യു.ഡി.എഫ് പ്രചാരണത്തിന് വർഗീയ വീഡിയോ

യു.ഡി.എഫ്., ശബരിമല ഗെയിം കളിക്കാൻ കോർട്ടിലിറങ്ങി. ശബരിമല വിഷയം പ്രമേയമാക്കിയ, ഓരോ ഫ്രെയിമിലും വിഷം നിറച്ച ഒരു വഷളൻ വീഡിയോ യു.ഡി.എഫ് പുറത്തിറക്കിയിട്ടുണ്ട്. ഭയപ്പെടുത്തുന്ന വീഡിയോ.

ഒരു കലാരൂപത്തെ ഏതറ്റത്തിൽ പിന്തിരിപ്പനാക്കാമോ അത്രയും പിന്തിരിപ്പനാക്കിയ ഒരു വീഡിയോ. പച്ചയ്ക്ക് വർഗ്ഗീയത പറയുന്ന യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ. വിശ്വാസ സംരക്ഷണത്തിന് നിയമനിർമാണം. യു.ഡി.എഫിന്റെ വാക്ക് എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആചാരം ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവുശിക്ഷയും പിഴയും ഉറപ്പ് വരുത്തും എന്ന് വ്യക്തമാക്കുന്ന നിയമത്തിന്റെ കരട് കുറച്ചുദിവസം മുമ്പ് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പുറത്തിറക്കിയിരുന്നു. ഒരു മതരാഷ്ട്രത്തിൽ, മതതീവ്രവാദികൾ പോലും ഉന്നയിക്കാൻ ആശങ്കപ്പെടുന്ന ഒരു വിഷയമാണ് കോൺഗ്രസ് പാർട്ടിയും മുസ്‌ലിംലീഗും നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി കരട് നിയമ രൂപത്തിൽ പുറത്തിറക്കിയത്. ഇപ്പോൾ അതിന്റെ ദൃശ്യാവിഷ്‌കാരം വന്നിരിക്കുന്നു.

കെട്ടു നിറച്ച്, കറുപ്പുടുത്ത്, മലയ്ക്ക് പോകാനൊരുങ്ങുന്ന വിശ്വാസികളായ നഗ്‌നപാദരായ പുരുഷൻമാർ. സമാന്തരമായി ലിപ്സ്റ്റിക്കിട്ട്, ചെരിപ്പിട്ട്, ബാക്ക് പാക്കുമായി, സെൽഫിയുമെടുത്ത് പൊലീസ് അകമ്പടിയോടെ മല കയറുന്ന സ്ത്രീകൾ. ഫോണിൽ ആ വാർത്ത കാണുന്ന വിശ്വാസികളായ സവർണസ്ത്രീകൾ. ഇതാണ് വീഡിയോയുടെ വൺ ലൈൻ. സംഘ്പരിവാറാണ് വീഡിയോ പ്രൊഡ്യൂസ് ചെയ്തതെന്ന് നമ്മൾ കരുതും. അല്ല, യു.ഡി.എഫാണ്. സോഫ്റ്റ് ഹിന്ദുത്വ പൊളിറ്റിക്‌സിൽ നിന്ന് ഹാർഡ് കോർ ഹിന്ദുത്വ പൊളിറ്റിക്‌സിലേക്കുള്ള പരിവർത്തനം.

ടി. ശബരീനാഥ്, പി.സി. വിഷ്ണുനാഥ്, വി.ഡി. സതീശൻ, ഷാഫി പറമ്പിൽ, എം.കെ.മുനീർ, പി.കെ. ഫിറോസ്, വി.ടി. ബൽറാം, എം.ലിജു, എൻ. കെ. പ്രേമചന്ദ്രൻ, ഷാനിമോൾ ഉസ്മാൻ, നിങ്ങളാരെങ്കിലും ഈ വീഡിയോ കണ്ടിരുന്നോ? നിങ്ങളാരെങ്കിലും യു.ഡി.എഫ് പുറത്തിറക്കിയ കരട് നിയമം വായിച്ചിരുന്നോ?

