1948 മാർച്ച് 10.
സ്ഥലം മദിരാശിയിലെ രാജാജി ഹാൾ.
പ്രലോഭനങ്ങൾ ഒരുപാടുണ്ടായിട്ടും, മതേതര ഇന്ത്യയിൽ നിൽക്കാൻ തീരുമാനിച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 51 മുസ്ലിം നേതാക്കളാണ് യോഗത്തിനെത്തിയത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്ലിം ലീഗ് പുനരുജ്ജീവിപ്പിക്കണോ വേണ്ടയോ? അതായിരുന്നു ചർച്ച. ഇന്ത്യൻ ഭരണഘടനാ നിർമാണ സമിതിയിൽ അംഗമായ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബാണ് കൺവെൻഷൻ വിളിച്ചു ചേർത്തത്.
ലീഗ് പിരിച്ചുവിടാനുള്ള തീരുമാനം പ്രഖ്യാപിക്കാനാണെന്ന ധാരണയിലാണ് മദ്രാസിലെ ആഭ്യന്തര മന്ത്രി സുബ്ബരായൻ രാജാജി ഹാൾ അനുവദിച്ചതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിൽ ലീഗ് നിലനിർത്തണമെന്ന അഭിപ്രായത്തോട് 37 പേർ യോജിച്ചു. 14 പേർ എതിർത്തു. ഈ വാർത്തയോട് പ്രതികരിച്ചാണ് മുസ്ലിം ലീഗിന് പുനർജന്മം നൽകാനാവില്ലെന്ന മട്ടിൽ ‘ലീഗ് ചത്ത കുതിര’യാണെന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു അഭിപ്രായപ്പെട്ടത്.
ലീഗിന്റെ അസ്തിത്വം കോൺഗ്രസ് അംഗീകരിച്ചില്ല. എന്നിട്ടും കാമരാജ് മന്ത്രിസഭയെ പ്രതിസന്ധി ഘട്ടങ്ങളിൽ ലീഗ് പിന്തുണച്ചു. ലീഗിനോടുള്ള കോൺഗ്രസിന്റെ എതിർപ്പിന് പക്ഷെ, ശമനമുണ്ടായില്ല. പല ഘട്ടങ്ങളിലും വിനീത വിധേയത്വം ലീഗ് കാണിച്ചെങ്കിലും കോൺഗ്രസിന്റെ മനസ്സലിഞ്ഞില്ല. കേരളത്തിന്റെ ഇടതുപക്ഷ ബോധത്തെ നുള്ളിക്കളയാനുള്ള പാഴ്ശ്രമത്തിൽ ലീഗിന്റെ പിന്തുണ കോൺഗ്രസിന് അനിവാര്യമായി വന്നപ്പോഴാണ് കോൺഗ്രസ് പതാകയുടെ കൂടെ ലീഗിന്റെ കൊടി കെട്ടാൻ അവർ സമ്മതിച്ചത്.
മാന്യമായ ഒരു സഖ്യം രാജ്യം ഭരിക്കുന്ന കോൺഗ്രസുമായി ഉണ്ടാക്കാനായാൽ ഭാവിയിൽ അത് സമുദായത്തിന് ഉപകരിക്കുമെന്ന പ്രതീക്ഷയാണ് ലീഗിനെ നയിച്ചത്. അവജ്ഞകൾ അവഗണിച്ച് കോൺഗ്രസിനെ പിന്തുണച്ചതിന്റെ കാരണവും അതുതന്നെ. സംസ്ഥാന രൂപീകരണശേഷം കേരളത്തിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാനുള്ള ജനാധിപത്യവിരുദ്ധ നീക്കത്തിൽ തെറ്റാണെന്നറിഞ്ഞിട്ടും ലീഗ് പങ്കാളിയായി.
