തീവ്ര കാലാവസ്ഥാ സാഹചര്യങ്ങളും, പ്രകൃതി ദുരന്തങ്ങളും ആവർത്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് കേരളം മാറിയിട്ടുണ്ട്. പലപ്പോഴും ഈ പ്രകൃതി ദുരന്തങ്ങളുടെ ആഘാതശേഷി പ്രവചനാതീതമാവുകയും ഒരു പ്രദേശത്തെ ജീവനെയും ജീവിതോപാധികളെയും പൂർണ്ണമായും തുടച്ചുനീക്കും വിധം അപകടകരമാവുകയും ചെയ്യുന്നുണ്ട്. ആഗോള കാലാവസ്ഥ പ്രതിസന്ധികൾ രൂക്ഷമാവുന്നതിന്റെ പ്രതികരണങ്ങൾ ഏറ്റവും പ്രാദേശികമായ തലത്തിൽ വരെ പ്രതിഫലിക്കും എന്ന് കേരളത്തിൽ കഴിഞ്ഞ രണ്ടു ദശകത്തിനുള്ളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മേഘവിസ്ഫോടങ്ങൾ, വരൾച്ച തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ വെളിപ്പെടുത്തുന്നു.
സമുദ്രോപരിതല ഊഷ്മാവിലെ ക്രമാതീത വർദ്ധനവ് അറബിക്കടലിൽ അടിക്കടി ചുഴലിക്കൊടുങ്കാറ്റുകൾ രൂപപ്പെടാൻ കാരണമാവുകയും ഇത് പശ്ചിമഘട്ട മേഖലയിൽ അതിതീവ്രമഴക്കും മേഘവിസ്ഫോടനനങ്ങൾക്കും ഇടയാക്കുകയും ചെയ്യുന്നു. പടിഞ്ഞാറൻ മേഖലകളിൽ നിന്നുള്ള ചുഴലിക്കൊടുങ്കാറ്റുകളിൽ നിന്ന് കേരളത്തെ സംരക്ഷിച്ചുപോന്നിരുന്ന പശ്ചിമഘട്ടത്തിന് ഇനിയങ്ങോട്ട് നമ്മെ സംരക്ഷിക്കാനാവില്ല എന്ന യാഥാർഥ്യവും അനുഭവേദ്യമായികൊണ്ടിരിക്കുന്നു. ഈ സാഹചര്യങ്ങൾ നിലനിന്നിട്ടും അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് പ്രകടനമാവും എന്ന ശാസ്ത്രഞ്ജന്മാരുടെ മുന്നറിയിപ്പുകളെ ഗൗരവത്തിൽ ഉൾക്കൊള്ളാൻ നമ്മുടെ ഭരണസംവിധാനങ്ങളോ ഒരു സമൂഹമെന്ന നിലയിൽ നാം സ്വയം തന്നെയും തയ്യാറായിട്ടില്ല എന്നതാണ് സംസ്ഥാനത്തു സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളിലെ ഉയർന്ന മരണനിരക്കുകൾ സൂചിപ്പിക്കുന്നത്. ദുരന്തലഘൂകരണത്തിലോ ബന്ധപ്പെട്ട പ്രതികരണങ്ങളിലോ നാം ഇനിയും പിന്നിലാണെന്ന സത്യം കൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു.

2024 ജൂലൈ 30-ന് വയനാട്ടിലെ മുണ്ടക്കൈ -ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ സർക്കാർ രേഖകൾ പ്രകാരം 298 പേരുടെ ജീവൻ അപഹരിച്ച ഒരു ദാരുണ സംഭവമായിരുന്നു. പ്രദേശവാസികളുടെ രേഖപ്പെടുത്തലുകൾ പ്രകാരം 1,000-ത്തിനടുത്ത് മരണസംഖ്യ ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നതും, ഇതിൽ വടക്കേ ഇന്ത്യയിൽ നിന്നുള്ള രജിസ്റ്റർ ചെയ്യാത്ത കുടിയേറ്റ തോട്ടം തൊഴിലാളികൾ വരെ ഉൾപ്പെടുന്നുണ്ട് എന്നതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.
മുണ്ടക്കൈ- ചൂരൽമല ദുരന്തം പ്രവചനാതീതമായിരുന്നില്ല. മറിച്ച് അധികാരികൾ അവഗണിച്ചതും വ്യക്തമായ മുന്നറിയിപ്പ് സൂചനകളാൽ അടയാളപ്പെടുത്തിയതും മുൻകൂട്ടി കാണാവുന്നതുമായ 'ഗ്രേ റൈനോ' സംഭവമായിരുന്നു.
