മുസ്‍ലിം പുതുതലമുറ മാറ്റത്തെ ആർക്കാണ് പേടി?

പാരമ്പര്യ ഇസ്‌ലാമിൻ്റെ ധൈഷണികശേഷിയുടെ അടയാളമായി ഏറ്റവും കുറഞ്ഞ പക്ഷം ഇവിടുത്തെ ഇ.കെ. വിഭാഗം സുന്നികളെങ്കിലും ഏറ്റെടുക്കേണ്ടതായിരുന്നു, മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ. ഒരു നൂറ്റാണ്ട് മുഴുവൻ യാഥാസ്ഥിതികർ എന്ന പഴിപ്പേര് കേൾക്കേണ്ടിവന്ന അവർക്ക് ഈ സമൂഹത്തിന് മുന്നിലേക്ക് അഭിമാനപൂർവം എടുത്തുവെക്കാവുന്ന ഒരു ഈടുവെപ്പായിരുന്നു ഇത്. എന്നിട്ടും അതിശയകരമായ നിലയിൽ, ഈ പരിപാടിയെ തള്ളിപ്പറയുവാനും തങ്ങളുമായി ഇതിന് ബന്ധമില്ലെന്ന് പ്രഖ്യാപിക്കുവാനുമാണ് ദാറുൽ ഹുദയും മാതൃസംഘടനയായ സമസ്തയും തുനിഞ്ഞത്.

ലയാളം അഥവാ മലയാളി എന്നത് സവിശേഷമായ ഒരു സാംസ്കാരിക സ്വത്വത്തിൻ്റെ പേരു കൂടിയാണ്. അതങ്ങനെ രൂപപ്പെടാൻ ചരിത്രപരമായ കുറെ കാരണങ്ങളുണ്ട്. ജാതിയും മതവും ദേശീയതയുമൊക്കെ മലയാളവൽകരിക്കപ്പെടുന്നതോടെ സവിശേഷമായ ഒരു നവഭാഷ്യത്തിന് വിധേയമാകും. അത്രമാത്രം സാംസ്കാരികമായ സങ്കലന സാധ്യതയുള്ള ഒരു സമൂഹമാണിത്. ഇതിൻ്റെ ധാരാളം ഉദാഹരണങ്ങൾ സമകാലിക സമൂഹത്തിൽ നിന്നുതന്നെ നമുക്ക് ചൂണ്ടിക്കാണിക്കാൻ സാധിക്കും. കേരളത്തിൻ്റെ സംസ്കാരം തന്നെ സഹവർത്തനത്തിൻ്റെയും സങ്കലിത ജീവിതത്തിൻ്റെയും ഉത്പന്നങ്ങളായി രൂപപ്പെട്ടതാണ്. അതിനോട് സമരസപ്പെട്ടാണ് കേരളത്തിലേക്കുവന്ന മുഴുവൻ സാംസ്കാരികാഗമനങ്ങളും അവരവരുടെ അസ്തിത്വങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലെ മുസ്‌ലിംകൾ മാപ്പിളമാരുടെയും റാവുത്തർമാരുടെയും സാംസ്കാരിക സ്വത്വം പേറുന്നവരാണ്. തുർക്കി, തമിഴ് പാരമ്പര്യമുള്ളവരായിരുന്നു റാവുത്തർമാർ. തദ്ദേശീയ ഇസ്‌ലാം രൂപപ്പെടുത്തിയവരാണ് മാപ്പിളമാർ. ഇത് രണ്ടും തദ്ദേശീയമായി വികസിച്ചു വന്നവയാണ്. മലയാളത്തിൻ്റെ മണ്ണിൽ നിന്ന് രൂപപ്പെട്ട ഇത്തരം തദ്ദേശീയമായ സാംസ്കാരിക മുസ്‌ലിം പാരമ്പര്യങ്ങളിൽ തലമുറകളായി അഭിരമിച്ചുവന്നിരുന്നവരായിരുന്നു ഒരു നൂറ്റാണ്ട് മുമ്പുവരെയുള്ള കേരളീയ മുസ്‌ലിംകൾ. അറബി നാടുകളിൽ നിന്നും ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് കേരള തീരത്ത് ഇസ്‍ലാം മതം പ്രചരിച്ചതെങ്കിലും വളരെ വേഗം അതിനൊരു മലയാളത്തനിമ കൈവന്നിരുന്നു. പ്രാദേശികവൽകരിക്കപ്പെട്ട ഇസ്‌ലാം മലയാളത്തിൻ്റെ സാംസ്കാരിക സ്വത്വവുമായി ഇഴുകിച്ചേർന്നാണ് അതിൻ്റെ വളർച്ചയും സഞ്ചാരവും സാധ്യമാക്കിയത്. അതിന് കുറച്ചൊക്കെ ആക്കം കുറച്ചത് പാൻ ഇസ്‌ലാമിൻ്റെ കടന്നുവരവായിരുന്നു. ആഗോള ഇസ്‌ലാം, അറേബ്യൻ ഇസ്‌ലാം തുടങ്ങിയ സാംസ്കാരിക കൈവഴികൾ മലയാളി മുസ്‌ലിം പാരമ്പര്യങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല.