കോൺഗ്രസിന്റെ മനം കവരാൻ ലീഗ് പിന്തുണ അൽപം സഹായിച്ചു. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ അയിത്തം മാറിക്കിട്ടി. എന്നിട്ടും ‘രാഷ്ട്രീയ സംബന്ധ’ത്തിലേ കോൺഗ്രസിന് താൽപര്യമുണ്ടായിരുന്നുള്ളൂ. ലീഗിനെ മന്ത്രിസഭയിൽ എടുത്തില്ല. കെ.എം. സീതി സാഹിബെന്ന മഹാനെപ്പോലും സ്പീക്കറാക്കാൻ കോൺഗ്രസിന് രണ്ട് മനസ്സായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്നുളവായ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന്റെ തനിനിറം ഒരിക്കൽകൂടി വെളിവാക്കി. പകരക്കാരനായി സ്പീക്കറാകാൻ സി.എച്ച്. മുഹമ്മദ് കോയ തൊപ്പിയൂരണമെന്ന് കോൺഗ്രസ് കട്ടായം പറഞ്ഞു.
മനമില്ലാമനസ്സോടെ ലീഗിൽ നിന്ന് രാജിവെച്ച് സി.എച്ച് സ്പീക്കറായി. കോൺഗ്രസ് പടിപ്പുരയിൽ നിർത്തിയ ലീഗിനെ മാന്യമായ രാഷ്ട്രീയസഖ്യത്തിൽ ചേർത്ത്, കേരള മന്ത്രിസഭയിൽ ആദ്യമായി ഉൾപ്പെടുത്തിയത് ഇടതുപക്ഷമാണ്. 1967 ൽ. സി.എച്ചും അഹമദ് കുരിക്കളും ഇ.എം.എസ് മന്ത്രിസഭയിൽ അംഗങ്ങളായി. വിദ്യാഭ്യാസവും പഞ്ചായത്തുമായിരുന്നു വകുപ്പുകൾ.
ദേശീയ തലത്തിൽ അംഗീകാരമെന്ന ലീഗിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കോൺഗ്രസ് കൂടാരമാണ് നല്ലതെന്ന അഭിപ്രായം ലീഗിൽ വീണ്ടും ബലപ്പെട്ടു. ലീഗില്ലാതെ കേരളത്തിൽ ജയിക്കാനാവില്ലെന്ന് കോൺഗ്രസും തിരിച്ചറിഞ്ഞു. രണ്ടാം ഇ.എം.എസ് മന്ത്രിസഭയെ താഴെയിറക്കാനുള്ള ഉപജാപത്തിൽ ലീഗും കൂട്ടു ചേർന്നു. കേരള രാഷ്ട്രീയത്തിലെ നന്ദികേടിന്റെ പര്യായമായി ലീഗ് നിലപാട് മാറി.
കോൺഗ്രസിന്റെ ശക്തമായ എതിർപ്പ് മറികടന്ന് മലപ്പുറം ജില്ലയും വിദ്യാഭ്യാസ മേലാളൻമാരുടെ ദുഷ്പ്രചാരണങ്ങളെ കാറ്റിൽ പറത്തി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും യാഥാർത്ഥ്യമായത് 1967 ലെ കമ്യൂണിസ്റ്റ്- ലീഗ് മന്ത്രിസഭാ കാലത്താണ്. ആ സഖ്യം തുടർന്നിരുന്നെങ്കിൽ ഭരണത്തുടർച്ച കേരളത്തിന് ഒരുപാട് സൗഭാഗ്യങ്ങൾ ഉണ്ടാക്കി കൊടുത്തേനെ. ഒപ്പം ന്യൂനപക്ഷങ്ങൾക്കും നിരവധി നേട്ടങ്ങൾ നേടിക്കൊടുക്കുമായിരുന്നു. ലീഗിന്റെ ദേശീയ വ്യാപനമെന്ന അതിമോഹം എല്ലാം തല്ലിത്തകർത്തു. അത് പക്ഷെ ഇന്നോളം ഫലവത്തായുമില്ല.
