കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം സവിശേഷമായ ഒട്ടേറെ ഗുണങ്ങളാൽ സമ്പന്നമായതാണ്. കേരളമെന്ന സാമൂഹിക അസ്തിത്വത്തെ ചരിത്രപരവും സാമൂഹികവുമായ നിരവധി ഘടകങ്ങൾ ചേർന്ന് രൂപപ്പെടുത്തിയതാണ്. ആ ഘടകങ്ങളുടെ കാലികമായ തുടർച്ചകളെയാണ് സമകാലിക സമൂഹത്തിൽ നവോത്ഥാനം, പുരോഗമനം തുടങ്ങിയ പദങ്ങൾ കൊണ്ട് നാം വിവക്ഷിക്കുന്നത്.
പൊതുസമൂഹത്തെ ജാതി, മത സങ്കൽപങ്ങളിലൂന്നിയ കുടുസുകളിൽ നിന്നും തീവ്രതകളിൽ നിന്നും മോചിപ്പിച്ചതാണ് കേരളീയ നവോത്ഥാനത്തിന്റെ ഘടനാപരമായ കാതൽ. ജാതി മത ചിന്തകളിലും അന്ധവിശ്വാസങ്ങളിലും മാത്രം മുങ്ങിക്കുളിച്ച് കിടന്ന ഒരു ജനതയെ ആധുനികതയിലേക്ക് കൈപിടിച്ച് കൊണ്ട് വരികയെന്നത് ഏറെ ആയാസകരവും ശ്രമകരവുമായ ദൗത്യം തന്നെയായിരുന്നു. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും ചട്ടമ്പി സ്വാമികളും വക്കം മൗലവിയും അയ്യാ വൈകുണ്ഡസ്വാമിയുമൊക്കെ തുടങ്ങിവെച്ചത് ഈ ശ്രമകരമായ ദൗത്യത്തിന്റെ ഓരോരോ അധ്യായങ്ങളായിരുന്നു. ഇതിന്റെ രാഷ്ട്രീയ തുടർച്ചകളായാണ് കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കണ്ണി ചേർന്നത്. ഇതൊക്കെ ചേർന്ന് രൂപപ്പെട്ട ഒരു ബോധവും വികാസവുമാണ് കേരളീയ സമൂഹത്തിന്റെ വളർച്ചയുടെ ദിശ നിർണ്ണയിച്ചത്. ക്രമേണയെങ്കിലും അത് ഇന്നും തുടർന്നുപോരുന്നുണ്ട്.
ജനാധിപത്യവും
മതരാഷ്ട്രീയവും
ജനാധിപത്യം എന്ന ആശയത്തിന് വളരെ പഴക്കമുണ്ടെങ്കിലും മനുഷ്യരുടെ ചരിത്രപരമായ പോരാട്ടങ്ങളുടെയും തിരിച്ചറിവുകളുടെയും ആകെ തുകയായാണ് അത് ഇന്ന് കാണുന്നതുപോലെ വികസിച്ച് വന്നത്. ജനാധിപത്യം എന്നത് ഒരേസമയം ഒരു ജീവിതാശയവും ഭരണക്രമവുമാണ്.
ജന്മിത്വം, ഏകാധിപത്യം, ദൈവാധിപത്യം, അരാജകത്വം എന്നീ ആശയങ്ങളിൽ നിന്നും കടക വിരുദ്ധമായ ഒരു ആശയ സ്രോതസ്സാണ് ജനാധിപത്യത്തിനുള്ളത്. മനുഷ്യനാണ് ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദു. തുല്യത, നീതി എന്നീ ആശയങ്ങളിൽ നിന്നാണ് ജനാധിപത്യം വികസിച്ച് വരുന്നത്.
മനുഷ്യനും അവന്റെ വികസിതമായ ബോധങ്ങളുമാണ് ജനാധിപത്യത്തിന്റെ ലക്ഷ്യവും വളർച്ചയും. സമകാലിക ലോകത്ത് ജനാധിപത്യം ഓരോയിടങ്ങളിലും അനേകം പ്രതിസന്ധികളെ നേരിട്ട് കൊണ്ടാണ് മുന്നോട്ട് പോകുന്നത്.
