വിജ്ഞാന സമൂഹം യാഥാർഥ്യമാവാൻ കേരളം ചെയ്യേണ്ടത്‌

വൈജ്ഞാനിക സമൂഹവും വിജ്ഞാന സമ്പദ്ഘടനയും ആയി കേരളത്തെ പരിവർത്തിപ്പിക്കുക എന്നത് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നവകേരള സൃഷ്ടിയുടെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നായി വന്നിരിക്കുകയാണല്ലോ. ഉത്പാദിപ്പിക്കുകയോ വിപണനം ചെയ്യുകയോ ചെയ്യുന്ന വൈജ്ഞാനികോത്പന്നം മിച്ചമൂല്യത്തിൽനിന്ന്​ മുക്തമല്ലാത്ത ചരക്കായിരിക്കുകയും പ്രക്രിയ മൂലധനാധിഷ്ഠിതമായിരിക്കുകയും ചെയ്യുമെന്നതിനാൽ ഇവ സോഷ്യലിസ്റ്റ് പരിപാടികളായി വിഭാവനം ചെയ്യാനാവില്ല. അങ്ങനെ വരുമ്പോൾ മുതലാളിത്ത സമ്പ്രദായത്തിലുള്ള ഈ പദ്ധതി അതിന്റെ അപകടങ്ങൾ പരമാവധി ഒഴിവാക്കി നടപ്പാക്കുക എന്നതിലായിരിക്കണം ജാഗ്രത.

വൈജ്ഞാനിക സമൂഹവും വിജ്ഞാന സമ്പദ്ഘടനയും ആയി കേരളത്തെ പരിവർത്തിപ്പിക്കുക എന്നത് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നവകേരള സൃഷ്ടിയുടെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നായി വന്നിരിക്കുകയാണല്ലോ. ഇന്നത്തെ സാഹചര്യത്തിൽ ഉത്പാദിപ്പിക്കുകയോ വിപണനം ചെയ്യുകയോ ചെയ്യുന്ന വൈജ്ഞാനികോത്പന്നം മിച്ചമൂല്യത്തിൽനിന്ന്​ മുക്തമല്ലാത്ത ചരക്കായിരിക്കുകയും പ്രക്രിയ മൂലധനാധിഷ്ഠിതമായിരിക്കുകയും ചെയ്യുമെന്നതിനാൽ ഇവ സോഷ്യലിസ്റ്റ് പരിപാടികളായി വിഭാവനം ചെയ്യാനാവില്ല. അങ്ങനെ വരുമ്പോൾ മുതലാളിത്ത സമ്പ്രദായത്തിലുള്ള ഈ പദ്ധതി അതിന്റെ അപകടങ്ങൾ പരമാവധി ഒഴിവാക്കി നടപ്പാക്കുക എന്നതിലായിരിക്കണം ജാഗ്രത.

വൈജ്ഞാനിക സമ്പദ്ഘടന വൈജ്ഞാനിക സമൂഹത്തിൽനിന്നു വേർപെടുത്താൻ ആവാത്തതാകയാൽ വൈജ്ഞാനിക സമൂഹസൃഷ്ടി അടിസ്ഥാന പ്രവർത്തനം ആകേണ്ടതുണ്ട്. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച്​ കൂടുതൽ തൊഴിലും സാമ്പത്തികവളർച്ചയും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കുന്ന സമഗ്ര പരിപാടി കെ- ഡിസ്‌ക് തയ്യാറാക്കി പൊതുചർച്ചകളിലൂടെ മെച്ചപ്പെടുത്തി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. സർവ്വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതും പോസ്റ്റ് ഡോക്റ്ററൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതും അടക്കം വിജ്ഞാനോത്പാദനം മികവുള്ളതാക്കാനുള്ള പദ്ധതികൾ ഉന്നതവിദ്യാഭ്യാസരംഗത്തും പ്രഖ്യാപിച്ചിട്ടുണ്ട്. വിജ്ഞാനോത്പാദനത്തിനു ശേഷിയുള്ള പുതുതലമുറയെ വളർത്തിയെടുക്കാനുതകുന്ന മാറ്റങ്ങൾ പൊതുവിദ്യാഭ്യാസത്തിലും വന്നുകൊണ്ടിരിക്കുന്നു. എന്നാൽ, കേവല വിജ്ഞാനം ഉത്പാദിപ്പിക്കലിലും അതുപയോഗിച്ചു തൊഴിലും വരുമാനവും സൃഷ്ടിക്കലിലും ഒതുങ്ങുന്നതല്ല വൈജ്ഞാനികസമൂഹസൃഷ്ടി. സർക്കാരിലും പുറത്തും അതിപ്രയത്‌നം വേണ്ട ഒന്നാണത്.

ഡിജിറ്റൽ ക്യാപ്പിറ്റൽ വന്നശേഷം ലോകത്തു തൊഴിലാളിയുടെ അവസ്ഥ പത്തൊൻപതാം നൂറ്റാണ്ടിലേതിനു തുല്യമായി അധഃപതിച്ചിരിക്കുന്നു എന്ന ഐ.എൽ.ഒ.യുടെ 2021 മാർച്ചിലെ റിപ്പോർട്ടിലെ വിലയിരുത്തലിനു ബദലാകുന്നതാകണം നാം സൃഷ്ടിക്കുന്ന മാതൃക. (അന്നത്തെ "ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ അവസ്ഥ' ഏംഗൽസ് വരച്ചിട്ടിട്ടുണ്ടല്ലോ.) ലോക്ഡൗൺ കാലത്തും തുടർന്നും വർക്ക് ഫ്രം ഹോം രീതിയിൽ ഐറ്റി തൊഴിലാളികൾ അനുഭവിച്ച അമിതചൂഷണവും അധികഭാരവും നമുക്കു മുന്നിലുണ്ട്. ഓൺലൈൻ ചില്ലറവ്യാപാരരംഗത്തെ പെരുകിവരുന്ന അസംഘടിത വിതരണത്തൊഴിലാളികളുടെ അവസ്ഥയും നാം കാണുന്നുണ്ട്.
അപ്പോൾ, ഭരണകൂടങ്ങൾ ഇല്ലാതാകുന്ന അവസ്ഥ വിഭാവനം ചെയ്ത കാൾ മാർക്‌സ് ബൂർഷ്വാ വിപ്ലവങ്ങൾ ഭരണയന്ത്രത്തിന്റെ കുറ്റം തീർക്കുക മാത്രമാണു ചെയ്തതെന്നു നിരീക്ഷിച്ചത്​ മനസിൽ വച്ചുകൊണ്ടുതന്നെ, ആ വിപ്ലവങ്ങൾ സൃഷ്ടിച്ച നവോത്ഥാനമൂല്യങ്ങൾ ഉറപ്പിച്ചും പുതിയ മൂല്യങ്ങൾ വികസിപ്പിച്ചും ചൂഷണം, തൊഴിലാളികളുടെ അദ്ധ്വാനഭാരം, സമയം എന്നിവ പരമാവധി കുറച്ചും തൊഴിൽസംരക്ഷണവും ക്ഷേമാനുകൂല്യങ്ങളും ഉറപ്പാക്കിയും ആകണം വിജ്ഞാനസമൂഹവും സമ്പദ്ഘടനയും കെട്ടിപ്പടുക്കാൻ.
നാമും വൈജ്ഞാനികോത്പന്നങ്ങൾ വില്ക്കുന്നത് ആഗോളവിപണിയിൽ ആണെന്നിരിക്കെ ഇത് എത്രമാത്രം സാദ്ധ്യമാണ്?

ആത്യന്തിക വൈജ്ഞാനികോത്പന്നം തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ തുണ്ടവത്ക്കരിച്ച് കരാറടിസ്ഥാനത്തിൽ നിർവ്വഹിപ്പിച്ച് അവ സമന്വയിപ്പിച്ചെടുക്കുന്ന കോർപറേറ്റ് പ്രവർത്തനത്തിന്റെ സങ്കീർണതയിലും അതാര്യതയിലും ഈ ഉപോത്പന്നങ്ങളുടെ യഥാർത്ഥമൂല്യവും മിച്ചമൂല്യവും വിജ്ഞാന നിർമ്മിതിയിലെ സാമൂഹികാദ്ധ്വാനവുമൊക്കെ എങ്ങനെ നിർണയിക്കും എന്നതുപോലും അവ്യക്തമായിരിക്കെ വിശേഷിച്ചും. അത്തരത്തിൽ വിലപേശണമെങ്കിൽ നാം വില്ക്കുന്ന മനുഷ്യശേഷി അത്രമാത്രം മികവുറ്റതാകണം. എന്നാൽത്തന്നെ, നമ്മുടെ ഒറ്റപ്പെട്ട വിലപേശൽശേഷി എത്രവരെ! വിജ്ഞാനസമ്പദ്ഘടനയുടെ വിപണിരസതന്ത്രം ആ രംഗത്തു വൈദഗ്ദ്ധ്യമുള്ളവരുടെ സഹായത്തോടെ വിപുലമായി പരിശോധിക്കേണ്ട വിഷയമാണ്.

വേണ്ടതു ജനകീയമുന്നേറ്റം

അതേസമയം, അതിനെയെല്ലാം അഭിമുഖീകരിക്കുമാറ് വൈജ്ഞാനിക സമൂഹത്തിന്റെ (സമ്പദ്ഘടനയുടെ അല്ല) സൃഷ്ടി എങ്ങനെ സാദ്ധ്യമാക്കാം എന്നത് രാഷ്ട്രീയ സാമൂഹിക തലങ്ങളിൽ ചർച്ച ചെയ്യേണ്ടതാണ്. അത് സർക്കാരിനു മാത്രമായി സാദ്ധ്യമാകുന്നതല്ല. അതിനു സാക്ഷരതായജ്ഞം പോലെ വലിയ ജനകീയ മുന്നേറ്റം ആവശ്യമാണെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതു പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുക്കുമെന്നും സി.പി.എം സംസ്ഥാനസമ്മേളന സ്വാഗതസംഘം രൂപവത്ക്കരണയോഗത്തിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുകയുണ്ടായി. അതിനുള്ള വിപുലമായ ആലോചനകൾ സമ്മേളനത്തിൽ ഉണ്ടാകുമെന്നും ആ ലക്ഷ്യത്തോടെ ചരിത്രബോധം, യുക്തിബോധം, ശാസ്ത്രബോധം എന്നിവ വളർത്തിയെടുക്കാൻ ശാസ്ത്ര- സാംസ്‌ക്കാരിക- സാമൂഹിക മണ്ഡലങ്ങളിലെ എല്ലാ പ്രസ്ഥാനങ്ങളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാന, ദേശീയപ്രസ്ഥാന, ഇടതുപക്ഷ, വർഗ- ബഹുജന സംഘടനകളുടെ സൃഷ്ടിയായ ഇടതുപക്ഷമതനിരപേക്ഷാടിത്തറ തകർക്കാനും വലതുപക്ഷവത്ക്കരണത്തിനുമായി വർഗ്ഗീയ ഫാസിസ്റ്റുശക്തികൾ നടത്തുന്ന പരിശ്രമങ്ങൾ പരാജയപ്പെടുത്താനുള്ള മാർഗ്ഗം ചരിത്ര- ശാസ്ത്ര-യുക്തിബോധങ്ങൾ വളർത്തുകയാണ് എന്ന ബോദ്ധ്യമാണ് അദ്ദേഹം പങ്കുവച്ചത്. എന്നാൽ, അതിനുമാത്രമുള്ള ഒന്നായി അതു പരിമിതപ്പെട്ടുകൂടാ. സമൂഹത്തെയാകെ പുതുക്കിപ്പണിയുന്നതാകണം ആ പദ്ധതി. മുതലാളിത്തത്തിന്റെ വിജ്ഞാനസമൂഹ സങ്കല്പത്തിനുള്ള ബദൽ ആയിരിക്കണം അത്; സോഷ്യലിസത്തിലേക്കു നയിക്കുന്നത്.

ഇതിന് ഒന്നാമതായി വേണ്ടത്, യുക്തിചിന്തയും പുതിയ ലോകവീക്ഷണവും പകരുന്നതരത്തിൽ വിദ്യാഭ്യാസം പൊതുവിലും ശാസ്ത്രബോധം വളർത്തുമാറ് ശാസ്ത്രവിദ്യാഭ്യാസവും ചരിത്രബോധം വളർത്തുമാറ് ചരിത്രവിദ്യാഭ്യാസവും ഉടച്ചുവാർക്കുക എന്നതാണ്. പൊതുവിദ്യാഭ്യാസം തൊഴിലിനു മാത്രവും ജനനം മുതൽ മരണംവരെ ജീവിതത്തിൽ സകലതിനും മതവും എന്ന ഇന്നത്തെ അവസ്ഥ മാറ്റണം.

അതോടൊപ്പം, വിദ്യാഭ്യാസത്തെ ഇക്കാര്യങ്ങളിലെല്ലാം വിപരീതദിശയിലേക്കു കൂടുതൽ ശക്തിയോടെ നയിക്കാൻ കൃത്യമായ കർമപരിപാടിയോടെ തീവ്രവലതുഭരണം ദേശീയതലത്തിൽ സർവ്വത്ര നടത്തിക്കൊണ്ടിരിക്കുന്ന പൊളിച്ചെഴുത്തിനെ ചെറുത്തുതോല്പിക്കേണ്ടതുമുണ്ട്. ഇതിനെല്ലാമപ്പുറം, ഉള്ള ശാസ്ത്രബോധവും യുക്തിബോധവും ചരിത്രബോധവുംകൂടി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പൊതുസമൂഹത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെയടക്കം പുറമേക്കു കാണാത്ത വലിയൊരു "വിദ്യാഭ്യാസ'പദ്ധതി അരങ്ങുതകർക്കുകയുമാണ്.

ഇതെല്ലാംകൂടി പരിഗണിക്കുമ്പോൾ ഈ രംഗത്തെ ഇടപെടൽ അതിശക്തം ആക്കേണ്ട സാഹചര്യമാണ്. ഇതിന് ഔപചാരികവിദ്യാഭ്യാസപദ്ധതി മാത്രം പോരാ. അതിനു പുറത്തുള്ള മഹാഭൂരിപക്ഷത്തിനു വേണ്ടത് ജനകീയകർമ്മപരിപാടിയാണ്. കേരളത്തിന്റെ സവിശേഷസാഹചര്യത്തിൽ ഇത് എങ്ങനെയെല്ലാം ആകാം?

വേറിട്ടുനില്ക്കുന്ന കേരളം

സമീപകാലത്തു രാജ്യത്താകെ പ്രചരിച്ച അന്ധവിശ്വാസങ്ങളുടെ സ്വീകാരം പരിശോധിച്ചാൽ കേരളവും രാജ്യത്തിന്റെ ഇതരഭാഗങ്ങളും തമ്മിൽ പ്രകടമായ വ്യത്യാസം ഉണ്ടെന്നു കാണാം. ഭരണക്കാർ പറഞ്ഞ അസംബന്ധങ്ങൾ ഉത്തരേൻഡ്യയിൽ എത്രയോ നാവുകൾ പ്രചരിപ്പിച്ചു! പുഷ്പകവിമാനത്തെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞപ്പോൾ അക്കാലത്തെ "വിമാനസാങ്കേതികവിദ്യ'കളെപ്പറ്റി "ശാസ്ത്രപ്രബന്ധം' അവതരിപ്പിക്കുകയായിരുന്നു രാജ്യത്തെ ശാസ്ത്രജ്ഞ പ്രമാണി! ഇവയൊക്കെയും ഒരു അസ്വാഭാവികത പോലും ധ്വനിപ്പിക്കാതെ, സാധാരണ പ്രസ്താവങ്ങൾപോലെ, മാദ്ധ്യമങ്ങൾ നിർല്ലജ്ജം വാർത്തയാക്കിയതും ഓർക്കണം.

എന്നാൽ, ഗണപതിയുടെ കോസ്‌മെറ്റിക് സർജറിയും ദക്ഷന്റെ ഓർഗൻ ട്രാൻസ്പ്ലാന്റേഷനും കൗരവരെ ഉണ്ടാക്കിയ റ്റിഷ്യൂ കൾച്ചറും പറന്നുകളിച്ച പുഷ്പകവിമാനങ്ങളും അസ്ത്രാലയവുമൊന്നും മറ്റു നാടുകളിൽ ഉള്ളവരെപ്പോലെ കേരളീയർ മുഖവിലയ്ക്ക് എടുത്തിട്ടില്ല. കേരളീയർ ചാണകത്തിൽ കുളിക്കാതെ വാക്‌സിൻ എടുക്കാനാണു മുതിർന്നത്. അതിനെല്ലാമുള്ള ശാസ്ത്രബോധവും ചരിത്രബോധവും നമുക്കുണ്ട്.