കേരളത്തിനുപുറത്ത് ഡി.എം.കെയുടെ ചിറകേറി ലീഗിന് തമിഴ്‌നാട്ടിൽ അൽപം പച്ചപിടിക്കാനായി. കോൺഗ്രസ് നേതൃത്വം നൽകിയ മുന്നണിയിൽ കേരളത്തിൽ മാത്രമാണ് ലീഗിനെ ഉൾപ്പെടുത്തിയുള്ളൂ. ലീഗിന് പേരിനെങ്കിലും ശക്തിയുണ്ടായിരുന്ന ബംഗാളിലും മഹാരാഷ്ട്രയിലും കർണാടകയിലും പോലും സഖ്യത്തിൽ കൂട്ടാനോ മാന്യമായി പരിഗണിക്കാനോ കോൺഗ്രസ് തയ്യാറായില്ല.
പാർട്ടി രൂപീകരിച്ച് 75 വർഷങ്ങൾ പിന്നിടുമ്പോഴും മുസ്ലിം ലീഗിന്റെ കോൺഗ്രസുമായുള്ള ദേശീയ സഖ്യം സ്വപ്നമായി അവശേഷിക്കുകയാണ്. 2004 ൽ ലീഗിന് ആദ്യമായി കേന്ദ്രത്തിൽ സഹമന്ത്രിയാകാനായതിന്റെ പിന്നിലും ഒരു ചുവപ്പൻ കഥയുടെ സ്പർശമുണ്ട്. കോൺഗ്രസ് ഒറ്റക്ക് ഭൂരിപക്ഷമില്ലാതെ അന്തംവിട്ട് നിൽക്കുന്ന സമയം. ഇടതുനേതാക്കൾ ഹർകിഷൻ സിംഗ് സുർജിതിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പ്രസിഡണ്ടിനെ കണ്ട് 62 എം.പിമാരുടെ പിന്തുണ കോൺഗ്രസ് രൂപീകരിക്കുന്ന സർക്കാറിന് നിരുപാധികം വാഗ്ദാനം ചെയ്തു. അതോടെയാണ് ഒന്നാം യു.പി.എ സർക്കാരിന് കളമൊരുങ്ങിയത്. കോൺഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷമുണ്ടായിരുന്നെങ്കിൽ അന്നും ലീഗ് അയിത്തം കൽപ്പിച്ച് മാറ്റി നിർത്തപ്പെടുമായിരുന്നു
ലീഗിന് കേരളത്തിൽ നിന്ന് ഒരൊറ്റ അംഗമേ പാർലമെന്റിൽ ആ സമയത്ത് ഉണ്ടായിരുന്നുള്ളൂ. സിറ്റിംഗ് സീറ്റായി ലീഗ് കാത്ത് സൂക്ഷിച്ച ‘കസ്തൂരി മാമ്പഴം’ ടി.കെ. ഹംസാക്ക മഞ്ചേരിയിൽ വിജയക്കൊടി പാറിച്ച് കൊത്തിക്കൊണ്ടു പോയി. ചരിത്രമിട്ട ആ തെരഞ്ഞെടുപ്പിനുശേഷമുള്ള പാർലമെന്റൊയിരുന്നു അത്. ലീഗ് പ്രാതിനിദ്ധ്യത്തെ ഇടതുപക്ഷം എതിർത്തില്ല. അതൊരു തെറ്റായ പ്രവണതയുണ്ടാക്കുമെന്ന് ഇടതുമുന്നണി വിലയിരുത്തി. കേരളത്തിലെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ദേശീയതലത്തിൽ ഭാവിയിൽ ആർ.എസ്.എസിന് ആയുധമാക്കാൻ ഉതകുന്ന നിലപാടെടുക്കാൻ ഇടതുപക്ഷം തയ്യാറാകാതിരുന്നത് ഉയർന്ന രാഷ്ട്രീയ മൂല്യത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. സത്യത്തിൽ കേരളത്തിലും കേന്ദ്രത്തിലും ലീഗ് മന്ത്രിമാരുണ്ടായത് കമ്യൂണിസ്റ്റു പാർട്ടികളുടെ പിന്തുണയിലാണെന്ന് ചുരുക്കം. ലീഗിലെ പുത്തൻകൂറ്റുകാർ മറക്കാൻ ആഗ്രഹിക്കുന്ന ചരിത്രമാണിത്. പക്ഷെ സത്യം ആര് മണ്ണിട്ടു മൂടിയാലും മൺമറഞ്ഞ് പോകില്ലല്ലോ?