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്ന്

19ാം നൂറ്റാണ്ടിനുശേഷം കേരളത്തിൽ രൂപപ്പെട്ട മുസ്‌ലിം സംഘടനകൾ വഴിയാണ് പാൻ ഇസ്‍ലാമിസം എന്നൊരു ആശയധാര മലയാളി മുസ്‌ലിം സാംസ്കാരിക പാരമ്പര്യങ്ങളെ കീഴടക്കിയത്. അതു വരെ കേരളത്തിൻ്റെ പൊതു സാംസ്കാരികതയുമായി ചേർന്നുനിന്നാണ് മുസ്‌ലിം സമൂഹം സഞ്ചരിച്ചുപോന്നത്. തദ്ദേശീയമായും കേരളത്തിൻ്റെ പൊതുവായ സാംസ്കാരിക ബോധങ്ങളുമായും ചേർന്നുനിന്ന പ്രാദേശിക ഇസ്‍ലാമിനെ അതിൻ്റെ വേരുകളിൽ നിന്ന് വേർപെടുത്തുവാനും പിന്നീട്, അതിൻ്റെ തന്നെ സ്വന്തം സാംസ്കാരിക പാരമ്പര്യങ്ങളോട് കലഹിപ്പിക്കുവാനുമുള്ള ശ്രമങ്ങൾ ഇവിടെയുണ്ടായി. അതിനെ നവോത്ഥാനമെന്ന് തെറ്റായി വിളിക്കുകയും ചെയ്തു.

ഉള്ളടക്കം കൊണ്ട് ശക്തമായി വിയോജിക്കുമ്പോഴും സാമൂഹിക നവീകരണത്തിന് ഉപയോഗിക്കപ്പെട്ടിരുന്ന ടൂളുകൾ കൈവശം വെച്ചിരുന്നതുകൊണ്ടാണ് അത്തരം ശ്രമങ്ങളെ നവോത്ഥാനം എന്ന് തെറ്റിച്ച് വിളിക്കാനിടയായത്. യഥാർത്ഥത്തിൽ നവോത്ഥാനം എന്ന ആശയത്തെ തന്നെ സാമാന്യ മുസ്‌ലിം ജനത തെറ്റായി മനസ്സിലാക്കുവാനാണ് ഇതിടവരുത്തിയത്. ഇത് മനസ്സിലാക്കാൻ മലയാളി മുസ്‌ലിം സാംസ്കാരിക ജീവിതത്തിൻ്റെ ഒരു നൂറ്റാണ്ടിൻ്റെ ചരിത്രം മാത്രം നാം വിശകലനം ചെയ്താൽ മതി.

