'വല്ലാത്ത' ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി മോഹൻലാൽ, ഒന്നിനും മറുപടിയില്ല

വല്ലാത്ത ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്നു പറഞ്ഞാണ് മോഹൻലാൽ, മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്. ‘‘നിങ്ങളുടെ ചോദ്യങ്ങൾക്ക് എന്റെ കൈയിൽ മറുപടിയില്ല. കോടതിയും പൊലീസും കൈകാര്യം ചെയ്യുന്ന വിഷയമാണ്’’ എന്ന് പറഞ്ഞൊഴിഞ്ഞ അദ്ദേഹം, ‘‘ഒറ്റ ദിവസം കൊണ്ട് ഞങ്ങൾ എങ്ങനെ നിങ്ങൾക്ക് അന്യരായി?’’ എന്ന മട്ടിൽ വൈകാരികതയും പയറ്റി. തന്റെ സഹപ്രവർത്തകർ കൂടിയുൾപ്പെട്ട, ബലാംത്സംഗം അടക്കമുള്ള കൊടും കുറ്റകൃത്യങ്ങളെക്കുറിച്ച് അറിഞ്ഞ ഭാവം പോലും നടിച്ചില്ല.

News Desk

കേരളം കാത്തിരുന്ന മറുപടികളിൽനിന്ന് സമർഥമായി ഒഴിഞ്ഞുമാറി നടൻ മോഹൻലാൽ. മലയാള സിനിമാ വ്യവസായം തകരാൻ പോകുന്ന അവസ്ഥയിലാണെന്നും അത് അനുവദിക്കരുതെന്നും അതിന് മാധ്യമങ്ങളുടെ കൂടി പിന്തുണ വേണമെന്നുമൊക്കെ പറഞ്ഞ്, എല്ലാ ചോദ്യങ്ങളിൽനിന്നും മികച്ച അഭിനയത്തിലൂടെ അദ്ദേഹം രക്ഷപ്പെട്ടു: ‘‘അത്തരം കാര്യങ്ങൾ സംഭവിച്ചുപോയി. ഇനി സംഭവിക്കാതിരിക്കാനുള്ള കാര്യമാണ് ചെയ്യേണ്ടത്'' എന്ന്, തന്റെ സഹപ്രവർത്തകർ കൂടിയുൾപ്പെട്ട, ബലാത്സംഗം അടക്കമുള്ള കൊടും കുറ്റകൃത്യങ്ങളെ തീർത്തും നിസ്സാരമട്ടിൽ അവഗണിക്കുകയാണ് മോഹൻലാൽ ചെയ്തത്.

ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും റിപ്പോർട്ട് പുറത്തുവന്നശേഷം നിരവധി നടിമാർ നടത്തിയ പീഡനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളെക്കുറിച്ചും മോഹൻലാൽ അറിഞ്ഞതായി പോലും ഭാവിച്ചില്ല. മിക്കവാറും ചോദ്യങ്ങൾക്ക് 'ഞാൻ എന്തു പറയാനാണ്' എന്നായിരുന്നു മറുപടി. ഒപ്പം, ‘ദയവുചെയ്ത് മലയാള സിനിമയെ തകർക്കരുത്’ എന്ന് നിരന്തരം മാധ്യമങ്ങളെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. A.M.M.A ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ മുൻ പ്രസിഡന്റ്, പക്ഷെ, അതേ സംഘടനയെ പ്രതിക്കൂട്ടിലാക്കിയ ഒരു സംഭവത്തെ പോലും പരാമർശിച്ചില്ല. എന്തിന്, പ്രസിഡന്റും ഭരണസമിതിയും ഒന്നടങ്കം രാജിവെക്കാനിടയായ സാഹചര്യത്തെക്കുറിച്ചുപോലും ലാലിന് വ്യക്തമായ വിശദീകരണമുണ്ടായില്ല.

വല്ലാത്ത ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. 'നിങ്ങളുടെ ചോദ്യങ്ങൾക്ക് എന്റെ കൈയിൽ മറുപടിയില്ല. കോടതിയും പൊലീസും കൈകാര്യം ചെയ്യുന്ന വിഷയമാണ്’ എന്ന് പറഞ്ഞൊഴിഞ്ഞ അദ്ദേഹം, 'ഒറ്റ ദിവസം കൊണ്ട് ഞങ്ങൾ എങ്ങനെ നിങ്ങൾക്ക് അന്യരായി?’ എന്ന മട്ടിൽ വൈകാരികതയും പയറ്റി: ‘‘ഞാൻ ഒളിച്ചോടിയതല്ല. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടും ‘ബറോസി’ന്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു. അതിനാലാണ് പ്രതികരണം വൈകിയത്’’.

‘‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമയിലെ മൊത്തത്തിലുള്ള കാര്യങ്ങളാണ് പറയുന്നത്. അതുകൊണ്ട് 'അമ്മ'യല്ല, സിനിമാ മേഖല ഒന്നാകെയാണ് പ്രതികരിക്കേണ്ടത്. എന്നാൽ 'അമ്മ'ക്കുനേരെയാണ് എല്ലാവരും വിരൽചൂണ്ടുന്നത്''. ആധികാരികമായി പറയാൻ അറിയുന്ന ആളല്ല ഞാൻ. എന്തിനും ഏതിനും 'അമ്മ'യെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും 'അമ്മ'യല്ല ഉത്തരം നൽകേണ്ടത്. ദയവു ചെയ്ത് എല്ലാ തെറ്റും ഞങ്ങളുടേതുമാത്രമായി കാണരുത്. വളരെ ബുദ്ധിമുട്ടി പടുത്തുയർത്തിയ ഇൻഡസ്ട്രിയാണിത്. ആയിരക്കണക്കിനുപേരാണ് ഇതിൽ ജോലി ചെയ്യുന്നത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ സംഘടന ചെയ്യുന്നുണ്ട്. തെറ്റുകൾ ഉണ്ടായേക്കാം. എന്നാൽ, ഒരു സംഘടനയെ മാത്രം ക്രൂശിക്കുന്നത് ശരിയല്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. ദയവുചെയ്ത് എല്ലാവരും കൂടി സഹകരിച്ച് മലയാള സിനിമാ മേഖല തകരാതിരിക്കാൻ ശ്രമിക്കണം. 47 വർഷമായി സിനിമയുമായി സഹകരിക്കുന്ന വ്യക്തിയെന്ന നിലയ്ക്കാണിത് പറയുന്നത്’’.

‘‘സിനിമ സമൂഹത്തിന്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. കേരളത്തിൽനിന്നുള്ള ഒരു മൂവ്‌മെന്റായി ഇത് മാറണം. ‘അമ്മ’ ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചത്’’, മോഹൻലാൽ പറഞ്ഞു.

‘‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് ‘അമ്മ’യല്ല. ‘അമ്മ’ അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നിർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല’’.

‘‘മലയാള സിനിമാ വ്യവസായം തകരാൻ പോവുന്ന സ്ഥിതിയാണ്. താൻ അഭിനയത്തിലേക്ക് വന്നപ്പോൾ ഒരു സൗകര്യവും ഉണ്ടായില്ല. ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ ആകെ തകർക്കരുത്. സർക്കാരും പൊലീസും കുറ്റക്കാർക്കെതിരെയുണ്ട്. കോടതി വരെ എത്തി നിൽക്കുന്ന വിഷയമാണ് ഇത് “ അദ്ദേഹം പറഞ്ഞു’’.

തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിനുശേഷമാണ് അദ്ദേഹം മാധ്യമപ്രവർത്തകരെ കണ്ടത്.

Comments