ട്രൂകോപ്പി വെബ്സീൻ: കേരളം അതിദാരിദ്ര്യമുക്തമായി എന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വികസന - സാമ്പത്തിക- സാമൂഹ്യശാസ്ത്രമേഖലയിലുള്ള വിദഗ്ധർ സംശയങ്ങളും വിമർശനങ്ങളും ഉയർത്തിയിരുന്നു. ഏതു മേഖലയിലും ഇത്തരം മാനവ വികസന സൂചികകളുടെ നിർവചനത്തെയും മാനദണ്ഡങ്ങളെയും റിസൾട്ടിനെയും കുറിച്ച് സംശയങ്ങളുയരുക സ്വാഭാവികമാണ്, അത് ആ പ്രോസസ്സിന്റെ peer review എന്ന രീതിയിൽ അഭിസംബോധന ചെയ്യപ്പെടുകയും വേണം. അത്തരം വിമർശനങ്ങളെ സർക്കാർ പക്ഷത്തുനിന്ന് വേണ്ടവിധം അഭിസംബോധന ചെയ്യാത്തത് എന്തുകൊണ്ടാണ്?
എം.ബി. രാജേഷ്: 2021 മുതൽ കേരളത്തിൽ അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നുവരികയാണ്. എന്നാൽ അതിദാരിദ്ര്യമുക്തമായി കേരളത്തെ പ്രഖ്യാപിക്കുന്നതിന്റെ തലേന്നാണ് ഏതാനും വിദഗ്ധരും മറ്റു ചിലരും ഒരു കത്തിലൂടെ ചില സംശയങ്ങളും വിമർശനങ്ങളും ഉന്നയിച്ചത്. അതിന് മണിക്കൂറുകൾക്കകം തന്നെ വാർത്താസമ്മേളനത്തിലൂടെ സർക്കാരിനുവേണ്ടി ഞാൻ മറുപടി നൽകിയിരുന്നു. 2021- ൽ തുടർഭരണം ലഭിച്ചശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ചതാണ് അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ.
അതിദാരിദ്ര്യം നിർവചിച്ചതിന്റെ മാനദണ്ഡങ്ങളും രീതിശാസ്ത്രവും രഹസ്യമായിരുന്നില്ലല്ലോ. അന്നുമുതൽ പൊതുമണ്ഡലത്തിൽ ഉള്ളതാണ്. അനേകം രേഖകളും റിപ്പോർട്ടുകളും 2021 മുതൽ തുടർച്ചയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021 ഒക്ടോബറിൽ കില പ്രസിദ്ധീകരിച്ച അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ എന്ന കൈപ്പുസ്തകം കിലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ എല്ലാ ഉത്തരവുകളും വകുപ്പിന്റെ വെബ്സൈറ്റിലും ലഭ്യമാണ്.
‘‘ദീർഘവും വിപുലവും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തതുമായ ഒരു പ്രക്രിയയെക്കുറിച്ച് അതത് സമയത്ത് മനസ്സിലാക്കാൻ ശ്രമിക്കുക പോലും ചെയ്യാതെ, ലഭ്യമായ രേഖകൾ വായിക്കാനോ വിലയിരുത്താനോ ശ്രമിക്കാതെ, ഒരു സുപ്രഭാതത്തിൽ തീർത്തും തള്ളിക്കളയുന്നത് അക്കാദമികവും ബൗദ്ധികവുമായ സത്യസന്ധതയില്ലായ്മയല്ലേ?’’
നിർണയപ്രക്രിയ താഴെ തലത്തിൽ നടപ്പിലാക്കുന്നതിന് തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ, സൂപ്പർ ചെക്കിംഗ് ടീം, എന്യുമറേഷൻ ടീം, വാർഡ്തല സമിതി ഉൾപ്പെടെയുള്ള ജനകീയ സമിതി അംഗങ്ങൾ എന്നിവർക്ക് അതിദാരിദ്ര്യം എന്തെന്നെതും അതിനു ബാധകമാക്കുന്ന ക്ലേശഘടകങ്ങൾ സംബന്ധിച്ചും രീതിശാസ്ത്രം സംബന്ധിച്ചും വിശദമായ പരിശീലനമാണ് ആദ്യം പൂർത്തിയാക്കിയത്. പ്രക്രിയയുടെ ശാസ്ത്രീയതയും ആധികാരികതയും ഉറപ്പ് വരുത്തുന്നതിനായി വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ (വടക്കാഞ്ചേരി നഗരസഭ, അഞ്ചുതെങ്ങ്, തിരുനെല്ലി ഗ്രാമപഞ്ചായത്തുകൾ) പൈലറ്റ് പ്രവർത്തനം നടത്തി. അതിനെ തുടർന്ന് തദ്ദേശ സ്ഥാപനതലത്തിലും വാർഡ് തലത്തിലും ജനകീയ സമിതികൾ രൂപീകരിച്ചു. ഈ സമിതികളിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെടുന്നു. വാർഡു തല സമിതികൾ എല്ലാവരുടെയും സഹായത്തോടെ പ്രാഥമിക സാധ്യതാപട്ടിക പങ്കാളിത്തപൂർണമായ ചർച്ചയിലൂടെ തയ്യാറാക്കുന്നു. തുടർന്ന് സാമൂഹ്യ സംഘടനാ പ്രവർത്തകർ ഉൾപ്പെടുന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾക്ക് പട്ടിക വിധേയമാക്കുന്നു. 250-ൽ കൂടുതൽ വീടുകളുള്ള വാർഡുകൾ ക്ലസ്റ്റർ തല ചർച്ചകളും സംഘടിപ്പിക്കുന്നു.
ഇങ്ങനെ തയ്യാറാക്കുന്ന സാധ്യതാപട്ടിക വിശദമായ വിവര ശേഖരണത്തിനായി തയ്യാറാക്കിയ മൊബൈൽ ആപ്പിലേക്ക് അപ് ലോഡ് ചെയ്യുന്നു. പരിശീലനം ലഭിച്ച എന്യുമറേറ്റർമാർ വിശദമായ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ വിവരശേഖരണം നടത്തുന്നു. ആയതിന്റെ 20 ശതമാനം സൂപ്പർ ചെക്കിംഗിന് വിധേയമാക്കുന്നു. ഇപ്രകാരം തയ്യാറാക്കുന്ന കരട് പട്ടിക വാർഡ് / ഗ്രാമ സഭകളുടെ മുമ്പാകെ സമർപ്പിക്കുന്നു. വിപുലമായ പങ്കാളിത്ത പ്രക്രിയയുടെയും പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന ശാസ്ത്രീയമായ വിവരശേഖരണത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് അന്തിമ പട്ടിക തയ്യാറായത്.
ഈ പട്ടികക്ക് അന്തിമാനുമതി നൽകിയത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. സർക്കാരല്ല പട്ടിക അംഗീകരിച്ച് നൽകിയത്. പകരം മാനദണ്ഡങ്ങൾ നിശ്ചയിച്ച് നൽകുകയാണ് സർക്കാർ ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പും പ്ലാനിംഗ് ബോർഡും വിവിധ വകുപ്പ് പ്രതിനിധികളും ചേർന്നുള്ള വികേന്ദ്രീകൃത ആസൂത്രണ സമിതി, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്, അക്കാദമിക പരിശീലന സ്ഥാപനമായ കില തുടങ്ങി നിരവധി സംവിധാനങ്ങൾ ഒരുമിച്ച് രൂപപ്പെടുത്തിയതാണ് ഈ നിർണയ പ്രക്രിയ.

