ശ്രീനിവാസൻ, താങ്കൾ ട്വന്റി ട്വന്റിയുടെ ചാണക്യനും രാജഗുരുവുമായി വാഴണം

കേരളം താങ്കളുടെ അപ്പൊളിറ്റിക്കൽ സന്ദേശത്തിന്റെ വാഹകരല്ല. താങ്കൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ശ്രദ്ധിക്കാറില്ലേ? സി.പി.എമ്മും കോൺഗ്രസും സി.പി.ഐ.യും മുസ്ലീം ലീഗും കേരള കോൺഗ്രസ്സുമൊക്കെയുൾപ്പെട്ട രണ്ട് മുന്നണികളാണ് കേരളത്തിന്റെ രാഷ്ട്രീയ മുന്നണി. കടുത്ത വർഗ്ഗീയത പറഞ്ഞും പ്രചരിപ്പിച്ചും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ബി.ജെ.പി കഴിഞ്ഞ 60 വർഷം കൊണ്ട് നേടിയത് 15% മാത്രം വോട്ടാണ്. ബാക്കിയുള്ളതെല്ലാം കേരളത്തിന്റെ രാഷ്ട്രീയ മുന്നണിയുടെ വോട്ടാണ്.

സിനിമാ നടനും സിനിമാ തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ ശ്രീനിവാസന് അരാഷ്ട്രീയ വാദിയായിരിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്, വിഢിത്തം പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്.

അത് ശ്രീനിവാസൻ ആദായ നികുതി അടയ്ക്കുന്നതുകൊണ്ടോ സമ്പന്നനായതുകൊണ്ടോ സന്ദേശം സിനിമ എഴുതിയതു കൊണ്ടോ ഉള്ള അവകാശമോ സ്വാതന്ത്ര്യമോ അല്ല. അത് ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും നല്കുന്ന അവകാശ സ്വാതന്ത്ര്യങ്ങളാണ്.

സന്ദേശം എന്ന അരാഷ്ട്രീയ സിനിമയെഴുതിയ താങ്കൾക്ക് ട്വന്റി ട്വന്റി എന്ന അരാഷ്ട്രീയ പാർട്ടിയുടെ സൈദ്ധാന്തിക നേതാവും താത്വികാചാര്യനും പ്രചാരകനുമാവാനേ കഴിയൂ, അഥവാ അതേ പാടുള്ളൂ.

‘സമ്പത്തില്ലാത്തവന്റെ കയ്യിൽ അധികാരവും ഒപ്പം സമ്പത്തും വരുമ്പോൾ ഒരു രക്ഷയുമില്ല ' എന്ന താങ്കളുടെ മഹദ് വചനം കേട്ടു. ഇത്രയ്ക്ക് ഇൻസെൻസിറ്റീവായി സംസാരിക്കാൻ എങ്ങനെ കഴിയുന്നു ഒരു ആർടിസ്റ്റിന് എന്ന് തോന്നി.

മുൻപ് പറഞ്ഞിട്ടുള്ള വിഡ്ഢിത്തങ്ങൾ പോലെയല്ല, നിങ്ങൾ ഈ പറഞ്ഞിരിക്കുന്നത് വിഡ്ഢിത്തമല്ല, ക്രൂരതയാണ്, മനുഷ്യ വിരുദ്ധതയാണ്.
ആരാണ് ശ്രീനിവാസൻ, സമ്പത്തില്ലാത്തവർ? എന്താണ് ശ്രീനിവാസൻ സമ്പത്ത് ? ദാരിദ്യ രേഖയ്ക്ക് താഴെയുള്ള മനുഷ്യരുടെ എണ്ണം ലോകത്ത് എത്രയാണ് എന്ന് താങ്കൾ ആലോചിച്ചിട്ടുണ്ടോ? ഫോബ്‌സ് മാഗസിനിൽ ലിസ്റ്റ് ചെയ്ത് വരുന്ന പണക്കാരുടേതാണ് ഈ ലോകം എന്നാണോ താങ്കളുടെ 'ജൈവ ' ബുദ്ധിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്?

