കേരളത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക- സാംസ്കാരിക മേഖലകളിൽ കഴിഞ്ഞ 25 വർഷങ്ങളിലുണ്ടായ മാറ്റങ്ങളിൽ ഏറ്റവും സവിശേഷവും എടുത്തുപറയാവുന്നതുമായ ഒരു മാറ്റം, പ്രവാസിമലയാളിയും നാട്ടുവാസിയുമായ മലയാളിയും തമ്മിലുള്ള അന്തരം കുറഞ്ഞിരിക്കുന്നു എന്നതാണ്. ഈ സവിശേഷമായ മാറ്റം കേരളീയ പൊതുസമൂഹത്തിൽ സൃഷ്ടിച്ച ആഘാതം മലയാളിയുടെ ഉപഭോഗത്വരയെ കൂടുതൽ വധിപ്പിച്ചിരിക്കുന്നു, ഇതിന്റെ ഭാഗമായി കേരളത്തിലെ പുത്തൻ മധ്യവർഗ്ഗത്തെ ആഗോളീകൃതമായ വസ്തുക്കളുടെയും ആശയങ്ങളുടെയും വിനിയമ ശൃംഖലയിലേക്ക് കണ്ണിചേർക്കുകയും ചെയ്തിരിക്കുന്നു.
തൊണ്ണൂറുകളിൽ തന്നെ തുടങ്ങിയതല്ലേ ഈ പ്രക്രിയ എന്നു ചോദിക്കാം. മലയാളിയുടെ രണ്ടാം നവോത്ഥാനമെന്നു വിളിക്കാവുന്ന ഗൾഫ് പ്രവാസവും എഴുപതുകൾ മുതൽക്കേ ആരംഭിച്ചിട്ടുള്ളതാണ്. എൺപതുകളുടെ ദശകം മുതൽ റെമിറ്റൻസ് സമ്പദ്‌വ്യവസ്ഥയുടെ ആനുകൂല്യം മലയാളി ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രകടമാകാൻ തുടങ്ങിയെങ്കിലും ആഗോളമായി വികസിതമായ സംവേദന വിനിയമ ശൃംഖലയുടെ ഗുണഫലങ്ങളും അതിന്റെ പ്രത്യാഘാതങ്ങളുമാണ് കഴിഞ്ഞ 25 വർഷത്തിൽ മലയാളിയുടെ ആഗോളീകൃതമായ ജീവിതവ്യവസ്ഥയ്ക്ക് നിയാമകമായത്.
ഇന്റർനെറ്റ് അധിഷ്ഠിത കുടിയേറ്റത്തിലേക്ക്…
കുടിയേറ്റം മലയാളിയുടെ രക്തത്തിലുള്ളതാണെന്നു നീരിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരിൽ മലയാളിയുടെ മാത്രം സവിശേഷതയല്ല ഇതെന്നും ഇന്നു നമ്മൾ തിരിച്ചറിയുന്നുണ്ട്. എന്നാൽ, ഇന്റർനെറ്റ് വിനിമയ ശൃംഖലയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി വിദേശങ്ങളിലേക്ക് പഠനാവശ്യത്തിനും തുടർന്ന് വിദേശങ്ങളിൽ തന്നെ തൊഴിലവസരങ്ങൾക്കുമായി പ്രയോജനപ്പെടുത്തുന്ന പ്രവണത കഴിഞ്ഞ 25 വർഷങ്ങളിലാണ് വ്യാപകമായത്.
വിദേശപഠനം മാത്രമല്ല, ഇന്റർനെറ്റ് അധിഷ്ഠിത കുടിയേറ്റം തന്നെ ഒരു പ്രവണതയായതും ഈ കഴിഞ്ഞ രണ്ടു ദശകങ്ങളിലാണ്. ഗൾഫിലേക്കും അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കും തൊഴിലാവശ്യത്തിനായുള്ള പ്രവാസം മുമ്പേ തുടങ്ങിയിരുന്നെങ്കിലും വിവിധ തട്ടുകളിലുള്ള മലയാളി മധ്യവർഗ സമൂഹം ഗൂഗ്ൾ എന്ന തിരച്ചിൽ ഉപാധിയിലൂടെയും പിന്നീട് വികസിതമായ പുത്തൻ സംവേദന ഉപാധികളിലൂടെയും വിദേശത്തുള്ള വിദ്യാഭ്യാസസാദ്ധ്യതകൾ പ്രയോജനപ്പെടുത്തി തുടങ്ങുന്നത് 2000-നുശേഷമാണ്. വിദേശത്തേക്കുള്ള വിനോദസഞ്ചാരം കൂടുതലും വികസിതമായതും ഇക്കാലയളവിലാണ്.