Peer Review എന്ന നിലയിൽ ഈ പ്രക്രിയയെ സംബന്ധിച്ച അഭിപ്രായങ്ങൾ അഭിസംബോധന ചെയ്യുന്നതിന് സർക്കാർ ഒരു മടിയും കാണിച്ചിട്ടില്ല. നാട്ടിലെ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളും ജനപ്രതിനിധികളും ഉൾപ്പെട്ടതും മാധ്യമങ്ങൾ അതാത് സമയം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതുമായ ഒരു പ്രക്രിയ മനസ്സിലാക്കാനോ അതിന്റെ ഭാഗമാകാനോ ഏറ്റവും കുറഞ്ഞത് അതത് സമയത്ത് Peer Review നടത്തുന്നതിനോ ഇവരാരും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഇപ്പോൾ നടത്തേണ്ട Peer Review 2022 മാർച്ചിനകം പൂർത്തിയായ അതിദാരിദ്ര്യ നിർണയ പ്രക്രിയയെക്കുറിച്ചല്ല, പകരം 2025 നവംബറിൽ പ്രഖ്യാപിച്ച ഈ പട്ടികയിൽപെട്ട കുടുംബങ്ങളുടെ അതിദാരിദ്ര്യ മുക്തിയെക്കുറിച്ചാണ് വേണ്ടത്. കില പ്രസിദ്ധീകരിച്ച അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ എന്ന കൈപ്പുസ്തകം, 2023 ലെ കേരളപ്പിറവി ദിനത്തിൽ കേരളീയം ഉദ്ഘാടന വേദിയിൽവെച്ച് മുഖ്യമന്ത്രി പ്രകാശനം ചെയ്ത ഇടക്കാല പുരോഗതി റിപ്പോർട്ട്, 2025-ൽ പ്രസിദ്ധീകരിച്ച അന്തിമ റിപ്പോർട്ട് തുടങ്ങിയ രേഖകളും റിപ്പോർട്ടുകളും സർക്കാർ ഉത്തരവുകളും ഇപ്പോഴും peer review- വിന് ലഭ്യമാണ്.
ദീർഘവും വിപുലവും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തതുമായ ഒരു പ്രക്രിയയെക്കുറിച്ച് അതത് സമയത്തോ ഇപ്പോഴോ ഒന്നും തന്നെ മനസ്സിലാക്കാൻ ശ്രമിക്കുക പോലും ചെയ്യാതെ, ലഭ്യമായ അനേകം രേഖകൾ വായിക്കാനോ വിലയിരുത്താനോ ശ്രമിക്കാതെ, ഒരു സുപ്രഭാതത്തിൽ തീർത്തും തള്ളിക്കളയുന്നത് അക്കാദമികവും ബൗദ്ധികവുമായ സത്യസന്ധതയില്ലായ്മയല്ലേ? സർക്കാരിനോടുള്ള രാഷ്ട്രീയ വിപ്രതിപത്തിയുടെ പേരിൽ, തദ്ദേശസ്ഥാപനങ്ങളും ലക്ഷക്കണക്കിന് ആളുകളും ചേർന്നു നടത്തിയ ഒരു പരിശ്രമത്തെ വൈദഗ്ധ്യത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന് പരിഹസിക്കുന്നതും റദ്ദാക്കുന്നതും ബൗദ്ധിക വരേണ്യതയല്ലേ?
വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള ഏത് വിമർശനത്തെയും സ്വാഗതം ചെയ്യുന്നു. എന്നാൽ പ്രാഥമികമായ അന്വേഷണം പോലും നടത്താതെ മുൻവിധികളോടെയുള്ള വിമർശനങ്ങളാണ് ഇവരിൽ നിന്നുണ്ടായത്. എന്നിട്ടും അവയെല്ലാം അഭിസംബോധന ചെയ്യാൻ സർക്കാർ തയ്യാറായിട്ടുണ്ട്. ഞാൻ അവരോടും പ്രതിപക്ഷത്തോടും ചില ചോദ്യങ്ങൾ തിരിച്ചുന്നയിച്ചിരുന്നു. ഒരക്ഷരം അവരാരും മറുപടി പറഞ്ഞിട്ടില്ല, എന്നു മാത്രമല്ല ചില വിദഗ്ധർ പഴയ ചോദ്യങ്ങൾ ആവർത്തിക്കുകയുമാണ്.
ഏത് ബാഹ്യ ഏജൻസിക്കും പരിശോധിക്കാനും വിലയിരുത്താനും കഴിയും വിധം സുതാര്യവും വിപുലമായ ജനപങ്കാളിത്തത്തോടെയും നടത്തിയ ഈ പ്രവർത്തനങ്ങളും അതിന്റെ രേഖകളും ഫലങ്ങളും ഏത് ഏജൻസിക്കും പരിശോധിക്കാൻ തടസ്സമില്ല.
ആഗോള തലത്തിൽ ഉപയോഗിക്കുന്ന ദാരിദ്ര്യസൂചകങ്ങൾ, നീതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചകങ്ങൾ, കേരളത്തിൻറെ സവിശേഷമായ സാഹചര്യങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്തു എന്നും പറയുന്നു. അവ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ? കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ എങ്ങനെയാണ് ഇവ കണക്കിലെടുത്തത് എന്നും വിശദമാക്കാമോ? അഗതികളും അതിദരിദ്രരും ഒരേ വിഭാഗമാണോ? ഇത്തരമൊരു സർവേയിൽ നീതി ആയോഗിൻറെയോ ആസൂത്രണ കമീഷൻറെയോ പങ്കാളിത്തം ആവശ്യമല്ലേ?
ആഗോള ബഹുമുഖ ദാരിദ്ര്യ സൂചകങ്ങളായി ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കിയുള്ള പത്തോളം ഇനങ്ങളാണ് അടിസ്ഥാനമാക്കുന്നത്. ഇതിനോട് ചേർന്ന് നിന്നുകൊണ്ട് രണ്ട് അധിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചകങ്ങളായി നിതി ആയോഗ് സ്വീകരിച്ചിട്ടുള്ളത്. മനുഷ്യർ നേരിടുന്ന വിവിധ തരത്തിലുള്ള ശേഷിയില്ലായ്മകളെയാണ് ദാരിദ്ര്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ബി പി എൽ പട്ടിക തയ്യാറാക്കുന്നത് ഭക്ഷണത്തെയും അതിൽ നിന്ന് ലഭിക്കുന്ന കലോറി ഊർജത്തെയും അടിസ്ഥാന പരിഗണനാവിഷയമാക്കിയാണ്. കേരളം മാനവിക വികസന സൂചികകളിൽ ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് എങ്കിലും ദാരിദ്ര്യത്തിന്റെ തുരുത്തുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ദാരിദ്ര്യത്തെയും അതിദാരിദ്ര്യത്തെയും വേർതിരിച്ച് കാണേണ്ടതുണ്ട്. ദാരിദ്ര്യമുള്ളവരിൽ തന്നെ ഏറ്റവും തീവ്രമായ അവസ്ഥയെ അഭിമുഖീകരിക്കുന്നവരാണ് അതിദരിദ്രർ. അതിജീവനത്തിന് വേണ്ട അടിസ്ഥാന ആവശ്യങ്ങൾ (ഭക്ഷണം, വസ്ത്രം, സുരക്ഷിത താമസ സ്ഥലം, അടിസ്ഥാന വരുമാനം) നേടിയെടുക്കാൻ തീരെ കഴിയാതെ പോകുന്ന, അതിജീവനം തന്നെ പ്രതിസന്ധിയിലായ വിഭാഗമാണ് അതിദരിദ്രർ.
