ഖായിദേ മില്ലത്തിന്റെ കുതിരയേറി
ഖസാക്കിൽ വന്നിറങ്ങിയ ലീഗിന്
‘ഹിന്ദു ഇന്ത്യ’യിൽ ഭാവിയുണ്ടോ?

‘‘ഹിന്ദുത്വം കയ്യാളിയ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്‍ലിംകളുടെ ഭാവിയെ സംബോധന ചെയ്യാൻ മുസ്‍ലിം ലീഗിനാകുമോ? മലപ്പുറത്ത് കുന്നുമ്മൽ കുഞ്ഞാപ്പ പാർട്ടിയായി ലീഗിന്റെ കുതിര മുട്ടുകുത്തുമോ? ജമാഅത്തെ ഇസ്‍ലാമി- എസ് ഡി പി ഐ ആദി തീവ്ര സ്വത്വവാദികളുടെ കയ്യിലെ കളിപ്പാവകളാകാൻ മുസ്‍ലിംകളെ വിട്ടുകൊടുക്കുമോ? അതോ സാമുദായിക സംഘടനകളുടെ സുരക്ഷിതത്വത്തിൽ മുസ്‍ലിം ജീവിതം ഒരു ദലിത് രാഷ്ട്രീയമായി ഒടുങ്ങുമോ?’’- പി.പി. ഷാനവാസ് എഴുതുന്ന ‘ഖയാൽ കെസ്സ് കിസ്സ’ തുടരുന്നു. 

ഖയാൽ കെസ്സ് കിസ്സ-19

ഇരുണ്ട കാലത്ത് പാട്ടുണ്ടാകുമോ?
ഉണ്ടാകും…
ഇരുണ്ട കാലത്തിന്റെ പാട്ട്.
- ബെർതോൾഡ് ബ്രെഹ്റ്റ്.

ഗാന്ധിവധത്തെ തുടർന്ന് ദേശീയ രാഷ്ട്രീയം ചെന്നുപെട്ട നിരാശയേയും കാലുഷ്യത്തേയും തുടർന്ന്, നെഹ്റുവിയൻ സെക്യുലർ സ്വപ്നങ്ങൾക്ക് ഗ്രഹനില ബാധിക്കാൻ തുടങ്ങിയ സന്ധിയിലാണ്, മുസ്‍ലിം ലീഗ് അതിന്റെ ഇന്ത്യൻ പതിപ്പുമായി വീണ്ടും രംഗത്തെത്തുന്നത്. ‘ലീഗ് ഒരു ചത്ത കുതിരയാണ്’ എന്ന് നെഹ്റു വിശേഷിപ്പിച്ചുവെങ്കിലും, മിയാൻ ഷെയ്ഖിന്റെ ആത്മായനത്തിന്റെ കുതിരയെ പിന്തുടർന്ന് ഖസാക്കുകാർ വന്നെത്തിയ പോലെ, മുസ്‍ലിം ലീഗ് സ്വാതന്ത്ര്യാനന്തരം പുനർജനിച്ച്, അറുപതു വർഷത്തെ കേരള ചരിത്രത്തിൽ ആർക്കും അവഗണിക്കാനാകാത്ത ശക്തിയായത് ചരിത്രമാണ്.

മതപരമായ എല്ലാ രാഷ്ട്രീയ നിർമിതികളെയും കുടത്തിലടച്ചു കടലിലെറിഞ്ഞ ഭൂതങ്ങളാണ് എന്നു കരുതിയ നെഹ്റുവിയൻ സെക്യുലർ ദേശീയതയുടെ പിൽക്കാലത്തിന്, പാണക്കാട്ട് തങ്ങന്മാരുടെ ആത്മീയസാരഥ്യത്തിന്റെ കുതിരപ്പുറത്തേറിവന്ന ലീഗിനെ ഇടതു വലതു ഭേദമില്ലാതെ അംഗീകരിക്കേണ്ടിവന്നത് രാഷ്ട്രീയ സമസ്യകളിൽ ഒന്നായിത്തീർന്നു. ആ നിലയിൽ ആധുനികാനന്തര യുഗത്തിന്റെ സ്വത്വ- തന്മകളുടെ രാഷ്ട്രീയത്തെ വിശകലനം ചെയ്യേണ്ട നില, സമകാല ദേശീയ-സർവ്വദേശീയ വർത്തമാനങ്ങൾ ആവശ്യപ്പെടുന്ന ഒന്നാണ്.

പാണക്കാട് സയ്യിദ് ശിഹാബ് തങ്ങൾ
പാണക്കാട് സയ്യിദ് ശിഹാബ് തങ്ങൾ

വർഗ്ഗസമരത്തിന്റെ രാഷ്ട്രീയം സോവിയറ്റ് യൂണിയന്റെ തിരോധാനത്തിലൂടെ അന്തർമുഖമായിത്തീർന്ന സന്ധിയിൽ, സ്വത്വ- തന്മകൾ രാഷ്ട്രീയമായി പുനർജനി തേടുന്ന ഘട്ടത്തിലേക്ക് കാലം കണക്കെഴുതുമ്പോഴാണ്, സ്വത്വ-തന്മാ വാദങ്ങൾ തത്വചിന്തയെയും ആകർഷിക്കാൻ തുടങ്ങുന്നത്.