വിവിധ തട്ടുകളിലുള്ള മലയാളി മധ്യവർഗ സമൂഹം ഗൂഗ്ൾ എന്ന തിരച്ചിൽ ഉപാധിയിലൂടെയും പിന്നീട് വികസിതമായ പുത്തൻ സംവേദന ഉപാധികളിലൂടെയും വിദേശത്തുള്ള വിദ്യാഭ്യാസസാദ്ധ്യതകൾ പ്രയോജനപ്പെടുത്തി തുടങ്ങുന്നത് 2000-നുശേഷമാണ്.
മലയാളിയുടെ സഞ്ചാരത്വരയെ തൃപ്‍തിപ്പെടുത്താൻ പറ്റിയ ഉപാധികളാണ് നവമാധ്യമങ്ങളിലൂടെ ലഭ്യമായത്. എസ്. കെ. പൊറ്റെക്കാടിന്റെ സഞ്ചാര അനുഭവത്തിൽ നിന്ന് തുലോം വ്യത്യസ്തമാണ് പുതിയ സഞ്ചാര അനുഭവവും സാഹിത്യവും. എന്നാൽ പൊറ്റെക്കാടിന്റെ എഴുത്തിന്റെ പ്രതീതി സൃഷ്ടിക്കാനുള്ള ദുർബലമായ പരിശ്രമങ്ങളായി മുഖ്യധാരാ വിദേശസഞ്ചാരസാഹിത്യം മാറിയിരിക്കുന്നു. അവിചാരിതങ്ങൾക്കും അപ്രതീക്ഷിതത്തിനുമിടയില്ലാത്ത സഞ്ചാരം സാഹിത്യമാകുന്നില്ല. എങ്കിലും സഞ്ചാരമാർഗത്തിലും സഞ്ചാരരീതികളിലും പരീക്ഷണങ്ങൾ നടത്താൻ മലയാളി ശ്രമിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. സഞ്ചാരസാഹിത്യത്തിന്റെ കാര്യം പ്രത്യേകമെടുത്തു പറഞ്ഞത്, മലയാളിക്ക് ലോകത്തെ ഗ്രസിക്കാനുള്ള ഒരു ആത്മസ്ഥൈര്യം നൽകുക മാത്രമാണ് വിദേശ സഞ്ചാര എഴുത്ത് നിർവഹിക്കുന്നത്.
ഇതെല്ലാം തന്നെ, വാസ്തവത്തിൽ, ആഗോളീകരണത്തെ അഭിമുഖീകരിക്കാനും അതിന്റെ ഭാഗമാകാനും അതിനെ പരമാവധി പ്രയോജനപ്പെടുത്താനുമുള്ള ഉദ്യമങ്ങളായാണ് ഈ പുതിയ സഹ്രാബ്ദത്തിലെയും നൂറ്റാണ്ടിലേയും 25 വർഷത്തിലെ മലയാളിയുടെ പരിവർത്തനാത്മകമായ ജീവിതം അനുഭവപ്പെടുത്തുന്നത്.

വിദൂരതയെ ലഘൂകരിക്കാനുള്ള വിർച്വൽ സംവേദന സാങ്കേതികവിദ്യകളും വർദ്ധിതമായ യാത്രാസൗകര്യങ്ങളും പല നിലയ്ക്കുള്ള താമസസൗകര്യങ്ങളുമെല്ലാം ആദ്യം ഇന്റർനെറ്റിലൂടെയും പിന്നീട് വികസിതമായ മൊബൈൽ ആപ്പിലൂടെയും എളുപ്പം കണ്ടെത്താമെന്ന സ്ഥിതിവിശേഷം, നാടും വിദേശവും തമ്മിലുള്ള സമ്പർക്കം സമീപസ്ഥമായ അനുഭവമാക്കി. ആഗോളീകരണത്തിന്റെയും വിർച്വൽ ജീവിതവ്യവസ്ഥയുടെയും അടിസ്ഥാനത്തിൽ പുനർനിർണയിക്കപ്പെട്ടതാണ് ഈ കഴിഞ്ഞ 25 വർഷത്തെ മലയാളി ജീവിതം. ഡിജിറ്റൽ മുതലാളിത്തം സൃഷ്ടിച്ച നൂതന സംരഭകത്വ സാധ്യതകളും മലയാളികളുടെ പ്രവാസത്തിന്റെയും നാട്ടുവാസത്തിന്റെയും അന്തരം കുറയ്ക്കാനായി ഉപയോഗപ്പെട്ടു തുടങ്ങിയിരിക്കുന്നു. വിർച്വൽ ബിസിനസ്സ് പദ്ധതികൾക്ക് അനുകൂലമായ ഒരു നിക്ഷേപ സൗഹൃദ അന്തരീക്ഷ വ്യവസ്ഥപ്പെടുത്താൻ സർക്കാരുകൾക്ക് പ്രേരകമായതും ഈ മാറ്റങ്ങൾ തന്നെയാണ്.