ഇപ്രകാരം പ്രതിസന്ധിയിലായ ആൾക്കാരെ കണ്ടെത്തുന്നതിന് നിതി ആയോഗിന്റെ പങ്കാളിത്തമല്ല, പകരം വീക്ഷണമാണ് ആവശ്യമായിട്ടുള്ളത്. അതിദാരിദ്ര്യ നിർണയ പ്രക്രിയ നിശ്ചയിക്കുന്നതിൽ നിതി ആയോഗിന്റെ സൂചകങ്ങൾ കണക്കിലെടുത്തിട്ടുണ്ട്. പ്ലാനിംഗ് ബോർഡിന്റെ ഉയർന്ന തലത്തിലുള്ള പങ്കാളിത്തം ഉണ്ടായിട്ടുമുണ്ട്.
സംസ്ഥാന ആസൂത്രണ ബോർഡിന്റെ പങ്കാളിത്തമാണ് ചോദ്യത്തിൽ ഉദ്ദേശിച്ചതെങ്കിൽ അത് തുടക്കം മുതൽ ഉണ്ടായിട്ടുണ്ട്. അത് മനസ്സിലാക്കാൻ, ആസൂത്രണ ബോർഡ് തയ്യാറാക്കുന്നതും എല്ലാ വർഷവും നിയമസഭയിൽ അവതരിപ്പിക്കുന്നതുമായ ഇക്കണോമിക് റിവ്യൂ മാത്രം വായിച്ചാൽ മതി. 2022, 23, 24 വർഷങ്ങളിലെ ഇക്കണോമിക് റിവ്യൂവിൽ ഈ പദ്ധതി പുരോഗതി വിലയിരുത്തിയിട്ടുണ്ട്. മാത്രമല്ല, 2023-24, 2024-25 വർഷങ്ങളിൽ പ്ലാനിൽ 50 കോടി വീതവും 2025-26ൽ 60 കോടിയും പ്ലാനിങ് ബോർഡ് വകയിരുത്തിയതുമാണ്. എന്നിട്ടും പ്ലാനിങ് ബോർഡുമായി കൂടിയാലോചിച്ചില്ല എന്നൊക്കെയുള്ള ബാലിശമായ വാദങ്ങളാണ് വിദഗ്ധരും പ്രതിപക്ഷവും ഉയർത്തിയത്.
അതിദാരിദ്ര്യ നിർമ്മാർജ്ജനം എന്ന പ്രഖ്യാപനത്തിലേക്ക് നയിച്ച നടപടിക്രമങ്ങളുടെ രീതിശാസ്ത്രത്തെക്കുറിച്ചാണ് പ്രധാന വിമർശനം. നാലു വർഷത്തിലേറെയായി സംസ്ഥാനത്ത് വിവിധ തലങ്ങളിൽ നടത്തിയ ബൃഹത്തായ സർവേയുടെയും തുടർപരിശോധനകളുടെയും മറ്റും അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ്, ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനമെന്ന് സർക്കാർ വിശദീകരിക്കുന്നുണ്ട്. അതിനായി തയ്യാറാക്കിയ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പൊതുമണ്ഡലത്തിൽ ലഭ്യമാണെന്നും സർക്കാർ പറയുന്നു. എന്നാൽ, ഇത്തരമൊരു വികസന സൂചികയുമായി ബന്ധപ്പെട്ട് ചെയ്ത കാര്യങ്ങൾ പ്രാഥമികമായി പറഞ്ഞുപോകുന്ന സ്റ്റാറ്റസ് റിപ്പോർട്ടിനുപകരം, ശാസ്ത്രീയമായി ഈ രീതിശാസ്ത്രം വിശദീകരിക്കുന്ന ടെക്‌നിക്കൽ റിപ്പോർട്ടാണ് വേണ്ടത് എന്ന വാദമുയരുന്നുണ്ട്. എന്തുകൊണ്ട് അത്തരമൊരു ടെക്‌നിക്കൽ റിപ്പോർട്ട് ലഭ്യമാക്കുന്നില്ല?
അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയക്ക് പ്രധാനമായും രണ്ട് ഘട്ടങ്ങളാണുള്ളത്. നിർണയപ്രക്രിയയും നിർമ്മാർജ്ജന പ്രക്രിയയും . 2023 നവംബർ 1 ന് പ്രകാശനം ചെയ്ത ഇടക്കാല റിപ്പോർട്ടും 2025 നവംബർ 1 ന് പ്രകാശനം ചെയ്ത റിപ്പോർട്ടും നിർമ്മാർജ്ജന പ്രവർത്തനങ്ങളെ സംബന്ധിച്ചാണ്.
നിർണയപ്രക്രിയ നടന്നത് 2021- ൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കില തയ്യാറാക്കിയ അതിദാരിദ്ര്യ നിർണയ പ്രക്രിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമാണ്. മാനദണ്ഡങ്ങളും രീതിശാസ്ത്രവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ കൈപ്പുസ്തകം പൊതുമണ്ഡലത്തിൽ ലഭ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ നിർണയ പ്രക്രിയ നടന്നിട്ടുള്ളത് അതത് തദ്ദേശസ്ഥാപനങ്ങളിലാണ്. ഇതിന്റെ എല്ലാ രേഖകളും അതത് തദ്ദേശ സ്വംയഭരണ സ്ഥാപന തലത്തിൽ ലഭ്യമാണ്. ഇതിന്റെ ക്രോഡീകൃത കണക്കുകളും ഗുണഭോക്തൃ വിവരങ്ങളും അവരുടെ ക്ലേശഘടകങ്ങളെ സംബന്ധിച്ച വിവരങ്ങളും ആ കുടുംബത്തിനാവശ്യമായ പിന്തുണകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മൈക്രോ പ്ലാനുകളും സംസ്ഥാന തലത്തിലും ലഭ്യമാണ്. അതിന്റെ കണക്കുകൾ നേരത്തേ പറഞ്ഞ ഇടക്കാല റിപ്പോർട്ടിലും അന്തിമ റിപ്പോർട്ടിലും ഉൾപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ഗുണഭോക്തൃ വിവരങ്ങളും അവർക്ക് നൽകിയ പിന്തുണയും പൊതുമണ്ഡലത്തിൽ പരസ്യപ്പെടുത്തുന്നത് ഉചിതമാണോ എന്ന് പരിശോധിക്കേണ്ടതാണ്. അവരുടെ ആത്മാഭിമാനത്തെ നാം ബഹുമാനിക്കേണ്ടതുണ്ട്. എന്നാൽ ശാസ്ത്രീയമായി സ്വയം ഉത്തരവാദിത്തത്തോടുകൂടി ഇക്കാര്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കാൻ തടസ്സമാകുന്നുമില്ല. രഹസ്യമല്ല എന്നർത്ഥം. പ്രഖ്യാപനത്തിന മുമ്പ് വിശദമായ വ്യക്തിഗതമായ സോഷ്യൽ ഓഡിറ്റ് പരിശോധനയും നടത്തിയിട്ടുണ്ട് എന്നതും കാണുക.

