കേരളത്തിൻറെ ആചാര്യൻ നാരായണ ഗുരുവാണ്, ശങ്കരനല്ല എന്നതിൽ ഉറച്ചു നിൽക്കുന്നു

ശങ്കരാചാര്യരോടുള്ള ആശയപരമായ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ അധിക്ഷേപമായി വി. മുരളീധരന് തോന്നുന്നത് ആശയ പാപ്പരത്തം കൊണ്ടാണ്. കമ്യൂണിസ്‌റ്റുകാർക്ക് ശങ്കരാചാര്യരോട് ആശയപരമായ വിയോജിപ്പ് എക്കാലത്തും ഉണ്ടായിട്ടുണ്ട്. ശ്രീനാരായണ ഗുരുവിനോട് യോജിപ്പുമുണ്ട്.

ശിവഗിരി തീർഥാടന സമ്മേളനത്തിൽ, 2022 ഡിസംബർ 30 ന് ഞാൻ നടത്തിയ പ്രസംഗത്തോട് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ നടത്തിയ പ്രതികരണത്തിനുള്ള മറുപടിയാണ് ഈ കുറിപ്പ്.

ആദിശങ്കരനും ശ്രീനാരായണ ഗുരുവും ഒരേ ഭാരതീയ ഋഷിപരമ്പരയിൽ പെട്ടവരാണെന്ന വി. മുരളീധരന്റെ വാദം തികച്ചും തെറ്റാണ്. വേദാന്തത്തിന്റെ വ്യത്യസ്ത ധാരകളിലാണ് ഇരുവരും വ്യാപരിച്ചത്. ശൂദ്രന് വേദാധികാരമില്ലെന്നും വിപ്രനാണ് ശ്രേഷ്‌ഠനെന്നും വാദിച്ച ഋഷിപരമ്പരയിൽ പെട്ട ആചാര്യനാണ് ശ്രീശങ്കരൻ. എന്നാൽ മനുഷ്യർ ഒന്നാണെന്ന യഥാർത്ഥ അദ്വൈത ദർശനത്തെ ഉയർത്തിപ്പിടിച്ച ഋഷിവര്യനാണ് ശ്രീനാരായണഗുരു. ഈ വ്യത്യാസമാണ് ഞാൻ എന്റെ ശിവഗിരി പ്രസംഗത്തിൽ ഉയർത്തിപ്പിടിച്ചത്. രണ്ടുപേരും കേരളത്തിന്റെ യശസ്സുയർത്തിയവർ തന്നെ.

ജന്മഭൂമി പത്രം റിപ്പോർട്ട് ചെയ്തതിന്റെ ചുവടുപിടിച്ചാണ് മുരളീധരൻ എനിക്കെതിരെ പ്രസ്താവന പുറപ്പെടുവിച്ചത്. അതിനാൽ ഈ മറുപടി ജന്മഭൂമിക്കും കൂടിയുള്ളതാണ്.

ശങ്കരാചാര്യരോടുള്ള ആശയപരമായ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ അധിക്ഷേപമായി മുരളീധരന് തോന്നുന്നത് ആശയ പാപ്പരത്തം കൊണ്ടാണ്. കമ്യൂണിസ്‌റ്റുകാർക്ക് ശങ്കരാചാര്യരോട് ആശയപരമായ വിയോജിപ്പ് എക്കാലത്തും ഉണ്ടായിട്ടുണ്ട്. ശ്രീനാരായണ ഗുരുവിനോട് യോജിപ്പുമുണ്ട്.
ശ്രീശങ്കരനും ശ്രീനാരായണനും മുന്നോട്ടുവെച്ചത് ഒരേ ദർശനമാണെന്ന മുരളീധരന്റെ വാദം തികച്ചും തെറ്റാണ്. താനും അദ്വൈതവാദിയാണെന്ന് ശ്രീനാരായണൻ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ അത് മനുഷ്യരെ ഒന്നായി കാണുന്നതും ജാതിവ്യത്യാസം കാണാത്തതുമാണെന്ന് ഗുരു വ്യക്തമാക്കി. ശൂദ്രന് വേദാധികാരമില്ലെന്ന് ഗീതാഭാഷ്യത്തിൽ ശങ്കരൻ വ്യക്തമാക്കുന്നുണ്ട്.

