മലപ്പുറംകാർക്ക് ബ്രിട്ടീഷുകാർ സമ്മാനിച്ചതാണ് കാൽപന്തുകളി. മലപ്പുറം 'കവാത്തുപറമ്പിൽ' ബൂട്ടണിഞ്ഞ പട്ടാളക്കാരോടൊപ്പം വെറുംകാലിൽ കളിച്ചു സ്വന്തമാക്കിയ 'ജിഹാദി പാരമ്പര്യം.' അതവർ സ്വതന്ത്രാനന്തരകാലത്തും, ഒരു 'കൊളോണിയൽ ലെഗസിയായി' തുടർന്നു. തിരൂരിൽ ആദ്യമായി, മലഞ്ചരക്ക് കൊണ്ടുപോകാൻ തീവണ്ടിയാപ്പീസ് വന്നതുപോലെതന്നെയാണ്, ഫുട്ബോളിന്റെയും മലപ്പുറംവരവ്. അതെല്ലാം വാഗൺ ട്രാജഡിയായി വേഷംമാറിയ കഥയുമുണ്ട്. അത്തരത്തിൽ, പുറത്തു കടക്കാൻ കഴിയാത്ത, ലഹരിയുടെ ട്രാജഡിയായിത്തീർന്നിരിക്കുന്നു, ഇന്ന് സോക്കർ ഉത്സവകാലം. അതിപ്പോൾ മലപ്പുറംകാർ മാത്രമല്ല, ലോകമാകെ അകപ്പെട്ട ഒരു 'ഇന്റർഫേസ് ഫാന്റസി'യായിത്തീർന്നിരിക്കുന്നു.
സോക്കർ, വിമർശനരഹിതമായി ഉൾക്കൊള്ളേണ്ട ഒരു സാർവ്വലൗകികതയാണെന്നും, അത് മാർക്സ് സ്വപ്നം കണ്ട ഏകലോകമാണെന്നും, പാർട്ടി എഴുത്തുകാർ പോലും പുറപ്പെടുവിക്കുന്ന ഒരു 'വിടുവായത്തമായി'ത്തീർന്നിരിക്കുന്നു. അല്ലേലും, തെക്കേ മലബാറിലെ മാപ്പിളമാർ പ്രയോഗിച്ചു പയറ്റിയെറിഞ്ഞ, കളിയും കാര്യവും ചാവേർ പാരമ്പര്യവുമാണ്, നാല്പതുകൾ മുതൽ വടക്കേ മലബാറിലെ വീരശൂരന്മാർ എടുത്തുണ്ട്, സുഖജീവിതം നയിക്കുന്നതല്ലോ. ഇത്, ആ ഭാഗത്തെ വടക്കൻകളരി പാരമ്പര്യങ്ങൾക്കു നന്നായറിയാം. അതുകൊണ്ടാണല്ലോ പി. ജയരാജന്റെ തട്ടകത്തിൽ കളരിപ്പയറ്റ് നടത്തുന്ന നിയോലിബറൽ കമ്യൂണിസ്റ്റ് ഭൂതങ്ങൾക്ക് അടിതെറ്റിപ്പോയത്. ഉള്ളിലൂടെ മുന്നിൽ കയറി അദ്ദേഹം കളിച്ച ഫൗൾപ്ലേയാണ്, ഇപ്പോൾ തങ്ങൾക്ക് 'ലോകകപ്പ്' നഷ്ടപ്പെടാൻ ഇടയാക്കിയത് എന്നാണ്, ഉൾപ്പാർട്ടി രഹസ്യമായി, പറഞ്ഞു പരത്തുന്നത്. ഇറക്കിവെയ്ക്കാം അല്ലേ, ഈ 'ഭൂതകാലച്ചുമട്'. എന്നാൽ ഇപ്പോഴും ആ 'കൊലച്ചതിയുടെ' 'ചോര ഞരമ്പുകളിൽ തിളയ്ക്കുകയാണ്.'
നഷ്ടമായ മുലപ്പാലിനെപ്പറ്റിയുള്ള ഓർമ്മകളാണ് കാമുകിയുടെ മാറിടത്തിന്മേലുള്ള കാമമായി ഭവിക്കുന്നത് എന്നു പറഞ്ഞത്, ഫ്രോയിഡിന്റെ ലിബിഡോ ശാസ്ത്രമാണ്. ആ നിലയിൽ, നഷ്ടമായ ഒരു ജീവിതയാഥാർത്ഥ്യത്തിന്റെ ഫാന്റസിയാണ് മലപ്പുറംകാർക്കിന്ന് സോക്കർ. മസിൽ പെരുക്കി, കൊയ്തൊഴിഞ്ഞ പാടത്ത് കളിച്ച കളിയുടെ ഓർമ്മകൾ, സ്ക്രീനിൽ ഒരു ഫാന്റസിയായി നിറയുമ്പോൾ, അതിൽ വിമലീകരണവും തന്മയീഭാവവും എങ്ങനെ സംഭവിക്കാതിരിക്കും? അതൊരു ലകാനിയൻ ഫാന്റസിയായും ഒരു ബോദ്രിയാർഡ് 'കർതൃത്വപ്രശ്നമായും' മാറിയ വർത്തമാനത്തെക്കുറിച്ചാണ് ഈ കുറിപ്പ്. എഡിറ്ററുടെ അഭയസ്ഥലികളെയും ഇതിനു മറികടന്നു മുന്നേറാതെ വയ്യ.