വലിയ അന്തഃസംഘർഷങ്ങൾ സൃഷ്ടിച്ചുകൊണ്ട് കേരളീയ മുസ്‌ലിം പരിസരങ്ങളിൽ ശുദ്ധിവാദവും പാൻ ഇസ്‍ലാമിക് വാദവും ഉയർത്തിയ മതസംഘടനകളുടെ പ്രതാപകാലം ഏതാണ്ടൊക്കെ അസ്തമിച്ച് തുടങ്ങിയിരിക്കുന്നു. അത്രമാത്രം അപ്രസക്തമായ നിലയിൽ അവർ പൊതുസമൂഹത്തിൻ്റെ വികാസവഴികളിൽ നിന്ന് അതിവേഗം അകലുകയാണ്. പാൻ ഇസ്‍ലാമിസവും അറേബ്യൻ ഇസ്‍ലാമിസവും കേരളത്തിൻ്റെ മണ്ണിൽ നിന്ന് മെല്ലെ ചുരമിറങ്ങുകയാണെതിൻ്റെ വ്യക്തമായ സൂചനകളാണ് കേരളത്തിലെ സമകാലിക മുസ്‌ലിം സാംസ്കാരിക പരിസരങ്ങൾ ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്.

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ

മുസ്‌ലിം പുതുതലമുറയുടെ ആശയലോകവുമായി സംവദിക്കാനോ അവരുയർത്തുന്ന ജനാധിപത്യപരമായ ഇടങ്ങളിൽ ഇടപെടാനോ അവരുടെ സാംസ്കാരികമായ മുന്നേറ്റങ്ങൾ ഉൾക്കൊള്ളാനോ കഴിയാതെ പകച്ച് നിൽക്കുകയാണ് അത്തരം സംഘങ്ങളിൽ മിക്കതും. പ്രാദേശികമായ ഇസ്‍ലാമിനെ മതത്തിൻ്റെ അക്ഷരവായനകൾകൊണ്ട് നിരാകരിക്കാനും അറബ് കേന്ദ്രീകൃത ആഗോള ഇസ്‍ലാമിൻ്റെ ഭാഗമാക്കി കേരളീയ ഇസ്‍ലാമിനെ മാറ്റാനും ശ്രമിച്ചവർ പ്രാദേശിക ഇസ്‍ലാമിനെ യാഥാസ്ഥിതികമെന്നാണ് വിളിച്ചത്. മിത്തും പാരമ്പര്യങ്ങളും പ്രാദേശികമായ സങ്കലന സംസ്കാരങ്ങളും മതഭാഷ്യങ്ങളെ പ്രാദേശികമായി രൂപാന്തരീകരണം നടത്താനുള്ള ശ്രമങ്ങളുമെല്ലാം യാഥാസ്ഥിതികതയായി വ്യാഖ്യാനിക്കപ്പെട്ടു. ഒട്ടും സത്യസന്ധതയില്ലാത്ത ഒരു വർഗ്ഗീകരണം കൊണ്ടാണ് കേരളത്തിൽ യാഥാസ്ഥിതിക മുസ്‍ലിംകളും പുരോഗമന മുസ്‍ലിംകളുമെന്ന തരം തിരിവുണ്ടായത്. ഈ വർഗ്ഗീകരണത്തിൻ്റെ സത്യസന്ധതയില്ലായ്മയുടെ ഏറ്റവും ഒടുവിലത്തെ തെളിവായിരുന്നു ഈയടുത്ത് കോഴിക്കോട് നടന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ. കേരളത്തിൻ്റെ മുസ്‌ലിം സാംസ്കാരിക മുന്നേറ്റത്തിൻ്റെ ചരിത്രത്തിലെ മികച്ച ഒരധ്യായമായായി ചരിത്രത്തിൽ ഇടം പിടിക്കുന്ന നിലയിലാണ് അത് അവസാനിച്ചിരിക്കുന്നത്.

