സാദരം, സഖാവ് വി.എസിന്; എൻഡോസൾഫാൻ ഇരകളുടെ ഒരു അവകാശഹർജി

കൃഷി ശാസ്ത്രജ്ഞനായ കലക്ടറും, കാർഷിക കോളേജിലെ കീടശാസ്ത്രജ്ഞനും, ശാസ്ത്രസാഹിത്യ പരിഷത്തും ഇന്ന് ഭരണഘടനതന്നെ നിരോധിച്ച കീടനാശിനിയുടെ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണിവിടെ. അതൊരാഘോഷവുമാണിവിടെ. എൻഡോസൾഫാൻ അപമാന വിമോചന മുന്നണിയുണ്ടാക്കി പ്ലക്കാർഡും പിടിച്ചാണ് അവരിന്ന് ഈ പാവം ഇരകൾക്ക് കിട്ടിയ ഭരണഘടനാവകാശത്തെ തട്ടിമറിക്കാൻ നോക്കുന്നത്

ആദരണീയനായ സഖാവ് വി. എസ്,

ഹജമായ ധാർമികതയെപ്പറ്റിയും സ്വയം ഏറ്റെടുത്ത നൈതികമായ ദൗത്യങ്ങളെപ്പറ്റിയും ഇപ്പോഴും നല്ല ഓർമയുള്ള, ആയിരം പൂർണചന്ദ്രന്മാരെക്കണ്ട താങ്കളുടെ ആത്മബോധത്തിന് തൊണ്ണൂറ്റിയേഴാം ജന്മദിനാശംകൾ നേർന്നുകൊണ്ട് ഞാനീ കത്ത് സമർപ്പിക്കുകയാണ്.

ചോദിക്കുന്നത് എൻഡോസൾഫാൻ ഇരകളുടെ ഭരണഘടനാവകാശമായതുകൊണ്ട് ഇതൊരു സങ്കടഹരജിയാക്കാൻ ഞാനുദ്ദേശിക്കുന്നില്ല. ഇതൊരാവകാശ ഹരജിയാണ്.
2006ൽ എൻഡോസൽഫാന് ആഗോളനിരോധനം വന്നിട്ടില്ലാത്ത കാലത്ത് ഇരകൾക്ക് ആശ്വാസം പകരാനുള്ള ഒരു തീരുമാനം - മരിച്ച 144 പേർക്ക് 50,000 രൂപ വീതമുള്ള ആശ്വാസധനം നൽകൽ - താങ്കളെടുക്കുമ്പോൾ (അതും താങ്കളുടെ ദുരിതാശ്വാസനിധിയിൽനിന്ന്) തന്റെ ഭരണഘടനാ ദൗത്യത്തെപ്പറ്റി നല്ല ബോധ്യമുള്ള ഒരു രാഷ്ട്രീയ നായകനെ ഞങ്ങൾ കണ്ടു.

വി.എസ്. അച്യുതാനന്ദൻ

ഒട്ടും വൈകാതെ ഈ ഇരകൾക്ക് പെൻഷൻ ഏർപ്പെടുത്താനും, നിത്യനരകത്തിൽ കഴിയുന്ന ജന്മനാ രോഗികളായ കുട്ടികൾക്ക് ബഡ്‌സ് സ്‌കൂൾ പോലുള്ള പുനരധിവാസ ആശ്വാസകേന്ദ്രങ്ങൾ ഏർപ്പെടുത്താനും 2011ലെ എൻഡോസൾഫാൻ ആഗോളനിരോധനത്തോടെ റെമെഡിയൽ സെൽ സ്ഥാപിക്കാനുമുള്ള ഭരണഘടനാനുസൃതവും ആരോഗ്യശാസ്ത്രപരവുമായ നാമമാത്ര സംവിധാനങ്ങളും കാസർകോട്ട് വന്നു.

ഒരു ശിക്ഷയും കിട്ടാത്ത പ്ലാന്റേഷൻ കോർപ്പറേഷൻ

2010ൽ ദേശീയ മനുഷ്യാവകാശ കമീഷൻ ഇടപെട്ട് എൻഡോസൾഫാൻ രോഗികൾക്ക് 2003ലെ തങ്ങൾ തന്നെ അധികാരപ്പെടുത്തിയ National Institute of Occupational Health (NIOH) നിർദ്ദേശിച്ച ആരോഗ്യസുരക്ഷയും തൽഫലമായ ഭരണഘടനാപരമായ നഷ്ടപരിഹാര വ്യവസ്ഥകളും നടപ്പിലാക്കണമെന്ന് വിധിച്ചു. ഇരകൾക്ക് അഞ്ചുലക്ഷം രൂപയാണ് ഇടക്കാലാശ്വാസമായി ദേശീയ മനുഷ്യാവകാശ കമീഷൻ (NHRC) വിധിച്ചത്. അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ അത് മൂന്നു ഗഡുക്കളായി നൽകാൻ തീരുമാനിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ച ശുപാർശകൾ അംഗീകരിച്ചുകൊണ്ട് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ്‌

അതു നൽകുന്നതിലേക്ക് ഈ കൊടുംപാതകം ചെയ്ത - 22 വർഷം ഇടതടവില്ലാതെ ആകാശത്തുനിന്ന് വിഷം തളിച്ച - സർക്കാർ മെഷീനറിയായ കേരള പ്ലാന്റേഷൻ കോർപ്പറേഷനെയും ആ സർക്കാർ കക്ഷി ചേർത്തു. 87 കോടി രൂപ സർക്കാരും 87 കോടി രൂപ പ്ലാന്റേഷൻ കോർപ്പറേഷനും നൽകണം എന്നതായിരുന്നു ഉടമ്പടി. അന്ന് കണ്ടെത്തിയ രോഗികളുടെ എണ്ണം കണക്കാക്കിയാണ് ഈ തുക നിശ്ചയിച്ചത്.