ചരിത്രത്തിന് ഇടം നഷ്ടപ്പെട്ട ഒരു സൈബർ ലോകത്തെക്കുറിച്ചാണ് അവരെല്ലാം സംസാരിക്കുന്നത്. യാഥാർത്ഥ്യങ്ങളെ, സ്വപ്നങ്ങളും മിഥ്യകളും ഫാന്റസികളും സ്വപ്നാടനങ്ങളും പകരംവെച്ച, ഒരു കൺസ്യൂമർ സൈബർസ്പേസിന്റെ സമകാലത്തെക്കുറിച്ച്. 'ചരിത്രത്തെ' നിർണ്ണയിച്ചിരുന്ന, 'സംഭവങ്ങളെ' സാധ്യമാക്കിയിരുന്ന, 'സമയത്തിന്റെ' ആ 'തുടർച്ച' നമുക്കിന്നില്ല. ക്ലിപ്തത കൈമോശം വന്ന കാലവും സ്ഥലവും. അവ്യക്തവും അനിശ്ചിതവും അങ്കണരഹിതവുമായിത്തീർന്ന ഫ്ലക്സ് അനുഭവങ്ങൾ. ഖരവും ദ്രാവകവും വാതകവുമല്ലാത്ത സൈബർസൂര്യന്റെ പ്ലാസ്മ. അനുനിമിഷം വന്നുംപോയുമിരിക്കുന്ന വിവരങ്ങളുടെ വിനിമയലോകത്ത്, ചരിത്രത്തിനു പുലരാൻ ഒരിടവും, ഇടവേളയുമില്ല. സംഭവങ്ങൾക്കു സംഭവിക്കാൻ ഒരു സമയമില്ല. അർത്ഥത്തിന്റെ തുടർച്ചയ്ക്ക്, അതിന് സാധ്യമായ ആവർത്തനത്തിന്, ഒരു ഭൂതവും വർത്തമാനവും ഭാവിയും വേണം. അവയ്ക്കു തമ്മിൽത്തമ്മിൽ ഒരന്യുസൂതി വേണം. ഇനിയും അതിനൊന്നും സാധ്യതയില്ല എന്നോ, അതു സാധ്യമല്ലെന്നോ, ഫുകുയാമ പറഞ്ഞതുപോലെയല്ല, ഈ സ്ഥിതിവിശേഷം അർത്ഥമാക്കുന്നത്. മറിച്ച് ചരിത്രത്തിന്റെ ഈ പിന്നാമ്പുറംതിരിയൽ, മുഖം മറയൽ, മനസ്സിലാക്കുക എന്നതാണ്.
സമയത്തുടർച്ചകളുടെ, കാലഗതിയുടെ ഏകരേഖീയ പ്രവാഹത്തിന്റെ, സംഭവങ്ങളുടെ മാലകോർക്കൽ നടത്തിയ കാലത്തിന്റെ, വെട്ടിത്തിരിയലിനെ അറിയൽ. സ്ത്രീയാകാരത്തിലെ ജഘനത്തിൽ കുരുങ്ങിയ പുരുഷന്റെ രതിചിന്തയെ, വെട്ടിത്തിരിഞ്ഞ് വികൃതമായ ഒരു ഇറോടിക്ക് ഫാന്റസിയെ, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ, മനസ്സിലാക്കുകയും മറികടക്കുകയും ചെയ്ത്, അവളെ മുഖാമുഖം നോക്കാനുള്ള ചങ്കുറപ്പ്.
ചരിത്രം അപ്രത്യക്ഷമായ ഈ ഇടത്തിലാണ്, ഓർമ്മകൾ കൊഴിഞ്ഞുപോയ ഈ 'വാർത്താളി സ്പേസി’ലാണ്, ജീവിതം അതിന്റെ തുടർച്ച നഷ്ടപ്പെട്ട്, പ്രതിഭാസവിജ്ഞാനീയം തീർക്കുന്നത്. ഫുട്ബോളും സോക്കർ ഉത്സവവും ഇന്ന് അത്തരം ഒരു പ്രതിഭാസവിജ്ഞാനീയം നിർമ്മിക്കുന്ന, ഉത്തരാധുനികതയുടെ മിത്തോളജിയാണ്. സൈബർസ്പേസിലെ ഒരു 'വാർത്താളി മന്ത്രക്കളമാണ്.' ഒരു ചെകുത്താന്റെ നടനമാണ്. യഥാർത്ഥ്യത്തിനും മിഥ്യയ്ക്കും ഇടയിൽ നടക്കുന്ന ഒരു 'ഇന്റർഫേസ് ഫാലസി’യാണ്. ഒരു വെർച്വാലിറ്റിയാണ്. ഇരുളിന്റെ രഥമേറിയെറിയെത്തുന്ന ടെലിവിഷൻ സ്ക്രീനിന്റെ ഇന്റർഫേസിൽ, ഭൂതമോ ഭാവിയോ വർത്തമാനമോയില്ലാത്ത നടനമാണ്. ആത്മാനുരാഗത്തിന്റെ മൈതാനത്തിൽ മുറിഞ്ഞൊഴുകുന്ന പുഴയാണ്. നാം മറ്റൊരു അസ്തിത്വമായിത്തീരലാണ്.