കാശുള്ളവർ മാത്രം അധികാരത്തിലെത്തേണ്ടുന്ന ലോകം സ്വപ്നം കാണുന്ന താങ്കളുടെ അറിവിലേക്കായി ഒരു ചെറിയ കണക്ക് പറയാം. ലോകത്തെ മൊത്തം സമ്പത്തിന്റെ 39.3 ശതമാനവും ആരുടെ കയ്യിലാണെന്നറിയാമോ? .6% സമ്പന്നരുടെ കയ്യിൽ. ഇന്ത്യയിലേക്ക് വരുമ്പോൾ 77% സമ്പത്തും ഇന്ത്യയിലെ 10% സമ്പന്നരുടെ കയ്യിലാണെന്ന്. ആ പത്ത് ശതമാനത്തിൽ താങ്കൾ ഉണ്ടാവുമായിരിക്കാം. പക്ഷേ ആ ബാക്കി തൊണ്ണൂറു ശതമാനമില്ലേ? അധികാരവും സമ്പത്തും കിട്ടിയാൽ പിന്നെ പോക്കാണെന്ന് നിങ്ങളും കിറ്റെക്സ് ഉടമ സാബു എം ജേക്കബും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുമൊക്കെ ഭയപ്പെടുന്ന 90%. ആ തൊണ്ണൂറു ശതമാനത്തിന്, ദരിദ്രർക്ക്, വിശക്കുന്ന മനുഷ്യർക്ക്, കിടപ്പാടമില്ലാത്ത മനുഷ്യർക്ക് അധികാരത്തിൽ തുല്യ പങ്കാളിത്തം ലഭിക്കുന്ന സംവിധാനത്തിനു വേണ്ടിയുള്ള പ്രവർത്തനത്തിന്റെ പേരാണ് പ്രിയപ്പെട്ട അരാഷ്ട്രീയ വാദീ... രാഷ്ട്രീയം.

സമ്പത്തില്ലാത്തവർ അധികാരത്തിൽ വന്നാൽ എന്ത് സംഭവിക്കുമെന്നാണ് താങ്കൾ കരുതുന്നത്? അഴിമതി കാണിക്കുമെന്നോ? അഴിമതിയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം എന്നാണോ താങ്കൾ തെറ്റിദ്ധരിച്ചിരിക്കുന്നത്? അത് താങ്കൾ പ്രതിനിധീകരിക്കുന്ന, സമ്പന്ന / മധ്യ വർഗ്ഗത്തിലെ അരാഷ്ട്രീയ മനുഷ്യരുടെ മാത്രം തെറ്റിദ്ധാരണയാണ്. ആ തെറ്റിദ്ധാരണയിലുണ്ട് താങ്കൾ പ്രതിനിധീകരിക്കുന്ന ഫോബ്‌സ് മാഗസിൻ ലിസ്റ്റ്.

അഴിമതിയ്ക്കപ്പുറം ചില പ്രശ്‌നങ്ങളിൽ താങ്കളുടെ നിലപാടറിയാൻ താത്പര്യമുണ്ട്.

ഡൽഹിയിൽ 100 ദിവസത്തിലേറെയായി കർഷകർ കർഷിക ബില്ലിനെതിരെ സമരം നടത്തുന്നുണ്ട്. താങ്കൾ അറിഞ്ഞിരുന്നോ? എന്താണ് അഭിപ്രായം? ജൈവ കൃഷിയൊക്കെ ഹോബിയായിട്ടുള്ള ആളല്ലേ?

കോവിഡ് വാക്‌സിനേഷൻ കഴിഞ്ഞാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിട്ടുണ്ട്. പഴേ എ.ബി.വി. പി ക്കാരനായതുകൊണ്ടും ഹിന്ദുവായതുകൊണ്ടും സർവോപരി സമ്പന്നനായതുകൊണ്ടും താങ്കൾക്ക് പ്രശ്‌നമൊന്നും ഉണ്ടാവാനിടയില്ല. പക്ഷേ മുസ്​ലിം എന്ന് കേൾക്കുമ്പേഴേ കലി വരുന്ന ഒരു ഭരണകൂടമാണ് ഇന്ത്യയിലേത്. സമ്പന്ന മുസ്ലീമിനും രക്ഷയില്ല എന്നാണ് പറയുന്നത്. താങ്കളുടെ അഭിപ്രായമെന്താണ്?

ആദിവാസികൾ, ദളിതർ തുടങ്ങിയ രണ്ട് വിഭാഗങ്ങൾ ഇന്ത്യയിലുണ്ട്. 104.3 മില്യൺ ആദിവാസികളും ( 8.6%) 200 മില്യൺ ദളിതരും (16.6%) എന്നാണ് 2011 സെൻസസിലെ കണക്ക്. താങ്കളുടെ പരിഗണനയിൽ വരാത്ത രണ്ട് ജനവിഭാഗങ്ങളാണ്. സാമ്പത്തികാധികാരമോ രാഷ്ട്രീയാധികാരമോ ഇല്ലാത്ത ജനത. ഈ അധികാരങ്ങളില്ലാത്തതു കൊണ്ടു തന്നെ സാമൂഹിക പദവിയിൽ ഏറ്റവും താഴെത്തട്ടിൽ തുടരാൻ നിർബന്ധിതരായവർ. ഇങ്ങനെയൊരു ജനതയുടെ എക്‌സിസ്റ്റൻസിനെക്കുറിച്ച് താങ്കൾക്ക് അറിയാമോ?

കോവിഡ് കാലമായിരുന്നല്ലോ? സിനിമാ മേഖലയുൾപ്പെടെയുള്ള കലാലോകം അതീവ പ്രതിസന്ധിയിലായിരുന്നു. താങ്കളെപ്പോലെ, സമ്പത്തുള്ളതുകൊണ്ട് മാത്രം അഴിമതി കാണിക്കാത്തവരുടേത് മാത്രമല്ലല്ലോ കലാരംഗം. താങ്കളുടെ ആശയം കടമെടുത്താൽ അധികാരം കിട്ടിയാൽ അപ്പത്തന്നെ അഴിമതി കാണിക്കുന്ന താങ്കളുടെ ദരിദ്രരായ സഹപ്രവർത്തകരെക്കുറിച്ച് താങ്കൾ കോവിഡ്/ കോവിഡാനന്തര കാലത്ത് ഓർത്തിരുന്നോ?

രാഷ്ട്രീയാഅധികാരത്തിൽ വരുകയേ ചെയ്യരുതെന്ന് താങ്കൾ കരുതുന്ന ആ സഹപ്രവർത്തകരെ സമ്പന്നരല്ലാത്തതിന്റെ പേരിൽ താങ്കൾ സഹപ്രവർത്തകരായി അംഗീകരിക്കുമോ?

നിങ്ങളുടെ മനസ്സിലെ ഒരു പാട് കാലത്തെ ചിന്തകളാണ് സന്ദേശം സിനിമയുടെ തിരക്കഥ എന്ന് താങ്കൾ പറഞ്ഞുവല്ലോ? ഇത്രയും അപ്പൊളിറ്റിക്കലായ ചിന്ത പേറുന്ന താങ്കളുടെ ആ സിനിമയും മറ്റനേകം സിനിമകളും മലയാള സാംസ്‌കാരിക രംഗത്ത് അരാഷ്ട്രീയതയെ ഉറപ്പിക്കാൻ കാരണമായിട്ടുണ്ടെന്ന് താങ്കൾക്ക് എന്നെങ്കിലും മനസ്സിലാവുമോ? രാഷ്ട്രീയക്കാരെ മുഴുവൻ കോമാളികളാക്കി ചിത്രീകരിച്ച സന്ദേശം, തിരക്കഥാകൃത്തായ താങ്കളുടേയും സംവിധായകനായ സത്യൻ അന്തിക്കാടിന്റേയും രാഷ്ട്രീയമെന്ന് നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്ന അരാഷ്ട്രീയതയുടെ മാനിഫെസ്സ്‌റ്റേഷനാണ്. കാലത്തിനു മുമ്പേ ട്വന്റി ട്വന്റിയ്ക്കു വേണ്ടി താങ്കളെഴുതിയ പ്രത്യയശാസ്ത്രവും നയരേഖയും പ്രകടനപത്രികയുമാവുന്നു സന്ദേശം.