സോവിയറ്റ് അന്ത്യകാലത്ത് റഷ്യൻ ചലച്ചിത്രകാരി മാർത്താ മസാരസ് തന്റെ പെണ്മയിലേക്കും സോവിയറ്റ് ഫെഡറേഷനുകളിലെ വംശീയ ജീവിതത്തിലേക്കും ക്യാമറ തിരിക്കുന്ന സന്ദർഭം, ഒരർത്ഥത്തിൽ ലോകസിനിമയുടെ ആയുസ്സിന്റെ ചരിത്രത്തിലെ ഈ യുഗപ്പിറവിയാണ്. രാഷ്ട്രീയം പതുക്കെ സ്വത്വത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും മതത്തിന്റെയും അടിസ്ഥാനങ്ങൾ തേടിക്കൊണ്ട് ദേശീയതയെ പുനർനിർവചിക്കുന്ന പോസ്റ്റ് മാർക്സിസത്തിന്റെ കാലം.

വർഗ്ഗ രാഷ്ട്രീയമെന്ന് സ്വയം കരുതിയ പ്രസ്ഥാനങ്ങൾ പോലും മനുഷ്യരിലെ സാംസ്കാരികവും വംശീയവും മതപരവുമായ തന്മകളെ ശാശ്വതീകരിക്കുന്ന തന്ത്രങ്ങളിലൂടെ മൂലധന രാഷ്ട്രീയത്തെ പതുക്കെ പുണരുന്നതു കാണാം. നിയോലിബറൽ എന്ന നവസാമ്രാജ്യത്വ മുതലാളിത്തത്തിന്റെ ഘട്ടം. അല്ലെങ്കിൽ ക്ലാസിക്കൽ മുതലാളിത്തത്തിൽ നിന്ന് എന്റർപ്രേണർ മുതലാളിത്തത്തിലേക്ക്. ഫൈനാൻസ് മൂലധനവും ബാങ്കിങ്ക് മൂലധനവും നിർമ്മിച്ച എപിസ്റ്റെമിയുടെ ഉപരിഘടനയെയാണ് നാം മൾട്ടി കൾച്ചറിലിസം എന്നും പോസ്റ്റ് മോഡേൺ എന്നും പേരിട്ടത്.

ആധുനികതയുടെ എല്ലാ തലങ്ങളിലുമുള്ള ഘടനാചത്വരങ്ങളെ അപനിർമിക്കുകയും അഴിച്ചെടുക്കുകയും ചെയ്യുന്ന ഘടനാവാദാനന്തര ജ്ഞാനിമങ്ങൾ പ്രചാരം നേടുന്ന സന്ദർഭം. മനുഷ്യൻ, അധ്വാനം സവിശേഷമായ ഒരു ജീവിവർഗ്ഗം എന്ന നിലയിൽ, മനുഷ്യരാശിയെ അധ്വാനിക്കുന്നവരും അവരെ ചൂഷണം ചെയ്യുന്ന വർഗ്ഗമെന്നും വർഗീകരിച്ച ഭൂമികകൾ പിളരുകയും, കുഴിച്ചുമൂടിയെന്ന് ആധുനികതയും ജ്ഞാനോദയവും കരുതിയ ഗോത്ര- വംശീയ -ജാതി-സമുദായ- മത അന്തഃസ്ഥലികളെ മുകൾപ്പരപ്പിലേക്ക്  കൊണ്ടുതള്ളുകയും ചെയ്ത അട്ടിമറിയുടെ കാലം.

സമര ചരിത്രത്തോട് സലാം പറഞ്ഞ്, ഇ എം എസിന്റെ സാമുദായിക നരവംശശാസ്ത്രത്തിലൂന്നിയ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മുന്നണിസൂത്രവാക്യം നിലവിൽ വരുന്ന പിൽക്കാലം. ഈ പുതുരാഷ്ട്രീയം ക്ലാസിക്കൽ മാർക്സിസം പോലെ അധ്വാനിക്കുന്ന മനുഷ്യരെയല്ല അടിസ്ഥാനമായി പരിഗണിച്ചത്. മറിച്ച്, മനുഷ്യർ അമർന്നുപോയ സ്വത്വ-സാമുദായിക- ജാതി- മത തന്മകളുടെ അഴുക്കുചാലുകളെയാണ്. അങ്ങനെ കേരള കമ്യൂണിസം നമ്പൂതിരിയിൽ നിന്ന് നായരിലേക്കും അവിടെനിന്ന് ഈഴവരിലേക്കും പിന്നെ അതിന്റെ വടക്കേ മലബാറിയൻ വകഭേദത്തിലേക്കും ജാതി നവോത്ഥാന ചരിത്രത്തിന്റെ നാടകത്തുടർച്ചകൾ നടത്തുന്നതു കാണാം. ഇ എം എസിന്റെ ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന ഗ്രന്ഥം ഈ ‘സമുദായ വിമോചന നവോത്ഥാന രാഷ്ട്രീയ’ത്തിന്റെ ആശയാടിത്തറ മുമ്പേ പണിതു വയ്ക്കുന്നുണ്ട്.

സമുദായ-ഗോത്രാടിസ്ഥാനങ്ങളുടെത്തന്നെ ഉൾപ്പിരിവുകളെയും സാംസ്കാരിക സവിശേഷതകളെയും, വ്യത്യസ്തമായ ഹൃദയനിലകളുടെ മർമ്മസ്ഥാനങ്ങളെയും പരിഗണിക്കപ്പെടാതെ, സ്വത്വത്തെ ജാതിയുടെയും സമുദായത്തിന്റെയും മതത്തിന്റെയും റിഡക്ഷനിസ്റ്റ് ആയ ഒരു നരവംശശാസ്ത്രം നൽകി വർഗ്ഗീകരിക്കുന്ന  ചരിത്രവായനയാണ് ‘മലയാളികളുടെ മാതൃഭൂമി’ സാധ്യമാക്കിയത്.