അതേസമയം, നാസയെയും അന്താരാഷ്ട്രസർവ്വകലാശാലകളെയും ശാസ്ത്രസിദ്ധാന്തങ്ങളെയും കൂട്ടുപിടിച്ച് സത്യമെന്ന രീതിയിൽ വാട്ട്‌സാപ്പിലൂടെ പ്രചരിപ്പിക്കുന്ന പച്ചനുണകൾ ധാരാളംപേർ വിശ്വസിക്കുന്നു. പശു ഓക്‌സിജൻ ശ്വസിച്ച് ഓക്‌സിജൻ പുറത്തുവിടുന്നുണ്ടാകുമോ, ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ടാകുമോ എന്നെല്ലാം ചിലരെങ്കിലും സംശയിച്ചിട്ടുണ്ടാകും. കേരളീയരിൽ ചെറുതല്ലാത്തൊരു വിഭാഗം വാക്‌സിൻ എടുക്കാൻ വിമുഖരാണ് എന്നതും കാണണം. നമ്മുടെ ശാസ്ത്ര-ചരിത്രബോധങ്ങളുടെ ഈ വിശേഷവൈകല്യമാണ് നമ്മുടെ പ്രശ്‌നം.

ഈ വീഷയം അഭിമുഖീകരിക്കണമെങ്കിൽ കേരളത്തിന്റെ പൊതുബോധത്തെ രാജ്യത്തിന്റെ മറ്റുപല ഭാഗങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ പരിശോധിക്കണം. ആധുനികകേരളീയസമൂഹത്തിന്റെ രൂപപ്പെടലിലുള്ള വ്യത്യസ്തതയാണ് അതിൽ പ്രധാനം. ഇൻഡ്യയാകെ നടന്നുകണ്ട ഒരു ദാർശനികൻ ഭ്രാന്താലയം എന്ന മുദ്ര ചാർത്തത്തക്ക അവസ്ഥയിൽനിന്നാണാ മാറ്റം എന്നോർക്കണം.

ലോകം ആധുനികമായപ്പോൾ

കേരളം സവർണമേലാളരുടെ ഭോഗലാലസതയിലും ചൂഷണത്തിലും തീണ്ടലും തൊടീലും പോലുള്ള പ്രാകൃതാനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അമർന്നുകിടന്നപ്പോൾ ലോകത്തിന്റെ മറ്റൊരുകോണിൽ നമുക്കെല്ലാമുള്ള പുതിയ സാമൂഹികക്രമങ്ങളും ആശയങ്ങളും ഉരുത്തിരിയുകയായിരുന്നു. യൂറോപ്യൻ നവോത്ഥാനം എന്ന ആ പ്രതിഭാസത്തിനു തുടക്കമാകുന്നത് ഇൻഡ്യയിൽ ഭക്തിപ്രസ്ഥാനത്തിന്റെ പ്രാരംഭമായിരുന്ന 14-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ്.

ചൈനയിൽനിന്ന് അച്ചടിയും വെടിമരുന്നും ഇൻഡ്യയിലും അറേബ്യയിലുംനിന്ന് ആൾജിബ്ര, ജ്യോമിട്രി, ഇൻഡോ അറബിക് അക്കങ്ങൾ തുടങ്ങിയവയും ഉൾപ്പെടെ പുറംസംസ്‌കാരങ്ങളിൽനിന്നു 13 - 15 ശതകങ്ങളിൽ നേടിയ അറിവും ഗ്രീക്ക്-റോമൻ വിജ്ഞാനങ്ങളും മൂല്യങ്ങളും സമന്വയിച്ചുണ്ടായ നവോത്ഥാനം പുതുമാനങ്ങൾ നേടി. 1789-ൽ നടന്ന ഫ്രഞ്ച് വിപ്ലവം "സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നീ ആധുനികതയുടെ ആധാരശിലകൾ രാഷ്ട്രീയക്കളത്തിൽ പാകി. അവയിൽനിന്നാണല്ലോ മതനിരപേക്ഷത, മനുഷ്യാവകാശങ്ങൾ തുടങ്ങി ആധുനികമായതൊക്കെ മുളപൊട്ടിയത്.

അന്വേഷിക്കാനും അറിയാനും ചോദ്യം ചെയ്യാനും പരീക്ഷിച്ചുനോക്കാനും എല്ലാമുള്ള ത്വര വളർന്നുവന്നതാണ് സയൻസിന്റെ വികാസത്തിലേക്കു നയിച്ചത്. സയൻസിന്റെ രീതിസമ്പ്രദായം യൂറോപ്യൻ നവോത്ഥാനത്തിന്റെ ഏറ്റവും ചലനാത്മകമായ സംഭാവനയാണ്. സയൻസിന്റെ വിവിധ ശാഖകളിൽ ഉണ്ടായ മുന്നേറ്റമാണ് ലോകത്തെ മാറ്റിമറിച്ചത്. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ തുടങ്ങുന്ന ജ്ഞാനോദയകാലം (Age of Enlightenment) യുക്തിചിന്തയുടെ കാല(Age of Reaosn)മാണ്. യുക്തിക്കും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള പ്രാധാന്യത്തിൽ ഊന്നിയ ആ കാലഘട്ടം സമൂഹത്തെ യുക്തി പ്രയോഗിച്ചു പരിഷ്‌കരിക്കാനും മതവിശ്വാസത്തിലും പാരമ്പര്യത്തിലും മാത്രം അധിഷ്ഠിതവും ആചാര്യപ്രോക്തങ്ങളും അനുഭവബോദ്ധ്യമില്ലാത്തതുമായ "ശാശ്വതസത്യ'ങ്ങളെ (priori truths)യും ആശയങ്ങളെയും ചോദ്യം ചെയ്യാനും ആഹ്വാനം ചെയ്തു. അത് അത്തരം "സനാതന സത്യ'ങ്ങളുടെ സ്വീകാര്യത നഷ്ടമാക്കി. മുട്ടുകുത്തി മാപ്പിരക്കൽ പോലുള്ള ശിക്ഷാസമ്പ്രദായങ്ങളെ വോൾട്ടെയർ വെല്ലുവിളിച്ചത് വ്യക്തിയുടെ ആത്മാഭിമാനത്തിന്റെയും സമത്വത്തിന്റെയും മൂല്യങ്ങൾ ഉയർത്തിക്കാട്ടിയാണ്.
കല്പിതമായ മുൻധാരണകളെ അടിസ്ഥാനമാക്കി പ്രതിഭാസങ്ങളെ വ്യാഖ്യാനിച്ചു പ്രമാണങ്ങളോടു പൊരുത്തപ്പെടുത്താൻ ശ്രമിക്കുന്ന രീതി അവസാനിക്കുകയും പ്രതിഭാസങ്ങളെ നിരീക്ഷിച്ചു പഠിച്ചു നിഗമനങ്ങളിലെത്തി, പരീക്ഷണങ്ങളിലൂടെ സിദ്ധാന്തവത്ക്കരിച്ച്, നിരന്തരമായ പുനഃപരിശോധനകളിലൂടെയും അന്വേഷണങ്ങളിലൂടെയും അവയെ ഉറപ്പിക്കുകയോ പരിഷ്‌കരിക്കുകയോ തള്ളിക്കളയുകതന്നെയോ ചെയ്യുന്ന സമ്പ്രദായം നടപ്പിലാകുകയും ചെയ്തു. പുതുതായി പിറന്ന സയൻസിന്റെ ഈ രീതിയാണ്​ ശാസ്ത്രീയ സമീപനം എന്നു വിവക്ഷിക്കുന്നത്. സാമൂഹിക വിശകലനത്തിലും നിത്യജീവിത കാര്യങ്ങളിലുമെല്ലാം അനുവർത്തിക്കാവുന്ന, അനുവർത്തിക്കേണ്ട ഈ രീതിയുടെ അടിസ്ഥാനത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവാണു നെഹ്രു പറഞ്ഞ ശാസ്ത്രമനോഭാവം (scientific temper). ആ വിവേചനബുദ്ധിയാണു ശാസ്ത്രബോധം.

അന്ധവിശ്വാസങ്ങളെയും അസഹിഷ്ണുതയെയും എതിർക്കുകയും മനുഷ്യരെ ശാസ്ത്രരീതിയിലൂടെ നടത്തുകയും ചെയ്ത ഈ പുതിയതരം യുക്തിചിന്തയാണ് വൈജ്ഞാനിക മുന്നേറ്റങ്ങൾക്കു വഴി തുറന്നത്; മാറ്റം സൃഷ്ടിച്ചത്. മതത്തിന്റെ അടിത്തറകൂടിയാണ് ഇതിലൂടെ ഇളകിയത്. 18-ാം ശതകത്തിന്റെ ആദ്യപകുതിയിൽ ഫ്രാൻസിൽ ആരംഭിച്ച പ്രബുദ്ധതായുഗവും നവോത്ഥാനത്തിന്റെ തുടർച്ചയായിരുന്നു. പരിസ്ഥിതിബോധവും ആധുനികപ്രപഞ്ചവീക്ഷണവും വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദവുമെല്ലാം നമുക്കു സമ്മാനിച്ചത് ഈ ധൈഷണികവിപ്ലവത്തിന്റെ തുടർക്കാലമാണ്.

ഇക്കാര്യം ഇത്രയും വിശദീകരിച്ചത് ആധുനികമാകുക എന്നാൽ സാങ്കേതികവിദ്യകൾ പ്രയോഗിക്കുകയും കുറെ വൻകിടനിർമ്മിതികൾ കെട്ടിപ്പൊക്കുകയും ഇംഗ്ലിഷു പറയുകയും പുതിയ വേഷങ്ങൾ കെട്ടുകയും ചെയ്യുക എന്നല്ല അർത്ഥം എന്ന് ഓർമ്മിപ്പിക്കാൻ തന്നെയാണ്.
ആധുനികമൂല്യങ്ങൾ ഉത്പാദിപ്പിച്ച ആ സാംസ്‌ക്കാരിക പരിണാമ പ്രക്രിയയിലൂടെ കടന്നുപോകാൻ ഇതരസമൂഹങ്ങൾക്ക് അവസരമുണ്ടായില്ല. അതിന്റെ ഉത്പന്നമാണു കമ്മ്യൂണിസമെങ്കിലും, കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളിലും ഇത്തരത്തിൽ നൂറ്റാണ്ടുകൾ നീണ്ട ചിന്താപരിണാമപ്രക്രിയ സംഭവിച്ചിട്ടില്ല. മുതലാളിത്തവ്യവസ്ഥയ്ക്കും ബൂർഷ്വാജനാധിപത്യത്തിനും ജനാധികാരബദലുകൾ വികസിപ്പിക്കാൻ വഴിയൊരുക്കിയ രാഷ്ട്രീയവിപ്ലവമായി വിലയിരുത്തുന്ന ചൈനയിലെ സാംസ്‌ക്കാരികവിപ്ലവത്തിന്റെ മൂല്യോത്പാദനം സമഗ്രമയി മനസിലാക്കപ്പെട്ടിട്ടുമില്ലല്ലോ. മറ്റിടങ്ങളിലേക്കെല്ലാം ബൂർഷ്വാവിപ്ലവോത്പന്നങ്ങളായ ജനാധിപത്യവും മുതലാളിത്തവുമൊക്കെ പറിച്ചുനടപ്പെടുകയാണുണ്ടായത്.

നവോത്ഥാനം വരാത്ത ഇന്ത്യ

ഇൻഡ്യയുടെ കാര്യത്തിലും അങ്ങനെതന്നെ. പക്ഷെ, നാം പ്രക്രിയകൾ മാത്രമേ പറിച്ചുനട്ടുള്ളൂ; അവയുടെ ഭാഗമായ മൂല്യങ്ങൾ നട്ടില്ല. നമ്മുടെ മുതലാളിത്തം ഉപഭോക്ത്രാവകാശങ്ങളും അവയുടെ സംരക്ഷണവും കൂടാതെയുള്ളതാണ്. നമ്മുടെ ജനാധിപത്യമാകട്ടെ, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, ബഹുസ്വരത, സഹിഷ്ണുത, പൗരാവകാശം, വ്യക്തിയുടെ അന്തസ്സ്, സ്വകാര്യത, സുതാര്യത, പങ്കാളിത്തം, തുടങ്ങിയവയൊന്നും കൂടാതെയുള്ള കേവലം വോട്ടുകുത്തലും. സമൂഹപരിണാമം സംഭവിക്കാതെയുള്ള ഭരണസമ്പ്രദായമാറ്റം എല്ലാ മൂല്യങ്ങളെയും ഏട്ടിലെ പുല്ലുതിന്നാത്ത പശുക്കളാക്കി ഭരണഘടനയിൽ തടവിലാക്കി.

ജാതി, അന്ധവിശ്വാസം, അനാചാരങ്ങൾ എന്നിവയിൽ അമർന്നുപോയ ഇൻഡ്യയിൽ അവയിൽ അധിഷ്ഠിതമായ ജന്മി-നാടുവാഴിത്തവ്യവസ്ഥയാണു മദ്ധ്യകാലത്തു നിലനിന്നത്. ജാതി മുഖ്യമായും പ്രയോഗിക്കപ്പെട്ടത് ചൂഷണം വർഗപരമായി ഉറപ്പിക്കാനാണ്. ഹിന്ദു, ജൈന, ബൗദ്ധ, മുസ്​ലിം മതങ്ങളെല്ലാം ജാതിവ്യവസ്ഥയെ സ്വാഭാവികതയായി കണ്ടതും മുഗൾഭരണത്തോടൊപ്പം ആ നാട്ടിൽനിന്നെത്തിയ തൊഴിലുകളെ ജാതിശ്രേണിയിൽ ഘടിപ്പിച്ചതും എങ്ങനെയെന്ന് "കാസ്റ്റ് ഇൻ ഇൻഡ്യൻ ഹിസ്റ്ററി'യിൽ ഇർഫൻ ഹബീബ് വരച്ചുകാട്ടുന്നുണ്ട്. ഈ സാഹചര്യങ്ങൾക്കു മീതെയാണു കൊളോണിയൽ ഭരണം സ്ഥാപിതമാകുന്നത്.

സ്വന്തം ആവശ്യത്തിന്​ ഫാക്​ടറിത്തൊഴിലാളികളെയും ഗുമസ്തരെയും പട്ടാളക്കാരെയും സൃഷ്ടിക്കാൻ ബ്രിട്ടിഷുകാർ ഏർപ്പെടുത്തിയ ആധുനികവിദ്യാഭ്യാസം സാമൂഹികമാറ്റത്തിനു കാര്യമായ സംഭാവന ചെയ്തതായി പുതിയ ചരിത്രപഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല. ഭക്തിപ്രസ്ഥാനവും സ്വാതന്ത്ര്യപ്രസ്ഥാനത്തിനു സമാന്തരമായി സംഭവിച്ച സാമൂഹികപരിഷ്‌ക്കരണശ്രമങ്ങളുമാണ് ഈ അവസ്ഥയിൽ ചലനം ഉണ്ടാക്കിയത്. ഭക്തിപ്രസ്ഥാനം രാജ്യത്തുടനീളവും നയിച്ചത് ജാതിശ്രേണിയിൽ താഴേപ്പടികളിൽ ഉണ്ടായിരുന്നവരാണ് എന്ന് അതേപ്പറ്റി പഠനം നടത്തിയ പ്രൊഫ: കെ. സച്ചിദാനന്ദൻ അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, 19, 20 നൂറ്റാണ്ടുകളിൽ നടന്ന സാമൂഹികപരിഷ്‌ക്കരണങ്ങളുടെ സ്ഥിതി അതായിരുന്നില്ല.