ശ്രീനാരായണ ഗുരു
ശ്രീനാരായണ ഗുരു

വർണാശ്രമ ധർമ്മത്തിനും ബ്രാഹ്മണ്യത്തിനും ഗീതാഭാഷ്യത്തിൽ ഊന്നൽ നൽകുന്നുണ്ട് ശങ്കരൻ. പൂർവ്വജന്മാർജ്ജിതമായ വ്യത്യസ്ത വാസനകളാണ് വ്യത്യസ്ത വർണത്തിൽ പിറക്കാൻ കാരണമെന്ന ഗീതാതത്വത്തെയാണ് ശങ്കരൻ ഉയർത്തിപ്പിടിച്ചത്. ശങ്കരന്റെയും ശ്രീനാരായണന്റെയും ദർശനങ്ങളുടെ വ്യത്യാസം വ്യക്തമാണല്ലോ. ഗീതയിലില്ലാത്ത വിധം ബ്രാഹ്മണരുടെ ഉന്നത പദവി ഉദ്‌ഘോഷിക്കാൻ ഗീതാഭാഷ്യത്തിൽ ശങ്കരൻ ശ്രമിച്ചിട്ടുണ്ട്.
ശങ്കരാചാര്യർ ജാതിവ്യവസ്ഥയുടെ വക്താവായിരുന്നുവെന്ന അറിവ് എവിടെനിന്നു കിട്ടിയെന്നാണ് മുരളീധരൻ ചോദിക്കുന്നത്. ശങ്കരാചാര്യരുടെ ഗീതാഭാഷ്യം വായിച്ചാൽ മുരളീധരനും അത് വ്യക്തമാകും. ശ്രീനാരായണൻ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നാണ് ഉദ്ഘോഷിച്ചത്. ഇവയുടെ വ്യത്യാസം മനസിലാക്കാൻ മുരളീധരൻ ശ്രമിച്ചുനോക്കൂ.

ഹൈന്ദവ ധർമത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം. ഹൈന്ദവധർമം ഏകാത്മകമാണോ? ശങ്കരനും ശ്രീനാരായണനും അദ്വൈതത്തിന് വ്യത്യസ്ത ഭാഷ്യം കൊണ്ടുവന്നില്ലേ? ഏതെല്ലാം കാലത്ത് എന്തെല്ലാം വ്യത്യസ്ത ധാരകൾ ദർശനങ്ങളിൽ ഉൾച്ചേർന്നിട്ടുണ്ട്. അതുപോലെ അദ്വൈത ദർശനത്തിലുമുണ്ട്. രാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും ഒക്കെ വ്യത്യസ്ത ചിന്തകൾ കൊണ്ടുവന്നു. അവയൊക്കെ ശാങ്കരദർശനത്തിൽ നിന്ന് വ്യത്യസ്തമാണുതാനും. ഞാനായിട്ട് ഹൈന്ദവധർമത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കേണ്ട ഒരു കാര്യവുമില്ല.

ശങ്കരാചാര്യൻറെ ഛായാചിത്രം
ശങ്കരാചാര്യൻറെ ഛായാചിത്രം

ശാങ്കരദർശനവും ശ്രീനാരായണ ഗുരുവിന്റെ ദർശനവും ഒന്നാണെന്ന് ചിലർ പ്രഖ്യാപിക്കുന്നുണ്ട്. അത് ഗുരുവിനെ വാഴ്ത്താനല്ല, ശങ്കരനെ മുകളിൽ പ്രതിഷ്ഠിക്കാനാണ്. സംഘപരിവാറിന്റെ സിദ്ധാന്തങ്ങളെ പിന്തുണയ്ക്കാൻ അവർക്ക് ശങ്കരന്റെ ദർശനങ്ങളെ കൂട്ടുപിടിച്ചേ കഴിയൂ. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ദർശനത്തോട് സംഘപരിവാറിന് ഒരിക്കലും ചേർന്നുപോകാൻ കഴിയില്ല. ശ്രീനാരായണ ഗുരുവിനെ അവർക്ക് തള്ളിപ്പറയാൻ കഴിയാത്തത്, കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ ഹിന്ദു സമൂഹത്തിൽ ഗുരു അത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതുകൊണ്ടാണ്.