മെസ്സിയായും നെയ്മറായും മറഡോണയായും റൊണാൾഡോയായും, നമ്മുടെ ഉൾപ്പിരിവിനനുസരിച്ച്, ആന്തരവൽക്കരിക്കാൻ പറ്റുന്ന, ഒരു പൂർവ്വജന്മത്തിലേക്ക് നാം പകർന്നാട്ടം നടത്തുകയാണ്. 'അവർ നന്നായി കളിച്ചു' എന്ന് അത്ഭുതവും വിസ്മയവും കൂറും പ്രഖ്യാപിക്കുകയാണ്. ഒരു സംഭോഗരാത്രി കഴിഞ്ഞ്, ബ്രോതൽ വിടുന്ന പുരുഷനെപ്പോലെ, തളർന്നും ഊർജ്ജനഷ്ടം സംഭവിച്ചും, കഴിഞ്ഞുപോയ നിമിഷങ്ങളെക്കുറിച്ചോർത്തു വിസ്മയപ്പെട്ടും. വരയൻ നീലയിൽ അർജന്റീനയും മഞ്ഞയിലും പച്ചയിലും ബ്രസീലുമായി, നാം നമ്മുടെ നിറബോധങ്ങളുടെ ഉൾക്കാഴ്ചകൾക്ക്, സോക്കർ സ്ക്രീനിൽ 'ആത്മവിലാസം' കണ്ടെത്തുന്നു. കാനറി പക്ഷിക്കൂട്ടമെന്നും സാംബ നൃത്തമെന്നും അസൂറിയൻ പടയെന്നും വരയൻ പുലികളെന്നും നാം ഒരു ബാബിലോണിയൻ ചരിത്രത്തിന്റെ പുരാവസ്തു വിജ്ഞാനീയം ചമയ്ക്കുന്നു. ഭൂതത്തിന്റെ പ്രേതബാധയിൽ ഉലയുന്നു.
യാഥാർത്ഥ്യവും മിഥ്യയും, ഓർമ്മകളും ഫാന്റസികളും, മിഥ്യാഭ്രമവും സ്വപ്നാടവും തമ്മിൽ വെച്ചുമാറുന്ന ഈ വൈപരീത്യങ്ങൾ, ദാർശനികർ മുമ്പേ കണ്ടതാണ്. സ്വപ്ന, സുഷുപ്തി, ജാഗ്രദാവസ്ഥകൾ തമ്മിലുള്ള വെച്ചുമാറ്റങ്ങളും ഇടകലരും തീർക്കുന്ന വികല്പങ്ങളും വിക്ഷേപങ്ങളും. സാധ്യമായതും മിഥ്യയായതും (possible and virtual) തമ്മിലുള്ള ബന്ധങ്ങളുടെയും വെച്ചുമാറലിന്റെയും മനഃശാസ്ത്ര ഇടങ്ങളെപ്പറ്റി തത്വചിന്തകർ പറഞ്ഞുവെച്ചതാണ്. 'സാധ്യമായ മറ്റൊരു ലോകം' എന്നത്, മനുഷ്യന്റെ എക്കാലത്തെയും പ്രത്യാശയാണ്. 'ഒരു സമാന്തര ലോകം സാധ്യമാണ്' എന്ന പ്രതീക്ഷ. ദുരിതമയമായ ജീവിതയാഥാർത്ഥ്യത്തിൽനിന്ന് പുറത്തു കടക്കാനുള്ള, മനുഷ്യന്റെ ചരിത്രാതീതകാലം മുതലുള്ള അന്വേഷണം.