ജനാധിപത്യം നേരിടുന്ന ആശയ പ്രതിസന്ധികളെ വർഗ്ഗീകരിച്ചാൽ അതിന്റെ മുഖ്യമായ സ്ഥാനത്ത് നിൽക്കുന്ന ഒരു ഘടകം മതവിശ്വാസങ്ങളെ മുൻനിറുത്തി രൂപപ്പെടുന്ന തീവ്രാശയങ്ങളാണ്. ജനാധിപത്യം ദീർഘകാലത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നേട്ടങ്ങളെയും ആശയങ്ങളെയും പദാവലികളെയും സ്വന്തമാക്കിയാണ് ഇത്തരക്കാർ മതരാഷ്ടീയത്തിന്റെ പടുഭാഷണ നിർമിതികൾ നടത്തിക്കൊണ്ടിരിക്കുന്നത്.
മതസംഘടന എന്ന ചട്ടക്കൂടിലും മതവും രാഷ്ട്രീയവും തമ്മിൽ കൂടിച്ചേരുന്ന ജനാധിപത്യ വിരുദ്ധമായ ആശയാടിത്തറയിലും ഉറച്ചുനിന്ന് കേരളത്തിന്റെ സാമൂഹിക ഘടനയിൽ കൂടുതൽ ദൃശ്യതക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ എങ്ങനെ പ്രതിരോധിക്കും എന്ന വിഷയത്തിൽ മതേതര സമൂഹത്തിൽ പൊതുവെ ഒരവ്യക്തത നിലനിൽക്കുന്നുണ്ട്.
സമകാലിക ലോകത്ത് മതേതര ബോധമുള്ള മനുഷ്യർക്ക് മുഖ്യമായ ആശയപോരാട്ടങ്ങൾ നടത്തേണ്ടി വരുന്നതും തീവ്രവും രാഷ്ടീയവൽക്കരിക്കപ്പെട്ടതുമായ മതാശയങ്ങളുടെ വക്താക്കളോടാണ്.
ലോകത്ത് നിലനിൽക്കുന്ന വിവിധ ഭരണക്രമങ്ങളിൽ മതസ്വാതന്ത്ര്യം എന്ന ആശയത്തെ പൂർണമായി അംഗീകരിച്ച് കൊടുക്കുന്ന ഒരു സ്വതന്ത്ര കാഴ്ചപ്പാട് ജനാധിപത്യത്തിന് മാത്രമാണുള്ളത്. മതത്തെ ഒരു സ്വകാര്യമായ അവകാശമായി പൗരർക്ക് അംഗീകരിച്ച് കൊടുക്കുമ്പോൾ തന്നെ അതിനെ രാഷ്ട്രീയമായ ഒരു ചട്ടുകമാക്കി വളർത്താൻ പാടില്ലായെന്നത് ജനാധിപത്യത്തിന്റെ മൗലികമായ നൈതിക ബോധമാണ്. അത്തരം നീക്കങ്ങൾ ജനാധിപത്യത്തിന്റെ അന്തസത്തകളെയും നിലനിൽപിനെ തന്നെയും ദോഷകരമായി ബാധിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് ഈയൊരു ജാഗ്രത നിലനിൽക്കുന്നത്.
ഇന്ത്യൻ സാഹചര്യത്തിൽ ജനാധിപത്യം ആശയപരമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത് മതരാഷ്ട്രീയത്തിന്റെ ഹിന്ദുത്വ പരിപ്രേക്ഷ്യമായ സംഘപരിവാർ ആശയങ്ങളോടാണ്. സ്വാതന്ത്ര്യ പൂർവ്വ കാലത്ത് നിന്നാരംഭിച്ച ഈ സംഘർഷങ്ങൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കൊണ്ട് അതിന്റെ മൂർത്തതയിലേക്ക് എത്തി നിൽക്കുമ്പോൾ കേരളം മറ്റൊരു ഗൗരവതരമായ കാഴ്ചയ്ക്ക് കൂടി സാക്ഷിയാകുകയാണ്.
സ്വാതന്ത്ര്യ പൂർവ്വ കാലത്ത് രൂപപ്പെട്ട ഇസ്ലാമിസ്റ്റ് മതരാഷ്ടീയം കേരളത്തിന്റെ ജനാധിപത്യ ഇടങ്ങളിൽ അപകടകരമായ നിലയിൽ ഇടപെട്ട് തുടങ്ങിയിരിക്കുകയാണ്. ഒരു മതസംഘടന എന്ന ചട്ടക്കൂടിലും മതവും രാഷ്ട്രീയവും തമ്മിൽ കൂടിച്ചേരുന്ന ജനാധിപത്യ വിരുദ്ധമായ ആശയാടിത്തറയിലും ഉറച്ചുനിന്ന് കൊണ്ട് കേരളത്തിന്റെ സാമൂഹിക ഘടനയിൽ കൂടുതൽ ദൃശ്യതക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ എങ്ങനെ പ്രതിരോധിക്കും എന്ന വിഷയത്തിൽ മതേതര സമൂഹത്തിൽ പൊതുവെ ഒരവ്യക്തത നിലനിൽക്കുന്നുണ്ട്. ഈ അവ്യക്തതക്ക് ചില കാരണങ്ങളുമുണ്ട്.
