ഭരിക്കാൻ കൺസൽട്ടന്റുമാർ മതിയോ

കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുമ്പോൾ പാർട്ടി നിയന്ത്രണം എല്ലാ മേഖലകളിലും ഉണ്ടാകുന്നു എന്നത് പരക്കെ അംഗീകരിക്കപ്പെടുന്നതും ഒരു പരിധിവരെ ഭരണം ജനകീയമാക്കുന്നതിന് ആവശ്യവുമാണ്. എന്നാൽ, ഇത്തരം പാർട്ടി രീതികളെ മാറ്റിവച്ച് മുഖ്യമന്ത്രിയെ സഹായിക്കാൻ കൺസൽട്ടന്റുമാരും അരാഷ്ട്രീയ വിദഗ്ധരും ഉണ്ടാകുക എന്നത് നവ-ഉദാരവൽക്കരണ കാലത്തെ മാറ്റം കൂടിയാണ്. വിവിധ വികസന ധാരകളുടെയും താൽപര്യങ്ങളുടെയും പരീക്ഷണകേന്ദ്രമായി കേരളം മാറുന്നതിലൂടെ വികസനത്തിൽ രാഷ്ട്രീയമില്ല എന്ന വലതുപക്ഷനയമാണ് സംരക്ഷിക്കപ്പെടുന്നതെന്ന വിമർശനം ഉന്നയിക്കപ്പെടുന്നു

ന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്​തമായി കേരളം മഹാമാരിയെ പ്രതിരോധിക്കുന്നതിൽ വലിയ വിജയം നേടി എന്ന പ്രചാരണം, കേരള മാതൃക എന്ന വ്യവഹാരത്തിനകത്താണ് നടന്നത്. അതിൽ പ്രധാനമായും എടുത്തുകാട്ടിയത് സർക്കാർ നടപടികളെ ജനം പൂർണമായും ഏറ്റെടുത്തു എന്ന രീതിയിലാണ്. ഒരുപക്ഷെ ലോകത്തൊരു സർക്കാരിനും അവകാശപ്പെടാനില്ലാത്ത രീതിയൊലൊരു അവകാശവാദം നടത്താൻ കഴിഞ്ഞത് കേരള വികസന കാഴ്ചപ്പാടിൽ നിലനിൽക്കുന്ന വൈരുദ്ധം കൊണ്ടുകൂടിയാണ്. എന്നാൽ, കേരളം പൊതുവിൽ പ്രചരിപ്പിക്കപ്പെടുന്നതുപോലെ കേരള മോഡൽ എന്ന ഒറ്റ വികസന മാതൃക മാത്രം പിന്തുടർന്ന സംസ്ഥാനമല്ല. അവികസിത മൂന്നാം ലോകരാജ്യങ്ങളിലും അതോടൊപ്പം വികസിത മുതലാളിത്ത രാജ്യങ്ങളിലും പരീക്ഷിച്ച എല്ലാ വികസന മാതൃകകളും പരീക്ഷിക്കപ്പെടുകയോ നടപ്പിലാക്കപ്പെടുകയോ ചെയ്ത സംസ്ഥാനമാണ് കേരളം.

കേരള വികസന മാതൃകയെ അപൂർണമായ ഭൂപരിഷക്കരണവും സർക്കാർ ഉടമസ്ഥതയിലുള്ള വികസന ഇടപെടലുകളും മാത്രമായി ചുരുക്കുന്നതിൽ ഇതിന്റെ വക്താക്കൾ വിജയിച്ചു

സോഷ്യലിസ്റ്റ് വികസന മാതൃക അടിസ്ഥാനമാക്കിയ ഭൂപരിഷ്‌ക്കരണത്തിന്, പൂർണാർത്ഥത്തിൽ അല്ലെങ്കിലും ശ്രമം നടന്നിരുന്നു. മെക്‌സിക്കോ, റഷ്യ, ചില ആഫ്രിക്കൻ രാജ്യങ്ങൾ 1910 കളിൽ ഇതിന് നടപടി സ്വീകരിച്ചിരുന്നു. അവികസിത സമൂഹമെന്ന നിലയിലും അതോടൊപ്പം ഇടതുപക്ഷത്തിന് പ്രാധാന്യമുള്ള സമൂഹം എന്ന നിലക്കും കേരളത്തിൽ ഭൂപരിഷക്കരണം നടപ്പിലാക്കാൻ ശ്രമം നടന്നു. എന്നാൽ മറ്റ് രാജ്യങ്ങളെ പോലെ കാർഷികമേഖലയിൽ തൊഴിലാളിവർഗത്തിന് മേൽക്കോയ്മയുണ്ടാക്കാൻ കേരളത്തിൽ കഴിഞ്ഞില്ല (Volin, 1953; Paz, 2011 എന്നീ പഠനങ്ങൾ കാണുക).