അതിന്റെ അടിസ്ഥാനത്തിലാണ്, കേരളത്തിന്റെ നരവംശങ്ങളുടെ സങ്കീർണ സാംസ്കാരിക വൈവിധ്യങ്ങളെ, തിരുവനന്തപുരം എ കെ ജി സെന്ററിലെ കുടുസുമുറിചിന്തകൾ ഒരു വോട്ടർപട്ടികാ ഗണമാക്കി തീർത്തത്. അങ്ങിനെ ഇ എം എസിന്റെ ആധുനിക കേരളം പിറന്നു. ഇടവഴികൾ ഇടിച്ചു നിരത്തി. വികസനവാദത്തിന്റെ വാസന്ത പൗർണമികൾ പിറന്നു.

ഇ എം എസിന്റെ ഈ പ്രയോഗത്തിന്റെ സിദ്ധാന്തീകരണത്തെ എന്നാൽ ഇന്ത്യ ഇരുപതുകളിൽ തന്നെ കണ്ടുമുട്ടിയിരുന്നു. അതല്ലെങ്കിൽ ഇരുപതുകൾ വരാനിരിക്കുന്ന ‘ഇന്ത്യകളെ’ ഗർഭം ധരിച്ചിരുന്നു. 1920-കളിലാണ് ഗാന്ധിയുടെ രാഷ്ട്രീയരംഗപ്രവേശം മുതൽ താഷ്‌കന്റിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണം തൊട്ട് മുസ്‍ലിം ലീഗിന്റെയും ജനസംഘത്തിന്റെയും ആർ എസ് എസിന്റെയും ബീജാവാപങ്ങൾ വരെ നടന്നത്.

ഇ.എം.എസ്.
ഇ.എം.എസ്.

ഒരു നിലയിൽ കൊളോണിയൽ അനുഭവങ്ങളുടെ മൂർദ്ധന്യത്തിലെത്തിയ ഇന്ത്യയിലെ ജനങ്ങളുടെ രാഷ്ട്രീയ ഭാഗധേയങ്ങൾ വിവിധ സാമാന്യബോധങ്ങളിൽനിന്ന് പ്രതികരണം കൊണ്ടതാണ് ഈ പ്രസ്ഥാനങ്ങൾ എന്നു കാണാം. കമ്യൂണിസത്തിന്റെ വർഗ്ഗരാഷ്ട്രീയ സിദ്ധാന്തങ്ങളും ഗാന്ധിയുടെ നൈതികതയുടെ രാഷ്ട്രീയവും, വംശീയ വർഗീയ സ്വത്വങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രീയ സിദ്ധാന്തങ്ങളും ഒരുമിച്ചു പൂവിട്ട ഉദ്യാനങ്ങൾ.

തൊണ്ണൂറുകൾ വരെ ഈ മൂന്ന് സമീപനങ്ങളും തമ്മിൽ നടന്ന രാഷ്ട്രീയ പോരാട്ടത്തിൽ, മാർക്സിസവും ഗാന്ധിസവും പിൻവാങ്ങുകയും, സ്വത്വ- തന്മാ രാഷ്ട്രീയത്തിന്റെ ആധുനികാനന്തരം മേൽക്കോയ്മ നേടുകയും ചെയ്തു. ഈ ഭാവി മണത്താവണം ഇ എം എസും, വർഗ്ഗ രാഷ്ട്രീയത്തെ, കുടുംബമഹിമകളുടെയും വംശ-ജാതി-മതസൂത്രങ്ങളുടെയും പിന്നാലെ പോകുന്ന, പാർലമെന്ററി സമരം എന്ന ഓമനപ്പേരിട്ട, വോട്ട് രാഷ്ട്രീയത്തിലേക്ക് തന്റെ സിദ്ധാന്തീകരണത്തിന്റെ റഡാർ തിരിച്ചുവയ്ക്കുന്നത്.

അങ്ങനെ അമ്പതുകൾക്കു ശേഷമുള്ള ഇ എം എസിന്റെ രാഷ്ട്രീയ യുക്തിയുടെ വംശീയതയിലേക്കുള്ള വെട്ടിത്തിരിവ്, തൊണ്ണൂറുകൾക്കുശേഷം പ്രബലമായ സ്വത്വ-തന്മാ രാഷ്ട്രീയത്തെ മുൻദർശിച്ചു എന്നു പറയാം. മാർക്സിയൻ രീതിശാസ്ത്രങ്ങളിൽ പുലർന്നുപോന്നിരുന്ന അക്കാദമികളും അതിലെ ബുദ്ധിജീവി വർഗ്ഗവും മാറിയ സാഹചര്യങ്ങളെ സിദ്ധാന്തീകരിക്കുന്ന തത്വവും ചിന്തയും വളർത്തിക്കൊണ്ടുവന്നു. ചരിത്രത്തിനു പകരം ഫിനോമിനോളജിയുടെ പ്രയോഗം നിസാർ സ്കൂളിനോളം ചെന്നെത്തുകയും ചെയ്തു. ജനാധിപത്യത്തിന് അവർ കണ്ട ‘ആൾടർനേറ്റീവ്’ ഇങ്ങനെ നിസാറിന്റെ സിദ്ധാന്തീകരണത്തിൽ ഉൾച്ചേർന്നിരിക്കുന്നതു കാണാം.