വ്യാജ പുറംചട്ടയുള്ള
ഒരു പ്രസ്ഥാനം
എന്ത് കൊണ്ട് കേരളത്തിലെ മുസ്‍ലിം സംഘടനകളിൽ ജമാഅത്തെ ഇസ്‍ലാമി മാത്രം ഇത്രയ്ക്ക് എതിർക്കപ്പെടുന്നു? എന്താണ് അവരെ മറ്റ് മുസ്‍ലിം സംഘടനകളിൽ നിന്ന് വ്യതിരിക്തരാക്കുന്നത്? പൊതുവെ ഉയർന്നുവരുന്ന ഒരു ചോദ്യമാണിത്.
ജമാഅത്തെ ഇസ്‍ലാമി എന്ന മുസ്‍ലിം സംഘടനയുടെ യഥാർത്ഥ ആദർശമെന്താണെന്ന് കേരളത്തിലെ സാമാന്യ മുസ്‍ലിംകൾക്ക് പോലും വലിയ പിടിയില്ല.
മതേതര ബോധമുള്ള കേരളീയ സമൂഹം ജമാഅത്തെ ഇസ്‍ലാമി എന്ന സംഘടനയെ എതിർക്കുന്നതിനുപിന്നിൽ വ്യക്തമായ ചില കാരണങ്ങളുണ്ട്. അംഗസംഖ്യയിൽ വളരെ പരിമിതമാണെങ്കിലും ജനാധിപത്യം, മതേതരത്വം എന്നീ ആശയങ്ങളിൽ അടിയുറച്ച് വിശ്വസിക്കുകയും രാജ്യത്തിന്റെ ഭരണഘടനയെ നിരുപാധികം അംഗീകരിക്കുകയും ചെയ്യുന്നവർക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത ആശയ - ഉള്ളടക്കങ്ങളുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‍ലാമി. മുസ്‍ലിം സമൂഹത്തിന്റെ ആഭ്യന്തരങ്ങളിൽ പ്രവർത്തിച്ച് വന്നിരുന്ന ജമാഅത്തെ ഇസ്‍ലാമിയും അവരുടെ ആശയങ്ങളും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ചർച്ചയാകാൻ തുടങ്ങിയത് സമീപകാലത്ത് മാത്രമാണ്.
ഇന്ന് കേരളീയ പൊതുസമൂഹം എന്തൊക്കെ കാരണങ്ങൾ ഉന്നയിച്ചാണോ ജമാത്തെ ഇസ്‍ലാമി എന്ന സംഘടനയെ എതിർക്കുന്നത്, അതേ കാരണങ്ങൾ ഉന്നയിക്കപ്പെട്ട് മുസ്‍ലിം സമൂഹത്തിനിടയിൽ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടോളമായി വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സംഘടനയാണ് ജമാത്തെ ഇസ്‍ലാമി.
കേരളത്തിലെ പാരമ്പര്യ മുസ്‍ലിംകളായ സുന്നികൾ, മുജാഹിദുകൾ, തബ് ലീഗുകാർ തുടങ്ങി മുഴുവൻ മുസ്‍ലിം സംഘടനകളും ജമാഅത്തെ ഇസ്‍ലാമി എന്ന സംഘടനയെ എതിർക്കുന്നുണ്ട്. ജമാഅത്തെ ഇസ്‍ലാമി അവരെയെല്ലാം തിരിച്ചും എതിർക്കുന്നുണ്ട്. ജമാഅത്തെ ഇസ്‍ലാമി ഉയർത്തുന്ന ആശയധാരയെ അംഗീകരിക്കാത്തതിന്റെ പേരിൽ മറ്റുള്ളവരെല്ലാം വിശ്വാസപരമായി പൂർണതയെത്താത്തവരാണ് എന്നാണ് ജമാഅത്തെ ഇസ്‍ലാമിയുടെ പ്രധാന ആരോപണം.
മറ്റ് മുസ്‍ലിം സംഘടനകളുമായുളള ആശയ വാഗ്വാദങ്ങളിൽ ഇക്കാര്യം അവർ ആവർത്തിച്ച് കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജമാഅത്തെ ഇസ്‍ലാമിയുടെ യഥാർത്ഥ ആശയങ്ങൾ എന്തൊക്കെയാണ് എന്നറിയാനുള്ള ബാധ്യത കേരളത്തിന്റെ പൊതുസമൂഹത്തിനുണ്ട്.