‘കേരള മുതലാളിത്ത മാതൃക'
സംഘടിത വികസന നയത്തിന്റെ ഭാഗമായി നടന്ന ഇടപെടലുകളാണ് കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളെ വികസനത്തിന്റെ ചാലകശക്തിയാക്കിയത്. എന്നാൽ, കേരള വികസന മാതൃകയെ അപൂർണമായ ഭൂപരിഷക്കരണവും സർക്കാർ ഉടമസ്ഥതയിലുള്ള വികസന ഇടപെടലുകളും മാത്രമായി ചുരുക്കുന്നതിൽ ഇതിന്റെ വക്താക്കൾ വിജയിച്ചു. ഇതുമാത്രമല്ല, കേരള മാതൃക. ശക്തമായ മുതലാളിത്ത മാതൃകകൾ പ്രത്യേകിച്ച്, മൂലധനകേന്ദ്രീകൃതമായത്, കേരളത്തിൽ വിജയകരമായി നടപ്പിലാകുന്നുണ്ട്.
വികസിത രാജ്യങ്ങളിൽ നടപ്പിലാക്കിയ സന്നദ്ധ സംഘടനകൾ വഴിയുള്ള സാമൂഹിക വികസന മാതൃകകൾ പല കാലങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട്. 1960 കളിൽ തന്നെ കേരളത്തിൽ ശക്തമായ സർക്കാരിതര വികസന ഇടപെടലുകൾ നടന്നിരുന്നു ( തോമസ്, 2010). ഇത്തരം വികസന മാതൃകകൾ കേരളത്തെ ലോകശ്രദ്ധയിൽ കൊണ്ടുവന്നു എന്നതും വസ്തുതയാണ്. 1980 കളോടെ ഇത്തരം മാതൃകകൾ ലോകബാങ്ക് പദ്ധതികളുടെ ഭാഗമായി. 1997ലെ ലോകബാങ്ക് വാർഷിക റിപ്പോർട്ടിന്റെ തലക്കെട്ടു തന്നെ, ‘മാറുന്ന ലോകത്തെ സർക്കാർ' എന്നായിരുന്നു. അതിൽ അവർ കൃത്യമായി പറഞ്ഞത് അവികസിത, വികസ്വര രാജ്യങ്ങളിലെ സർക്കാരുകൾ വിപണിവൽക്കരണത്തോട് സ്വീകരിക്കുന്ന നിലപാടിനെ കുറിച്ചായിരുന്നു. സർക്കാരുകൾ വിപണിക്കുവേണ്ടി മാറേണ്ടിവരുമ്പോൾ, അതിനനുസരിച്ച് ഭരണസംവിധാനത്തിലും മാറ്റം ഉണ്ടാകണം എന്ന് കൃത്യമായി പറയുന്നുണ്ട്.

അരാഷ്ട്രീയ വിദഗ്ധർ ഉപദേശകരാകുമ്പോൾ
എന്തിനാണ് മുഖമന്ത്രിക്ക് ഇത്ര ഉപദേശകർ എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്: ലോകബാങ്ക് ആവശ്യപ്പെടുന്ന ആഗോളവൽക്കരണ കാലത്തെ സർക്കാർ ഇത്തരം മാറ്റങ്ങൾ ആവശ്യപ്പെടുന്നു. കേരളം ഇത്തരം ആഗോള ഇടപെടലുകളെ പ്രതിരോധിക്കുന്ന സംസ്ഥാനമല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുമ്പോൾ പാർട്ടി നിയന്ത്രണം എല്ലാ മേഖലകളിലും ഉണ്ടാകുന്നു എന്നത് പരക്കെ അംഗീകരിക്കപ്പെടുന്നതും ഒരു പരിധിവരെ ഭരണം

ജനങ്ങൾ ജനങ്ങളുടെ ആവശ്യം നിർവഹിക്കുക എന്ന നവ-ഉദാരവൽക്കരണ പദ്ധതികൾക്ക് കേരളത്തിൽ വൻതോതിൽ ഇടം നേടാൻ കഴിഞ്ഞിട്ടുണ്ട്. കേരള വികസന മാതൃകയോടൊപ്പം ചേർത്തുവെക്കേണ്ടതാണ് ഈ നയവും