പരിഷ്‌ക്കരണേച്ഛുക്കളായ ചില ബ്രിട്ടിഷുകാരും കോളനിവാഴ്ചയുടെ സ്വാധീനത്തിൽ ഇംഗ്ലണ്ടിൽ പോയി വിദ്യാഭ്യാസം നേടിവന്ന ഉത്പതിഷ്ണുക്കളുമാണ് ഇവിടെ മാറ്റങ്ങൾക്കു മുൻകൈ എടുത്തത്. അങ്ങനെ വിദ്യാഭ്യാസത്തിന് അവസരം കിട്ടിയത് സ്വാഭാവികമായും സവർണ്ണത്വവും സാമ്പത്തികശേഷിയും ഉള്ളവർക്കാണ്. പരമ്പരാഗതവിദ്യാഭ്യാസം നേടിയിരുന്നവരിലെ ഉത്പതിഷ്ണുക്കളും അത്തരക്കാർതന്നെ. ബ്രിട്ടിഷ് ഭരണം കൊണ്ടുവന്ന പുതിയ തൊഴിൽമേഖലകളും തൊഴിലിടങ്ങളും ജാതിവ്യവസ്ഥയെ അല്പമൊക്കെ ദുർബ്ബലപ്പെടുത്തിയതല്ലാതെ ജാതീയതയ്‌ക്കെതിരായ കാര്യമായ പ്രവർത്തനമൊന്നും അത്തരം സാമൂഹിക പരിഷ്‌കർത്താക്കളിൽനിന്ന് ഉണ്ടായില്ല. സതി പോലെയുള്ള അനാചാരങ്ങൾക്കും ചില അന്ധവിശ്വാസങ്ങൾക്കും എതിരെ നടന്ന ഇടപെടലുകൾക്കു തീർച്ചയായും അതിന്റേതായ പ്രാധാന്യമുണ്ട്. അദ്വൈതം പോലുള്ള ഇൻഡ്യൻ ദർശനങ്ങളിൽ ഊന്നിയുള്ള ആദ്ധ്യാത്മിക പ്രവർത്തനങ്ങളായിരുന്നു പലതും.
ജ്ഞാനോദയമല്ല, പ്രതി- ജ്ഞാനോദയമാണ്​ നാം ഇവിടെ കണ്ടത്. മനുഷ്യോത്പത്തിയിൽ തുടങ്ങി പുതിയ അറിവുകളിലൂടെ തിരുത്തിത്തിരുത്തി അനുസ്യൂതം വികസിച്ചുകൊണ്ടേയിരിക്കേണ്ട ജ്ഞാനവികാസത്തിനു പകരം സയൻസിന്റെയടക്കം പുതിയ അറിവുകൾക്കുകൂടി പ്രാചീനദർശനങ്ങളുടെ വ്യാഖ്യാനം ചമച്ചു പിന്നോട്ടു നയിക്കുന്ന, പ്രാചീനതകളിൽ തളച്ചിടുന്ന, അതീന്ദ്രിയതകൾക്കും ദൈവികതയ്ക്കും പുത്തൻ അറിവുകൊണ്ട് ആധികാരികത സ്ഥാപിക്കാൻ ശ്രമിക്കുന്ന, തരം ചിന്താപദ്ധതി അവതരിപ്പിക്കപ്പെട്ടതാണ് പ്രതിജ്ഞാനോദയം. വിവേകാനന്ദനും ടഗോറും ജെ.സി. ബോസും സി.വി. രാമനും അടക്കമുള്ളവരിൽവരെ ഈ പ്രവണത പലരും ദർശിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ, ഇൻഡ്യയിൽ യൂറോപ്പിലേതുപോലുള്ള നവോത്ഥാനം ഉണ്ടായില്ല. ഹൈന്ദവവും സവർണവും ആയ മതപരിഷ്‌ക്കരണം മാത്രമാണ് ഉണ്ടായത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നീക്കി "നല്ല' മതം ആക്കാനുള്ള പരിശ്രമം. സമൂഹത്തെയോ പൊതുമണ്ഡലത്തെയോ മതമുക്തമാക്കുക എന്നതായിരുന്നില്ല ലക്ഷ്യം. ദേശീയപ്രസ്ഥാനത്തിൽപ്പോലും അയിത്തോച്ചാടനം അജൻഡയാകുന്നത് ഡോ: പൽപ്പു എന്ന കേരളീയനായ അവർണ്ണന്റെ ഇടപെടലിനെത്തുടർന്ന് ആയിരുന്നുവല്ലോ.

പുരോഹിതവർഗ്ഗത്തിന് ഇന്നും മറ്റ് ഇൻഡ്യൻദേശങ്ങളിലുള്ള മേൽക്കൈയാണ് അവർക്കുള്ള പ്രാമുഖ്യം ഉറപ്പിക്കുന്ന വിശ്വാസങ്ങളും വർണ്ണാശ്രമവ്യവസ്ഥയുമൊക്കെ അരക്കിട്ടുറപ്പിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. മതവികാരം വളർത്തി അവർണ്ണരെയടക്കം അവർ അതിന് ചട്ടുകങ്ങളാക്കുന്നു. അതിന്റെ പ്രശ്‌നങ്ങളാണ് ഇന്നു നാം കാണുന്നതെല്ലാം.

കേരളം എന്ന പരീക്ഷണശാല

എന്നാൽ, കേരളത്തിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. അയ്യാ വൈകുണ്ഠര് (1809 - 1851), ആറാട്ടുപുഴ വേലായുധപ്പണിക്കർ (1825 - 1874), തൈക്കാട് അയ്യാവ് (1814-1909), ചട്ടമ്പിസ്വാമി (1853-1924), ശ്രീനാരായണഗുരു (1856-1928), അയ്യങ്കാളി (1863 - 1941), വാഗ്ഭടാനന്ദൻ (1885-1939), തുടങ്ങിയ സാമൂഹികപരിഷ്‌ക്കർത്താക്കളുടെ പരമ്പര അന്നത്തെ ജാതിവ്യവസ്ഥപ്രകാരം അവർണ്ണരോ കുറഞ്ഞപക്ഷം ശൂദ്രരെങ്കിലുമോ ആയിരുന്നു. ആ വിഭാഗങ്ങളിൽ തുടങ്ങിയ പരിഷ്‌ക്കരണങ്ങൾ മറ്റു ജാതികളെ സ്വാധീനിക്കുകയും അവയ്ക്കുള്ളിൽ പരിഷ്‌ക്കരണങ്ങൾക്കു വഴിതുറക്കുകയും ആയിരുന്നു. മന്നത്തിന്റെയും പുരോഗമനവാദികളായ ഒരുപിടി ബ്രാഹ്‌മണയുവാക്കളുടെയും ഉണ്ണിനമ്പൂതിരി മാസികയുടെയും ഒക്കെ നേതൃത്വത്തിൽ സവർണവിഭാഗങ്ങളിലും മാറ്റമുണ്ടായി.

കേരളീയ സമൂഹ നവീകരണത്തിലും മതമുക്തി ഒരു ലക്ഷ്യമായി മുന്നിൽ വന്നില്ലെങ്കിലും മതത്തെ നിഷേധിക്കുന്ന നിലയിലേക്ക് ചിലപ്പോഴെങ്കിലും എത്തിയിരുന്നു. സാമൂഹികപരിഷ്‌ക്കർത്താക്കളിൽ ആദ്യപഥികനായ അയ്യാ വൈകുണ്ഠൻ "ഒരു മതം' എന്ന ആശയം ഉയർത്തിയതായി കാണാം. ഒരു മതം എന്നാൽ എല്ലാ മതങ്ങളെയും നിഷേധിക്കൽതന്നെയാണ്. ശ്രീനാരായണഗുരുവും ദർശനവികാസത്തിന്റെ പാരമ്യത്തിൽ "നമുക്കു ജാതിയോ മതമോ ഇല്ല' എന്നു വിളംബരം ചെയ്തിട്ടുണ്ടല്ലോ.

യൂറോപ്യൻ നവോത്ഥാനത്തിന്റെ അടിസ്ഥാനമൂല്യങ്ങളായിരുന്ന മതദൈവവിശ്വാസങ്ങളുടെ നിരാസം സഹോദരൻ അയ്യപ്പൻ, ബ്രഹ്‌മാനന്ദശിവയോഗി, വി.റ്റി. ഭട്ടതിരിപ്പാട്, എം.സി. ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപിള്ള തുടങ്ങിയവരിലും രാജ്യാധികാരം ചോദ്യം ചെയ്യൽ അയ്യാ വൈകുണ്ഠരിലും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയിലും കാണാം. പൊയ്കയിൽ അപ്പച്ചൻ, വക്കം അബ്ദുൾ ഖാദർ, കൃഷ്ണാദി ആശാൻ, കെ.പി. കറുപ്പൻ, കെ.പി. വള്ളോൻ തുടങ്ങി പലരിലും നവോത്ഥാനമൂല്യങ്ങളുടെ സ്വാധീനത കാണാനാകും.

മുലക്കരത്തിന്റെ രക്തസാക്ഷിയായി കണക്കാക്കുന്ന നങ്ങേലി, ദക്ഷിണ-മദ്ധ്യ-ഉത്തരകേരളങ്ങളിൽ മാറുമറയ്ക്കൽ സമരങ്ങൾ നയിച്ചവർ, പത്തിയൂരിൽ മുട്ടിനു താഴേക്കുള്ള മുണ്ടുടുത്തും പന്തളത്തു മൂക്കുത്തി ധരിച്ചും കൊല്ലത്തും മറ്റു തെക്കൻദിക്കുകളിലും കല്ലുമാല പൊട്ടിച്ചെറിഞ്ഞും പ്രതിഷേധിച്ച പേരറിയാത്ത ആയിരങ്ങൾ, ആദ്യ ബ്രാഹ്‌മണ വിധവാവിവാഹം നടത്തിയ നങ്ങേമ, ഘോഷ ബഹിഷ്‌ക്കരിച്ച പാർവ്വതി നെന്മേനിമംഗലം, ആര്യ പള്ളം, മുസ്​ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു പരിശ്രമിച്ച ഹലീമ ബീവി, മറക്കുടയ്ക്കുള്ളിലെ മഹാനരകവും അടുക്കളയും ഉപേക്ഷിച്ച് അരങ്ങത്തേക്കു വന്ന അനവധി സ്ത്രീകൾ... ഇവരെല്ലാം നയിച്ച സ്ത്രീവിമോചനത്തിന്റെ ധാരയും കേരളത്തിലുണ്ട്.

പ്രബോധനബോധവത്ക്കരണങ്ങൾക്കൊപ്പം യാഥാസ്ഥിതികത്വത്തിന്റെ അടിത്തറ ഇളക്കുന്നതരം പ്രവർത്തനങ്ങളും കേരളീയ സാമൂഹികപരിഷ്‌ക്കരണങ്ങളുടെ വ്യത്യസ്തത ആയിരുന്നു. സവർണ്ണാധിപത്യത്തോടുള്ള യുദ്ധപ്രഖ്യാപനങ്ങൾതന്നെ ആയിരുന്നു മിക്കതും. അയ്യാ വൈകുണ്ഠർ നയിച്ച സ്ത്രീകളുടെ മേൽശീലസമരവും പന്തിഭോജനവും തലയിൽക്കെട്ടി ആരാധന നടത്തിയതും വിഗ്രഹങ്ങൾ മാറ്റി കണ്ണാടി പ്രതിഷ്ഠിച്ചതും "സമത്വസമാജം' സ്ഥാപിച്ചതും തിരുവിതാംകൂർ, മദിരാശി ഭരണകർത്താക്കളെ അനന്തപുരിയിലെ കലിനീചനെന്നും വെൺനീചനെന്നും വിളിക്കാനും നിലപാടുകളുടെ പേരിൽ ജയിലിൽ പോകാനും ധൈര്യം കാട്ടിയതുമൊക്കെ ആ കാലം ഓർക്കുമ്പോൾ അവിശ്വസനീയമാണ്. സ്ത്രീയും പുരുഷനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് അന്നു പറയുമ്പോൾ അത് എത്രമാത്രം ആധുനികമായിരുന്നു എന്ന് ഓർക്കണം.

തൊഴിലാളിസ്ത്രീ മുട്ടിനുതാഴേക്കു നീട്ടിയുടുത്ത മുണ്ടു വലിച്ചഴിച്ച മാടമ്പിധാർഷ്ട്യത്തിനെതിരെ കൃഷിത്തൊഴിലാളികളുടെ പണിമുടക്കു നടത്തിച്ചതും കീഴ്ജാതിത്വംകല്പിച്ചു വിലക്കിയിരുന്ന മൂക്കുത്തി ധരിച്ച മൂക്കടക്കം സവർണ്ണർ പറിച്ചപ്പോൾ കുട്ട നിറയെ മൂക്കുത്തി പണിയിച്ചു സ്ത്രീകളെക്കൊണ്ടു ധരിപ്പിച്ചതും അബ്രാഹ്‌മണർ ചെയ്തുകൂടെന്നു വിലക്കപ്പെട്ടിരുന്ന വിഗ്രഹപ്രതിഷ്ഠയും ക്ഷേത്രസ്ഥാപനവും നടത്തിയതും ഈഴവർക്കായി കഥകളിയോഗം സംഘടിപ്പിച്ചതും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വിപ്ലവാത്മകപ്രവർത്തനങ്ങൾ ആയിരുന്നു. അയ്യങ്കാളിയുടെ വില്ലുവണ്ടിസമരവും വിദ്യാഭ്യാസത്തിനായി നടത്തിയ സമരവും പണിമുടക്കവും ശ്രീനാരായണഗുരുവിന്റെ വിഗ്രഹപ്രതിഷ്ഠയുമെല്ലാം യാഥാസ്ഥികത്വത്തിനെതിരായ കലാപങ്ങൾതന്നെ ആയിരുന്നു. മൃതദേഹം എന്തു ചെയ്യണം എന്നതിന് ചക്കിലാട്ടി തെങ്ങിനിടാം എന്നൊക്കെയുള്ള ഗുരുവിന്റെ മറുപടികൾ മരണവും കർമ്മഫലവും ഒക്കെയായി ബന്ധപ്പെട്ടു നിലനിന്ന ധാരണകളുടെ അടിവേരു പറിക്കുന്നതായിരുന്നു.

മതത്തെയും ഗുരുവിന്റെ വിഗ്രഹപ്രതിഷ്ഠയെയും സഹോദരന്റെ പുരോഗമനപ്രവർത്തനങ്ങളിലെ "മിശ്രം' എന്ന പരികല്പനയെപ്പോലും അദ്വൈതത്തിന്റെ പ്രയോഗപാഠങ്ങളിലൂടെ നിഷേധിച്ചയാളാണ് മലബാറിൽ പ്രീതിഭോജനവും പ്രീതിവിവാഹവും മാറുമറയ്ക്കൽ സമരവും വിഗ്രഹങ്ങൾ കുളത്തിലെറിയുന്ന പ്രതിമോച്ചാടനവും ചാത്തൻ അടക്കമുള്ള അന്ധവിശ്വാസങ്ങൾക്കും ജാതിവിവേചനങ്ങൾക്കും എതിരായ പ്രവർത്തനങ്ങളും സംഘടിപ്പിച്ച വാഗ്ഭടാനന്ദൻ.

യുക്തിവാദി പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഗ്രന്ഥശാലാ പ്രസ്ഥാനം അടക്കമുള്ള മറ്റു പുരോഗമനപ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോയ ഈ മുന്നേറ്റമാണ് കേരള സംസ്ഥാനത്തിന്റെ ആദ്യജനാധിപത്യഭരണം കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഏല്പിക്കുന്നിടത്തേക്ക് എത്തിച്ചത്. ആ സർക്കാരും വിപ്ലവാത്മകമായ ഒട്ടേറെ പരിഷ്‌ക്കാരങ്ങൾക്കു തുടക്കമിട്ടു. ഇതൊക്കെയാണു കേരളത്തെ വ്യത്യസ്തമാക്കിയത്.

നാശം വിതച്ച പ്രതിനവോത്ഥാനം

എന്നാൽ, കേരളത്തെ ലോകോത്തരം ആക്കുമായിരുന്ന ഈ പുരോഗതി 1959-ലെ വിമോചനസമരത്തോടെ അട്ടിമറിക്കപ്പെട്ടു. മത ജാതി വർഗീയ ശക്തികൾ രാഷ്ട്രീയത്തിൽ ശക്തമായി ഇടപെടുകയും വലതുപക്ഷ രാഷ്ട്രീയം അതിനോടു കൂട്ടുചേരുകയും മാദ്ധ്യമങ്ങൾ എല്ലാ ധാർമികതയും വെടിഞ്ഞു പ്രചണ്ഡപ്രചാരണം നടത്തുകയുംചെയ്തു നടന്ന ആ രാഷ്ട്രീയാഭാസം ഇടതുപക്ഷമുന്നേറ്റത്തെ തകർത്തു. ജാതിമതങ്ങൾക്കതീതമായി ചിന്തിച്ചിരുന്ന ജനസമൂഹം വർഗീയമായി ചേരിതിരിക്കപ്പെട്ടു. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തനിച്ചുള്ള ജയസാദ്ധ്യതയെ വിദൂരമാക്കി.

ജാതിമതദൈവവിഷയങ്ങളിൽ ശാസ്ത്രീയസമീപനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ പാർട്ടികളെ ഭയപ്പെടുത്തുന്ന അവസ്ഥ ഇതു സൃഷ്ടിച്ചു. ഈ മതജാതിഭയം പിന്നീട് മറ്റു മതനിരപേക്ഷപ്പാർട്ടികളെയും ബാധിച്ചു. മതജാതികളെ "പിണക്കാതെ'യുള്ള നയസമീപനങ്ങൾ കേരളരാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത് അങ്ങനെയാണ്. മതാധിഷ്ഠിത പാർട്ടികളുടെ അതിജീവനം സാദ്ധ്യമായതും അങ്ങനെയാണ്. നവോത്ഥാനം സംഭവിച്ച സമൂഹങ്ങളിൽ രാഷ്ട്രീയത്തിലും ഭരണത്തിലും നിന്ന്​ പുറത്താക്കപ്പെട്ടതും ജനാധിപത്യത്തിൽ പങ്കൊന്നും ഉണ്ടായിക്കൂടാത്തതും ഫ്യൂഡലിസത്തിന്റെ പ്രയോഗോപകരണങ്ങൾ ആയിരുന്നതുമായ ജാതിമതങ്ങൾ സമ്മർദ്ദരാഷ്ട്രീയത്തിലൂടെ ജനാധിപത്യത്തിൽ നിരന്തരം ഇടപെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതും അങ്ങനെയാണ്.