1941-ൽ അവിഭക്ത ഇന്ത്യയിൽ അബുൽ അഅലാ മൗദൂദി എന്ന താത്വിക ആചാര്യനാൽ രൂപീകരിക്കപ്പെട്ട സംഘടനയാണ് ജമാത്തെ ഇസ്‍ലാമി. സംഘടനയുടെ പേര് ഉർദു ഭാഷയിലാണ്. ‘ഇസ്‍ലാമിന്റെ സംഘാടനം’ എന്നാണ് അതിന്റെ അർത്ഥം.
ഉൻമൂലനത്തിനായി ഒരു വ്യാഘ്രം ഒരു ഭാഗത്ത് നിൽക്കുമ്പോൾ മറൂഭാഗത്തുള്ള ഒരു കട്ടുറുമ്പിനെ അവഗണിക്കുന്ന ലാഘവത്തിൽ സംഘപരിവാറിന് മുന്നിൽ ജമാത്തെ ഇസ്‍ലാമി അവഗണിക്കപ്പെട്ടുകൊണ്ടിരുന്നു.
മതസംഘടനയാണോ അതോ രാഷ്ട്രീയ സംഘടനയോ എന്ന് വ്യക്തമായി പറയാൻ സാധിക്കാത്ത വിധമുള്ള ആശയഘടനയും പ്രവർത്തന രൂപവുമാണ് അതിനുള്ളത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെ കശ്മീരിലും വെവ്വേറെ സംഘടനകളായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്‍ലാമിയെ മത - രാഷ്ട്രീയ പ്രസ്ഥാനമായാണ് വിലയിരുത്തപ്പെടാറുള്ളത്.
തീവ്രവും ജനാധിപത്യ വിരുദ്ധവുമായ ആശയങ്ങളെ ഉൾക്കൊള്ളുന്ന ജമാഅത്തെ ഇസ്‍ലാമി കേരളത്തിലും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും വെവ്വേറെ ശൈലിയിലും രൂപത്തിലുമാണ് പ്രവർത്തിക്കുന്നത്. ഇന്നത്തെ പശ്ചാത്തലത്തിൽ കേരളമാണ് അവരുടെ ഏറ്റവും ശക്തമായ പ്രവർത്തന മേഖല.
കേഡർ സംവിധാനമുള്ള സംഘടനാശൈലിയും മതേതരത്വം, ജനാധിപത്യം എന്നീ ആശയങ്ങളുടെ വ്യാജമായ പുറംചട്ട കൊണ്ട് പൊതിഞ്ഞുപിടിച്ച് ഉള്ളിൽ സൂക്ഷിക്കുന്ന ഏറ്റവും മൗലികവാദപരമായ മതരാഷ്ട്രീയവുമാണ് അതിന്റെ വിശ്വരൂപം. ജനാധിപത്യത്തിന് കടകവിരുദ്ധമായ സ്വന്തം ആശയങ്ങളെ മറച്ചു പിടിക്കാൻ ഇത്രനാളും കഴിഞ്ഞുവെന്നതാണ് പൊതുസമൂഹത്തിന്റെ കാര്യമായ വിയോജിപ്പുകളില്ലാതെ ഇത്ര നാളും മുന്നോട്ട് പോകാൻ അവർക്ക് കഴിഞ്ഞതിന്റെയും കാരണം.
ആദർശം അടവുനയം
ജമാഅത്തെ ഇസ്‍ലാമി എന്ന മുസ്‍ലിം സംഘടനയുടെ യഥാർത്ഥ ആദർശമെന്താണെന്ന് കേരളത്തിലെ സാമാന്യ മുസ്‍ലിംകൾക്ക് പോലും വലിയ പിടിയില്ല. ജമാഅത്തെ ഇസ്‍ലാമിയും മുജാഹിദുകളും പുത്തൻവാദികളാണ് എന്നതിനപ്പുറം അവർ തമ്മിലെ അടിസ്ഥാന വിയോജിപ്പുകൾ പോലും സംഘടനാ ബന്ധിതരല്ലാത്ത കേരളീയ മുസ്‍ലിംകൾക്ക് ഇന്നും അറിയില്ല.