ജനകീയമാക്കുന്നതിന് ആവശ്യവുമാണ്. എന്നാൽ ഇത്തരം പാർട്ടി രീതികൾ മാറ്റിവെച്ച് മുഖ്യമന്ത്രിയെ സഹായിക്കാൻ കൺസൽട്ടന്റുമാരും അരാഷ്ട്രീയവിദഗ്ധരും ഉണ്ടാകുക എന്നത് നവ-ഉദാരവൽക്കരണ കാലത്തെ മാറ്റം കൂടിയാണ്.
ഇത്തരം പരീക്ഷണങ്ങൾ നടപ്പിലാക്കുന്നതിൽ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ടാകുന്നു എന്നതാണ് പ്രധാന വസ്തുത. ഇടതുപക്ഷത്തെ ചിന്തകർ തന്നെ അതിശക്തമായി വിമർശിച്ച ജനകീയാസൂത്രണം ഉദാഹരണം. അധികാര വികേന്ദ്രീകരണം ഇടതുപക്ഷ ആശയമാണ് എന്നും ഇത്തരം ആശയങ്ങൾ ലോകബാങ്ക് ഏറ്റടുക്കുന്നു എന്നും പ്രഭാത് പട്നായിക് അഭിപ്രായപ്പെട്ടിരുന്നു. പട്നായിക്കിന്റെ അഭിപ്രായത്തിൽ കേരളത്തിലെ വികേന്ദ്രീകൃതാസൂത്രണം വർഗസമരത്തിനുകൂടി ഊന്നൽ നൽകി. എന്നാൽ, നിലവിലെ അധികാര ബന്ധങ്ങളെയോ, സാമ്പത്തികഘടനയെയോ ചോദ്യം ചെയ്യാൻ വികേന്ദ്രീകൃതാസൂത്രണത്തിന് കഴിഞ്ഞില്ല എന്നത് കാലം തെളിയിച്ചതാണ്. ലോകബാങ്കിന്റെ രീതിശാസ്ത്രത്തിൽ നിന്ന് വ്യതിചലിച്ചല്ല കേരളത്തിൽ വികേന്ദ്രീകൃതാസൂത്രണം നടപ്പിലാക്കിയത്. വികസനം അടിത്തട്ടിലെത്തുകയും സുതാര്യത ഉണ്ടാകുകയും ചെയ്തു, പക്ഷെ പട്നായിക് അഭിപ്രായപ്പെട്ടതുപോലെ വർഗബന്ധങ്ങളെ ഈ മാതൃക എതിർത്തില്ല. ജനപങ്കാളിത്തവും സന്നദ്ധ സംഘടന ബന്ധങ്ങളും കേരളത്തിൽ ശക്തമായത് ഇതിന് ശേഷമാണ്. കേരളത്തിൽ ജലനിധി പോലെ കുടിവെള്ള പദ്ധതികൾ ഇതിന്റെ തുടർച്ചയാണ്.

പലതരം വികസന മാതൃകകൾ
ജനങ്ങൾ ജനങ്ങളുടെ ആവശ്യം നിർവഹിക്കുക എന്ന നവ-ഉദാരവൽക്കരണ പദ്ധതികൾക്ക് കേരളത്തിൽ വൻതോതിൽ ഇടം നേടാൻ കഴിഞ്ഞിട്ടുണ്ട്. കേരള വികസന മാതൃകയോടൊപ്പം ചേർത്തുവെക്കേണ്ടതാണ് ഈ നയവും. കഴിഞ്ഞ നൂറ്റാണ്ടിൽ തുടങ്ങി ഇപ്പോഴും തുടരുന്ന കൊളോണിയൽ, നവ-കൊളോണിയൽ തോട്ടം മേഖല കേരളത്തിൽ ഇന്നും സജീവമാണ് (ആർ. സുനിൽ, 2019). ‘ഹാരിസൻ, രേഖയില്ലാത്ത ജന്മി' എന്ന സുനിലിന്റെ പുസ്തകം കേരളത്തിൽ ഇപ്പോഴും കൊളോണിയൽ ഉടമസ്ഥതയോടെ തോട്ടം ഭൂമികൾ സംരക്ഷിക്കപ്പെടുന്നതിന്റെയും ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ പഴുതുകൾ ഇത്തരം നവ-കോളോണിയൽ ഉടമസ്ഥാവകാശത്തെ സംരക്ഷിക്കുന്നതിന്റെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഏഴു വർഷമായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതോ വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരുന്നതോ ആയ പദ്ധതികളെ വൻതോതിൽ ആശ്രയിക്കേണ്ടിവരുന്നത് സംസ്ഥാന സർക്കാരിന്റെ പരാജയമാണ്