പ്ലാന്റേഷൻ കോർപ്പറേഷന്റെ കാസർഗോഡ് എസ്‌റ്റേറ്റിന്റെ ബോർഡ്.

ആ ഉടമ്പടി ഒരു സമാശ്വാസമായിരുന്നു. അതിനെ അനുമോദിച്ചംഗീകരിച്ചപ്പോൾ ഞങ്ങൾക്കിടയിൽനിന്നുതന്നെ ചിലർ അതിനെ എതിർത്തുകൊണ്ട് സമരം അവസാനിച്ചു എന്ന തെറ്റിദ്ധാരണ പരത്തി പാളയത്തിൽ പട സൃഷ്ടിച്ചു. സമരത്തിന്റെ രാഷ്ട്രീയമറിയാത്തതാണെന്ന വ്യാജ ആരോപണവും വന്നു. പ്ലാന്റേഷൻ കോർപ്പറേഷനെ സഹായിക്കാനായിരുന്നു ആ വാദമെന്ന് വൈകാതെ തെളിഞ്ഞു. ഈ വിവാദം ഫലിച്ചതുകൊണ്ടാകാം ആ ഉടമ്പടി പ്ലാന്റേഷൻ കോർപ്പറേഷൻ പൂർണമായും പാലിച്ചില്ല. 52 കോടി തന്ന ശേഷം അവരെ പിന്നെ ഈ രംഗത്ത് കാണുന്നില്ല!

കേരള പ്ലാന്റേഷൻ കോർപ്പറേഷനെ സാമ്പത്തിക ബാധ്യതയിൽ നിന്ന് ഒഴിവാക്കിയ സർക്കാർ ഉത്തരവ്‌

ഇരകളെയുംകൊണ്ട് തിരുവനന്തപുരത്തേക്ക് പോയവർ എല്ലാം സർക്കാർ തന്നാൽ മതിയെന്ന മുദ്രാവാക്യമുയർത്തി പ്ലാന്റേഷന്റെ ഒഴിഞ്ഞു മാറ്റത്തെ ന്യായീകരിച്ചു. ഇതിൽ പ്രധാനപ്രതിയായ കേന്ദ്രസർക്കാർ കമ്പനി അപ്പോഴും സുരക്ഷിതമായി കഴിഞ്ഞു! ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്ത് 22 വർഷം ആകാശത്തുനിന്ന് ജീവജാലങ്ങൾക്കിടയിലേക്ക് കേന്ദ്രസർക്കാർ ഉൽപ്പന്നമായ വിഷം തളിച്ച പ്ലാന്റേഷൻ കോർപ്പറേഷനും ഒരു ശിക്ഷയും ഇതുവരെ ലഭിച്ചില്ല.

ഇവരോട് ഭരണഘടനാസ്ഥാപനം വിധിച്ച സാമ്പത്തിക ഇടക്കാലാശ്വാസത്തിൽ പങ്കാളികളാവണമെന്ന് പറയുമ്പോൾ അതേ ഉടമ്പടിയിൽ മറ്റൊരു സുപ്രധാന കാര്യംകൂടി ഉണ്ടായിരുന്നു. അതായത് ഒരേ സ്ഥലത്ത് ഒരേ കീടനാശിനി 22 വർഷം (വർഷത്തിൽ മൂന്നു തവണ) തളിച്ചതിന്റെ ഫലമായാണ് ഇത്രയധികം രോഗികളുണ്ടായത് എന്നതാണത്.

സുപ്രീംകോടതി വിധിക്കെതിരെ പറയുന്ന കലക്ടർ

കീടനാശിനി ജന്യരോഗങ്ങളിൽ പലതും ചികിത്സിച്ചു മാറ്റാവുന്നതല്ല. അതിനാൽ ഈ പ്രദേശത്തെ കീടനാശിനി ബാധയേറ്റ 13 പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഒരു സാന്ത്വന ചികിത്സാകേന്ദ്രം (Palliative Care Hospital) കീടനാശിനി നിർമാതാക്കളായ കേന്ദ്രസർക്കാർ സ്ഥാപിക്കണമെന്നും ഇരകൾക്ക് ആജീവനാന്ത സൗജന്യ ചികിത്സ നൽകണമെന്നതുമായിരുന്നു അത്. സർക്കാരുകൾ മാറിമാറി വന്നിട്ടും ഈ ആരോഗ്യചികിത്സാസ്ഥാപനം സ്ഥാപിതമായില്ല. ഒരു താലൂക്ക് ആശുപത്രി മാത്രമുള്ള കാസർകോട് പ്രവിശ്യയിൽ കോടതി നിർദ്ദേശിച്ച ഈ ആശുപത്രിയായിരുന്നു ആദ്യം വരേണ്ടത്.