ദൈവേതരവും മനുഷ്യനിർമിതവുമായ വ്യവസ്ഥകളെയും നിയമങ്ങളെയും ഉൾക്കൊണ്ട് ജീവിക്കാൻ യഥാർത്ഥ മുസ്‍ലിംകൾക്ക് സാധിക്കില്ലെന്നും ദൈവത്തിന്റെ നിയമങ്ങൾ അഥവാ ഇസ്‍ലാമിന്റെ പ്രമാണങ്ങളായ ഖുർആനും മുഹമ്മദ് നബിയുടെ ജീവിതചര്യകളും മുന്നോട്ടുവെക്കുന്ന ഒരു മൂല്യ- സാമൂഹിക വ്യവസ്ഥ പുലരുന്ന രാഷ്ട്രനിർമിതിക്കായി പണിയെടുക്കേണ്ടവരാണ് മുസ്‍ലിംകൾ എന്നും വിശ്വസിക്കുന്ന മുസ്‍ലിം രാഷ്ട്രീയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‍ലാമിയെന്നാണ് ഏറ്റവും പ്രാഥമികമായി അവരെ സംബന്ധിച്ച് മനസിലാക്കേണ്ടത്.
ഏതാനും പതിറ്റാണ്ടുകൾ മുമ്പ് വരെ ജമാത്തെ ഇസ്‍ലാമിക്കാർ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിരുന്നില്ല. സർക്കാർ ജോലികൾ സ്വീകരിച്ചിരുന്നില്ല. ഇന്നതിന് അല്പം മയമുണ്ടായിട്ടുണ്ടെങ്കിലും അതൊരു നിർബന്ധിതാവസ്ഥയിലെ അടവുനയം മാത്രമായാണ് അവർ അണികളെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയെ ഒരു ഇസ്‍ലാമിക രാഷ്ട്രമാക്കി മാറ്റൽ മുസ്‍ലിംകളുടെ ബാധ്യതയാണെന്നാണ് അവരുടെ അടിസ്ഥാന വാദം. കാരണം അവരുടെ ഭാഷ്യത്തിൽ ഇസ്‍ലാമിലെ ഏകദൈവാരാധനാ സങ്കല്പം പൂർണമാകണമെങ്കിൽ രാജ്യത്തിന്റെ നിയമവ്യവസ്ഥ കൂടി ദൈവത്തിൻ്റേതാകണം. ദൈവേതരമായ വ്യവസ്ഥകൾക്ക് വേണ്ടി പണിയെടുക്കൽ ദൈവനിഷേധമാണ്. ജനാധിപത്യമെന്നത് മനുഷ്യർ ചേർന്നിരുന്ന് നിയമങ്ങൾ രൂപീകരിക്കുന്ന അനിസ്ലാമിക വ്യവസ്ഥയാണ്. അതുകൊണ്ട് മുസ്‍ലിംകൾ അത് അംഗീകരിക്കരുത്. ജനാധിപത്യത്തിലല്ല, ദൈവാധിപത്യത്തിലാണ് മുസ്‍ലിംകൾ വിശ്വസിക്കേണ്ടത്. അതുകൊണ്ടുതന്നെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കരുത്. അനിസ്‍ലാമിക സർക്കാരിന്റെ കീഴിലുള്ള ജോലികൾ ചെയ്ത് ആ സർക്കാറിനെ പിന്തുണക്കരുത്. ഇതൊക്കെയാണ് ജമാഅത്തെ ഇസ്‍ലാമിയുടെ അടിസ്ഥാന നിലപാടുകൾ.
ഈ നിലപാടുകളിൽ ഉറച്ച് നിന്ന് കൊണ്ടാണ് സംഘടന മുന്നോട്ട് പോയത്. ഈ ആശയങ്ങൾ എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും അതിശക്തമായി അവർ പ്രചരിപ്പിച്ച് കൊണ്ടിരുന്നു. അതൊക്കെ ഇന്നും ലഭ്യമാണ്. ഏതാനും പതിറ്റാണ്ടുകൾ മുമ്പ് വരെ ജമാത്തെ ഇസ്‍ലാമിക്കാർ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിരുന്നില്ല. കുഞ്ചിക സ്ഥാനങ്ങളിലെ സർക്കാർ ജോലികൾ അവർ സ്വീകരിച്ചിരുന്നില്ല. ഇന്നതിന് അല്പം മയമുണ്ടായിട്ടുണ്ടെങ്കിലും അതൊരു നിർബന്ധിതാവസ്ഥയിലെ അടവുനയം മാത്രമായാണ് അവർ അണികളെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.