മൗലാനാ അബ്ദുൽ കലാം ആസാദ്, അബ്ദുറഹിമാൻ സാഹിബ്
മൗലാനാ അബ്ദുൽ കലാം ആസാദ്, അബ്ദുറഹിമാൻ സാഹിബ്

നെഹ്റുവിയൻ സെക്യുലറിസത്തിന്റെയും ഇടതുപക്ഷ വർഗ്ഗ രാഷ്ട്രീയത്തിന്റെയും കെട്ടുറപ്പുകൾ തൊണ്ണൂറുകളിൽ പൊട്ടിപ്പോകുന്നു. കളം മാറി ചവിട്ടാത്തവർ ചരിത്രത്തിന്റെ ചാണകക്കുഴിയിൽ കമ്പോസ്റ്റായിത്തീരുന്നു. എന്നാൽ മുസ്‍ലിം രാഷ്ട്രീയം ചരിത്രപരമായ കാരണങ്ങളാൽ ഈ പോസ്റ്റ് മോഡേൺ രാഷ്ട്രീയ യുഗത്തെ മുൻകൂർ ഭാവന ചെയ്യുന്നതായി കാണാം.

ഒരു രാജ്യം സ്വന്തമാക്കി അതൊരു ചരിത്ര ദുരന്തമാകുകയും ചെയ്തു. വിഭജനത്തിനുശേഷം കോൺഗ്രസിന്റെ സെക്യുലർ മുഖംമൂടിയോടു ചേർന്നു നിൽക്കണമെന്ന മൗലാനാ അബ്ദുൽ കലാം ആസാദും അബ്ദുറഹിമാൻ സാഹിബും ആഗ്രഹിച്ചെങ്കിലും അവരുടെ ‘വഹാബി ആധുനികത’യ്ക്ക് മുസ്‍ലിം ലീഗ് രാഷ്ട്രീയത്തിന്റെ 'പോസ്റ്റു മോഡേൺ ഭാവി’യെ ദീർഘദർശനം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

വിഭജനാനന്തരവും മുസ്‍ലിം രാഷ്ട്രീയം ചിന്തിച്ചത് ഇന്ത്യൻ മണ്ണിലുള്ള ഒരു മുസ്‍ലിം ലീഗിനെപ്പറ്റിയാണ്. ‘ന്യൂനപക്ഷം’ എന്ന ഭരണഘടനാ പദവിയെ മുൻനിർത്തി, ഒരു കീഴാള പദവിയെ ആർട്ടിക്കുലേറ്റ് ചെയ്തുകൊണ്ടാണ്, ഖായിദേ മില്ലത്ത് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ മദ്രാസ് പ്രവിശ്യയിൽ ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് രൂപീകരണത്തിനുള്ള സമവായങ്ങളും ചർച്ചകളും നടക്കുന്നത്.

മുസ്‍ലിം ലീഗിന്റെ അസ്തിത്വത്തിന് പ്രത്യയശാസ്ത്ര സാധൂകരണങ്ങൾ നൽകുന്ന എം. ഐ. തങ്ങളുടെ ഉപന്യാസം ഇവിടെ ചർച്ചക്കെടുക്കാം. അദ്ദേഹം എഴുതുന്നു:
‘‘നമ്മുടെ രാഷ്ട്രീയ തത്വശാസ്ത്രങ്ങളൊക്കെ യൂറോപ്പിൽ നിന്നാണല്ലോ ഇറക്കുമതി ചെയ്തിട്ടുള്ളത്. രാഷ്ട്രീയവൽക്കരിക്കപ്പെട്ട വർഗീയതയും വംശീയതയും അപ്രകാരം തന്നെ. യൂറോപ്പിൽ മതാടിസ്ഥാനത്തിൽ രാഷ്ട്രീയമായി സംഘടിക്കുന്നത് വർഗീയതയായി കാണുന്നില്ല. ജനാധിപത്യ വാദികൾ മാത്രമല്ല, കമ്യൂണിസ്റ്റുകാരും കാണുന്നില്ല. ഇറ്റലിയിൽ വളരെക്കാലം കമ്യൂണിസ്റ്റ് പാർട്ടിയുടെ സഖ്യകക്ഷിയായും ഭരിക്കാൻ തോളോട് ചേർന്നുനിന്നും പ്രവർത്തിച്ച കക്ഷിയുടെ പേർ ‘ക്രിസ്ത്യൻ യൂണിയൻ’ എന്നാണ്. ഇന്നും അത് ആരോഗ്യത്തോടെ ജീവിക്കുന്നു. കമ്യൂണിസം ഏതാണ്ട് ഒടുങ്ങിയിട്ടുണ്ടെങ്കിലും’’.

എം. ഐ. തങ്ങൾ / Photo: Sreenshot from Media One
എം. ഐ. തങ്ങൾ / Photo: Sreenshot from Media One

‘‘ജർമൻ ചാൻസലറായ ആൻജെല മർക്കലിന്റെ പാർട്ടിയുടെ പേര് ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയൻ എന്നാണ്. ബ്രിട്ടന്റെ ഭാഗമായ സ്കോട്ട്ലന്റിലെ പ്രധാന രാഷ്ട്രീയ പാർട്ടി സ്കോട്ടിഷ് ക്രിസ്ത്യൻ പാർട്ടിയാണ്. നെതർലാൻഡ്സിലെ ഡച്ച് ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി, ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ എന്നിവ. സ്വിറ്റ്സർലാൻഡിൽ 1912 മുതൽ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ പീപ്പിൾസ് പാർട്ടി, ക്രിസ്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി, ഇവാഞ്ജലിക് പീപ്പിൾസ് പാർട്ടി എന്നിവ. ആസ്ട്രിയയിൽ 1893-ൽ രൂപീകരിച്ച അവിടത്തെ പ്രധാന പാർട്ടി ക്രിസ്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയാണ്.

കാനഡയിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി. ആസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി. ഈ പാർട്ടികളെയൊന്നും വർഗീയ കക്ഷികൾ എന്ന് ആരും ആക്ഷേപിച്ചിട്ടില്ല. മാത്രമല്ല ഇവയിൽ മിക്കതും ഒന്നുകിൽ ജനാധിപത്യം അല്ലെങ്കിൽ സോഷ്യലിസം എന്നീ ആധുനിക രാഷ്ട്രീയ തത്വശാസ്ത്രങ്ങളുടെ പതാക വാഹകരുമാണ്. ഫ്രാൻസിൽ ഒരു കാതലിക് പാർട്ടി ഉണ്ടായിരുന്നു. നേരത്തെ സോഷ്യലിസ്റ്റുകാരൊന്നിച്ച് ഫ്രാൻസ് ഭരിച്ചിട്ടുണ്ട്.

യൂറോപ്പിലും അമേരിക്കയിലും ലോകത്തിലെ മറ്റു പല ഭാഗങ്ങളിലും പാർട്ടി ഉണ്ടാക്കാൻ സ്വാതന്ത്ര്യമുള്ള ഇടങ്ങളിലൊക്കെ മതത്തിന്റെ പേരിൽ രാഷ്ട്രീയ സംഘടനകളുണ്ട്. ഈ സംഘടനാ രൂപത്തെ ഇന്ത്യയിൽ മാത്രമാണ് മുൻവിധിയും ദുരുദ്ദേശ്യവും വെച്ചുകൊണ്ടും വിവരക്കേട് കൊണ്ടും വർഗീയം എന്നു വിളിച്ചിട്ടുള്ളത്. ശാസ്ത്രങ്ങളും തത്വശാസ്ത്രങ്ങളും മാത്രമല്ല, ജനാധിപത്യവും കമ്യൂണിസവും സോഷ്യലിസവും ക്യാപിറ്റലിസവും എക്സിസ്റ്റൻഷ്യലിസവും തൊട്ട് ഫാസിസം വരെ യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്തു നടക്കുന്നവർക്ക് മതാധിഷ്ഠിത രാഷ്ട്രീയ സംഘടന എന്ന ആശയം അജീർണ്ണത ഉണ്ടാക്കുന്നത് വർഗീയതയോടുള്ള ശത്രുത കൊണ്ട് മാത്രമല്ലെന്ന് വ്യക്തമാണ്’’.

‘‘ഒരു പാർട്ടി ആരെ സംഘടിപ്പിക്കുന്നു എന്നതല്ല വർഗീയതയുടെ നിർവചനത്തിന്റെ മാനദണ്ഡമായി സ്വീകരിക്കേണ്ടത്. എന്തിന് സംഘടിപ്പിക്കുന്നു എന്നതായിരിക്കണം. പാർട്ടിയുടെ പ്രത്യയശാസ്ത്രം എന്ത് എന്ന് മനസ്സിലാക്കാൻ അവർ പ്രചരിപ്പിക്കുന്നത് എന്ത് എന്നു പരിശോധിച്ചാൽ മതി. ഒരു പാർട്ടി പ്രതിനിധാനം ചെയ്യുന്നതെന്ന് അവർ അവകാശപ്പെടുന്ന വിഭാഗത്തിന്റെ ആധിപത്യത്തിനും മറ്റു വിഭാഗങ്ങളെ നശിപ്പിക്കുന്നതിനോ അടിമപ്പെടുത്തുന്നതിനോ വേണ്ടിയും പ്രവർത്തിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നതാണ് വർഗീയത’’. (എം. ഐ. തങ്ങൾ, ന്യൂനപക്ഷ രാഷ്ട്രീയം, മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനം സുവനീർ, 2019, പേജ് 40, 41).

‘‘ചുരുക്കത്തിൽ ന്യൂനപക്ഷ രാഷ്ട്രീയം വേറിട്ട് നിൽക്കൽ മനോഭാവം വളർത്തുമെന്ന ആശങ്ക അസ്ഥാനത്താണ്. സത്യത്തിൽ ന്യൂനപക്ഷം വേറിട്ടു സംഘടിക്കുകയും രാഷ്ട്രീയത്തിൽ പ്രവർത്തിക്കുകയും ചെയ്യുക എന്ന കാര്യം ന്യൂനപക്ഷം സന്തോഷത്തോടെ ചെയ്യുന്നതല്ല.  ജനാധിപത്യത്തിൽ അവകാശങ്ങൾ നേടുന്നതിന് അവശത അനുഭവിക്കുന്നവരുടെ മുമ്പിലുള്ള ഏകമാർഗം സംഘടിക്കുകയാണ്. സംഘടിത ശക്തികൊണ്ടേ നേർക്കുനേരെ അധികാരത്തിൽ പങ്കുപറ്റാൻ സാധിക്കാത്ത സാഹചര്യത്തെ മറികടക്കാനാകൂ. ന്യൂനപക്ഷത്തിന് ഈ ശ്രമം വിജയിപ്പിച്ചെടുക്കണമെങ്കിൽ രാജ്യത്തുള്ള ഭൂരിപക്ഷ സമൂഹത്തെ പ്രതിനിധീകരിക്കുന്ന പാർട്ടികളുടെ സഹായം കൂടിയേ തീരൂ. ഇത് തീർച്ചയായും സംഘർഷത്തിലൂടെയല്ല സൗഹാർദത്തിലൂടെ മാത്രമേ ലഭിക്കൂ. ഭൂരിപക്ഷ സമുദായവുമായും പൊതുധാരാ പാർട്ടികളുമായും യുദ്ധമനോഭാവത്തോടെ പെരുമാറുന്നതുകൊണ്ട് ന്യൂനപക്ഷ രാഷ്ട്രീയത്തിനു നഷ്ടമേ ഉണ്ടാകൂ.  സാഹോദര്യത്തിന്റെ സംരക്ഷണത്തിനും വളർച്ചക്കും അസംഘടിതരായും പ്രത്യേക രാഷ്ട്രീയ മേൽവിലാസമില്ലാതെയും നേതൃത്വമില്ലാതെയും ജീവിക്കുന്ന ന്യൂനപക്ഷത്തേക്കാൾ സംഭാവന ചെയ്യാൻ സാധിക്കുക രാഷ്ട്രീയമായി സംഘടിക്കുന്ന ന്യൂനപക്ഷത്തിനാണ്. ജനങ്ങളുടെ വളർച്ചാ സിദ്ധാന്തങ്ങൾക്കും മതസൗഹാർദം, സാഹോദര്യം എന്നീ മൂല്യങ്ങൾക്കും മുൻഗണനയും പ്രത്യേക പരിഗണനയും നൽകാൻ കൂടുതൽ ബാധ്യതയുണ്ടാവുക ന്യൂനപക്ഷ സംഘടനക്കായിരിക്കും. കൂടെ ജീവിക്കുന്ന ജനത വളർന്നെങ്കിൽ മാത്രമേ ആ അനുപാതത്തിൽ ന്യൂനപക്ഷത്തിനും വളരാനാകൂ. രാജ്യത്ത് മതസൗഹാർദവും മതസാഹോദര്യവും നിലനിന്നെങ്കിലേ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകൂ. സമാധാനത്തിന്റെ അന്തരീക്ഷത്തിൽ മാത്രമേ വളർച്ച പോലുള്ള ക്രിയാത്മക കാര്യങ്ങൾ സംഭവിക്കൂ. ഈ അവസ്ഥകൾ സൃഷ്ടിക്കേണ്ടത് അതുകൊണ്ട് ന്യൂനപക്ഷ രാഷ്ട്രീയത്തിന് അത്യന്താപേക്ഷിതമായിത്തീരുന്നു’’, (അതേ പുസ്തകം, പേജ് 47, 48)

പുതിയ ദേശീയതയിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിനുള്ള സ്ഥാനം നിശ്ചയിക്കാനുള്ള മുസ്‍ലിം ലീഗിന്റെ സ്ഥാപക നേതാവ് ഖായിദേ മില്ലത്ത് ഇസ്മായിൽ സാഹിബിന്റെ ശ്രമങ്ങളെ മുളയിലേ നുള്ളാൻ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു നേരിട്ട് ഇടപെടൽ നടത്തിയിരുന്നു.

ഖായിദേ മില്ലത്ത്
ഖായിദേ മില്ലത്ത്

സെക്യുലറിസം എന്ന ബ്രാഹ്മണിക് സ്വത്വത്തിന്റെ അനിവാര്യതയിൽ വിശ്വസിച്ചുവശായ നെഹ്റുവിയൻ സ്വപ്നങ്ങളിൽ, ന്യൂനപക്ഷ സ്ഥാനിമങ്ങൾ സെക്യുലർ ഏകതാനതയിൽ ലയിച്ചു ചേരേണ്ട ഒന്നായിരുന്നുവെന്ന് കരുതപ്പെട്ടു. മാത്രമല്ല ബ്രിട്ടീഷ് കാർമികത്വത്തിൽ നടന്ന പാക്കിസ്ഥാൻ വിഭജനത്തിന് ഗാന്ധിജി ഒഴിച്ചുള്ള എല്ലാ ഇന്ത്യൻ ദേശീയ നേതാക്കളും മൗനസമ്മതം കൊടുക്കുകയുണ്ടായല്ലോ.

ദേശീയതയുടെ സ്വയംനിർണയാവകാശത്തെ സംബന്ധിച്ച സോവിയറ്റ് റഷ്യയിൽ ലെനിൻ സ്വീകരിച്ച സൈദ്ധാന്തിക തന്ത്രത്തെ സാർവലൗകികമായി കണ്ട്, ഇന്ത്യൻ കമ്യൂണിസ്റ്റുകാരും മതത്തിന്റെ അടിസ്ഥാനത്തിലുള്ള പാക്കിസ്ഥാൻ രാഷ്ട്ര വാദം അംഗീകരിക്കുകയുണ്ടായി.

കൊടിയ വർഗീയ കലാപങ്ങൾക്ക് ഇടയാക്കിയ ഈ തെറ്റിന് നവഖാലിയിൽ പോയി സത്യഗ്രഹമിരുന്ന ഗാന്ധി ഇന്ത്യയുടെ അധികാര കൈമാറ്റ ചടങ്ങിൽ പങ്കെടുക്കാതെ പോയതൊഴിച്ചാൽ, എല്ലാ ദേശീയ കക്ഷികളും ഒരു നിലയിലല്ലെങ്കിൽ മറ്റൊരു നിലയിൽ കയ്യിൽ കിട്ടിയ അപ്പം കാക്ക കൊത്തി പോവേണ്ട എന്ന നിലയിൽ, അധികാരത്തിന്റെ നെഹ്റുവിയൻ ആരോഹണത്തെ അംഗീകരിച്ചുവശാകുകയും ചെയ്തു. ഇന്ത്യയിൽ ബാക്കിയായ മുസ്ലീങ്ങളുടെ ഭാവിയിൽ ആശങ്കപൂണ്ട മുസ്ലിം ബുദ്ധിജീവികൾ ഇന്ത്യൻ മണ്ണിൽ മുസ്ലിംലീഗ് എന്ന "ന്യൂനപക്ഷ രാഷ്ട്രീയം" മുന്നോട്ടുവെയ്ക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

ജവഹർലാൽ നെഹ്റു
ജവഹർലാൽ നെഹ്റു

എന്നാൽ ഈ ശ്രമങ്ങളെ ഗവർണർ മൗണ്ട്ബാറ്റനെ ചർച്ചയ്ക്ക്  വിട്ടു പൊളിക്കുവാൻ നെഹ്റു ശ്രമിച്ചു. ചർച്ച​ക്കെത്തിയ ഇസ്മായിൽ സാഹിബ്, മൗണ്ട് ബാറ്റന്റെ മുസ്‍ലിം ലീഗ് പിരിച്ചുവിടണം എന്ന ആവശ്യത്തിന്  വഴങ്ങിയില്ല. ഇസ്മായിൽ സാഹിബ് ഗവൺമെന്റിന്റെ നടപടി പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിറ്റേദിനം സംഭ്രമജനകമായ വാർത്തയാണ് പുറത്തുവന്നത്. മഹാത്മാഗാന്ധി ബിർളാ ഹൗസിൽ ഒരു ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റു മരിച്ചു. മദിരാശിയിലെ പരിപാടികൾ റദ്ദാക്കി മൗണ്ട് ബാറ്റൻ ഡൽഹിക്കു തിരിച്ചു.

മൂന്നാഴ്ച കഴിഞ്ഞ് നെഹ്റു ഇസ്മായിൽ സാഹിബിനെ ദില്ലിയിൽ ചർച്ചയ്ക്കു വിളിച്ചു. മുസ്‍ലിം ലീഗ് പിരിച്ചുവിടണമെന്ന് നെഹ്റു ആവശ്യപ്പെട്ടു. അതുമാത്രം പറയരുതെന്നും താൻ വിചാരിച്ചാലും അതു നടക്കില്ലെന്നും ഇസ്മായിൽ സാഹിബ് പറഞ്ഞു. ചർച്ച പുരോഗമിക്കവെ സർദാർ പട്ടേലിന് ഹൃദയാഘാതമുണ്ടായതായി വാർത്ത വന്നു. ചർച്ച പാതിയിൽ അവസാനിപ്പിച്ച് നെഹ്റു അവിടേക്കു യാത്രയായി.

ആർ എസ് എസിന്റെ നിരോധനത്തിനു വഴിതെളിയിച്ച ഗാന്ധി വധം, ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയെ കൂടുതൽ ബോധ്യമാക്കി. ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ കൊടിയടയാളം കാണിച്ച ആ സംഭവം മുസ്‍ലിം ന്യൂനപക്ഷത്തിന്റെ സംഘാടനം എന്ന ആശയത്തെ പ്രോജ്വലിപ്പിച്ചിരിക്കണം. അങ്ങനെയാണ്, സർക്കാർ അതിഥി മന്ദിരമായ രാജാജി ഹാൾ, തമിഴ്നാട് നിയമസഭയിലെ മുസ്‍ലിം എം എൽ എമാരുടെ സ്വാധീനത്താൽ വിട്ടു കിട്ടുകയും, 1948 മാർച്ച് 10ന് അവിടെ ഇന്ത്യൻ മുസ്‍ലിം ലീഗ് നാഷണൽ കൗൺസിൽ അംഗങ്ങളുടെ യോഗം ചേരുകയും ചെയ്തത്.

എന്നാൽ 147 പേർ പങ്കെടുക്കേണ്ട യോഗത്തിൽ 51 പേരേ എത്തിയുള്ളൂ. ഭൂരിപക്ഷം കൗൺസിൽ അംഗങ്ങളുടെയും തീരുമാനം മറുവഴിക്കാണെന്ന് അറിഞ്ഞിട്ടും, ഖായിദേ മില്ലത്തിന്റെ ഇച്ഛാശക്തിയാണ് ഉള്ളവരെ വെച്ച് യോഗം ചേർന്ന്, സ്വാതന്ത്ര്യലബ്ധിക്കുശേഷം മാറിയ പരിതസ്ഥിതിയിൽ ഇന്ത്യയിലെ മുസ്‍ലിം ലീഗ് തുടരണം എന്ന പ്രമേയത്തിൽ പത്തു മണിക്കൂർ നീണ്ട ചർച്ചയ്ക്കു കളമൊരുക്കിയത്. 37 പേർ അനുകൂലിച്ചു. 14 പേർ എതിർത്തു. സംഘടനയുടെ പേര് ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് എന്നു മാറ്റി. വിഭജനത്തെത്തുടർന്ന് സർവ്വേന്ത്യാ മുസ്‍ലിം ലീഗ് രണ്ടായി വിഭജിച്ച് പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്, ഇന്ത്യൻ മുസ്‍ലിം ലീഗ് എന്ന വിഭജനം നടത്തിയ പരസ്പരം പിരിഞ്ഞുപോയ ശേഷം പരിപാടികളിലും നയങ്ങളിലും മാറ്റം വരുത്തി ഒരു പുതിയ മുസ്‍ലിംലീഗിന്റെ ഉദയത്തിനു വഴി തെളിയിച്ചു. ന്യൂനപക്ഷം എന്ന ഭരണഘടനാവകാശത്തിന്മേൽ ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് എന്ന പുതിയ കുതിര.

ഒ.വി. വിജയന്‍
ഒ.വി. വിജയന്‍

ഒ വി വിജയൻ, ഖസാക്കിന്റെ ഇതിഹാസം എഴുതിയതിന്റെ പശ്ചാത്തലഭൂമിയായ പാലക്കാട് പുതുനഗരത്ത് തന്നെ ആദ്യമായി പുതിയ മുസ്‍ലിം ലീഗിന്റെ പ്രഖ്യാപന പൊതുയോഗവും കൊടി ഉയർത്തലും നടന്നു. മിയാൻ ഷെയ്ഖിന്റെ കുതിരയെ പിന്തുടർന്ന് ഖസാക്കുകാർ  വന്നതുപോലെ. നെഹ്‌റുവിന്റെ ചത്ത കുതിര വിജയന്റെ ഭാഷയിൽ പറഞ്ഞാൽ പുനർജനി കൊണ്ടു, വിജയൻ ഖസാക്കിൽ ആവിഷ്കരിക്കുന്ന അള്ളാപിച്ചാ മൊല്ലാക്കയുടെ നാട്ടിൽ.

12ാം നൂറ്റാണ്ടിൽ അവിടെയെത്തിയ ഫക്കീർ അന്തിയുറങ്ങുന്ന മലങ്കുഷാ ദർഗയെയെയും മുഹിയുദ്ധീൻ പള്ളിയെയും അവിടുത്തെ കൊണ്ടോട്ടി തങ്ങന്മാരുടെ തക്ക്യാവിനെയും സാക്ഷിയാക്കി നടന്ന പ്രഖ്യാപന സമ്മേളനം, തസ്രാക്കിലെ മൈലാഞ്ചിക്കാടുകളിൽ മാറ്റൊലികൊണ്ടു. എന്നാൽ, അഖിലേന്ത്യാ മുസ്‍ലിം ലീഗ് ആയാണ് വിഭാവന ചെയ്തതെങ്കിലും അത് പിൽക്കാലം മലപ്പുറം മുസ്‍ലിം ലീഗ് ആയി ചുരുങ്ങിപ്പോയത് എന്തേ എന്ന് പുതുനഗരക്കാർ ഇപ്പോൾ ചോദിക്കുന്നുണ്ട്. ഖായിദേ മില്ലത്തിന്റെ സ്വപ്‌നങ്ങൾ മലപ്പുറത്തെ പ്രമാണി വർഗ്ഗങ്ങൾ മാത്രമായി വീതിച്ചെടുത്തതാണോ എന്ന ചോദ്യം.

1957-ലെ ഇ എം എസ് മന്ത്രിസഭ ഭൂപരിഷ്കരണ ബില്ലിന് രൂപം കൊടുത്തുവെങ്കിലും അതു നടപ്പാക്കാൻ കഴിയാതെ വിമോചന സമരത്തെ തുടർന്ന് സർക്കാറിനെ നെഹ്റു പിരിച്ചുവിട്ട സാഹചര്യത്തിൽ, കമ്യൂണിസ്റ്റുകാർക്ക് തങ്ങളുടെ സ്വപ്നങ്ങൾ ഭാഗികമായെങ്കിലും നടപ്പാക്കാൻ എഴുപതുകൾ വരെ കാത്തിരിക്കേണ്ടി വന്നു. അതിനിടയിൽ 1964-ൽ ഇന്ത്യൻ കമ്യൂണിസം രണ്ടായി പിളരുകയും ചെയ്തു. ഒടുവിൽ സപ്തകക്ഷി മന്ത്രിസഭയുടെ മുന്നണി രാഷ്ട്രീയത്തിനു തുടക്കം കുറിച്ചു കൊണ്ടായിരുന്നു ഭൂപരിഷ്കരണം ഭാഗികമായി സാധ്യമായത്.

സപ്തകക്ഷി മന്ത്രിസഭയിൽ ഇ എം എസ് മുസ്‍ലിം ലീഗിനെയും ചേർത്തതോടെയാണ് മലബാറിലും കേരളത്തിലും ലീഗിന് നട്ടെല്ല് ലഭിച്ചത്. മലപ്പുറം ജില്ലയും കുറ്റിപ്പുറം പാലവും കാലിക്കറ്റ് സർവ്വകലാശാലയും കമ്യൂണിസ്റ്റുകാരുടെ കാർമികത്വത്തിൽ മുസ്‍ലിം ലീഗ് നേടി. മുസ്‍ലിം ലീഗിന്റെ കുതിരകൾ കമ്യൂണിസ്റ്റുകാരുടെ കടിഞ്ഞാണിൽ മുന്നോട്ടുപോയി. പിൽക്കാലം ഇടത് വലത് മുന്നണികളുമായി ആവശ്യാനുസരണം സന്ദർഭോചിതമായി കൂട്ടുകൂടി മുസ്ലിംലീഗ് മുഖ്യമന്ത്രി പദവി വരെയെത്തി.

ഈ വിജയരഥം ഇനിയും മുന്നോട്ടു പോകുമോ? ഹിന്ദുത്വം കയ്യാളിയ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്‍ലിംകളുടെ ഭാവിയെ സംബോധന ചെയ്യാൻ മുസ്‍ലിം ലീഗിനാകുമോ? മലപ്പുറത്ത് കുന്നുമ്മൽ കുഞ്ഞാപ്പ പാർട്ടിയായി ലീഗിന്റെ കുതിര മുട്ടുകുത്തുമോ? ജമാഅത്തെ ഇസ്‍ലാമി- എസ് പി ഡി ഐ ആദി തീവ്ര സ്വത്വവാദികളുടെ കയ്യിലെ കളിപ്പാവകളാകാൻ മുസ്‍ലിംകളെ വിട്ടുകൊടുക്കുമോ? അതോ സാമുദായിക സംഘടനകളുടെ സുരക്ഷിതത്വത്തിൽ മുസ്‍ലിം ജീവിതം ഒരു ദലിത് രാഷ്ട്രീയമായി ഒടുങ്ങുമോ?  ശരിയായ ചരിത്ര വായന, ശരിയായ രാഷ്ട്രീയ വർത്തമാനം കണ്ടറിയാനുള്ള കാലബോധം ന്യൂനപക്ഷ രാഷ്ട്രീയം കൈവരിക്കുമോ?

Comments