മറ്റൊരു വാസപ്രദേശമാകുന്ന കേരളം
വിർച്വൽ മുതലാളിത്തം അതിരുകളെ മായ്ക്കുന്നുവെന്നു പറയുമ്പോഴും ജീവലോകത്തിൽ വീണ്ടും അധിനിവേശത്തിന്റെ മധ്യകാല ഉദ്വേഗതയോടെ അതിരുകൾ പുനർനിർണയിക്കപ്പെടുന്നുമുണ്ട്. കുടിയേറ്റവിരുദ്ധ നിയമങ്ങൾ ഭരണകൂടം നടപ്പാക്കുന്നതോടെ കുടിയേറ്റക്കാർക്കെതിരെ വ്യാപക അതിക്രമം നടക്കുന്നു. കുടിയേറ്റത്തെ ഉൾക്കൊണ്ട ജനതയായ മലയാളിക്ക് വലിയ ആന്തൽ സൃഷ്ടിക്കുന്നതാണ് പുതിയ വലതുപക്ഷ സർക്കാരുകൾ നടപ്പാക്കുന്ന കുടിയേറ്റവിരുദ്ധ നിയമങ്ങൾ.
അതേസമയം, ഇന്നു വ്യാപകമായിക്കൊണ്ടിരിക്കുന്ന കുടിയേറ്റവിരുദ്ധതയും കഴിഞ്ഞ 25 വർഷത്തിലുള്ള മനുഷ്യരെ സംബന്ധിച്ച് തീവ്രമായി അനുഭവവേദ്യമായ കാലാവസ്‌ഥാമാറ്റവും കുടിയിറക്കിനെക്കുറിച്ചുള്ള ആലോചനകൾക്കും വഴിവെയ്ക്കുന്നു. സ്വന്തം നാടും കാലാവസ്ഥാഭീഷണി നേരിടുന്ന പ്രദേശമാണെന്ന തിരിച്ചറിവിനൊപ്പം, കേരളത്തെ പുതിയ രീതിയിൽ സങ്കല്പിക്കാനുള്ള താല്പര്യവും പ്രവാസി മലയാളി കാണിക്കുന്നു. ഇത് പഴയ നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വമല്ല, പകരം കേരളം മറ്റൊരു വാസപ്രദേശമായി പുനർവിഭാവനം ചെയ്യുന്നതിന്റെ ഫലമാണ്. പഴയപോലെ ദൂരവ്യത്യാസങ്ങൾ നിശ്ശേഷം അലിഞ്ഞുപോകയാൽ ഒരേസമയം രണ്ടിടവാസം പ്രായോഗികമായി നടപ്പാക്കാൻ പറ്റുന്ന ഒരു വിർച്വൽ സാധ്യത നിലനിൽക്കുന്നു.
സമ്പന്നരായ പ്രവാസികൾ കേരളത്തെ മറ്റൊരു ഡെസ്റ്റിനേഷൻ എന്ന നിലയിൽ കാണാൻ തുടങ്ങിയതോടെ കേരളത്തിലെ അടിസ്ഥാനസൗകര്യവും വികസിത രാജ്യങ്ങളിൽ അവർക്ക് അനുഭവസ്ഥിതമായ ജീവിതസൗകര്യങ്ങളോട് കിടപിടിക്കണമെന്ന് അവർക്ക് നിർബന്ധമായിരിക്കുന്നു. 2000-മാണ്ട് പകുതിയോടെ കേരളത്തിൽ വ്യാപകമായ വിധത്തിൽ ഭൂമിവില്പന നടന്ന സമയമാണ്. കേരളത്തിൽ ഭൂമാഫിയ എന്നൊരു അധോലോകവിഭാഗവും കാര്യമായി പ്രവർത്തനക്ഷമമായതും ഈ ഘട്ടത്തിലാണ്. നെൽവയലും പാടശേഖരങ്ങളും നികത്തി പറമ്പുവൽക്കരണം ദ്രുതഗതിയിൽ നടത്തി ഭൂമാഫിയ, അഴിമതിക്കാരായ ഉദ്യോഗസ്ഥവൃന്ദവുമായി ചേർന്ന്. വൻകിട കെട്ടിട സമുച്ചയ നിർമാണം ആരംഭിക്കുന്നത് ഇതോടെയാണ്. കേരളത്തിലെ ഐ.ടി സെക്ടർ വികസനം കൂടുതലും അന്നു താല്പര്യം കാണിച്ചിരുന്നതും അടിസ്ഥാനസൗകര്യ വികസനം എന്ന പേരിൽ ഭൂമി കൈക്കലാക്കുന്നതിലായിരുന്നു. കേരളത്തിലെ ഫ്ലാറ്റ് നിർമാണം ഭൂരിഭാഗവും പ്രവാസികൾക്കുവേണ്ടിയായിരുന്നു. നഗരകേന്ദ്രിതമായ താമസസൗകര്യമാണ് അവർ ജന്മനാട്ടിൽ തേടിയിരുന്നത്.