കില 2022-ൽ പ്രസിദ്ധീകരിച്ച Participatory Extreme Poverty Assesment: Experiences from Kerala എന്ന റിപ്പോർട്ട് ടെക്നിക്കൽ റിപ്പോർട്ട് ആണല്ലോ (ഇത് കില വെബ്‌സൈറ്റിൽ ലഭ്യമാണ്). ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കുള്ള പരിശീലനത്തിന് കില തയ്യാറാക്കി വിതരണം ചെയ്ത കൈപ്പുസ്തകം ഈ രീതിശാസ്ത്രത്തിന്റെ സാങ്കേതികവശങ്ങൾ ലളിതമായി എല്ലാവർക്കും മനസ്സിലാക്കാനാവും വിധം വിശദീകരിക്കുന്നതുമാണ്.
മാനവവികസന മേഖലയിൽ ആസൂ.ത്രണം ചെയ്ത് നടപ്പാക്കുന്ന ഒരു പരിപാടിയുടെ മോണിറ്ററിങ് ആൻറ് ഇവാല്യുവേഷൻ എന്നത് ബാഹ്യ ഏജൻസിയാണ് നടത്തുക. ഇവിടെ നമ്മൾ തന്നെ ഡിസൈൻ ചെയ്യുകയും നടപടിക്രമം തീരുമാനിക്കുകയും റിസൾട്ട് പ്രഖ്യാപിക്കുകയും ചെയ്യുകയാണുണ്ടായത്. എന്തുകൊണ്ടാണ് ഒരു ബാഹ്യ ഏജൻസിയുടെ മോണിറ്ററിങും ഇവാല്യുവേഷനും ഈ പദ്ധതിയിൽനിന്ന് ഒഴിവാക്കിയത്? അതൊരു ശാസ്ത്രീയ രീതിയാണോ? ദേശീയതലത്തിൽ പോലുമുള്ള ഒരു വാലിഡേഷൻ ഇല്ലാതെ പോയത് എന്തുകൊണ്ടാണ്?
2025 നവംബർ 1 ന് പ്രഖ്യാപനത്തിലേക്ക് പോകുന്നതിന് മുമ്പ് രണ്ട് തരത്തിലുള്ള ഉറപ്പു വരുത്തൽ പരിശോധന നടത്തുകയുണ്ടായി. അതിലൊന്ന് വകുപ്പിലെ തന്നെ ഉയർന്ന ഉദ്യോഗസ്ഥരെ നേരിട്ട് പ്രസ്തുത കുടുംബങ്ങളുടെ അടുത്തേക്കയച്ചുകൊണ്ടുള്ള വിലയിരുത്തലായിരുന്നു. ബ്ലോക്ക് അടിസ്ഥാനത്തിൽ മുഴുവനായും ജില്ലാ അടിസ്ഥാനത്തിൽ പത്തു ശതമാനവും സംസ്ഥാന അടിസ്ഥാനത്തിൽ ഒരു ശതമാനവും കുടുബങ്ങളുടെ അതിദാരിദ്ര്യ മുക്ത പരിശോധന ഇപ്രകാരം പൂർത്തീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ വകുപ്പിന് പുറത്തുള്ള സംവിധാനമായ ബാഹ്യ ഏജൻസി തന്നെയായ സോഷ്യൽ ഓഡിറ്റ് സൊസൈറ്റിയും വിലയിരുത്തൽ നടത്തുകയുണ്ടായി. രാജ്യത്ത് തന്നെ മാതൃകയായ തരത്തിൽ വർഷത്തിൽ രണ്ട് പ്രാവശ്യം വീത് നൂറ് ശതമാനം തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് ഫലപ്രദമായി നടത്തിവരുന്നതിന് കേന്ദ്ര സർക്കാരിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയ സ്വതന്ത്ര സംവിധാനമായ സോഷ്യൽ ഓഡിറ്റ് സൊസൈറ്റി അതിന്റെ റിസോഴ്സ് പേഴ്സൺസിനെ ഉപയോപ്പെടുത്തിക്കൊണ്ട് ഓരോ ഗുണഭോക്താവിനെയും നേരിട്ട് കണ്ട് പദ്ധതി മുഖേന നടന്ന പ്രവർത്തനങ്ങൾ വിലയിരുത്തുകയും വിശദ അവലോകനങ്ങൾ ഇതിനായുള്ള വെബ് പ്ലാറ്റ് ഫോമിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു. സോഷ്യൽ ഓഡിറ്റ് സംവിധാനം ചൂണ്ടിക്കാണിച്ച വിടവുകളും അപാകതകളും ഓരോന്നായി പരിഹരിക്കുകയും സംസ്ഥാന സർക്കാർ പ്രതിനിധികൾ തന്നെ അത് ഉറപ്പുവരുത്തുകയും ചെയ്തു. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ നിർണയപ്രക്രിയയും നിർവ്വഹണവും ഫലപ്രാപ്തിയുടെ വിലയിരുത്തലും അടിസ്ഥാനപരമായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. അടിസഥാനതല ജനകീയ ഭരണ സംവിധാനമായതിനാൽ തന്നെ യാഥാർത്ഥ്യങ്ങൾ മാത്രമേ പ്രഖ്യാപനത്തിന് വിധേയമാക്കാൻ സാധിക്കുകയുള്ളു.
ഏത് ബാഹ്യ ഏജൻസിക്കും പരിശോധിക്കാനും വിലയിരുത്താനും കഴിയും വിധം സുതാര്യവും വിപുലമായ ജനപങ്കാളിത്തത്തോടെയും നടത്തിയ ഈ പ്രവർത്തനങ്ങളും അതിന്റെ രേഖകളും ഫലങ്ങളും ഏത് ഏജൻസിക്കും പരിശോധിക്കാൻ തടസ്സമില്ല. ഇനിയും അത് ആവാം. ദാരിദ്ര്യനിർമാർജനത്തിൽ കേരളത്തിൽ നടന്നതിനേക്കാൾ കൂടുതൽ പരിശോധനകളും പ്രവർത്തനങ്ങളും ദേശീയതലത്തിൽ എവിടെയാണ് നടന്നിട്ടുള്ളത്? കേരളത്തിനോളം അനുഭവങ്ങൾ ഈ രംഗത്ത് ദേശീയതലത്തിൽ ആർക്കെങ്കിലും ഉണ്ടെന്ന് അവകാശപ്പെടാൻ ആവുമോ? കേരളത്തിന്റെ ഈ പരീക്ഷണത്തെ മാർക്കിടാനും വിലയിരുത്താനും ഏത് ഏജൻസിക്കും മുന്നോട്ടുവരാം. മാർക്കിടൽ സുതാര്യവും വസ്തുനിഷ്ഠവുമായിരിക്കണമെന്നു മാത്രം. വിമർശനങ്ങൾ മുന്നോട്ടുവയ്ക്കാം. തുറന്ന മനസ്സോടെ സർക്കാർ അതിനെ കണക്കിലെടുക്കും. പെട്ടെന്നൊരു ദിവസം ഉറക്കം ഉണർന്നപ്പോഴുള്ള വെളിപാട് പോലെ, ഇതൊന്നും ഞങ്ങൾ അംഗീകരിക്കില്ല എന്ന മട്ടിൽ ലാഘവത്തോടെയും ഉത്തരവാദിത്വരഹിതമായും ചെയ്യരുത് എന്നേയുള്ളൂ.