ലീഗിന്റെ പ്ലാറ്റിനം ജൂബിലി രാജാജി ഹാളിൽ നടക്കുമ്പോൾ എടുത്ത പ്രമേയങ്ങളിൽ പ്രധാനം ദേശീയതലത്തിൽ രൂപീകരിക്കപ്പെടുന്ന മുന്നണിക്ക് ലീഗും അതിന്റെ പങ്ക് നിർവ്വഹിക്കുമെന്നാണ്. പക്ഷെ ലീഗിന്റെ ശ്രമം കോൺഗ്രസ് അംഗീകരിക്കുമോ? ഭൂരിപക്ഷ വർഗീയത പേരിനുപോലും ഇല്ലാതിരുന്ന കാലത്ത് ലീഗിനെ കേരളത്തിന് പുറത്ത് ഒരിടത്തും കൂടെക്കൂട്ടാത്തവർ മോദിയും അമിത്ഷായും ഫണമുയർത്തി നിൽക്കുന്ന പുതിയ കാലത്ത് മുന്നണിയിൽ ചേർക്കുമെന്നോ എവിടെയെങ്കിലും സീറ്റ് നൽകി പിന്തുണക്കുമെന്നോ സാധാരണ ഗതിയിൽ വിശ്വസിക്കുക പ്രയാസം.
ലീഗിന് എന്തുകൊണ്ടും അർഹതപ്പെട്ട മൂന്നാമത്തെ ഒരു പാർലമെൻറ് സീറ്റ്, പാർട്ടി ശക്തമായ കേരളത്തിൽ നൽകിയാൽ അതെങ്കിലും പ്ലാറ്റിനം ജൂബിലിയുടെ നേട്ടമായി ലീഗിന് പറയാമായിരുന്നു. അതിനുള്ള സാധ്യത പോലും വിദൂരമാണ്. ലീഗിന്റെ ചെലവിൽ കോൺഗ്രസിന് തടിച്ച് കൊഴുക്കണം. പണിയെടുക്കാതെ ഖദറിട്ട് ഞെളിഞ്ഞ് നടക്കണം. അധികാരക്കസേരയിൽ വിലസണം. തൃശൂർ മുതൽക്ക് ഒരു നിയമസഭാ സീറ്റ് പോലും നിലവിൽ ലീഗിനില്ല. തിരു-കൊച്ചി മേഖലയിൽ തദ്ദേശ സ്ഥാപനങ്ങളിലും സീറ്റുകൾ നന്നേ കുറവ്. വീതം വെച്ച് ലീഗിന് കൊടുക്കുന്ന സീറ്റിൽ വിമതരെ നിർത്തി ലീഗിന്റെ പരാജയം ഉറപ്പാക്കാൻ എന്നും കോൺഗ്രസ് ജാഗ്രത കാട്ടും. സ്വന്തം വലിപ്പം തിരിച്ചറിയാനാകാത്ത ലീഗ് എത്രകാലം ലീഗ് വിരുദ്ധത മനസ്സിൽ സൂക്ഷിക്കുന്ന കോൺഗ്രസ്സ് പാപ്പാന്റെ ഇടിയും തൊഴിയും സഹിച്ച് നിൽക്കും.