കേരളത്തിലെ മുസ്‌ലിം പാരമ്പര്യത്തെ പ്രതിനിധീകരിക്കുകയും, യാഥാസ്ഥിതികരെന്ന് വിളിക്കപ്പെടുകയും ചെയ്ത സുന്നിധാരയിൽ നിന്ന് വളർന്നുവന്ന ഒരു പുതു തലമുറ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് മുസ്‌ലിം കൈരളിയുടെ ധൈഷണിക നേതൃത്വത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ചെമ്മാടുള്ള ദാറുൽ ഹുദാ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ പ്രത്യക്ഷവും പരോക്ഷവുമായ ഉൽപന്നങ്ങളാണവർ. കേരളത്തിലെ സുന്നിധാരക്ക് പുരോഗമനപരമായ നേതൃത്വം കൊടുക്കുവാൻ കഴിയുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായാണ് ദാറുൽ ഹുദ ആരംഭിക്കുന്നത്. പാരമ്പര്യ സുന്നിധാരയിലെ സമസ്ത അഥവാ ഇ.കെ. വിഭാഗം സുന്നികളുടെ സാമൂഹിക മുന്നേറ്റത്തിൻ്റെ ആണിക്കല്ലാണ് ഈ സ്ഥാപനം. മതവും ഭൗതികവിജ്ഞാനങ്ങളും സമന്വയിപ്പിച്ച സിലബസാണ് അവിടെയുള്ളതെന്നാണ് അതിൻ്റെ സംഘാടകർ അവകാശപ്പെടുന്നത്. എന്തുതന്നെയായാലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് അവിടെ നിന്ന് പഠിച്ചിറങ്ങിയ നിരവധി ആളുകൾ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി അക്കാദമിക, സാംസ്കാരിക വ്യവഹാരങ്ങളുടെ ഭാഗമായി നിലനിൽക്കുന്നുണ്ട്. സമസ്തയോട് ആഭിമുഖ്യം പുലർത്തുകയും പൊളിറ്റിക്കൽ പാൻ ഇസ്‌ലാം വാദങ്ങൾ ഉയർത്തുന്ന സാമൂഹിക പ്രശ്നങ്ങളെ വിചാരണാപരമായി നിർദ്ധാരണം നടത്തുകയും ഒരു മതസംഘടനയുടെയും ഔദ്യോഗിക ഭാഗമല്ലാതെ, എന്നാൽ കേരളത്തിലെ പ്രാദേശികവും പാരമ്പര്യപരവുമായ ഇസ്‌ലാമിൻ്റെ വക്താക്കളായി നിലനിൽക്കുകയും ചെയ്യുന്ന ഈയൊരു വിഭാഗത്തിൻ്റെ ആസൂത്രണത്തിലാണ് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്ന പേരിൽ കോഴിക്കോട്ട് വിപുലമായ ഒരു സാംസ്കാരിക പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

ആസൂത്രണ തികവോടെ സംഘടിപ്പിച്ച ഗംഭീരമായ ഈയൊരു സാഹിത്യോത്സവത്തെ കേരളത്തിലെ സുന്നിധാര അത്യാവേശപൂർവം ഏറ്റെടുക്കേണ്ടതായിരുന്നു.

ദാറുൽ ഹുദയിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികൾ സ്ഥാപനത്തിൻ്റെ ആശീർവാദത്തോടെ ആരംഭിച്ച ‘ബുക്ക് പ്ലസ്’ എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിൻ്റെ ബാനറിലാണ് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. യാഥാസ്ഥതികരെന്നും പിന്തിരിപ്പന്മാരെന്നും പരിഹസിക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തിൻ്റെ പുതിയ തലമുറ, ഇതുവരെ മുസ്‌ലിം സമൂഹം തെറ്റായി ധരിച്ചുവെച്ചിരുന്ന പിന്തിരിപ്പൻ/ പുരോഗമന ആഖ്യാന ദ്വന്ദ്വങ്ങളുടെ വങ്കത്തരങ്ങൾ തുറന്ന് കാട്ടും വിധം ആസൂത്രണ തികവോടെ സംഘടിപ്പിച്ച ഗംഭീരമായ ഈയൊരു സാഹിത്യോത്സവത്തെ കേരളത്തിലെ സുന്നിധാര അത്യാവേശപൂർവം ഏറ്റെടുക്കേണ്ടതായിരുന്നു. വലിയ സാംസ്കാരിക മൂലധനത്തോടെയും വലിയ സർക്കാർ സഹായത്തോടെയും കേരളത്തിൻ്റെ ഔദ്യോഗിക സാഹിത്യോത്സവം എന്ന മട്ടിൽ പൂർണമായും വരേണ്യമായ നിലയിൽ സംഘടിപ്പിക്കപ്പെട്ടുപോരുന്ന സാഹിത്യോത്സവത്തോട് കിടപിടിക്കാൻ കഴിയുന്ന വിധമാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

എന്തുകൊണ്ട് തള്ളിപ്പറഞ്ഞു?