തോട്ടം ഭൂമിയും അതിനെ കേന്ദ്രീകരിച്ച അധികാര ബന്ധങ്ങളും രാഷ്ട്രീയപാർട്ടികളും കേരളത്തിൽ സജീവമാണ്. പ്രത്യേകിച്ചൊരു പ്രത്യയശാസ്ത്രത്തിന്റെയും പിൻബലമില്ലാതെ, തോട്ടം മുതലാളിത്തത്തെ സംരക്ഷിക്കുക എന്ന ഒറ്റ ആവശ്യത്തിൽ ഊന്നിയ വ്യക്തികളുടെ പേരിൽ നിലനിൽക്കുന്ന കേരള കോൺഗ്രസ് പോലെയുള്ള പാർട്ടികൾക്ക് കേരളത്തിൽ എതിരാളികൾ ഇല്ല എന്നതും ശ്രദ്ധേയമാണ്. എതിരാളികൾ എന്നാൽ തെരഞ്ഞെടുപ്പിലെ എതിർസ്ഥാനാർത്ഥിയല്ല, പകരം ആശയപരമായി അവരെ പ്രതിരോധിക്കാനുള്ള ശക്തികൾ ഇല്ല എന്നതും ഒരു കേരള മാതൃകയാണ്.
ലോകത്ത് പരീക്ഷിക്കപ്പെട്ട എല്ലാത്തരം വികസന മാതൃകകളെയും പകർത്താനും നടപ്പിൽ വരുത്താനും കഴിയുന്നതാണ് കേരള വികസന മാതൃക. ഇതിൽ ഒരു മാതൃകയെ മാത്രം തെരഞ്ഞെടുത്ത് പ്രചരിപ്പിക്കുന്നതിൽ കേരളം വിജയിച്ചു. സർക്കാരിനാണ് ഇത്തരം പ്രചാരണം കൊണ്ടുള്ള നേട്ടം, കാരണം ഇതിൽ കേരള വികസന മാതൃകക്ക് കിട്ടുന്ന ജനപിന്തുണ മറ്റ് മാതൃകകൾക്ക് കിട്ടില്ല. നവ-ഉദാരവൽക്കരണ നയങ്ങൾക്ക് പ്രതിസന്ധികാലങ്ങളിൽ ജനകീയ പിന്തുണ ഉണ്ടാകില്ല എന്ന വസ്തുത, ഭരണകൂടങ്ങൾ തിരിച്ചറിയാറുണ്ട്. കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന പദ്ധതികൾ എല്ലാം പൗരസമൂഹത്തിൽ ക്ഷേമരാഷ്ട്രസങ്കൽപ്പത്തെ കുറിച്ച് വലിയ പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ നടപ്പിലാകുന്നത് പരിമിത ഇടപെടലുകൾ മാത്രം. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, കർഷകർക്ക് പരിമിത സഹായം തുടങ്ങിയവയെ വൻതോതിൽ ആശ്രയിക്കേണ്ടിവരുന്നു, ഏഴു വർഷമായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതോ വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരുന്നതോ ആയ പദ്ധതികളെ വൻതോതിൽ ആശ്രയിക്കേണ്ടിവരുന്നത് സംസ്ഥാന സർക്കാരിന്റെ പരാജയമാണ്. പ്രഖ്യാപിത നയത്തിൽനിന്നും പദ്ധതികളിൽ നിന്നും മാറി സർക്കാരിന് സഞ്ചരിക്കേണ്ടിവരുന്നത് ജനാധിപത്യത്തിന്റെ വിജയത്തേക്കാൾ അതിന്റെ ഘടനാപരമായ പരാജയം തന്നെയാണ്. ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ മാത്രം പരിമിതമായി പ്രയോഗത്തിൽ വരുത്തേണ്ടതല്ല ക്ഷേമരാഷ്ട്ര വികസന നയങ്ങൾ. അത്തരത്തിൽ നടപ്പിലാക്കുന്ന ക്ഷേമരാഷ്ട്ര വികസന നയങ്ങൾ സർക്കാരിന്റെ/ രാഷ്ട്രീയ പാർട്ടികളുടെ താൽകാലിക നേട്ടത്തിന് മാത്രമേ ഉപകരിക്കു, അതിനപ്പുറം ഇത്തരം നയങ്ങൾ വിസ്മരിക്കപ്പെടുകയും ചെയ്യും.