പുതിയ ലോകത്ത് മതം സ്വയം അപ്രസക്തമാകുമ്പോഴാണ് ഇവിടെ കാര്യങ്ങൾ ഇങ്ങനെ തലകീഴ് മറിയുന്നത് എന്നോർക്കണം. വികസിതലോകമായ യൂറോപ്പിലും അമേരിക്കയിലും പള്ളികൾ അടച്ചുപൂട്ടുന്നതിന്റെ എത്ര വാർത്ത വേണമെങ്കിലും ഓൺലൈനിൽ കാണാം. മെച്ചപ്പെട്ട ജീവിതവും സാമൂഹികസുരക്ഷയും അന്ധവിശ്വാസജഠിലമായ കെട്ടുപാടുകളിൽനിന്ന് ആധുനികനാഗരീകതയിലേക്കുള്ള കുടിപാർപ്പും പുതിയ വിജ്ഞാനങ്ങളും മനുഷ്യരുടെ സന്തോഷസൂചിക ഉയർത്തുന്നതായും അതിനൊത്ത് മതദൈവവിശ്വാസങ്ങളിൽനിന്ന് അവർ മോചിതരാകുന്നതായുമാണു പഠനങ്ങൾ കാണിക്കുന്നത്. സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ ഇതിന്റെ സാക്ഷ്യങ്ങളാണ്.
കേരളത്തിൽ സംഭവിച്ച മറ്റൊരു പ്രതിഭാസം, പിന്നീടു വ്യവസായമായി മാറിയ സേവനമേഖലകളിൽ ജാതിമതങ്ങൾ സ്ഥാപിച്ച ആധിപത്യമാണ്.

വിദ്യാഭ്യാസവും ചികിത്സയും ആവശ്യമായവർ, അവിടങ്ങളിൽ തൊഴിൽ കിട്ടാവുന്നവർ, ഒക്കെ അതിനോടു ചേർന്നുനില്ക്കാൻ പ്രേരിതരായി. ഈ വലിയ ആസ്തികൾ ആ സംഘടനകളെ കൂടുതൽ ആകർഷകമാക്കുകയും അവയ്ക്കു കൂടുതൽ ജനങ്ങളിൽ സ്വാധീനത വളർത്തുകയും ചെയ്തു.
വിദ്യാഭ്യാസമേഖലയെ മതനിരപേക്ഷമാക്കുക എന്ന ആധുനികദൗത്യം ഇതോടെ അസാദ്ധ്യമായി. മതാത്മകമായ ഉള്ളടക്കങ്ങളും ആരാധനകളും വസ്ത്രധാരണവും മറ്റു പലതും അത്തരം സ്ഥാപനങ്ങളിൽ നിർബാധം നടപ്പാക്കപ്പെട്ടു. അത് പുതിയതലമുറകളെയും ജാതിമതദൈവങ്ങളിൽ തളച്ചിട്ടു. മക്കോളെയുടെ ഗുമസ്ത വിദ്യാഭ്യാസ പദ്ധതിയെപ്പറ്റിയൊക്കെ വാതോരാത്ത പ്രസംഗങ്ങൾ ഉണ്ടായെങ്കിലും ആ സംവിധാനത്തിന്റെ ഉള്ളടക്കവും അലകും പിടിയും പരിഷ്‌ക്കരിക്കുക എന്ന അനിവാര്യദൗത്യവും അസാദ്ധ്യമായി.

സമീപകാലത്തുപോലും പാഠഭാഗങ്ങളിലെ മതനിരപേക്ഷ പരാമർശങ്ങൾക്കെതിരെ ശബ്ദമുയർത്താൻ മതശക്തികൾക്കു ധൈര്യം പകരുന്ന അവസ്ഥ ഇതിന്റെയൊക്കെ സൃഷ്ടിയാണ്. കമ്മ്യൂണിസ്റ്റുവിരുദ്ധപത്രങ്ങളും ഇതെല്ലാം ഊട്ടിയുറപ്പിച്ചുകൊണ്ടിരുന്നു.

പണമോ സ്വാധീനമോ പഠിപ്പോ ബുദ്ധിജീവിയെന്ന ബോധമോ കാരണം വരേണ്യത്വം സ്വയം കല്പിച്ച, മിക്കവാറും മദ്ധ്യവർഗ്ഗത്തിലും ഉപരിവർഗ്ഗത്തിലും നിന്നുള്ള, കമ്മ്യൂണിസ്റ്റുപാർട്ടിവിരുദ്ധർ എന്ന ഒരുവിഭാഗത്തെ സൃഷ്ടിക്കാനും ഈ കാലഘട്ടത്തിനു കഴിഞ്ഞു. എം. ഗോവിന്ദന്റെ പൈതൃകം പേറുന്നവരുമുണ്ട് കൂട്ടത്തിൽ. കമ്മ്യൂണിസ്റ്റുകൾ എന്ന ലേബലോടെയാണ് "സ്വതന്ത്രവ്യക്തി'കളായി നിന്ന് ഇവർ ഭാഷ്യങ്ങൾ ചമച്ചുവന്നിരുന്നത്. എന്നാൽ, വിപ്ലവം സംഘടിപ്പിക്കാൻ ബഹുജനപ്രസ്ഥാനം വേണം എന്ന അടിസ്ഥാനതത്വം, പ്രസ്ഥാനങ്ങളിൽ ചേരാത്ത ഇവർ വിസ്മരിക്കുന്നതായും കാണാം. ജാതിബോധചിന്തയുടെ അവശിഷ്ടമായ ചില ബോദ്ധ്യങ്ങളും - തൊഴിലാളികളും മറ്റും അധമരാണെന്നും അവർക്കൊക്കെ രാഷ്ട്രീയം പറയാൻ കഴിയുമോ, അവർ പറഞ്ഞാൽ തെറ്റാവില്ലേ, ഞങ്ങളൊക്കെ പറഞ്ഞാലല്ലേ രാഷ്ട്രീയമാകൂ എന്നുമൊക്കെയുള്ള കോംപ്ലക്‌സ് - ഇവരിൽ ചിലരുടെ കമ്മ്യൂണിസ്റ്റുപാർട്ടിവിരുദ്ധതയ്ക്കു കാരണമാണെന്ന് മനഃശാസ്ത്രവിശകലനത്തിൽ കണ്ടെത്താനാകും. ഇഎംഎസിനും നായനാർക്കും ഇല്ലായിരുന്ന പാതിത്യം വിഎസിനും പിണറായിക്കും ഇക്കൂട്ടരിൽ ചിലർ കല്പിക്കുന്നതിന്റെ യുക്തിയും മറ്റൊന്നല്ല. ഇവരുടെ നിലപാടുകൾ വലതുപക്ഷത്തെയോ പലപ്പോഴും തീവ്രവലതുപക്ഷത്തെയോ ഒക്കെ സഹായിക്കുന്നവയാകുന്നതും ഇത്തരം കാരണങ്ങൾകൊണ്ടുതന്നെ. ഇത്തരക്കാരുടെ എഴുത്തുകളും പ്രസംഗങ്ങളും യുവതലമുറകളിൽ ചിലരെയെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് അകറ്റിനിർത്തി.

സഹോദരനിലും വി.ടി ഭട്ടതിരിപ്പാടിലും എം.സി. ജോസഫിലും കുറ്റിപ്പുഴയിലും എ.ടി. കോവൂരിലുംനിന്നു മുന്നോട്ടുപോകേണ്ടിയിരുന്ന യുക്തിചിന്തയെ ചെറിയതോതിലെങ്കിലും വളർത്താൻ കഴിയുമായിരുന്ന യുക്തിവാദിപ്രസ്ഥാനത്തെ കേവലയുക്തിവാദം, യാന്ത്രികയുക്തിവാദം എന്നെല്ലാമുള്ള ലേബലുകൾ ചാർത്തി എതിർത്തതും കേരളീയനവോത്ഥാനശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ്. അടിത്തറയും ചുമരും മേല്ക്കൂരയുമൊക്കെയുള്ള സിദ്ധാന്തപ്രകാരം യുക്തിചിന്തയെ സമീപിക്കുന്നവർക്ക് അതിനുള്ള അവകാശം ഉള്ളതുപോലെ അത്തരം സമീപനത്തോടെയല്ലാതെ യുക്തിചിന്ത പ്രചരിപ്പിക്കുന്നവരും സ്വതന്ത്രമായി പ്രവർത്തിക്കട്ടെ എന്ന ജനാധിപത്യബോധം അക്കാര്യത്തിൽ പുലർത്താൻ കഴിയാതിരുന്നത് അതിൽനിന്ന് ഇടതുപക്ഷത്തുള്ള വലിയൊരുവിഭാഗത്തെ അകറ്റി. എന്നാൽ, മറുഭാഗമാകട്ടെ ആ നിലയിൽ ആ ദൗത്യം ഏറ്റെടുത്തതായും കണ്ടില്ല.

മാറുന്ന കാലവും ദൗത്യവും

ആധുനികമാകുന്നതിൽനിന്നു നമ്മെ തടഞ്ഞതും നമ്മെ പിന്നോട്ടു നയിച്ചതുമായ എല്ലാ ഘടകങ്ങളോടും പോരാടി, നമുക്കുണ്ടായ പിഴവുകളെല്ലാം തിരുത്തി, കേരളസമൂഹത്തെ ആധുനികവത്ക്കരിക്കുകയും അവിടെനിന്നു മുന്നോട്ടു കൊണ്ടുപോകുകയും ആണല്ലോ ഒരു സമൂഹമെന്ന നിലയിൽ നമുക്കു മുന്നിലുള്ള ദൗത്യം. അതിനുള്ള സാഹചര്യം ഉടലെടുത്തിരിക്കുന്നു എന്നതാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത. വിമോചനസമരത്തിനു സാക്ഷികളായ തലമുറയും അതിന്റെ സ്വാധീനത ഉണ്ടായിരുന്ന പിൻതലമുറയും ഏതാണ്ട് പിന്മാറിയിരിക്കുന്നു. ശേഷിക്കുന്നവരിൽ അതൊരു സ്വാധീനതാഘടകമായി അവശേഷിക്കുന്നുമില്ല.

വിമോചന സമരാനന്തരവും പുരോഗമനാത്മകമായ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ, കവിതകൾ, മറ്റു സാഹിത്യങ്ങൾ, ലേഖനങ്ങൾ, പ്രസംഗങ്ങൾ, ഇടതുരാഷ്ട്രീയപ്പാർട്ടികളുടെയും മറ്റു പ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങൾ ഒക്കെ തുടരുന്നുണ്ടയിരുന്നല്ലോ. അവയുടെ സമൂഹത്തിലെ സ്വാധീനതയും സമൂഹപ്രതികരണങ്ങളും ആധുനികതയുടെ മൂല്യങ്ങളെ ജ്വലിപ്പിച്ചുനിർത്തി. അടിയന്തരാവസ്ഥയെ തുടർന്നുണ്ടായ ആശയപ്രചാരണവും വർഗ്ഗീയരാഷ്ട്രീയത്തിന്റെ വളർച്ച ഉയർത്തിയ ഉത്ക്കണ്ഠകൾ സൃഷ്ടിച്ച പ്രതിരോധപ്രവർത്തനങ്ങളുമൊക്കെ കേരളത്തെ ഉണർത്തിനിർത്തി.
നഗരവത്ക്കരണത്തിലും വിദ്യാഭ്യാസത്തിലും ഉണ്ടായ മുന്നേറ്റവും ഇന്റർനെറ്റും സ്മാർട്ട് ഫോണും കൊണ്ടുവന്ന അതിവിപുലമായ ആഗോളവിവരലഭ്യതയും അടക്കമുള്ള പല ഘടകങ്ങളും തലമുറമാറ്റത്തെ വിമോചനസമരാനന്തരബോധങ്ങളിൽനിന്നു ബഹുദൂരം മുന്നോട്ടു കൊണ്ടുപോയി. അതിന്റെകൂടി സാക്ഷ്യമാണ് 1987-മുതൽ ഒന്നിടവിട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേൽക്കൈയുള്ള ഭരണവും 2016 മുതൽ തുടർഭരണവും സാദ്ധ്യമായത്. കലാലയങ്ങളിലും സർവ്വകലാശാലകളിലും പ്രൊഫഷണൽ കോളെജുകളിലും ഐറ്റിഐകളിലുമൊക്കെ വലിയ ഭൂരിപക്ഷത്തോടെ എസ്.എഫ്.ഐ. തുടർച്ചയായി വിജയിക്കുന്നതും ഇതുതന്നെയാണു പറയുന്നത്.

എന്നാൽ, ഈ പ്രതീക്ഷകളെയെല്ലാം തകർക്കാൻപോരുന്ന ആസൂത്രിതമായ പ്രവർത്തനങ്ങളാണ് ഭൂരിപക്ഷ-ന്യൂനപക്ഷവർഗ്ഗീയശക്തികൾ ഒരുപോലെ നടത്തിവരുന്നത്. നൈതികതയൊന്നും വിഷയമല്ലാത്തതിനാൽ അവർ ഏതറ്റംവരെയും പോകും. വർഗീയത വളർത്താനും ചേരിതിരിവും അസഹിഷ്ണുതയും സൃഷ്ടിക്കാനും കലാപങ്ങൾക്കു മനസുകളെ സജ്ജമാക്കാനുമുള്ള അതിവിപുലമായ പ്രവർത്തനമാണ് അവർ നടത്തുന്നത്. യൂണിയൻ സർക്കാരിന്റെ നിയന്ത്രണം കൈയടക്കിയ തീവ്രവലതുരാഷ്ട്രീയം ചരിത്രബോധവും ശാസ്ത്രബോധവും യുക്തിബോധവുമെല്ലാം അട്ടിമറിക്കാൻ നടത്തുന്ന വിദ്യാഭ്യാസപരിഷ്‌ക്കാരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പരിശ്രമങ്ങളും അതിലേറെ വലിയ വിപത്തായി വളരുന്നു.

ആയിരം വാക്കിനെക്കാൾ ശക്തിയുള്ള ചെറുപ്രവൃത്തികളിലൂടെ അതിശക്തമായാണ് അവർ ആശയങ്ങൾ മനസിൽ പതിപ്പിക്കുന്നത്. ഗാന്ധിജിയുടെ ചിത്രത്തിൽ നിറയൊഴിക്കുന്നതും ആൾക്കൂട്ടാക്രമണവും കൊലയും വീഡിയോ പിടിച്ചു പ്രചരിപ്പിക്കുന്നതും ഭക്ഷണത്തിൽ തുപ്പുന്ന വീഡിയോ നിർമ്മിച്ചു പ്രചരിപ്പിക്കുന്നതുമൊക്കെ അത്രമാത്രം ആസൂത്രണത്തോടെയാണ്.

"ശാസ്ത്രബോധമില്ലാത്ത ശാസ്ത്രജ്ഞാന'ത്തിന്റെ വെളിവാകലാണ് തേങ്ങ ഉടച്ച് റോക്കറ്റ് വിടലും റോക്കറ്റിന്റെ മാതൃകയുണ്ടാക്കി ക്ഷേത്രത്തിൽ കാഴ്ചവയ്ക്കലുമൊക്കെ. അക്ഷയത്രിതീയ, വലംപിരിശംഖ്, മാന്ത്രികരത്‌നങ്ങൾ, ചരട്, സാമിമാർ, ജ്യോത്സം, വാസ്തു... പുതുതായി പ്രചരിപ്പിക്കപ്പെടുന്നവയാണു പലതും. യോഗ, വേദിക്ൾ സയൻസ് എന്നിങ്ങനെ കപടശാസ്ത്രവ്യാഖ്യാനങ്ങൾ ഏറിവരുന്നു. അന്ധവിശ്വാസങ്ങളുടെ പ്രയോക്താക്കൾ ഹൈട്ടെക്കാകുന്നു. കൃത്രിമോപഗ്രഹങ്ങൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ശാസ്ത്രവിരുദ്ധത പ്രചരിപ്പിക്കുന്നു! ആത്മീയത വ്യവസായവും കാഷായം നല്ല ബ്രാൻഡും ആയിരിക്കുന്നു. ദൈവത്തിൽനിന്ന് ആൾദൈവത്തിലേക്കുള്ള മാറ്റം അധഃപതനമായി മനസിലാക്കാൻപോലും വിശ്വാസികൾക്കു കഴിയുന്നില്ല. ജാതിയും ശൈശവവിവാഹവും വരെ നീതിമത്ക്കരിക്കപ്പെടുന്നു! അന്ധവിശ്വാസങ്ങളും കെട്ടുകഥകളും ചരിത്രമാക്കുന്നു.