ഈയൊരു പശ്ചാത്തലത്തിൽ നിരവധിപേരുടെ ജീവനപഹരിക്കുകയും നിരവധിപേരെ ജനിച്ച മണ്ണിൽ നിന്ന് പറിച്ചെറിയുകയും ചെയ്ത മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ സംബന്ധിച്ച് ഗൗരവമായ അന്വേഷണം നടത്തുകയും ശാസ്ത്രീയ ഭൂവിനിയോഗ രീതികളെക്കുറിച്ചും ദുരന്ത കൈകാര്യ കർതൃത്വത്തെക്കുറിച്ചും ആവശ്യമായ നിർദേശം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ട്രാൻസിഷൻ സ്റ്റഡീസിന്റെയും പശ്ചിമഘട്ട സംരക്ഷണ സമിതിയുടെയും മുൻകൈയിൽ രാജ്യത്തെ പ്രഗത്ഭ ശാസ്ത്രജ്ഞന്മാരെ ഉൾപ്പെടുത്തി ജനകീയ പഠനസംഘം രൂപീകരിച്ചിരുന്നു. ദുരന്തബാധിത പ്രദേശങ്ങളിലെ സന്ദർശനം, റിസ്ക് പെർസെപ്‌ഷൻ മാപ്പിംഗ്, സർവ്വേ, ജനസമ്പർക്ക പരിപാടികൾ, വിവിധ വർക്ക് ഷോപ്പുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോർട്ട് തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

ശാസ്ത്രീയപഠനങ്ങൾ സവിശേഷ മേഖലകളിലെ വിദഗ്ധർക്കിടയിൽ മാത്രം ചർച്ച ചെയ്യപ്പെടേണ്ട ഒന്നല്ല, മറിച്ച് പൊതുസമൂഹങ്ങൾക്കിടയിലേക്കു ഇത്തരം വിഷയങ്ങൾ ഗൗരവപൂർവ്വം സംവദിക്കപ്പെടേണ്ടതാണ്. കേരളം നേരിടുന്ന കാലാവസ്ഥാ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ കൂടി ഈ പഠനഫലങ്ങൾ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. പഠന റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപവും, പ്രധാനപ്പെട്ട നിർദേശങ്ങളുമാണ് ഇവിടെ വിശദീകരിക്കുന്നത്. ഉരുൾപൊട്ടലിനുള്ള കാരണങ്ങൾ, അനന്തരഫലങ്ങൾ, വ്യവസ്ഥാപരമായ പരാജയങ്ങൾ, കമ്മ്യൂണിറ്റി പ്രതികരണങ്ങൾ, ഭാവി ദുരന്തങ്ങൾ തടയുന്നതിനുള്ള ശുപാർശകൾ എന്നിവയാണ് ഇതിന്റെ ഉള്ളടക്കം.
രണ്ട് ദിവസത്തെ അതിശക്തമായ മഴയെത്തുടർന്ന് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ ഉരുൾപൊട്ടലിനുള്ള ഉയർന്ന സാധ്യതയെക്കുറിച്ച് 2024 ജൂലൈ 29-ന് ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജിയിലെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
മുന്നറിയിപ്പ് നൽകപ്പെട്ട ദുരന്തം
പരിസ്ഥിതി ലോലമായ വൈത്തിരി താലൂക്കിൽ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ- ചൂരൽമല പ്രദേശത്തു നടന്ന ദുരന്തം പ്രവചനാതീതമായ 'ദൈവത്തിന്റെ പ്രവൃത്തി' ആയിരുന്നില്ല, മറിച്ച് അധികാരികൾ അവഗണിച്ചതും വ്യക്തമായ മുന്നറിയിപ്പ് സൂചനകളാൽ അടയാളപ്പെടുത്തിയതും മുൻകൂട്ടി കാണാവുന്നതുമായ 'ഗ്രേ റൈനോ' സംഭവമായിരുന്നു. രണ്ട് ദിവസത്തെ അതിശക്തമായ മഴയെത്തുടർന്ന് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ ഉരുൾപൊട്ടലിനുള്ള ഉയർന്ന സാധ്യതയെക്കുറിച്ച് 2024 ജൂലൈ 29-ന് ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജിയിലെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. മുണ്ടക്കൈ നിവാസിയായ സലിം ഈ മുന്നറിയിപ്പ് ശ്രദ്ധിച്ച്, പുതുതായി നിർമ്മിച്ച വീടുപേക്ഷിച്ച് കുടുംബത്തെ സുരക്ഷിത സ്ഥലമായ പാടിയിലേക്കു മാറ്റി. മറ്റുള്ളവരെ ഒഴിപ്പിക്കാൻ സഹായിക്കുന്നതിനിടയിൽ, ജൂലൈ 30 ന് പുലർച്ചെ 12.45 നും 4.15 നുമിടയിലുണ്ടായ ഉരുൾപൊട്ടലിൽ പാറക്കല്ല് വന്നിടിച്ച് അദ്ദേഹം മരിച്ചു.

കുറഞ്ഞ വേഗത്തിൽ ഒഴുകിത്തുടങ്ങി പിന്നീട് ഗതിവേഗമാർജ്ജിച്ച് കനത്ത അവശിഷ്ട പ്രവാഹങ്ങളായി പരിണമിച്ച രണ്ട് സങ്കീർണ്ണമായ ഉരുൾപൊട്ടലിലാണ് മുണ്ടക്കൈ - ചൂരൽമല പ്രദേശങ്ങളെ പൂർണ്ണമായും തുടച്ചുനീക്കിയത്. ആദ്യത്തെ ഉരുൾപൊട്ടലിനുശേഷം പ്രദേശവാസികളിൽ പലരും കന്നുകാലികളെ രക്ഷിക്കാനും മറ്റും അവിടെ തന്നെ തുടർന്നു. രണ്ടാമത്തെ ഉരുൾപൊട്ടൽ അവരുടെ കൂടി ജീവനെടുത്തു. അപകടസാധ്യതയെക്കുറിച്ചുള്ള ജനങ്ങളുടെ തെറ്റായ വിലയിരുത്തലിന്റെ ഫലമാണ് ഈ മരണങ്ങളത്രയും.
