗങ്ങൾക്കിടയിൽ അതിന്റെ ആക്കം വർധിപ്പിക്കാനും അതുവഴി അവരുടെ വോട്ടുകൾ യുഡിഎഫിന് എതിരെ തിരിക്കാനും ഇടയാക്കി. ഇത്തരം സാഹചര്യം ബിജെപിയെ വളർത്താൻ സഹായിക്കുമെന്ന് പേടിക്കുന്ന ദേശീയ മുസ്ലീങ്ങളാവട്ടെ, ഈ സഖ്യത്തെ എതിർത്തു രംഗത്തെത്തുകയും അത് കോഴിക്കോടു ജില്ലയിൽ അടക്കം എൽഡിഎഫിനു ഗുണമാവുകയും ചെയ്തു. വെൽഫെയർ സഖ്യം അതിന്റെ സർവ്വപ്രതാപങ്ങളോടെയും വാണ മുക്കത്തുപോലും 50% സീറ്റുകൾ പിടിക്കാനേ, യുഡിഎഫിനു കഴിഞ്ഞുള്ളൂ. മറ്റിടങ്ങളിൽ അതുണ്ടാക്കിയ നഷ്ടമാവട്ടെ, ഭീമമാണ്.

ശബരിമല വിഷയം കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ തോതിൽ ഗുണം ചെയ്തെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അത് ഐക്യജനാധിപത്യമുന്നണിക്ക് നഷ്ടക്കച്ചവടമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ബിജെപിക്കാർ പോലും ശങ്കിച്ചുനിന്ന സമയത്താണ് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഭരണഘടനാസ്ഥാപനം എന്ന നിലയിൽ വിധി അനുസരിക്കുമെന്ന് പറഞ്ഞ സർക്കാരിനെതിരെ തീവ്ര വർഗീയ പ്രസ്താവനകളുമായി രംഗത്തുവന്നത്. ഇത് സെക്കുലർ മുന്നണി എന്ന യുഡിഎഫിന്റെ മുഖമാണ് നഷ്ടപ്പെടുത്തിയത്. ആളുകൾ ഒരു പ്രത്യേക രീതിയിൽ ചിന്തിക്കാൻ പരുവപ്പെടുമ്പോൾ അതിലേക്കു പുതുതായി വരുന്നവരേക്കാൾ നേരത്തെ തന്നെ അതേയിടത്ത് ഉണ്ടായിരുന്നവർക്കാവും കൂടുതൽ ഗുണം ഉണ്ടാവുക. ബിജെപി പറയുന്ന അതേ വർഗീയത കോൺഗ്രസും പറയുമ്പോൾ പിന്നെ കോൺഗ്രസ് എന്തിന്, ബിജെപി മതിയല്ലോ എന്ന് ആളുകൾ ചിന്തിച്ചുപോയാൽ അത്ഭുതപ്പെടാനുണ്ടോ?

കഴിഞ്ഞ ലോക്​സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നു.

രാഹുൽ ഗാന്ധിയെ വയനാട് സീറ്റിൽ ഫീൽഡ് ചെയ്ത ആന്റണിയുടെ കെഎസ്‌യു ബുദ്ധിയിൽ കേരളത്തിലെ പാർലമെന്റ് സീറ്റുകൾ അടിപടലം തൂത്തുവാരാൻ അന്ന് യുഡിഎഫിനായി. എന്നാൽ രാഹുൽ ഗാന്ധി പ്രഭാവത്തിനപ്പുറം അത് ശബരിമല വിധിയെഴുത്തുകൂടിയാണ് എന്നാണ് കോൺഗ്രസ് കണ്ടത്. ശബരിമല പ്രക്ഷോഭം തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒരു പരിധിവരെ കോട്ടയം എന്നീ ജില്ലകളിൽ അതേ വരെ ഇടതുപക്ഷത്തിനു മാത്രം വോട്ടു ചെയ്തിരുന്ന ഒട്ടേറെയാളുകളെ മാറ്റിചിന്തിക്കാൻ പ്രേരിപ്പിച്ചു. അന്ന് ഒലിച്ചുപോയ എൽഡിഎഫ് വോട്ടുകൾ പൂർണ്ണമായൊന്നും തിരികെപ്പിടിക്കാൻ സിപിഐഎമ്മിന് ഇപ്പോഴും ആയിട്ടില്ല. അതിൽ ഒരു ഭാഗം യുഡിഎഫിലേക്കും ഒരു ഭാഗം ബിജെപിയിലേക്കുമാണ് പോയത്. ബിഡിജെഎസ് എന്ന ഘടകകക്ഷിയുടെ പേരിനെങ്കിലുമുള്ള സാന്നിദ്ധ്യം ഇടതുപക്ഷത്തിനു മേൽക്കൈയുണ്ടായിരുന്ന ഈഴവസമുദായത്തിന്റെ ബിജെപി അസ്പൃശ്യത മാറ്റിയെടുക്കാൻ എൻഡിഎയെ സഹായിക്കുകയും ചെയ്തു. എൻഡിഎയ്ക്കു പുതുതായി ലഭിച്ച സ്വീകാര്യത അവർ കാലങ്ങൾകൊണ്ട് വർധിപ്പിക്കുന്നതാവും നമുക്കു മുന്നോട്ടു കാണാനാവുക. യൂടൂബ് ചാനലുകളിലൂടെ നടക്കുന്ന ഡിസ്ഇൻഫർമേഷൻ ക്യാമ്പെയ്നുകൾ അതിന്റെ ഗതിവേഗം വർധിപ്പിക്കും.