കേരളത്തിലെ മറ്റൊരു മുസ്‌ലിം ധാരക്കും ചിന്തിക്കാൻ പോലും കഴിയാത്ത വിധമുള്ള സാംസ്കാരിക ജനാധിപത്യ വിശാലതയും, നവീനമായ ചിന്തകളെ ഉൾക്കൊള്ളാനും അവയെ പ്രകാശിപ്പിക്കാനുമുള്ള ക്ഷമതയുമായിരുന്നു ഫെസ്റ്റിവലിൻ്റെ മുഖമുദ്ര. സാമൂഹിക വികാസത്തിൻ്റെ ടൂളുകളെ ഉൾക്കൊണ്ടും പാരമ്പര്യ ഇസ്‌ലാമിൻ്റെ സാംസ്കാരികബോധത്തെ അത്ര മേൽ പൊതുസമൂഹവുമായി കൂട്ടിയിണക്കിക്കൊണ്ടും നടന്ന ഈ പരിപാടി സുന്നി വിഭാഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന പാരമ്പര്യ ഇസ്‌ലാമിൻ്റെ ധൈഷണികശേഷിയുടെ അടയാളമായി ഏറ്റവും കുറഞ്ഞ പക്ഷം ഇവിടുത്തെ ഇ.കെ. വിഭാഗം സുന്നികളെങ്കിലും ഏറ്റെടുക്കേണ്ടതായിരുന്നു. ഒരു നൂറ്റാണ്ട് മുഴുവൻ യാഥാസ്ഥിതികർ എന്ന പഴിപ്പേര് കേൾക്കേണ്ടിവന്ന അവർക്ക് ഈ സമൂഹത്തിന് മുന്നിലേക്ക് അഭിമാന പൂർവം എടുത്തുവെക്കാവുന്ന ഒരു ഈടുവെപ്പായിരുന്നു ഇത്. എന്നിട്ടും അതിശയകരമായ നിലയിൽ, ഈ പരിപാടിയെ തള്ളിപ്പറയുവാനും തങ്ങളുമായി ഇതിന് ബന്ധമില്ലെന്ന് പ്രഖ്യാപിക്കുവാനുമാണ് ദാറുൽ ഹുദയും മാതൃസംഘടനയായ സമസ്തയും തുനിഞ്ഞത്. എന്തുകൊണ്ടാണ് ഈയൊരു നിരാകരണം എന്നുകൂടി നാം പരിശോധിക്കുമ്പോൾ മാത്രമേ, കഴിഞ്ഞ ഒന്നുരണ്ട് പതിറ്റാണ്ടുകളായി കേരളത്തിലെ മുസ്‌ലിം പുതുതലമുറയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങളെ സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.

കേരളത്തിലെ ഏതാണ്ട് എല്ലാ മുസ്‌ലിം മത സംഘടനകളും അവരുടെ അണികളിൽ സംഭവിക്കുന്ന ജനാധിപത്യ വളർച്ചകളിൽ ആശങ്കയുള്ളവരാണ്.