വ്യവസ്ഥാപരമായ പരാജയങ്ങളാണ് ദുരന്തവ്യാപ്തി വർദ്ധിക്കാൻ സുപ്രധാന കാരണം. ഹ്യൂം സെന്ററിന്റെ മുന്നറിയിപ്പനുസരിച്ച് വയനാട് ജില്ലാ ഭരണകൂടം തുടർനടപടി സ്വീകരിക്കാൻ തയ്യാറാവാതിരുന്നത് വലിയ തോതിൽ ആളപായത്തിനിടയാക്കി. മേപ്പാടി പഞ്ചായത്തിന് പ്രത്യേക അടിയന്തര ദുരന്ത പ്രതികരണ പദ്ധതിയും ഉണ്ടായിരുന്നില്ല. പുന്നപ്പുഴ നദിക്ക് കുറുകെയുള്ള ഒരു പാലം തകർന്നതും, ഫ്ലഡ്ലൈറ്റുകളുടെയും ഉപകരണങ്ങളുടെയും അഭാവവും രക്ഷാപ്രവർത്തനങ്ങൾക്ക് വിഘാതമായി. മുന്നറിയിപ്പുകൾ ലഭിച്ചിട്ടും അടിയന്തര തയ്യാറെടുപ്പുകളുടെ അഭാവം പ്രവചനാതീതമായ അപകടത്തെ ഒരു വലിയ ദുരന്തമാക്കി മാറ്റി.
മനുഷ്യ ഇടപെടൽ:
ആഗോളീയവും പ്രാദേശികവുമായ
കാരണങ്ങൾ
ആഗോള - പ്രാദേശിക തലങ്ങളിൽ പ്രകൃതിയുമായുള്ള മനുഷ്യന്റെ ഇടപെടലിന്റെ ഫലമായാണ് മുണ്ടക്കൈ- ചൂരൽമല ദുരന്തം ഉണ്ടായത്. ആഗോളതലത്തിൽ, വ്യാവസായിക വിപ്ലവത്തിനുശേഷമുള്ള അമിതമായ കാർബൺ ഉദ് ഗമനം അന്തരീക്ഷ CO2 , 280-300 ppm- ൽ നിന്ന് 423 ppm ആയി വർദ്ധിപ്പിച്ചു. ഇത് ഭൂമിയെ വ്യാവസായിക കാലഘട്ടത്തിനു മുമ്പുള്ളതിനേക്കാൾ അന്തരീക്ഷ താപനില 1.3°C വരെ ഉയരാനിടയാക്കി.1950-കൾ മുതൽ കനത്ത മഴയുടെ ആവൃത്തിയും തീവ്രതയും വർദ്ധിച്ചതായി IPCC- യുടെ ആറാമത്തെ വിലയിരുത്തൽ റിപ്പോർട്ട് രേഖപ്പെടുത്തുന്നു, ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ പ്രദേശങ്ങളിലെ വർധിച്ച താപനിലയും, ഈർപ്പലഭ്യതയും കാരണം കൂടുതൽ തീവ്രമായ മൺസൂൺ സംഭവങ്ങളെ നേരിടുമെന്ന് പ്രവചിക്കപ്പെട്ടുണ്ട്. ഭൂമിശാസ്ത്ര മന്ത്രാലയത്തിന്റെ റിപ്പോർട്ട് ഇത് സ്ഥിരീകരിക്കുന്നു. ആഗോളതാപനം തീവ്രമഴയുമായി ബന്ധിപ്പിക്കുമ്പോൾ, പ്രത്യേകിച്ച് കേരളത്തിൽ, 20-ാം നൂറ്റാണ്ടിനെ അപേക്ഷിച്ച് കഴിഞ്ഞ 25 വർഷത്തിനിടയിൽ വളരെ ശക്തമായ മഴ (> 24 മണിക്കൂറിൽ 200 മില്ലിമീറ്റർ) വർദ്ധിച്ചതായി കാണാം. ഇത്തരം മഴ മേൽമണ്ണിനെ ഒഴുക്കി കളയുകയും, മണ്ണടരുകൾ കൂടുതൽ ജലപൂരിതമാക്കാനും ചരിവുകളെ അസ്ഥിരപ്പെടുതാനും ഇടയാക്കുന്നു. ഇത് സ്വാഭാവികമായും ഉരുൾപൊട്ടൽ സാധ്യത വർദ്ധിപ്പിക്കുന്നു.

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി (WGEEP) പരിസ്ഥിതി ലോല മേഖല സോൺ 1 (ESAZ1) ആയും ഹൈ- ലെവൽ വർക്കിംഗ് ഗ്രൂപ്പ് (HLWG) ഭാഗികമായി പരിസ്ഥിതി സെൻസിറ്റീവ് പ്രദേശമായും തരംതിരിച്ചിരിക്കുന്ന വൈത്തിരി താലൂക്ക്, ഗണ്യമായ പാരിസ്ഥിതിക തകർച്ചയ്ക്ക് വിധേയമായ ഭൂപ്രദേശമാണ്. കർശന ഭൂവിനിയോഗ നിയന്ത്രണങ്ങൾക്കായുള്ള ശുപാർശകൾ ഉണ്ടായിരുന്നിട്ടും, അനിയന്ത്രിത വികസന പ്രവർത്തനങ്ങളാണ് ഈ മേഖലയിൽ നടന്നിട്ടുള്ളത്. 1950 മുതൽ വയനാടിന്റെ 1,812 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വനപ്രദേശത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും തോട്ടങ്ങളായി മാറ്റിയിട്ടുണ്ട്. തോട്ടം വിളകൾക്ക് ആഴം കുറഞ്ഞ വേരുകളായതിനാൽ, ഉപരിതല നീരൊഴുക്കും മണ്ണൊലിപ്പും വർദ്ധിക്കുകയും ഭൂഗർഭജല റീചാർജ് കുറയ്ക്കുകയും ചെയ്യുന്നു. മണ്ണിനെ ബന്ധിപ്പിക്കാനുള്ള ശേഷി കുറയുന്നതിനൊപ്പം നീരൊഴുക്കിൽ സംഭവിക്കുന്ന തടസ്സവും ചേർന്ന്, കനത്ത മഴക്കാലത്ത് ചരിവുകൾ ഉരുൾപൊട്ടലിന് കൂടുതൽ സാധ്യതയുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
ജനസംഖ്യാ വളർച്ച, അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസത്തിനുമായി റോഡ് നിർമ്മാണത്തിലൂടെയും കുന്നുകൾ നിരപ്പാക്കലിലൂടെയും ഭൂപ്രകൃതിയിൽ വരുത്തിയ മാറ്റം തുടങ്ങിയവ സാഹചര്യങ്ങളെ വഷളാക്കി. എന്നിരുന്നാലും ഉരുൾപൊട്ടൽ പ്രദേശത്ത് വ്യാപകമായ ക്വാറികളുണ്ടായിരുന്നില്ല.