ഡിജിറ്റൽ സാങ്കേതികവിദ്യയിലുണ്ടായ വികാസം ദൂരങ്ങളെ എളുപ്പം അതിവർത്തിക്കാൻ സാധ്യമാക്കിയതിനാൽ ഡയസ്പോറ മലയാളി സമൂഹവും നാട്ടിലുള്ളവരും തമ്മിലുള്ള ദൂരഅന്തരം കുറയ്ക്കാൻ കാരണമായി.
അതിഥി തൊഴിലാളികളും
ആതിഥേയ മലയാളിയും
ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള കുടിയേറ്റ ചരിത്രത്തിലും ഈ നിർമാണ പ്രവർത്തനങ്ങൾ നാഴികക്കല്ലായി. തമിഴ്നാട്ടിൽ നിന്നാണ് അതുവരെ കേരളത്തിലേക്ക് തൊഴിൽതേടി തൊഴിലാളികൾ വന്നുകൊണ്ടിരുന്നത്. എന്നാൽ, 2000-മാണ്ട് പകുതിയോടെ ബിഹാർ, ഒഡിഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ കേരളത്തിലേക്ക് ധാരാളമായി വരാൻ തുടങ്ങി. തുടർന്നുള്ള വർഷങ്ങളിൽ അവരുടെ ദൃശ്യത വർധിച്ചുവന്നു. മലയാളികൾ അവരുടെ സേവനം ചൂഷണമനസ്സോടെയാണ് ഉപയോഗപ്പെടുത്തിയെങ്കിലും അന്തർ സംസ്ഥാന തൊഴിലാളികളെ കൂടാതെ ദൈനംദിന പ്രവൃത്തികൾ പോലും നടക്കില്ല എന്ന സ്ഥിതിയായി. ചെറുതും വലുതുമായ ഭക്ഷണശാലകളിൽവരെ അവർ അനിവാര്യമായി. മലയാളികളായ തൊഴിലാളികൾ എവിടെപ്പോയി എന്ന ചോദ്യമുണ്ട്.
ഒരുപക്ഷെ, നമ്മുടെ ഭക്ഷണശാലകൾ ഉൾപ്പെടെയുള്ള സേവനമേഖലകകൾ ത്വരിതഗതിയിൽ വികാസം പ്രാപിച്ചതിനാൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാവുകയും അതിലേക്കാണ് അന്തർ സംസ്ഥാന തൊഴിലാളികൾ വന്നത് എന്നുമുള്ള വാദം ന്യായയുക്തമാണ്. പക്ഷെ, 'സ്വദേശി'- കുടിയേറ്റ തൊഴിലാളികൾ തമ്മിലുള്ള വ്യതിരിക്തതയെ അടയാളപ്പെടുത്താനായി ക്ഷേമരാഷ്ട ഗവൺമെന്റാലിറ്റിയുടെ സംജ്ഞയിൽ കുടിയേറ്റ തൊഴിലാളികളെ ‘അതിഥി തൊഴിലാളികൾ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് മലയാളി തന്റെ പുരോഗമനസാക്ഷരത പ്രകടമാക്കി. ‘അതിഥി’ ഒരിക്കലും ഗൃഹനാഥരാവുകില്ലല്ലോ എന്നതാണ് ഇതിന്റെ പൗരത്വവ്യംഗ്യമെങ്കിലും.
