കൊറോണയെക്കാൾ മാരക വൈറസാവരുത് കേരള സർക്കാർ

ല തിരിഞ്ഞ ഭരണ പരിഷ്കാരങ്ങൾക്ക് ചരിത്രത്തിൽ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.. ലോക് ഡൗൺ കാലത്ത് അതിനെ കേരള സർക്കാർ ഭരണപരിഷ്കാരങ്ങൾ എന്ന് വിളിക്കാം. അത്രയ്ക്ക് തല തിരിഞ്ഞ പരിഷ്കാരങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കോവിഡ് കാലം ഒരു ജനതയെ ഒന്നടങ്കം ഭരണകൂടത്തിനു മുന്നിൽ കുറ്റവാളികളാക്കുക കൂടി ചെയ്തിരിക്കുന്നു എന്നിടത്തേയ്ക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. പുറത്തിറങ്ങുമ്പോൾ കോവിഡിനെ മാത്രം ഭയന്നാൽപ്പോരാ, പൊലീസിനേം ഭയക്കണമെന്നാണ് പുതിയ സർക്കാർ നിബന്ധന.

ഭരണ പരിഷ്കാരങ്ങളിൽ ഏറ്റവും പുതിയത് ഇന്നലെ പുറത്തിറങ്ങിയിട്ടുണ്ട്.
അതിങ്ങനെയാണ്:

കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് മുൻപെങ്കിലും കോവിഡ് 19 വാക്സിന്റെ ആദ്യ ഡോസ് എങ്കിലും എടുത്തവർക്കോ 72 മണിക്കൂറുകൾക്കകം എടുത്തിട്ടുള്ള RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉള്ളവർക്കോ അല്ലെങ്കിൽ കുറഞ്ഞത് ഒരു മാസം മുൻപെങ്കിലും കോവിഡ് 19 രോഗം പിടിപെട്ട് ഭേദമായ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കോ അത് തൊഴിലാളികളോ സന്ദർശകരോ ആവാം മാത്രമേ കടകൾ, കമ്പോളങ്ങൾ, ബാങ്കുകൾ, പൊതു / സ്വകാര്യ മേഖലയിലെ ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ഫാക്ടറികൾ, തുറന്ന ടൂറിസ്റ്റ് ഇടങ്ങൾ, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവേശനാനുമതിയുള്ളൂ.

അതായത് ഇതിലും ഭേദം ലോക്ക് ഡൗൺ ആണ് എന്ന്.

ആരാണ് ഇത്തരം മണ്ടത്തരങ്ങൾ സർക്കാരിനെ ഉപദേശിക്കുന്നത്? അതോ മണ്ടൻ തീരുമാനങ്ങൾ എടുക്കുക എന്നത് സർക്കാരിന്റെ വാശി നയമാണോ?

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോർജ്ജ് നിയമസഭയിൽ പറഞ്ഞ കണക്കും പറയാം. കേരളത്തിൽ 42.14 ശതമാനം പേർക്കാണ് ആദ്യ ഡോസ് നൽകിയത് എന്ന്. 17.66 ശതമാനം പേർക്കാണ് രണ്ടാം ഡോസ് നൽകിയത്. അതായത് പകുതിയിലേറെപ്പേർക്കും ആദ്യ ഡോസ് പോലും നൽകിയിട്ടില്ല. മാത്രമല്ല 56 ശതമാനത്തോടടുപ്പിപ്പ് ആളുകൾക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുമില്ല.

ഇനി സർക്കാർ പറയണം ആർക്കൊക്കെ പുറത്തിറങ്ങാം? പുറത്തിറങ്ങുമ്പോൾ പൊലീസുകാർ സമക്ഷം ഞങ്ങൾ ജനങ്ങൾ എന്തൊക്കെ സർട്ടിഫിക്കറ്റുകൾ നൽകണം? ആരെയൊക്കെ പേടിക്കണം? പച്ചക്കറിയും പലചരക്കു സാധനങ്ങളും വാങ്ങാൻ കടയിൽ പോവുന്നതിന് വാക്സിൻ കിട്ടിയിട്ടില്ലാത്തവരും ഒരു മാസം മുൻപ് രോഗം വരാത്തവരും ഓരോ 4 ദിവസം കൂടുമ്പോഴും RTPCR ടെസ്റ്റ് നടത്തി ആ സർട്ടിഫിക്കറ്റും കൊണ്ട് നടക്കണമെന്നാണോ പറയുന്നത്?

കോവിഡ് വന്ന് മരിച്ചു പോയാൽ ഇത്രയും സങ്കീർണതകളില്ലല്ലോ ഇടതു പക്ഷ സർക്കാരേ? ലോക് ഡൗൺ കാലത്ത് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 5,75, 839 കേസ് റജിസ്റ്റർ ചെയ്തെന്നും 5,19,862 പേരെ പൊലീസ് അറസ്റ്റു ചെയ്തെന്നും മുഖ്യമന്ത്രി വീമ്പ് പറയുന്നത് കേട്ടിരുന്നു. ഇവരൊക്കെ ചെയ്ത കുറ്റമെന്താണ്?

ജീവിക്കാൻ വേണ്ടിയുള്ള മരണപ്പാച്ചിൽ നടത്തുന്നവരായി മാറിയിട്ടുണ്ട് കേരളത്തിലെ ജനങ്ങൾ. റേഷൻ കടവഴി കിട്ടുന്ന ഭക്ഷ്യ കിറ്റിൽ ജീവിതം കഴിഞ്ഞു പോകില്ല സർ. പൊലീസ് ജനങ്ങളുടെ മേൽ അധികാര പ്രയോഗം നടത്തുന്നതിന്റെ എത്രയോ വീഡിയോകൾ പ്രചരിക്കുന്നുണ്ട് സോഷ്യൽ മീഡിയയിൽ.

കഴിഞ്ഞ വർഷം മൂന്നാല് മാസം പുറത്തിറങ്ങാതെ ജീവിച്ച ജനങ്ങളാണ്. സർക്കാർ തീരുമാനങ്ങളെയെല്ലാം അതേപടി അനുസരിച്ചവരാണ്. അവർ തന്നെയാണ് നിങ്ങളെ വീണ്ടും അധികാരത്തിലെത്തിച്ചത്. അതേ ജനതയോടാണ് പൊലീസും സർക്കാർ നയവും ശത്രുതയോടെ പെരുമാറുന്നത്.

അപ്പോൾ സർക്കാർ മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥ പറഞ്ഞ് താരതമ്യം നടത്തും. കേരളത്തിലെല്ലാം ഭേദമാണ് എന്ന് പറയും. അവിടങ്ങളിലെ അവസ്ഥ മോശമായതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ ദുരിതാവസ്ഥ സാധൂകരിക്കപ്പെടേണ്ടതില്ലല്ലോ. കോവിഡ് കാലം ജീവിതം തകർത്ത തൊഴിൽ മേഖലകളുടെ പഠനം നടത്തണം സർക്കാർ., ഇല്ലെങ്കിൽ നടത്തിയ പഠനങ്ങൾ പരിശോധിക്കണം. ആത്മഹത്യ ചെയ്ത മനുഷ്യരെക്കുറിച്ച് കേൾക്കാൻ തയ്യാറാവണം. വീടുകളിൽ അടച്ചിരിക്കുന്നവരുടെ, കുട്ടികളുടെ, സ്ത്രീകളുടെ മാനസികാവസ്ഥയെന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കണം. ലോകം മുഴുവൻ പടർന്നു പിടിച്ച ഒരു മഹാമാരിയുടെ കാലത്ത് ഭരണസംവിധാനത്തോട് സഹകരിച്ച ഗതികെട്ട മനുഷ്യരോട് പൊലീസ് സംവിധാനം ഇപ്പോൾ കാണിക്കുന്ന നെറികേട് എന്താണ് എന്ന് തിരിച്ചറിയണം. നയങ്ങളിൽ പാളിച്ചകളുണ്ടെങ്കിൽ അത് തിരുത്തിയതുകൊണ്ട് ഒന്നും സംഭവിക്കില്ല. പൊലീസിനോട് മനുഷ്യത്വത്തോടെ സ്വന്തം ജനതയോട് പെരുമാറാൻ നിർദ്ദേശം കൊടുക്കണം. ഭരണാധികാരിയുടെ നഗ്നതയെയാണ് ജനങ്ങൾ പൊലീസിനോട് കയർക്കുന്നതിലൂടെ ചൂണ്ടിക്കാണിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി തിരിച്ചറിയണം. ആ സത്യം താങ്കളോട് പറയാൻ ഭയപ്പെടുന്ന സഹപ്രവർത്തകരുടെ നിസ്സഹായാവസ്ഥയെയും താങ്കൾ മനസ്സിലാക്കണം.

Comments