കേരളം എന്ന പരീക്ഷണകേന്ദ്രം
കേരളത്തിൽ ഇപ്പോൾ നടക്കുന്നതും ഇത്തരം താൽക്കാലിക ഇടപെടലുകളാണ്. പൊതുജനങ്ങളോട് സംവദിക്കാൻ കേരള വികസന മാതൃകയെ പരമാവധി ഉപയോഗിക്കുക, എന്നാൽ പ്രവർത്തനത്തിൽ നവ-ഉദാരവൽക്കരണ നയങ്ങളും, ലോകബാങ്ക്​ നിർദേശിക്കുന്ന തരത്തിലുള്ള രാഷ്ട്രീയേതര വിദഗ്ദ്ധരുടെ സഹായത്തോടെ ഭരണം നടപ്പിലാകുക എന്നതുമാണ്.

കേരള വികസന ഇടപാടിൽ രാഷ്ട്രീയം മുക്തമാകുന്നു എന്ന വസ്തുത മറച്ചുവയ്ക്കാൻ കേരള വികസന മാതൃക ഉപയോഗിക്കപ്പെടുകയാണ്

കിഫ്ബി പോലെ, അന്താരാഷ്ട്ര മൂലധനത്തെ പ്രകീർത്തിക്കുന്ന സർക്കാർ നടപടി ഫലത്തിൽ ആസൂത്രണ ബോർഡ് പോലെയുള്ള സംവിധാനങ്ങളെ അപ്രസക്തമാക്കും. കേരള സർക്കാരിന്റെ ദുരന്ത നിവാരണ ബോർഡിനെ അപ്രസക്തമാക്കി സ്വകാര്യ കൺസൾട്ടൻസിയെ പുനരധിവാസ പ്രവർത്തനങ്ങളുടെ ചുമതല ഏൽപ്പിക്കുക- ഇത്തരത്തിൽ സർക്കാർ/തദ്ദേശീയ സ്ഥാപങ്ങളുടെ പ്രവർത്തനങ്ങളുടെ വ്യാപ്തി കുറച്ചുകൊണ്ടുവരികയും, ക്രമേണ ഇത്തരം സ്ഥാപനങ്ങളുടെ തനതു പ്രവർത്തന ശേഷിയെയും സംവിധാനങ്ങളെ തന്നെയും ഇല്ലാതാക്കുന്ന നടപടികളും കേരള വികസന മാതൃകക്ക് പ്രാധാന്യം നൽകുന്നു എന്ന് അവകാശപ്പെടുന്ന ഒരു സർക്കാർ തന്നെ നടപ്പിലാക്കുന്നതാണ് വൈരുധ്യം.
കേരള വികസന ഇടപാടിൽ രാഷ്ട്രീയം മുക്തമാകുന്നു എന്ന വസ്തുത മറച്ചുവയ്ക്കാൻ കേരള വികസന മാതൃക ഉപയോഗിക്കപ്പെടുകയാണ്. കേരളം ഇത്തരത്തിലുള്ള വികസന ധാരകളുടെയും താൽപര്യങ്ങളുടെയും പരീക്ഷണകേന്ദ്രമായി മാറുന്നതിലൂടെ വികസനത്തിൽ രാഷ്ട്രീയമില്ല എന്ന വലതുപക്ഷ നയമാണ് സംരക്ഷിക്കപ്പെടുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടി കേരളം മികച്ചതാണ് എന്ന് പറയുന്നതല്ല നേട്ടം, പകരം ഇത്തരം നേട്ടങ്ങളെ മറയാക്കി സംരക്ഷിക്കപ്പടുന്ന വലതുപക്ഷ നയങ്ങളെ തിരിച്ചറിയുന്നതാണ്.

ഗ്രന്ഥസൂചിക
Patnaik, Prabhat. 2004. A Theoretical Note on Kerala-Style Decentralized Planning. https://www.macroscan.org/fet/apr04/fet140404Theoretical_Note_1.htm
Paz, Juan Valdés. 2011. The Cuban Agrarian Revolution: Achievements and challenges. estudos avançados 25 (72), 2011
സുനിൽ, ആർ. 2019. ഹാരിസൺ: രേഖയില്ലാത്ത ജന്മി, കേരളീയം ബുക്‌സ്.
Thomas, Bejoy K.; Roldan Muradian; Gerard de Groot ; Arie de Ruijter. 2010. Confronting or Complementing? A Case Study on NGO-State Relations from Kerala, India. International Journal of Voluntary and Nonprofit Organizations · September 2010
Volin, Lazar.1953.Land Tenure and Land Reform in Modern Russia. Agricultural History , Apr., 1953, Vol. 27, No. 2 (Apr., 1953), pp. 48-55

Comments