കേരളത്തിന്റെ ആചാര്യൻ ശ്രീനാരായണഗുരുവാന്നെന്ന് ശിവഗിരിയിൽ ഞാൻ പ്രസംഗിച്ചതിൽ ഉറച്ചുനിൽക്കുന്നു. സംഘപരിവാറിന് ശ്രീനാരായണഗുരു അത്ര പ്രിയപ്പെട്ട ആളാണെങ്കിൽ എന്തുകൊണ്ടാണ് റിപ്പബ്ലിക്ക് ദിന പരേഡിലേക്കുള്ള കേരളത്തിന്റെ ഫ്ലോട്ടിൽ നിന്ന് ശ്രീനാരായണഗുരുവിനെ മാറ്റി ശ്രീശങ്കരനെ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചത്? അതിന് വഴങ്ങാത്തതിനെ തുടർന്ന് കേരളത്തിന്റെ ഫ്ലോട്ട് അനുവദിച്ചതുമില്ല. ശ്രീനാരായണഗുരുവിനെ പുറമെ വാഴ്ത്തിപ്പറയുമെങ്കിലും ഉള്ളിന്റെയുള്ളിൽ ശ്രീനാരായണഗുരുവിനോട് അത്ര പ്രിയമൊന്നും സംഘപരിവാറിന് ഇല്ലെന്നതിന്റെ തെളിവാണത്.

കേരള ജനതയെ ഏറ്റവും ആഴത്തിൽ സ്വാധീനിച്ചിട്ടുള്ള സാമൂഹ്യ പരിഷ്‌കർത്താവ് ശ്രീനാരായണ ഗുരുവാണെന്ന് ആരെയും പ്രത്യേകിച്ച് ബോധ്യപ്പെടുത്തേണ്ടതില്ല. ആ സത്യത്തെ പെട്ടെന്നൊന്നും തമസ്കരിക്കാൻ സംഘപരിവാർ ശക്തികൾക്ക് കഴിയുകയുമില്ല.

അദ്വൈതം എന്ന് പറഞ്ഞാൽ, രണ്ടല്ല എന്നാണ്. ശങ്കരൻ പറഞ്ഞത് ഞാൻ തന്നെയാണ് ബ്രഹ്മം എന്നാണ്. എല്ലാത്തിലും ബ്രഹ്മമുണ്ട് എന്നാണ്. ഇത് സിദ്ധാന്ത തലത്തിൽ തന്നെ ദീർഘകാലം നിലനിന്നു. ശങ്കരൻ അതുവരെയുള്ള സംഹിതകൾ തന്റേതാക്കി പുനഃസൃഷ്ടിച്ചു. ഒപ്പം അക്കാലത്ത് നിലനിന്ന ബൗദ്ധ ദർശനത്തെ കടന്നാക്രമിക്കുകയും ബുദ്ധഭിക്ഷുക്കളെ ആക്രമിക്കാൻ പ്രചോദനം നൽകുകയും ചെയ്തു. ബുദ്ധമതത്തിന് ഏറെ പ്രചാരമുണ്ടായിരുന്ന കശ്മീരിൽ അദ്ദേഹം നേരിട്ടെത്തി ബുദ്ധമതത്തെയും ബുദ്ധഭിക്ഷുക്കളെയും കടന്നാക്രമിക്കാനും ഹിന്ദുധർമം സ്ഥാപിക്കാനും ആഹ്വാനം നൽകി. ക്രമേണ കശ്മീർ ഒരു ഹിന്ദു കേന്ദ്രമായി മാറി. ചരിത്രം അവിടെയും നിന്നില്ല എന്നത് മറ്റൊരു കാര്യം.