കേരളീയ സമൂഹത്തിന്റെ ആഗോളീകരണപ്രക്രിയ ത്വരിതപ്പെടുത്തുന്നതിൽ മേല്പറഞ്ഞ കാര്യങ്ങളെല്ലാം ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഒന്നുകൂടി ആവർത്തിച്ചാൽ, ഡിജിറ്റൽ സാങ്കേതികവിദ്യയിലുണ്ടായ വികാസം ദൂരങ്ങളെ എളുപ്പം അതിവർത്തിക്കാൻ സാധ്യമാക്കിയതിനാൽ ഡയസ്പോറ മലയാളി സമൂഹവും നാട്ടിലുള്ളവരും തമ്മിലുള്ള ദൂരഅന്തരം കുറയ്ക്കാൻ കാരണമായി. ഒപ്പം, ജീവിതസൗകര്യങ്ങളുടെ കാര്യത്തിലും സമാനതയ്ക്ക് അവസരമൊരുക്കി. ബ്രാൻഡ് വിപണി കേരളത്തിൽ മുമ്പേ ശക്തമായിരുന്നെങ്കിലും മലയാളി സമൂഹത്തിന്റെ ആഗോളീകരണം, അത് ചെറുനഗരങ്ങളിലേക്കും ലഭ്യമാകുന്ന വിധത്തിൽ വ്യാപിച്ചു.
തൊണ്ണൂറുകളിൽ ആരംഭിച്ച നഗരവൽക്കരണത്തിന്റെ രണ്ടാം ഘട്ടമാണ് 2000 പകുതിയോടെ കേരളത്തിലെ വൻകിട നിർമാണത്തോടൊപ്പം സംഭവിച്ചത്. പ്രധാന നഗരങ്ങൾക്ക് ഉപനഗരങ്ങളായി സമീപ്രദേശങ്ങൾ മാറിത്തുടങ്ങിയാണ് നഗരവൽക്കരണത്തിന്റെ രണ്ടാം ഘട്ടം കേരളത്തിൽ പ്രാവർത്തികമായി തുടങ്ങിയതെങ്കിലും, വളരെ വേഗം ഉപനഗരങ്ങളും മുഖ്യനഗരങ്ങളുമായിയുണ്ടായിരുന്ന ചെറിയ ചെറിയ വേർതിരിവുകൾ പോലും മായ്ച്ചുകളഞ്ഞ് നഗരവികസനം കാര്യക്ഷമമായി. മാളുകളും വൻകിട ആശുപത്രികളും ഭക്ഷണശാലകളും വിനോദ സ്ഥലങ്ങളുമൊക്കെ ഓരോ പ്രദേശത്തിന്റെ വികാസത്തിലും പ്രധാനങ്ങളായി. മെട്രോ സൗകര്യങ്ങൾ പുതുനഗരങ്ങളായിടത്തേക്കുകൂടി വ്യാപിക്കണമെന്നാണ് ഇന്നത്തെ ആവശ്യം.

മലയാളിയുടെ തൊഴിൽ കുടിയേറ്റം
വാണിജ്യ- സേവന മേഖലകളിലെ വികാസത്തോടൊപ്പമോ അല്ലെങ്കിൽ അതിനേക്കാൾ വേഗതയിലോ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നതവിദ്യാഭ്യാസമേഖലയിലുമുണ്ടായ വികാസവും മലയാളി സമൂഹത്തിന്റെ ആഗോളീകരണ പ്രവണതയ്ക്ക് ആക്കംകൂട്ടി. തൊണ്ണൂറുകളിൽ തന്നെ വിദഗ്ദ്ധതൊഴിലുകളിൽ പ്രാവീണ്യം ആവശ്യമായി വന്നതിന്റെ ഭാഗമായി എഞ്ചിനീയറിംഗ്- മെഡിക്കൽ വിദ്യാഭ്യാസത്തിനു വർധിച്ച പ്രാധാന്യം മലയാളി സമൂഹം നൽകിത്തുടങ്ങിയിരുന്നു. നൈപുണ്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും മലയാളി സമൂഹം ഊന്നൽ നല്കാൻ തുടങ്ങിയത് തൊണ്ണൂറുകൾ മുതൽക്കാണ്. ഇതിന്റെ തുടർച്ചയായി തന്നെ വേണം എഞ്ചിനീയറിംഗ്- മെഡിക്കൽ വിദ്യാഭ്യാസമേഖലയിൽ സ്വകാര്യ മൂലധനം അനുവദിക്കാനുള്ള നയപരമായ തീരുമാനം 2000-ൽ അധികാരത്തിൽ വന്ന എ.കെ. ആന്റണി സർക്കാർ നടപ്പാക്കിയത്.