‘ആട്ടുന്നേടത്ത് ചെന്ന് പിണ്ണാക്ക് ചോദിച്ചപ്പോൾ കൊടുക്കാത്ത കോൺഗ്രസ് വീട്ടിൽ ചെന്നാൽ വെളിച്ചെണ്ണ കൊടുക്കുമെന്ന്'എങ്ങിനെ കരുതും? കേരളത്തിൽ മൂന്നാമതൊരു പാർലമെൻറ് സീറ്റ് നൽകാത്ത കോൺഗ്രസ്, കേരളത്തിന് പുറത്ത് എവിടെയെങ്കിലും ലീഗിനെ സഖ്യത്തിൽ ചേർക്കുമെന്ന് വിചാരിക്കാൻ ഒരു സാദ്ധ്യതയും കാണുന്നില്ല. കോൺഗ്രസ് പാളയത്തിൽ തന്നെ ‘അടിയുറച്ച്' നിൽക്കാനാണ് മുസ്ലിം ലീഗിന്റെ ഭാവമെങ്കിൽ 25 വർഷം പിന്നിട്ട് സെഞ്ചുറി ആഘോഷിക്കാൻ രാജാജി ഹോളിൽ ഒത്തുകൂടുമ്പോൾ, പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ പാസാക്കിയ അതേ രാഷ്ട്രീയ പ്രമേയം ഒരു വരി പോലും വിടാതെ പാസ്സാക്കി പിരിയേണ്ടിവരും.
പ്ലാറ്റിനം ജൂബിലി സമ്മേളന ശേഷമാണ് കേരളത്തിൽ ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നത്. വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ട് പുതിയ കമ്മിറ്റിക്ക്. ലീഗിൽ കുറച്ചുകാലമായി രണ്ട് ആശയധാരകൾ ഏറ്റുമുട്ടുകയാണ്. അഞ്ച് പതിറ്റാണ്ടിലധികമായി തുടരുന്ന കോൺഗ്രസ് ബന്ധം തുടരണോ വേണ്ടയോ എന്നുള്ളതാണ് തർക്ക വിഷയം. സുദീർഘമായ രാഷ്ട്രീയ ബാന്ധവം ലീഗിനെ കോൺഗ്രസ് പ്രേതം പിടികൂടുന്നതിലേക്ക് നയിച്ചതായി സംശയിക്കുന്നവരുടെ എണ്ണം ലീഗിൽ കൂടി വരികയാണ്. അഴിമതിയും സ്വഭാവദൂഷ്യവും പല ലീഗ് നേതാക്കളുടെയും മുഖമുദ്രയായത് കോൺഗ്രസ് ‘സംസ്‌കാര'ത്തിന്റെ നുഴഞ്ഞ് കയറ്റത്തെ തുടർന്നാണെന്ന് കരുതുന്നവർ ലീഗിൽ കുറവല്ല. മുസ്ലിം ലീഗിന് പോവാൻ മറ്റൊരിടമില്ലെന്ന തോന്നൽ കോൺഗ്രസ് നേതാക്കളിൽ ഉണ്ടാക്കിയിട്ടുള്ള തൻപ്രമാണിത്വം ലീഗിന് സഹിക്കാനാവുന്നതിലും അപ്പുറത്തേക്ക് നീങ്ങിയിട്ടുണ്ട്. സഹോദര മത വിഭാഗങ്ങൾക്കിടയിൽ ധ്രുവീകരണം ശക്തമായ പ്രദേശങ്ങളിൽ ലീഗിന് വോട്ട് ചെയ്യുന്ന കോൺഗ്രസ്സുകാരുടെ എണ്ണം ചുരുങ്ങി വരികയാണ്. ഇത് ഭാവിയിൽ വർധിക്കാനാണ് സാദ്ധ്യത. ലീഗ് സ്ഥാനാർത്ഥികൾ മൽസരിക്കുന്നിടങ്ങളിൽ ബി.ജെ.പിക്ക് വോട്ടു കൂടുന്ന പ്രവണത ഏറിവരുന്നത് ലീഗിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്.