റിപബ്ലിക് ദിന പരേഡിൽ നിന്ന് ഒഴിവാക്കപ്പെട്ട ടാബ്ലോ
റിപബ്ലിക് ദിന പരേഡിൽ നിന്ന് ഒഴിവാക്കപ്പെട്ട ടാബ്ലോ

ശങ്കരന്റെ അദ്വൈതത്തിൽ മനുഷ്യനെ ഒന്നായിക്കണ്ടിരുന്നില്ല. വിപ്രൻ എന്ന ബ്രാഹ്മണൻ ആയിരുന്നു ഏറ്റവും യോഗ്യൻ. ചാതുർവർണ്യ വ്യവസ്ഥയെ ഊട്ടിയുറപ്പിച്ച് ബ്രാഹ്മണർക്ക് മേധാവിത്വം സ്ഥാപിച്ചുകൊടുക്കാൻ അദ്ദേഹം ഉത്സാഹിച്ചു. വർണാശ്രമ ധർമത്തെ അംഗീകരിച്ച് വേദജ്ഞാനം നേടി മോക്ഷപ്രാപ്തിക്ക് ബ്രാഹ്മണന് മാത്രമേ കഴിയൂ എന്ന് ശങ്കരൻ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ പിന്നെ അദ്ദേഹം മറ്റുള്ള മനുഷ്യരെ എങ്ങനെയാണ് ഒന്നായിക്കാണുന്നത്?

കാശിയിൽ വെച്ച് ക്ഷേത്രദർശനത്തിനായി കുളിച്ച് ശുദ്ധനായി പുറപ്പെട്ട ശങ്കരാചാര്യർക്ക് എതിരെ ഒരു ചണ്ഡാളൻ മദ്യകുംഭവുമായി നടന്നുവന്നു. "ഹേ ചണ്ഡാളാ മാറിനിൽകൂ. എന്റെ മാർഗത്തിൽ പ്രവേശിച്ച് എന്നെ അശുദ്ധനാക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു? മാറിനിൽക്കുക’ എന്നാണ് ശങ്കരാചാര്യർ കൽപിച്ചത്. വഴിമാറേണ്ടത് ഞാനോ എന്റെ ആത്മാവോ എന്ന ചണ്ഡാളന്റെ ചോദ്യം കേട്ട് ശങ്കരാചാര്യർ ഞെട്ടി. ‘എല്ലാ മനുഷ്യരുടെയും ശരീരം രക്താസ്ഥിവിൺമൂത്രരേതസ്സുകൾ കൊണ്ടല്ലേ നിർമിച്ചിരിക്കുന്നത്? ഉത്തമനായ അങ്ങയുടെയും നീചനായ എന്റെയും ശരീരത്തിലൂടെ ഒഴുകുന്ന ചൂട് രക്തത്തിന് ഒരേ നിറവും ഗുണവുമല്ലേ? മരിച്ച ശേഷം എല്ലാവരുടെയും ശരീരത്തെ അഗ്നി ഒരേപോലെയല്ലേ ഏറ്റുവാങ്ങുന്നത്? അങ്ങ് ബ്രാഹ്മണകുലത്തിൽ പിറന്നത് അങ്ങയുടെ ഇഷ്ടപ്രകാരമാണോ? ഞാൻ ചണ്ഡാളനായി പിറന്നത് എന്റെ ഇഷ്ടപ്രകാരമാണോ? അങ്ങ് മരിച്ചാൽ അങ്ങയുടെ ആത്മാവ് എവിടെപ്പോകും? എന്റേത് എവിടെപ്പോകും? രണ്ടും ഈശ്വര സന്നിധിയിൽ തന്നെയല്ലേ ചെന്നുചേരുന്നത്? മൃതശരീരമാകാൻ പോകുന്ന ഈ ദേഹത്തിന്മേൽ എന്തിനാണിത്ര അഹന്ത?’- ചണ്ഡാളന്റെ ചോദ്യങ്ങൾ കേട്ട് ശങ്കരാചാര്യർ കരഞ്ഞുപോയി എന്നാണ് കഥ. ചോദിച്ചത് ചണ്ഡാളൻ എന്ന് അംഗീകരിക്കാൻ സവർണ ജാത്യാഭിമാനികൾ തയാറായില്ല. ശിവൻ ചണ്ഡാളനായി വന്നതാണെന്ന് അഭിമാനിച്ചു.

