മാനന്തവാടി: ഒരേയൊരു സമുദായം

എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മൽസരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു, കേരളം. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി ലിസ്റ്റ് തയാറാക്കുന്ന നടപടികളും അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

യനാട് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലം, രൂപീകൃതമായത് 2008ൽ. പട്ടികവർഗ സംവരണ മണ്ഡലമായ ഇവിടെ 2016ൽ സി.പി.എമ്മിലെ ഒ.ആർ. കേളു 1307 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ പി.കെ. ജയലക്ഷ്മിയെ തോൽപ്പിച്ചത്. 2011ൽ 12,734 വോട്ടിനാണ് ജയലക്ഷ്മി ജയിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനായിരുന്നു മണ്ഡലത്തിൽ നേട്ടമെങ്കിലും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേട്ടമുണ്ടാക്കി. പി.കെ. ജയലക്ഷ്മി തന്നെയായിരിക്കും യു.ഡി.എഫ് സ്ഥാനാർഥിയെന്നാണ് ആദ്യ റൗണ്ട് സൂചന. എന്നാൽ, എടവക ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഉഷ വിജയനെയും പരിഗണിക്കുന്നുണ്ട്.

വർഗീസ് / ചിത്രീകരണം: ദേവപ്രകാശ്

ജയലക്ഷ്മിയെ ഡി.സി.സി പ്രസിഡന്റാക്കി പുതുമുഖത്തെ പരീക്ഷിക്കണമെന്ന നിർദേശവും പാർട്ടി പരിഗണനയിലുണ്ട്. മഹിള കോൺഗ്രസ് കെ.പി.സി.സിക്ക് നൽകാൻ തയാറാക്കിയ 35 വനിതാ സ്ഥാനാർഥികളുടെ പട്ടികയിലും മാനന്തവാടിയിൽനിന്ന് പി.കെ. ജയലക്ഷ്മിയുടെ പേരുണ്ട്.

രാഹുൽ ഗാന്ധി നേരിട്ടുതന്നെ ജില്ലയിലെ സാധ്യതകൾ പരിശോധിക്കുകയും ഒരു മണ്ഡലവും നഷ്ടമാകാൻ പാടില്ലെന്ന് നിർദേശം നൽകുകയും ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. ഓരോ മണ്ഡലത്തിലും ജയസാധ്യതയുള്ളവരെ കണ്ടെത്താൻ എ.ഐ.സി.സി നിയോഗിച്ച ഏജൻസി സർവേയും നടത്തിക്കഴിഞ്ഞുവത്രേ.

സി.പി.എം ഇത്തവണയും കേളുവിനെ തന്നെ മൽസരിപ്പിക്കാനാണ് സാധ്യത.

സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ സംവരണ സീറ്റുകളിൽ ഒരേ സമുദായത്തിലുള്ളവർ തന്നെ മൽസരിക്കുന്നതിനെതിരെ കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ട്. ഇരുവരും കുറിച്യ സമുദായക്കാരാണ്.
ഈ രണ്ടു മണ്ഡലങ്ങളിൽ ഒന്നിൽ, ആദിവാസി വിഭാഗത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രാക്തന ഗോത്ര വിഭാഗക്കാരെ സ്ഥാനാർഥികളാക്കണമെന്ന് ആദിവാസി സംഘടനകൾ ഉയർത്തിയ ആവശ്യം, കോൺഗ്രസിനുമേൽ സമ്മർദമേറ്റിയിട്ടുണ്ട്.

അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗക്കാരെ ഇത്തവണ അവഗണിച്ചാൽ സ്വന്തം നിലക്ക് സ്ഥാനാർഥികളെ നിർത്താനുള്ള ഒരുക്കത്തിലാണ് ചില ആദിവാസി സംഘടനകൾ.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

എ. വർഗീസിന്റെ നേതൃത്വത്തിൽ നടന്ന കർഷക പ്രക്ഷോഭങ്ങളുടെ മണ്ണുകൂടിയായിരുന്നു മാനന്തവാടി. 1967 കാലത്ത് നടന്ന കൂലി സമരവും ചൂഷണത്തിനെതിരായി നടന്ന ഇടപെടലുകളും അന്ന് അടിമകളായി പണി ചെയ്തിരുന്ന തൊഴിലാളികളുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കി. എന്നാൽ, പിന്നീട് മുഖ്യധാരാ പാർട്ടികൾ ഭൂമി പ്രശ്‌നം അടക്കമുള്ള കാര്യങ്ങളിൽ ആദിവാസികളെ വഞ്ചിക്കുകയായിരുന്നു. ജയലക്ഷ്മിക്ക് ലഭിച്ച മന്ത്രിസ്ഥാനം പോലും, ആദിവാസികളുടെ സമഗ്ര വികസനത്തിന് എന്തെങ്കിലും സംഭാവന നൽകുന്നതിൽ പരാജയപ്പെട്ടതായി വിമർശനമുയർന്നിട്ടുണ്ട്. മാത്രമല്ല, അവർ പണിയ, അടിയ, കാട്ടുനായ്ക വിഭാഗക്കാരുടെ ഉന്നമനത്തിന് ഒന്നും ചെയ്തില്ലെന്നും അവർ കുറിച്യരുടെ മാത്രം മന്ത്രിയായിരുന്നുവെന്നും ആരോപണമുയർന്നിരുന്നു.

ആദിവാസികളുടെ യഥാർഥ പ്രശ്‌നങ്ങൾ മറച്ചുപിടിക്കാനുള്ള ഒത്തുതീർപ്പുകളാണ് യഥാർഥത്തിൽ, രാഷ്ട്രീയപാർട്ടികൾ ഇവർക്കുവെച്ചുനീട്ടുന്ന സ്ഥാനാർഥിത്വങ്ങൾ എന്ന് തെളിയിക്കുന്നതാണ് ഓരോ തെരഞ്ഞെടുപ്പും. പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ആദിവാസികളിലെ പിന്നാക്കക്കാർക്ക് അർഹമായ അവസരം നിഷേധിക്കുന്നതിനെതിരായ പ്രതിഷേധം അടുത്ത തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കും എന്ന് പ്രവചിക്കുക വയ്യ.

ഏഴ് പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്- എടവക, മാനന്തവാടി, പനമരം, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ട.


Comments