പക്ഷേ ശ്രീനിവാസൻ, കേരളം താങ്കളുടെ അപ്പൊളിറ്റിക്കൽ സന്ദേശത്തിന്റെ വാഹകരല്ല. താങ്കൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ശ്രദ്ധിക്കാറില്ലേ? സി.പി.എമ്മും കോൺഗ്രസും സി.പി.ഐ.യും മുസ്ലീം ലീഗും കേരള കോൺഗ്രസ്സുമൊക്കെയുൾപ്പെട്ട രണ്ട് മുന്നണികളാണ് കേരളത്തിന്റെ രാഷ്ട്രീയ മുന്നണി. കടുത്ത വർഗ്ഗീയത പറഞ്ഞും പ്രചരിപ്പിച്ചും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ബി.ജെ.പി കഴിഞ്ഞ 60 വർഷം കൊണ്ട് നേടിയത് 15% മാത്രം വോട്ടാണ്. ബാക്കിയുള്ളതെല്ലാം കേരളത്തിന്റെ രാഷ്ട്രീയ മുന്നണിയുടെ വോട്ടാണ്.

ആ വിശാല രാഷ്ട്രീയ മുന്നണിയ്ക്ക് പലവിധ കുഴപ്പങ്ങളുണ്ട്. പക്ഷേ അത് നിങ്ങളുടെ സിനിമയോ പ്രത്യയശാസ്ത്രമോ പോലെ അരാഷ്ട്രീയമല്ല. ച്യവനപ്രാശം പോലൊരു സാധനമാണോ നവോത്ഥാനം എന്ന നിങ്ങളുടെ ചോദ്യത്തിലുണ്ട്, നിങ്ങളുടെ രാഷ്ട്രീയ അജ്ഞതയും പാപ്പരത്തവും. തുല്യത, നീതി എന്നൊക്കെയുള്ള ആശയങ്ങളാണ് നവോത്ഥാനത്തിന് അടിവേര്.

തുല്യനീതി എന്ന് പറഞ്ഞാൽ താങ്കൾക്ക് മനസ്സിലാവുമോ? സമ്പന്നർക്കും ദരിദ്രർക്കും ഒരു പോലെ അധികാരത്തിൽ എത്താൻ പറ്റുന്ന മറ്റൊരാശയമാണ് ജനാധിപത്യം. അത് പറഞ്ഞാൽ താങ്കൾക്ക് മനസ്സിലാവുമോ? സാധ്യതയില്ല, താങ്കൾക്ക് മനസ്സിലാവുമെന്ന പ്രതീക്ഷയോ മനസ്സിലാവണമെന്ന നിർബന്ധമോ ഇല്ല.

താങ്കൾ ട്വന്റി ട്വന്റി യിൽ തുടരണം. ആ സമ്പന്ന അരാഷ്ട്രീയ കൂട്ടത്തിന്റെ ചാണക്യനും രാജഗുരുവുമായി വാഴണം. ചില്ലുമേടയിലിരുന്ന് റോഡിലൂടെ പോവുന്ന സമ്പന്നരല്ലാത്തവർക്കു നേരെ ഇനിയും കല്ലെറിയണം.


Comments