മതവും കലയും, തത്വചിന്തയും രാഷ്ട്രീയവും, കളിയും, മദ്യവും മദിരാക്ഷിയും ഇത് പല നിലയിൽ അന്വേഷിച്ചിട്ടുപോന്നിട്ടുണ്ട്. അസ്തിത്വത്തിന്റെ വിട്ടുമാറാത്ത വ്യഥയിൽ നിന്നു പുറത്തുകടക്കാൻ മനുഷ്യൻ അന്വേഷിച്ച പാതകൾ. അത് വാസ്തവത്തിൽ ഒരു 'മിഥ്യാടനം' തന്നെയാണ്. ലകാനിയൻ അർത്ഥത്തിൽ ഒരു 'ഭാഷയുടെ ചിഹ്‌നവ്യവസ്ഥയെ' ഉണ്ടാക്കിയെടുക്കുന്ന പ്രവൃത്തിയാണ്. ഒരു രാഷ്ട്രത്തിന്റെ രൂപീകരണം. ഒരു മിഥ്യയുടെ ഭാവി. നിലവില്ലാത്ത ഒന്നിനെ നിർമ്മിക്കൽ. ഒരിക്കലും ഉണ്ടായിട്ടില്ലാത്ത, ഉണ്മയില്ലാത്ത ഒന്നിന്റെ ഭവശാസ്ത്രം. യാഥാർത്ഥത്തിൽനിന്ന് പുറത്തുകടക്കാനുള്ള ഒരു വെർച്വൽ ലോകനിർമ്മിതി. നേരത്തെ തന്നെ തയ്യാർ ചെയ്ത, മുമ്പേ നൽകിയ ഒരു മാതൃകയെ പിൻപറ്റൽ. പ്രാകൃത കമ്യൂണിസ്റ്റ് കാലത്തുണ്ടായിരുന്നു എന്നു പറയപ്പെടുന്ന സമത്വം, ഭാവിയിലും സാധ്യമാണ് എന്ന സ്വപ്നം. ശാസ്ത്രം അതിന് ഉപാധികൾ വെച്ചുനീട്ടുന്നു എന്ന മാർക്സിന്റെയും എംഗൽസിന്റെയും വിശകലനം. സംഘടനയുടെ ബലത്തിൽ അതു സാധ്യമാക്കാം എന്ന ലെനിന്റെ പ്രയോജനവാദം. മാവോയുടെ ലോങ് മാർച്ച്. ഫാഷിസത്തിന്റെ 'പ്രൊക്രൂസ്റ്റസ് കട്ടിലിൽ' അത് സാധ്യമാക്കാം എന്ന ഹിറ്റ്ലറിന്റെയും സ്റ്റാലിന്റെയും ആസൂത്രണങ്ങൾ. പിണറായിയുടെ വികസനം എന്ന മുദ്രാവാക്യം, മിഥ്യാഭ്രമം. ഭാവിക്കുവേണ്ടി വർത്തമാനത്തെ ബലി കഴിക്കാം, ജനാധിപത്യത്തിലെ പെരുമാറ്റശീലങ്ങളേയും ധർമ്മത്തേയും കയ്യൊഴിയാം, എന്ന മാർക്സിസ്റ്റ് വിഡ്ഢിത്തം. അത്തരമൊരു പ്രത്യയശാസ്ത്ര നിർമ്മിതിയുടെ, 'തുടർച്ചയായ പരിമിതപ്പെടുത്തലിന്റെ ക്രമത്തിനനുസരിച്ച്', അസ്തിത്വങ്ങളുടെ സൃഷ്ടി. 'പാർട്ടി മനുഷ്യൻ.' ഇവിടെ ഓർമ്മകളിലാണ്, ഉണ്മയിലല്ല ജീവിതം. അതെപ്പോഴും നീട്ടിവെയ്ക്കപ്പെടുന്ന ഒന്നാണ്. ബലി ആവശ്യപ്പെടുന്നതാണ്. ചതുരാകൃതിയിൽ വെട്ടുകല്ലിൽ വലിയ ബലിക്കല്ലുള്ള 'മാടായിക്കാവിന്റെ' വാസ്തുവിദ്യയിൽ തീർത്ത പാർട്ടി ഓഫീസുകളാണ്. താരുണ്യവും യൗവനവും ജീവിതവും ബലിയർപ്പിച്ചാൽ മാത്രം അകത്തളത്തിൽ പ്രവേശനം നൽകുന്ന എ കെ ജി സെന്ററുകളാണ്. അത് പ്രത്യശാസ്ത്രപരമായ ഒരു മിഥ്യയാണ്. ഒരു ലകാനിയൻ ഫാന്റസിയുടെ ലോകമാണ്. ഫ്രോയിഡിയൻ ലിബിഡോയുടെ പ്രയോഗപ്രദേശമാണ്. എല്ലാം തയ്യാർചെയ്തു വച്ചിരിക്കുന്ന, എല്ലാം നിജപ്പെടുത്തിവെച്ച ഒരു പാർട്ടിപരിപാടിയാണ്. എല്ലാ ഉത്തരങ്ങളും അവിടെ ആദ്യമേ നൽകപ്പെട്ടിരിക്കുന്നു. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന കാര്യവാഹകത്വം അതിന്റെ അയൽപ്രദേശത്തു പോലുമില്ല. മുൻകൂർ നിശ്ചയിക്കപ്പെട്ട ഒരു 'റെസിപ്പിയായി' വിപ്ലവ പ്രതീക്ഷകൾ. യാഥാർത്ഥ്യം അതിന്റെ പ്രതിച്ഛായയിൽ നൽകപ്പെട്ടിരിക്കുന്ന സൈബർ ഇടങ്ങൾ പോലെത്തന്നെ. ചരിത്രമില്ലാത്ത, ഭാവിയില്ലാത്ത, പാർട്ടിജീവിതത്തിന്റെ ഊഷര മരുഭൂമികൾ. സാധ്യമായതിന്റെ, സമാന്തര ജീവിതത്തിന്റെ ഒരു കപട വാസ്തവീകരണം.
കപടയിടം.
അങ്ങനെ ഫുട്ബോളിലും പാർട്ടിയിലും നമുക്ക് യാഥാർത്ഥ്യത്തിനു പകരം, 'വെർച്വൽ ഫാലസികൾ' നൽകപ്പെട്ടിരിക്കുന്നു. വെർച്വൽ ആയ അനുഭവങ്ങൾ യാഥാർത്ഥ്യങ്ങൾ തീർക്കുന്നു. വെർച്വൽ തന്നെ യാഥാർത്ഥ്യമായിത്തീരുന്നു. മനുഷ്യൻ ആശ്രയിച്ചത് മനുഷ്യനായിത്തീരുന്ന, മനുഷ്യന്റെ ജീവിതത്തിന്റെ ഉപാധി ജീവിതം തന്നെയായിത്തീരുന്ന ആൽകെമി.
നമുക്കുമുമ്പിൽ നേരത്തെതന്നെ വിളമ്പപ്പെട്ട ഒരു തീൻമേശ പോലെ ജീവിതം. കളികളോടും ഭക്ഷണത്തോടും ലൈംഗികതയോടുമെല്ലാം നാം ഈ സമീപനത്തിന്റെ സംസ്കാരത്തിലാണ്. കാണി ഇന്ന് കാണി മാത്രമല്ല. കളിയിൽ മുഴുകാനും അതിൽ ഒരാളായിത്തീരാനും പങ്കാളിയാകാനുമുള്ള സാധ്യതകളുടെ ടെക്നോളജി വികസിച്ചിരിക്കുന്നു. വെർച്വൽ അനുഭവങ്ങൾ യഥാർത്ഥ അനുഭവത്തേക്കാൾ അനുഭവസ്ഥമായിത്തീരുന്നു. നമുക്ക് മറ്റൊരാളാകാൻ, സ്വയം ഹീറോയാകാനുള്ള ഷിസോഫ്രീനിയാക് സാധ്യതകൾ. നമ്മുടെ ആഗ്രഹങ്ങളുടെയും അഭിലാഷങ്ങളുടെയും വൈകൃതങ്ങളുടെയും പൂർത്തീകരണം. നമുക്ക് വിമലീകരണം നൽകുന്ന, കൂടുവിട്ട് കൂടു മാറാൻ കഴിയുന്ന 'ആകാശഗംഗ'. ലൈംഗിക ജീവിതത്തേക്കാൾ ലൈംഗികാനുഭവം നൽകുന്ന സൈബർ ഇടം.

കാൽപന്തുകളിയിൽ, കൊയ്തൊഴിഞ്ഞ പാടങ്ങളിൽ, മലപ്പുറംകാർ അനുഭവിച്ച, ഭൂതകാലപ്പെരുമയിൽ പോരാടി നേടിയ, ശരീരത്തിന്റെയും മനസ്സിന്റെയും ഉല്ലാസത്തിനു പകരം, ഐക്യപ്പെടലിന്റെയും വ്യത്യസ്തമായി നിലകൊള്ളാനും സാധ്യതയരുളുന്ന യാഥാർത്ഥ ജീവിതത്തിന്റെ സ്വപ്നാഭ കലർന്ന ഭൂമികയ്ക്കു പകരം, വർഷത്തിൽ വിരുന്നെത്തുന്ന സോക്കർ ഉത്സവത്തിലൂടെ, 'ഫാന്റസിയുടെ മഹാബലിയായിത്തീർന്ന' ജീവിതം. 'പാതാളത്തിൽ നിന്ന് പടികയറിവരുന്ന പറയപ്പടയായി' ഇന്റർഫേസ് റിയാലിറ്റിയും സൈബറിടങ്ങളും സോക്കറും. നാം ഇപ്പോൾ അനുഭവിക്കുന്നത് ഒരു ഭൂതകാലക്കുളിരാണ്. ഒരു പ്രേത
സുഖമാണ്, ഒരു സ്വപ്നാടനമാണ് എന്ന തിരിച്ചറിവിലേക്ക് നാം ഉണരുമോ? തത്വചിന്തയ്ക്ക് ഒളിക്കാനും, രാഷ്ട്രീയ ജാഗ്രതയ്ക്ക് ഒളിച്ചോടാനും, ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളെ വലിച്ചെറിയാനും, സമരോർജ്ജത്തെ വിരേചിക്കാനും, ജീവിതനൈരാശ്യത്തിന് പതുങ്ങിയിരിപ്പാനും, സ്വപ്നനഷ്ടങ്ങളിൽനിന്ന് മുഖം തിരിക്കാനും, എല്ലാ നൈരാശ്യങ്ങൾക്കും ചേക്കാറാനും, വിശകലനപൂർത്തിയിൽ ആത്മരതി നടത്താനും, ഉള്ള ഒരു ഇടമാണ് ഇന്ന് സോക്കർ ഇന്റർഫേസ്. ജീവിതപാരാവാരം നീന്തിക്കടക്കാൻ ഭയപ്പെടുന്ന 'കുറുക്കുവഴികളുടെ' ഹോർമൂസ് കടലിടുക്കുകൾ. അതു തുറക്കുംവരെ പാചകം നിർത്തിവച്ചു പട്ടിണി കിടക്കേണ്ട നിസ്സഹായത.
ലകാന്റെ ഭാഷയെ സംബന്ധിച്ച സിദ്ധാന്തങ്ങൾ, ഇവിടെ വിപുലമാവുകയും ഒരു പുതിയ വഴിത്തിരിവെടുക്കുകയുമാണ്. ഭാഷയുടെ 'സ്വാശ്രിതഘടന'യെക്കുറിച്ചാണ് (autonomous structure) ലകാൻ പറഞ്ഞത്. അത് അതിന്റെ സ്വന്തം വ്യാവഹാരിക നിയമങ്ങളിലാണ് പ്രവർത്തിക്കുന്നത് എന്ന രഹസ്യം. ഭാഷയുടെ ഈ ലോകത്താണ് മനുഷ്യൻ, സാംസ്കാരിക വിനിമയത്തിന്റെയും ജീവിത വ്യാപാരത്തിന്റെയും ലോകം നിർമ്മിക്കുന്നത്, അതിൽ ഇടപെടുന്നത്, കൂട്ടിച്ചേർക്കുന്നത്, സമ്പുഷ്ടമാക്കിയും സമീകരിച്ചും നവീകരിച്ചും മുന്നോട്ടുപോകുന്നത്. എന്നാൽ സൈബർ ലോകം, ദൃശ്യതയുടെ, ഫാന്റസിയുടെ, ഒരു 'പ്രാഥമിക മാധ്യമമായി ' (elementary media) രംഗത്തുവന്നുകൊണ്ട്, പുതിയ ഒരു വഴിത്തിരിവെടുത്തിരിക്കുന്നു. ഇതാണ് ഇന്റർഫേസ് ഫാന്റസിയുടെ 'മാധ്യമികത' നിലവിൽ വരുത്തുകവഴി, വിവരവിനിമയസാങ്കേതികവിദ്യ കൊണ്ടുവന്ന, ന്യൂജൻ ലോകം. നവമാധ്യമങ്ങളുടെ വൈവിധ്യമാർന്ന ഇന്റർഫേസുകളിലൂടെ വസ്തുവിനെയും വസ്തുതയെയും തങ്ങൾ 'കാണിക്കുകയും' 'അവതരിപ്പിക്കുകയും' 'ദൃശ്യവൽക്കരിക്കുകയും' ചെയ്യുന്നു എന്ന 'നാട്യങ്ങൾ (pretention).' നാട്യങ്ങൾ ജീവിതമായിത്തീർന്ന ഈ പുതിയ ലോകത്തെ ഗ്രഹിക്കാൻ, ഭാഷയുടെ 'സ്വാശ്രിത ഘടനയിൽ' നിന്ന്, ഫാന്റസിയുടെ 'പ്രാഥമിക മാധ്യമികത' എന്ന ഇന്റർഫേസ് റിയാലിറ്റിയിലേക്കുള്ള മാറ്റത്തെ അറിയൽ അനിവാര്യമാണ്.
1960- കളിലാണ് സൈബർ സ്പേസ് എന്ന ഇലക്ട്രോണിക് സ്പേസ് നിലവിൽ വരാൻ തുടങ്ങിയത്. വിവിധ കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെ ഒരുമിച്ചു ചേർക്കുന്നതിലൂടെ സംഭവിച്ച ഒരിടമാണ് അത്. 1980- കൾക്കും 1990- കൾക്കും ഇടയിൽ അത് വലിയ സാമൂഹ്യപ്രതിഭാസമായിത്തീർന്നു. സൈബർ സ്‌പേസിലേക്ക് നമ്മെ നയിക്കുന്ന ഇന്റർഫേസ്, തൃഷ്ണയിൽനിന്ന് (desire) മാറ്റിനിർത്തി കാണാൻ കഴിയാത്ത ഒന്നാണ്. ഭാഷയുടെ വ്യാകരണം, തൃഷ്ണയുടെ വൈകാരികഭാഷയിലേക്ക് മാറുന്ന നില. ഈ വൈകാരികനില സൈബർസ്പേസിന്റെ സ്രോതസ്സായി വർത്തിക്കുന്നു. ലൈംഗിക ലിബിഡോയുടെ വിനിയോഗവും വിനിമയവുമാണ് ഇന്റർഫേസ് റിയാലിറ്റിയെ ചലനാത്മകമാക്കുന്നത്. ലൈംഗികതയെ, ഫന്റാസ്മിക്കായ അതിന്റെ ലോകത്തിൽ നിരന്തരം ഉൽപാദിപ്പിക്കപ്പെടുന്ന തൃഷ്ണയെ, മനുഷ്യന്റെ ഭാവനയുടെയും ഫാന്റസി നിർമ്മാണത്തിന്റെയും അവിരാമമായ സാധ്യതകൾ മുന്നോട്ടു വെയ്ക്കുന്ന ഒന്നായി, സൈബർ സ്പേസ് കണ്ടെത്തിയിരിക്കുന്നു. ഊരിപ്പോരാൻ കഴിയാത്ത ഒരു സംസാരവൃത്തത്തിന്റെ കെണിയിൽ, മുക്തിയും മോചനവും എല്ലായ്പ്പോഴും നീട്ടിവെക്കപ്പെടുന്നു. ഇന്റർഫേസ് റിയാലിറ്റിയുടെ അടിസ്ഥാന പ്രതലം, 'മിഥ്യാഭ്രമവും തൃഷ്ണയും' (fantasy and desire) ഇണചേർന്നിരിക്കുന്ന ഒരിടമാണ്. നാം സോക്കർ ആസ്വദിക്കുന്നത്, ഒരു സെക്ഷ്വൽ പ്ലേ ആസ്വദിക്കുന്നതും അതിൽ പങ്കാളിയാകുന്നതും പോലെയായിത്തീരുന്നു. അതുകൊണ്ടുതന്നെ പോണോഗ്രഫിയുടെ ഉപഭോഗത്തിൽ സംഭവിക്കുന്നതുപോലെ, ഫുട്ബോൾപ്രേമികൾ ഒരു അഡിക്ഷനു വിധേയമാകുന്നു. ഒരിക്കലും യഥാർത്ഥത്തിൽ സാധ്യമല്ലാത്തത് ഇവിടെ സാധ്യമാകുന്നു. ഒരിക്കലും യഥാർത്ഥത്തിൽ ആയിത്തീരാനാവാത്ത അസ്തിത്വം, ഇവിടെ കളിയും കളിക്കാരുമായുള്ള താദാത്മ്യത്തിലൂടെയും ഏകീഭാവത്തിലൂടെയും തന്മയീഭാവത്തിലൂടെയും സംഭവിക്കുന്നു. നാം പോർണോഗ്രഫിയിലെ നായികന്മാരും നായകന്മാരുമായിത്തീർന്ന്, ലിബിഡോയുടെ വിനിമയവും വിനിയോഗവും ആഘോഷിക്കുന്നതു പോലെത്തന്നെ. സോക്കർ നായകന്മാരുമായി നാം തന്മയീഭാവം കൈവരിക്കുന്നു.
ഇത് മലപ്പുറംകാർ നേരിട്ട് കളിയിൽ പങ്കെടുത്തതിൽ നിന്നും, കൊയ്തൊഴിഞ്ഞ പാടങ്ങളിലും പുഴകളുടെ മണൽത്തിട്ടകളിലും കടലോരത്തെ പൂഴിമണലിലും കളിച്ചും കണ്ടും കെട്ടിമറിഞ്ഞും, അറിഞ്ഞും അനുഭവിച്ചും പോന്ന ഒരു കളിയല്ല. ഒരു 'സബാൾടേൺ' അനുഭവമല്ല. അത് പതുക്കെ ഒരു 'എലീറ്റിസ്റ്റ്' അനുഭവമായിത്തീരുകയാണ്. കീഴാളത, മേലാളതയുടെ ചാരുകസേരാജീവിതം പിടിച്ചെടുക്കുന്ന ഒരു പരിവർത്തനമാണ്. പാർട്ടി സെന്ററുകൾ പാർട്ടിയായി മാറുന്ന പരിവർത്തനമാണ്. ഘടന ഉള്ളടക്കത്തെ വിഴുങ്ങുന്നതാണ്. അതല്ലാതെ പുത്തലത്ത് കാണുന്ന കടലാസ് പുലികളല്ല ലോകം.

സൈബർസ്പേസ് ഒരു 'കോൺസെൻഷ്വൽ ഹലൂസിനേഷൻ' (consensual hallucination) ആയിത്തീരുകയാണിവിടെ. തൃഷ്ണയുമായുള്ള (desire) സൈബർസ്പേസിന്റെ അടുത്ത ചാർച്ചയെ ഇതു സൂചിപ്പിക്കുന്നു. ഇങ്ങനെ, ഡിജിറ്റൽ സാങ്കേതികവിദ്യ, പരിചിതമായ നമ്മുടെ യാഥാർത്ഥ്യത്തെ അതിവർത്തിക്കാനുള്ള ഒരു വാഗ്ദാനം മുന്നോട്ടു വയ്ക്കുന്നു. യാഥാർത്ഥ്യങ്ങൾ നമ്മിൽ നിന്ന് കവർന്നുകളഞ്ഞ ഒരു 'സ്വർഗ്ഗ ഭൂമികയെ' നമുക്ക് തിരിച്ചുതരുന്നു. 'Down with the detour and delays of reality.' നമ്മുടെ തന്നെ കളിയിൽ നമുക്ക് നായകന്മാരാകാനുള്ള അവസരം. നമ്മുടെ ലിബിഡോയെ ഭീതിയില്ലാതെ വിനിയോഗിക്കാനും, കാമങ്ങൾക്കും മോഹങ്ങൾക്കും പൂരണം കണ്ടെത്താനും, മോഹഭംഗങ്ങൾക്കും മനോരോഗങ്ങൾക്കുമുള്ള സാന്ത്വന ചികിത്സക്കും ഉതകുന്ന ഒരിടം.
സൈബർ സ്പേസ്, യാഥാർത്ഥ്യത്തിൽ നിന്നുമുള്ള 'ഈ ഒളിവിടം', ഒരു 'സൈക്കോ സോഷ്യൽ മൊറട്ടോറിയം' (psyschosocial moratorium) ആണെന്ന് എറിക് എറിക്സൺ പറയുന്നു. ഇത്തരം ഒരു 'ഒഴിവുകാലത്തിലൂടെ' ജനങ്ങൾക്ക് അവരുടെ ഐഡന്റിറ്റിയെ, സ്വത്വത്തെ, സംബന്ധിച്ച പരീക്ഷണങ്ങളിൽ ഏർപ്പെടാനാകുന്നു. ഫാന്റസിയിൽ ഏർപ്പെടുന്നത്, ഇപ്രകാരമുള്ള ഒരു 'ടൈം ഔട്ട്' (time out) ആണെന്ന് ഫ്രോയിഡ് നിരീക്ഷിക്കുന്നുണ്ട്. യാഥാർത്ഥ്യത്തിൽനിന്ന് സൈബർസ്പേസിലേക്ക് നാം നിരന്തരം നടത്തുന്ന പിൻമടക്കങ്ങൾ, വ്യക്തിപരമായ ഒരു സ്വത്വവും അതിന്റെ ആർജിക്കലും ആയിത്തീരുന്നു. ഇങ്ങനെ നാം നിമിഷംതോറും നടത്തുന്ന പിൻമടക്കങ്ങൾ, പരീക്ഷണങ്ങൾ, ഒരു 'കാതലായ വ്യക്തിത്വത്തെ ' (core self) വികസിപ്പിക്കുവാൻ സഹായിക്കുന്നു.
ഫ്രോയിഡിനെ സംബന്ധിച്ച് യഥാർത്ഥ അനുഭവങ്ങളുടെ ഒരു പുനരുജ്ജീവനമാണ് ഹലൂസിനേറ്റീവ് ആയ അനുഭവം (hallucinative experiences) നൽകുന്നത്. അമ്മയുടെ മുലപ്പാലിനു പകരമുള്ള 'ഇംബൈബിങ് ഫുഡ്'. യഥാർത്ഥ പ്രേരണയുടെ വസ്തു നഷ്ടപ്പെടുമ്പോൾ, ഫാന്റസിയിൽ അത് തിരിച്ചെടുക്കാൻ ശ്രമിക്കുന്നു എന്ന നിലയിൽ. എന്നാൽ ഫാന്റസിക്ക് ചെയ്യാനാവുക ആഗ്രഹപൂർത്തിയുടെ, ആവശ്യപൂർത്തിയുടെ, തൃപ്തിയുടെ ഒരു പകരം വയ്ക്കൽ മാത്രമാണ്. ഫ്രോയിഡ് ഫാന്റസിയെ യാഥാർത്ഥ്യത്തെ കണക്കിലെടുക്കാത്ത ഒരു ഇല്യൂഷറി ഫങ്ഷനായി ഉപയോഗിക്കുന്നുവെങ്കിൽകൂടി, ഇവിടെ ഫാന്റസിയിൽ ഒരു നിർമ്മാണാത്മക ധർമ്മം (constitutive function) വേർതിരിച്ചെടുക്കാനാവും. നഷ്ടപ്പെട്ടതിന്റെ ഒരു വീണ്ടെടുക്കൽ. ബാഹ്യയാഥാർത്ഥ്യത്തെ നേരിടുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു യഥാർത്ഥ വസ്തുവായി അതു തീർന്നേക്കാം. ഇവിടെ ഫാന്റസി യാഥാർത്ഥ്യത്തിന്റെ ഒരു എതിരിയല്ല. യാഥാർത്ഥ്യത്തിലൂടെയുള്ള യാത്രയിലെ ഇടത്താവളത്തിലെ ലിബിഡനൽ ആയ പ്രേരകശക്തിയാണ്. നാം അകപ്പെട്ട സൈബർ ലോകത്തെയും സോക്കർ ലോകത്തെയും ഇന്റർഫേസ് ഫാന്റസിയെയും ആ നിലയിൽ നമുക്ക് പരിവർത്തിപ്പിച്ചെടുക്കാനുള്ള സാധ്യത അതു മുന്നോട്ടുവയ്ക്കുന്നു. അപ്പോൾ, സഖാക്കളെ, ഇനിയുമുണ്ട് പ്രതീക്ഷകൾ, മുന്നോട്ട്.
▮
റഫറൻസ്:
1. Jean Baudirillard, Interviews with Philippe Petit,
Verso, London, New York, 1998.
2. Andre Nusselder, Interface Fantasy, A Lacanian Cyborg Ontology, The MIT Press, Massachusetts Institute of Technology, Cambridge, 2010.
3. എം. നന്ദകുമാർ; വാർത്താളി സൈബർ സ്പേസിൽ ഒരു പ്രണയ നാടകം (നീണ്ടകഥ).