ഇസ്‍ലാമിന്റെ
ഏജൻസിഷിപ്പ്
1980-കളിലെ ശരീഅത്ത് വിവാദത്തിന് ശേഷമുണ്ടായ കേരളീയ മുസ്ലിം സാമൂഹിക പശ്ചാത്തലത്തിൽ മറ്റ് മുസ്‍ലിം പുരോഗമന സംഘടനകളുടെ പിന്തുണയോടെ ജമാഅത്തെ ഇസ്‍ലാമി ആരംഭിച്ച മാധ്യമം പത്രം കേരളത്തിലെ മതരാഷ്ട്ര വാദത്തിന്റെ മറ്റൊരാധ്യായം തുറക്കുകയായിരുന്നു. പത്രപ്രവർത്തനത്തിന്റെയും അതിലൂടെ കൈവന്ന സാംസ്കാരിക മുഖത്തിന്റെയും പിൻബലത്തിൽ കേരളത്തിലെ മുസ്‍ലിം സമൂഹത്തിൽ തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ അതിലൂടെ ശ്രമിച്ചു.
സംഘപരിവാർ എന്ന വൻ ഭീഷണി മുന്നിൽ നിലനിൽക്കുമ്പോൾ മുസ്‍ലിം അവാന്തര വിഭാഗങ്ങളിലെ ഇത്തരം പുഴുക്കുത്തുകളെ ചൂണിക്കാണിക്കുന്നത് സംഘപരിവാറിന്റെ പ്രത്യക്ഷ ഇരയായ മുസ്‍ലിം സമൂഹത്തെ മൊത്തത്തിൽ ദോഷകരമായി ബാധിക്കുമെന്ന രാഷ്ട്രീയബോധ്യം കൊണ്ട് പലരും ജമാഅത്തെ ഇസ്‍ലാമിയെ അവഗണിച്ചു. ഉൻമൂലനത്തിനായി ഒരു വ്യാഘ്രം ഒരു ഭാഗത്ത് നിൽക്കുമ്പോൾ മറൂഭാഗത്തുള്ള ഒരു കട്ടുറുമ്പിനെ അവഗണിക്കുന്ന ലാഘവത്തിൽ സംഘപരിവാറിന് മുന്നിൽ ജമാത്തെ ഇസ്‍ലാമി അവഗണിക്കപ്പെട്ടുകൊണ്ടിരുന്നു. ഇതൊരു വലിയ സൗകര്യമായി ജമാത്തെ ഇസ്‍ലാമിക്ക് തോന്നുകയും ചെയ്തു.
ഇസ്‍ലാമിന്റെ ഏജൻസി മൊത്തമായി ഏറ്റെടുക്കാനുള്ള ഒരു കൾച്ചറൽ കാപിറ്റൽ മുസ്‍ലിം സമൂഹത്തിൽ രൂപപ്പെടുത്താനുള്ള ജമാഅത്തെ ഇസ്‍ലാമിയുടെ ശ്രമം ഒട്ടൊക്കെ വിജയിക്കുന്നുണ്ടെന്ന് അംഗീകരിച്ച് കൊടുക്കേണ്ടിവരും.
മുസ്‍ലിം സമൂഹത്തിൽ നിന്ന് ആന്തരികമായുണ്ടാകുന്ന വിമർശനങ്ങളെ തങ്ങളുടെ പ്രത്യയശാസ്ത്രമുപയോഗിച്ച് രൂക്ഷമായി എതിരിടുകയും ബാഹ്യമായുണ്ടാകുന്ന ജമാഅത്ത് വിമർശനങ്ങളെ അവരുടെ പ്രോപഗണ്ട മെഷിനറി ഉപയോഗിച്ച് ഇസ്‍ലാമോഫോബിക് - മുസ്‍ലിം വിമർശനങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്ന ദ്വിമുഖ സ്ട്രാറ്റജി അവർ ഇതിലൂടെ വളർത്തിയെടുത്തു. ജമാത്തെ ഇസ്‍ലാമിയുടെയും അതിന്റെ നേതൃത്വത്തിലുള്ള വെൽഫെയർ പാർട്ടിയുടെയും പ്രവർത്തകരുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഈ സ്ട്രാറ്റജിയെ അവർ വീണ്ടും വികസിപ്പിക്കുകയും ‘ജമാഅത്തെ ഇസ്‍ലാമി വിമർശനം സമം ഇസ്‍ലാം വിമർശനം’ എന്നൊരു ഫോർമുലയിൽ എത്തിക്കുകയും ചെയ്തു.
