1957 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ നാലു തവണ മാത്രമാണ് ഇടതുപക്ഷം മണലൂരിൽ ജയിച്ചത്. അതിലൊന്ന്, ഇടതുപക്ഷ പിന്തുണയോടെയുള്ള വി.എം. സുധീരന്റെ ജയമാണ്. 1980ൽ ഇന്ദിര കോൺഗ്രസിൽനിന്ന് ഭിന്നിച്ച് ഇടതുപിന്തുണയോടെ ആന്റണി കോൺഗ്രസ് സ്ഥാനാർഥിയായി എത്തിയ സുധീരൻ കർഷക കോൺഗ്രസ് നേതാവ് എൻ.ഐ. ദേവസിക്കുട്ടിക്കെതിരെയാണ് അട്ടിമറി ജയം നേടിയത്, തുടർച്ചയായുള്ള കോൺഗ്രസ് ജയത്തിന് 7932 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുധീരൻ തടയിട്ടത്.
എന്നാൽ, അടുത്ത തെരഞ്ഞെടുപ്പായപ്പോഴേക്കും സുധീരൻ പഴയ കോൺഗ്രസുകാരൻ തന്നെയായി, 1982, 1987, 1991 വർഷങ്ങളിൽ സുധീരൻ മണലൂരിനെ കോൺഗ്രസ് കോട്ടയാക്കി. സുധീരന് മണ്ഡലത്തിലുള്ള പാർട്ടി ബാഹ്യമായ ബന്ധങ്ങളാണ് ഇരുമുന്നണിയിലും ജയം സാധ്യമാക്കിയത്.
കണക്കുകൂട്ടലൊന്നു അൽപം പിഴച്ചാൽ ഏതുപാർട്ടിയെയും തോൽപ്പിക്കാനുള്ള ഒരുതരം വിദ്യ ഒളിപ്പിച്ചുവക്കുന്ന മണ്ഡലം കുടിയാണിത്.
കോൺഗ്രസ് തുടർച്ചയായി ജയിച്ചുവരുമ്പോഴാണ്, 2006ൽ സി.പി.എമ്മിലെ മുരളി പെരുനെല്ലി മണലൂർ എൽ.ഡി.എഫിേൻറതാക്കിയത്. എന്നാൽ, 2011ലെ സ്ഥാനാർഥി നിർണയത്തിൽ സി.പി.എമ്മിന് അൽപം പാളി, മുരളിയെ മാറ്റി ബേബി ജോണിനെ കൊണ്ടുവന്നു. കോൺഗ്രസിലെ പി.എ. മാധവൻ 481 വോട്ടിന് ബേബി ജോണിനെ തോൽപ്പിച്ചു. 2016 ൽ മുരളി വീണ്ടും ഇറങ്ങിയപ്പോൾ, കോൺഗ്രസിലെ ഒ. അബ്ദുറഹ്‌മാൻ കുട്ടിയെ തോൽപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കുകയും ചെയ്തു. 19,325 വോട്ടിനാണ് (43.50 ശതമാനം) മുരളി അബ്ദുറഹ്‌മാൻകുട്ടിയെ (31.56 ശതമാനം) തോൽപ്പിച്ചത്.
ഇത്തവണയും മുരളി തന്നെയായിരിക്കം എൽ.ഡി.എഫ് സ്ഥാനാർഥി. തൃശൂരിൽ മത്സരം കടുപ്പിക്കുന്നതിന്റെ ഭാഗമായി സി.പി.ഐയുടെ കൈവശമുള്ള തൃശൂരിൽ സി.പി.എമ്മും സി.പി.എമ്മിന്റെ സിറ്റിങ് മണ്ഡലമായ മണലൂരിൽ സി.പി.ഐയും മത്സരിക്കാനുള്ള ധാരണ നേതൃതലത്തിൽ അണിയറയിലുണ്ടായിരുന്നുവെങ്കിലും ഇരുപാർട്ടികളിലും അതിന് പിന്തുണ കിട്ടിയിട്ടില്ല.
മികച്ച സ്ഥാനാർഥിയെ നിർത്തിയാൽ തിരിച്ചുപിടിക്കാവുന്ന മണ്ഡലമെന്ന കണക്കൂകൂട്ടലിലാണ് കോൺഗ്രസ്. എന്നാൽ, മണലൂരിനുവേണ്ടി ഒരു ജില്ലക്കുവേണ്ട സ്ഥാനാർഥികൾ മുഴുവൻ മണലൂരിൽ തമ്പടിച്ചിരിക്കുകയാണ്. ഒ. അബ്ദുറഹ്‌മാൻ കുട്ടി, പി.എ. മാധവൻ, കെ.പി.സി.സി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്ത്, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ്, സെക്രട്ടറി പി.കെ. രാജൻ തുടങ്ങി ഇനിയും നീണ്ടുപോകുന്നു ലിസ്റ്റ്.
2016ൽ ബി.ജെ.പി 23.28 ശതമാനം വോട്ടാണ് നേടിയത്. എ.എൻ. രാധാകൃഷ്ണന് 37,680 വോട്ടുണ്ടായിരുന്നു. എൻ.ഡി.എക്ക് വോട്ട് കൂടിയപ്പോൾ യു.ഡി.എഫിന്റെ വോട്ട് 12 ശതമാനം ഇടിഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പി മികച്ച സാധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് മണലൂർ. ഇത് പരിശോധിക്കാൻ ബംഗളൂരു ആസ്ഥാനമായ ഏജൻസി സർവേയും നടത്തിയിരുന്നു. മണലൂരിൽ പാർട്ടി മുമ്പത്തേക്കാൾ ശക്തമായ നിലയിലാണെന്നാണ് സർവേ. എ.എൻ. രാധകൃഷ്ണൻ തന്നെയായിരിക്കും ഇത്തവണയും.
1957ൽ ജോസഫ് മുണ്ടശ്ശേരിയെ ജയിപ്പിച്ച് കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയാക്കിയ മണ്ഡലം. 1960ൽ മുണ്ടശ്ശേരിയെ 2614 വോട്ടിന് കോൺഗ്രസിലെ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് തോൽപ്പിച്ചു. തുടർന്ന് നാല് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനായിരുന്നു ജയം. 1965ൽ ഐ.എം. വേലായുധനും 1967, 1970, 1977 വർഷങ്ങളിൽ എൻ.ഐ. ദേവസ്സിക്കുട്ടിയും കോൺഗ്രസ് കോട്ട കാത്തു. 1980 മുതൽ 1991 വരെ നാലുതവണ വി.എം. സുധീരനാണ് ജയിച്ചത്. 1996ൽ ഇടതുസ്വതന്ത്രനായി മത്സരിച്ച സി.ജി. ശാന്തകുമാറിനെ റോസമ്മ ചാക്കോയും 2001ൽ സി.പി.എമ്മിന്റെ എൻ.ആർ. ബാലനെ കോൺഗ്രസിലെ എം.കെ. പോൾസനും തോൽപ്പിച്ചു. 2006ൽ മുരളി പെരുനെല്ലിയാണ് മണ്ഡലം എൽ.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചത്. ഒ. അബ്ദുറഹ്‌മാൻ കുട്ടിയെ 19,325 വോട്ടിനാണ് തോൽപ്പിച്ചത്. 2011ൽ കോൺഗ്രസിലെ പി.എ. മാധവൻ സി.പി.എമ്മിലെ ബേബി ജോണിനെ തോൽപ്പിച്ചു. 2016 മുരളി വീണ്ടും ഇറങ്ങിയപ്പോൾ, മണ്ഡലം തിരിച്ചുപിടിച്ചു.
ചെത്തുതൊഴിലാളികളുടെ പ്രക്ഷോഭമണ്ണാണിത്. കോൾകൃഷിപ്പാടങ്ങൾ ഏറെയുണ്ട്. കർഷകരും കർഷകത്തൊഴിലാളികളും ചെത്തുതൊഴിലാളികളുമാണ് ഏറെയും. അരിമ്പൂർ, മണലൂർ, ചൂണ്ടൽ, കണ്ടാണശ്ശേരി, എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, വെങ്കിടങ്ങ് പഞ്ചായത്തുകൾ. മണലൂർ ഒഴികെ എല്ലാ പഞ്ചായത്തുകളിലും ഭരണം എൽ.ഡി.എഫിന്. 40 വർഷത്തിനുശേഷമാണ് മണലൂർ പഞ്ചായത്തിൽ യു.ഡി.എഫ് ജയിച്ചത്.