കേരളത്തിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് സാങ്കേതിക വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ കുടിയേറുന്നതിനാൽ അവർക്ക് കേരളത്തിൽ തന്നെ സൗകര്യമുണ്ടാക്കുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. കൂണുപോലെ മുളച്ചുപൊന്തിയ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു, കേരളത്തിൽ ഇതിന്റെ ഭവിഷത്ത്. പലതും പൂട്ടി, മറ്റു പലതും പൂട്ടലിന്റെ വക്കിലുമാണ്. എങ്കിലും, സാങ്കേതിക വിദ്യാഭ്യാസരംഗത്തേക്കുണ്ടായ ഈ വികാസം കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അമേരിക്കയിലും ലോകത്തിന്റെ മറ്റിടങ്ങളിലുമായി സോഫ്റ്റ്വെയർ തൊഴിൽ മേഖലയിലേക്കും നഴ്സിങ് പോലുള്ള വിഗദ്ഗ സേവനമേഖലയിലേക്കും ധാരാളം പേർക്ക് തൊഴിൽ ലഭിക്കാൻ അവസരമൊരുക്കി. മധ്യവർഗത്തിന്റെ നടുത്തട്ടിലും താഴെത്തട്ടിലും (middle and lower) ഉൾപ്പെട്ട വലിയൊരു ജനവിഭാഗങ്ങൾക്കാണ് ഇങ്ങനെയുള്ള തൊഴിലവസരം ലഭിച്ചത്. ഇത് ആഗോളീകരണത്തെ മലയാളി ജീവിതത്തിന്റെ ഏറ്റവും തൃണമൂലങ്ങളിലേക്ക് വ്യാപിപ്പിച്ചു.
2000-ലെ രണ്ടാം ദശകം ആരംഭിക്കുന്നതോടെ കേരളം എല്ലാ വേർതിരിവുകളും മായ്ച്ചുകളഞ്ഞ് ആഗോളീകൃതമായ സമൂഹത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ ഉപരി- മധ്യ വർഗത്തിൽ ഉൾപ്പെടുന്ന പുതുസമ്പന്നരായ പുത്തൻവർഗ്ഗത്തിന്റെ അഭിരുചികളും താല്പര്യങ്ങളും ആഗോളീകൃതമായ സവിശേഷതകളുള്ളതാണ്. അവരുടെ പ്രധാന വിനിമയം തന്നെ നവമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഇ- കോമേഴ്‌സ് വ്യാപാരങ്ങളിലൂടെയുമാണ്. അഭിരുചിപരമായ ഈ മാറ്റം പ്രകടമാക്കാത്ത ഒരു നഗരവും കേരളത്തിലുണ്ടാകില്ല. വീടുകളിലെ സ്വകാര്യ ഇടങ്ങളാണെങ്കിലും പൊതുനിരത്തുകളാണെങ്കിലും ഈ മാറ്റത്തെ ദൃശ്യവൽക്കരിക്കുന്നു. ഇതാണോ കേരളത്തിന്റെ വർത്തമാനയാഥാർഥ്യമെന്നു ചോദിക്കാം. അല്ലെങ്കിൽ കേരളത്തിന്റെ പുതിയ നാഗരിക ദൃശ്യാത്മത പ്രതീതിപരം മാത്രമല്ലേ എന്നും മറുവാദം ഉന്നയിക്കാം.
കേരളം മറച്ചുവെച്ച സാമൂഹ്യയാഥാർഥ്യമെന്താണ്? ഭൂരഹിതരുടെ,. തുച്ഛ വേതനക്കാരുടെ, സ്ഥിരം തൊഴിൽ ലഭിക്കാത്തവരുടെ, ലോകത്തിലേയും കേരളത്തിലെയും പുത്തൻപ്രവണതയായ ഗിഗ് തൊഴിലാളികളുടെ ജീവിതം കേരളത്തിന്റെ മിന്നുന്ന ദൃശ്യാത്മകത ഇരുളിലാഴ്ത്തുകയാണോ?.