മലബാർ സാഹിത്യോത്സവം നടന്നത് ഇസ്‍ലാമികമായ നിലയിലല്ല എന്നാണ് സമസ്തയും ദാറുൽ ഹുദയും ആരോപിക്കുന്നത്. അതിനായി അവർ കുറെ കാരണങ്ങളും പറയുന്നുണ്ട്. അതിൽ ഒന്നാമത്തെ കാരണം, ഈ പരിപാടിയിൽ സ്ത്രീ പുരുഷ സങ്കലനമുണ്ടായി എന്നതാണ്. വേറെവേറെ മറ കെട്ടി സ്ത്രീകളെയും പുരുഷന്മാരെയും തിരിച്ചില്ല എന്ന കുറ്റം ഫെസ്റ്റിവൽ നടത്തിപ്പുകാർക്കുമേൽ സമസ്ത ആരോപിക്കുമ്പോൾ ഇതേ ആരോപണങ്ങളാണ് ആണ്ടു നേർച്ച, ഉറൂസ്, പാതിരാ വയളുകൾ തുടങ്ങിയവക്കെതിരെ തങ്ങളും നേരിട്ടു കൊണ്ടിരിക്കുന്നത് എന്ന വസ്തുത സമസ്ത നേതൃത്വം സൗകര്യപൂർവം മറന്നു കളയുകയാണ്. പ്രാദേശികമായ ആഘോഷങ്ങളായ മേൽപറഞ്ഞ സംഗതികൾക്കുവേണ്ടി, നവീന വാദികൾ എന്ന് സമസ്ത തന്നെ ആരോപിക്കുന്നവരുമായി വാദപ്രതിവാദങ്ങൾ പോലും അവർ നടത്തിയിട്ടുണ്ട്. അന്ന് സമസ്ത ആരോടാണോ ഇത്തരം തർക്കങ്ങൾ നടത്തിയത് അവർ മതവിശകലനങ്ങൾക്ക് ഉപയോഗിച്ചിരുന്ന അതേ ടൂളുകൾ തന്നെയാണ് ഇന്ന് സമസ്ത അവരുടെ സ്വന്തം പിൻഗാമികൾക്കുനേരെ ഉപയോഗിക്കുന്നത് എന്നതാണ് ഇതിലെ കൗതുകം.

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെ നിരാകരിക്കാൻ സമസ്തയും ദാറുൽ ഹുദയും കണ്ടെത്തിയ രണ്ടാമത്തെ കാരണം, അതിൻ്റെ നടത്തിപ്പിലുള്ള സാംസ്കാരിക ജനാധിപത്യവും ആവിഷ്കാര സ്വാതന്ത്ര്യവുമായിരുന്നു. സ്ത്രീപുരുഷ സമത്വം, തുല്യത, ലിംഗരാഷ്ട്രീയം, സ്ത്രീമുന്നേറ്റം, വ്യക്തി സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങി ആധുനിക ജനാധിപത്യ സമൂഹത്തിൻ്റെ ഗൗരവതരമായ വ്യവഹാരങ്ങളെ മുഖ്യധാരാ മുസ്‌ലിം സംഘടനകൾ ലിബറൽ, മതവിരുദ്ധ വാദങ്ങളെന്ന സംജ്ഞയിലാണ് ഒതുക്കിനിർത്തിയിരിക്കുന്നത്. ആ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനമില്ലായ്മകളെ ചോദ്യം ചെയ്ത ഒരു സംഘാടനമായിരുന്നു മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റേത്. നിരാകരിക്കപ്പെട്ട കേരളീയ മുസ്‌ലിം സാംസ്കാരിക പാരമ്പര്യങ്ങളെ പുതിയ കാലത്തിനിണങ്ങും വിധം ശക്തമായി ആവിഷ്കരിക്കാൻ നടത്തിയ ഈ ശ്രമത്തിന് സമസ്തയടക്കമുള്ള ഒരു മുസ്‌ലിം സംഘടനയുടെയും പിന്തുണയില്ലാതെ പോയതിന് വേറെ കാരണങ്ങൾ അന്വേഷിക്കേണ്ടതില്ല.

മലബാർ സാഹിത്യോത്സവം നടന്നത് ഇസ്‍ലാമികമായ നിലയിലല്ല എന്നാണ് സമസ്തയും ദാറുൽ ഹുദയും ആരോപിക്കുന്നത്. അതിനായി അവർ കുറെ കാരണങ്ങളും പറയുന്നുണ്ട്.