ലീഗില്ലെങ്കിൽ യു.ഡി.എഫ് ദുർബലമാകും. ബി.ജെ.പിയെ ബദലായി കാണുന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കളം മാറ്റിച്ചവിട്ടാൻ പിന്നെ കാത്തുനിൽക്കില്ല. മതേതരത്വത്തോടുള്ള പ്രതിബദ്ധത കോൺഗ്രസിൽ അത്രമാത്രം നേരിയതാണ്. ബി.ജെ.പി പച്ചപിടിക്കാൻ സാദ്ധ്യതയുണ്ടെങ്കിൽ പല കാരണങ്ങൾ കൊണ്ടും അങ്ങോട്ട് ചാടാൻ തക്കം പാർത്തിരിക്കുന്നവർ കോൺഗ്രസിൽ നിരവധിയാണ്. അർധ ബി.ജെ.പി മനസ്സുമായി നടക്കുന്ന കോൺഗ്രസുകാരെ കൂടെ നിർത്തി എത്രനാൾ മുന്നോട്ടു പോകാൻ കഴിയുമെന്ന കാര്യത്തിൽ ലീഗിലെ ചിന്തിക്കുന്നവർക്ക് വലിയ ആശങ്കയുണ്ട്.
1967 ലെ കമ്മ്യൂണിസ്റ്റ്- ലീഗ് സഖ്യത്തിനുശേഷം മുക്കാൽ പതിറ്റാണ്ട് കഴിഞ്ഞ് ലീഗ് പിളർന്നപ്പോൾ അഖിലേന്ത്യാ ലീഗ് ഇടതുപക്ഷത്തായി. എ.വി. അബ്ദുറഹിമാൻ ഹാജിയും പി.എം. അബൂബക്കറും സി.പി.ഐ-എം നേതാക്കളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറി. ശരീഅത്ത് വിവാദം ലീഗുകളുടെ ലയനത്തിൽ കലാശിച്ചു. അഖിലേന്ത്യാ ലീഗ് യൂണിയൻ ലീഗിന്റെ ഭാഗമായി യു.ഡി.എഫിലെത്തി. തൊട്ടടുത്ത് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വന്നു. ലീഗുകൾ ഇല്ലാതെ തന്നെ മുസ്ലിം ജനസാമാന്യവുമായി സി.പി.ഐ- എം അടുത്തു. ഇടത്- ലീഗ് സഖ്യത്തിന്റെ ഊഷ്മളത പല ലീഗ് നേതാക്കളുടെ മനസ്സിലും പച്ചപിടിച്ച് നിന്നു.
മോദി സർക്കാരിന്റെ വരവോടെ തീവ്ര ഹിന്ദുത്വത്തെ നേരിടാൻ കോൺഗ്രസ് മൃദുഹിന്ദുത്വത്തെ വരിക്കുന്ന കാഴ്ചയാണ് കണ്ടത്. ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് പണിയുന്ന രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമിപൂജക്ക് കോൺഗ്രസ്സിനെ ക്ഷണിക്കാത്തതിൽ പരസ്യമായി അവർ മനഃപ്രയാസം രേഖപ്പെടുത്തി. വെള്ളി ഇഷ്ടിക അയച്ചുകൊടുത്ത് രാമക്ഷേത്ര നിർമ്മാണത്തിലെ തങ്ങളുടെ താൽപര്യം മറയില്ലാതെ കോൺഗ്രസ് പ്രകടിപ്പിച്ചു. ബി.ജെ.പി വിശ്വനാഥ ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കമിട്ടപ്പോൾ പ്രചാരണ പരിപാടികൾക്ക് സമാരംഭം കുറിക്കാൻ കോൺഗ്രസ് തെരഞ്ഞെടുത്തത് സോമനാഥ ക്ഷേത്രത്തിന്റെ മുറ്റമാണ്. തിലകവും കാവിയും ത്രിശൂലവും കോൺഗ്രസ് നേതാക്കളുടെ ഇഷ്ട ചിഹ്നങ്ങളായി. മോദിയെപ്പോലെ താടി നീട്ടി വളർത്തിയാൽ ജനപ്രീതി നേടാനാകുമെന്ന് തെറ്റിദ്ധരിച്ച് രാഹുൽഗാന്ധിയും താടി നീട്ടി വളർത്തിയും ഒരു കൈ നോക്കി. മോദി സർക്കാരിന്റെ പല നിലപാടുകളെയും കോൺഗ്രസ് ഗോപ്യമായി പിന്തുണച്ചു. ഇതെല്ലാം ന്യൂനപക്ഷങ്ങളിലുണ്ടാക്കിയ ഭയപ്പാട് നിസ്സാരമല്ല. ഇതൊന്നും കാണാതെ ലീഗിന് മുന്നോട്ട് പോകാനാവില്ല.