ജവഹർലാൽ നെഹ്‌റുവിനെ ജീവനോടെ കണ്ടിട്ടുള്ള നേതാക്കളൊക്കെ ഇപ്പോഴുമുള്ള പാർട്ടിയാണ് കോൺഗ്രസും മുസ്‌ലിംലീഗുമൊക്കെ. നേരിട്ട് കണ്ടിട്ടില്ലെങ്കിലും പടത്തിൽ കാണുകയും അദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയം എന്താണ് എന്ന് മനസ്സിലാക്കുകയും ചെയ്തവരും ഈ പാർട്ടികളിൽ ബാക്കിയുണ്ടാവും എന്നാണ് വിശ്വാസം. സ്വന്തം പാർട്ടിയുടെ ചരിത്രപുസ്തകം, അങ്ങനെയൊന്ന് ഇപ്പോൾ ഉണ്ടെങ്കിൽ പേജ് മറിച്ചു നോക്കുകയെങ്കിലും ചെയ്യണം കോൺഗ്രസ്സുകാർ. നവോത്ഥാനമെന്ന വാക്ക് മലയാളത്തിൽ ഗൂഗിൾ ചെയ്തു നോക്കണം. ചിലപ്പോൾ രണ്ടിലും ഒരേ പേരുകൾ കാണാൻ പറ്റിയേക്കും.
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചത് സുപ്രീംകോടതിയാണ്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായുള്ള പുനഃപരിശോധനാ ഹർജികൾ ഇപ്പോൾ ഏഴംഗ വിശാല ബഞ്ചിന്റെ പരിഗണനയിലാണുള്ളത്. ശബരിമല വിഷയത്തിന്റെ സാധ്യതകൾ പലതാണ് എന്ന് തിരിച്ചറിഞ്ഞ സൂത്ര ബുദ്ധിയിൽ നിന്നാണ് സംഘപരിവാറും യു.ഡി.എഫും ഒരുപോലെ പരിശ്രമിച്ച് വിഷയത്തെ തെരുവിലേക്കും വിശ്വാസ കുടുംബങ്ങളിലേക്കും എത്തിച്ചത്.
അവിടെ നിന്നാണ് യു.ഡി.എഫിന്റെ സൂത്രബുദ്ധി, ക്രൂരബുദ്ധിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. ഹിന്ദു വേട്ടയെന്ന് പറഞ്ഞ് ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് ഫ്‌ലക്‌സുകളും കേരളത്തിൽ നിറയാൻ തുടങ്ങിയിട്ടുണ്ട്.

ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യു.ഡി. എഫ്. പുറത്തിറക്കിയ കള്ളവീഡിയോയ്ക്ക് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല. ശബരിമലയിൽ സ്ത്രീകൾ പൊലീസ് പ്രൊട്ടക്ഷനോടെ കയറിയ, എല്ലാവർക്കും അറിയാവുന്ന സംഭവങ്ങളെ, അതിവർഗ്ഗീയവും സ്ത്രീവിരുദ്ധവുമായ കൃത്രിമമായ ചലനചിത്രങ്ങളായി അവതരിപ്പിച്ചിരിക്കുകയാണ് യു.ഡി.എഫ്.
ഗുജറാത്തിലും ഉത്തർപ്രദേശിലും നിറയേണ്ട വിഷ്വൽസാണ്. നടത്തേണ്ട പ്രചാരണമാണ്. നുണകളും വർഗ്ഗീയതയും മാത്രമാണതിന്റെ കണ്ടന്റ്. ഇത് അണിയറയിൽ ഒരുങ്ങുന്ന അനേകം വർഗ്ഗീയവീഡിയോകളുടെ ഉത്ഘാടന വീഡിയോയായി വേണം മനസ്സിലാക്കാൻ.

യു.ഡി.എഫിന്റെ ഈ സൃഷ്ടി, വസ്തുതാ വിരുദ്ധമാണെന്ന് മാത്രമല്ല, സാമൂഹ്യ വിരുദ്ധവുമാണ്, മന:പൂർവ്വം വർഗ്ഗീയത പ്രചരിപ്പിക്കുന്നതുമാണ്. നിയമപ്രകാരം നടപടിയെടുക്കാൻ അർഹതയുള്ള സൃഷ്ടി.

Comments