പ്രധാനമായും തേയിലത്തോട്ടം തൊഴിലാളികളും, കാർഷിക തൊഴിലാളികളുമാണ് ദുരന്തബാധിത പ്രദേശങ്ങളിലുണ്ടായിരുന്നത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ഇവർക്ക് പലർക്കും സാധിക്കാതെവന്നു.
ഗ്രേ റിനോ സംഭവം:
പ്രവചനാത്മകം, എന്നിട്ടും
അവഗണിക്കപ്പെട്ട ദുരന്ത സാധ്യത
വളരെ സാധ്യതയുള്ളതും ഉയർന്ന ആഘാതമുണ്ടാക്കുന്നതുമായ ഒരു ഭീഷണിയുടെ രൂപകമാണ് ‘ഗ്രേ റിനോ സംഭവം’. അപകടസാധ്യത വ്യക്തവും ദൃശ്യവുമായിരിക്കുമ്പോഴും, വളരെ വൈകുന്നതുവരെ പലപ്പോഴും അവഗണിക്കപ്പെടുന്നു. വ്യക്തമായ മുന്നറിയിപ്പ് അടയാളങ്ങളിലൂടെയും തെളിവുകളിലൂടെയും സൂചനകൾ ലഭ്യമായിരിക്കുമ്പോഴും ഈ മുൻകൂർ അപകട മുന്നറിയിപ്പുകളോടുള്ള പ്രതികരണങ്ങളിൽ നിഷ്‌ക്രിയത്വം പുലർത്തുന്ന ഒരു ഗ്രേ റിനോ സംഭവമായി മുണ്ടക്കെ - ചൂരൽമല ദുരന്തത്തെ വിലയിരുത്താം.
മുണ്ടക്കൈ ഉരുൾപൊട്ടൽ ‘ദൈവത്തിന്റെ പ്രവൃത്തി' ആയിരുന്നില്ല, മറിച്ച് ‘ഗ്രേ റിനോ’ സംഭവമായിരുന്നു - അതിന്റെ ആഘാതശേഷി ഒന്നിലധികം മുൻകൂർ മുന്നറിയിപ്പ് അടയാളങ്ങളുടെ അടിസ്ഥാനത്തിൽ പ്രവചനാത്മകമായിരുന്നു.

ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ലയായി വയനാടിനെ മുമ്പുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ, കുത്തനെയുള്ള ചരിവുകൾ, വനനശീകരണം എന്നിവ കാരണം ഉയർന്ന ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായി വയനാടിനെ കണക്കാക്കുന്നുണ്ട്. 2023- ലെ ഉരുൾപൊട്ടൽ സാധ്യതാ പഠന റിപ്പോർട്ട് മുണ്ടക്കൈ-ചൂരൽമലയെ 'വളരെ ഉയർന്ന അപകടസാധ്യതാ മേഖല'യായി തരംതിരിച്ചിട്ടുണ്ട്. 1900, 1923, 2018, 2019, 2020 വർഷങ്ങളിലെ ചരിത്രപരമായ ഉരുൾപൊട്ടൽ ഡാറ്റ പ്രദേശത്തിന്റെ അപകടസാധ്യത കൂടുതൽ അടിവരയിടുന്നു.
പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനോ പ്രദേശം ഒഴിപ്പിക്കാനോ ഭരണകൂടം പരാജയപ്പെട്ടത് ഗണ്യമായ തോതിൽ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കി.
2024 ജൂലൈ 28-29 ദിവസങ്ങളിൽ 572 മില്ലിമീറ്റർ മഴ പെയ്തതിനെത്തുടർന്ന് മേപ്പാടി പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി സ്ഥാപിച്ച 200- ഓളം മഴമാപിനികൾ ഉപയോഗിച്ച് ഹ്യൂം സെന്റർ നടത്തിയ മഴ നിരീക്ഷണ ഫലങ്ങൾ, ഉരുൾപൊട്ടൽസാധ്യത കൃത്യമായി പ്രവചിച്ചിരുന്നു. പക്ഷേ ജില്ലാ ഭരണകൂടം നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടു. 2020- ലെ മുണ്ടക്കൈ ഉരുൾപൊട്ടൽ പ്രതികരണത്തിന് വിപരീതമായിരുന്നു ഈ നിഷ്‌ക്രിയത്വം. അന്നത്തെ ഹ്യൂം സെന്ററിന്റെ മുന്നറിയിപ്പ് പരിഗണിച്ച് പ്രദേശവാസികൾ സുരക്ഷിത ഇടങ്ങളിലേക്ക് മാറി താമസിച്ചിരുന്നു. അത്തരം പ്രതികരണമാണ് ആളപായമില്ലാതാക്കിയത്.