‘‘ഒരു തീയതി വച്ച് തീർപ്പാക്കാവുന്ന ലളിതമായ പ്രശ്നമാണെന്ന് യാഥാർത്ഥ്യബോധമുള്ള ആരും കരുതുകയില്ല. അതിദരിദ്രരായ ഒരാൾ പോലും ഇല്ല, ഉണ്ടാവുകയില്ല എന്നല്ല അവകാശവാദം. 2021- നു ശേഷം അതിദരിദ്രരായവർ ഉണ്ടാകാം.. ഇനിയും അതിലേക്ക് വീണു പോയേക്കാവുന്നവരും ഉണ്ടാകാം. അവരെയെല്ലാം ലക്ഷ്യം വെച്ചുകൊണ്ടാണ് തുടർ പ്രവർത്തനം സർക്കാർ ചെയ്യുന്നത്’’.
അതിദാരിദ്ര്യമുക്തമായി എന്ന പ്രഖ്യാപനത്തിന്, ഒരു തീർപ്പിൻറെ സ്വഭാവമുണ്ട്. ഒരാൾ പോലുമില്ല എന്നതാണ് പരസ്യവും അവകാശങ്ങളും. അതായത്, മേലിൽ കേരളത്തിൽ അതിദരിദ്രരുണ്ടാകില്ല എന്ന്. ഇപ്പോഴും ഒരാൾ പോലും ഇല്ല എന്ന്. അതാണോ വാസ്തവം? അതിദാരിദ്ര്യം എന്നത് പൂർണമായും ഇല്ലാതാക്കിക്കഴിഞ്ഞ ഇല്ലാതാക്കാൻ കഴിയുന്ന സംഗതിയാണോ? ഏതു നിമിഷവും ദരിദ്ര്യത്തിൽനിന്ന് അതിദാരിദ്ര്യത്തിലേക്ക് മാറാവുന്ന സാഹചര്യങ്ങൾ ചുറ്റിലുമുണ്ട്. ആ നിലയ്ക്ക് ഇത്തരമൊരു പ്രഖ്യാപനത്തിന് ഒരു അവകാശവാദം എന്നതിൽ കവിഞ്ഞ് മാനവവികസനവുമായി ബന്ധപ്പെട്ട് എന്ത് നീതീകരണമാണുള്ളത്?
സർക്കാർ അത്തരമൊരു തീർപ്പും കൽപ്പിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് പ്രഖ്യാപനചടങ്ങിൽ വച്ചുതന്നെ തുടർപ്രവർത്തനത്തിന്റെ സമീപനരേഖ പ്രസിദ്ധീകരിച്ചത്. ഇത് തുടർപ്രക്രിയ ആയിട്ടാണ് സർക്കാർ കാണുന്നത്. ഒരു തീയതി വച്ച് തീർപ്പാക്കാവുന്ന ലളിതമായ പ്രശ്നമാണെന്ന് യാഥാർത്ഥ്യബോധമുള്ള ആരും കരുതുകയില്ല. അതിദരിദ്രരായ ഒരാൾ പോലും ഇല്ല, ഉണ്ടാവുകയില്ല എന്നല്ല അവകാശവാദം. 2021- ൽ വിപുലമായ ഒരു പ്രക്രിയയിലൂടെ കണ്ടെത്തുകയും ശാസ്ത്രീയമായ പരിശോധനയിലൂടെയും ജനകീയ വിലയിരുത്തലിലൂടെയും അന്തിമമാക്കുകയും ചെയ്ത പട്ടികയിലെ എല്ലാവരെയും അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആ പ്രക്രിയയിലും ഉൾപ്പെടാതെ പോയ അപൂർവ്വം ചിലരുണ്ടാകാം. 2021- നുശേഷം അതിദരിദ്രരായവർ ഉണ്ടാകാം.. ഇനിയും അതിലേക്ക് വീണു പോയേക്കാവുന്നവരും ഉണ്ടാകാം. അവരെയെല്ലാം ലക്ഷ്യം വെച്ചുകൊണ്ടാണ് തുടർപ്രവർത്തനം സർക്കാർ ചെയ്യുന്നത്. തീർപ്പുകൽപ്പിക്കുകയല്ല, അതിദാരിദ്ര്യ നിർമാർജന പ്രക്രിയയുടെ തുടർച്ച ഉറപ്പുവരുത്തുകയാണ്.
വിമർശനങ്ങളിൽ ഒന്ന്, അന്ത്യോദയ- അന്നയോജന കുടുംബങ്ങളുമായി ബന്ധപ്പെട്ടാണ്. ദാരിദ്ര്യത്തിൻറെ ഏറ്റവും അടിത്തട്ടിലുള്ള 5.91 ലക്ഷം പേർ കേരളത്തിലുണ്ടെന്നാണ് നിയമസഭയിൽ ഭക്ഷ്യമന്ത്രി നൽകിയ കണക്ക്. ഇവർ എന്തുകൊണ്ടാണ് അതിദരിദ്രരുടെ പട്ടികയിൽ ഇല്ലാതെ പോയത്. ഈ വിഭാഗത്തെ സംസ്ഥാന സർക്കാർ ഇപ്പോൾ ഏത് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്? കേരളം അതിദരിദ്രമുക്തമായ സ്ഥിതിയ്ക്ക് ഇവർക്ക് ഇനി റേഷൻ സബ്‌സിഡി നൽകില്ല എന്ന് കേന്ദ്ര സർക്കാർ കേരളത്തോടുള്ള സമീപനത്തിന്റെ രാഷ്ട്രീയവും അല്ലാത്തതുമായ കാരണങ്ങളാൽ തീരുമാനിച്ചാൽ അതിനെ കേരളത്തിന് എങ്ങനെ എതിർക്കാനാകും?
AAY എന്നത് ഏതെങ്കിലും ശാസ്ത്രീയ പഠനത്തിന്റെയോ മാനദണ്ഡങ്ങളുടെയോ അടിസ്ഥാനത്തിലുള്ള അതിദാരിദ്ര്യം നിർണയിക്കാനുള്ള ഒരു പദ്ധതിയല്ല. പൊതുവിതരണസമ്പ്രദായത്തെ പരിമിതപ്പെടുത്താനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച വിഭജനത്തിന്റെ ഭാഗം മാത്രമാണത്. ദേശീയതലത്തിൽ കുറഞ്ഞ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണം ചുരുക്കാനായി മാത്രം ഉണ്ടാക്കിയ പട്ടികയാണത്. നിശ്ചിത എണ്ണം ആൾക്കാർക്ക് റേഷൻ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്നതിനായി ദാരിദ്ര്യരേഖ പട്ടികയിൽ ഏറ്റവും പുറകിൽ നിന്ന് മുന്നോട്ട് എന്ന രീതിയിലാണ് അന്ത്യോദയ അന്നയോജന പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. അർഹതപ്പെട്ട എല്ലാവർക്കും എന്നല്ല, ഏറ്റവും പുറകിലുള്ള ഇത്ര പേർക്ക് എന്നതാണ് അതിന്റെ സമീപനം. റേഷൻ ആവശ്യത്തിന് മാത്രമുള്ള AAY പട്ടികയെ സമഗ്രവും സങ്കീർണവുമായ മാനദണ്ഡങ്ങളിലൂടെ നടത്തിയ അതിദാരിദ്ര്യ നിർണയവുമായി താരതമ്യപ്പെടുത്തുന്നതുതന്നെ അശാസ്ത്രീയമാണ്. AAY പട്ടികയിൽ പോലും ഉൾപ്പെടാത്ത, റേഷൻകാർഡ് പോലും ഇല്ലാത്ത ആൾക്കാർ അതിദാരിദ്ര്യ കുടുംബ പട്ടികയിലുണ്ട്. 5132 അതിദരിദ്ര കുടുംബങ്ങൾക്കാണ് പുതുതായി റേഷൻ കാർഡുകൾ വിതരണം ചെയ്തിട്ടുള്ളത്.