അപ്പോഴാണ് കൂണിൻമേൽ കുരുവെന്നോണം പൗരത്വ ഭേദഗതി നിയമവും മുത്തലാഖ് ബില്ലും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞുള്ള നിയമവും പാർലമെന്റിൽ അവതരിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ ഭയപ്പാട് അകറ്റുന്ന പ്രസ്താവനകളൊന്നും ഈ ഘട്ടങ്ങളിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പാർലമെന്റിൽ രാഹുൽഗാന്ധി മതനിരപേക്ഷ നിയമങ്ങൾക്കെതിരെ ഒരു വാക്ക് മിണ്ടിയില്ല. മനംമടുത്ത് ഗുലാംനബി ആസാദ് പാർട്ടി വിട്ടതും ലീഗിന് പ്രയാസമുണ്ടാക്കി.
കാശിയിലെ ഗ്യാൻവാപി മസ്ജിദ് പിടിച്ചടക്കാനുള്ള നീക്കം സംഘ് പരിവാർ ശക്തമാക്കിയ വാർത്ത നാം കേട്ടു. മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് പിടിച്ചെടുക്കാൻ വർഗീയഭ്രാന്തൻമാർ ഇറങ്ങിത്തിരിച്ചതും നാം കണ്ടു. മൈസൂരിലെ ടിപ്പു സുൽത്താൻ നിർമിച്ച പള്ളിക്ക് കർണാടക ഹൈക്കോടതി പോലീസ് കാവൽ ഏർപ്പെടുത്തിയത് വെറുതെയല്ല. പള്ളി പിടിച്ചെടുക്കാനുള്ള സംഘികളുടെ തള്ളിക്കയറ്റത്തെ തുടർന്നാണ്. പശുവിന്റെ പേരിൽ നിരവധി മുസ്ലിം- ദലിത് മനുഷ്യരാണ് സമീപകാലത്ത് കൊല്ലപ്പെട്ടത്. മുഹമ്മദ് അഖ്‌ലാഖിൽ തുടങ്ങി അറുപത് കടന്ന ആ പട്ടികയിൽ ദിവസങ്ങൾക്ക് മുമ്പ് ഇടംപിടിച്ചത് നാസറും ജുനൈദ്യം നസീം ഖുറേഷിയുമാണ്. ഇതേക്കുറിച്ചൊന്നും ഒരക്ഷരം ഉരിയാടാൻ കോൺഗ്രസിന് കഴിയാത്തത് മുസ്ലിംകൾക്കിടയിലും മുസ്ലിം ലീഗിലും ഉണ്ടാക്കിയിട്ടുള്ള അനുരണനങ്ങൾ കാണാതെ പ്ലാറ്റിനം ജൂബിലിയാനന്തര ലീഗ് രാഷ്ട്രീയം വിലയിരുത്താനാവില്ല. മുസ്ലിം ലീഗിനെ സഖ്യകക്ഷി എന്ന നിലയിൽ നിന്ന് കോൺഗ്രസ് അവരുടെ ന്യൂനപക്ഷ വിംഗായി കാണുന്ന തലത്തിലേക്ക് കാര്യങ്ങൾ മാറുന്നുണ്ടോ എന്ന സംശയം, ചിന്തിക്കുന്ന ലീഗണികളിൽ ബലപ്പെടുന്നത് കാണാതെ പൊയ്ക്കൂടാ.