മുസ്‍ലിം വിഷയങ്ങളുമായി ബന്ധപ്പെട്ട് ജമാഅത്ത് ഉയർത്തുന്ന വിവാദങ്ങൾ ഏറ്റെടുക്കേണ്ട ഒരു നിർബന്ധാവസ്ഥ കേരളത്തിലെ മറ്റ് മുസ്‍ലിം സംഘടനകൾക്കുമേൽ അദൃശ്യമായി അവർ അടിച്ചേൽപ്പിച്ചിട്ടുണ്ട്. ഇതൊക്കെ സൂക്ഷമമായി പരിശോധിക്കുമ്പോൾ ഇസ്‍ലാമിന്റെ ഏജൻസി മൊത്തമായി ഏറ്റെടുക്കാനുള്ള ഒരു കൾച്ചറൽ കാപിറ്റൽ മുസ്‍ലിം സമൂഹത്തിൽ രൂപപ്പെടുത്താനുള്ള ജമാഅത്തെ ഇസ്‍ലാമിയുടെ ശ്രമം ഒട്ടൊക്കെ വിജയിക്കുന്നുണ്ടെന്ന് അംഗീകരിച്ച് കൊടുക്കേണ്ടിവരും. അതും വ്യക്തമായി ബോധ്യപ്പെടുന്ന അനേകം സംഭവങ്ങൾ കേരളത്തിൽ തുടർച്ചയായി കഴിഞ്ഞുപോയിട്ടുണ്ട്.
മാധ്യമം പത്രത്തിന്റെ തുടർച്ചയായി മീഡിയ വൺ ചാനലും അനുബന്ധ മാധ്യമങ്ങളും ജമാഅത്തെ ഇസ്‍ലാമിക്ക് കേരളത്തിൽ വലിയ ദൃശ്യത ഉണ്ടാക്കിക്കൊടുത്തുവെന്നത് യാഥാർത്ഥ്യമാണ്. മതരാഷ്ട്ര സിദ്ധാന്തങ്ങളെ മറച്ചുപിടിക്കാൻ സാധിക്കുന്ന വിധം പുറമെ വെൽഫെയർ പാർട്ടി, മീഡിയ വൺ, സോളിഡാരിറ്റി, പരിസ്ഥിതി പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി അനേകം പൊതു ഇടങ്ങൾ അവർക്കുണ്ടായി. ഈ പൊതു ഇടങ്ങളുടെ ഉള്ളിലെ അകക്കാമ്പായി നിലനിൽക്കുന്ന മതരാഷ്ട്ര പ്രസ്ഥാനത്തിന്റെ വേരുകൾ തിരിച്ചറിയാത്ത പലരും അവരുടെ ഗുണഭോക്താക്കളായി.
ആർ എസ് എസും ജമാഅത്തെ ഇസ്‍ലാമിയും ഒരു നാണയത്തിന്റെ ഇരുവശമാണോ എന്ന ചർച്ചക്ക് പ്രസക്തിയില്ലാത്ത വിധം സാമൂഹ്യസാഹചര്യങ്ങൾ വഷളാകുന്നുണ്ട്.
അനേകം കപടമായ പേരുകളിലൂടെ മുസ്‍ലിം സമൂഹത്തിൽ കൂടുതൽ സ്വാധീനമുണ്ടാക്കാൻ പോന്ന വിധത്തിൽ ജമാത്തെ ഇസ്‍ലാമി വളർന്നപ്പോൾ ആദ്യ കാലങ്ങളിൽ അവരെ പ്രതിരോധിച്ച് നിർത്തിയിരുന്ന മുസ്‍ലിം ലീഗ് പോലും ക്രമേണ കീഴ്പ്പെട്ടു. ഇന്ന് മുസ്‍ലിം ലീഗിന്റെ ആഭ്യന്തരങ്ങളിൽ രണ്ട് വിഭാഗങ്ങളായി രൂപപ്പെട്ട് നടക്കുന്ന മതാത്മക, മതേതര പ്രത്യയശാസ്ത്ര സമരത്തിൽ ഒരു വിഭാഗം ഇസ്‍ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ ശൈലികളിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‍ലാമിയുടെ രാഷ്ട്രീയ പാർട്ടിയുമായി സഖ്യ ബന്ധം രൂപീകരിക്കാനാണ് യു.ഡി.എഫും ലീഗും ശ്രമിച്ചത്. ഇതിന്റെ അപകടങ്ങൾ അക്കാലത്ത് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ആരാധനാലയങ്ങളിലേക്കും
വെൽഫെയർ പാർട്ടി