64,006 അതിദരിദ്ര കുടുംബങ്ങളുടെ പട്ടികയിൽ അഞ്ചു ശതമാനമാണ് ആദിവാസികൾ. അതിദാരിദ്ര്യമനുഭവിക്കുന്ന ആദിവാസികളിൽ നല്ലൊരു ശതമാനത്തെ പട്ടികയിൽനിന്ന് ഒഴിവാക്കിയതായി ആദിവാസി സംഘടനകൾ ആരോപിക്കുന്നുണ്ട്. വയനാട്ടിൽ പണിയ, അടിയ, കാട്ടുനായ്ക്ക, വെട്ടക്കുറുമ തുടങ്ങിയവരിൽ ബഹുഭൂരിപക്ഷവും ഭൂരഹിതരും, ഭവനരഹിതരും, തൊഴിൽരഹിതരുമാണെന്നും നൂറുകണക്കിന് കുടുംബങ്ങൾ പുഴയോരങ്ങളിലും പുറമ്പോക്കുകളിലും വനാതിർത്തികളിലുമുള്ള ചോർന്നൊലിക്കുന്ന കൂരകളിൽ താമസിക്കുന്നവരുമാണെന്നും അവർ പറയുന്നു. ഇത്തരം കുടുംബങ്ങൾ എന്തുകൊണ്ടാണ് ഒഴിവാക്കപ്പെട്ടത്?
തുടക്കത്തിൽ വിശദീകരിച്ച പങ്കാളിത്താധിഷ്ഠിത പ്രക്രിയയിലൂടെയാണ് പട്ടികവർഗ്ഗ ഗുണഭോക്താക്കളെയും കണ്ടെത്തിയത്. വികസനത്തിൽ ചരിത്രപരമായ കാരണങ്ങളാൽ നേട്ടം വേണ്ടത്ര ലഭിക്കാതെ പോയ പട്ടികവർഗ്ഗക്കാർ, പട്ടികജാതിക്കാർ, തീരദേശ വാസികൾ എന്നിവരുടെ ഇടയിൽ ദാരിദ്ര്യത്തിന്റെ തോത് മറ്റ് വിഭാഗങ്ങളേക്കാൾ ഉയർന്നതാണ്. അടിസ്ഥാന ജീവിത സാഹചര്യങ്ങൾ മറ്റുള്ളവരുടേതിനെ അപേക്ഷിച്ച് പുറകിലുമാണ്. അതിനാൽ അതിദാരിദ്ര്യ നിർണയ പ്രക്രിയയിൽ ഈ സാമൂഹ്യ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു. ഇവരുടെ ജീവിതസാഹചര്യങ്ങളിൽ അതിദാരിദ്ര്യത്തിന് കാരണമായേക്കാവുന്ന ഘടകങ്ങളെ പ്രത്യേക സൂചകങ്ങളായി പരിഗണിച്ചിരുന്നു. പൊതുവെ ഒരു അതിതീവ്ര ക്ലേശ ഘടകമോ രണ്ട് തീവ്ര ക്ലേശ ഘടകമോ ബാധകമാകുന്ന കുടുംബത്തെയാണ് അതിദാരിദ്ര്യ കുടുംബമായി കണക്കായിട്ടുള്ളത്. ഇവരുടെ കാര്യത്തിൽ ഓരോ സൂചകവും തീവ്ര ക്ലേശ ഘടകമായാണ് പരിഗണിക്കുക. പൊതു സൂചകങ്ങളും അതിന്റെ ഉപഘടകങ്ങൾക്കുമൊപ്പം ഇവരുടേതായ തീവ്ര ക്ലേശ ഘടകങ്ങളുടെ പരിഗണനയും ഇവർക്ക് ലഭിച്ചിരുന്നു. പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള പ്രത്യേക ആശ്രയ പദ്ധതി ഉൾപ്പടെയുള്ളവയുടെ ഗുണഭോക്താക്കൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലാത്തത് എണ്ണം കുറയാൻ കാരണമായിട്ടുണ്ടാവും. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ തുടർപ്രവർത്തനങ്ങളിൽ ആദിവാസി, ദലിത് വിഭാഗങ്ങളിൽ കൂടുതൽ കേന്ദ്രീകരിക്കുകയും അർഹരെല്ലാം ഉൾപ്പെടുത്തുന്നു എന്ന് ഉറപ്പാക്കാൻ പ്രത്യേക നടപടി സ്വീകരിക്കുകയും ചെയ്യും.
ദലിത് ഉന്നതികളിൽ അതിദാരിദ്ര്യ കുടുംബങ്ങൾ നിലവിലൊന്നുമില്ല എന്ന് സർക്കാരും അവകാശപ്പെടുന്നില്ല. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ തുടർപ്രവർത്തനങ്ങളിൽ ആദിവാസി, ദലിത് വിഭാഗങ്ങളിൽ കൂടുതൽ കേന്ദ്രീകരിക്കുകയും അർഹരെല്ലാം ഉൾപ്പെടുന്നു എന്ന് ഉറപ്പാക്കാൻ പ്രത്യേക നടപടി സ്വീകരിക്കുകയും ചെയ്യും.
പ്രഖ്യാപനത്തിന്റെ വെളിച്ചത്തിൽ, കേരളത്തിലെ ദലിത് ഉന്നതികളിൽ അതിദരിദ്രരായ കുടുംബങ്ങൾ ഇല്ല എന്ന് ഉറപ്പിച്ചുപറയാനാകുമോ?
തുടക്കത്തിൽ വിശദീകരിച്ച പങ്കാളിത്താധിഷ്ഠിത പ്രക്രിയയിലൂടെ അതിദാരിദ്ര്യ കുടുംബത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക ക്ലേശ ഘടകങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് പട്ടികവർഗ്ഗ ഗുണഭോക്താക്കളെയും കണ്ടെത്തിയത്. 2021-22 കാലഘട്ടത്തിൽ ദലിത് ഉന്നതികൾ ഉൾപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വാർഡ് തലത്തിലുമുള്ള സമിതികളും ഗ്രാമസഭകളും വിശദമായ വിലയിരുത്തലിന് വിധേയമാക്കിയാണ് പട്ടിക അന്തിമമാക്കിയിട്ടുള്ളത്. അന്ത്യോദയ അന്നയോജന പോലെ ഏതെങ്കിലും തരത്തിലുള്ള പരിമിതപ്പെടുത്തലിന് യാതൊരു നിർദ്ദേശവും ഉണ്ടായിട്ടില്ല. എന്നാൽ അതിജീവനത്തിന് വഴിയില്ലാത്ത അതിദരിദ്രർ മാത്രമേ പട്ടികയിൽ ഉൾപ്പെടാവൂ എന്നത് സമീപനവുമായിരുന്നു. അന്നത്തെ പ്രക്രിയയിലൂടെ കണ്ടെത്തിയ പട്ടിക അന്നത്തെ സാഹചര്യത്തിൽ സമഗ്രമാണെന്ന് സാക്ഷ്യപ്പെടുത്തപ്പെട്ടതാണ്. ആ കുടുംബങ്ങളെയാണ് അതിദാരിദ്ര്യ മുക്തമാക്കിയിട്ടുള്ളത്. അതിന്റെ പ്രഖ്യാപനമാണ് സർക്കാർ നടത്തിയിട്ടുള്ളത്. അതിനുശേഷം അതിദാരിദ്ര്യത്തിലേക്ക് വീണുപോയവരുണ്ടാകാം.