2024 ൽ, സമാനതീതിയിൽ മുന്നറിയിപ്പ് നൽകപ്പെട്ടെങ്കിലും അത് വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് മുഖവിലയ്‌ക്കെടുത്തത്. കൂടുതൽ പേരും അത് ശ്രദ്ധിച്ചില്ല. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനോ പ്രദേശം ഒഴിപ്പിക്കാനോ ഭരണകൂടം പരാജയപ്പെട്ടത് ഗണ്യമായ തോതിൽ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കി. ഉരുൾപൊട്ടൽ മുന്നറിയിപ്പ് വ്യാപകമായി പ്രചരിപ്പിക്കുകയോ അധികാരികൾ സമയബന്ധിതമായി നടപടിയെടുക്കുകയോ ചെയ്തിട്ടില്ലാത്ത വിവരപരാജയങ്ങൾക്ക് - പ്രത്യേകിച്ച് ദുരന്തത്തെ സംബന്ധിച്ച മുന്നറിയിപ്പുകളുടെ ആക്സസ്സിലും ഉപയോഗത്തിലും - ഈ ദുരന്തം ഉദാഹരണമാണ്.

വ്യവസ്ഥാ പരാജയങ്ങൾ ഉണ്ടായിരുന്നിട്ടും, ചില സാമൂഹിക പ്രതികരണങ്ങളും ദുരന്താനന്തരമുണ്ടായ പ്രാദേശിക സംഘടനയുടെ ഇടപെടലുമാണ് ആഘാത ലഘൂകരണം സാധ്യമാക്കിയത്. ഹ്യൂം സെന്ററിന്റെ മുന്നറിയിപ്പും കനത്ത മഴയും കാരണം മേപ്പാടി പഞ്ചായത്തിന്റെ 12-ാം വാർഡ് ഒഴിപ്പിക്കാൻ പഞ്ചായത്തു തലത്തിൽ നിന്നുള്ള നിർദേശങ്ങൾ ഉണ്ടായിട്ടുണ്ട്, ഒപ്പം അവശ്യസേവനങ്ങൾക്ക് വേണ്ടിയുള്ള താൽക്കാലിക ഷെൽട്ടറുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, കളക്ടറേറ്റ് ഈ മുന്നറിയിപ്പുകളോട് പ്രതികരിച്ചില്ല. ചില താമസക്കാർ അവരുടെ ഭൂമിയോടുള്ള വൈകാരിക ബന്ധമോ മുന്നറിയിപ്പുകളെക്കുറിച്ചുള്ള സംശയമോ കാരണം ഒഴിപ്പിക്കലിനെ പരിഗണനയിൽ എടുത്തില്ല.
2004- ൽ രൂപീകരിച്ചതും 2019- ൽ രജിസ്റ്റർ ചെയ്തതുമായ സന്നദ്ധ സംഘടനയായ ‘കാരുണ്യ’, ആദ്യ പ്രതികരണത്തിൽ നിർണായക പങ്ക് വഹിച്ചു. ദുരന്ത നിവാരണ അധികാരികൾ പരിശീലനം നൽകിയ ദിവസ വേതനക്കാരായ 45 പ്രാദേശിക സന്നദ്ധപ്രവർത്തകർ ഉൾപ്പെട്ട കാരുണ്യ, മണ്ണിടിച്ചിലിന് ശേഷമുള്ള നിർണായക സമയങ്ങളിൽ ആളുകളെ രക്ഷപ്പെടുത്താൻ മുൻകൈയെടുത്തു. അവരുടെ പ്രാദേശിക അറിവും സംഭാവനകളിൽനിന്ന് സ്വരൂപിച്ച ധനസഹായം കൊണ്ട് വാങ്ങിയ ആംബുലൻസും ദുരന്തമുഖത്തു പ്രയോജനപ്പെടുത്തി. ദുരന്താനന്തരം സർക്കാർ തലത്തിൽ നിന്നുണ്ടായ ഇടപെടലുകളെ ഈ സന്നദ്ധ സംഘടന പിന്തുണയ്ക്കുകയും ചെയ്തു.
മുണ്ടക്കൈ- ചൂരൽമല പ്രദേശത്തുള്ള 56% പേർക്ക് മാത്രമേ ഉയർന്ന ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായിരുന്നു അതെന്ന ധാരണ ഉണ്ടായിരുന്നുള്ളു. മുന്നറിയിപ്പുകളോട് എങ്ങനെ പ്രതികരിക്കണമെന്ന് പലർക്കും അറിയില്ലായിരുന്നു.
