മഞ്ചേശ്വരത്ത് തോറ്റുകൊണ്ടിരിക്കുന്നത് വോട്ടർമാരാണ്. യഥാർഥ ജനവിധിയെ അട്ടിമറിക്കാൻ തക്കവിധമുള്ള വോട്ടുധ്രുവീകരണം അവിഹിത വിധികളായി മാറുന്ന മണ്ഡലം.
കേരളത്തിൽ ഏറ്റവും ശക്തമായ ത്രികോണമത്സരം നടക്കുന്നതിവിടെയാണ്. മഞ്ചേശ്വരം വഴിയാകും കേരളത്തിൽ തങ്ങൾ അക്കൗണ്ട് തുറക്കുക എന്നായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ അവകാശവാദം.
അതിനായി കെ. സുരേന്ദ്രനെത്തന്നെ ഇറക്കുകയും ചെയ്തു. വെറും 89 വോട്ടിനാണ് ഈ അവകാശവാദം ബി.ജെ.പിയെ കൈവിട്ടത്. സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പു മൂന്നാം സ്ഥാനത്തായി. ജയിച്ചത് ലീഗിലെ പി.ബി. അബ്ദുൽ റസാഖ്.
മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ 265 കള്ളവോട്ട് നടന്നുവെന്ന് സുരേന്ദ്രൻ ഹൈകോടതിയിൽ പരാതി നൽകി. മരിച്ചുപോയ ഒരാളുടെ പേരിൽ കള്ളവോട്ട് ചെയ്തതായി കോടതി കണ്ടെത്തിയതോടെ കേസ് നീണ്ടു. ഇതിനിടെ, 2018 ഒക്‌ടോബറിൽ, എം.എൽ.എയായ പി.ബി. അബ്ദുൽ റസാഖ് മരിച്ചു. 2019ൽ സുരേന്ദ്രൻ കേസ് പിൻവലിച്ചതിനെതുടർന്ന് ഉപതെരഞ്ഞെടുപ്പ്. അബ്ദുൽ റസാഖിനുപകരം വന്ന എം.സി. കമറുദ്ദീൻ 89ൽനിന്ന് ഭൂരിപക്ഷം 7923 ആയി ഉയർത്തി. എൻ.ഡി.എ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാർ ആയിരുന്നു. സി.പി.എമ്മിലെ എം. ശങ്കർ റൈ മൂന്നാം സ്ഥാനത്ത്.
സുരേന്ദ്രന് ഇത്തവണ മഞ്ചേശ്വരത്ത് അത്ര പിടുത്തമില്ല, എങ്കിലും പാർട്ടി പറഞ്ഞാൽ ആകാം എന്ന മട്ടാണ്. സുരേന്ദ്രൻ മത്സരിച്ചാൽ മഞ്ചേശ്വരം പിടിച്ചെടുക്കാം എന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്. എങ്കിലും പാർട്ടി കാസർകോട് ജില്ല പ്രസിഡന്റ് കെ. ശ്രീകാന്തിന്റെ പേരാണ് സജീവം.
യു.ഡി.എഫിന്റെയും ലീഗിന്റെയും കാര്യം ഇത്തവണ വലിയ കഷ്ടത്തിലാണ്. സിറ്റിങ് എം.എൽ.എ വഞ്ചനാകേസിൽ പെട്ട് അറസ്റ്റിലും ജാമ്യത്തിലുമാണ്. ജ്വല്ലറി നിക്ഷേപത്തട്ടിപ്പുകേസിൽ പണം തിരിച്ചുനൽകാതെ വിശ്വാസവഞ്ചന കാട്ടിയെന്നാരോപിച്ച് 148 കേസുകളാണ് കമറുദ്ദീനെതിരെയുള്ളത്. അറസ്റ്റിലായി കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്നുമാസത്തോളം തടവുശിക്ഷയും അനുഭവിച്ചു. ഉപതെരഞ്ഞെടുപ്പുജയം മുതൽക്ക് തനിക്കെതിരെ ഗൂഢാലോചന തുടങ്ങിയെന്ന കമറുദ്ദീന്റെ കരച്ചിൽ സ്വന്തം പാർട്ടിക്കാർ പോലും വിശ്വസിക്കുന്നില്ല, കാരണം, പരാതിക്കാരിൽ ലീഗുകാരുമുണ്ട്. ജാമ്യം ലഭിച്ചപ്പോൾ മത്സരിക്കാനുള്ള ആഗ്രഹം എം.എൽ.എ തുറന്നുപറഞ്ഞു. എന്നാൽ, വോട്ടർമാരെ പേടിക്കണമല്ലോ, അതുകൊണ്ട് പാർട്ടി അത് മുഖവിലക്കെടുത്തില്ല. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.കെ.എം അഷ്‌റഫായിരിക്കും ലീഗ് സ്ഥാനാർഥി. അബ്ദുൽ റസാഖിന്റെ മരണത്തെതുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ അഷ്‌റഫ് സ്ഥാനാർഥിയാകേണ്ടതായിരുന്നു. എന്നാൽ, ലീഗ് നേതൃത്വം കമറുദ്ദീനൊപ്പമായിരുന്നു.
അഭിമാനപ്രശ്‌നമായി മണ്ഡലത്തെ സമീപിക്കുന്ന ബി.ജെ.പിയിലും കാര്യങ്ങൾ അത്ര പന്തിയല്ല. സുരേന്ദ്രൻ ഇല്ലെങ്കിൽ ആര് എന്ന ചോദ്യം പാർട്ടിയെ കുഴക്കുന്നു. പാർട്ടി ആവശ്യപ്പെട്ടാലും സ്ഥാനാർഥിയാകാനില്ലെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ രവീശ തന്ത്രി അറിയിച്ചിട്ടുണ്ട്. പാർട്ടി ജില്ലാ നേതൃത്വവുമായി ഇദ്ദേഹം ഭിന്നതയിലുമാണ്.
തദ്ദേശ തെരഞ്ഞെടുപ്പുഫലം നൽകുന്ന ആത്മവിശ്വാസത്തിലാണ് ഇത്തവണ ഇടതുപക്ഷം. സ്ഥാനാർഥി നിർണയം സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയാണ് ജില്ല സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.പി.പി. മുസ്തഫ, കെ.ആർ. ജയാനന്ദൻ എന്നിവരാണ് സജീവ പരിഗണനയിൽ. എം. ശങ്കർ റൈയും പട്ടിയിലുണ്ട്. ന്യൂനപക്ഷ വോട്ട് വിഘടിക്കാതെയുള്ള ഒരു തന്ത്രമാണ് പാർട്ടി ഇത്തവണ ആലോചിക്കുന്നത്. അതുകൊണ്ടാണ് സ്ഥാനാർഥിയെക്കുറിച്ച് വിശദമായ ചർച്ചക്ക് വിട്ടത്.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ രാജ്‌മോഹൻ ഉണ്ണിത്താന് 11,113 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിലുണ്ടായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ എട്ട് പഞ്ചായത്തുകളിൽ മീഞ്ച, വോർക്കാടി, പുത്തിഗൈ, പൈവളിഗെ എന്നിവ എൽ.ഡി.എഫിനും കുമ്പള, മഞ്ചേശ്വരം, എൻമകജെ എന്നിവ യു.ഡി.എഫിനും ലഭിച്ചു. മഞ്ചേശ്വരത്ത് സ്വതന്ത്രരും. 10,000ലേറെ വോട്ടുകൾ എൽ.ഡി.എഫിന് വർധിച്ചു. ബി.ജെ.പിക്ക് എവിടെയും ഭരണം പിടിക്കാനായില്ലെന്നുമാത്രമല്ല, ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പിലും ലഭിച്ചതിനേക്കാൾ വോട്ട് കുറയുകയും ചെയ്തു.
ഈ കണക്കുകൾ സി.പി.എമ്മിന് അൽപം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും അത് ബി.ജെ.പിയുണ്ടാക്കുന്ന ധ്രുവീകരണം മറികടക്കാൻ പര്യാപ്തമല്ല. ലീഗ് എം.എൽ.എക്കെതിരായ കേസുകളും അറസ്റ്റും ബി.ജെ.പി വർഗീയമായിപ്പോലും തിരിച്ചുവിടാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ എൽ.ഡി.എഫിന് അത് എത്രത്തോളം പ്രതിരോധിക്കാൻ കഴിയുമെന്ന ചോദ്യം കൂടി ഇത്തവണ ഉയരുന്നുണ്ട്. 2006ലാണ്, 20 വർഷത്തിനുശേഷം സി.പി.എം മണ്ഡലം തിരിച്ചുപിടിച്ചത്, സി.എച്ച്. കുഞ്ഞമ്പുവിലൂടെ. എന്നാൽ, അതിനുശേഷം രണ്ട് തെരഞ്ഞെടുപ്പുകളിലും പാർട്ടി മൂന്നാം സ്ഥാനത്തായി.
ജന്മിത്വത്തിനെതിരായ കർഷക പ്രക്ഷോഭവും പി. കൃഷ്ണപിള്ളയുടെയും എ.കെ.ജിയുടെയും നേതൃത്വത്തിലുള്ള സമരങ്ങളും ഇടതുപക്ഷത്തിന് വേരോട്ടമുണ്ടാക്കിയ മണ്ഡലമായിരുന്നു മഞ്ചേശ്വരം. കന്നഡികരും തുളുവരും ബ്യാരികളും കൊങ്കിണികളും മറാഠികളും മലയാളികളും അടങ്ങുന്ന ബഹുസ്വര സമൂഹം. അതോടൊപ്പം, തുടക്കകാലം മുതൽ ജനസംഘത്തിനും ഇവിടെ വേരുണ്ടായിരുന്നു. സമീപകാലത്ത്, കേന്ദ്രത്തിലെയും കർണാടകത്തിലെയും ബി.ജെ.പി ഭരണങ്ങൾ, വോട്ടുകളുടെ വർഗീയധ്രുവീകരണം ശക്തമാക്കാനാണ് പാർട്ടി ഉപയോഗിച്ചത്. അതിന്റെ ഫലമായിരുന്നു 2016ൽ കെ. സുരേന്ദ്രന്റെ മുന്നേറ്റം. എന്നാൽ, മണ്ഡലത്തിന്റെ അടിവേരുകളിൽ ഇപ്പോഴുമുള്ള ഇടതുസ്വാധീനത്തെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ ഫലപ്രദമായി പ്രയോഗിക്കാൻ എൽ.ഡി.എഫ് തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് സാമുദായികമായ വോട്ട് ധ്രുവീകരണത്തിലേക്ക് മണ്ഡലത്തെ തള്ളിവിടുകയും ചെയ്യുന്നു.
എഴുപതുകളിൽ ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച് ജനകീയ നേതാവായി മാറിയ ബി.എം. രാമപ്പയാണ് മണ്ഡലത്തിൽ ഇടതുപക്ഷത്തിന് വോട്ടുബാങ്കുണ്ടാക്കിയത്. 1970ലും 1977ലും അദ്ദേഹം എം.എൽ.എയാകുകയും ചെയ്തു. എൺപതുകളുടെ അവസാനം സി.പി.ഐയുടെ ശക്തി ക്ഷയിച്ചുതുടങ്ങി. ലീഗ് തുടർച്ചയായി ജയിക്കാൻ തുടങ്ങിയതോടെ, സാമുദായികമായ വോട്ടുബാങ്ക് ശക്തിപ്പെടാൻ തുടങ്ങി. പഴയ ജനസംഖത്തിന്റെ വേരുകൾ ചികഞ്ഞെടുത്ത് ബി.ജെ.പിയും ഈ സാമുദായിക ധ്രുവീകരണത്തിന് വ്യാപ്തി നൽകി.
1957ൽ മഞ്ചേശ്വരത്തുനിന്ന് എം. ഉമേഷ് റാവു തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. ഐക്യ കേരള നിയമസഭാ ചരിത്രത്തിൽ എതിരില്ലാതെ ജയിച്ച ഏക എം.എൽ.എ. കാസർകോട് താലൂക്ക് ഐക്യകേരളത്തിന്റെ ഭാഗമാക്കുന്നതിനെ എതിർത്ത കർണാടക പ്രാന്തീയ സമിതി അധ്യക്ഷനായിരുന്നു അദ്ദേഹം. ഈ പ്രശ്‌നത്തിലാണ് അദ്ദേഹം കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. സി.പി.ഐ നേതാവും പിന്നീട് ആരോഗ്യമന്ത്രിയുമായ ഡോ.എം. സുബ്ബറാവു, യു.പി. അബ്ദുൽ ഖാദർ, അഹമ്മദ് ഹനി ഷെറീഫ് എന്നിവർ പത്രിക നൽകിയിരുന്നുവെങ്കിലും പിലൻവലിക്കുകയായിരുന്നു. ജനസംഖവുമായി ബന്ധമുള്ള സംഘടനയായിരുന്നു കർണാടക പ്രാന്തീയ സമിതി.
1960, 1965, 1967 തെരഞ്ഞെടുപ്പുകളിൽ കർണാടക സമിതിയുടെ കെ. മഹാബല ഭണ്ഡാരി ജയിച്ചു. 1970, 1977 വർഷങ്ങളിൽ സി.പി.ഐയുടെ ബി.എം. രാമപ്പക്ക് ജയം. 1980ലും 1982ലും വീണ്ടും സി.പി.ഐ; ഡോ. എ. സുബ്ബറാവു. എ.കെ.ജിയെ ശുശ്രൂഷിക്കാൻ പാർട്ടി നിയോഗിച്ച ഡോക്ടറായിരുന്നു ഇദ്ദേഹം. 82ലാണ് മഞ്ചേശ്വരത്ത് ത്രികോണ മത്സരം തുടങ്ങുന്നത്. സുബ്ബറാവു യു.ഡി.എഫിലെ എൻ. രാമകൃഷ്ണനെ തോൽപ്പിച്ച ആ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശങ്കര ആൾവക്കായിരുന്നു മൂന്നാം സ്ഥാനം. കോൺഗ്രസ് റിബലായി ഐ. രാമറൈയും മത്സരിച്ചു.
1987 മുതൽ 2001 വരെ ചെർക്കളം അബ്ദുല്ല. 2006ൽ സി.പി.എമ്മിന്റെ സി.എച്ച്. കുഞ്ഞമ്പു, ചെർക്കളത്തിന്റെ 19 വർഷത്തെ കുത്തക തകർത്തു, 4829 വോട്ടിന്റെ ഭൂരിപക്ഷം. ബി.ജെ.പിയുടെ നാരായണ ഭട്ട് ആയിരുന്നു രണ്ടാം സ്ഥാനത്ത്, ചെർക്കളം മൂന്നാമതായി. അതിനുശേഷം സി.പി.എം ജയിച്ചിട്ടില്ല. 2011ലും 2016ലും മുസ്‌ലിം ലീഗിലെ പി.ബി. അബ്ദുൾ റസാഖ്. 2011ൽ അബ്ദുൽ റസാഖ് കെ. സുരേന്ദ്രനെ 5828 വോട്ടിനാണ് തോൽപ്പിച്ചത്. 2016ൽ ബി.ജെ.പിക്ക് 2.66 ശതമാനവും എൽ.ഡി.എഫിന് 0.42 ശതമാനവും വോട്ടുവർധനയുണ്ടായപ്പോൾ ലീഗ് നേതാവിന്റെ വോട്ടിൽ 1.67 ശതമാനം കുറവാണുണ്ടായത്.
മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലം. കന്നഡ, കൊങ്കിണി, മലയാളം ഭാഷകൾ സംസാരിക്കുന്നവരാണ് വോട്ടർമാർ.