സയൻസിനെ തദ്ദേശീയമോ മതാത്മകമോ ആയ ചട്ടക്കൂട്ടിൽ അവതരിപ്പിക്കുന്ന പ്രതിനവോത്ഥാനം ശക്തമാകുന്നു. എല്ലാ ആധുനികതയെയും വീടിന്റെയും സമൂഹത്തിന്റെയും പടിക്കുപുറത്തു നിർത്തുകയും ലബോറട്ടറിയിൽ മാത്രം പ്രയോഗിക്കപ്പെടുന്ന കാര്യമായി സയൻസിനെ മനസിലാക്കുകയും ചെയ്യുന്നു. സയൻസ് സ്വീകാര്യവും ശാസ്ത്രബോധം അസ്വീകാര്യവും ആകുന്നു. NBIC സാങ്കേതികവിദ്യകൾ എന്നു വിളിക്കുന്ന നാനോടെക്‌നോളജി, ബയോടെക്‌നോളജി, ഇൻഫർമേഷൻ ടെക്‌നോളജി, കോഗ്‌നിറ്റീവ് സയൻസ് തുടങ്ങിയവയുടെ സമന്വയത്തിന്റെ സാദ്ധ്യതകളെപ്പറ്റിയുള്ള ചർച്ചകളെ ശാസ്ത്രീയമനോഭാവത്തിൽനിന്നു മാറ്റി മതാത്മകമക്കുന്നതുപോലും നാം കാണുന്നു.

തുടക്കത്തിൽ പറഞ്ഞതുപോലെ, നിലവിലുള്ള പുരോഗമനാത്മകതയെ മുന്നോട്ടു കൊണ്ടുപോകുകയും ഇത്തരം പ്രതിലോമതകളെയെല്ലാം ചെറുത്തുതോല്പിക്കുകയും ചെയ്യുക എന്ന അതിഭാരിച്ച കടമയാണ് ഇടതുപക്ഷവും മറ്റു പുരോഗമനാശയക്കാരും ഏറ്റെടുക്കാനുള്ളത്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ളതാണ് സി.പി.ഐ.(എം)-ന്റെ പുതിയ തീരുമാനം എന്നാണു മനസിലാക്കേണ്ടത്. അതിൽ പറയുന്ന ശാസ്ത്രബോധം, ചരിത്രബോധം, യുക്തിബോധം എന്നിവയുടെ വളർത്തൽ ആ പദങ്ങളുടെ കേവലാർത്ഥങ്ങൾക്കപ്പുറം ഒരു സമൂഹത്തെയാകെ മാറ്റിമറിക്കുന്ന, ഓരോ വ്യക്തിയെയും സംസ്‌ക്കരിക്കുന്ന, കുടുംബങ്ങളെ വിപ്ലവാത്മകമായി മാറ്റിപ്പണിയുന്ന, വിദ്യാഭ്യാസം അടക്കമുള്ള സകലസാംസ്‌ക്കാരികമണ്ഡലങ്ങളെയും പുതുക്കിപ്പണിയുന്ന, അത്യന്തം ആഴത്തിലുള്ള ഒരു പരിവർത്തനപ്രക്രിയയായി വിഭാവനം ചെയ്യേണ്ടതുണ്ട്.

വേണ്ടത് ജ്ഞാനാടിത്തറ

ഇന്നത്തെ യഥാർത്ഥദൗത്യം ശാസ്ത്രബോധവും ചരിത്രബോധവും യുക്തിബോധവും സാമൂഹികബോധവും സമൂഹത്തിൽ വളർത്തി എല്ലാത്തരം പ്രതിലോമതകളെയും ചെറുക്കുക എന്നതാണല്ലോ. അത് ശരിയായ പ്രപഞ്ചദർശനത്തിന്മേലാണു കെട്ടിപ്പടുക്കേണ്ടത്.
പ്രപഞ്ചദ്രവ്യമാകെ രൂപപ്പെട്ടിരിക്കുന്ന അടിസ്ഥാനകണങ്ങളല്ലാതെ മറ്റൊന്നല്ല നമ്മളും എന്ന ബോദ്ധ്യമാണ് ഒന്നാമത്തേത്. ക്വാർക്കുകൾ എന്ന ആ അടിസ്ഥാനകണങ്ങൾ ചേർന്ന് ഇലക്ട്രോണാദിയായ കണികകൾ, ആറ്റങ്ങൾ, തന്മാത്രകൾ, അവയുടെ സംഘാതങ്ങളായ മൂലകങ്ങൾ, സംയുക്തങ്ങൾ, ഈ ദ്രവ്യവും ഊർജ്ജവും സ്ഥലകാലങ്ങളും ചേർന്ന പ്രപഞ്ചം, അതിന്റെ വികാസപരിണാമങ്ങൾ, മൂലകങ്ങളുടെ സംയോഗങ്ങളിലൊന്നിന്റെ സ്വഭാവമായ ജീവൻ, അതിന്റെ പരിണാമങ്ങൾ, എന്നിവയെല്ലാം ചേർന്ന ശരിയായ പ്രപഞ്ചവിജ്ഞാനം ശാസ്ത്രീയമായി ബോദ്ധ്യപ്പെടുത്തണം. ഇതൊരു ചെറിയ പദ്ധതിയല്ല.

ഈ പ്രപഞ്ചവിജ്ഞാനവും മനുഷ്യർ അത് ആർജ്ജിച്ച രീതിസമ്പ്രദായവുമാണ് നേരത്തേ പരിചയപ്പെട്ട ശാസ്ത്രബോധത്തിന്റെയും ശാസ്ത്രീയസമീപനത്തിന്റെയും അടിസ്ഥാനം. അതുപോലെതന്നെ മനുഷ്യവർഗ്ഗത്തിന്റെയും സമൂഹത്തിന്റെയും വികാസപരിണാമങ്ങളും അവ മനസിലാക്കാൻ അനുവർത്തിക്കുന്ന സമ്പ്രദായവും സമഗ്രമായി പരിചയപ്പെടുത്തുന്നതിലൂടെയേ ശരിയായ ചരിത്രബോധവും സൃഷ്ടിക്കാനാകൂ. ജനിതകവിജ്ഞാനവും ജീവനെയും മരണത്തെയും ഒക്കെപ്പറ്റിയുള്ള ശരിയായ അറിവുകളും ആത്മീയജീവിതം, ഭൗതികജീവിതം എന്നു രണ്ടില്ല എന്ന ബോദ്ധ്യം ഉറപ്പിക്കും. അതാണു മതപരതയിലും അന്ധവിശ്വാസങ്ങളിലും നിന്നു മനുഷ്യരെ മോചിപ്പിക്കുക. അതുകൊണ്ട് സയൻസിന്റെ ആധുനികശാഖകളെയും പുതിയ കണ്ടുപിടുത്തങ്ങളെയും പരിചയപ്പെടുത്തേണ്ടതുമുണ്ട്. ഇതൊന്നും ഇല്ലാതെ ഇൻഡ്യാചരിത്രത്തിലെ വിവാദഭാഗങ്ങളിൽ നിലപാടു വിവരിക്കുകയും ശാസ്ത്രബോധം എന്താണെന്നു പറയുകയും ചെയ്യുന്ന കുറെ പ്രഭാഷണങ്ങളും സെമിനാറുകളുംകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭ്യമാകില്ല.

കുട്ടികളിൽ ശാസ്ത്രബോധം പ്രഭാഷണങ്ങളിലൂടെ വളർത്താം എന്നു ചിന്തിക്കുന്നതുതന്നെ മൗഢ്യമാണ്. അതിനുള്ള സുദീർഘമായ കർമ്മപരിപാടികൾ ആവിഷ്‌ക്കരിച്ച്, പ്രാപ്തിയുള്ളവരെ കണ്ടെത്തി പരിശീലനം നല്കി, നടപ്പിലാക്കുകയാണു വേണ്ടത്. "കുട്ടികളും ശാസ്ത്രബോധവും', "ശാസ്ത്രാന്വേഷണ പ്രൊജക്റ്റുകൾ', "ലഘുശാസ്ത്ര പരീക്ഷണങ്ങൾ' എന്നിങ്ങനെ ലക്ഷ്യബോധത്തോടെ തയ്യാറാക്കിയ അനവധി പുസ്തകങ്ങളുണ്ട്. വിജ്ഞാനോത്സവം പോലുള്ള പരിപാടികൾക്കായി ശാസ്ത്രസാഹിത്യപരിഷത്ത് ആവിഷ്‌ക്കരിച്ചിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ വിവരിക്കുന്ന കൈപ്പുസ്തകങ്ങളുമുണ്ട്. സംഘബോധം വളർത്താൻ ബാലസംഘത്തിനായി പലരും എഴുതിയിട്ടുള്ള പുസ്തകങ്ങളുമുണ്ട്. ഇത്തരം സാമഗ്രികളിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നതരം പ്രവർത്തനങ്ങൾ മാതൃകയാക്കി ശില്പശാലകൾ നടത്തി ഒന്നോ രണ്ടോ വർഷത്തേക്കുവീതമുള്ള പ്രതിവാരപ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കുകയും അവ കൃത്യമായ കാലൻഡർ ഉണ്ടാക്കി നടപ്പാക്കുകയും ഫലപ്രദമായി മോനിട്ടർ ചെയ്യുകയും വീഴ്ചയോ ദൗർബല്യമോ ഉള്ളയിടങ്ങളിൽ ഇടപെടലും പുനഃപരിശീലനവും നടത്തി മെച്ചപ്പെടുത്തുകയും വേണം. രാഷ്ട്രീയ, സാമൂഹികസംഘടനകൾക്ക് ഈ ദൗത്യം ഏറ്റെടുക്കാനാകും. ശാസ്ത്രബോധം ചരിത്രബോധം, യുക്തിബോധം എന്നിവ കുട്ടികളിൽ വളർത്തിയാൽ നാളത്തെ കാര്യം അവർ നോക്കിക്കൊള്ളും.

മൂല്യനിർമിതിയും നവീകരണവും

പുതിയ മൂല്യങ്ങൾ ഉത്പാദിപ്പിക്കുകയും ആ മൂല്യങ്ങളെ നിരന്തരം നവീകരിക്കുകയും ചെയ്യുക എന്നതാണ് പരമപ്രധാനം. ബൂർഷ്വാമൂല്യങ്ങളിൽനിന്ന് എങ്ങനെയാണു മുന്നോട്ടു പോകുക? ഇക്കാര്യത്തിൽ മൂന്നു സമീപനങ്ങളാണല്ലോ ഉള്ളത്. ജനാധിപത്യമാണ് അവസാനത്തേത് എന്ന വാദം മാനവചരിത്രത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കാതെതന്നെ തള്ളാം. മറ്റൊന്ന്, ഇവയെയെല്ലാം കൂടുതൽ മെച്ചപ്പെടുത്താം എന്നതാണ്. പലരാജ്യങ്ങളിലും ജനാധിപത്യം കൂടുതൽ ജനകീയവും പങ്കാളിത്തപൂർണ്ണവും സുതാര്യവും സമത്വപൂർണ്ണവും ഒക്കെ ആക്കാനുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. പരിസ്ഥിതി, ലിംഗനീതി തുടങ്ങിയ പല കാര്യങ്ങളിലും പുതിയ ചിന്തകൾ നിരന്തരം വികസിച്ചുവരുന്നുമുണ്ട്. മൂന്നാമത്തേത് മുതലാളിത്തസമ്പ്രദായങ്ങളാകെ മാറ്റുന്ന വിപ്ലവമാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്യുന്ന തൊഴിലാളിവർഗ സർവ്വാധിപത്യത്തിന്റെ മൂല്യബോധം എങ്ങനെ ആയിരിക്കണം എന്നു നിർണ്ണയിക്കാൻ സാംസ്‌ക്കാരികവിപ്ലവത്തെപ്പറ്റി കമ്മ്യൂണിസ്റ്റ് താത്വികർ പങ്കുവച്ചിട്ടുള്ള ആശയങ്ങൾ അടിസ്ഥാനമാക്കി സാമൂഹികമായ വലിയ ബൗദ്ധികപ്രവർത്തനം ആവശ്യമാണ്.

സാസ്‌ക്കാരികരംഗത്തെ ബദൽ പരിപാടിയാണ്​ സുപ്രധാനമായ മറ്റൊന്ന്. ഇക്കഴിഞ്ഞ വർഷങ്ങളിൽ കാര്യമായ പ്രവർത്തനം നടത്താൻ കഴിയാതെ പോയ മേഖലയാണത്. കെ. സച്ചിദാനന്ദൻ അദ്ധ്യക്ഷനായി സംസ്ഥാന ആസൂത്രണബോർഡ് രൂപം നല്കിയ വർക്കിങ് ഗ്രൂപ്പ് (ഈ ലേഖകനും അതിൽ അംഗമായിരുന്നു) തയ്യാറാക്കിയ രേഖമുതൽ ബജറ്റ് പ്രസംഗങ്ങളിലെ പദ്ധതികൾവരെ ധാരാളം ആശയങ്ങൾ ഉണ്ടായെങ്കിലും ബഹുഭൂരിപക്ഷവും കർമ്മപഥത്തിൽ എത്തിക്കാനായില്ല.

മികച്ച സാംസ്‌ക്കാരികോത്പന്നങ്ങൾ കുറഞ്ഞ ചെലവിൽ ധാരാളമായി സൃഷ്ടിച്ചുലഭ്യമാക്കുക, മതനിരപേക്ഷവും പുരോഗമനാത്മകവുമായ പൊതുവിടങ്ങൾ വ്യാപകമായി വികസിപ്പിക്കുക, പ്രബുദ്ധമായ സാംസ്‌ക്കാരികമണ്ഡലം രൂപപ്പെടുത്തുക തുടങ്ങി വിപുലമായ പരിപാടികൾ ഈ രംഗത്തു നടപ്പാക്കേണ്ടതുണ്ട്. ആളുകൾക്കു കൂടാനും പ്രവർത്തിക്കാനും കൂട്ടായ്മകളും പ്രാദേശികമായി സാംസ്‌ക്കാരികോത്സവങ്ങളും ഉണ്ടാകണം. ഇമ്മാനുവൽ കാന്റുംമറ്റും സമ്മേളിച്ചു ചർച്ചകളും ആലോചനകളും നടത്തിയിരുന്ന 'ബർലിൻ വെനെസ്ഡേ സൊസൈറ്റി' പോലെയുള്ള പതിവുകൂട്ടായ്മകൾ ആശയോത്പാദനത്തിൽ പ്രധാനമാണ്.
ആചാരങ്ങളിൽ അഭിരമിക്കുന്ന മനുഷ്യമനസിനു സമാനമായ സംതൃപ്തിപകരുന്ന കൂടിച്ചേരലുകളുടെ പരിപാടികൾ കണ്ടെത്തണം.

കൂടിച്ചേരലുകൾ പുതിയ തലമുറകളെ ലക്ഷ്യമാക്കണം. ഇന്ന് കൂടുന്നവർ അവരല്ല. അവരുടെ താത്പര്യമേഖലകൾ കണ്ടത്തി അവയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണം. സമൂഹമാദ്ധ്യമം ഫലപ്രദമായി ഉപയോഗിക്കണം. അവയെ ഭൗതികമായ കൂട്ടായ്മകൾക്ക് ഉപകരണം ആക്കണം. പുതുതലമുറ 'മാസ്സാ'ണ്! അവരുമായി ഇടപഴകണം, അവരിൽനിന്നു പഠിക്കണം. അവരെയും പഠിക്കണം. പലതരം വിയോജിപ്പുകളാൽ അകന്നുനില്ക്കുന്ന യഥാർത്ഥ ഇടതുപക്ഷബുദ്ധിജീവികളെ തുറന്ന ചർച്ചകളിലൂടെ സമരമുന്നണിയിൽ അണിചേർക്കുക എന്നതും പ്രധാനസാംസ്‌ക്കാരികദൗത്യമാണ്. "നവകേരളത്തിന്റെ സാംസ്‌ക്കാരികദൗത്യം' എന്ന പേരിൽ ഒരു ലേഖനം ഈ ലേഖകൻ എഴുതിയിട്ടുള്ളതിനാൽ വിവരിക്കുന്നില്ല.