ക്രൈസ്തവ ന്യൂനപക്ഷത്തെ പാട്ടിലാക്കി ബി.ജെ.പി കേരളത്തിൽ പയറ്റുന്ന കുതന്ത്രം ലീഗിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. കുരിശുയുദ്ധങ്ങളെ തുടർന്ന് ആരംഭിച്ച മുസ്ലിം- ക്രൈസ്തവ അകൽച്ച ഹാഗിയ സോഫിയ വിഷയത്തോടെ അതിന്റെ പാരമ്യതയിലെത്തി. ലൗ ജിഹാദ്, നർകോട്ടിക് ജിഹാദ് പരാമർശങ്ങൾ എരിതീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമായി. ഈ ഘട്ടങ്ങളിലൊന്നും കോൺഗ്രസോ കോൺഗ്രസിലെ ക്രൈസ്തവ നേതാക്കളോ ലീഗ് നേരിട്ട വിഷമ വൃത്തത്തിൽ നിന്ന് അവരെ രക്ഷിക്കാനോ പിന്തുണക്കാനോ ഒരെളിയ ശ്രമം പോലും നടത്തിയില്ല. പ്രതികൂല സാഹചര്യങ്ങളിൽ ക്രൈസ്തവ സമുദായവുമായി മുസ്ലിം ലീഗിനെ കൂട്ടിയിണക്കിയിരുന്ന കണ്ണി മാണി സാറാണ്. അദ്ദേഹത്തിന്റെ വിയോഗം ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് ലീഗിനെയാണ്. കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിൽ എത്തിയതോടെ ലീഗ് യു.ഡി.എഫിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. കോൺഗ്രസിന്റെ അപ്രമാദിത്വത്തെ ലീഗും മാണി സാറും ഒരുമിച്ചാണ് യു.ഡി.എഫിൽ നേരിട്ടത്. മാണി ഗ്രൂപ്പിന്റെ മുന്നണിമാറ്റം ലീഗിന്റെ സമ്മർദ്ദ തന്ത്രത്തിന്റെ മുനയൊടിച്ച മട്ടാണ്.
കേരളത്തിലെ കോൺഗ്രസ് ഡച്ച് പട്ടാളം പോലെയായിട്ടുണ്ട്. എല്ലാവരും മുഖ്യ സൈന്യാധിപരാണ്. യുദ്ധം ചെയ്യാൻ പട്ടാളക്കാരില്ലാത്ത അവസ്ഥ. സ്റ്റേജ് നിറഞ്ഞ് തുളുമ്പുകയും സദസ് നീർച്ചാലാവുകയും ചെയ്യുന്ന സ്ഥിതി കോൺഗ്രസ് പരിപാടികളുടെ പൊതുസ്വഭാവമായി മാറിയത് ശ്രദ്ധേയമാണ്. രാഹുൽഗാന്ധിക്കെതിരെയുള്ള ആസൂത്രിത നീക്കം കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്തി ബി.ജെ.പിയിൽ എത്തിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണോ എന്ന് ശങ്കിക്കണം. കുറച്ചുകാലത്തേക്കാണെങ്കിൽ പോലും കേന്ദ്ര സർക്കാർ റബറിന് 300 രൂപ നൽകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അതോടെ പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണച്ചവരിൽ നല്ലൊരു ശതമാനം ബി.ജെ.പി പാളയത്തിൽ എത്തിയേക്കാം. ആര് രക്ഷപ്പെടുത്തിയാലും രക്ഷപ്പെടാത്ത കോൺഗ്രസിന്റെ കപ്പലിൽ നിൽക്കണോ അതല്ല നിലനിൽപ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന മുസ്ലിം ന്യൂനപക്ഷത്തിന്റെ ജീവിക്കാനുള്ള അവകാശ പോരാട്ടങ്ങൾക്ക് ശക്തിപകരാൻ ഇടതുപക്ഷത്തോടൊപ്പം ചേരണോ എന്നതാണ് സമകാലിക രാഷ്ട്രീയ ഭൂമികയിൽ ലീഗ് അഭിമുഖീകരിക്കുന്ന പ്രസക്തമായ ചോദ്യം. ഇതിനുത്തരം കാണാതെ മുസ്ലിം ലീഗിന്റെ മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാകും