മട്ടന്നൂരിൽ ഭൂരിപക്ഷത്തെക്കുറിച്ചാകാം ചർച്ച

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. യു.ഡി.എഫ്​ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായാൽ, മത്സര ചിത്രം പൂർണമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം ഇ.പി. ജയരാജന് നൽകിയ മണ്ഡലം, ജെ.ഡി.യുവിലെ കെ.പി. പ്രശാന്തിനെതിരെ 43,381 വോട്ട്​.

‘രണ്ടു ടേം’ വ്യവസ്​ഥയിൽ ജയരാജൻ ഒഴിഞ്ഞുപോകുന്ന സി.പി.എമ്മിന്റെ സംസ്ഥാനത്തെ സുരക്ഷിത മണ്ഡലങ്ങളിലൊന്നായ ഇവിടെ ആരെ നിർത്തണം എന്നതിലും പാർട്ടിക്ക് രണ്ടാമതൊരു ആലോചനയുണ്ടായില്ല. പിണറായി വിജയൻ മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി എന്ന് പേരുകേട്ട കെ.കെ. ശൈലജയെ വീണ്ടും സഭയിലെത്തിക്കാനുള്ള തീരുമാനത്തിന് മട്ടന്നൂർ വേദിയാകുകയാണ്.

ശൈലജയുടെ ഭൂരിപക്ഷം ഇ.പിയെ കടത്തിവെട്ടുമോ എന്ന ചോദ്യമേ ബാക്കിയുള്ളൂ. യു.ഡി.എഫിനാക​ട്ടെ, ഭൂരിപക്ഷം കുറയ്ക്കാനുള്ള തന്ത്രം മെനയുകയോ വേണ്ടൂ, മട്ടന്നൂരിനെ സംബന്ധിച്ച്. കെ.പി.സി.സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയാകും യു.ഡി.എഫ് സ്ഥാനാർഥി.

യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ഷുഹൈബ് വധക്കേസാണ് യു.ഡി.എഫിന്റെ തുരുപ്പുചീട്ട്. 2018 ഫെബ്രുവരി 12നാണ് മട്ടന്നൂരിൽവെച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊന്നത്. പ്രതികളായ രണ്ടുപേരെ സി.പി.എം പുറത്താക്കിയിരുന്നു. കൊലപാതക രാഷ്ട്രീയം പ്രചാരണായുധമാക്കുമെന്നാണ് കോൺഗ്രസ് നൽകുന്ന സൂചന.

2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കെ. സുധാകരനെ പിന്തള്ളി സി.പി.എമ്മിലെ പി.കെ. ശ്രീമതി 7488 വോട്ട് ലീഡ് നേടിയിരുന്നു മട്ടന്നൂരിൽ.

മട്ടന്നൂർ ആർ.എസ്.പിക്ക് നൽകാൻ തുടക്കത്തിൽ യു.ഡി.എഫിൽ ആലോചനയുണ്ടായിരുന്നു. കയ്പമംഗലത്തിനുപകരം അമ്പലപ്പുഴ ചോദിച്ച പാർട്ടിയോട് മട്ടന്നൂരിൽ പോകാനായിരുന്നു നിർദേശം. എന്നാൽ, ആർ.എസ്.പി അത് നിരസിക്കുകയായിരുന്നു.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവ് എൻ.ഇ. ബാലറാമാണ് ജയിച്ചത്, കോൺഗ്രസിലെ കുഞ്ഞാരാമൻ നായരെ 10,451 വോട്ടിനാണ് തോൽപ്പിച്ചത്. 1960ൽ ജയിച്ചെങ്കിലും ബാലറാമിന്റെ ഭൂരിപക്ഷം 85 വോട്ടായി ചുരുങ്ങി- പി.എസ്.പി സ്ഥാനാർഥി അച്യുതനായിരുന്നു എതിരാളി. 1965ൽ മണ്ഡലം ഇല്ലാതാകുകയും 2011ലെ പുനർനിർണയത്തോടെ നിലവിൽ വരികയും ചെയ്തു. 2011ൽ 30,512 വോട്ട് ഭൂരിപക്ഷത്തിൽ ഇ.പി. ജയരാജന് ജയം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും 30,000ലേറെ വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫിനുണ്ട്.


Comments