പുനഃപരിശോധന വേണ്ട ഒരു കാര്യംകൂടി പറയട്ടെ. ശബരിമല യുവതീപ്രവേശനലഹളയ്ക്കു പിന്നാലെ നടന്ന 2019-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തെത്തുടർന്ന് ആ വിഷയത്തിൽ ജനാഭിപ്രായം അറിയാനും നിലപാടു വിശദീകരിക്കാനുമായി നടത്തിയ ഭവനസന്ദർശനം പൊതുവിൽ സൃഷ്ടിച്ച പ്രതിച്ഛായ സ്ത്രീസമത്വനിലപാടിൽനിന്നു സിപിഐ(എം) പിന്നോട്ടുപോയി എന്നതാണ്. ഭവനസന്ദർശനം നടത്തിയ ചിലരെങ്കിലും തെറ്റുപറ്റി, ക്ഷമിക്കണം ലൈനിൽ പറഞ്ഞതായും അന്നു കേട്ടിരുന്നു. തെരുവിൽ ഫോട്ടോയും പിടിച്ചു നടന്ന വയോധികസമൂഹം, ഞാൻ നേരത്തേ പറഞ്ഞ, അതിവേഗം നിഷ്‌ക്രമിക്കുന്നതും വിമോചനസമരത്തിന്റെ മാറാലക്കെട്ടിൽ കിടക്കുന്നവരുമാണ്. അവരെയല്ല കമ്മ്യൂണിസ്റ്റ് പാർട്ടി കാണേണ്ടത്. വളർന്നുവരുന്ന തലമുറയെയാണ്. നിലപാടിൽനിന്നു പിന്നോട്ടുപോയി എന്ന തോന്നൽ അവരിൽ ധാരാളംപേരെ നിരാശരാക്കിയിട്ടുണ്ട്. ശബരിമലനിലപാട് പാർട്ടിക്കും മുന്നണിക്കും എതിരായല്ല, അനുകൂലമായാണു പ്രവർത്തിച്ചത് എന്നത് പിന്നാലെ നടന്ന തദ്ദേശഭരണതെരഞ്ഞെടുപ്പും നിയമസഭാതെരഞ്ഞെടുപ്പും തെളിയിക്കുകയും ചെയ്തല്ലോ. വിമോചനസമരം എന്ന ചൂടുവെള്ളത്തിന്റെ ഓർമ്മ ഈ പച്ചവെള്ളം കണ്ടപ്പോൾ പ്രവർത്തിച്ചുപോയതാകാം.

ജാതി-മതസംഘടനകളുടെയും അവയുടെ മേലാളരുടെയും കാര്യത്തിലും മുഖ്യമന്ത്രിയടക്കം എടുത്ത ആധുനികസമീപനമാണ് പുതിയകാലം ആഗ്രഹിക്കുന്നത്. ശബരിമലലഹളയെത്തുടർന്ന് മുഖ്യമന്ത്രി പങ്കെടുത്തു ജില്ലതോറും നടത്തിയ നവോത്ഥാനപ്രസംഗങ്ങളുടെ തുടർച്ചയാണു വേണ്ടിയിരുന്നത്. വിജ്ഞാനസമൂഹസൃഷ്ടിയിൽ പര്യാലോചന വേണ്ട കാര്യമാണ് ഇത്തരം കാര്യങ്ങളിലെ സമീപനം.

വേണം ബദൽ വികസനനയം

കാലാവസ്ഥാവ്യതിയാനവും മറ്റും മനുഷ്യരുടെയും പ്രകൃതിയുടെയുംതന്നെ നിലനില്പിനു ഭീഷണി ഉയർത്തിക്കഴിഞ്ഞിരിക്കെ പ്രകൃതിശോഷണത്തിലേക്കു നയിക്കുന്ന മുതലാളിത്തത്തിന്റെ അന്തവും വകതിരിവും ഇല്ലാത്തതും വിനാശകരവുമായ വികസനമാതൃകയ്ക്കുള്ള ജനപക്ഷബദൽ വികസിപ്പിക്കുക എന്നതാണ് മറ്റൊരു പ്രധാനകാര്യം. മുതലാളിത്തവികസനമാതൃക പിൻപറ്റാൻ ഇടതുപക്ഷവും നിർബ്ബന്ധിതമാകുന്നത് അതേപ്പറ്റിയുള്ള സമഗ്രമായ ചർച്ച സമൂഹത്തിൽ നടക്കാത്തതുകൊണ്ടാണ്. ആ വിഷയത്തിൽ സർഗ്ഗാത്മകമായ സംവാദത്തിനു കളമൊരുക്കുക എന്നത് പരിസ്ഥിതിക്കാര്യത്തിൽ സവിശേഷ കാഴ്ചപ്പാടുള്ള മാർക്‌സിസ്റ്റ് ദർശനം പിൻപറ്റുന്നവർ ഏറ്റെടുക്കേണ്ട ദൗത്യമാണ്. അത് ഏറ്റെടുക്കുകയും അതിനു തടസമാകുന്ന സമീപനങ്ങൾ അനുവർത്തിക്കുന്നവരെ തിരുത്തുകയും വേണം. ഈ വഴിക്കുള്ള ചർച്ചകൾ ലോകമെമ്പാടുമെന്നപോലെ കേരളത്തിലും വളർന്നുവരുമ്പോൾ അതിനു പുറംതിരിഞ്ഞുനിന്നാൽ പിൻതിരിപ്പൻ എന്നു മുദ്രകുത്തപ്പെടുമെന്നതും കാണണം.

കേരളത്തിലേക്കു നിക്ഷേപം ആകർഷിക്കുന്ന പ്രധാനഘടകങ്ങൾ അതിന്റെ പ്രകൃതിയും ശുദ്ധജലവും ശുദ്ധവായുവും മണ്ണും ശുചിത്വവും മികച്ച മനുഷ്യവിഭവവും ഒക്കെയാണ്. കെ-ഫോൺ വഴി ഉണ്ടാകാൻപോകുന്ന കണക്റ്റിവിറ്റിയും വൈദ്യുതിലഭ്യതയുമൊക്കെ അനുകൂലമാണ്. നാലു വിമാനത്താവളവും രണ്ടു തുറമുഖവും അനവധി ചെറു പോർട്ടുകളും ദേശീയജലപാതയും മറ്റു ജലഗതാഗതങ്ങളും വിനോദ-വിനോദയാത്രാസൗകര്യങ്ങളുമൊക്കെ ആകർഷകത്വങ്ങളാണ്.

നെടുനീളത്തിലും മറ്റിടങ്ങളിലേക്കു പിരിഞ്ഞുമുള്ള റയിൽവേയും ആറുവരിയായിത്തുടങ്ങിയ ദേശീയപാതകളും മലയോര, തീരദേശ സംസ്ഥാനഹൈവേകളും ഉണ്ട്. വലിയ പ്രകൃതിശോഷണം ഒഴിവാക്കിയുള്ള വികസനങ്ങൾ ഇക്കാര്യങ്ങളിൽ ആലോചിക്കുന്നതാണ് നിക്ഷേപാകർഷണത്തിനു ഗുണകരം. മനുഷ്യവിഭവത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കാകണം വിജ്ഞാനസമ്പദ്ഘടനയിൽ പ്രാമുഖ്യം.

വികസനത്തിൽ പല ബദൽ മാതൃകകളും നാം വികസിപ്പിച്ചിട്ടുണ്ടെങ്കിലും പൊതുവായ ഒരു ബദൽ വികസനസമീപനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അത് ആ രംഗത്തെ വിദഗ്ദ്ധർ ചെയ്യേണ്ടതാണ്. ഓരോ വികസനമേഖലയിലും ഇതുണ്ടാകണം. ഒരു ഉദാഹരണം മാത്രം പറയാം.
ഇപ്പോഴത്തെ വ്യാപകചർച്ചാവിഷയം ഗതാഗതമാണല്ലോ. ഇന്ന് ഏറ്റവുമധികം കാർബൺ ബഹിർഗ്ഗമനം സൃഷ്ടിക്കുന്നത് ഗതാഗതവും അതിനുണ്ടാക്കുന്ന സൗകര്യങ്ങളുമാണ്. നാളെയൊരിക്കൽ വൈദ്യുതവാഹനങ്ങൾ സാർവ്വത്രികമാകുന്നതോടെ വാഹനയിന്ധനം മൂലമുള്ള പ്രശ്‌നം കുറയാമെങ്കിലും ഗതാഗതത്തിനുള്ള അടിസ്ഥാനസൗകര്യങ്ങളും വാഹനങ്ങളുമൊക്കെ നിർമ്മിക്കുന്നതിൽ കുറവുണ്ടാകുകയില്ലല്ലോ. അധികവൈദ്യുതി ഉത്പാദിപ്പിക്കേണ്ടിയും വരും.

കേരളത്തിൽ ഇപ്പോൾ പ്രധാന ദേശീയപാത ആറുവരി ആക്കുന്ന പ്രവർത്തനം നടക്കുകയാണ്. അതേപ്പറ്റി വിവാദമൊന്നും കേൾക്കുന്നില്ല. സിൽവർ ലൈൻ എന്ന അതിവേഗ റെയിൽവേയെപ്പറ്റിയാണു വിവാദം. അതു വേണോ വേണ്ടയോ എന്ന ചർച്ചയൊക്കെ നടക്കട്ടെ. ഇപ്പോഴത്തെ സ്ഥിതിയിൽ പ്രത്യാഘാതങ്ങൾ പരമാവധി കുറച്ച് സിൽവർ ലൈൻ നടപ്പാക്കപ്പെടും എന്നാണു ഞാൻ കരുതുന്നത്. അതിനും ശേഷമുള്ള കാര്യമാണ് സൂചിപ്പിക്കുന്നത്.

ആറുവരി ദേശീയപാതയും സിൽവർലൈനും കൊണ്ട് കേരളത്തിന്റെ ഗതാഗതാവശ്യം നിറവേറ്റപ്പെടുമോ? തല്ക്കാലം നിറവേറിയാലും എത്രകാലത്തിനകം അവയും മതിയാകാതെയാകും? അപ്പോൾ എന്താണു വഴി? ഓരോ സർക്കാരും പുതിയപുതിയ മെഗാനിർമ്മാണപദ്ധതികൾ പ്രഖ്യാപിച്ചു നടപ്പാക്കിക്കൊണ്ടിരുന്നതാൽ എത്രവരെ അതു പോകും? അതിനൊക്കെ വേണ്ട പാറയും മണ്ണുമൊക്കെ എവിടെനിന്ന് ഉണ്ടാക്കും? അഥവാ, നമ്മുടെ ഇത്തരം പ്രകൃതിവിഭവങ്ങൾകൊണ്ട് എത്രവരെ ഇങ്ങനെ പോകാൻ പറ്റും? ഇതാണല്ലോ ആത്യന്തിക ചോദ്യം. ജി. മധുസൂദനൻ എഴുതി അടുത്തിടെ ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച ‘മുതലാളിത്തവളർച്ച സർവ്വനാശത്തിന്റെ വഴി' എന്ന പുസ്തകം അതിനുള്ള കൃത്യമായ ഉത്തരം നല്കുന്നുണ്ട്. അപ്പോൾ, ഇതിന് എവിടെയെങ്കിലും അന്ത്യം കുറിച്ചേ മതിയാകൂ. എങ്ങനെ?

ബദൽചിന്ത ഇങ്ങനെ ആയാലോ?

പ്രശ്‌നത്തെ ഒന്നു മറിച്ചിട്ടാൽ ഒരു ബദൽ കാണാനാവും. യാത്രകളും യാത്രകൾക്കുള്ള ആവശ്യങ്ങളും പരമാവധി കുറയ്ക്കുക എന്നതാണത്. ഇന്നത്തെത്തരം വികസ്വര സമൂഹത്തിൽ അതു സാദ്ധ്യമാണോ? ആണെന്നാണ് കോവിഡ്ക്കാലം നമ്മെ ബോദ്ധ്യപ്പെടുത്തിയത്.
ഇന്ന് ഏറ്റവുമധികം യാത്രകൾ എന്തിനൊക്കെയാണെന്നതിന്റെ വിവരശേഖരണം നടത്തണം. അവയിൽ കുറവു വരുത്തുകയോ ഒഴിവാക്കുകയോ ചെയ്യാവുന്നവ ഏതൊക്കെ എന്നു നിർണ്ണയിക്കണം. തൊഴിലിടങ്ങളിലേക്കും തിരികെയുമുള്ള യാത്രകളാണല്ലോ നല്ലൊരുപങ്ക്. ഭൗതികമായി മനുഷ്യസാന്നിദ്ധ്യം വേണ്ട ജോലികൾ ഉള്ളവ ഒഴികെ എല്ലാം വീട്ടിലിരുന്നു ചെയ്യാവുന്ന സംവിധാനം ഉണ്ടാക്കാം. സർക്കാർജോലികളിൽ ജനങ്ങൾക്കു നേരിട്ടു ഭൗതികസേവനം നല്കുന്നവ ഒഴികെ എല്ലാം വർക്ക് ഫ്രം ഹോം ആക്കാം.

ഓരോ തസ്തികയിലെയും ജോലി കൃത്യമായി നിർവ്വചിക്കാനും കണക്കാക്കാനും അതു നിർവ്വഹിക്കുന്നതു നിരീക്ഷിക്കാനും വിവരസാങ്കേതികവിദ്യയുടെ ഇക്കാലത്ത് ബുദ്ധിമുട്ടില്ല. കമ്പ്യൂട്ടറിൽ ജീവനക്കാർ ലോഗ് ഇൻ ചെയ്യുന്നതും തുടർച്ചയായി എത്രസമയം ജോലിചെയ്യുന്നു, അഥവാ ചെയ്യുന്നില്ല, എന്നതും ഓരോ ഫയലും എത്രദിവസം ഒരാളുടെ പക്കൽ ഇരിക്കുന്നു എന്നതുമൊക്കെ നിരീക്ഷിക്കാനാകും. ഫയൽ ഒരാഴ്ച അനങ്ങാതിരുന്നാൽ മേലുദ്യോഗസ്ഥരുടെ കമ്പ്യൂട്ടറിലോ ഫോണിലോ പോപ് അപ് അലേർട്ട് വരണം.
പത്തുമുതൽ അഞ്ചുവരെ എന്നതു മാറ്റി ദിവസം ഇത്ര മണിക്കൂർ എന്നു ജോലിസമയം പുനർനിർവ്വചിക്കണം. അപ്പോൾ ഓരോ ആൾക്കും അയാളുടെ സ്വന്തവും കുടുംബപരവും സാമൂഹികവും ഒക്കെയായ കാര്യങ്ങളിൽക്കൂടി ഏർപ്പെട്ടുകൊണ്ട് ജോലി ചെയ്യാനാകും. തൊഴിലെടുക്കുന്നവരെ കഴിയുന്നത്ര പീഡിപ്പിക്കുക എന്ന സമീപനം മാറ്റി അവർക്കു പരമാവധി സ്വസ്ഥതയോടെ ജോലി ചെയ്യാൻ അവസരം നല്കുക എന്നതാണു പ്രധാനം. അതിലൂടെ വയോജനങ്ങൾ, പലതരം വെല്ലുവിളികൾ നേരിടുന്നവർ, കുട്ടികൾ തുടങ്ങിയവരുടെ പരിപാലനവും സാദ്ധ്യമാകും. ഇതെല്ലാം ആ വിഭാഗങ്ങളുടെയും ജീവനക്കാരുടെയും പൊതുവിൽ ആ കുടുംബങ്ങളുടെയും സന്തോഷസൂചിക ഉയർത്തും. പഞ്ചിങ് പോലുള്ള പാഴ്വേലകളും പാഴ്‌ചെലവും ഓഫീസ് പ്രവർത്തനത്തിനു വേണ്ടിവരുന്ന വിപുലമായ സ്ഥലവും അവയുടെ വൈദ്യുതിവത്ക്കരണവും ഫർണീച്ചറും വൈദ്യുതിക്കും വെള്ളത്തിനും ഒക്കെയുള്ള ചെലവുകളുമെല്ലാം ഒഴിവാക്കാം. ഇതെല്ലാം കാർബൺ നിർഗ്ഗമനം കുറയ്ക്കും.

