സർക്കാർ രേഖകളിൽ ഇനി ‘കോളനി’ ഇല്ല,
രാജിവെക്കും മുമ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ ചരിത്ര ഉത്തരവ്

'നഗർ', 'ഉന്നതി', 'പ്രകൃതി' തുടങ്ങിയ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താൽപര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാവുന്നതാണെന്ന് ഉത്തരവ്.

Think

ട്ടികജാതി- പട്ടികവർഗ വകുപ്പ് ഒഴിയുന്നതിനുമുമ്പ് മന്ത്രി കെ. രാധാകൃഷ്ണ​​ന്റെ ചരിത്രപ്രാധാന്യമുള്ള ഉത്തരവ്: സർക്കാർ രേഖകളിൽ ഇനി ‘കോളനി’ എന്ന വാക്കുണ്ടാകില്ല.

പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന മേഖലകളെ 'കോളനി', 'സങ്കേതം', 'ഊര്' എന്നിങ്ങനെ വിശേഷിപ്പിക്കുന്നതിനുപകരം 'നഗർ', 'ഉന്നതി', 'പ്രകൃതി' തുടങ്ങിയ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താൽപര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു. വ്യക്തികളുടെ പേരിടുന്നത് ചില തർക്കങ്ങൾക്ക് ഇടയാക്കുന്നതിനാൽ അവ ഒഴിവാക്കണമെന്നും നിലവിൽവ്യക്തികളുടെ പേരുള്ള സ്ഥലങ്ങളിൽ അവ തുടരാമെന്നും ഉത്തരവിലുണ്ട്.

ആലത്തൂരിൽ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനതുടർന്നാണ് കെ.രാധാകൃഷ്ണൻ മന്ത്രി സ്ഥാനം രാജിവച്ചത്. രാജിക്കുതൊട്ടുമുമ്പ് ഒപ്പിട്ടതാണ്, ‘കോളനി’ ഒഴിവാക്കിയുള്ള ഉത്തരവ്.

കോളനി എന്നത് അടിമത്തത്തെ സൂചിപ്പിക്കുന്ന വാക്കാണെന്നും മേലാളർമാരുണ്ടാക്കിയ ഈ പേര് കേൾക്കുമ്പോൾ തന്നെ അപകർഷത തോന്നാറുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഉത്തരവിന്റെ ഭാഗമായി വ്യക്തികളുടെ പേരിലുള്ള സ്ഥലപേരുകളിൽ മാറ്റമുണ്ടാവില്ലെന്നും അതിലെ കോളനിയെന്ന പദമാണ് ഒഴിവാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘കോളനി എന്ന പേരുമാറ്റം നേരത്തെ മുതൽ ആഗ്രഹിച്ചതാണ്. അടിമത്തത്തിന്റെ ചിഹ്നമാണ് കോളനി. ബ്രിട്ടന്റെ കോളനിയായിരുന്നു ഇന്ത്യ. പേരുമാറ്റം നിരവധി ഘട്ടത്തിൽ ചർച്ച ചെയ്തിരുന്നു. ഓരോ പ്രദേശത്തും ഇഷ്ടമുള്ള പേര് നിർദേശിക്കാം’’-' കെ. രാധാകൃഷ്ണൻ പറഞ്ഞു.

‘കോളനി’ എന്ന വിശേഷണം ഒഴിവാക്കുന്ന കാര്യം കെ. രാധാകൃഷ്ണൻ നേരത്തെയും സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അംബേദ്കർ ഗ്രാമം പദ്ധതിയിൽ മയ്യിൽ ഗ്രാമപഞ്ചായത്തിലെ കോറളായി തുരുത്തിൽ വികസന പ്രവൃത്തികളുടെ പൂർത്തീകരണം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരുന്നു: ‘‘അടിമത്തിന്റെ അടയാളമായ കോളനി എന്ന പദം ഇല്ലാതാവുന്ന ദിവസം വരും. ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പാക്കിയ അടിമത്ത ഭരണത്തിന്റെ പ്രതീകമാണ് കോളനികൾ. ആ പദം ഉപയോഗിക്കുന്ന രീതി മാറണം. അങ്ങനെ ഒരു ദിവസം വരും. എല്ലാ മനുഷ്യരും ഒരുപോലെയാണ്’’.

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളെ കോളനികൾ എന്ന് വിളിക്കുന്നതിനു പകരം സദ്ഗ്രാമങ്ങൾ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എൽ.എ കഴിഞ്ഞ വർഷം മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നൽകിയിരുന്നു. ചരിത്രപരമായ കാരണങ്ങളാൽ സാമൂഹ്യ ഉച്ചനീചത്വങ്ങൾക്ക് വിധേയമായി മാറ്റിനിർത്തപ്പെട്ട പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളെ ഇപ്പോഴും കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ആധുനിക സമൂഹത്തിന് ചേർന്നതല്ലെന്ന് നജീബ് കാന്തപുരം നിവേദനത്തിൽ പറഞ്ഞിരുന്നു: ‘‘കോളനികൾ എന്ന പേര് തന്നെ ആക്ഷേപമായി ഉപയോഗിക്കപ്പെടുകയും ഇവിടെ കഴിയുന്ന മനുഷ്യരെ അധമരായി കാണുന്ന പ്രവണത വർദ്ധിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഈ ഗ്രാമങ്ങളെ സദ്ഗ്രാമങ്ങൾ എന്ന് പുനർനാമകരണം ചെയ്യുന്നത് ഗുണകരമാവും. കോളനി എന്ന പദം സർക്കാർ രേഖകളിൽ നിന്നും മാറ്റാൻ നടപടി സ്വീകരിക്കണം’’ എം.എൽ.എ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഇക്കാര്യം അനുഭവപൂർവം പരിശോധിച്ചു ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അന്ന് മന്ത്രി ഉറപ്പും നൽകിയിരുന്നു.

ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ക്ലിഫ് ഹൗസിലെത്തിയാണ് കെ. രാധാകൃഷ്ണൻ രാജി സമർപ്പിച്ചത്.

Comments