കഴിഞ്ഞ ഒന്നുരണ്ട് പതിറ്റാണ്ടുകൊണ്ട് കേരളീയ മുസ്‍ലിം സാംസ്കാരിക ബോധങ്ങളിൽ വലിയ മാറ്റം സംഭവിക്കുന്നുണ്ട്. ഒരു വൈജ്ഞാനിക സമൂഹത്തിൽ ജീവിക്കുന്നതിൻ്റെ സാമൂഹിക- വൈജ്ഞാനിക വളർച്ച ഉൾക്കൊള്ളാൻ മുസ്‌ലിം പുതുതലമുറക്ക് ഇക്കാലത്ത് കൂടുതൽ സാധിക്കുന്നുണ്ട്. ജനാധിപത്യ മൂല്യങ്ങളെയും സാമൂഹികമായ വികാസത്തിൻ്റെ ഉൾബോധങ്ങളെയും അവർ തിരിച്ചറിയുന്നു. മതത്തെ സ്വയം വ്യാഖ്യാനിക്കാനും മത സംഘടനകളും മതനേതൃത്വവും സ്ഥാപിച്ചിരിക്കുന്ന മതത്തിൻ്റെ വ്യാജമായ അതിരുകുറ്റികളെയും വേലിക്കെട്ടുകളെയും സ്വന്തം ബോധ്യങ്ങളെയും സാമൂഹിക വളർച്ചയെയും കൈമുതലാക്കി പൊളിച്ചു മുന്നേറാനും അവർക്ക് സാധിക്കുന്നുണ്ട്. ഇടയ്ക്കിടക്ക് നമ്മുടെ പൊതുമണ്ഡലത്തിൽ ഉയർന്നുവരുന്ന, മതാധിപന്മാർ ഒരു പക്ഷത്തും പരിഷ്കൃത സമൂഹം മറുപക്ഷത്തുമുള്ള വിവിധ സംവാദങ്ങൾ ഇത് നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്. അത്തരത്തിൽ ഓരോ വിവാദങ്ങളും കൂടുതൽ കൂടുതൽ ആളുകളെ തിരിച്ചറിവിൻ്റെയും ജനാധിപത്യ ബോധങ്ങളുടെയും വഴികളിലേക്ക് നയിക്കുകയാണ്. ഇത്തരത്തിൽ ആളുകളുടെ അഭിപ്രായങ്ങളിൽ സംഭവിക്കുന്ന വികാസപരമായ പരിണാമങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും നമുക്ക് നേരിട്ട് അനുഭവിച്ചറിയാൻ പറ്റുന്നുണ്ട്. അതിൻ്റെ ഏറ്റവും പുതിയ അധ്യായമായി മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെ വിലയിരുത്താം.

ഇത് സമസ്തക്കുമാത്രം സംഭവിക്കുന്ന ഒരു പ്രതിസന്ധിയല്ല. കേരളത്തിലെ ഏതാണ്ട് എല്ലാ മുസ്‌ലിം മത സംഘടനകളും അവരുടെ അണികളിൽ സംഭവിക്കുന്ന ജനാധിപത്യ വളർച്ചകളിൽ ആശങ്കയുള്ളവരാണ്. കേരളം സാമൂഹികമായും വൈജ്ഞാനികമായും മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു നാടാണ്. മനുഷ്യൻ്റെ ജനാധിപത്യബോധങ്ങൾ വികസിക്കുന്നതിനനുസരിച്ച് അവരുടെ വീക്ഷണങ്ങളിലും നിലപാടുകളിലും മാറ്റമുണ്ടാകും. മതസംഘടനകൾ എത്രയൊക്കെ കിണഞ്ഞ് ശ്രമിച്ചാലും ലിബറൽ ചിന്തകൾ എന്ന് ചാപ്പ കുത്തി അകറ്റി നിർത്തിയിരിക്കുന്ന നൈതിക രാഷ്ട്രീയ ബോധങ്ങളിലേക്ക് ആളുകൾ വന്നെത്തും. മതത്തെ പൊതുസമൂഹവുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയുടെ സ്വാഭാവികമായ ഒരുൽപ്പന്നം മാത്രമാണത്. എത്ര പ്രതിരോധമുയർത്താൻ ശ്രമിച്ചാലും മനുഷ്യൻ്റെ ജ്ഞാനബോധങ്ങൾക്ക് വഴങ്ങിക്കൊടുക്കാതെ ഒരു സംഘടനക്കും ഇവിടെ അതിജീവനം സാധ്യമാകില്ല. കാരണം മനുഷ്യൻ്റെ ബോധ വികാസങ്ങളുമായാണ് അവർ യുദ്ധം ചെയ്യാൻ ശ്രമിക്കുന്നത്.