ഭാരതീയ പാരമ്പര്യങ്ങളോടും തത്വചിന്തയോടുമുള്ള കമ്മ്യൂണിസ്റ്റുകാരുടെ അസഹിഷ്ണുതയെക്കുറിച്ച് മുരളീധരൻ പറയുന്നുണ്ട്. ഭാരതത്തിന്റെ യഥാർത്ഥ പാരമ്പര്യത്തിൽ എല്ലാവർക്കും അഭിമാനിക്കാൻ കഴിയും. എന്നാൽ പാരമ്പര്യം മുഴുവൻ തങ്ങളുടേതാണെന്ന സംഘപരിവാറിന്റെ വാദം അംഗീകരിക്കാൻ കഴിയില്ല. ഭാരതീയ ദർശനത്തെ കുറിച്ച് വിശദമായി പഠിക്കുകയും നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തവരിൽ കെ. ദാമോദരൻ, രാഹുൽ സാം കൃത്യായൻ, ദേബിപ്രസാദ്‌ ചതോപാധ്യായ, ഇ. എം. എസ്, എൻ.ഇ. ബാലറാം തുടങ്ങിയ കമ്യൂണിസ്റ്റുകാരുമുണ്ടെന്നത് മുരളീധരന് അറിയില്ലായിരിക്കാം.
ശങ്കരന്റെ അദ്വൈതം ബൗദ്ധികതലത്തിൽ മാത്രം നിലനിന്ന വൈജ്ഞാനിക അദ്വൈതമായിരുന്നു. ഗുരുദേവൻ അതിനെ പ്രായോഗിക അദ്വൈതമാക്കി.

ഗുരുദേവൻ പത്തൊൻപതാം നൂറ്റാണ്ടിലാണ് ജനിച്ചത്. ശങ്കരൻ ഊട്ടിയുറപ്പിച്ച ചാതുർവർണ്യ വ്യവസ്ഥയിൽ മനുഷ്യരിലേറെപ്പേരും പുഴുക്കളെപ്പോലെ ചവിട്ടിയരയ്ക്കപ്പെടുന്ന കാലത്താണ് ശ്രീനാരായണൻ തന്റെ ചിന്തകളുമായി രംഗപ്രവേശം ചെയ്യുന്നത്. അദ്ദേഹം അദ്വൈതത്തെ ഒന്ന് എന്ന ശരിയായ അർത്ഥത്തിൽ പുനർനിർവചിച്ചു. സത്യത്തിൽ അദ്വൈതം എന്നാൽ രണ്ടല്ലാത്തത്, ഒന്ന് തന്നെയല്ലേ? അതാണ് ശ്രീനാരായണൻ സ്ഥാപിച്ചെടുത്തത്. മനുഷ്യരെ അദ്ദേഹം ഒന്നായിക്കണ്ടു. വിപ്രൻ ശ്രേഷ്ഠൻ എന്ന ശങ്കരചിന്ത തള്ളിക്കളഞ്ഞ് എല്ലാവരും ഒന്നുതന്നെയാണെന്ന് സ്ഥാപിച്ചു. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയിലൂടെ ബ്രാഹ്മണ മേധാവിത്വത്തെയല്ലേ അദ്ദേഹം വെല്ലുവിളിച്ചത്? അതല്ലേ അദ്വൈത ദർശനത്തിന്റെ പ്രയോഗം?

"അവനിവനെന്നറിയുന്നതൊക്കെയോർത്താൽ
അവനിയിലാദിമമായൊരു രൂപം
അവനവനാത്മസുഖത്തിനാചരിക്കുന്നവ
അപരന്നു സുഖത്തിനായ് വരേണം'

ഞാനും നീയും അവനും ഇവനും മറ്റൊരാളും തമ്മിൽ ഭേദമില്ലെന്ന ഈ ചിന്തയിലല്ലേ ശരിയായ അദ്വൈതം കുടികൊള്ളുന്നത്?
അദ്വൈതത്തെ ജീവിതത്തിൽ ഉൾച്ചേർക്കാനുള്ള മാർഗനിർദേശങ്ങളായിരുന്നു അദ്ദേഹം തുടർന്ന് നൽകിയത്. അതിലൂടെ ഉയർന്നുവന്ന സാമൂഹ്യാന്തരീഷത്തിലാണ് തുല്യനീതിക്കായുള്ള നിരവധി പോരാട്ടങ്ങൾ കേരളത്തിൽ നടന്നതും തുല്യനീതി ഏറെക്കുറെ ലഭ്യമാക്കാൻ കേരളത്തിന് കഴിഞ്ഞതും.