കേന്ദ്രത്തിൽ ബിജെപിക്കെതിരെ കോൺഗ്രസിനെ വിജയിപ്പിക്കണം എന്ന ചിന്തയ്ക്ക് തീപ്പിടിപ്പിക്കുന്ന സാന്നിദ്ധ്യമായിരുന്നു, രാഹുൽ ഗാന്ധിയുടെ വയനാട്ടെ സ്ഥാനാർത്ഥിത്വം. എൽഡിഎഫ് അതിന്റെ എക്കാലത്തേയും മികച്ച പാനലിനെ അവതരിപ്പിച്ചിട്ടും ആകെ ആലപ്പുഴ മാത്രമാണ് അന്ന് അവർക്ക് പിടിച്ചെടുക്കാൻ കഴിഞ്ഞത്. അതൊഴികെ എല്ലായിടത്തും യുഡിഎഫ് ജയിച്ചു. എന്നാലിപ്പോൾ ദേശീയ വ്യാപകമായി കർഷകസമരം നടക്കുകയും ഡൽഹിയിൽ കർഷകസംഘത്തിന്റെ നേതാക്കൾ കൂടിയായ സിപിഐ(എം), സിഐടിയു സഖാക്കൾ സമരനേതൃത്വത്തിൽ സജീവമായി നിൽക്കുകയും വയനാട്ടിൽ നിന്നുള്ള മുൻ എംഎൽഎ കൂടിയായിരുന്ന പി കൃഷ്ണപ്രസാദ്, രാജ്യസഭാംഗം കെ കെ രാഗേഷ് അടക്കമുള്ളവർ കർഷകരോടൊപ്പം തെരുവിലിരുന്ന് അപ്പം മുറിക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്യുമ്പോൾ കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു എന്നു പറയുന്ന കോൺഗ്രസിനെ പ്രതിനിധീകരിക്കുന്ന കേരളത്തിൽ നിന്നുള്ള എ കെ ആന്റണി, വയലാർ രവി എന്നീ മുതിർന്ന രാജ്യസഭാംഗങ്ങളോ, രാജ്മോഹൻ ഉണ്ണിത്താൻ മുതൽ ശശി തരൂർ വരെയുള്ള ലോകസഭാംഗങ്ങളോ ചിത്രത്തിലെങ്ങുമില്ല.

രാജ്യസഭാ എം.പി കെ.കെ രാഗേഷ് ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്കൊപ്പം

കേന്ദ്രസർക്കാർ പുതിയ പൗരത്വനിയമം അവതരിപ്പിച്ചപ്പോൾ അതിനെതിരെ കേരളനിയമസഭ ചേർന്ന് പ്രമേയം പാസാക്കിയതും സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ യോജിക്കാവുന്ന എല്ലാവരുമായി യോജിച്ച് ഭരണകക്ഷി തന്നെ മുന്നിട്ടിറങ്ങിയതും ന്യൂനപക്ഷങ്ങൾക്കിടയിൽ എൽഡിഎഫിനോടുള്ള അകൽച്ച കുറയ്ക്കാൻ കാരണമായിട്ടുണ്ട്. ഇതോടൊപ്പമാണ്, കർഷകസമരത്തിൽ കോൺഗ്രസ് പാർടി പ്രതിനിധികളുടെ അഭാവം സൃഷ്ടിച്ച വലിയ വിടവ്.

കേരളത്തിലെ ഭരണനേതൃത്വത്തിനാകട്ടെ, കിഫ്ബി വഴിയുള്ള വിഭവസമാഹരണവും അതുപയോഗിച്ചുള്ള വികസനവും, ട്രാൻസ്ഗ്രിഡ് പദ്ധതി, ലൈഫ് മിഷൻ പദ്ധതി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആയിരം സർക്കാർ സ്കൂളുകളിൽ സ്മാർട് ക്ലാസ് റൂമുകൾ ഒരുക്കുന്ന പദ്ധതി, കെഫോൺ പദ്ധതി തുടങ്ങി അടിസ്ഥാനമേഖലാ വികാസത്തിനുതകുന്ന പദ്ധതികൾ, കോവിഡ് കാലത്തെ കമ്മ്യൂണിറ്റി കിച്ചൺ, സൗജന്യ ചികിത്സ, ആറുമാസമായി തുടരുന്ന ഭക്ഷ്യകിറ്റ് വിതരണം, മുടക്കമില്ലാതെ നൽകുന്ന, വർഷാവർഷം വർധിപ്പിക്കുന്ന, വിവിധ ക്ഷേമപെൻഷനുകൾ തുടങ്ങിയ നടപടികളിലൂടെ ഇടതുപക്ഷം എന്ന ആശയത്തോടു ചേർന്നു നിൽക്കുന്ന, അടിസ്ഥാനവർഗ്ഗത്തോടു കൂറു പുലർത്തുന്ന വിഭാഗങ്ങളുടെ പിന്തുണ ഇടതുപക്ഷത്തു തന്നെ ഉറപ്പിച്ചുനിർത്താൻ കഴിഞ്ഞു. പൊലീസ് നിയമത്തിൽ ധൃതിപിടിച്ചു കൊണ്ടുവന്ന ഓർഡിനൻസിന്റെ കാര്യത്തിൽ ആവട്ടെ, വ്യാപകമായ എതിർപ്പുയർന്നതിനെ തുടർന്ന് ജനകീയ ഇച്ഛയ്ക്കു വഴങ്ങി ഉടനടി പിൻവലിക്കാനുള്ള താഴാഴ്മയും സർക്കാർ കാട്ടി. രാഷ്ട്രീയമായി ഇടതുപക്ഷമായിരുന്നവർക്ക് സർക്കാർ വിരുദ്ധ വികാരമുണ്ടാക്കാതെ കാക്കാൻ ഈ നടപടികൾ സഹായിച്ചു. ഇതാണ് വലിയ തോതിലുള്ള anti incumbancy യിൽ നിന്ന് ഭരണമുന്നണിയെ രക്ഷിച്ചുനിർത്തിയത്.

കുടുംബശ്രീ കമ്മ്യൂണിറ്റി കിച്ചൺ

സർക്കാരിന് പ്രതീക്ഷിച്ച ഗുണമുണ്ടാക്കാതെ പോവുകയും എന്നാൽ ഭയപ്പെട്ടതുപോലെ വലിയ ദോഷമുണ്ടാക്കാതെയിരിക്കുകയും ചെയ്ത ഭരണനടപടി മേൽജാതി സംവരണമാണ്. അത് ഇടതുപക്ഷത്തിന്റെ ഇലക്ട്രേറ്റിനെ എങ്ങനെയാവും ബാധിക്കുക എന്ന് കാത്തിരുന്നു കാണണം. ഇപ്പോഴത്തെ നിലയ്ക്ക് അതു വലിയ ചലനങ്ങൾ ഉണ്ടാക്കിയിട്ടില്ല എന്നുവേണം കരുതാൻ. അതിനു കാരണം യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് ഇക്കാര്യത്തിൽ വ്യത്യസ്തമായ നയം ഇല്ല എന്നതുതന്നെയാവണം. എന്നാൽ എൽഡിഎഫിന് ഇത്രവലിയ വിജയം ലഭിക്കാൻ കാരണം സംവരണേതര വിഭാഗത്തിലെ പാവപ്പെട്ടവർക്ക് സംവരണം നൽകാനെടുത്ത തീരുമാനമാണ് എന്ന വാദവുമായി സിപിഐഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള രംഗത്തെത്തിയിട്ടുണ്ട്. ഇത് ഈ വിഷയം ഇനിയും കത്തിപ്പിടിക്കാൻ ഇടയാക്കിയേക്കും.


ട്രൂകോപ്പി വെബ്സീൻ സബ്സ്ക്രൈബ് ചെയ്യൂ

Comments