അതിനാൽ കേരളത്തിലെ ദലിത് ഉന്നതികളിൽ അതിദാരിദ്ര്യ കുടുംബങ്ങൾ നിലവിലൊന്നുമില്ല എന്ന് സർക്കാരും അവകാശപ്പെടുന്നില്ല. എന്നാൽ അതിദാരിദ്ര്യത്തെ സംബന്ധിച്ചും അങ്ങനെ ഒരു അവസ്ഥയെ പരിഹരിക്കേണ്ടതിനെ സംബന്ധിച്ചും ജനങ്ങൾക്കിടയിലും ഉദ്യോഗസ്ഥസംവിധാനത്തിനിടയിലും പുതിയ സമീപനവും ഉൾക്കാഴ്ചയും രൂപ്പെടുത്താൻ സാധിച്ചു. അതിദാരിദ്ര്യ നിർമ്മാർജന പ്രക്രിയ എന്നുള്ളതും ദാരിദ്ര്യ നിർമ്മാർജന പ്രക്രിയ എന്നുള്ളതും ഒരു തുടർച്ചയാണ്. ഒരു ഇടതുപക്ഷ സർക്കാരിന് അത് ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ തുടർപ്രവർത്തനങ്ങളിൽ ആദിവാസി, ദലിത് വിഭാഗങ്ങളിൽ കൂടുതൽ കേന്ദ്രീകരിക്കുകയും അർഹരെല്ലാം ഉൾപ്പെടുന്നു എന്ന് ഉറപ്പാക്കാൻ പ്രത്യേക നടപടി സ്വീകരിക്കുകയും ചെയ്യും.

64,006 എന്ന ചെറിയ എണ്ണത്തിലേക്ക് എത്തിക്കാനായി അതിദരിദ്രർ എന്ന നിർവചനത്തിനുള്ള മാനദണ്ഡങ്ങൾ തീരെ ശുഷ്കമാക്കി മാറ്റുകയും അതുവഴി അർഹരായ നിരവധിപേർ പട്ടികയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു എന്ന വിമർശനത്തിനുള്ള മറുപടി എന്താണ്? മാനദണ്ഡങ്ങൾ വിശാലമാക്കുകയും കൂടുതൽ പേരെ ഉൾപ്പെടുത്തുകയും ചെയ്യുകയല്ലേ ഇടതുപക്ഷ സർക്കാർ ചെയ്യേണ്ടിയിരുന്നത്? അതായത് അതിദാരിദ്ര്യം അനുഭവിക്കുന്ന എല്ലാ വിഭാഗം കുടുംബങ്ങളെയും മനുഷ്യരെയും ഉൾക്കൊള്ളുംവിധം അതിദരിദ്രർ എന്ന നിർവചനം കുറെക്കൂടി വിപുലമാക്കി ഈ പദ്ധതി ആവിഷ്കരിക്കുകയായിരുന്നില്ലേ വേണ്ടത്?
മാനദണ്ഡങ്ങളും അതിന്റെ ഭാഗമായ ക്ലേശഘടകങ്ങളും നേരത്തെ വിശദീകരിച്ചിട്ടുണ്ട്. ആഹാരം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ആവിഷ്കരിച്ച മാനദണ്ഡങ്ങൾ കഴിയാവുന്നത്ര വിപുലമാക്കുകയാണ് ചെയ്തത്. ഒരു എണ്ണം മുൻകൂട്ടി നിശ്ചയിച്ച് അതിലേക്ക് എത്തിക്കാൻ ശ്രമിച്ചു എന്നത് അവാസ്തവമാണ്. അതിദരിദ്രരെ സംബന്ധിച്ച് ഡാറ്റ തന്നെ ഇല്ല എന്നാണല്ലോ വിദഗ്ധരുടെ ആരോപണം. നേരത്തേ ഏറ്റവും താഴെത്തട്ടിൽ, വാർഡ് അടിസ്ഥാനത്തിൽ നടന്ന അതിദാരിദ്ര്യ നിർണയത്തിലൂടെ എത്തിച്ചേർന്ന എണ്ണമാണിത്. ഈ എണ്ണം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും നിശ്ചയിച്ചിട്ടുള്ളത് അതത് സ്ഥാപനങ്ങളാണ്. അതിന്റെ ആകെ തുകയാണ് 64,006 എന്നത്.
കേരളത്തിലെ ദരിദ്രരെ നിതി ആയോഗ് 2021ൽ നിർണയിച്ചത് 0.71 ശതമാനം ആയിരുന്നു. പിന്നീട് 0.55% ആയി. അതിനുശേഷം അനുമാനിച്ചിട്ടുള്ളത് 0.48 ശതമാനം എന്നായിരുന്നു. ഈ നിർണയത്തെ ഇപ്പോൾ രംഗത്തിറങ്ങിയ വിദഗ്ധരൊന്നും ചോദ്യം ചെയ്തതായി കണ്ടില്ല. ആരെയെങ്കിലും പുറത്താക്കാനായി പ്രത്യേകം പദ്ധതി ആവിഷ്കരിക്കേണ്ടതില്ലല്ലോ. ഇങ്ങനെയൊരു പദ്ധതി തന്നെ പ്രത്യേകം ആവിഷ്കരിച്ചത്, ഇതുവരെ ഒരു പദ്ധതിയിലും ഉൾപ്പെടാതെ വിട്ടുപോയവരെയും കണ്ടെത്താതെ പോയവരെയും അതായത് അദൃശ്യരായവരെ ഉൾക്കൊള്ളാനായിരുന്നു. ഇനി ഇതിലും വരാതെ പോയവരുണ്ടെങ്കിൽ അവരെയും വിട്ടുകളയില്ല. അതിദരിദ്രരായ ഓരോരുത്തരെയും തേടിച്ചെല്ലാനാണ് സർക്കാർ ശ്രമിച്ചത്. അത് ഇനിയും തുടരും.
‘‘അതിദരിദ്രരെ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിർണയിച്ച് അവരെ അധഃസ്ഥിത ജീവിതാവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ ഭരണസംവിധാനത്തെയാകെ അണിനിരത്തി നാലര വർഷം കൊണ്ട് നടപ്പാക്കിയ അവകാശാധിഷ്ഠിതമായ പദ്ധതിയായിരുന്നു ഇത് എന്ന് തിരിച്ചറിയാനാവാത്തവരുടെ ആശയദാരിദ്ര്യത്തിന്റെ ഉൽപ്പന്നമാണ് ജീവകാരുണ്യരാഷ്ട്രീയം എന്ന വാദം’’.
