മലമ്പുഴയുടെ സഖാവ് ആര്?

എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മൽസരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു, കേരളം. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി ലിസ്റ്റ് തയാറാക്കുന്ന നടപടികളും അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

ത്തവണ മലമ്പുഴയുടേത് സവിശേഷമായൊരു കാത്തിരിപ്പാണ്: കഴിഞ്ഞ തവണ നല്ല ഭൂരിപക്ഷത്തിന് ജയിപ്പിച്ചുവിട്ട സഖാവ്​ ഇത്തവണ മൽസരത്തിനുണ്ടാകില്ല എന്നുറപ്പ്. എങ്കിൽ, പകരം ആര്? സി.പി.എമ്മിന് കണ്ണുംപൂട്ടി മൽസരിക്കാവുന്ന സംസ്ഥാനത്തെ മണ്ഡലങ്ങളിൽ ഒന്നാണിത്. തുടർഭരണമെന്ന ലക്ഷ്യവുമായി മൽസരിക്കുമ്പോൾ, ഏറ്റവും അനുയോജ്യ സ്ഥാനാർഥിയെ തന്നെ വേണം.

2001 മുതൽ തുടർച്ചയായി നാലുതവണ വിജയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായി മണ്ഡലത്തെ പ്രതിനിധീകരിച്ച വി.എസ്. അച്യുതാനന്ദൻ ഇല്ലാത്ത ഒരു തെരഞ്ഞെടുപ്പാണ് ഇത്തവണ. വി.എസിനുപകരം ആര് എന്ന ചോദ്യമാണ് സി.പി.എമ്മിനെ കുഴക്കുന്നത്. പ്രമുഖ സംസ്ഥാന നേതാക്കൾ അടക്കമുള്ളവരുടെ പേരുകൾ മലമ്പുഴയിൽ പാറിനടക്കുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനം പാർട്ടി ആക്റ്റിങ് സെക്രട്ടറി എ. വിജയരാഘവന്റെതാണ്. കൂടുതൽ ഉയർന്ന പാർട്ടി സ്ഥാനങ്ങളിലേക്ക് വിജയരാഘവനെ പരിഗണിക്കുന്നതായി സൂചനയുണ്ടെങ്കിലും സാധ്യതാപട്ടികയിൽ മുന്നിൽ അദ്ദേഹം തന്നെയാണ്.

വര: ദേവപ്രകാശ്​
വര: ദേവപ്രകാശ്​

എൻ.എൻ. കൃഷ്ണദാസും എം.ബി. രാജേഷും മുതൽ പ്രാദേശിക നേതാക്കളായ എ. പ്രഭാകരൻ, ജില്ലാ കമ്മിറ്റിഅംഗം പി.എ. ഗോകുൽദാസ് വരെയുള്ളവരുടെ പേരുകൾ പാർട്ടിയിൽനിന്നുയരുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ചവരെ ഒഴിവാക്കാൻ തീരുമാനിച്ചാൽ രാജേഷ് മാറിനിൽക്കേണ്ടിവരും. എങ്കിലും, വ്യവസ്ഥയിൽ ഇളവോടെയുള്ള അദ്ദേഹത്തിന്​ സാധ്യത ബാക്കിനിൽക്കുന്നു.

ഒരു സാധ്യതയുമില്ലാത്ത മണ്ഡലമാണെങ്കിലും യു.ഡി.എഫിന്റെ നെഞ്ചിടിപ്പിക്കുന്ന ഒരു സാന്നിധ്യം ബി.ജെ.പിയുടേതാണ്. 2016ൽ ബി.ജെ.പി യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി. ആ ആഘാതത്തിൽനിന്ന്​ ഇത്തവണയെങ്കിലും കരകയറാൻ ഒരു വഴിയും ഇതുവരെ തെളിഞ്ഞിട്ടില്ല. 2016ൽ വി.എസ്. അച്യുതാനന്ദൻ 27,142 വോട്ടിനാണ് ബി.ജെ.പിയിലെ സി. കൃഷ്ണകുമാറിനെ തോൽപ്പിച്ചത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്ന വി.എസ്. ജോയ് 35,209 വോട്ടുമായി മൂന്നാം സ്ഥാനത്തായി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി രണ്ടു ശതമാനം വോട്ടാണ് നേടിയതെങ്കിൽ 2016ൽ 28 ശതമാനമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വർധിപ്പിക്കാനായതും ബി.ജെ.പിക്ക് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.
2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

കഴിഞ്ഞ തവണ വി.എസിനോട് മുട്ടിനിന്ന സി. കൃഷ്ണകുമാർ തന്നെയായിരിക്കും ബി.ജെ.പി സ്ഥാനാർഥി. അട്ടിമറിയാണ് ബി.ജെ.പി ലക്ഷ്യം. എന്നാൽ, ഒരു അട്ടിമറിക്ക് മലമ്പുഴയിൽ ഒരു സാധ്യതയുമില്ല എന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം തെളിയിച്ചു. എം.ബി. രാജേഷ് തോറ്റപ്പോഴും, അദ്ദേഹത്തിന് മലമ്പുഴയിൽ 21,294 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു.