അപകടസാധ്യതയെക്കുറിച്ചുള്ള
അറിവില്ലായ്മയുണ്ടാക്കിയ
പ്രതിസന്ധികൾ
പഠനസംഘത്തിന്റെ മുൻകൈയിൽ ദുരന്തബാധിതർക്കിടയിലും, പ്രാദേശിക ഭരണകൂട പ്രതിനിധികളുടെ പ്രതികരണങ്ങൾ ശേഖരിക്കുന്നതിനുമായി റിസ്ക് പെർസെപ്ഷൻ സംബന്ധിച്ച സർവ്വേ നടത്തിയിരുന്നു. കൃത്യമായ ചോദ്യാവലികളുടെ അടിസ്ഥാനത്തിൽ നടത്തിയ സർവ്വേയിൽ മുണ്ടക്കൈയിലെ പ്രദേശവാസികൾക്കിടയിൽ ഉരുൾപൊട്ടൽ ദുരന്തത്തെ സംബന്ധിച്ചും, അതിനോടുള്ള പ്രതികരണവുമായി ബന്ധപ്പെട്ടും ഒന്നിലധികം ദുർബലതകൾ (Vulnerabalities ) നിലനിന്നിരുന്നു എന്ന് ഈ സർവേ പഠനഫലങ്ങൾ വെളിപ്പെടുത്തി. ഉരുൾപൊട്ടൽ പാതയുടെ 50-100 മീറ്ററിനുള്ളിൽ നിരവധി ആളുകൾ താമസിച്ചിരുന്നു, ഇതിൽ 75% വീടുകളും - കൂടുതലും പക്ക - ഉരുൾപൊട്ടലിന്റെ വൻതോതിലുള്ള ഊർജ്ജപ്രവാഹം കാരണം വാസയോഗ്യമല്ലാതായിതീർന്നു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബപശ്ചാത്തലത്തിൽ ഉള്ള ആളുകൾ കുറവായിരുന്നു ഈ പ്രദേശങ്ങളിൽ. പ്രധാനമായും തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്നവരും, കാർഷിക തൊഴിലാളികളും, ദിവസക്കൂലി ലഭിക്കുന്ന തൊഴിലിലും ഏർപ്പെട്ടിരിക്കുന്ന, പ്രതിമാസം 10,000- 20,000 രൂപ മാത്രം വരുമാനമുള്ളവരുമാണ് ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ഇവർക്ക് പലർക്കും സാധിക്കാതെവന്നു.

അപകട സാധ്യതകളെ സംബന്ധിച്ച പ്രദേശവാസികളുടെ ധാരണകൾ, ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്തപ്പോൾ വിവര ദുർബലതകൾ (ഇൻഫർമേഷൻ വൾനറബിലിറ്റി) കൂടുതലാണെന്നു കണ്ടെത്തി. 56% പേർക്ക് മാത്രമേ ഉയർന്ന ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായിരുന്നു അതെന്ന ധാരണ ഉണ്ടായിരുന്നുള്ളു. മുന്നറിയിപ്പുകളോട് എങ്ങനെ പ്രതികരിക്കണമെന്ന് പലർക്കും അറിയില്ലായിരുന്നു. ഔദ്യോഗിക കമ്മ്യൂണിറ്റി അധിഷ്ഠിത പ്രതികരണ പദ്ധതിയുടെ അഭാവം രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. അപകടസാധ്യതയെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവമോ / പരിമിതമോ ആയ ധാരണ പ്രദേശവാസികളുടെ പെരുമാറ്റത്തെ സാരമായി സ്വാധീനിച്ചു. ഹ്യൂം സെന്ററിന്റെ മുന്നറിയിപ്പ് പരിഗണനയിൽ എടുത്ത ചില താമസക്കാർ ഒഴിഞ്ഞുപോയെങ്കിലും, പലരും അപകടസാധ്യത കുറച്ചുകണ്ടു. ആദ്യത്തെ ഉരുൾപൊട്ടലിനുശേഷം അപകടം കടന്നുപോയി എന്ന് വിശ്വസിച്ച് അവിടെ തന്നെ തുടർന്നവരുമുണ്ട്.
പ്രാദേശികമായ ഒരു സ്ഥാപനം നൽകിയ മുന്നറിയിപ്പുകൾ കണക്കിലെടുക്കുന്നതിനോ അല്ലെങ്കിൽ പ്രദേശത്തിന്റെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ചരിത്രപരമായ ഡാറ്റ പരിഗണിച്ചോ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ട ജില്ലാ ഭരണകൂടവും സമാനമായി അപകടസാധ്യത കുറച്ചുകാണിച്ചു. യഥാർത്ഥവും സങ്കൽപ്പിക്കപ്പെടുന്നതുമായ അപകടസാധ്യതകൾ സംബന്ധിച്ച ധാരണകൾക്കിടയിലെ ഈ വിടവ്, അപകടസാധ്യതകളോടുള്ള ആളുകളുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ട്. അത്തരത്തിലുള്ള റിസ്ക് പെർസെപ്ഷൻ പരിമിതികൾ മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു എന്ന് പറയാം.
സംസ്ഥാന സർക്കാരുകളുടെയും അംഗീകൃത ഏജൻസികളുടെയും സർക്കാർ നിയോഗിച്ച വിദഗ്ദ്ധ പഠനസമിതിയുടെയും റിപ്പോർട്ടുകളിൽ കൃത്യമായ പരാമർശങ്ങളും നിർദേശങ്ങളും ഉണ്ടായിട്ടും വയനാട് ജില്ലയിൽ ഭൂവിനിയോഗത്തിൽ നിയന്ത്രണങ്ങളും നയങ്ങളും നടപ്പിലാക്കാത്തത് എന്തുകൊണ്ട്?
അസുഖകരമായ ചോദ്യങ്ങൾ
ജനകീയ പഠന സമിതിയുടെ കണ്ടെത്തലുകൾ സുപ്രധാനമായ, എന്നാൽ അസുഖകരമായ ചില ചോദ്യങ്ങളാണ് പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്.