ജമാത്തെ ഇസ്‍ലാമിയുടെ മതാശയങ്ങളുടെ വർത്തമാന രാഷ്ട്രീയ രൂപമാണ് വെൽഫെയർ പാർട്ടി. ജമാഅത്തിന്റെ ആസ്ഥാനത്ത് അവർ ചേർന്നിരുന്ന് തീരുമാനമെടുത്താണ് ഈ പാർട്ടി രൂപീകരിക്കുന്നത്. ഇനി നാളെ തങ്ങൾക്ക് ഒരു പാർട്ടി വേണ്ട എന്ന് ജമാഅത്തെ ഇസ്‍ലാമി തീരുമാനിച്ചാൽ അതിന്റെ ഗതി മറ്റൊന്നാകുകയുമില്ല. അതിന്റെ ഉന്നത നേതാക്കളെ നിശ്ചയിക്കുന്നതും ജമാഅത്ത് നേതൃത്വമാണ്. അവരുടെ നേതൃത്വത്തിലുള്ള ആരാധനാലയങ്ങൾ പോലും വെൽഫെയർ പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ഒരപകടാവസ്ഥ കൂടി ഇവിടെ രൂപപ്പെട്ടുവരുന്നുണ്ട് അമുസ്‍ലിംകളായ ചിലരെ വ്യാജമായ മതേതര മുഖം സൃഷ്ടിക്കാൻ മാത്രമാണ് അതിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ജമാഅത്തിന്റെ കയ്യിലെ കളിപ്പാവ പോലെ പ്രവർത്തിക്കുന്ന വെൽഫെയർ പാർട്ടി മൗദൂദിയൻ രാഷ്ട്രീയത്തിന്റെ ഒരു അടവ് മുഖം മാത്രമാണ്.
എത്ര ചെറിയ മാത്രയിലും
കൊടിയ വിഷം അപകടകരം
കേരളത്തിന്റെ മതേതരമായ പോരാട്ടങ്ങളിൽ, താരതമ്യേന ചെറുതെങ്കിലും, മൗദൂദിയൻ രാഷ്ടീയത്തോടുള്ള സമീപനം പ്രധാനമായ ഒരു ഘടകമാണ്. ജാതി, മത സങ്കല്പങ്ങളിലൂന്നിയ കുടുസുകളിൽ നിന്നും തീവ്രതകളിൽ നിന്നും മതേതര ബോധമുള്ള കേരള ജനതയെ മോചിപ്പിച്ചതാണ് കേരളീയ നവോത്ഥാനത്തിന്റെ ഘടനാപരമായ കാതലെങ്കിൽ വർത്തമാനകാലത്ത് അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന മുഴുവൻ ശക്തികളെയും നമുക്ക് എതിർത്ത് തോൽപിച്ച് മാത്രമേ നവോത്ഥാനത്തിന്റെ തുടർച്ചകൾ സാധ്യമാവുകയുള്ളൂ.
കേരളീയ നവോത്ഥാന ശില്പികൾ വെട്ടിയിട്ട വഴികളിൽ പുറകോട്ടോടിക്കൊണ്ട് മതത്തെയും മത വിശ്വാസങ്ങളെയും ഉപയോഗിച്ച് സാമൂഹ്യ ശിഥിലീകരണത്തിന് ശ്രമിക്കുന്ന പ്രസ്ഥാനങ്ങളെ തുറന്ന് കാട്ടൽ മതേതര ബോധമുള്ള മുഴുവൻ മനുഷ്യരുടെയും ബാധ്യതയായി മാറുകയാണ്. ആർ എസ് എസും ജമാഅത്തെ ഇസ്‍ലാമിയും ഒരു നാണയത്തിന്റെ ഇരുവശമാണോ എന്ന ചർച്ചക്ക് പ്രസക്തിയില്ലാത്ത വിധം സാമൂഹ്യ സാഹചര്യങ്ങൾ വഷളാകുന്നുണ്ട്. ബി ജെ പിയെയും ആർ എസ് എസിനെയും പ്രതിരോധിച്ച് നിർത്തുന്നതുപോലെ മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് പൊതുസമൂഹത്തെ വിഷലിപ്തമാക്കുന്ന മൗദൂദിയൻ രാഷ്ട്രീയത്തെ പ്രതിരോധിക്കാനും സമയമായിരിക്കുന്നു. ഒരു കൊടിയ വിഷം കൂടിയ അളവിൽ ഒന്നിച്ച് ഏൽക്കുന്നതും ചെറു മാത്രകളായി അല്പാല്പം എൽക്കുന്നതും ഒരു പോലെയല്ലെങ്കിലും അത് രണ്ടും അപകടം തന്നെയാണ്.