എന്തുകൊണ്ടാണ് ചാരിറ്റി പൊളിറ്റിക്സിന്റെ തലത്തിൽ അതായത് വലതുപക്ഷ യുക്തിയിൽ ഒരു ഇടതുപക്ഷ സർക്കാർ തന്നെ അതിന്റെ നയങ്ങളും പ്രയോഗങ്ങളും രൂപപ്പെടുത്തുന്നത് എന്നതാണ് അടിസ്ഥാനപരമായ രാഷ്ട്രീയ വിമർശനം. ഇന്ത്യയിൽ മോദിസർക്കാരോ യോഗി ആദിത്യനാഥ് സർക്കാരോ കോൺഗ്രസ്സ് സർക്കാരുകളോ ചെയ്യുന്ന തരം വലതുപക്ഷ യുക്തികൾ. സിസ്റ്റമിക്കായ പരിവർത്തനങ്ങൾക്ക് ഏറ്റവും സാധ്യതയുള്ള കേരളത്തിൽ വലതുപക്ഷ സാമ്പത്തിക നയങ്ങളെ ന്യായീകരിക്കുകയോ പിന്താങ്ങുകയോ ചെയ്യുകയാണ് ഇടതുപക്ഷ സർക്കാർ. ചാരിറ്റി പൊളിറ്റിക്സ് ഇടതുപക്ഷത്തിന് പ്രത്യയശാസ്ത്രപരമായും സൈദ്ധാന്തികമായും ഉൾക്കൊള്ളാവുന്ന ഒന്നാണോ?
ഇത് ജീവകാരുണ്യ രാഷ്ട്രീയമാണ് എന്നത് ഈ പദ്ധതിയെക്കുറിച്ച് ഉയർത്താവുന്ന അങ്ങേയറ്റത്തെ വിതണ്ഡവാദമാണ്. ഒറ്റത്തവണ ധനസഹായമോ എല്ലാ അതിദരിദ്രർക്കും ഒരുപോലെ നൽകിയ ഏതെങ്കിലും സൗജന്യമോ ആയിരുന്നില്ല ഇത്. സർക്കാരിന്റെ മുമ്പിൽ ദയാഹർജിയുമായി വന്നവർക്ക് ഭിക്ഷയോ ദാനമോ ഔദാര്യമോ ആയി സർക്കാർ ചില്ലറ സഹായവിതരണം നടത്തിയ പരിപാടിയുമായിരുന്നില്ല. ഇങ്ങോട്ട് വരികയല്ല, അങ്ങോട്ട് തേടിച്ചെന്ന് അതിദരിദ്രരെ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിർണയിച്ച് അവരെ അധഃസ്ഥിത ജീവിതാവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ ഭരണസംവിധാനത്തെയാകെ അണിനിരത്തി നാലര വർഷം കൊണ്ട് നടപ്പാക്കിയ അവകാശ അധിഷ്ഠിതമായ പദ്ധതിയായിരുന്നു ഇത് എന്ന് തിരിച്ചറിയാനാവാത്തവരുടെ ആശയദാരിദ്ര്യത്തിന്റെ ഉൽപ്പന്നമാണ് ജീവകാരുണ്യരാഷ്ട്രീയം എന്ന വാദം. അതിദരിദ്രരെ കണ്ടെത്തി അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുകയാണ് സർക്കാരും തദ്ദേശസ്ഥാപനങ്ങളും ചെയ്തത്. അടിസ്ഥാന രേഖകൾ, ആഹാരം, ആരോഗ്യചികിത്സ, വിദ്യാഭ്യാസം, ഉപജീവനമാർഗ്ഗം, വരുമാനം, വാസസ്ഥലം എന്നിവ ഉറപ്പാക്കാൻ ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾ കണ്ടെത്തി അതിനാവശ്യമായ സൂക്ഷ്മ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്ന ശാസ്ത്രീയ സമീപനമാണ് അവലംബിച്ചത്. കഥയറിയാതെ ആട്ടം കണ്ട അതിവിപ്ലവ വാചകക്കസർത്തുകാർക്കാണ് അതിദാരിദ്ര്യനിർമാർജനമൊക്കെ വെറും ജീവകാരുണ്യമല്ലേ എന്ന പുച്ഛം തോന്നുന്നത്.

കേരളത്തിൽ ഇടതുപക്ഷ സർക്കാരുകളുടെ നയങ്ങളിലൂടെ വരുത്തിയ സിസ്റ്റമിക്കായ പരിവർത്തനങ്ങൾ- ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, അധികാര വികേന്ദ്രീകരണം, സാമൂഹ്യ ക്ഷേമ പദ്ധതികൾ, ജനകീയാസൂത്രണം, കുടുംബശ്രീ- എന്നിവയിലൂടെയൊക്കെയാണ് ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത് എന്ന വസ്തുത ജീവകാരുണ്യ വാദക്കാർ തിരിച്ചറിയുന്നില്ല. അതിന്റെ തുടർച്ചയാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതി. ഇത് ജീവകാരുണ്യം മാത്രമാണ് എന്ന വിമർശനം 80- കളിൽ സാമൂഹ്യക്ഷേമ പെൻഷനും തൊഴിലില്ലായ്മ വേതനവും കൊണ്ടുവന്നപ്പോൾ പ്രത്യുൽപാദനപരമല്ലാത്ത പാഴ്‌ച്ചെലവ് മാത്രമാണ് എന്ന വലതുപക്ഷ യുക്തിക്കൊപ്പം നിർത്താവുന്നതാണ്. അതിദാരിദ്ര്യ നിർമാർജനം യോഗി ആദിത്യനാഥ് ചെയ്യുന്ന വിധത്തിലാണ് എന്ന് പറയുന്നവർ ഇടതുപക്ഷത്തെ ആക്രമിക്കാൻ ആദിത്യനാഥിനെ മഹത്വവൽക്കരിക്കുകയല്ലേ ചെയ്യുന്നത്? ഈ അനർഹ പ്രശംസ ആദിത്യനാഥിന് പോലും തൊലിയുരിക്കുന്നതായി തോന്നും. ഇന്ദിരാഗാന്ധിയുടെ ഗരീബി ഹഠാവോ പോലുള്ള പൊള്ളയായ വായ്ത്താരിയിൽ നിന്ന് എങ്ങനെയാണ് കേരളത്തിൻെ അതിദാരിദ്ര്യ നിർമാർജന പദ്ധതി വേറിട്ട നിൽക്കുന്നത് എന്ന് കാണാൻ ഏത് സാധാരണക്കാർക്കും കഴിയും.
അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കുതിപ്പിനൊപ്പം പൊതുമേഖലാ സംരക്ഷണം, പൊതുവിദ്യാഭ്യാസ ശാക്തീകരണം, പൊതുജനാരോഗ്യ സംവിധാനത്തിനുള്ള മുൻഗണന, വിപുലമായ സാമൂഹ്യക്ഷേമ പദ്ധതികളുടെ ശൃംഖല, ഉന്നത വിദ്യാഭ്യാസരംഗത്തെ വർദ്ധിച്ച പൊതു മുതൽമുടക്ക്, കേന്ദ്രം സ്വകാര്യവൽക്കരിക്കുന്ന വ്യവസായങ്ങളെ പോലും ഏറ്റെടുത്ത് പൊതുമേഖലയിൽ സംരക്ഷിക്കുന്നത് എന്നിങ്ങനെയുള്ള നടപടികളും അതിദാരിദ്ര്യ നിർമാർജന പദ്ധതിയുമെല്ലാം സാമ്പത്തിക വളർച്ചക്കൊപ്പം പരമാവധി നീതിയുക്തമായ വിതരണവും ഉറപ്പുവരുത്തുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന ഇടതുപക്ഷ ബദൽ വികസന മാതൃകയുടെ ഭാഗമാണ്. ഈ ബദൽ വികസന മാതൃക ദേശീയനയങ്ങളുടെയും ഫെഡറൽ ചട്ടക്കൂടിന്റെയും പരിമിതികൾക്കകത്താണ് നടപ്പാക്കുന്നത് എന്നും പ്രത്യേകം ഓർമ്മിക്കണം.