ദുരന്തത്തിലെ പ്രധാന പ്രശ്നം ഇതാണ്:
ഉരുൾപൊട്ടൽ എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചു എന്നതിനേക്കാൾ ശാസ്ത്രീയവും പ്രാഥമികവുമായ ചില മുന്നറിയിപ്പുകൾ ലഭ്യമായിട്ടും വയനാട് ജില്ലാ ഭരണകൂടം മുണ്ടക്കൈയിലെ ജീവഹാനി കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ട്?

വീടുകളും സ്ഥാപനങ്ങളും ഉരുൾപൊട്ടൽ പാതകളിൽ സ്ഥിതിചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ പ്രാദേശിക ഭരണകൂടം ജാഗ്രത കാണിക്കാതിരിക്കുന്നത് എന്തുകൊണ്ട്?
സംസ്ഥാന സർക്കാരുകളുടെയും അംഗീകൃത ഏജൻസികളുടെയും സർക്കാർ നിയോഗിച്ച വിദഗ്ദ്ധ പഠനസമിതിയുടെയും റിപ്പോർട്ടുകളിൽ കൃത്യമായ പരാമർശങ്ങളും നിർദേശങ്ങളും ഉണ്ടായിട്ടും ദുരന്തം നടന്ന പ്രദേശത്തുൾപ്പെടെ, വയനാട് ജില്ലയിൽ ഭൂവിനിയോഗത്തിൽ നിയന്ത്രണങ്ങളും നയങ്ങളും നടപ്പിലാക്കാത്തത് എന്തുകൊണ്ട്?
ഈ ചോദ്യങ്ങൾക്കപ്പുറം ഭാവിയിലെ ദുരന്തങ്ങൾ തടയുന്നതിന് സാധ്യമായ ചില പ്രതിരോധ ശുപാർശകൾ കമ്മിറ്റി നിർദേശിക്കുന്നുണ്ട്. സമൂഹ പങ്കാളിത്തത്തിന് ഊന്നൽ നൽകുന്ന നിരവധി നടപടികളാണ് പ്രധാനമായും സമിതി മുന്നോട്ടുവെക്കുന്നത്. കമ്മിറ്റിയുടെ പ്രധാനപ്പെട്ട നിർദേശങ്ങൾ:
1. വിദഗ്ദ്ധ ശുപാർശകൾ നടപ്പിലാക്കുക:
കേരള സർക്കാരിന്റെ വിദഗ്ദ്ധ സമിതി, WGEEP, സഹ്യാദ്രി പരിസ്ഥിതി സെൻസിറ്റീവ് ഏരിയ റിപ്പോർട്ട്, കുടജാദ്രി സെൻസിറ്റീവ് ഏരിയ റിപ്പോർട്ട് എന്നിവയിൽ നിന്നുള്ള ശുപാർശകൾ നടപ്പിലാക്കുക, അഥവാ നടപ്പിലാക്കാതിരിക്കുന്നതിന് പൊതു വിശദീകരണങ്ങൾ നൽകുക.
2. തദ്ദേശഭരണം ശാക്തീകരിക്കുക:
പൊതു ചർച്ചകളിലൂടെ ഭൂവിനിയോഗം, തോട്ടങ്ങൾ, ടൂറിസം എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ മേപ്പാടി പഞ്ചായത്തിനു കൂടുതൽ അധികാരം നൽകുക. പ്രാദേശിക തലത്തിൽ സുസ്ഥിര വികസന മാതൃകകൾ രൂപീകരിച്ചു കൊണ്ട് ഭാവിയിലെ ദുരന്തസാദ്ധ്യതകൾ കുറയ്ക്കുക.
3. നിരീക്ഷണം മെച്ചപ്പെടുത്തുക:
മേപ്പാടി പഞ്ചായത്ത് ഗ്രാമങ്ങളിലുടനീളം ഹ്യൂം സെന്ററിന്റെ മഴനിരീക്ഷണ സംവിധാനം സ്ഥാപിക്കാനും, ഒപ്പം ഉരുൾപൊട്ടൽ അപകടസാധ്യതകളുമായി മഴയെ ബന്ധിപ്പിച്ച് ദുരന്ത സാദ്ധ്യതകൾ തിരിച്ചറിയാൻ പ്രദേശവാസികളെ പരിശീലിപ്പിക്കുക.
4. അടിയന്തര പദ്ധതികൾ വികസിപ്പിക്കുക:
സൈറ്റ്-നിർദ്ദിഷ്ട ഉരുൾപൊട്ടൽ അടിയന്തര പ്രതികരണ പദ്ധതികൾ രൂപീകരിക്കാൻ മേപ്പാടി പഞ്ചായത്തിനെ പരിശീലിപ്പിക്കുക. അലർട്ട് മാനദണ്ഡങ്ങൾ, ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനം, പുനരധിവാസ പ്രോട്ടോക്കോളുകൾ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും അവരെ ബോധവൽക്കരിക്കുക്കയും ചെയ്യുക.
5. കമ്മ്യൂണിറ്റി ഓർഗനൈസേഷനുകളെ പിന്തുണയ്ക്കുക:
പ്രാദേശിക ദുരന്ത പ്രതികരണ ശേഷികൾ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന ഗ്രൂപ്പുകളെ അംഗീകരിക്കുകയും ധനസഹായം നൽകുകയും ചെയ്യുക.
6. അപകടസാധ്യതാ ധാരണ യോജിപ്പിക്കുക:
യഥാർത്ഥവും സങ്കൽപ്പിക്കപ്പെടുന്നതുമായ അപകടസാധ്യതകൾ തമ്മിലുള്ള വിടവ് നികത്തുന്നതിന് കമ്മ്യൂണിറ്റികളെ അപകടസാധ്യത ലഘൂകരണത്തിൽ ഉൾപ്പെടുത്തുക, 'എല്ലാവർക്കും അപകടസാധ്യത കുറയ്ക്കൽ' എന്ന സമീപനം വളർത്തിയെടുക്കുക.
