മൂന്നു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സംവരണ മണ്ഡലമാണ് മാവേലിക്കര. ഹാട്രിക് ജയം നേടിയ സിറ്റിങ്ങ് എം.പി കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷിനെതിരെ യുവനേതാവായ സി.എ. അരുൺ കുമാറിനെയാണ് സി.പി.ഐ കളത്തിലിറക്കിയിരിക്കുന്നത്. മാവേലിക്കരയിൽ 15 വർഷമായി തുടരുന്ന കൊടിക്കുന്നിൽ സുരേഷിന്റെ ആധിപത്യം തകർക്കാനാകുമെന്ന പ്രതീക്ഷ ഇത്തവണ ഇടതുപക്ഷത്തുണ്ട്.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം തുടങ്ങിയവയാണ് മാവേലിക്കരയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങൾ. 2019- ൽ കൊടിക്കുന്നിൽ സുരേഷും സി.പി.ഐയിലെ ചിറ്റയം ഗോപകുമാറും തമ്മിലായിരുന്നു മത്സരം. 74.43 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ കൊടിക്കുന്നിൽ സുരേഷ് 4,40,415 വോട്ടു (45.36%) നേടിയാണ് വിജയിച്ചത്. സി.പി.ഐ സ്ഥാനാർഥിയായ ചിറ്റയം ഗോപകുമാറിന് 3,79,277 (39.06%) വോട്ടു കിട്ടി. ഭൂരിപക്ഷം 61,138.
1962 മുതൽ 2019 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ കൂടുതൽ തവണ കോൺഗ്രസാണ് വിജിയിച്ചിട്ടുള്ളത്. മാവേലിക്കര ലോകസ്ഭാ മണ്ഡലമായി തീർന്ന ശേഷമുള്ള 1962-ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ആർ. അച്യുത മേനോനാണ് വിജയിച്ചത്. 1967- ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.പി.എസ്.വി. പിള്ളയെ പരാജയപ്പെടുത്തി സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ ജി.പി. മംഗലത്തുമഠം വിജയിച്ചു. 1971- ൽ കോൺഗ്രസ്- സി.പി.ഐ മുന്നണി സ്ഥാനാർഥിയായ ആർ. ബാലക്യഷ്ണപിള്ളയിലൂടെ മാവേലിക്കര കോൺഗ്രസ് തിരിച്ചുപിടിച്ചു.
ആർ. ബാലകൃഷ്ണപ്പിള്ളക്ക് 2,12,210 വോട്ടും (21.85%), സി.പി.എമ്മിന്റെ എസ്. രാമചന്ദ്രൻ പിള്ളക്ക് 1,56,683 വോട്ടും (16.14%) ലഭിച്ചു. കോൺഗ്രസ് നേതാവായ ബാലകൃഷ്ണപ്പിള്ളയുടെ കന്നി ലോക്‌സഭാ പ്രവേശനമായിരുന്നു ഇത്. 1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ചതിനുതൊട്ടുപുറകേ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ബി.കെ നായർ 2,38,169 വോട്ടോടെ (24.53%) വിജയിച്ചു. 56,552 വോട്ടിന്റെ ഭൂരിപക്ഷം.
1980- ൽ കോൺഗ്രസിൽനിന്ന് പി.ജെ കുര്യൻ മത്സരിക്കുകയും 2,26,645 വോട്ടോടെ (23.34%) കന്നിയങ്കത്തിൽ വിജയിക്കുകയും ചെയ്തു്. 1984- ൽ ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ വൻ സഹതാപതരംഗമുണ്ടായിട്ടും ജനതാ പാർട്ടിയിലെ തമ്പാൻ തോമസാണ് മാവേലിക്കരയിൽ വിജയിച്ചത്. 1,287 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 1989- ൽ വീണ്ടും മാവേലിക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയായിയെത്തിയ പി.ജെ. കുര്യൻ 57,182 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സിറ്റിങ്ങ് എം.പി തമ്പാൻ തോമസിനെ പരാജയപ്പെടുത്തി. 1991, 1996, 1998 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലും പി.ജെ. കുര്യൻ ജയിച്ചുകയറി. പക്ഷേ 1998-ൽ കുര്യന്റെ ഭൂരിപക്ഷം 1,261 ആയി കുറഞ്ഞു. 1999-ൽ കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തലയാണ് മാവേലിക്കര ലോക്‌സഭയിൽ നിന്ന് ജയിച്ചുകയറിയത്. 33,443 വോട്ടിന്റെ ഭൂരിപക്ഷം.
2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സി.എസ് സുജാത, രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടി. സുജാതയ്ക്ക് 2,78,281 (28.6%) വോട്ടും രമേശ് ചെന്നിത്തലയ്ക്ക് 2,70,867 (27.89%) വോട്ടും ലഭിച്ചു.
2008-ൽ മണ്ഡലം പുനർ നിർണയത്തിന്റെ ഭാഗമായി മാവേലിക്കര സംവരണ മണ്ഡലമായി. 2009, 2014, 2019 വർഷങ്ങളിലെല്ലാം കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ്ങ് എം.പിയുമായ കൊടിക്കുന്നിൽ സുരേഷാണ് ജയിച്ചത്. 2014 ൽ 32,737 വോട്ടിന്റെ ഭൂരിപക്ഷമാണ് കൊടിക്കുന്നിൽ സുരേഷിന് ഉണ്ടായിരുന്നെങ്കിൽ, 2019-ൽ 61,138 ആയി കൂടി. ഈ വർധനവ്, 2024-ലും ആവർത്തിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.
ഒമ്പതു തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിൽ ഏഴുതവണ വിജയിച്ച പാരമ്പര്യമുള്ള സ്ഥാനാർഥിയാണ് കൊടിക്കുന്നിൽ സുരേഷ്. 2014- ലും 2019-ലും സി.പി.ഐ കരുത്തരായ സ്ഥാനാർഥികളെ മത്സരത്തിനിറക്കിയിരുന്നെങ്കിലും ജയിക്കാനായില്ല.
മാവേലിക്കര നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. നിലവിൽ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലുൾപ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണിക്കൊപ്പമാണ്. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന മാവേലിക്കര, ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന പ്രവണതയാണ് പൊതുവെ കണ്ടുവരുന്നത്.
സിപി.ഐ സ്ഥാനാർഥിയായ സി.എ. അരുൺകുമാർ, മന്ത്രി പി. പ്രസാദിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റുമായിരുന്നു. പുതുമുഖമായ അരുൺകുമാറിലൂടെ, സി.എസ്. സുജാത നേടിയ ചരിത്ര വിജയം തിരികെ കൊണ്ടുവരാനാകുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. മാവേലിക്കരയിലെ നായർ, കത്തോലിക്കാ, പുലയ സാമുദായിക വോട്ടുകളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കശുവണ്ടി, റബ്ബർ, കാർഷിക മേഖലയിലെ തൊഴിലാളി പ്രശ്‌നങ്ങളും വികസന ചർച്ചകളും പ്രധാന പ്രചാരണ വിഷയങ്ങളാകാൻ സാധ്യതയുണ്ട്.
എൻ.ഡി.എ സ്ഥാനാർഥിയായി ബി.ഡി.ജെഎസ്സിൽ നിന്ന് ബൈജു കലാശാലയും മത്സരത്തിനുണ്ട്. 2019-ൽ ബി.ജെ.പി സ്ഥാനാർഥിയായ തഴവ സഹദേവന് 1,33,546 വോട്ടാണ് (13.75%) ലഭിച്ചത്.