എന്നാൽ, ഇത്തവണ സി.പി.എമ്മിനെ ഒന്ന് പിടിച്ചുകുലുക്കാനാകുമെന്നുതന്നെയാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പ്രതീക്ഷ. വാളയാറിലെ പെൺകുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, അവരുടെ അമ്മ നടത്തുന്ന പ്രക്ഷോഭം, ക്രൂരമായ നീതിനിഷേധത്തിനെതിരായ നിസ്സഹായയായ ഒരു സ്​ത്രീയുടെ പോരാട്ടത്തിന്റെ തലത്തിലേക്ക് പടരുകയാണ്. തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച അമ്മ ഒരു മാസമായി സത്യഗ്രഹത്തിലാണ്. ഇളയ പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനമായ മാർച്ച് നാലിന് സമരം ശക്തമാക്കും. അന്വേഷണം അട്ടിമറിച്ച എസ്.ഐ ചാക്കേയെയും ഡി.വൈ.എസ്.പി സോജനെയും ശിക്ഷിക്കണം എന്നാണ് ആവശ്യം. കേസ് സി.ബി.ഐക്ക് വിട്ടുവെങ്കിലും നടപടികളായിട്ടില്ല. അതുകൊണ്ട്, അന്വേഷണം തുടരുകയാണ്. നാലുപ്രതികളിൽ ഒരാൾ ജീവനൊടുക്കി. ബാക്കി മൂന്നുപേരും പുനരന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റിലാണ്.

സി.പി.എം നേതാക്കൾക്കെതിരെയും അമ്മയുടെ പരാതിയുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫും ബി.ജെ.പിയും രംഗത്തുണ്ട്. ഈ അമ്മയുടെ സമരം സി.പി.എമ്മിനെയാണ് പ്രതിക്കൂട്ടിലാക്കുന്നത്. വാളയാർ പെൺകുട്ടികളുടെ വീടുള്ള വാർഡായ, പുതുശ്ശേരി പഞ്ചായത്തിലെ വാളയാർ പാമ്പാംപള്ളം സി.പി.എം കോട്ടയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവിടെ സി.പി.എം തോറ്റത്, ജനങ്ങളുടെ പ്രതിഷേധ സൂചനയായി എടുക്കാം. ഈ പ്രതികരണത്തെ മണ്ഡലത്തിലുടനീളം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും ബി.ജെ.പിയും.

തദ്ദേശ തെരഞ്ഞെടുപ്പിൽ, അകത്തേത്തര, മലമ്പുഴ പഞ്ചായത്തുകളിൽ യു.ഡി.എഫിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയത് ബി.ജെ.പിയായിരുന്നു. എലപ്പുള്ളി, പുതുശ്ശേരി, മുണ്ടൂർ പഞ്ചായത്തുകളിലും ബി.ജെ.പിക്ക് മുന്നേറ്റമുണ്ടായി. എട്ട് പഞ്ചായത്തുകളിൽ മലമ്പുഴ, അകത്തേത്തറ, കൊടുമ്പ്, മരുതറോഡ് മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം എന്നിവിടങ്ങളിൽ എൽ.ഡി.എഫും എലപ്പുള്ളിയിൽ യു.ഡി.എഫുമാണ് ജയിച്ചത്.

യു.ഡി.എഫ് സ്ഥാനാർഥി ഇപ്പോഴും കാണാമറയത്താണ്. എ.ഐ.സി.സി നിയോഗിച്ച ഏജൻസികളുടെ പട്ടികയിലുള്ളത് കെ.പി.സി.സി സെക്രട്ടറി പി. ബാലഗോപാലാണ്. നാലു തെരഞ്ഞെടുപ്പുകളിലും ജില്ലക്കുപുറത്തുള്ളവരായിരുന്നു സ്ഥാനാർഥികളെന്നും ഇത്തവണ ജില്ലക്കാരൻ തന്നെയാകണമെന്നും കോൺഗ്രസിൽ പ്രാദേശിക സമ്മർദവുമുണ്ട്.