ജീവനക്കാരുടെ സാന്നിദ്ധ്യം അനിവാര്യമായ ആശുപത്രിയും സ്‌കൂളും പോലുള്ള ഓഫീസുകളിലും സ്ഥാപനങ്ങളിലും സമീപവാസികളെ നിയമിക്കുന്ന രീതി നടപ്പാക്കണം. ഇന്നത്തെപ്പോലെ വിദൂരജില്ലകളിലൊക്കെ പോസ്റ്റ് ചെയ്തു പീഡിപ്പിക്കുന്ന രീതി അവസാനിപ്പിച്ചാൽ യാത്രയുടെ ആവശ്യം കുറയുന്നതുപോലെതന്നെ ശിശുവികസനമടക്കമുള്ള കാര്യങ്ങളിൽ അവരുടെ കുടുംബങ്ങളിൽ അതുണ്ടാക്കുന്ന പ്രയാസങ്ങൾ ഇല്ലാതാകുകയും ചെയ്യും.
ക്യാൻസർചികിത്സയ്ക്കും മറ്റും വളരെദൂരം യാത്രചെയ്യേണ്ടി വരുന്നതൊക്കെയാണല്ലോ പല ഗതാഗതചർച്ചകളിലും ഉയരുന്ന പ്രധാനപ്രശ്‌നങ്ങൾ. ഇന്ന് ജില്ലാ ആശുപത്രികളിൽവരെ ക്യാൻസറിനും ഹൃദ്രോഗം അടക്കമുള്ള ഗുരുതരപ്രശ്‌നങ്ങൾക്കും ചികിത്സാസൗകര്യം ഉണ്ട്. അതിന്റെ ഗുണമേന്മ ഉറപ്പാക്കി ജനങ്ങളിൽ വിശ്വാസം പകർന്ന് ആ സേവനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണു വേണ്ടത്. ചികിത്സാസൗകര്യങ്ങളുടെ സൂപ്പർ സ്‌പെഷ്യാലിറ്റി കേന്ദ്രീകരണം വികേന്ദ്രീകരിക്കാൻ കൂടുതൽ ധനവിഭവങ്ങൾ ചെലവാക്കുന്നത് നീതിയുക്തമാകുമല്ലോ.

സ്വന്തം ആവശ്യങ്ങൾ സാധിച്ചുകിട്ടാൽ ഓഫീസുകൾ കയറിയിറങ്ങുന്നവരാണ് യാത്ര ചെയ്യുന്ന മറ്റൊരു വിഭാഗം. മുഴുവൻ സേവനവും ആവശ്യക്കാരുടെ കയറിയിറങ്ങൽ കൂടാതെ ലഭ്യമാക്കാൻ കഴിയുമാറ് ഭരണം കാര്യക്ഷമം ആക്കിയാൽ അത്തരം യാത്രകൾ ആവശ്യമില്ലാതാകും. സെക്രട്ടേറിയറ്റ് പോലുള്ള അനാവശ്യസംവിധാനങ്ങൾതന്നെ ഒഴിവാക്കാം. ഇതടക്കമുള്ള ഭരണപരിഷ്‌ക്കാരങ്ങൾക്ക് ഇന്നുള്ള തടസങ്ങൾ കണ്ടെത്തി ശക്തമായ നടപടികളിലൂടെ അവ പരിഹരിക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്.
ഇന്നത്തെ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം കൂടുതൽ ഫലപ്രദമായാൽ സ്വാഭാവികമായും ദൂരെയുള്ള സ്‌കൂളുകളിലേക്കു കുട്ടികളെ വാഹനങ്ങളിൽ അയയ്ക്കുന്ന രീതി അവസാനിക്കും. അയൽപ്പക്കവിദ്യാലയങ്ങൾ എന്ന ചിരകാലാവശ്യം സാദ്ധ്യമാകും. അപ്പോൾ കുട്ടികളും അദ്ധ്യാപകരും ജീവനക്കാരും ആരോഗ്യപൂർവ്വം സ്‌കൂളുകളിലേക്കു പണ്ടത്തെപ്പോലെ നടന്നോ സൈക്കിളിലോ പൊയ്‌ക്കൊള്ളും. കുട്ടികളുടെ സാമൂഹികവത്ക്കരണത്തിന് സ്‌കൂൾ അനിവാര്യമാണല്ലോ. എന്നാൽ, ട്യൂഷനുകൾ നിരുത്സാഹപ്പെടുത്തുകയോ പൂർണമായും ഓൺലൈൻ ആക്കുകയോ ചെയ്യാം.
വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി കമ്പനികളിൽ പോകാതെ ചെയ്യാവുന്ന തൊഴിലുകളിലേക്കു സ്ത്രീകളെയടക്കം ധാരാളമായി കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളോടെ പ്രാദേശികതലങ്ങളിൽ അതിനായി പൊതുതൊഴിലിടങ്ങൾ ഒരുക്കുമെന്നു നേരത്തേ സർക്കാർ പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഐറ്റി സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കുകൂടി അത്തരം അയൽപ്പക്കകേന്ദ്രങ്ങളിലിരുന്നു ജോലിചെയ്യാനുള്ള അവസരം അതതു കമ്പനികളുമായി ചർച്ചചെയ്ത് ഒരുക്കുകയാണെങ്കിൽ ഐറ്റി മേഖലയിലെ ജോലിക്കായി നിരവധിപേർ നടത്തുന്ന യാത്രകളും ഒഴിവാക്കാം. ആ മേഖല വർക്ക് ഫ്രം ഹോമുമായി പരിചയിച്ചുകഴിഞ്ഞതുമാണ്.

അത്തരം കമ്പനികൾ നിർമ്മിച്ചതോ ഉപയോഗിക്കുന്നതോ ആയ കെട്ടിടങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള സാദ്ധ്യതയും തെളിയും. മുഴുവൻപേർക്കും വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള കമ്പ്യൂട്ടറും മെച്ചപ്പെട്ട നെറ്റ് കണക്റ്റിവിറ്റിയും മേശകസേരകളും ഉൾപ്പെടെ ഉറപ്പാക്കി വർക്ക് ഫ്രം ഹോം നടപ്പിലാക്കിയതോടെ ഒഴിഞ്ഞുകിട്ടിയ, ഇരുനൂറിൽപ്പരം പേർക്കു ജോലി ചെയ്യാൻ നിർമ്മിച്ച, അത്തരമൊരു സൗകര്യം റ്റിഷ്യൂ കൾച്ചർ ബിസിനസിനായി പരിവർത്തിപ്പിക്കാൻ ആലോചിക്കുന്നതായി ആ സ്ഥാപനയുടമ അടുത്തിടെ പറഞ്ഞത് ഈ ചിന്തയ്ക്കു പ്രേരണയായിട്ടുണ്ട്.

ഉപഭോഗവസ്തുക്കളുടെ വാങ്ങലിന് ഓരോ ഇടത്തരം, ഉപരിവർഗ്ഗ കുടുംബവും കാറിൽ വ്യാപാരകേന്ദ്രങ്ങളിൽ പോകുന്നത് കുറയ്ക്കാൻ ചെറുകിടവ്യാപാരമേഖല ഓൺലൈൻ ആക്കിക്കൊണ്ടു സാധിക്കും. ഇന്ന് ആ രംഗത്തുള്ള ആഗോളക്കുത്തകളുടെ ധനസമാഹരണവും തൊഴിലാളിചൂഷണവും ഒഴിവാക്കുമാറ് കുടുംബശ്രീ അടക്കമുള്ളസംവിധാനങ്ങളും സപ്ലൈക്കോയും കൺസ്യൂമർഫെഡും ഹോർട്ടി കോർപും പോലുള്ള സ്ഥാപനങ്ങളും ബന്ധപ്പെടുത്തി വാതിൽപ്പടിവിതരണശൃംഖല വികസിപ്പിക്കാനാകും. വൈദ്യുതസ്‌കൂട്ടറുകൾ ഉപയോഗിച്ചു നിർവ്വഹിക്കാവുന്ന വിതരണമേ പ്രാദേശികതലത്തിൽ ഉണ്ടാകൂ. അതതുപ്രദേശത്തെ നിലവിലുള്ള ചില്ലറവ്യാപാരികൾക്കും ഹോട്ടലുകൾക്കും ബേക്കറികൾക്കുമൊക്കെ ഈ വിതരണശൃംഖല ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കണം. ജനങ്ങൾക്ക് ഇഷ്ടമുള്ള കടയിൽനിന്ന് ഇഷ്ടമുള്ള സാധനം വാങ്ങാൻ കഴിയുമാറ് അവയെയെല്ലാം ഓൺലൈൻ വ്യാപാരത്തിനു പ്രാപ്തരാക്കാൻ സർക്കാൻ ധനസഹായം നല്ക്കുന്നതും ഹരിതനിക്ഷേപം ആയിരിക്കും. പ്രാദേശികമായ തൊഴിൽസൃഷ്ടിക്കും ഇതു ഗണ്യമായി ഉതകും. ഓൺലൈൻ ചില്ലറവ്യാപാരഭീമർ നടത്തുന്ന തൊഴിലാളിചൂഷണത്തിനും ഇതു മറുമരുന്നാകും.
ഇത്തരം മാറ്റങ്ങളിലൂടെ ഗതാഗതസംവിധാനത്തിൽ സമ്മർദ്ദം കുറയുമ്പോൾ വിനോദയാത്രകളും ബിസിനസ് ആവശ്യങ്ങൾക്കു സ്വന്തം താത്പര്യത്തിൽ നടത്തുന്ന യാത്രകളുമൊക്കെ സൗകര്യപ്രദമാകും.

തെക്കുവടക്കു മാത്രമല്ലല്ലോ നാം യാത്രചെയ്യുന്നത്. പ്രാദേശികറോഡുകളും കാലാകാലം പുതുക്കണം. ഉപയോഗിച്ച വസ്തുക്കൾകൊണ്ടുതന്നെ വീണ്ടും റോഡു പണിയാവുന്ന സാങ്കേതികവിദ്യ നാം പരീക്ഷിച്ചതു വ്യാപകമാക്കണം. ബദൽ നിർമ്മാണവസ്തുക്കൾ വികസിപ്പിക്കാനും നിർമ്മിക്കാനുമുള്ള പ്രവർത്തനം ഊർജ്ജിതമാക്കണം. റോഡുകളും മറ്റും അടിക്കടി കേടാകാൻ ഇടയാക്കുന്ന എല്ലാ ഘടകങ്ങളും ഇല്ലാതാക്കണം. വിനാശകരമായ മുതലാളിത്തവികസനം ലോകമാകെ അതിഗൗരവത്തോടെ ചർച്ചചെയ്യുമ്പോൾ ഇത്തരം ബദലുകൾ വികസിപ്പിച്ചു മാതൃകകാട്ടുകയല്ലേ കേരളം ചെയ്യേണ്ടത്?
ആഗോളതാപനത്തിനുള്ള കരുതൽ പരിസ്ഥിതിക്കാര്യത്തിൽ മുതലാളിത്ത സമീപനത്തെക്കാൾ മാർക്‌സിയൻ സമീപനമാണ് ഉചിതം എന്നാണ് ഈ ലേഖകൻ കരുതുന്നത്. നമ്മൾ ഇപ്പോൾ ഏറ്റവും പ്രാധാന്യം നല്‌കേണ്ടത് ആഗോളതാപനം മൂലം കടൽ ഉയരുമ്പോൾ മുങ്ങാനിടയുണ്ടെന്നു വിദഗ്ദ്ധർ മുന്നറിയിപ്പു നല്കുന്ന പ്രദേശങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതികൾക്കാണെന്നും കരുതുന്നു. കടൽനിരപ്പിലുംതാണ കുട്ടനാടും കൊച്ചിയും സുദീർഘമായ കടലോരസമതലങ്ങളും കടലിൽ ബന്ധിതമായ കായലുകളുടെ തീരങ്ങളും ഒക്കെയാണ് ഭീഷണി നേരിടുന്നത്. കുട്ടനാടിന്റെയും കൊച്ചിയുടെയും കാര്യത്തിലെങ്കിലും കടൽഭിത്തിക്കു പകരം കടൽക്കോട്ടതന്നെ വേണ്ടിവരില്ലേ! അതിനുവേണ്ട പാറയെങ്കിലും സഹ്യനിൽ നാം കണ്ടെത്തേണ്ടെ?

ബദൽ മാതൃകകൾക്കുള്ള അന്വേഷണത്തോടൊപ്പം അത്തരം ബദലുകളുടെ ആവശ്യവും സാദ്ധ്യതയും ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട്, അതിനനുസരിച്ച മനോഭാവമാറ്റം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള അടിസ്ഥാനബോധവത്ക്കരണമാണ് പലതിനും മാതൃക സൃഷ്ടിച്ചിട്ടുള്ള കേരളം നടത്തേണ്ടത്.

ലക്ഷ്യം അടിസ്ഥാനമാറ്റമാകണം

ഇത്തരമൊരു ദൗത്യം നിർവ്വഹിക്കണമെങ്കിൽ അതിനു നേതൃത്വം നല്കുന്നവർ കുറെ മുന്നൊരുക്കങ്ങളും സ്വയംസജ്ജമാകലും നടത്തേണ്ടതുണ്ട്. സമൂഹത്തിൽ വളർത്തിയെടുക്കേണ്ട മൂല്യങ്ങൾ സ്വന്തം സംവിധാനത്തിലാകെ സ്വാംശീകരിക്കുക എന്നതാണ് അതിൽ പ്രധാനം.
ഇതുവരെ പറഞ്ഞത് നവോത്ഥാനമൂല്യങ്ങളെപ്പറ്റിയാണ്. മുതലാളിത്തത്തിനും ബൂർഷ്വാജനാധിപത്യത്തിനും ഒപ്പം പിറന്ന ആ മൂല്യങ്ങൾ ബൂർഷ്വാമൂല്യങ്ങളാണെന്നതു വിസ്മരിച്ചുകൂടാ. അതിനുമപ്പുറമുള്ള മൂല്യങ്ങളുടെ സൃഷ്ടിയാകണം നമ്മുടെ ലക്ഷ്യം. ഇന്നും ലൈംഗികന്യൂനപക്ഷങ്ങളോടും ശാരീരികമോ മാനസികമോ ആയ വെല്ലുവിളികളോ ഭിന്നശേഷികളോ ഉള്ളവരോടും വയോജനങ്ങളോടും കുട്ടികളോടും അരികുവത്ക്കരിക്കപ്പെട്ടവരോടും ന്യൂനപക്ഷങ്ങളോടും ഒക്കെയുള്ള നമ്മുടെ സമൂഹത്തിലെ സമീപനം വളരെ അപരിഷ്‌കൃതമാണ്. വംശീയവും ജാതീയവും മതപരവും ലിംഗപരവും രൂപപരവും പദവിപരവും ഒക്കെയായ അധിക്ഷേപങ്ങൾ ഇന്നും നമുക്കിടയിൽ സാധാരണമാണ്. ഇതൊക്കെ തെറ്റാണെന്നുപോലും മനസിലാകാത്തവരാണു മഹാഭൂരിപക്ഷവും. ഇടതനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ 'മൂരി' പ്രയോഗമൊക്കെ ഇതാണു വെളിവാക്കുന്നത്. ലിംഗസമത്വം, പരിസ്ഥിതിബോധം തുടങ്ങിയവ പൊതുസമൂഹത്തിനു സ്വാംശീകരിക്കാൻ കഴിയാത്ത ബുദ്ധിജീവിവിഷയങ്ങളാണിന്നും.

വിവര വിപ്ലവവും വിശാലലോകത്തേക്കുള്ള തുറവും ഇത്തരം കാര്യങ്ങളിൽ പുതിയ ആശയങ്ങൾ സംക്രമിപ്പിക്കുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും അതു കുറെയെല്ലാം സമൂഹത്തിലേക്ക് എത്തുന്നുമുണ്ട്. എന്നാലും, കേരളീയരുടെ ഒരു പ്രധാനപ്രശ്‌നം, ഇത്തരം ആധുനികാശയങ്ങളെല്ലാം പൊതുമണ്ഡലത്തിലെ ചർച്ചയ്ക്കും ബുദ്ധിജീവിപരിവേഷത്തിനുമുള്ള കാര്യങ്ങളാണെന്നും ജീവിതത്തിലോ കുടുംബത്തിലോ നടപ്പാക്കാനുള്ളതല്ലെന്നുമുള്ള ബോധമാണ്. വീട്ടിനുള്ളിൽ രാഷ്ട്രീയം സംസാരിക്കില്ല എന്നത് ഭൂഷണമായി പറയുന്ന രാഷ്ട്രീയക്കാർപോലും ഉള്ള നാടാണു നമ്മുടേത്. പൊതുവിദ്യാഭ്യാസം ജോലിക്കും മതബോധം കുടുംബ, സാമൂഹികജീവിതങ്ങൾക്കും എന്ന പ്രാകൃതാവസ്ഥയിലാണു നാം. വിവാഹധൂർത്തിനെതിരെ പ്രസംഗിക്കുന്ന നേതാക്കൾപോലും കുടുംബത്തിലെ വിവാഹങ്ങൾക്ക് ആയിരങ്ങളെ ക്ഷണിച്ചുവരുത്തുന്നു. ഈ ഹിപ്പോക്രിസികൾ തച്ചുടയ്ക്കുക എന്നതും പ്രധാനമാണ്. കുടുംബങ്ങൾ ആധികചിന്തകളുടെയും സമീപനങ്ങളുടെയും വിതയിടങ്ങൾ ആകണം. സ്ത്രീസമത്വത്തിനായി പ്രസംഗിക്കുന്നവരുടെ നാവിൽനിന്നു സ്ത്രീവിരുദ്ധപ്രസ്താവങ്ങൾ ഉണ്ടാകുന്നതും തൊഴിലാളിവർഗ്ഗത്തിനായി പ്രവർത്തിക്കുന്നവരിൽനിന്ന് തൊഴിലാളിയെ അധിക്ഷേപിക്കാൻ ജന്മിവർഗ്ഗം രൂപപ്പെടുത്തിയ തരം സംബോധനകളും പദപ്രയോഗങ്ങളും ഉണ്ടാകുന്നതുമൊക്കെ അവർ പറയുന്ന ആശയങ്ങളെ ശരിയായി ഉൾക്കൊള്ളാത്തതുകൊണ്ടാണ്.

വിമർശനപൂർവ്വം സമൂഹം പരിശോധിക്കേണ്ട ചില സമകാലിക സംഭവങ്ങൾകൂടി സൂചിപ്പിക്കാം. അവിവാഹിതയായ സ്ത്രീയുടെ കുട്ടിയെ ശിശുക്ഷേമസമിതിയിൽ ഏല്പിച്ചതിനെയും അതിനെ താത്ക്കാലികരക്ഷിതാക്കൾക്കു നല്കിയതിനെയും ചൊല്ലി വിവാദമുണ്ടായപ്പോൾ മറ്റൊരു സ്ത്രീയുടെ ഭർത്താവിൽനിന്നു ഗർഭം ധരിച്ചതിന് ആ സ്ത്രീയെ കുറ്റപ്പെടുത്താനാണ് കേരളസമൂഹത്തിൽ സ്ത്രീകളടക്കം നല്ലൊരുപങ്കും തയ്യാറായത്. കുട്ടിയെ സംരക്ഷിക്കാവുന്ന അവസ്ഥ ഇല്ലാതിരുന്നപ്പോൾ എന്തുകൊണ്ട് കുട്ടിയെ ചോദിച്ചില്ല എന്നൊക്കെയുള്ള വാദങ്ങൾ ആധുനികബോധത്തിനു നിരക്കുന്നതല്ലെങ്കിലും പുരോഗമന പക്ഷത്തുള്ളവരിൽനിന്നുപോലും ഉയർന്നു. തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെട്ടാൽ അവ പരിശോധിക്കുന്നതിനുപകരം വിതണ്ഡവാദങ്ങളോ ആക്രമണം തന്നെയോ നടത്തി പ്രതിരോധിക്കുക എന്ന സമീപനം തിരുത്തപ്പെടണം. സ്വീകാര്യതയുള്ളവർ ഉന്നയിക്കുമ്പോൾ ആ വാദങ്ങൾ പലരും സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന നില ഉണ്ടാകും. ആ പ്രവണത തെറ്റായ ആശയപ്രഖ്യാപനങ്ങളിലൂടെ സമൂഹത്തെ പിന്നോട്ടുകൊണ്ടുപോകുമെന്നും അതു നാം വർഷങ്ങളായി വളർത്തിയെടുക്കുന്ന മൂല്യബോധങ്ങളെ ദുർബ്ബലപ്പെടുത്തുമെന്നും കാണണം.

ഭോഗലാലസമായിരുന്ന പുരുഷാധിപത്യസമൂഹം സ്ത്രീയുടെ അംഗലാവണ്യവും ചലങ്ങളും ആസ്വദിക്കാനും സംബന്ധം, ദേവദാസിത്വം തുടങ്ങിയ സമ്പ്രദായങ്ങൾക്കു പരുവപ്പെട്ടിരുന്ന സ്ത്രീസമൂഹം പുരുഷന്മാരെ ആകർഷിക്കാനും ഉപാധിയാക്കിയിരുന്ന കലാരൂപം എന്നു ചില ചരിത്രവ്യാഖ്യാതാക്കൾ പറഞ്ഞിട്ടുള്ള തിരുവാതിര പുരോഗമനപ്രസ്ഥാനം അവതരിപ്പിക്കുമ്പോൾ, കലോത്സവയിനമായി പരിവർത്തിപ്പിക്കാൻ അതിന്റെ ലാസ്യചലനങ്ങളിൽ പില്ക്കാലത്തു വരുത്തിയ മാറ്റങ്ങളും സ്ത്രീകളുടെ കൂട്ടായ കലാവിഷ്‌ക്കാരം എന്ന നിലയിൽ ഉള്ള പ്രസക്തിയും എന്തു കലാപ്രകടനം നടത്തണം എന്നു തീരുമാനിക്കാനുള്ള അധികാരം അത് അവതരിപ്പിക്കുന്നവർക്കാണ് എന്ന അടിസ്ഥാനനിലപാടും അടക്കമുള്ള ആശയങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട് വേണമായിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ കൊലയാളികളായി ചിത്രീകരിച്ചുവന്ന മാദ്ധ്യമങ്ങൾക്ക് അതു തിരുത്തേണ്ടിവന്നത് സ്വന്തം പ്രവർത്തകർ തുടർച്ചയായി കൊല്ലപ്പെട്ടിട്ടും തിരിച്ചടി എന്ന നിലയിൽപ്പോലും ആ പാർട്ടി കൊലപാതകങ്ങൾ നടത്തുന്നില്ല എന്നു സമൂഹം മനസിലാക്കിയപ്പോഴാണ്. എസ്.എഫ്.ഐ. ഒരു കൊലപോലും നടത്തിയിട്ടില്ല എന്ന് അതേ മാദ്ധ്യമങ്ങൾക്കു പറയേണ്ടിവന്നു. മാനവികമൂല്യത്തിലുള്ള അചഞ്ചലമായ വിശ്വാസം ഉറപ്പിക്കുകയും മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുക എന്നത് പ്രധാനമാണ്. എന്നാൽ, നിലപാടിലെ ഈ ഔന്നത്യം മറ്റുചില മണ്ഡലങ്ങളിൽ പുലർത്താനാവുന്നില്ല എന്നത് ഗൗരവമായി കാണണം.

വ്യക്തിസ്വാതന്ത്ര്യം, സമത്വം, സഹിഷ്ണുത, പ്രതിപക്ഷബഹുമാനത്തോടെയുള്ള സംവാദം, സംയമം തുടങ്ങിയ മൂല്യങ്ങൾ മുറുകെ പിടിക്കേണ്ടവരാണ് പുരോഗമനരാഷ്ട്രീയപക്ഷം. മറുപക്ഷം അവയൊക്കെ ലംഘിച്ചേക്കാം. അവരെ അത്തരം ആധുനികബോധത്തിലേക്കു കൊണ്ടുവരുന്നതിനുപകരം അതേ നാണയത്തിൽ തിരിച്ചടിക്കുന്നത് ആധുനികതയുടെ മൂല്യങ്ങൾക്കു ചേർന്നതല്ല - ഭൗതികലോകത്തായാലും വെർച്വൽ ലോകത്തായാലും.
പൊതുമണ്ഡലത്തിലും മാദ്ധ്യമങ്ങളിലും കള്ളങ്ങൾ പറയുന്നവർ തുറന്നുകാട്ടപ്പെടണം. മദ്യവിരുദ്ധസമരത്തിനു നേതൃത്വം നല്കുന്ന ആൾ മദ്യം കഴിക്കുന്നത് തുറന്നുകാട്ടണം. ആധുനിക സുഖസൗകര്യങ്ങൾ ആവശ്യമില്ലെന്നു പറയുന്നവർ അത് ആസ്വദിക്കുന്നതും തുറന്നുകാട്ടണം. രാഷ്ട്രീയവിരോധത്തിന്റെപേരിൽ വ്യക്തികളെയോ അവരുടെ കുടുംബാംഗങ്ങളെയോ അധിക്ഷേപിക്കുന്നവരുടെ ആ സമീപനത്തെയും തുറന്നുകാട്ടണം. ഇതൊന്നും അവരെ പകരം അധിക്ഷേപിച്ചുകൊണ്ടോ അവരുടെ സ്വാതന്ത്ര്യം, അന്തസ്സ്, വസ്തുനിഷ്ഠമായ സംവാദം, സഹിഷ്ണുത, സംയമം തുടങ്ങിയവ കൈവിട്ടുകൊണ്ടോ ആകാതിരിക്കാനുള്ള ഔന്നത്യം ഉറപ്പാക്കണം.
അതുപോലെതന്നെ, മാർക്‌സിസത്തിന്റെ അവിഭാജ്യഭാഗമായ പരിസ്ഥിതി സംരക്ഷണത്തിന് എതിരായ ചിന്തയിലേക്ക് ഇത്തരം ഇടപെടലുകൾ വഴിതെറ്റാതിരിക്കാനുള്ള ജാഗ്രതയും ഉണ്ടാകണം. ബൂർഷ്വാ നവോത്ഥാനമൂല്യങ്ങൾ പോലും പാലിക്കാൻ കഴിയാത്തവർ തൊഴിലാളിവർഗ മൂല്യസംഹിത എങ്ങനെ വികസിപ്പിക്കും എന്ന ചോദ്യത്തിലേക്കാവും അതു നയിക്കുക.

സമൂഹമാദ്ധ്യമങ്ങൾ കാര്യമായി നിരീക്ഷിക്കുന്ന ആളെന്ന നിലയിൽ അനിവാര്യമായി പറയണം എന്നു തോന്നുന്ന ഒരു കാര്യംകൂടി സൂചിപ്പിക്കട്ടെ. അത് അവിടെ കാണുന്ന അനഭിലഷണീയമായ വ്യക്തിപൂജയാണ്. ഇത് അശേഷം വ്യക്തിപരമല്ലാത്ത കാര്യമാണ്; പ്രവണതയെ സംബന്ധിച്ചാണ്. ഫ്യൂഡൽ മൂല്യബോധത്തിൽനിന്നു മുക്തമല്ലാത്ത നമ്മുടെ സമൂഹം വളരെവേഗം ഇത്തരം കാലഹരണപ്പെട്ട സമീപനങ്ങളിലേക്കു വീണുപോകാം. വീഴാതിരിക്കാനുള്ള ബോധവത്ക്കരണം അത്ര വിപുലമായൊന്നും നടന്നിട്ടില്ലല്ലോ.

ഒരു മുന്നണി ആവിഷ്‌ക്കരിച്ച് ജനകീയാംഗീകാരം നേടുന്ന പ്രകടനപത്രികയും ആ മുന്നണിയുടെ നയപരിപാടികൾക്കനുസരിച്ചു നടപ്പാക്കുന്ന മറ്റു പ്രവർത്തനങ്ങളുമാണ് സർക്കാരുകൾ ചെയ്യുന്നത്. ആ ഭരണത്തെ ജനത താരതമ്യം ചെയ്യേണ്ടതും വ്യത്യസ്തമുന്നണികളുടെയും വ്യത്യസ്തപാർട്ടികളുടെയും സമീപനങ്ങൾ എന്ന നിലയിലാണ്. അതാണല്ലോ തെരഞ്ഞെടുപ്പിന്റെ ആധാരം. അതാണല്ലോ ശരിയായ രാഷ്ട്രീയബോധം. സമൂഹമാദ്ധ്യമങ്ങളിലെയടക്കം രാഷ്ട്രീയപ്രചാരണത്തിന്റെ രീതി ശരിയായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ പുനർനിർവ്വചിക്കണം.
ആരാധനയുടെ ഭാഗമായി എകെജിയും ഇഎംഎസും മുതൽ വിഎസും പിണറായിയും കോടിയേരിയും വരെയുള്ള നേതാക്കളുടെ ചിത്രങ്ങൾ സ്വന്തം പ്രൊഫൈൽ പടമാക്കിയിട്ടുള്ള പല സോഷ്യൽ മീഡിയ ഹാൻഡിലുകളും കാണുന്നുണ്ട്. വ്യക്തിപൂജയ്ക്കപ്പുറം, ഇത്തരം ഹാൻഡിലുകൾ നടത്തുന്ന പ്രതികരണങ്ങൾ ആ പ്രൊഫൈൽപ്പടത്തിലെ നേതാക്കൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ പലപ്പോഴും അവമതിക്കുന്നവ ആകുന്നുമുണ്ട്. പാർട്ടിക്കൊടിയും ചിഹ്നവുമൊക്കെ പ്രൊഫൈൽപ്പടം ആക്കിയവരുടെ കാര്യത്തിലുമുണ്ട് ഈ പ്രശ്‌നം. പൊതുസമൂഹത്തിനു സ്വീകാര്യമല്ലാത്ത പ്രയോഗങ്ങൾ മുതൽ ഭീഷണികളും അവഹേളനകളും സമൂഹമാദ്ധ്യമാക്രമണങ്ങളും ഇത്തരം പ്രൊഫൈലുകൾ നടത്തുന്നു. ആശയപ്രശ്‌നം മാത്രമല്ല, ഇത് പൊതുവിൽ പാർട്ടിക്കുണ്ടാക്കുന്ന അവമതിപ്പും ചെറുതല്ല. അത്തരത്തിൽ പാർട്ടിമുദ്രകളോടെ പ്രച്ഛന്നവേഷത്തിൽ അനുഭാവികളുംമറ്റും പ്രത്യക്ഷപ്പെടുന്നത് നിരുത്സാഹപ്പെടുത്തുന്നത് നന്നായിരിക്കും. ഇങ്ങനെ വേറെയും അനവധി കാര്യങ്ങളുണ്ട് തിരുത്തേണ്ടതായി.

ചുരുക്കത്തിൽ, ഇത്തരത്തിലെല്ലാമുള്ള സ്വയം നവീകരണത്തിലൂടെ സുസജ്ജമായി വേണം നിർദ്ദിഷ്ട സാമൂഹിക ദൗത്യം സി.പി.എം ഏറ്റെടുക്കാൻ. അല്ലെങ്കിൽ സ്വീകാരം കുറഞ്ഞും വിമർശങ്ങൾ നേരിട്ടും പ്രതിരോധത്തിലായും മറുപടികളിലും വിശദീകരണങ്ങളിലും ന്യായീകരണങ്ങളിലും ഈ മഹാദൗത്യം ഒടുങ്ങും.

പ്രതിരോധിക്കാനുള്ളത് ഓരോ മേഖലയിലും അതിവിപുലമായ കാര്യങ്ങളാണ്. കേവലം ഒരു രാഷ്ട്രീയപരിപാടിയായി ചുരുക്കിക്കാണേണ്ടതും നടത്തേണ്ടതുമല്ല അത്. വലിയ ബഹുജനമുന്നേറ്റമായി അതു വരണം. കേരളത്തിൽ സാദ്ധ്യമാകാതെപോയ നവോത്ഥാനമാകണം ലക്ഷ്യം. ശ്ലോകത്തിൽ കഴിക്കാവുന്ന ഒന്നല്ല പ്രഖ്യാപിതദൗത്യം എന്നർത്ഥം. പക്ഷേ ഇനി ഇതേ കേരളത്തിനുമുന്നിൽ വഴിയുള്ളൂ. അതിനുള്ള സാഹചര്യങ്ങൾ നമുക്കുണ്ട്. വേണ്ടത്ര ആലോചനകളില്ലാതെ ഊഴിയംപോക്കലായി ഇത് ഒടുങ്ങിയാൽ കേരളത്തെ പിന്നെ രക്ഷിക്കാൻ കഴിഞ്ഞെന്നുവരില്ല.

വാൽക്കഷണം:സാഹചര്യത്തിന്റെ ഈ ഗൗരവം നമ്മുടെ മാദ്ധ്യമങ്ങളും ഉൾക്കൊള്ളേണ്ടതുണ്ട്. സമ്മേളനക്കാലത്തു ചർച്ചചെയ്യപ്പെടാനായി മാദ്ധ്യമങ്ങൾ ഉയർത്തേണ്ടത് അത്തരം ഗൗരവമുള്ള കാര്യങ്ങളാണ്. വിഭാഗീയതയെന്ന സിംഗിൾ പോയിന്റിൽ രചിക്കപ്പെടുന്ന ആവർത്തനവിരസങ്ങളായ പൈങ്കിളിക്കഥകൾക്കും ആരോഗ്യകരവും ജനാധിപത്യപൂർണ്ണവുമായ ചർച്ചകളിലെ ഭിന്നാഭിപ്രായങ്ങൾ, വിമർശനങ്ങൾ തുടങ്ങിയവയെപ്പറ്റി കേട്ടു ചോർന്നുകിട്ടിയ എന്തോ മഹാസംഭവങ്ങൾ പോലെയുള്ള അവതരണങ്ങൾക്കും പകരം ആ നിലയിലേക്കു മാദ്ധ്യമപ്രവർത്തനം പരിവർത്തിപ്പിച്ചാൽ മുതലാളിമാരും ജീവനക്കാരും ഒഴികെയുള്ള പൊതുസമൂഹത്തിനും എന്തെങ്കിലുമൊക്കെ പ്രയോജനമുണ്ടാകും.

Comments