"തത്വശാസ്ത്രത്തിൽ നാം ശ്രീശങ്കരനെ പിന്തുടരുന്നു' എന്ന ഗുരുവിന്റെ പ്രതികരണം വിശാല അർത്ഥത്തിലുള്ളതാണ്. അദ്വൈതത്തെ വാക്കിൽ സ്വീകരിച്ച ഗുരു അതിന്റെ അന്തരാർത്ഥങ്ങളെ പുനർനിർണയിച്ചു. താൻ ചെയ്യുന്നത് അപരന്ന് സുഖത്തിനായ് വരേണമെന്ന് വ്യക്തമായി അദ്ദേഹം ഉദ്ഘോഷിച്ചു. അദ്വൈതം അങ്ങനെ വളരെ വ്യക്തമായി തെളിഞ്ഞുവന്നത് ഗുരുവിന്റെ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയുമാണ്. അതുകൊണ്ടാണ് കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനമുള്ള സാമൂഹ്യപരിഷ്കർത്താവായി ശ്രീനാരായണൻ ഇന്നും ജനമനസ്സുകളിൽ നിലകൊള്ളുന്നത്.

ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും
ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും

സഹോദരൻ അയ്യപ്പനുമായുള്ള സംഭാഷണത്തിൽ ഗുരു പറയുന്നത് ഇപ്രകാരമാണ്, " ജാതി മനുഷ്യരിൽ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതിൽ തെറ്റുകാരനാണ്’. ഈ തെറ്റ് തിരുത്താനും അതുവഴി അദ്വൈതത്തെ ജീവിതസത്യമാക്കാനുമാണ് ഗുരു പ്രയത്നിച്ചത്.

"ശങ്കരാചാര്യർ വലിയ ആളായിരുന്നിരിക്കാം; ജാതിയുടെ കാര്യത്തിൽ ചെറിയ ആളായിരുന്നു’ എന്നാണ് ഗുരു പറഞ്ഞത്. ജാതിയുടെ സങ്കുചിത്വത്വത്തിൽ നിന്ന് മനുഷ്യരെ വിമോചിപ്പിക്കാനാണ് ഗുരു പരിശ്രമിച്ചത്. അതിനെ ജീവിതത്തിൽ ഉൾച്ചേർക്കാനുള്ള മാർഗദർശനം നൽകുകയാണ് ചെയ്തത്. എല്ലാവരും നിന്റെ തന്നെ ഭാഗമായതിനാൽ നീ ചെയ്യുന്നത് മറ്റുള്ളവർക്ക് കൂടി ഹിതകരമായിരിക്കണം എന്നതായിരുന്നു ഗുരുവിന്റെ അദ്വൈതത്തിന്റെ സാരം.
ശ്രീനാരായണ ദർശനത്തെ സംഘപരിവാർ ഉൾക്കൊള്ളുന്നില്ല. പലമതസാരവും ഏകമെന്ന് അവർ കരുതുന്നില്ല. അത്തരക്കാർക്കുള്ള മറുപടി ശ്രീനാരായണൻ തന്നെ നൽകിയിട്ടുണ്ട്.

പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം.


Summary: ശങ്കരാചാര്യരോടുള്ള ആശയപരമായ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ അധിക്ഷേപമായി വി. മുരളീധരന് തോന്നുന്നത് ആശയ പാപ്പരത്തം കൊണ്ടാണ്. കമ്യൂണിസ്‌റ്റുകാർക്ക് ശങ്കരാചാര്യരോട് ആശയപരമായ വിയോജിപ്പ് എക്കാലത്തും ഉണ്ടായിട്ടുണ്ട്. ശ്രീനാരായണ ഗുരുവിനോട് യോജിപ്പുമുണ്ട്.


Comments