കീഴാള പ്രക്ഷോഭങ്ങൾക്ക് സംഭവിച്ചത്
എന്നാൽ, കേരളം മറച്ചുവെച്ച സാമൂഹ്യയാഥാർഥ്യമെന്താണ്? ഭൂരഹിതരുടെ,. തുച്ഛ വേതനക്കാരുടെ, സ്ഥിരം തൊഴിൽ ലഭിക്കാത്തവരുടെ, ലോകത്തിലേയും കേരളത്തിലെയും പുത്തൻപ്രവണതയായ ഗിഗ് തൊഴിലാളികളുടെ ജീവിതം കേരളത്തിന്റെ മിന്നുന്ന ദൃശ്യാത്മകത ഇരുളിലാഴ്ത്തുകയാണോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
2000-ന്റെ തുടക്കത്തിൽ തന്നെ കേരളത്തെ പ്രകമ്പനം കൊള്ളിച്ചതാണ് ആദിവാസി ഗോത്രജനതയുടെ ഭൂമിക്കുമേലുള്ള അവകാശത്തിനും പെസ നിയമം നടപ്പാക്കാനും നടത്തിയ പ്രക്ഷോഭം. ആ തനതു പ്രക്ഷോഭത്തെ പിന്നീട് ചോരയിൽ മുക്കിക്കൊല്ലാൻ സർക്കാർ ശ്രമിച്ചു. യു ഡി എഫ് സർക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്തമെങ്കിലും ഗോത്ര -കീഴാള ജനങ്ങളോട് ഒട്ടും വ്യത്യസ്ത സമീപനമായിരുന്നില്ല എൽ ഡി എഫിന്റെയും.
കഴിഞ്ഞ ദശകത്തിലെ നിൽപ് സമരം ഗോത്ര സമൂഹങ്ങളുടെ നീതിക്കുവേണ്ടിയുള്ള ഒടുങ്ങാത്ത മുന്നേറ്റത്തിന്റെ തുടർച്ചയെ അടയാളപ്പെടുത്തുന്നു. ഭൂരഹിതരായ കീഴാളരുടെ പ്രക്ഷോഭങ്ങൾ കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തെ നിർണായകമാകുംവിധത്തിൽ പുനഃസംഘടിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു, അതുകൊണ്ടാണ് കീഴാള സമരങ്ങളോടും സ്ത്രീതൊഴിലാളികളുടെ അവകാശസമരത്തോടും യാഥാസ്ഥിതിക സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സമൂഹം അസഹിഷ്ണുത പ്രകടിപ്പിച്ചത്.
ഏറ്റവുമൊടുവിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ അസഹിഷ്ണുതയ്ക്ക് പാത്രമായത് നിരാലംബരായ ആശാ വർക്കർമാരുടെ സമരമാണ്. ആഗോളീകരണാനന്തര കേരളീയ സമൂഹത്തിന്റെ അസമത്വസ്ഥിതിക്കെതിരെ സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ച സ്ത്രീതൊഴിലാളികളുടെ സമരമായിരുന്നു ആശാ സമരം.
കേരളത്തിലെ അധികാരകേന്ദ്രിതമായ പാരമ്പരാഗത കക്ഷിരാഷ്ട്രീയ വ്യവസ്ഥാപിതത്വത്തിനെതിരെ സിവിൽ സമൂഹതലത്തിൽ നിന്ന് പുതിയ ഐക്യദാർഢ്യരാഷ്ട്രീയത്തിനു സാധ്യത തെളിഞ്ഞ കാലഘട്ടമായിരുന്നു കഴിഞ്ഞുപോയത്. 2000-ഓടെ പ്രകടമായ ഒരു പ്രവണതയാണിത്. കഴിഞ്ഞ നൂറ്റാണ്ടിൽ പരിസ്ഥിതി, സ്ത്രീപക്ഷ സമരങ്ങളിൽ കണ്ട ഐക്യദാർഢ്യം വികസനത്തിന്റെ ഇരകളായ മനുഷ്യരോടൊപ്പം ഐക്യപ്പെടാനുള്ള നവസാമൂഹികരാഷ്ട്രീയത്തിനാണ് ഗതിമാനം നൽകിയത്. കക്ഷിരാഷ്ട്രീയ സങ്കുചിത്വത്തിൽ നിന്ന് വ്യത്യസ്തമായി വിമർശിച്ചും സ്വയം വിമർശിച്ചും നവീകരിക്കുന്നതാണ് നവസാമൂഹിക രാഷ്ട്രീയം. ഇന്നതിനെ നവസാമൂഹിക രാഷ്ട്രീയം എന്നു തന്നെ വിളിക്കേണ്ടതില്ല. അതിനേക്കാൾ അർത്ഥവിവക്ഷയുളളതാണ് സ്വയം നവീകരണ ശേഷിയുള്ള പുതുരാഷ്ട്രീയം.