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്ന്

കേരളത്തിലെ മുസ്‌ലിം സമുദായം സംഘടനാപരമായി കമ്പാർട്ട്മെൻ്റുവൽക്കരിക്കപ്പെട്ടുപോയ ഒരു സമൂഹമാണ്. സമുദായം എന്ന് പറയുന്നതുപോലും ഇന്നൊരു മിഥ്യയാണ്. അത്രത്തോളം സംഘടനാ ആധിപത്യം സംഭവിച്ചുകഴിഞ്ഞു. വ്യവസ്ഥാപിത മത സംഘടനകൾ നൽകുന്ന ആഖ്യാനങ്ങളിലൂടെ മാത്രമായിരുന്നു ആളുകൾ മതവീക്ഷണങ്ങൾ രൂപപ്പെടുത്തിയിരുന്നത്. കാലങ്ങളായി നവോത്ഥാനപരമായ ഒരു മുന്നേറ്റങ്ങളും നടക്കാത്ത ഒരു വിഭാഗമാണ് കേരളത്തിലെ മുസ്‌ലിം സമൂഹം. അതിനായുള്ള എന്തെങ്കിലും ശ്രമങ്ങൾ എവിടെയെങ്കിലും ആരംഭിച്ചാൽ സർവ ശക്തിയുമെടുത്ത് അതിനെ ചെറുത്തു തോൽപിക്കാനുള്ള തീവ്രമായ ത്വരയാണ് എല്ലാ വ്യവസ്ഥാപിത സംഘടനകളുടെ ഭാഗത്തുനിന്നും കാണാൻ സാധിക്കുന്നത്. എത്ര കോട്ട കെട്ടി സംരക്ഷിക്കാൻ ശ്രമിച്ചാലും മനുഷ്യൻ്റെ സാമൂഹിക വളർച്ചയെ തടഞ്ഞുനിർത്താൻ ഒരു മത സംഘടനക്കും സാധിക്കില്ല. വീക്ഷണപരമായ വലിയ മാറ്റങ്ങളിലൂടെയും ഒരുകാലത്ത് നിഷിദ്ധമെന്ന് വിധി കൽപിച്ചിരുന്നവയെ പുതിയ ബോധങ്ങൾ കൊണ്ട് പുനർവ്യാഖ്യാനിച്ചുമാണ് യാഥാസ്ഥിതികമായ മുസ്‌ലിം സമൂഹങ്ങൾ അതിജീവനം സാധ്യമാക്കിയത്.

കേരളീയ സമൂഹത്തിലെ ഇസ്‍ലാമിന് മാത്രമായുള്ള ഒരുപാട് പ്രത്യേകതകളുണ്ട്. അതിൻ്റെ പ്രാദേശിക, സങ്കലന സ്വഭാവങ്ങൾ തിരികെ പിടിച്ചും പൊതു സമൂഹവുമായി ഇഴുകി ചേർന്നും മനുഷ്യൻ്റെ ജനാധിപത്യ വളർച്ചയെ കൂടുതൽ ആനുഭാവികതയോടെ പുനർവ്യാഖ്യാനിച്ചും മാത്രമേ ഈ നിശ്ചലാവസ്ഥകളിൽ നിന്നും അതുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളിൽ നിന്നും അവർക്ക് മോചിതമാകാൻ സാധിക്കുകയുള്ളൂ. കേരളീയ മുസ്‌ലിം പൊതു മണ്ഡലങ്ങളിൽ സംഭവിക്കുന്ന ഓരോ വിവാദങ്ങളും ബോധ്യപ്പെടുത്തുന്ന യാഥാർത്ഥ്യമാണിത്.


എം.എസ്. ഷൈജു

മാധ്യമപ്രവർത്തകൻ, വ്യവസായ സംരംഭകൻ. ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, ശരീഅത്ത്; സാമൂഹിക പാഠങ്ങൾ, കനലടയാളങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments