ഓരോ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുമ്പോഴും യു.ഡി.എഫിൽ ചർച്ചയിലേക്കുവരുന്ന മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ് എന്ന ആവശ്യം ഇത്തവണയും ‘സമവായ ഫോർമുല’യിൽ ഒടുങ്ങി. മൂന്നാം സീറ്റിനു പകരം കേരളത്തിൽ അടുത്തതായി ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് മുസ്‍ലിം ലീഗിന് നൽകാനാണ് ധാരണ.
മുസ്‌ലിം ലീഗ് ഇത്തവണയും രണ്ട് ലോക്സഭാ സീറ്റുകളിലായിരിക്കും മത്സരിക്കുകയൈന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരാണ് ഇത് സംബന്ധിച്ച തീരുമാനം മാധ്യമങ്ങളോട് പങ്കുവച്ചത്. സീറ്റ് വിഭജന ഫോർമുല ലീഗ് അംഗീകരിച്ചുവെന്നും നേതാക്കൾ പറഞ്ഞു.
തൊട്ടു പിന്നാലെ മുസ്‍ലിം ലീഗ് സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയുമാണ് മത്സരിക്കുന്നത്. ഇവർ കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലങ്ങൾ പരസ്പരം മാറിയാണ് മത്സരിക്കുന്നത്.
ഇതോടെ, 20 ലോക്സഭാ സീറ്റുകളിൽ 16 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കുമെന്നുറപ്പായി. രണ്ടെണ്ണത്തിൽ മുസ്‍ലിം ലീഗും, കേരള കോൺഗ്രസ് ജോസഫ് , ആർ എസ് പി പാർട്ടികൾ ഒരോ സീറ്റിലും മത്സരിക്കും.
ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കേരളത്തിലെ ചിത്രം ഏകദേശം തെളിഞ്ഞു. എൽ.ഡി.എഫിലെ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫിൽ കോൺഗ്രസ് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാൽ കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കും. സീറ്റുവിഭജനവും സ്ഥാനാർഥി പ്രഖ്യാപനവും വൈകിയിട്ടില്ലെന്നും നാളെ തന്നെ കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ചേർന്ന് നടപടി പുർത്തിയാക്കുമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസിന്റെ സിറ്റിംഗ് എം.പിമാർ തന്നെയാകും മത്സരിക്കുക എന്ന് ഏതാണ്ട് ധാരണയായിട്ടുണ്ട്.