കുടിയേറ്റ തൊഴിലാളികളോടൊപ്പം, അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും ഒപ്പംനിൽക്കാനും തയ്യാറാകുന്നതാണ് ഈ രാഷ്ട്രീയം. മാത്രമല്ല, കേരളത്തിന്റെ പൊതുമണ്ഡല സങ്കല്പങ്ങളെ നിരന്തരം ചോദ്യംചെയ്യലുകൾക്ക് വിധേയമാക്കിയും പ്രതിപൊതുമണ്ഡലങ്ങളുടെ സാമൂഹികാവശ്യങ്ങളെ ഉൾക്കൊണ്ടും സംവേദനം നടത്തിയും നവീകരിക്കുന്നതാണ് കക്ഷിരാഷ്ട്രീയ പിടിമുറുക്കലിൽനിന്ന് സ്വതന്ത്രമാകുന്ന ഐക്യദാർഢ്യത്തിന്റെ രാഷ്ട്രീയം. അധികാരത്തോട് പഴയ രീതിയിൽ നിഷേധാത്മക സമീപനവുമല്ല, ഈ നവീകൃതമായ രാഷ്ട്രീയതിനുള്ളത്. അധികാരത്തിൽ പങ്കാളിത്തം പ്രധാനമാണെന്നു തിരിച്ചറിയുകയും അതിനായുള്ള നീക്കുപോക്കുകൾ ഉത്തരവാദിത്തപൂർണമായ പ്രവർത്തനനങ്ങൾക്ക് ആവശ്യമാണെന്നും ഈ നവീകരണക്ഷമമായ രാഷ്‌ടീയം മനസ്സിലാക്കുന്നു.

മലയാളി exceptionalism
ശൃംഖലാവിനിമയങ്ങളിലൂടെ ആഗോളീകരണത്തിന്റെ സാദ്ധ്യതകൾ തന്നെയാണ് പുത്തൻ സാമൂഹിക ഐക്യദാർഢ്യത്തിന്റെയും ഐക്യദാർഢ്യ സമ്പദ് വ്യവസ്ഥയുടേയും (solidarity economy) മുഖ്യസവിശേഷതയാകുന്നത്. അതിൽ പ്രത്യാശയുടെ രാഷ്ട്രീയമുണ്ട്. കേരളത്തിലെ ആധുനിക സമൂഹത്തിന്റെ രൂപീകരണത്തിന്റെ ജനസംഖ്യപരമായ പ്രത്യേകതയും സമ്മിശ്ര സാമൂഹിക ഘടനയുടെ പൊതുഗുണങ്ങളും അനുകൂലഘടകങ്ങളാകുന്നു. കേരളം ഇന്ത്യയയുടെ ഫെഡറൽ ഘടനയുടെ ഭാഗമായിരിക്കെ തന്നെ സംസ്ഥാനത്തിന്റെ പൊതുസവിശേഷതകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കുകയും ചെയ്യുന്നതിനെയാണ് മലയാളി exceptionalism എന്നു വിളിക്കുന്നത്. ഈ സ്ഥിതിവിശേഷത്തെ ആദർശവൽക്കരിച്ചും വിമർശനാത്മകമായും നോക്കിക്കാണാവുന്നതാണ്. ലോകത്തിലെ പൊതുപ്രവണതകളിൽ നിന്നോ ഇന്ത്യയിലെ രാഷ്ട്രീയ പ്രവണതകളുടെ സമ്മർദത്തിൽ നിന്നോ കേരളത്തിന് മാറിനിൽക്കാനാവില്ല.
ആഗോളീകരണത്തിന്റെ ഭാഗമായി രണ്ടു മുഖ്യ പ്രവണതകൾ കേരളത്തിന്റെ സാമ്പത്തിക- സാമൂഹിക ജീവിതത്തിൽ നിർണായകമായിരിക്കും വരും കാലങ്ങളിൽ.
ഒന്ന്, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും സ്റ്റോറേജ് ടെക്നോളോജിയുടെയും ഭാഗമായി സംഭവിച്ച നിർമിതബുദ്ധിമേഖലയിലെ മാറ്റങ്ങൾ.
രണ്ട്, കാലാവസ്ഥാ വ്യതിയാനം എന്ന ഭൗമിക പ്രവണതകളുടെ ആഘാതം.
ഈ രണ്ടു വികാസഗതികൾക്കൊപ്പം കേരളത്തെ പ്രതികൂലമായി ബാധിക്കാനിടയുള്ളത് ആഗോളീയമായി സർവശക്തമായിക്കൊണ്ടിരിക്കുന്ന വലതുപക്ഷവൽക്കരണവും തൻനിമിത്തമുള്ള അരാഷ്ട്രീയവൽക്കരണവുമാണ്. ആഗോള മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ വാലിൽ തൂങ്ങിയിട്ടുള്ള ഭീഷണികളാണിത്.
(അവസാനിക്കുന്നില്ല, അടുത്ത പാക്കറ്റിൽ തുടരും)