സി.പി.എമ്മിനെ മാത്രം വിജയിപ്പിച്ച ചരിത്രമുള്ള മണ്ഡലമാണ് മലമ്പുഴ; അതും പ്രമുഖ നേതാക്കളെത്തന്നെ. 1965 മുതൽ 2016 വരെയുള്ള 14 തെരഞ്ഞെടുപ്പുകളെടുത്താൽ സി.പി.എമ്മിനുമാത്രമായിരുന്നു ജയം. 1980ൽ ഇ.കെ. നായനാർ ജയിച്ച് മുഖ്യമന്ത്രിയായി. 1982ൽ പ്രതിപക്ഷനേതാവായും നായനാർ മലമ്പുഴയെ പ്രതിനിധീകരിച്ചു. പിന്നീട് മൂന്നു തെരഞ്ഞെടുപ്പുകളിൽ ടി. ശിവദാസമേനോനായിരുന്നു ജയം. 2001 മുതൽ 2016 വരെ വി.എസ്. അച്യുതാനന്ദൻ- അതായത്, സംസ്ഥാനത്തിന് മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും മന്ത്രിയെയുമൊക്കെ സംഭാവന ചെയ്ത മണ്ഡലം. 1965ലെ ആദ്യ തെരഞ്ഞെടുപ്പിൽ എം.പി. കുഞ്ഞിരാമനായിരുന്നു ജയം. പിന്നീട് വി. കൃഷ്ണദാസ്, പി.വി. കുഞ്ഞിക്കണ്ണൻ എന്നിവർ ജയിച്ചു.

1996ൽ മാരാരിക്കുളത്തുനിന്ന് തോൽവിക്കുശേഷം പതിന്മടങ്ങ്​ഊർജത്തോടെയാണ്​ വി.എസ്​ 2001ൽ മലമ്പുഴയിലെത്തിയത്​; മൽസരിച്ച് ജയിക്കുകയും ചെയ്​തു. സതീശൻ പാച്ചേനിയോട് ജയിച്ചത് വെറും 4703 വോട്ടിനാണ്. 2006ൽ പാച്ചേനിയെ 20,017 വോട്ടിന് മലർത്തിയടിച്ചു.

സി.പി.എമ്മിനെ മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തെ ആകെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ്. സി.പി.എമ്മിലെ കൊടും വിഭാഗീയതയുടെ ഒരു പക്ഷത്തെ നയിച്ച വി.എസിന് സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടു. ഔദ്യോഗിക വിഭാഗത്തിന്റെ തീരുമാനത്തിനെതിരെ പാർട്ടിയിലും പുറത്തും പ്രതിഷേധമുയർന്നു. പാർട്ടിക്കുപുറത്ത് ജനകീയ പ്രതിച്ഛായയുണ്ടായിരുന്ന വി.എസിനുവേണ്ടി പൊതുസമൂഹത്തിൽനിന്നടക്കം പലതരം സമ്മർദങ്ങളുയർന്നു. ഒടുവിൽ സി.പി.എമ്മിന് വഴങ്ങേണ്ടിവന്നു, അങ്ങനെ വീണ്ടും മലമ്പുഴയിൽ. വൻ ഭൂരിപക്ഷത്തോടെ ജയിച്ചിട്ടും മുഖ്യമന്ത്രിയാക്കാനും സംസ്ഥാന നേതൃത്വം ഒന്നുമടിച്ചു, പൊളിറ്റ്​ബ്യൂറോയുടെ ഇടപെടലിനെതുടർന്നാണ്​ വി.എസ്​ മുഖ്യമന്ത്രിയായത്​. ആദ്യഘട്ടത്തിൽ സ്ഥാനാർഥിത്വം നിഷേധിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് പാർട്ടി വിലയിരുത്തി. പിന്നീട് മലമ്പുഴയിൽ ഭൂരിപക്ഷം കൂടിവന്നു; വി.എസിന്റെ പോരാട്ടവീര്യത്തിന്റെ പര്യായമായി ഈ മണ്ഡലം.

കർഷകരുടെയും കർഷക തൊഴിലാളികളുടെയും മണ്ഡലം. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട് ഇവിടെയാണ്. പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ.



Summary: എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മൽസരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു, കേരളം. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി ലിസ്റ്റ് തയാറാക്കുന്ന നടപടികളും അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.


Comments