ആ ഉത്തരവാദിത്തത്തെപ്പറ്റി ബോധ്യപ്പെടുത്താൻ കേന്ദ്രസർക്കാരിലേക്ക് ഒരു സർവകക്ഷി സംഘം പോകുന്നത് പോലുള്ള സംവിധാനവും ഇവിടെയുണ്ടായില്ല. പകരമായി സർക്കാർ ഉണ്ടാക്കി എന്നു പറയുന്നത് കേരളത്തിലും കർണാടകയിലുമായി 17 ആശുപത്രികളുടെ എംപാനൽ ആണ്. നേരത്ത തന്നെ യാത്ര ചെയ്യാനാവാത്തവരായ അവർക്ക് അത് ഉപകാരപ്രദമായില്ല. കോവിഡിന്റെ വരവോടെ ഈ ആശുപത്രികളിൽ എത്തിച്ചേരുക എന്നത് രോഗികൾക്ക് തീർത്തും അപ്രാപ്യമായി. കർണാടക അതിർത്തി അടച്ചതോടെ ആ വഴിയും മുടങ്ങി പകരം സംവിധാനങ്ങൾ ഉണ്ടായില്ല. പുതുതായി സ്ഥാനമേറ്റെടുത്ത കലക്ടറാവട്ടെ എൻഡോസൾഫാൻ ഒരു രോഗവുമുണ്ടാക്കുന്നില്ല എന്ന വാദഗതിയുമായി പരസ്യപ്രസ്താവന നടത്തി. ഭരണഘടനാ വിരുദ്ധ പ്രസ്താവനയുമായി വന്ന കലക്ടർക്ക് ഒരു ശിക്ഷയുമില്ല. അദ്ദേഹമാണ് ഇപ്പോഴത്തെ എൻഡോസൾഫാൻ റെമഡിയൽ സെൽ തലവൻ! എൻഡോസൾഫാൻ ലോബിയുടെ ഭാഗത്ത് നിന്നുകൊണ്ട് സുപ്രീം കോടതി വിധിക്കെതിരെ പറയുന്ന ഈ കളക്ടറാണ് ഇപ്പോൾ ഈ ഇരകളുടെ ശത്രു! അയാളാണ് സെൽ തലവൻ!

എൻഡോസൾഫാൻ ദുരന്തത്തെ ചിത്രീകരിച്ച ഒരു കാർട്ടൂൺ.

പ്രകൃത്യാ ഉണ്ടാകുന്ന പകർച്ചവ്യാധികളെപ്പോലും സർക്കാരുകൾ അതീവജാഗ്രതയോടെ സമീപിക്കുന്ന ഈ കാലത്ത് ഈ ആരോഗ്യപ്രശ്‌നം നമ്മുടെ ഭരണകൂടങ്ങൾ തന്നെ സൃഷ്ടിച്ചതായിട്ടും അതിനെതിരായി ഭരണഘടനാപരമായി തന്നെ നിർദ്ദേശിക്കപ്പെട്ട ഈ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ നാം പരാജയപ്പെട്ടു. അങ്ങ് തുടങ്ങിവെച്ച ആ ദൗത്യം ഭരണഘടനാംഗീകാരം ലഭിച്ചിട്ടും ഇവിടെ പൂർത്തിയായില്ല.

കീടശാസ്ത്രജ്ഞനും പരിഷത്തും കീടനാശിനി പ്രചാരണത്തിന്

റെമഡിയൽ സെല്ലിന്റെ തലവനായ കൃഷി ശാസ്ത്രജ്ഞനായ കലക്ടറും, കാർഷിക കോളേജിലെ കീടശാസ്ത്രജ്ഞനും, ശാസ്ത്രസാഹിത്യ പരിഷത്തും ഇന്ന് ഭരണഘടനതന്നെ നിരോധിച്ച കീടനാശിനിയുടെ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണിവിടെ. അതൊരാഘോഷവുമാണിവിടെ. എൻഡോസൾഫാൻ അപമാന വിമോചന മുന്നണിയുണ്ടാക്കി പ്ലക്കാർഡും പിടിച്ചാണ് അവരിന്ന് ഈ പാവം ഇരകൾക്ക് കിട്ടിയ ഭരണഘടനാവകാശത്തെ തട്ടിമറിക്കാൻ നോക്കുന്നത്. മരിച്ച 144 ഇരകൾക്ക് സമാശ്വാസം സ്വന്തം ദുരിതാശ്വാസനിധിയിൽനിന്ന് കൊടുത്ത് ഇരകൾകൊപ്പം നിന്ന താങ്കളുടെ മഹത് വ്യവഹാരത്തെപ്പോലും കളക്ടറുടെ നേതൃത്വത്തിൽ സെല്ലിൽവെച്ച് ചോദ്യം ചെയ്യുന്ന സംഭവങ്ങൾ വരെ ഇവിടെ ഉണ്ടായി. നഷ്ടപരിഹാരം പണം മാത്രമാണെന്ന് ഇരകളെ തെറ്റിദ്ധരിപ്പിച്ചവർ തന്നെ അവർക്ക് വേണ്ട ആരോഗ്യ പരിരക്ഷയെ വിലക്കുന്ന വിധം ഒത്തുതീർപ്പിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി ആരോഗ്യപ്രശ്‌നത്തെ മറച്ചുവെച്ചതും കാലം തെളിയിച്ചു.

എൻഡോസൾഫാൻ ഇരകൾ ആവതില്ലാതെ അലയുകയാണ്. അവരിൽ തൊണ്ണൂറ്റിയൊൻപതു ശതമാനവും നിർധനരും ദാരിദ്ര്യരേഖയ്ക്ക് താഴെ നിൽക്കുന്നവരുമാണ്. സെറിബ്രൽ പാൾസി ബാധിച്ച ഒരു കുട്ടിയുള്ള വീട്ടിലെ വീട്ടമ്മയ്ക്കും കുടുംബനാഥനും രോഗമില്ല എന്നു കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. കുട്ടിയുടെ രോഗത്തിന്റെ കാഠിന്യവും സമ്മർദ്ദവും ഉത്കണ്ഠയും സഹിക്കുവാൻ അവർക്ക് വിഷാദരോഗത്തിനുള്ള മരുന്നുകൾ വേണ്ടി വരും. ചിലപ്പോൾ അതിദീർഘമായ കൗൺസിലിംഗും തെറാപ്പിയും വേണ്ടിവരും. ഭയം, വിഷാദം, മാനസികാഘാതം എന്നിവ ഹോർമോണുകളിലും നാഢീവ്യൂഹത്തിലുമുള്ള വ്യതിയാനങ്ങളാണ്. എൻഡോസൾഫാൻ മൂലം എൻഡോക്രൈൻ ഡിസ്‌റപ്ഷനാണ് മനുഷ്യരിൽ ഉണ്ടാകുന്നതെന്ന് NIOHന്റെ ആധികാരിക പഠനം 2003ൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെയും മായ്ച്ചുകളയാൻ കാസർകോട് ഒരു പ്രത്യേകസംഘം തന്നെ ഇന്ന് രൂപംകൊണ്ടിരിക്കുന്നു. സുപ്രീംകോടതി വിധിയെയും അതിന്നാസ്പദമായ NIOHന്റെ പഠനത്തെയും നിരാകരിക്കാനുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ശ്രമങ്ങൾ വിജയിക്കുന്നതിന് ഭരണകൂടം കൂട്ടുനിന്നു കൂടാ.

നിഷ്‌കളങ്കരായ ഗ്രാമീണരോഗികൾക്കും രോഗികളോടൊപ്പം കഴിയുന്നവർക്കും സന്തോഷമെന്നത് ഇവിടെ കിട്ടാക്കനിയാണ്. സന്തോഷം ഉത്പാദിപ്പിക്കാനുള്ള ജീവരസതന്ത്രത്തെയാണ് സാന്ത്വന ചികിത്സാകേന്ദ്രം അവർക്ക് നൽകേണ്ടത്. സുപ്രീംകോടതി നിർദ്ദേശിച്ച ആ സാന്ത്വന ചികിത്സാകേന്ദ്രം വരാത്തിടത്തോളം കാലം രോഗമില്ലെന്ന് കരുതുന്നവരും അദൃശ്യരോഗങ്ങളുമായി മല്ലടിക്കുന്നവരും ഇവിടെതന്നെ ഒടുങ്ങും. ശാശ്വതമായ രോഗനിവാരണം സാധ്യമല്ലെന്നറിയുമ്പോഴാണ് ആരോഗ്യശാസ്ത്രം അവർക്ക് സാന്ത്വന ചികിത്സ നിർദ്ദേശിക്കുന്നത്. അതാണ് കേന്ദ്ര സർക്കാർ സ്ഥാപിക്കേണ്ട സുപ്രീംകോടതി വിധിച്ച പാലിയേറ്റീവ് ആശുപത്രി.

താങ്കൾ തുടങ്ങിവെച്ച ദൗത്യത്തിലെ മർമ്മപ്രധാനമായ ഈ ഭാഗം ഇനിയും സർവകക്ഷി സംഘങ്ങളുടെ സഹകരണത്തോടെ കേന്ദ്രസർക്കാരിൽനിന്ന് വാങ്ങുവാൻ ഇന്നു നിലവിൽ താങ്കൾ വഹിക്കുന്ന അധികാരസ്ഥാനത്തിരുന്നുകൊണ്ട് സാധിക്കുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. അപ്പോൾ മാത്രമേ താങ്കളുടെ ദൗത്യം പൂർത്തിയാവുകയുള്ളൂ. 2016ലെ സുപ്രീംകോടതി വിധിയിലും ഈ രോഗികൾക്ക് ആജീവനാന്ത സൗജന്യചികിത്സ കേന്ദ്രസർക്കാർ നൽകണമെന്നുണ്ട്.

എൻഡോസൾഫാൻ ഇരകളും വോട്ടുബാങ്കുകളാണ്

2006ൽ താങ്കളുടെ സർക്കാർ അധികാരമേറ്റപ്പോൾ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി സി. എച്ച്. കുഞ്ഞമ്പു ജയിച്ചത് എൻഡോസൾഫാൻ പ്രശ്‌നത്തിൽ അദ്ദേഹം നല്കിയ ആരോഗ്യസംരക്ഷണ വാഗ്ദാനം കൊണ്ടാണെങ്കിൽ 2019ൽ മഞ്ചേശ്വരം മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ഭാഷാന്യൂനപക്ഷങ്ങളുടെ പ്രതിനിധിയായ യോഗ്യനായ സ്ഥാനാർത്ഥിയായിട്ടും തോറ്റുപോയത് ആ വാഗ്ദാനത്തിന്റെ തുടർച്ച നടപ്പിലാക്കാത്തതാണെന്ന് താങ്കൾ ദയവായി തിരിച്ചറിയണം. കാസർഗോട്ടെ എൻഡോസൾഫാൻ ഇരകളും വോട്ടുബാങ്കുകളാണെന്ന് നമ്മുടെ രാഷ്ട്രീയ നേതൃത്വം തിരിച്ചറിയണം.

മഞ്ചേശ്വരം മണ്ഡലത്തിലെ എൻമകജെ പഞ്ചായത്തിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് 2016ലെ സുപ്രീംകോടതി നിർദ്ദേശിച്ച ഇടക്കാലാശ്വാസമായ 5 ലക്ഷത്തിന്റെ വിതരക്കണക്കറിഞ്ഞാൽ താങ്കൾക്കത് മനസിലാകും. എൻമകജെയിൽ മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ ആ രോഗികളുടെ എണ്ണം 384 ആണ്. ഈ കാലയളവിൽ 35 പേർ മരിച്ചു കഴിഞ്ഞു. ആകെ 112 പേർക്ക് മാത്രമേ ഈ കാലയളവിൽ ഇടക്കാലാശ്വാസം നൽകിയിട്ടുള്ളൂ. സുപ്രീംകോടതിവിധി വന്ന് ഒൻപതു വർഷങ്ങൾ കഴിഞ്ഞിട്ടും എൻഡോസൾഫാൻ പ്രശ്‌നത്തിലെ ആദ്യ ശവഫാക്ടറിയുടെ സ്ഥിതി ഇതാണെങ്കിൽ ബാക്കി പതിനഞ്ച് പഞ്ചായത്തിലെ സ്ഥിതി എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

ആ അഞ്ചുലക്ഷം ഇനിയും കിട്ടിയിട്ടില്ല

ഒരു വർഷം മുമ്പത്തെ ഒരഭിമുഖത്തിൽ താങ്കൾ ‘നാളത്തെ തലമുറകൾ ക്വാറികളെക്കുറിച്ച് പറയും' എന്ന് പറയുന്നുണ്ടല്ലോ. സത്യമാണ് താങ്കൾ പറയുന്നത്. എൻമകജെ പഞ്ചായത്തിന്റെയും ബെള്ളൂർ പഞ്ചായത്തിന്റെയും (രണ്ടും എൻഡോസൾഫാൻ ആഘാതത്തിന്റെ ഹബ്ബുകൾ!) മധ്യത്തിലെ ദൊമ്പത്തടുക്കയിൽ തങ്ങളുടെ ആരോഗ്യം നിലനിർത്താനായി ലഭിക്കേണ്ട ഭരണഘടനാവകാശമായ സാന്ത്വന ചികിത്സാകേന്ദ്രത്തിന് പകരമായി അവർക്ക് നല്കിയിരിക്കുന്ന സമ്മാനം പത്തേക്കറിൽ ഒരു സമ്പൂർണ ക്വാറിയാണ്! എൻമകജെയിലെയും ബെള്ളൂരിലെയും എൻഡോസൾഫാൻ ഇരകളുടെ ഒരു ദിവസം ആരംഭിക്കുന്നത് യന്ത്രഭീകരന്മാരുടെ പ്രഭാതവന്ദനത്തിന്റെ സ്‌ഫോടനശബ്ദത്തോടെയാണ്! ഈ കൂറ്റൻ യന്ത്രങ്ങൾ ഒരിക്കൽ ചുറ്റും വൃക്ഷങ്ങളാൽ പന്തലിട്ടിരുന്ന (തുളുവിൽ ദൊമ്പത്തടുക്കയെന്നാൽ വൃക്ഷപ്പന്തലുകളുടെ ഗ്രാമം എന്നർത്ഥം) ഈ കന്യാപാറയെ തുരന്നെടുത്ത് തുണ്ടം തുണ്ടമാക്കി കടത്തിക്കഴിഞ്ഞു.

എൻഡോസൾഫാൻ ബാധിതരായ കുഞ്ഞുങ്ങളിൽ ചിലർ.

22 വർഷം ആകാശത്തുനിന്നാണ് വിഷരാക്ഷസൻ എൻമകജെയ്ക്കു മുകളിലൂടെ പറന്ന് വിഷം തൂവിയെതെങ്കിൽ ഇന്ന് ഈ യന്ത്രരാക്ഷസന്മാർ ആ രോഗികളുടെ ഹൃദയമായ മണ്ണിലും പാതാളത്തിലുമാണ് തമോഗർത്തങ്ങൾ സൃഷ്ടിക്കുന്നത്. ഇടിവെട്ടിയവനെ പാമ്പുകടിച്ച പോലെയാണ് ഇന്ന് എൻമകജെയും ബെള്ളൂരും. പ്രളയം തകർത്ത പുത്തുമലയിലും കവളപ്പാറയിലും പെട്ടിമുടിയിലും മൃതദേഹങ്ങൾക്ക് മണ്ണിനടിയിൽ തന്നെ സുഖമായി വിശ്രമിക്കാമായിരുന്നു. എന്നാൽ എൻഡോസൾഫാൻ വിഷം മൂലം അരജീവിതങ്ങളായ 334 ഇരകളെ സ്വന്തം വീടുകളിൽപോലും സുഖമായി ശയിക്കാനനുവദിക്കാതെ എൻമകജെയെ ഈ യന്ത്രങ്ങൾ സ്‌ഫോടനങ്ങളും ഭൂമി കൊത്തിപ്പറിക്കലുംകൊണ്ട് ഒരു ശബ്ദാകാളകൂടമാക്കാൻ വിട്ടുകൊടുത്തിരിക്കുകയാണ് സർക്കാർ! ഈ പഞ്ചായത്തിലെ 334 പേർക്ക് സുപ്രീംകോടതി നിർദ്ദേശിച്ച ഇടക്കാലാശ്വാസമായ അഞ്ചുലക്ഷം രൂപ ഇനിയും കിട്ടിയിട്ടില്ല സാർ! വർഷം പത്താകുന്നു സാർ!

സുപ്രീംകോടതി വിധി എന്തുകൊണ്ട് അതേപോലെ നടപ്പിലാക്കുന്നില്ല?

ഈ രോഗികളെ ചികിൽസിക്കാൻ പാലിയേറ്റീവ് ആശുപത്രിക്ക് ബദലായി എംപാനൽ ചെയ്ത 17 ആശുപത്രികളിലേക്ക് പോകാൻ കോവിഡ് കാലത്ത് രോഗികൾക്ക് കഴിഞ്ഞില്ല. ബദൽ സംവിധാനവും ഉണ്ടായില്ല. ജില്ലാ കളക്ടർ സജിത് ബാബു അപ്പോൾ ഉറങ്ങുകയായിരുന്നു. കോവിഡ് തുടങ്ങിയപ്പോൾ തന്നെ യെദിയൂരപ്പ മംഗലാപുരത്തേക്കുള്ള അതിർത്തി അടച്ചു. ഇരുപതു പേർ ചികിത്സ കിട്ടാതെ മരിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ 1200 പേരെങ്കിലും ചികിത്സ കിട്ടാതെ ഇവിടെ മരിച്ചു. സുപ്രീംകോടതി നിർദ്ദേശിച്ച പാലിയേറ്റീവ് ആശുപത്രി വരാത്തതു തന്നെ കാരണം. കേരളത്തിന് ലഭിച്ച എയിംസാകട്ടെ കോഴിക്കാടിനാണ് നൽകിയത്. അക്കാര്യത്തിൽ എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഒറ്റക്കെട്ടാണ്. പാവം എൻഡോസൾഫാൻ ഇരകൾ!

ആരോടാണ് ഈ രോഗികൾ ചോദിക്കേണ്ടത്? ഭരണപരിഷ്‌കാര കമ്മിറ്റിയുടെ തലവനായ അങ്ങേയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നാണ് ഈ ഇരകൾ വിശ്വസിക്കുന്നത്. അവരുടെ മനുഷ്യാവകാശങ്ങൾക്ക് ഒന്നര ദശകം മുമ്പ് ഇവരുടെ രക്ഷകനായി തുടക്കമിട്ട അങ്ങേയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നുള്ള ഉറ്റ വിശ്വാസത്തിലാണ് ഞാൻ സാദരം താങ്കളുടെ മുമ്പിൽ ഇത് വെക്കുന്നത്. സുപ്രീംകോടതി വിധി അതേപോലെ നടപ്പാക്കുന്ന സർക്കാരാണ് നമ്മുടേത്. അതു നല്ല കാര്യവുമാണ്. പക്ഷേ എൻഡോസൾഫാൻ ഇരകളുടെ കാര്യമാവുമ്പോൾ ആ വിധി എന്തുകൊണ്ട് അതേപോലെ നടപ്പിലാക്കുന്നില്ല? ഈ സമർപ്പണലേഖനമെഴുതുമ്പോൾ എന്റെ മുമ്പിലിരിക്കുന്നത് 2012ലെ മനുഷ്യാവകാശ കമ്മീഷൻ കരാറനുസരിച്ച് പ്ലാന്റേഷൻ കോർപ്പറേഷൻ നൽകേണ്ട ബാക്കി തുക അവർ നല്‌കേണ്ടതില്ല എന്ന സർക്കാർ ഉത്തരവാണ്! അവരുടെ ഉത്തരവ് പരിഗണിച്ച് അവർക്കത് ചെയ്തുകൊടുക്കുമ്പോൾ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ രോഗികളായ ഈ പാവം ഇരകളുടെ ഒരപേക്ഷയും തങ്ങൾ പരിഗണിക്കില്ല എന്നാണോ സർക്കാർ വിചാരിക്കുന്നത്. പരമോന്നത നീതിപീഠത്തിന്റെ വിധിയെക്കാൾ വലുതാണോ സാർ പ്ലാന്റേഷൻ കോർപ്പറേഷന്റെ തീട്ടൂരം?

ഇടക്കാലാശ്വാസം 25 ശതമാനം പേർക്കുപോലും കിട്ടിയില്ല

എൻമകജെയിലെ മണ്ണിലൂടെ ഡോക്ടർ മോഹൻകുമാറിനൊപ്പം നടന്നു പോയാണ് താങ്കൾ ഈ ദുരിതാശ്വാസ ദൗത്യത്തിന് തിരികൊളുത്തിയത്. ആ കാൽനട ഡോക്ടർ തന്റെ ആരോഗ്യശാസ്ത്ര ഉപകരണങ്ങളും തൂക്കി ഇപ്പോഴും ഈ മനുഷ്യർക്കിടയിലുണ്ട്. അദ്ദേഹത്തിനിത് രണ്ടാം ദൗത്യമാണ്. ഈ ക്വാറി നീക്കം ചെയ്യാനായി സമരം നയിക്കുകയാണ് അദ്ദേഹം. ചലനമറ്റു കിടക്കുന്ന അരജീവിതങ്ങളെ ഞെട്ടിവിറപ്പിച്ചുകൊണ്ടിരിക്കുന്ന ക്വാറിയുടെ പ്രശ്‌നവുമായി കലക്ടർ ഡി. സജിത് ബാബുവിനെ കാണാൻ ചെന്ന അദ്ദേഹത്തെ കളക്ടർ അധിക്ഷേപിച്ചുവിട്ടു!

ജില്ലാ കലക്ടർ തലവനായ എൻഡോസൾഫാൻ റെമഡിയൽ സെല്ലിന്റെ അവസാനയോഗത്തിലെ മിനുട്സ് . 217 കോടി രൂപയുണ്ടെങ്കിൽ മുഴുവൻ രോഗികൾക്കും ആനുകൂല്യം നൽകി സുപ്രീം കോടതി വിധി പൂർണമായും നടപ്പാക്കാൻ കഴിയുമെന്ന് ഇതിൽ പറയുന്നു.

50 വീതം ടിപ്പർ ലോഡുകളാണ് ഈ രോഗാതുര പഞ്ചായത്തിന്റെ നെഞ്ചായ ബദിയടുക്ക, ഏത്തടുക്ക, സുള്ളിയപ്പദവ് റോഡിലൂടെ ദിനംപ്രതി ചീറിപ്പായുന്നത്. സ്‌ഫോടനസമയത്ത് 5 കിലോവരെ ഭാരമുള്ള കരിങ്കൽ ചീളുകൾ വീടുകളിലേക്ക് പതിക്കുന്നു! കിണറുകൾ 60 അടിയോളം താഴുന്ന അസാധാരണ പ്രതിഭാസത്തിനും എൻമകജെ സാക്ഷിയായി. 2016 ലുണ്ടായ സുപ്രീംകോടതി വിധിപോലെ ഒന്നാണ് മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കുന്ന കാര്യത്തിലുമുണ്ടായത്. മരടിന് എന്തൊരു സ്പീഡാണ് സാർ? എൻഡോസൾഫാൻ പ്രശ്‌നം കാൽനൂറ്റാണ്ട് തികയ്ക്കുന്നു! എന്നിട്ടും സുപ്രീംകോടതിവിധിയിൽ പറഞ്ഞതുപോലുള്ള ഇടക്കാലാശ്വാസം ഇരുപത്തഞ്ചു ശതമാനം പേർക്കു പോലും പൂർണമായും കിട്ടിയിട്ടില്ല സാർ. 217 കോടി രൂപയുണ്ടെങ്കിൽ മുഴുവൻ രോഗികൾക്കും ആനുകൂല്യം കിട്ടുമെന്നാണ് സെൽ തലവനായ കളക്ടർ പറയുന്നത്.

ഭരണഘടനാസ്ഥാപനങ്ങളെ അപ്രസക്തമാക്കരുത്

6728 പേരെയാണ് എൻഡോസൾഫാൻ ഇരകളായി സുപ്രീംകോടതി നിർദ്ദേശിച്ച ആരോഗ്യ വിദഗ്ധ സംഘം അംഗീകരിച്ചത്. അതിൽ 1821 പേർക്കു മാത്രമേ ഇടക്കാലാശ്വാസമായി 5 ലക്ഷം രൂപ കിട്ടിയിട്ടുള്ളൂ. ബാക്കിയുള്ളവർ കാത്തിരിക്കുകയാണ്. ഈ 6728 പേരിൽ 2970 പേർക്ക് കേവലം പെൻഷനും സൗജന്യ ചികിത്സയും. സുപ്രീംകോടതി വിധിയിൽ പറയാത്ത കാറ്റഗറി എങ്ങനെ വന്നുവെന്ന് ഞങ്ങൾക്കറിയില്ല. തിരുവനന്തപുരത്തേക്ക് ഇരകളെയും കൊണ്ട് ഒത്തുതീർപ്പിനായി പോയവർ ഈ കാറ്റഗറിയെപ്പറ്റി സർക്കാറിനോട് ചോദിച്ചില്ല. അവർ സുപ്രീംകോടതി വിധി നടപ്പിലാക്കാനല്ല ഇരകളെ സെക്രട്ടറിയേറ്റിനു മുമ്പിൽ കാഴ്ചവെച്ചത്.

നഷ്ടപരിഹാരം വിതരണം ചെയ്യാത്തതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച നാല് അമ്മമാരുടെ വിഷയത്തിലെ സുപ്രീം കോടതി വിധിയുടെ ആദ്യഭാഗം

പലതരം കാറ്റഗറികളാക്കി ഇരകൾക്ക് സർക്കാർ ആശ്വാസധനം നൽകിയപ്പോൾ അമ്മമാർ സുപ്രീകോടതിയെ സമീപിച്ചപ്പോൾ വന്ന വിധിയിൽപോലും ഒരൊറ്റ കാറ്റഗറിയെയുള്ളൂ എൻഡോസൾഫാൻ ഇരകൾക്ക് എന്നാണ്! കേസുകൊടുത്ത ആ നാലു അമ്മമാർക്ക് മാത്രം 5 ലക്ഷം നല്കി ‘അനീതി' പാലിച്ചു സർക്കാർ. ചിലർക്ക് രണ്ടും മൂന്നും ലക്ഷങ്ങൾ നൽകി സർക്കാർ ഈ ‘നീതി' വ്യാപിപ്പിച്ചിട്ടുണ്ട്. താങ്കളുടെ ദൗത്യം ഇടപെടേണ്ടത് ഇവിടെയാണ്. 217 കോടി രൂപയുണ്ടെങ്കിൽ എല്ലാവർക്കും നൽകാമെന്ന റെമിഡിയൽ സെല്ലിന്റെ കണക്ക് സർക്കാർ നടപ്പിലാക്കണം സാർ. രണ്ടര ദശകത്തിന്റെ പ്രതിരോധ സമരത്തിന്റെ ഫലം ധാർമ്മികതയിലും നൈതികതയിലും നിലനിർത്തേണ്ട കടമ ഭരണപരിഷ്‌കാരക്കമ്മിറ്റിയുടെ തലപ്പത്തിരിക്കുന്നയാളുടെ ദൗത്യമാണ് എന്ന് ഓർമിപ്പിക്കാൻ വേണ്ടി കൂടിയാണ് ഈ സമർപ്പണം.

നാല് അമ്മമാർ നൽകിയ കേസിലെ സുപ്രീം കോടതി ഉത്തരവിന്റെ പ്രസക്ത ഭാഗങ്ങൾ

ഭരണഘടനാസ്ഥാപനങ്ങളെ നാം അപ്രസക്തമാക്കരുത് സാർ. ഈ ഇരകൾക്ക് അവരാണ് അവസാനത്തെ അഭയം.

‘കോടതിയലക്ഷ്യം' അല്ലാതെ ഞങ്ങൾക്ക് മറ്റു നിവൃത്തിയില്ല

1972ലെ സ്റ്റോക്ക്‌ഹോം വിജ്ഞാപനത്തിലാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സൈലന്റ് വാലി പദ്ധതി നടപ്പിലാക്കാതിരിക്കാനുള്ള തീരുമാനമെടുക്കുന്നത്. 1972ലെ Environmental Impact Assessment (EIA) നിലപാടാനുസരിച്ചാണ് അത് നടപ്പിലാക്കിയത്. അതിനുശേഷം ജലമലിനീകരണത്തിനും വായുമലിനീകരണത്തിനുമെതിരെ EIA വ്യവസ്ഥകളുണ്ടായി. അതിന്റെ ആദ്യഫലം 1992ൽ റിയോ ഭൗമ ഉച്ചകോടിയിൽ ഇന്ത്യ ഒപ്പുവെച്ച ഉടമ്പടിയനുസരിച്ചാണ് ഇന്ന് ഇന്ത്യയിൽ എൻഡോസൾഫാൻ ആഘാതപ്രശ്‌നത്തിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും സുപ്രീംകോടതിയുടെയും വിധികൾ ഉണ്ടായത്.

1996ൽ ഇന്ത്യൻ പാർലമെന്റിൽ റിയോഭൗമ ഉച്ചകോടി ഉടമ്പടി നമ്മുടെ പാർലമെന്റ് അംഗങ്ങൾ പാസാക്കുന്നുണ്ട്. എൻഡോസൾഫാൻ പ്രശ്‌നത്തിൽ ഈ അന്താരാഷ്ട്രനിയമമാണ് ബാധകമാവുന്നത്. 2011ൽ എൻഡോസൾഫാൻ നിരോധിക്കാനായി ഞങ്ങൾ കാസർകോട് ഒപ്പുമരമുണ്ടാക്കി സ്റ്റോക്ക്‌ഹോമിലേക്ക് ഒപ്പുകൾ ശേഖരിച്ചയച്ചത് ഈ അന്താരാഷ്ട്രാനുകൂല്യം കിട്ടാനാണ്. സുപ്രീംകോടതി എന്ന ഭരണഘടനാസ്ഥാപനം ഇത് നടപ്പിലാക്കാനാണ് പറഞ്ഞത്. Polluter Pays എന്ന നിലവിലുള്ള EIA ആനുകൂല്യമാണ് കാസർകോട്ടെ ഇരകൾക്ക് ലഭിക്കേണ്ടത്. അതാണ് സുപ്രീംകോടതി വിധി.

എൻഡോസൾഫാൻ നിരോധിക്കണമെന്ന ആവശ്യമുയർത്തി 2011ൽ കാസർകോട് സംഘടിപ്പിച്ച ഒപ്പുമരം.

വരാൻ പോകുന്ന EIAയെക്കുറിച്ച് വേവലാതിപ്പെടുമ്പോൾ ഇനിയും നടപ്പിലാകാതെ പോകുന്ന നിലവിലുള്ള EIA ആനുകൂല്യങ്ങളെപ്പറ്റിയും നാം ആകുലരാകാൻ ബാധ്യസ്ഥരാണ് സാർ. രണ്ടര ദശകമാണ് കാസർക്കോടൻ ജനത ഇതിനായി പൊരുതിയത്! അതൊക്കെ വെറുതെയോ?

നീതിയിൽ ഇപ്പോഴും വിശ്വാസമുള്ളതുകൊണ്ട് ശ്രീബുദ്ധന്റെ ഈ മഹദ്വചനം കൂടി ഓർമപ്പെടുത്തട്ടെ. താങ്കൾ ഇടപെട്ടില്ലെങ്കിൽ ഇടക്കാലാശ്വാസം കിട്ടിയിട്ടില്ലാത്ത മുഴുവൻ ഇരകളെയും കക്ഷിചേർത്തുകൊണ്ട് സുപ്രീംകോടതിയിൽ ‘കോടതിയലക്ഷ്യം' ഫയൽ ചെയ്യലല്ലാതെ ഞങ്ങൾക്ക് മറ്റു നിവൃത്തിയില്ലെന്ന് അറിയിക്കട്ടെ.
‘രാജാവ് നീതിമാനാണെങ്കിൽ'
മന്ത്രിമാരും അധികാരികളും
നീതിമാന്മാരാകും.
മന്ത്രിമാരും അധികാരികളും
നീതിമാന്മാരായാൽ
ബ്രാഹ്മണരും പ്രഭുക്കന്മാരും
നീതിമാന്മാരാകും.
ബ്രാഹ്മണരും പ്രഭുക്കന്മാരും
നീതിമാന്മാരായാൽ
നഗരവാസികളും ഗ്രാമീണരും
നീതിമാന്മാറാകും.
(ശ്രീബുദ്ധൻ)


Comments