സഭ, വിശ്വാസി, കമ്യൂണിസ്റ്റ്; ഒരു മണ്ണാർക്കാടൻ ദൃഷ്ടാന്തം

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി നിർണയവും അന്തിമഘട്ടത്തിലാണ്​. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

കേരള രാഷ്ട്രീയത്തിൽ സമുദായങ്ങളും സഭകളും നടത്തുന്ന അവിഹിത ഇടപെടലുകൾക്ക് ഇതുവരെ ഒരു തലയിൽ മുണ്ടിടലൊക്കെ ഉണ്ടായിരുന്നുവെങ്കിൽ മണ്ണാർക്കാട് ഇത്തവണ അത് ഒളിവും മറവുമില്ലാതെ നടന്നു. കാര്യം നേരെ ചൊ​വ്വേ അങ്ങ്​ പറഞ്ഞു, സഭ.

കഞ്ചിക്കോട്ടെ വ്യവസായിയായ ഐസക് വർഗീസ് പാലക്കാട് രൂപത ബിഷപ്പ് മാർ ജേക്കബ് മാനത്തോടത്തിന്റെ കത്തുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കാണുന്നു. ഐസക് വർഗീസിന് സ്ഥാനാർഥിയാകാൻ താൽപര്യമുണ്ട്, മണ്ണാർക്കാട് മണ്ഡലത്തിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കുകയാണെങ്കിൽ സഭയുടെ പിന്തുണയുണ്ടാകും എന്നായിരുന്നു കത്തിൽ.

കത്ത് സ്വീകരിച്ചോ തള്ളിയോ എന്ന് കാനം പറയുന്നതിനുമുമ്പേ വ്യവസായി മണ്ഡലത്തിൽ പ്രചാരണവും തുടങ്ങിവെച്ചു. സഭയുടെ പിന്തുണയുള്ളതുകൊണ്ട് ജയിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. മാത്രമല്ല, കഴിഞ്ഞ രണ്ടു തവണയായി ലീഗ് തന്നെ ജയിക്കുന്നതുകൊണ്ട് സഭ ഏതാണ്ട് അവഗണിക്കപ്പെട്ട നിലയിലാണ്, ഇതിൽ അവർക്ക് അതൃപ്തിയുമുണ്ട്, അതുകൊണ്ടുതന്നെ ഇത്തവണ സഭക്ക് വിശ്വസ്തനായ ഒരാൾ സ്ഥാനാർഥിയാകണം എന്ന്, കേൾക്കുന്നവർക്ക് വർഗീയത മണക്കുന്ന തരത്തിലൊരു സൂചനയും നിയുക്ത സ്ഥാനാർഥി നൽകി. സഭക്ക് മണ്ഡലത്തിൽ 26,000 വോട്ടുണ്ടെന്നും 2006നുശേഷം സി.പി.ഐ ജയിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നുമുണ്ട്.

ഇ.കെ. ഇമ്പിച്ചിബാവ / വര: ദേവപ്രകാശ്

സഭാ വിശ്വാസിയായ ഐസക് വർഗീസിൽ ഒരു കമ്യൂണിസ്റ്റുകാരൻ കൂടി ഒളിഞ്ഞല്ല, തെളിഞ്ഞുതന്നെയിരിപ്പുണ്ട്. ഇടതുപക്ഷ അനുഭാവി കൂടിയാണ് അദ്ദേഹം, കൃത്യമായിപ്പറഞ്ഞാൽ സി.പി.എം അനുഭാവി. ബിഷപ്പിന്റെ കത്തുമായി പോകേണ്ടിയിരുന്നത് എ.കെ.ജി സെന്ററിലേക്കായിരുന്നു. എന്നാൽ, മണ്ഡലം സി.പി.ഐയുടേതായതിനാലാണ് കാനത്തിന്റെ അടുത്തേക്കായത്.

ഈ യാത്രക്ക്​ ഒരു താത്വിക ന്യായീകരണം കൂടിയുണ്ടായിരുന്നു: ‘‘വൈരുധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്നവരെ മാത്രം ഉപയോഗിച്ച് മാറ്റം സാധ്യമല്ല. സമൂഹത്തിൽ വിശ്വാസികളും അവിശ്വാസികളുമുണ്ട്. അവരുടെ ജനാധിപത്യം സംരക്ഷിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചപ്പാട്. അപ്പോൾ, ആശയപരമായല്ല വർഗപരമായി വിശ്വാസിയെയും അവിശ്വാസിയെയും ഒരുമിപ്പിക്കേണ്ടതുണ്ട്. അവരവരുടെ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ട്. അങ്ങനെ മുന്നോട്ടുാേപകുമ്പോൾ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വൈരുദ്ധ്യം ഞങ്ങൾക്കു പ്രശ്‌നമല്ല'' എന്ന എം.വി. ഗോവിന്ദൻ തിയറിയനുസരിച്ച് എല്ലാം തികഞ്ഞ ഒരു സ്ഥാനാർഥിയാകേണ്ടതായിരുന്നു ഈ വ്യവസായിയും വിശ്വാസിയും കമ്യൂണിസ്റ്റുകാരനുമായ ഐസക് വർഗീസ്. ഈയൊരു തെരഞ്ഞെടുപ്പുകാല തിയറിയിൽ ഐസക്കും വീണുപോയി എന്നു പറയുന്നതാകും ശരി.

സഭയുടെ മാത്രമല്ല, വിശ്വകർമ സഭയടെയും രാമഭദ്ര സംഘടനയുമൊക്കെ കത്ത് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. വ്യവസായി എന്ന നിലക്ക് അദ്ദേഹത്തിന് ബി.ജെ.പിയോടും തൊട്ടുകൂടായ്മയൊന്നുമില്ലതാനും. അങ്ങനെയാണ് ‘മാറണം എന്റെ മണ്ണാർക്കാട്, വരണം വികസനം' എന്ന മുദ്രാവാക്യവുമായി അദ്ദേഹം മണ്ഡലത്തിലിറങ്ങിയത്.

വിറച്ചുപോയത് സി.പി.ഐ തന്നെയാണ്. ഐസക്കിനെ ഇറക്കിയത് സി.പി.എം തന്നെയാണ് എന്നൊരു ‘തെറ്റിധാരണ’ സി.പി.ഐക്കുണ്ടായി. 2011ൽ ഏറനാട്ടിൽ സംഭവിച്ച ഒരു പൂർവകാല മാതൃക പെട്ടെന്ന് സി.പി.ഐയിൽ കത്തി. അന്ന് പി.വി. അൻവറിനെ സ്ഥാനാർഥിയാക്കണമെന്ന സി.പി.എം നിർദേശം സി.പി.ഐ തള്ളിക്കളഞ്ഞപ്പോൾ, എൽ.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥിയായ സി.പി.ഐക്കാരനെതിരെ പി.വി. അൻവറിനെ സ്വതന്ത്രവേഷത്തിൽ ഇറക്കിക്കളിച്ച മാതൃക. അന്ന്, ഏറനാട്ടിൽ സി.പി.ഐ സ്ഥാനാർഥി ബി.ജെ.പിയേക്കാൾ പുറകിലാകുകയും ചെയ്തു.

ഇരുപാർട്ടികൾക്കും സമ്മതനായ സ്വതന്ത്രനെന്ന നിലക്കാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗമായ ഒരു നേതാവ് ഐസക് വർഗീസിന്റെ പേര് നിർദേശിച്ചത് എന്ന വിവരവും സി.പി.ഐ സീറ്റ് നൽകിയില്ലെങ്കിൽ താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന ഐസക്കിന്റെ മുന്നറിയിപ്പും പുറത്തുവന്നതോടെ സി.പി.ഐക്ക് ചിത്രം വ്യക്​തം. മണ്ണാർക്കാട്ട് പൊതുസ്വതന്ത്രൻ ആവശ്യമില്ലെന്നും ഇതുവരെ പാർട്ടി ചിഹ്‌നത്തിൽ മത്സരിച്ചവരാണ് ജയിച്ചിട്ടുള്ളതെന്നും കെ.ഇ. ഇസ്മയിൽ തുറന്നു പറഞ്ഞു.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

പാർട്ടിയിൽ നിന്ന് ഉറപ്പുകിട്ടാത്തതുകൊണ്ടാകണം, മത്സരരംഗത്തുനിന്ന് പിന്മാറുകയാണെന്ന് ഐസക് വർഗീസ് കഴിഞ്ഞദിവസം അറിയിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറിയാണ് മത്സരിക്കുക എന്നതിനാൽ പിന്മാറുന്നുവെന്നും പാർട്ടിയെ ആത്മാർഥമായി സ്‌നേഹിക്കുന്ന ഒരു സഖാവ് എന്ന നിലക്ക് പാർട്ടിക്കെതിരെ മത്സരിക്കാനാവില്ലെന്നുമുള്ള നിലപാടിലെത്തേണ്ടിവന്നു അദ്ദേഹത്തിന്.

എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് പി. നൗഷാദ്, സി.പി.ഐ ജില്ല സെക്രട്ടറി സുരേഷ് രാജു, സി.പി.സെയ്തലവി എന്നിവരുടെ പേരുകളാണ് സി.പി.ഐ പരിഗണിക്കുന്നത്. ഇതിൽ സുരേഷ് രാജുവിനാണ് സാധ്യത.

2016ൽ മുസ്‌ലിം ലീഗിലെ എൻ. ഷംസുദ്ദീൻ സി.പി.ഐയിലെ കെ.പി. സുരേഷ് രാജിനെ 12,325 വോട്ടിനാണ് തോൽപ്പിച്ചത്. ഷംസുദ്ദീനെ തന്നെ മത്സരിപ്പിക്കാനാണ് ലീഗ് നീക്കം. 2011 മുതൽ തുടർച്ചയായ രണ്ടുതവണ ജയിക്കുന്നതിനാൽ ഷംസുദ്ദീനെ മാറ്റി പുതുമുഖത്തെ നിർത്തണമെന്ന് അഭിപ്രായമുയർന്നതിനെതുടർന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സാദിഖലി, മുൻ എം.എൽ.എ കളത്തിൽ അബ്ദുല്ല എന്നിവരുടെ പേരുകളും ഉയർന്നിരുന്നു. ഷംസുദ്ദീനെ തിരൂരിലേക്കും പരിഗണിച്ചു. എങ്കിലും അദ്ദേഹം മണ്ണാർക്കാട് തന്നെ മത്സരിക്കും എന്നാണ് ഇതുവരെയുള്ള സൂചന.

മണ്ഡലത്തിൽ സി.പി.എം- സി.പി.ഐ പോര് രൂക്ഷമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ഇരുപാർട്ടികളും തമ്മിലുള്ള ഏറ്റുമുട്ടൽ ദൃശ്യമായിരുന്നു. 2019ൽ മണ്ഡലത്തിൽ യു.ഡി.എഫിന് 29,625 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. കോൺഗ്രസിലെ വി.കെ. ശ്രീകണ്ഠനെ വിജയിപ്പിച്ച മണ്ഡലാണിത്.
തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് മുന്നേറ്റം നടത്തി. തെങ്കര, അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകൾ എൽ.ഡി.എഫിനും അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ പഞ്ചായത്തുകളും മണ്ണാർക്കാട് നഗരസഭയും യു.ഡി.എഫിനുമാണ്.

1977 മുതൽ 2016 വരെയുള്ള പത്ത് തെരഞ്ഞെടുപ്പുകളിൽ നാലുതവണ സി.പി.ഐയും ആറുതവണ മുസ്‌ലിം ലീഗുമാണ് ജയിച്ചത്. 1957 മുതൽ രണ്ടു പതിറ്റാണ്ട് കമ്യൂണിസ്റ്റ് പാർട്ടി കുത്തകയായിരുന്നു.
1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കെ. കൃഷ്ണമേനോനും 1960ൽ കൊങ്ങശ്ശേരി കൃഷ്ണനും ജയിച്ചു. 1967ൽ സി.പി.എമ്മിന്റെ ഇ.കെ. ഇമ്പിച്ചിബാവ ജയിച്ച് ഗതാഗത മന്ത്രിയായി. 1970ൽ സി.പി.എം ജോൺ മാഞ്ഞൂരാനിലൂടെ വിജയം ആവർത്തിച്ചു. 1977ൽ സി.പി.ഐയിലെ എ.എൻ. യൂസഫ് സി.പി.എമ്മിലെ സി.എസ്. ഗംഗാധരനെ തോൽപ്പിച്ചു. 1980ൽ ലീഗിലെ എ.പി. ഹംസ. 1982ൽ സി.പി.ഐയിലെ പി. കുമാരൻ. 1987, 1991 വർഷങ്ങളിൽ തുടർച്ചയായി ലീഗിലെ കല്ലടി മുഹമ്മദ്. 1996ൽ സി.പി.ഐയിലെ ജോസ് ബേബി. 2001ൽ ലീഗിലെ കളത്തിൽ അബ്ദുള്ള. 2006ൽ വീണ്ടും ജോസ് ബേബി. 2011, 2016 വർഷങ്ങളിൽ എൻ. ഷംസുദ്ദീൻ.


Comments