7. ഉത്തരവാദിത്തം വർദ്ധിപ്പിക്കുക:
ഭരണകൂട അശ്രദ്ധ മൂലമുള്ള മരണത്തിന് സർക്കാർ മുൻകൈയിൽ 5 കോടി നഷ്ടപരിഹാരം നിർദ്ദേശിക്കുക, ഒപ്പം ദുരന്ത മാനേജ്‌മന്റ് കാര്യക്ഷമാക്കുക.
ഭരണകൂട പരാജയം
2024- ലെ മുണ്ടക്കൈ മണ്ണിടിച്ചിൽ ദുരന്തം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രാദേശിക പാരിസ്ഥിതിക ദുരുപയോഗത്തിന്റെയും ഫലമായുണ്ടായ തടയാവുന്ന ദുരന്തമായിരുന്നു. ധാരാളം മുന്നറിയിപ്പുകളും വയനാടിന്റെ ചരിത്രപരമായ ഉരുൾപൊട്ടൽ അപകടസാധ്യതാ ഡാറ്റ ഉണ്ടായിരുന്നിട്ടും, ഭരണപരമായ നിഷ്‌ക്രിയത്വവും വിവരപരാജയങ്ങളും വിനാശകരമായ ജീവഹാനിയിലേക്ക് നയിച്ചു. 12-ാം വാർഡ് പഞ്ചായത്തിന്റെയും ചില പ്രാദേശിക സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനയുടെയും ശ്രമങ്ങൾ പ്രാദേശിക പ്രതിരോധശേഷിയുടെ സാധ്യതകളെ എടുത്തുകാണിക്കുന്നു, പക്ഷെ വ്യവസ്ഥാപരമായ മാറ്റങ്ങൾ ആവശ്യമാണ്. വിദഗ്ദ്ധ ശുപാർശകൾ നടപ്പിലാക്കുന്നതിലൂടെയും, പ്രാദേശിക ഭരണത്തെ ശാക്തീകരിക്കുന്നതിലൂടെയും, കമ്മ്യൂണിറ്റി പങ്കാളിത്തം വളർത്തുന്നതിലൂടെയും, പ്രദേശം കൂടുതൽ സുരക്ഷിതമാകും. അവഗണനയെക്കാൾ മനുഷ്യജീവിതത്തിന് മുൻഗണന നൽകുന്നതിന് യഥാർത്ഥ അപകടസാധ്യതകളുമായി അപകടസാധ്യതാ ധാരണയെ യോജിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
മുണ്ടക്കൈ -ചൂരൽമല വാസികളുടെ സംരക്ഷകനായി പ്രവർത്തിക്കുന്നതിൽ കേരള ഭരണകൂടം പരാജയപ്പെട്ടു എന്ന് തന്നെ സമിതി നിരീക്ഷിക്കുന്നു. ‘പാരൻസ് പാട്രിയേ’ എന്ന നിയമ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള 1985 -ലെ ഭോപ്പാൽ ഗ്യാസ് ആക്ട്, സ്വയം പരിപാലിക്കാൻ കഴിയാത്തവരുടെ സംരക്ഷകരായി പ്രവർത്തിക്കാനുള്ള അധികാരം ഭരണകൂടത്തിന് നൽകുന്നുണ്ട്. മാത്രമല്ല, ജീവിക്കാനും വ്യക്തിസ്വാതന്ത്രത്തിനുമുള്ള മൗലികാവകാശം ഉറപ്പു നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21, ആരോഗ്യകരമായ അന്തരീക്ഷത്തിനുള്ള അവകാശം കൂടി ഉൾപ്പെടുത്തി ഇന്ത്യൻ നീതിന്യായ വ്യവസ്ഥ വ്യാഖ്യാനിച്ചിട്ടുണ്ട്. പാരിസ്ഥിതിക കാരണങ്ങളാൽ രോഗബാധിതരാകാനും മരണപ്പെടാനുമുള്ള സാധ്യത കുറയ്ക്കുന്ന അന്തരീക്ഷമാണ് ആരോഗ്യകരമായ അന്തരീക്ഷം. മുണ്ടക്കൈ ദുരന്തത്തിന് വളരെ മുൻപുതന്നെ അത്തരം അപകട സാധ്യതകളെ കുറിച്ച് മതിയായ വിവരങ്ങൾ ലഭ്യമായിട്ടും ഉരുൾപൊട്ടൽ ദുരന്താഘാതം ലഘൂകരിക്കുന്നതിനാവശ്യമായ നടപടികളെടുക്കുന്നതിലും ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉയർത്തിപ്പിടിക്കുന്നതിലും കേരള സർക്കാർ അശ്രദ്ധ കാണിച്ചിരിക്കുന്നു.
കൂടാതെ പ്രായോഗികമായി നടപ്പിലാക്കാവുന്ന ഉരുൾപൊട്ടൽ അടിയന്തര പ്രതികരണ പദ്ധതികളോ ഒഴിപ്പിക്കൽ പ്രോട്ടോകോളുകളോ ഒന്നും വികസിപ്പിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഉരുൾപൊട്ടൽ സാധ്യതകളെ സംബന്ധിച്ച വിവരങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ ജനങ്ങൾക്ക് സാധ്യമാകാതെവന്നു.

